ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 4

ശ്രീവത്സൻ തീയ്യാടി

July 25, 2012 

കമന്ററി പറയാൻ പുറപ്പെട്ട കെ.പി.സി നാരായണൻ ഭട്ടതിരിപ്പാടിന് കണ്ഠം ഇടറി. മൈക്ക് കൈയിലേന്തിയ മുതിർന്ന പണ്ഡിതന് വാചകങ്ങൾ പലയിടത്തും മുഴുമിക്കാനായില്ല. അതല്ലെങ്കിൽക്കൂടി അന്നത്തെ ആട്ടം കണ്ട് പലരുടെയും കണ്ണുകൾ ഈറനണിഞ്ഞു തുടങ്ങിയിരുന്നു. കഥകളി കാണെ അതിലെ കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളുമായി ഈവിധം താദാത്മ്യം പ്രാപിക്കുകയോ? എന്ത്? ‘ഉത്ഭവ’ത്തിലെ രാവണൻ സ്വന്തം തലകൾ ഒന്നൊന്നായി അറുക്കുമ്പോൾ മേളത്തിന്റെ തിമർപ്പിൽ നാമും അറിയാതെ (മനമുറഞ്ഞ്‌) തുള്ളിയെന്നു വരാം. ബാലി-സുഗ്രീവന്മാർ പഴയ കഥകൾ ഓർത്തെടുത്ത് പരസ്പരം കളിയാക്കുമ്പോൾ അവർക്കൊപ്പം നമ്മളും ചിരിച്ചുപോയേക്കാം. എന്നാൽ “ഹന്ത ഹംസമേ!” എന്ന് ദമയന്തി പറയുമ്പോൾ നമുക്കുണ്ടാവുമോ പ്രണയപാരവശ്യം? “കുവലയ വിലോചനേ”കണ്ടാൽ കാമൻ ഉണരുമോ? “ലോകപാലന്മാരെ” വിളിക്കുന്ന നളനെ നോക്കി നിസ്സഹായത കൂറുമോ? പീഠത്തിലിരിക്കുന്ന ബാഹുകൻ “മറിമാൻ കണ്ണി” മുദ്രമുദ്രാന്തരം ചെയ്യുമ്പോൾ ഏങ്ങുന്ന ശബ്ദം ചിലപ്പോൾ കേൾക്കാമെങ്കിലും അത് നമ്മെ മൂക്കുചീറ്റിക്കും വിധം മഥിക്കുമോ? ‘നാലാം ദിവസ’ത്തിൽ നായികാനായകന്മാർ വീണ്ടും പുണരുമ്പോൾ “ഹാവൂ, സമാധാനം” എന്ന് പറഞ്ഞുപോവുമോ?

അതൊക്കെ കഷ്ടിതന്നെ. മാത്രമോ, പലപ്പോഴും നേരെ തിരിച്ചാവാം ഫലം. “സന്താനഗോപാലം” ബ്രാഹ്മണന്റെ ‘പുത്രദുഃഖം കിടധീംതാം’ അസ്സലായാൽ പൊതുവേ ആരും കരയുകയില്ല. അത്രയുമല്ല, മിക്കവാറും പേർ “ഹേയ്, മുദ്ര്യോക്ക താളത്തിലെന്നെ വീണു; അഭിനയം കേമായ്യേ” എന്ന മട്ടിൽ പ്രതികരിക്കുകയും ചെയ്യും. കഥകളി അടിസ്ഥാനപരമായി ഉദ്ദേശിക്കുന്ന ആസ്വാദ്യതയും അതുതന്നെ.

എന്നിട്ടും അങ്ങനെയല്ലാതെ ഒരനുഭവം എന്തേ അന്ന് തൃശൂരെ കളിക്കുണ്ടാവാൻ? രണ്ടു പതിറ്റാണ്ടിലധികം മുമ്പ് കഴിഞ്ഞൊരു സംഭവമാണ്. ക്ലബ്ബിന്റെ വാർഷികക്കളി. 1991ൽ ആവണം. വെളുക്കുവോളം നീണ്ട അരങ്ങിൽ ആദ്യത്തെ കഥയായിരുന്നു എന്ന് തോന്നുന്നു ‘ലവണാസുരവധം’. കാട്ടിൽ കുശലവന്മാരാൽ ബന്ധിതനായ ഹനൂമാൻ വാല്മീകിയുടെ ആശ്രമത്തിൽ കുമാരന്മാരുടെ അമ്മയായ സീതയെ വീണ്ടും കാണുന്നു. “സുഖമോ ദേവി” എന്ന വിശ്രുതപദത്തിന് ശേഷം വായുപുത്രനും ഭൂമിപുത്രിയും തെല്ലുനേരം ഓർമകളെ കാറ്റോടിക്കുന്നുണ്ടല്ലോ. അതിന്റെ ചുഴിയിൽ പിറന്ന ചില മുദ്രാസംഭാഷണശകലങ്ങൾക്ക് വാക്യാർത്ഥം പറകെയാണ് എത്രയോ പൂരങ്ങൾ കണ്ട പെരുമനം നിവാസി കെ.പി.സി വികാരാധിക്യത്തിൽ മുങ്ങി ഇടയ്ക്കിടെ മിണ്ടാതെയായത്.

ആട്ടെ, ആരെല്ലാമായിരുന്നു വേഷം? അവിടെയാണ് സംഗതി. കോട്ടക്കൽ ശിവരാമന്റെ സീത, കീഴ്പടം കുമാരൻ നായരുടെ ഹനൂമാൻ. രംഗത്തിന്റെ ക്ലൈമാക്സ് ശേഷമുള്ള ഭൂത-വർത്തമാന-ഭാവി കഥകൾ ചുരുളഴിയുന്നതിലെ പുതുമ സ്പഷ്ടമായിരുന്നു. വാസ്തവത്തിൽ അവയുടെ ഉള്ളറകൾ കെ.പി.സിയെ ചിലയിടത്ത് കുടുക്കി. “പതിവില്ലാത്ത ചോദ്യങ്ങളും അതിനേറ്റ മാതിരിള്ള ഉത്തരങ്ങളും; കൃത്യം ഫോളോ ചീയ്യാൻ അത്ര എളുപ്പല്ല,” എന്ന് പിറ്റേന്ന് ഉച്ചതിരിഞ്ഞ് കണ്ടപ്പോൾ നരിപ്പറ്റ നാരായണൻ നമ്പൂതിരിയുടെ വിലയിരുത്തൽ. തനിക്ക് മുന്നേ സദനത്തിൽ നിന്ന് വേഷം പഠിച്ചു പോയ കൃഷ്ണൻകുട്ടിയുടെ കൂടെ ഇളയ സീതാപുത്രനായി ആ കളിക്ക് നരിപ്പറ്റയായിരുന്നു.

മുഴുവൻ (അർഥം) എനിക്കും തിരിഞ്ഞില്ലാ, ട്ടോ — ഉള്ളത് ഞാനും പറഞ്ഞു. തൃശ്ശൂര് പട്ടണത്തിന് വലിയ അകലമില്ലാത്ത ലാലൂര് ഗ്രാമത്തിൽ എം.എ.ക്ക് ഞാൻ പഠിച്ചിരുന്ന കലിക്കറ്റ് സർവകലാശാലാ ഇക്കണോമിക്സ്‌ വിഭാഗം ക്യാമ്പസിലെ സ്കൂൾ ഓഫ് ഡ്രാമയിൽ പാർട്ട്-ടൈം അദ്ധ്യാപകനാണ് നരിപ്പറ്റ. ഒരു മാവിൻതണലത്തെക്ക് നീങ്ങിനിന്ന് അന്നേരം അദ്ദേഹം തലേരാത്രിയിലെ മിക്കവാറും ആട്ടശ്ശകലങ്ങളിൽ ഓർത്തെടുത്തു. അവയിൽ ഏറ്റവും വാസന തോന്നിയ നിശാഗന്ധി ഇന്നും മനസ്സിൽ വാടാതെ നിൽക്കുന്നു. അയോദ്ധ്യയിൽനിന്ന് വനത്തിലേക്ക് പുറപ്പെടേണ്ടി വന്ന ഗർഭിണിയായ സീതയെ വാട്ടം ബാധിച്ച ഇലകളുള്ള വള്ളിയായാണ്‌ കുമാരൻനായരുടെ ഹനൂമാൻ സൂചിപ്പിച്ചത്. വർഷങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായി ആശ്രമത്തിൽ കണ്ടപ്പോൾ “ദേവീ, ഇന്നാ വള്ളി വീണ്ടും തളിർത്തിരിക്കുന്നു, പുഷ്പിച്ചിരിക്കുന്നു. അതിൽ ഞാനിതാ രണ്ടു പൂക്കളും കാണുന്നു,” എന്ന് പുത്രരേ ചൂണ്ടി ആട്ടം.

“കവിത…ല്ലേ! കവിതാന്നല്ലാണ്ടേന്താ പറയ്യാ….” വെള്ള ജുബ്ബയുടെ അരഭാഗത്തെ കീശയിൽനിന്ന് പൊടുന്നനെ കൈ പുറത്തെക്കെടുത്ത് നരിപ്പറ്റയുടെ വിസ്മയം. തെല്ലകലെ, അരണാട്ടുകര കോൾപ്പാടത്തിന്റെ വക്കുചേർന്നുള്ള തെങ്ങിൻതോപ്പിനുമേൽ വൈകാതെ അസ്തമയം.

സായാഹ്നം തുടങ്ങുമ്പോഴത്തെ രശ്മികൾ തെളിയിക്കുന്ന സൂര്യനെ പോലെത്തന്നെയാണ് വെള്ളിനേഴി വീട്ടിൽവെച്ച് കുമാരൻ നായരാശാനെ കണ്ടാൽ. ഏറെ കാലം ചെല്ലാതെതന്നെ ഈ പാരസ്പര്യം ബോധ്യപ്പെടാൻ ഇടയായി. ജീവിതത്തിന്റെ പകൽ കഴിഞ്ഞതിന്റെ പാകവും അനുഭവങ്ങളുടെ സമ്പത്തിൽ വെട്ടിത്തിളങ്ങുന്ന സ്വർണപ്രഭയും ഇരുവർക്കും പൊതുമുതൽ. കോലായിൽ പഴയൊരു മരക്കസേര ഉണ്ടെങ്കിലും വലുതല്ലാതെ വൃത്തത്തിലുള്ള തടിത്തൂണുകൾ പട്ടിക താങ്ങുന്ന തിണ്ണയിൽ ഇരിക്കാനാണ് ആശാനിഷ്ടം. അതിഥികളുടെ അതേ ഉയരത്തിൽ. “കൊല്ലം ചെല്ലുന്തോറും ഉഷ്ണം കൂടീട്ടാ വര്ണ്,” ചുറ്റിയ ഒറ്റമുണ്ടിന്റെ മേലത്തെ രണ്ടു കോണുകൾ കഴുത്തിന്റെ പിന്നിൽ കൊണ്ടുപോയിക്കെട്ടി ആശാൻ പറയും. “തനിക്ക് ഊണ് പറ്റീല്യാ ന്നൊന്നുല്യലോ?” എന്തുത്തരം പറയാൻ! തൊടിയിൽനിന്ന് കിട്ടുന്ന ഓമക്കായയോ മുരിങ്ങയിലയോ കൊണ്ട് ആശാന്റെ പത്നി ഉപായത്തിൽ വെച്ചുതരുന്നത്ര സ്വാദുള്ള കൂട്ടാൻ അപൂർവമേ തരപ്പെട്ടിട്ടുള്ളൂ.

കഥകളി കല മാത്രമോ സൌന്ദര്യം തേടിയുള്ള സമാന്തര യാത്രയോ ആയിരുന്നില്ല ആശാന്. ജീവനോപാധിയല്ല; മറിച്ച് ജീവിതം തന്നെയായിരുന്നു. അതിലെ കളരിയിൽ ഉരുവം കൊണ്ടതാണ് അദ്ദേഹത്തിന്റെ പല ചര്യകളും ചിന്തകളും. ആയിടെ തെക്കൻ കേരളത്തിൽ പങ്കെടുത്തൊരു കളിയെ കുറിച്ച് പറയുകയായിരുന്നു. അതിനു തലേന്നാൾ ഏറനാട്ടിൽ ഒരിടത്ത് വേഷം. വെള്ളിനേഴി കാന്തള്ളൂർ ക്ഷേത്രം കവലയിൽ നിന്ന് മൂന്നു കിലോമീറ്റർ കുറയാതെ വടക്കാണ്‌ കുന്തിപ്പുഴക്കടുത്തുള്ള കീഴ്പടം വീട്. അമ്പലപരിസരത്തേക്ക് കയറ്റിറക്കങ്ങൾ താണ്ടി അവിടന്നും രണ്ടു നാഴികയോളം അകലെ മാങ്ങോട് വരെ പിന്നെയും നടന്ന്, തുടർന്ന് കളിസ്ഥലത്തേക്ക് ബസ്സിൽ പോകുകയാണ് പതിവ്. (അകലെയെങ്കിൽ, ഒറ്റപ്പാലത്ത് നിന്നോ ഷൊർണ്ണൂര്നിന്നോ തീവണ്ടി.) പരിപാടിശേഷം തിരിച്ച് വീടെത്തുന്നതും മാങ്ങോട്ട് നിന്ന് കാൽനടയായി. “വന്നപ്പളക്കും അന്നത്തെ കളിക്ക് നേരം വേഴ്കി,” പറഞ്ഞുവന്ന കഥയുടെ തുടർച്ചയായി ആശാൻ പറഞ്ഞു. “തലേല് ലേശം വെള്ളം പാർന്ന് പ്രാതല് കഴിച്ച് പൊർപ്പെട്ടു തിര്വോന്തരത്തെക്ക്. എത്താതെ വര്വോ തോന്നി. അങ്ങനെ ഓട്ടോടുത്തു. മാങ്ങോട്ടക്ക്. നടാട്യാ അങ്ങനൊന്ന്…”

വിഷയം കഥകളിയോ കാളവേലയോ ആവട്ടെ, കലയെത്തന്നെ സംബന്ധിക്കാത്ത ഗൌരവമുള്ളതോ ലാഘവമുള്ളതോ ആവട്ടെ, ഇടയിൽ നേർത്ത നേരമ്പോക്കുകൾ തിരുകുന്നത് ആശാന്റെ വേറൊരു കലയാണ്‌. ചിലവക്ക് പരിഹാസത്തിന്റെ നനുത്ത മുനയുണ്ടാവും. ആറ്റിങ്ങലെ ആ ബാലിവിജയം കളിക്ക് ആരൊക്കെയായിരുന്നു വേഷക്കാർ? “അവട്യോ? (കലാമണ്ഡലം രാമചന്ദ്രൻ) ഉണ്ണിത്താൻ ണ്ടായിരുന്നു.” ആശാന്റെ രാവണന് ബാലി? “ഹേയ്…. ആ ഭാഗത്തെക്കൊക്ക അയൾടെ താടി മാത്രൊന്ന്വല്ല….. ‘നാലാം ദിവസം’ ബാഹുകനൊക്ക കണ്ട്ട്ട് ണ്ടേയ്…”

പെട്ടെന്നെങ്ങനെയോ ചെറിയ നരകാസുരനെ കുറിച്ചായി ചർച്ച. അതിന്റെ ഓളത്തിലേക്ക് അതിനിടെ പങ്കുചേർന്നിരുന്ന സദനം ഹരികുമാരനെ ഈ വേഷം പ്രത്യേകം ചൊല്ലിയാടിച്ച് പഠിപ്പിക്കുകയും അരങ്ങിൽ പലകുറി അവതരിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട് ആശാൻ. ബംഗാളിലെ ശാന്തിനികേതനിൽനിന്ന് സെറിബ്രൽ മലേറിയ വന്ന് ആരോഗ്യം മോശമായി തലേ കൊല്ലം (1993) നാട്ടിൽ തിരികെയെത്തി സദനത്തിൽ വീണ്ടും ചേർന്ന് ജീവിതം മൊത്തത്തിൽ കെട്ടിപ്പടുക്കുകയായിരുന്നു ഹരിയേട്ടൻ. നരകാസുരന്റെ ചില ആട്ടങ്ങളെ സംബന്ധിച്ച വർത്തമാനത്തിനിടെ പെട്ടെന്ന് എന്നെ നോക്കി ആശാൻ ചോദിച്ചു: “താൻ യ്യാള്ടെ നരകാസുരൻ കണ്ട്ട്ട് ല്യേ…?” ഇല്ലെന്നു മറുപടി പറഞ്ഞപ്പോൾ തിരികെ വന്ന വാചകം ഇങ്ങനെ: “കേമാണേയ്… കൽക്കത്തേലോക്ക ണ്ടായ്ണ്ടേ…”

പിന്നെ സംഭാഷണം ചുറ്റിത്തിരിഞ്ഞ് ശിവരാമേട്ടനെ കുറിച്ചായി. രണ്ടുകൊല്ലം മാത്രം പഴക്കമുള്ള ആ ലവണാസുരവധത്തിന് ശേഷം തൃശ്ശൂര് നിന്ന് “അന്നത്തെ കളി മറക്കാനാവുന്നില്ല” എന്ന് പറഞ്ഞ് ഇൻലന്റ് അയച്ച “എളിയ ആരാധകൻ” ഞാനായിരുന്നു എന്ന് ലേശം സങ്കോചത്തോടെ ഉണർത്തിച്ചു. “ഓ” എന്ന് ശബ്ദിച്ച് ആശാൻ വെളുക്കെ ചിരിച്ചു — അപ്പോ ഊമക്കത്തിന്റെയൊക്കെ ഏർപ്പാടുണ്ടല്ലേ, എന്ന മട്ടിൽ. ശിവരാമേട്ടന്റെ തന്മയത്വത്തെ വേറെയും ഉദാഹരണസഹിതം വാഴ്ത്തി. ഇടയിൽ ഇങ്ങനെയും ഒന്ന് കാച്ചി: “പുരുഷവേഷം കൊറേശ്ശെ ശീലിച്ച്വോക്കാൻ ചെറുപ്പകാലത്തൊക്കെ ചെലര് പറഞ്ഞീര്ന്നു…. ‘അയ്യോ നിയ്ക്ക് താളോല്യാ ഒന്നൂല്യാ’ ന്നാ അപ്പൊ മറോട്യേ…”

വെയിലാറിത്തുടങ്ങിയതും ഞങ്ങൾ ഇറങ്ങാൻ തീരുമാനിച്ചു. “ആശാന് ഇനി [സന്ധ്യക്ക്] നാമജപവും വായനയും ഒക്കെ ഉണ്ടാവും, അല്ലേ?” ഞാൻ ആരോടെന്നില്ലാതെ ചോദിച്ചു. “അതെ; (ഭഗവദ്)ഗീതേം പുരാണങ്ങളും ഒക്ക്യെയായിട്ട്, പകല്ത്തെന്നെ നമ്മള് മൊടക്കി,” ഹരിയേട്ടൻ എന്നോട് ശബ്ദം താഴ്ത്തി പറഞ്ഞു. വിട പറയുംമുമ്പ് ശിഷ്യൻ മുതുകു മുഴുവനായി കുനിഞ്ഞു വന്ദിച്ചു. ആശാന്റെ കാൽത്തണ്ടയിലെ വെള്ളപ്പാണ്ട് ഒന്നുകൂടി പടർന്നിരിക്കുന്നു.

കീഴ്പടത്തോളം ചെന്നത്താൻ ദുർഘടമല്ലതന്നെ ശിവരാമേട്ടന്റെ വീട്. പക്ഷെ അങ്ങോട്ടുള്ള എന്റെ ആദ്യ സംരംഭം മുഴുമിക്കാനാവാതെ പോയി. സദനം കഥകളി അക്കാദമിയിൽ ജോലി ചെയ്തിരുന്ന (1993-95) കാലത്തുതന്നെ ഒരു വേഷത്തിന് ട്രൂപ്പിനൊപ്പം ചേരാൻ ക്ഷണം അയച്ചിരുന്നു. എന്തോ, മറുപടി കണ്ടില്ല. ആ സമയത്ത് ചെർപ്ലശ്ശേരി വരെ പോവേണ്ട ഒരു വിഷയം വന്നു. കൂട്ടത്തിൽ ശിവരാമേട്ടന്റെയവിടെയും പോയ്ക്കളയാം എന്ന് കണക്കുകൂട്ടി. കാറൽമണ്ണയിൽ ബസ്സിറങ്ങി മെയ്ൻ റോഡ്‌ തിരിഞ്ഞു. ചെമ്മൺപാത തെല്ലു ദൂരം കീഴോട്ടിറങ്ങിയതും ഒരു വളവു തിരിഞ്ഞുണ്ട് ശിവരാമേട്ടൻ ഇങ്ങോട്ട് വരുന്നു. “ങ്ഹാ…. ദ്പ്പൊന്താ ഈ വഴിക്ക്?” പ്രസ്തുത ക്ഷണത്തിനു മറുപടിയായി കാർഡ് ഇട്ടിരുന്നെന്നും കളിക്ക് വരുന്നുണ്ടല്ലോ എന്നും അദ്ദേഹം പറഞ്ഞു. “ഹീ തപാല്വാര്ടൊര് കാര്യേ…” തിരിഞ്ഞ് ടാറിട്ട റോട്ടിൽ എത്തി. പിരിയേണ്ട നേരമായപ്പോൾ ശിവരാമേട്ടൻ: “ഹല്ലാ, വൽസൻ ദ്പ്പോ ആദ്യാ ന്റോടയ്ക്ക്?” അതെ, എന്ന് അർഥംവച്ച് ഉത്തരം കൊടുത്തു. “ഖയ്യോ…. ഞാ അറിഞ്ഞ് ല്യാ…. ധാരണ പോയ് ല്യാ…” എന്ന് പറഞ്ഞ്, തിരിച്ച് വീടിന്റെ ദിശയിലേക്ക് കൊണ്ടുപോകാൻ ഒരുമ്പെട്ടു. സാരമില്ല, ഇനിയിപ്പോൾ വേറൊരിക്കൽ ആവാം എന്നുപറഞ്ഞ് ബസ്സ്‌ പിടിക്കാൻ തുനിഞ്ഞു. ആശാൻ ഗ്രാമീണ വായനശാലയിലേക്ക് നടന്നകന്നു.

വൈകാതെ ഒരുനാൾ ചെർപ്ലശ്ശേരി കളി. ഇത് അവിടത്തെ ക്ലബ്ബിന്റെ. സന്ധ്യക്ക്‌. ഒറ്റ കഥ. നളചരിതം നാല്. അണിയറയിൽ ശിവരാമേട്ടൻ പായയിൽ ഇരുന്നു മിനുക്കുന്നുണ്ട്‌. തിമർത്ത് വർത്തമാനത്തിനുള്ള മൂഡിലാണ്. ചായമുള്ള വലതുകൈ മുഖത്ത് അവിടിവിടെ തട്ടിപ്പായുമ്പോഴും കേശിനി കെട്ടാനിരിക്കുന്ന വേഷക്കാരനോട് പലതും പറയുന്നുണ്ട്. കൂട്ടത്തിൽ ഇങ്ങനെയും ഒന്നു കേട്ടു: “ന്നാ യീ കുമാരൻ നായാരാശാന്റന്തി യിങ്ങനൊരു സൂത്രക്കാരൻ……” ഇതെന്താണ് ഇയാൾ ഇങ്ങനെയൊക്കെ, എന്ന മട്ടിൽ പുരികത്തിന്റെ കോണിൽ തൊട്ടുനിന്ന ഈർക്കില താഴേക്ക് കൊണ്ടുവന്ന് കലാമണ്ഡലം ഗോപിയാശാന്റെ കൌതുകസാന്ദ്രമായ നോട്ടം. ഒന്നും കണ്ടതായി നടിക്കേണ്ട എന്ന മട്ടിൽ ഒരു കണ്ണ് നിസ്സാരമായി ചീമ്പിക്കാട്ടി ക്ലബ്ബ് സെക്രട്ടറി ടി എം ഗണപതി എന്ന കുഞ്ചുവേട്ടൻ.

അതിന് നാലഞ്ചു കൊല്ലം കഴിഞ്ഞ് തൃപ്പൂണിത്തുറ ക്ലബ്ബിലും ഉണ്ടായി ഒരു ‘നാലാം ദിവസം’. അന്ന് ബാഹുകൻ കലാമണ്ഡലം വാസു പിഷാരോടി ആയിരുന്നു. ഇരുവർക്കും ഒരേ ഗുരു: അന്തരിച്ച വാഴേങ്കട കുഞ്ചു നായർ. അതിന്റെ ഒരുമ നായികാനായകരിൽ പ്രകടമായിരുന്നു. കളികഴിഞ്ഞുള്ള ശിവരാമേട്ടന്റെ മട്ട് അന്നും നേരമ്പോക്കായിരുന്നു. രണ്ടു വേഷക്കാരും രാത്രി തങ്ങാൻ എന്റെ വീട്ടിലെത്തി. ഉമ്മറത്തൊരു സുഹൃദ്സംഗമം. (വാസുവേട്ടന് ചെറുപ്പത്തിൽ കല്യാണാന്വേഷണം തുടങ്ങിയപ്പോൾ എന്റെ അമ്മയാണ് സ്വന്തം മുളംകുന്നത്തുകാവ് നാട്ടിലെ പിഷാരങ്ങളിൽ ഒന്നിലെ സുഭദ്ര എന്ന പെൺകുട്ടിയെ മുട്ടിച്ചുകൊടുത്തത്; ആ വിവാഹംതന്നെയാണ് നടന്നതും.)

അന്നത്തെ കഥകളി മൊത്തത്തിൽ അസ്സലായി എന്ന് പറഞ്ഞപ്പോൾ ശിവരാമേട്ടൻ പടപടാ ചിരിച്ചു. എന്നിട്ട്, കേശിനി കെട്ടിയ നടനെ പരാമർശിച്ച് ഇങ്ങനെ പറഞ്ഞു: “ആദ്യത്ത്യാ രംഗത്തെ പദങ്ങള് കഴിഞ്ഞ് ലേശൊന്ന് വിസ്തരിക്കണം ന്നുണ്ടായിരുന്നു നിയ്ക്ക്,. പക്ഷെ ദ് ങ്ങനെ നിക്ക്വല്ലെ അട്ത്ത്…. വെറുങ്ങലിച്ചൂണ്ട്….യെപ്ലാ പൊട്ടിത്തെറിയ്ക്ക്യാ നിശ്ശല്യാണ്ടേ….”

കടുക് വറുക്കുന്ന വാസന അടുക്കളയിൽനിന്ന് പരന്നു. ഊണ് കാലമായി എന്ന് ഉള്ളിൽനിന്ന് അറിയിപ്പ് വന്നു. ഇടനാഴിയിലൂടെ മുന്നോട്ടു വന്ന ശിവരാമേട്ടൻ തീൻമേശയിലെ വിഭവങ്ങൾ കണ്ട്പ്പോൾ പെട്ടെന്ന് നാടകീയമായി നിന്നു. എല്ലാം ഒരുക്ഷണം നോക്കിക്കണ്ടു. പൊടുന്നനെ, അരങ്ങത്തു കാട്ടുംപോലെ ചുമല് ലേശം കൂച്ചി, രണ്ടു കൈയും വിലങ്ങനെ പരത്തിപ്പിടിച്ചു. പിന്നെ നാക്കിലയിലേക്ക് നോക്കി, ലേശം ഉറക്കെ മൊഴിഞ്ഞു: “ഓണം!!!” കർക്കടകത്തിൽ അന്നേനാൾ തന്റെ പിറന്നാളാണെന്ന് അതോടെ അമ്മ ഡിക്ലയർ ചെയ്തു.

അതിനു തലേക്കൊല്ലം ക്ലബ്ബിന്റെ ഒരു പ്രതിമാസക്കളിക്ക് കുമാരൻ നായരാശാൻ തൃപ്പൂണിത്തുറ വന്നപ്പോൾ, പക്ഷെ, കാലാവസ്ഥ നേരെ തിർച്ചായിരുന്നു. മൂത്ത വേനൽ. സുഭദ്രാഹരണം അർജുനൻ ആയിരുന്നു വേഷം. കൂടെ സഹായത്തിന് ശിഷ്യൻ നരിപ്പറ്റ. കളി കഴിഞ്ഞ് എന്റെ വീട്ടിലെത്തി അത്താഴശേഷം മുകളിലെ മുറിയിൽ കിടയ്ക്കക്ക് പുത്തൻ വിരി നിവർത്തിയപ്പോൾ കട്ടിലിന് അടുത്തുള്ള ജനലുകൾ തുറന്നിട്ടാൽ നന്നായിരുന്നു എന്ന് പറഞ്ഞു ആശാൻ. അതൊഴിച്ചാൽ പൊതുവേ മൌനിയായിരുന്നു അദ്ദേഹം.

അതിന് ഒരു ദശാബ്ദ ശേഷം, 2006 ഒക്ടോബറിൽ, അവധിക്ക് ഡൽഹിയിൽനിന്ന് നാട്ടിൽ വന്നപ്പോൾ സകുടുംബം ഒരു വെള്ളിനേഴി-കാറൽമണ്ണ-വാഴേങ്കട യാത്രക്ക് തീരുമാനമായി. കുന്നംകുളത്തിന് വടക്കുപടിഞ്ഞാറ് പോർക്കുളത്തെ സഹൃദയൻ സുഹൃത്ത് കുഴിക്കാട്ട്‌ പ്രദീപും അദ്ദേഹത്തിന്റെ ഭാര്യ സംഗീതയും ഒത്ത് ഒരിക്കൽ സൂര്യോദയം കഴിഞ്ഞതും പുറപ്പെട്ടു. വഴിനീളെ കേൾക്കാൻ ചില കഥകളിപ്പദ റെക്കോർഡ്‌കൾ ചങ്ങാതി കരുതിയിരുന്നു. ടാക്സിയുടെ ഡ്രൈവർ കലാമണ്ഡലം ഹൈദരാലിയുടെ കമ്പക്കാരനാകയാൽ അധികവും അദ്ദേഹത്തിന്റെ പാട്ടായിരുന്നു.

അടയ്ക്കത്തോപ്പുകൾ വിട്ട് അങ്ങിങ്ങ് കരിമ്പനകൾ കണ്ടുതുടങ്ങി. കൂറ്റ്നാടും പട്ടാമ്പിയും പിറകിലായി. കുണ്ടനിടവഴിയും പിന്നെ കുറെ പടികളുമിറങ്ങി ഇക്കുറി വീട്ടിലെത്തിപ്പെട്ടുവെങ്കിലും ശിവരാമേട്ടൻ ഇല്ലാത്ത നേരമായിരുന്നു. “ചേർപ്പശ്ശേരി പൊക്കടക്ക്വാ… വരണ്ട നേരായ്ക്കണ്ണു,” എന്ന് ആശാന്റെ ഭാര്യ ഭവാനി. ചായ വന്നു. നിമിഷങ്ങൾക്കകം അതാ ആൾ! മരച്ചില്ലത്തണൽ ഉറുമാൽ തൂക്കിയ കളിമുറ്റത്തെത്തി. “ങ്ഹാ… യെല്ലാവരൂണ്ടല്ലോ….” ചെരിപ്പൂരവേ പതിവ് പ്രസാദത്തിൽ ചോദിച്ചു. ഊഷ്മളമായി കുറെ വർത്തമാനം പറഞ്ഞു. പൂമുഖത്തെ ചുവരിലും ഷെൽഫിലുമായി ചില്ലിട്ടുവച്ച ഫോട്ടോകൾ നിറയെ. ഏറെ രസം തോന്നിയത് ശിവരാമേട്ടൻ ശബരിമലക്ക് വ്രതം നോറ്റ കാലത്തെ ചിത്രമാണ്. സ്വതവേ മിനുമിനുത്തു കാണുന്ന കവിളത്തും താടിയിലും ഇടതൂർന്ന മുരപ്പൻ രോമങ്ങൾ.

നീണ്ട ദീക്ഷയായാണ് വെള്ളിനേഴി വീട്ടിലെ തളത്തിൽനിന്ന് കുമാരൻ നായർ അന്നേനാൾ ഉമ്മറക്കോലായിലേക്ക് കയറി വന്നത്. “ഇപ്പോൾ കുളിപ്പിച്ചിട്ടേയുള്ളൂ,” അദ്ദേഹത്തിന്റെ ഇളയ മകൻ രാമനുണ്ണി പറഞ്ഞു. എന്നിട്ട് ആശാനോടായി ഉറക്കെ പറഞ്ഞു: “അച്ഛാ, മനസ്സിലായ്യോ? പണ്ട് സദനത്തില്ണ്ടായിരുന്നൂലോ… ശ്രീവൽസൻ…. കൂടെ ദാ ആ ഗുരുവായൂര് ‘കലാചേതന’ടെ പ്രദീപും. കുടുംബായിട്ടാ, രണ്ടാളും….”

“ഓ” എന്ന് ആശാൻ ക്ഷീണിച്ച സ്വരത്തിൽ പറഞ്ഞു. ഒരു ഭാഗത്ത് ഇരുത്തി. ഇടയ്ക്കെന്തോക്കെയോ പറഞ്ഞു. ഒന്നും സന്തോഷമുള്ള കാര്യങ്ങളായിരുന്നില്ല. മുഴുവൻ വ്യക്തവുമായിരുന്നില്ല. മിക്കവാറും തന്റെ അസുഖങ്ങളെ കുറിച്ചായിരുന്നു. വയസ്സ്  92 ആവുന്നു.

പുറത്തു മുറ്റത്ത് ആശാനൊപ്പം പതുക്കെ ഉലാത്താൻ കൂടി. വീടൊന്നു മരാമത്ത് കഴിച്ചിരിക്കുന്നു. മേലത്തെ മുറികളുടെ ജനാലകളുടെ പലകപ്പാളികൾ മാറ്റിയിരിക്കുന്നു. കറുത്ത ചായത്തിനു പകരം തവിട്ടു വാർണിഷ് പൂശിയിരിക്കുന്നു. “ഇനി കുറച്ചു നേരം ഇരിക്കട്ടെ,” ആശാൻ വേച്ചുവേച്ച്‌ ഉമ്മറപ്പടി കയറി.

മുൻവശത്തെ മേലേവളപ്പിലെ തെങ്ങിൽനിന്ന് ഒരു പട്ട അടർന്നു വീണു.

Erumadam (Illustration: Sneha)

മടക്കം പോരുമ്പോൾ മഴയുണ്ടായിരുന്നു. വണ്ടിയുടെ ചെറുതായി ചില്ലുതാഴ്ത്തി. എന്നാണ് ഇതിനു മുമ്പ് ഇവിടെ വന്നത്? കിട്ടി. 2000ൽ. അക്കാലത്ത് വടക്കൻ വെള്ളിനേഴിയിൽ പുഴയുടെ തീരത്ത് ലേശം സ്ഥലം വാങ്ങി വാഴ വച്ച് ഒരു ഏറുമാടവും പണിത് അതിന്മേൽ താമസമാക്കിയ ചെറുപ്പക്കാരൻ രഘു. തൃശ്ശൂർ-കുന്നംകുളം റൂട്ടിന്റെ തുടക്കത്തിലുള്ള കോൾപാടത്തിനടുത്തുള്ള കയറ്റത്തെ വലിയ തറവാടായ കുന്നത്ത് വീട്ടിലെ നീണ്ടുമെലിഞ്ഞ പയ്യൻ. അയാളെയും ജ്യേഷ്ഠൻ രാജീവിനെയും ചേർന്ന് തൊണ്ണൂറുകളുടെ തുടക്കത്തിൽ മദ്ധ്യകേരളത്തിലെ പല കളിസ്ഥലങ്ങൾ തോറും കണ്ടുതുടങ്ങിയപ്പോൾ “പുഴയ്ക്കൽ ബ്രദേർസ്” എന്ന് ഞാനിട്ടതാണ് പേര്. മഞ്ഞളിച്ച നിലാവുള്ളൊരു രാവിൽ രഘുവിന്റെ മരമുകളിലെ പുരയിൽ തങ്ങി പിറ്റെന്നാൾ ആശാന്റെ വീട്ടിൽ പോയിരുന്നു. അന്നും കുറെ സംസാരിച്ചിരുന്നു. മാങ്ങോട്ടുകാവിൽ വേലയാണ്; അതിന് പോവുന്നില്ലേ എന്ന് ആശാൻ. ഉവ്വെന്നു മറുപടി. ചിരി. തിരികെ പടിക്കലെക്ക് നടന്നുപോരുമ്പോൾ രഘുവിന്റെ വാചകം: “ആ നോട്ടത്തിന്റെ ശക്തി ശ്രദ്ധിച്ചൂലോ ല്യേ… വെറുത്യേല്ലാ…പണ്ടൊക്കെ ‘കണ്ണുകുമാരൻ’ ന്നാത്രേ ഇങ്ങോരെ വിളിയ്ക്ക്യാ….”

അവിടിവിടെ നിരത്തുവെള്ളം തെറിപ്പിച്ച് വണ്ടി മുന്നോട്ട് നീങ്ങി. ഇപ്പോൾ ഇടവിട്ട ചാറ്റൽ മാത്രം. നാലുവയസ്സുകാരൻ മകൻ ക്ഷീണിച്ച് ഉറക്കമായിരിക്കുന്നു. തുടി കൊട്ടുംപോലെ ശബ്ദമുണ്ടാക്കുന്ന തോട് മുറിച്ചു കടന്നതോടെ പാലക്കാട് ജില്ല പിന്നിലായി. കിഴക്ക്, പരന്ന വയലിനക്കരെ അച്ഛന്റെ പെരുമ്പിലാവ് ഗ്രാമം. എവിടെയും നിർത്തിയില്ല. ഹൈദരാലി പോയി നീലകണ്ഠൻ നമ്പീശന്റെ പാട്ടാണ് കേൾക്കുന്നത്. കൂടെ രാമൻകുട്ടി വാരിയർ. “ശ്രീമൻ സഖേ വിജയാ…” വൈകാതെ, സുഹൃത്തിനെ പിരിഞ്ഞ്, പിറ്റത്തെയാഴ്ച തലസ്ഥാനനഗരിയിലേക്ക് തിരിച്ചു.

ഇക്കഴിഞ്ഞ കൊല്ലം പെട്ടെന്നാണ് ഉറപ്പിച്ചത്. ശിവരാമേട്ടന്റെ ഒന്നാം ചരമവാർഷികത്തിന് കാറൽമണ്ണ എത്തണം. വായനശാലക്ക് ചേർന്നുള്ള വാഴേങ്കട കുഞ്ചു നായർ ട്രസ്റ്റ് മന്ദിരത്തിൽ. മൂന്നു ദിവസത്തെയാണ് പരിപാടികൾ. ആപ്പീസവധി കഷ്ടിയാണ്‌. പാലം എയർപ്പോർട്ടിൽ നിന്ന് പറന്നു പോന്നു. തുടക്കം മുതൽ കൂടി. അവസാനദിവസത്തെ വൈകുന്നേരം. ശിവരാമേട്ടൻ അനുസ്മരണം കഴിഞ്ഞു. കളിക്ക് സമയമായി. അപ്പോഴാണ്‌ ആശാന്റെ മകൾ അമ്പിളീ രാമകൃഷ്ണനെ പരിചയപ്പെടുന്നത്. “ഉവ്വ്, ഇങ്ങനോരാള് ഡെല്ലീന്ന് വര്ണ് ണ്ട്ന്ന് ന്നോട് പർഞ്ഞീര്ന്നു,” എന്ന് നർത്തകി കൂടിയായ അവർ. ദൽഹിയിലെ ഇന്റർനാഷണൽ കഥകളി സെന്ററിന്റെ തൊട്ടുമുമ്പത്തെ പ്രസിഡന്റും എക്കാലത്തെ യുക്തിവാദിയും അടുത്തകൊല്ലങ്ങളായി എന്റെ പരിചയക്കാരനുമായ സനൽ ഇടമറുകിനെ ആണ് ഉദ്ദേശിക്കുന്നത്.

വാസു പിഷാരോടി അർജുനൻ കെട്ടേണ്ടിയിരുന്ന ‘സുഭദ്രാഹരണം’ ആയിരുന്നു. വയ്യായ്ക മൂലം വരാനൊത്തില്ല. മുന്നിൽ ചമ്രംപടിഞ്ഞിരിക്കുന്ന എനിക്കരികെ കളിക്കിടെ അമ്പിളി വന്നുപറഞ്ഞു: “അമ്മക്ക് അധികം നേരം ഇരിക്കാൻ പറ്റ്ല്യാ. വൈകാതെ തിരിക്കും.” എങ്ങനെ പോവും? ഒരു വണ്ടി പ്രതീക്ഷിക്കുന്നുണ്ട്. “അത് വന്നില്ലെങ്കിൽ പറഞ്ഞോളൂ. കാറുണ്ട്. കൊണ്ടുപോയാക്കാം,” എന്ന് ഞാൻ. സന്തോഷം. എനിക്ക് അതിലേറെ — ശിവരാമേട്ടന്റെ വീട്ടിൽ ഒന്നുകൂടി പോവാമല്ലോ; ആദ്യമൊരിക്കൽ പുറപ്പെട്ടത്‌ പന്തിയാവാഞ്ഞതിന്റെ ഖേദം എപ്പോഴുമുണ്ട്.

കുറച്ച് കഴിഞ്ഞപ്പോൾ അമ്പിളി വന്നുപറഞ്ഞു: “വണ്ടി വേറെ കിട്ടീ ട്ട്വോ…” ഛെടാ…വീണ്ടും അതേ യോഗം തന്നെ! “അല്ലെങ്കിലും അച്ഛൻ പറയും, കളികാണാൻ ഇരിക്കുണോരെ അദുംദും പറഞ്ഞ് ബുദ്ധിമുട്ടിക്കരുത് ന്ന്…”

വെളുപ്പിനേ മടങ്ങിയുള്ളൂ. ഷൊർണൂർ തീവണ്ടി സ്റെഷനിൽ വേഷക്കാരൻ ഫാക്റ്റ് പദ്മനാഭനെ ഇറക്കാൻ ഉണ്ടായിരുന്നു. അവിടന്ന് വണ്ടിതിരിച്ച് എടുത്തപ്പോൾ, എങ്ങിനെയെന്നറിയില്ല, പെട്ടെന്നോർത്തുപോയി. കൊല്ലം കൃത്യമായി ഓർമയിലുണ്ട്. 1987. തിരക്കില്ലാത്ത ബസ് സ്റ്റാന്റിൽ ഉച്ചവെയിലത്ത് നിൽക്കെ പെട്ടെന്നവിടെ ശിവരാമേട്ടൻ. അന്ന് നേരിട്ട് പരിചയമില്ലാത്തതിനാൽ സ്വതന്ത്രമായി ആളെ നോക്കിക്കാണാം. മൂലക്കൽ ഒരിടത്ത് വിൽക്കാൻ വച്ചിട്ടുള്ള കൂളിംഗ്‌ ഗ്ലാസുകളുടെ നിരയിലേക്കാണ് ആശാൻ പോവുന്നത്. പിന്നാലെ പരുങ്ങിക്കൂടി. പല കണ്ണടകളും എടുത്ത് പരിശോധിക്കുന്നുണ്ട് ശിവരാമേട്ടൻ. ഒന്നല്ലെങ്കിൽ വേറൊരു കാരണത്താൽ അതൃപ്തി. ഒടുവിൽ നല്ലവണ്ണം ഇരുണ്ട ചില്ലുള്ള ഒന്നെടുത്തു. മൂക്കത്ത് വച്ചു. നാലുപാടും നോക്കി. എന്നിട്ടൂരി. ചോദിച്ചു: “ദ്നെത്ര്യാ…” വില ഒത്തു. കാശുകൊടുത്ത് വാങ്ങി. താമരയിതൾ പോലുള്ള ആ കണ്ണുകളെ കറുത്ത ആട കൊണ്ട് അമ്പേ മറച്ച് ശിവരമേട്ടൻ തിരിഞ്ഞുനടന്നു. പിന്നാലെ വന്ന പച്ചയും നീലയും ‘മയിൽവാഹനം’ ബസ്സിൽ കയറിപ്പറ്റി.

വാൽക്കഷ്ണം: “കാറല്വോണ്ണ വീട് പൊളിച്ചു ട്ട്വോ…” കുറച്ചു മാസങ്ങൾക്ക് മുമ്പ് ഫോണിൽ അമ്പിളി. “നൂറ്റിരുപതു കൊല്ലാ പഴക്കേ. വേറൊന്നും ചീയ്യാൻ പറ്റ്ല്യേര്ന്നു… പ്പോ അന്യേന് വേണ്ടി ഒന്ന് പണിയാ…ചെർയോരു വാർക്കപ്പെര…”

(വര – സ്നേഹ)


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder