ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 7

ശ്രീവത്സൻ തീയ്യാടി

January 25, 2013

കാടും പടലും വെട്ടി വെളുപ്പിച്ചിരിക്കുന്നു. ഒന്നൊന്നര ഏക്ര പറമ്പിന്റെ അങ്ങേത്തലക്കല്‍ പലകസ്റ്റേജും പന്തലും പൊക്കിയിരിക്കുന്നു. സ്വീകരണവും കഥകളിയും നടക്കാന്‍ പോവുന്ന വേദിയാണ്.

അത് ഇന്ന് വൈകിട്ട്. ഇപ്പോള്‍ ഉച്ച. കനത്ത കുംഭച്ചട്. വെയിലത്ത് വിയര്‍ത്തിരിക്കുന്നു ആശാന്‍; മറൂണ്‍ ജുബ്ബയുടെ പുറം മുതുകത്ത് ഒട്ടിപ്പിടിച്ചിരിക്കുന്നു. എന്നിരിക്കിലും, അരങ്ങൊരുങ്ങി എന്ന തൃപ്തി കാണുന്നുണ്ട് മുഖത്ത്. മടക്കം നടന്നുവരികയാണ്. കുട പാതി മാത്രമേ വിരിഞ്ഞിട്ടുള്ളൂ എന്നത് ശ്രദ്ധിക്കുന്നില്ല. ടാറിട്ട പാതക്ക് ഇക്കരെ പത്തടി മുന്നോട്ടാഞ്ഞാല്‍ വീടായി. ഇരുനില വാര്‍ക്കക്കെട്ടിടം. ഗെയ്റ്റിനുചേര്‍ന്ന്, മതിലിന്മേല്‍ “ഗുരുകൃപ” എന്ന് കാണാം. വീട്ടുപേരാണ്‌. അതിന്റെ നെറ്റിയിലായി ഉടമസ്ഥന്റെ നാമവും: കലാമണ്ഡലം ഗോപി. ക്ഷീണമുള്ള നേരത്തുതന്നെ മുഖം കൊടുക്കേണ്ട എന്നുകരുതി വഴിക്കരികില്‍ പുറംതിരിഞ്ഞു നിന്നു ഞാന്‍. പതിവുമട്ടില്‍ ലേശമൊന്നു വിലങ്ങനെ കാലടിവച്ച് ആടിയുലഞ്ഞ് സാമാന്യം വേഗത്തില്‍ മുറ്റത്തെക്കുള്ള വളവുതിരിഞ്ഞുപോയി ആശാന്‍. ക്യാമറ കരുതിയത് നന്നായി. രണ്ടുമൂന്ന് രസികന്‍ ചിത്രങ്ങള്‍ കിട്ടി.

“ശ്രീവല്‍സേട്ടന്‍ എപ്പ്ലാ വന്നത്?” എന്നൊരു ചോദ്യം. പരന്ന നെറ്റിത്തടത്തിലുമുണ്ട് പുഞ്ചിരിയുടെ പ്രകാശം. അക്കാര്യത്തില്‍ അച്ഛനെപ്പോലെത്തന്നെയാണ് രഘുരാജും. തിരിച്ചും കുശലം പറഞ്ഞു. റോട്ടുവക്കത്ത് നിന്നുകൊണ്ടുതന്നെ. പെട്ടെന്നാണ് ചോദ്യം. “ഒന്ന് വെള്ളിനേഴി വരെ പൂവാന്‍…. അല്ല; വയ്യെങ്കെ നിര്‍ബന്ധം പറേല്യാ… രാമുട്ട്യാശാനെ കൊണ്ടരാനാ…”

വെള്ളിനേഴി! കഥകളിയുടെ കേദാരഭൂമി! കലാമണ്ഡലം രാമന്‍കുട്ടി നായര്‍! കല്ലുവഴിപ്രഭു! അന്നേനാള്‍ വെളുപ്പിനുവന്ന തീവണ്ടി തമിഴകം വിട്ട് പശ്ചിമഘട്ടം താണ്ടി വള്ളുവനാടിന്റെ കസവുകരയായ ഭാരതപ്പുഴ ചേര്‍ന്ന് ഓടുമ്പോള്‍ക്കൂടി മനസ്സില്‍ രജതരേഖ പോലെ തെളിഞ്ഞ ചില പേരുകളില്‍ രണ്ടെണ്ണം! ആട്ടവിളക്കിന്റെ നാളം നോക്കി പലകുറി പോയിട്ടുള്ള നാട്. അതുപോലെത്തന്നെ അദ്ദേഹത്തിന്റെ ‘തെങ്ങിന്‍തോട്ടത്തില്‍’ വീടും. ഒന്നുകൂടി പുറപ്പെടാന്‍ എന്തു വിരോധം! പക്ഷെ തല്‍ക്കാലം പ്രിപ്പയേഡ് അല്ല. ടാര്‍പ്പായ മേലാപ്പുകെട്ടിയ അണിയറയില്‍ തിരിതെളിയുന്നത് തുടങ്ങി പഴയ കലാകാരസുഹൃത്തക്കളെയും സഹൃദയരെയും കണ്ടും കെട്ടും സായാഹ്നം വരെ നേരം പോക്കാനാണ് ഇപ്പോള്‍ വന്നിട്ടുള്ളത്. എങ്കിലും പുറത്തുപറഞ്ഞില്ല. നിന്നുപരുങ്ങിയതേയുള്ളൂ. “വണ്ടിണ്ടേയ്…. കാറ്. ഡ്രൈവറും. സുഖായി പോയിപ്പോരാം,” അളിയന്‍ വിവേകിന്റെ സെക്കണ്ടിംഗ്. രഘുരാജിന്റെ വലിയ ‘ഗെഡി’യാണ്. “അതല്ലാ….” എന്ന് പറഞ്ഞു വന്നപ്പോള്‍ തിരിച്ചു പ്രതികരണം: “അയ്, നല്ലൊരവസരല്ലേ?”

അവസരം. ആ വാക്ക് ബോധിച്ചു. മാത്രമല്ല, കളിക്ക് വരുന്ന കൂട്ടുകാരെ സന്ധ്യക്കും കാണാം. ഈവിധം യാത്ര എപ്പോഴും തരപ്പെടുന്നതല്ല. പിന്നെയൊന്നും ആലോചിച്ചില്ല. ശരി, എന്ന് മറുപടി പറഞ്ഞു. ഉത്സാഹം ഇരട്ടിച്ചു.

ആശാന്റെ വീടിന്റെ പൂമുഖത്ത് ലേശം തിരക്കുണ്ട്‌. അധികവും അപരിചിതര്‍. ചുറ്റുവട്ടത്തുള്ളവര്‍. പദ്മശ്രീ കിട്ടി എന്നറിഞ്ഞതിന്റെ ആരവമുണ്ട് അന്തരീക്ഷത്തില്‍. 2009 ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച ആ ബഹുമതിയുടെ പേരിലാണ് നാട്ടുകാരുടെ വക വൈകാതെ ഏര്‍പ്പാടാക്കിയ ഇന്നത്തെ സ്വീകരണം. തൃശൂരിന് ആറു നാഴിക വടക്കുപടിഞ്ഞാറ് പേരാമംഗലം മുണ്ടൂര്. കലാമണ്ഡലത്തില്‍നിന്ന് 1992ല്‍ പിരിഞ്ഞ ശേഷം മഹാനടന്‍ താമസമാക്കിയ ഗ്രാമം.

ഊണ് കഴിഞ്ഞ് ആശാന്‍ പുറത്തുവന്നു. “ങ്ഹാ… വല്‍സെപ്പ്ലെ വന്ന്?” ഉറക്കെ, ഉന്മേഷത്തോടെ ചോദ്യം. “അത്യോ… നേര്‍ത്ത വന്ന്വോ?” മറുപടിയില്‍ പ്രസാദിച്ചതിന്റെ തെളിവാണ്. “ഹേയ്, പക്ഷെ ഞാന്‍ ങ്ങ്ട് ഉള്ള്ക്കടക്കുമ്പോ കണ്ട മാരി തോന്നീല്യാ….” പൊട്ടിച്ചിരി. തിരിച്ച് എന്തുപറയേണ്ടൂ എന്നുറപ്പില്ലാതെ രണ്ടു നിമിഷം കഴിച്ചുകൂട്ടി.

“പിന്നച്ഛാ… വല്‍സേട്ടനാ പോണ്, വെള്ളിനേഴിക്ക്….” പിന്നില്‍നിന്ന് വന്ന് രഘുരാജ് തഞ്ചത്തില്‍ പറഞ്ഞു. “ങ്ഹാ, അത്യോ… അദ് നന്നായി…” സംഗതി ഒന്നുകൂടി നല്ലവണ്ണം ഗ്രഹിക്കാന്‍ ആശാന്‍ ലേശം അകലേക്ക് നോക്കി സമയമെടുത്തു. പൊടുന്നനെ ചോദിച്ചു: “അല്ലാ, വല്‍സന്‍ ഊണ്വഴിച്ച്വോ?” മറുപടി കേട്ടതും, കണ്ണിനു വായുകൊടുത്ത് പറഞ്ഞു: “ഓ, മറന്നു…. ബടട്ത്തന്ന്യാണലോ (ഭാര്യയുടെ) വീട്, ല്ലേ….”

പുറപ്പെടാന്‍ സമയമായി എന്ന് വൈകാതെ സൂചന വന്നു. ടാക്സി എന്നാല്‍ ഗോപിയാശാന്റെ സ്ഥിരം കാറ്. കളിക്ക് കൊണ്ടുപോകാനും തിരിച്ചെത്തിക്കാനും പതിവുള്ള പയ്യന്‍തന്നെ തേരാളി. മെലിഞ്ഞ്, ശാന്ത പ്രകൃതം. അവണാവ് റോട്ടില്‍ത്തന്നെ രണ്ടു വീടപ്പുറം പാലയൂര് വീട്. പേര് ഫിനീഷ്.

മുന്നിലെ സീറ്റില്‍ കയറി. വണ്ടി എടുത്തു.

വെള്ളിനേഴിക്ക് ആദ്യം പോയത് 1989ല്‍. കഥകളിക്കൊന്നും ആയിരുന്നില്ല. നാട് കാണാന്‍. ഒറ്റക്ക്. പട്ടാപ്പകല്‍. കാന്തള്ളൂര്‍ ക്ഷേത്രനടവഴിയില്‍ കാലുകുത്താന്‍. പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍ ചൊല്ലിയാടിച്ച കളരി ജനലഴിയിലൂടെ നോക്കിസ്സങ്കല്‍പ്പിക്കാന്‍. കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ പുരനോക്കി മനസാ വണങ്ങാന്‍. ഒളപ്പമണ്ണ മനയുടെ ഓട്ടിന്‍നിര കാണാന്‍. ചെങ്ങണിക്കോട്ടുകാവിനടുത്തുള്ള ചെണ്ട ചക്രവര്‍ത്തിയുടെ പൊതുവാട്ടില്‍പ്പടി മനസ്സില്‍ കുറിക്കാന്‍. കൊതാവില്‍ വീട്ടില്‍ അച്ഛനും മകനും ചേര്‍ന്നുള്ള കോപ്പുനിര്‍മാണം അടുത്തറിയാന്‍. പിന്നെയങ്ങോട്ട് ഇടയ്ക്കൊക്കെ പതിവുണ്ട്. സദനത്തില്‍ ഉദ്യോഗത്തിലിരുന്ന ഒന്നരക്കൊല്ലം കൂടെക്കൂടെയായും. പിന്നെ, 1990കളുടെ മദ്ധ്യം കഴിഞ്ഞ് അത് ചുരുങ്ങി. വൈകാതെ, കേരളം വിട്ടശേഷം, വല്ലപ്പോഴും മാത്രമായി. അപ്പോഴേക്കും വീട്ടിലേക്ക് പോക്ക് അതിലേറെ കഷ്ടി. മാത്രമല്ല, സ്വന്തം ചുമതലയില്‍ വാഹനത്തില്‍ പോക്ക് കീഴ്ക്കടെ ഉണ്ടായിട്ടില്ല. പയ്യന് വഴി പറഞ്ഞുകൊണ്ടുക്കാന്‍ സാധിക്കുമോ എന്തോ…..

“രാമന്‍കുട്ടി നായര്‍ എന്നൊരു കഥകളിയാശാനുണ്ട്; ആള്‍ടെ വീട്ടിലേക്കാണ് പോകേണ്ടത്…. ഒറ്റപ്പാലമൊക്കെ കഴിഞ്ഞ്…” ഫിനീഷിനോട് പറഞ്ഞു. “രാമുട്ട്യാശാനല്ലേ?” എന്ന് മറുപടി. “ഞാമ്പോയിണ്ട്… ഇന്‍യ്ക്കറിയാ… വെള്‍നേഴ്യല്ലേ…” ഹാവൂ! സ്റ്റിയറിങ്ങില്‍ കൈവച്ചുകൊണ്ട് പയ്യന്‍ പിന്നാക്കം ചെറുതായി തല വെട്ടിച്ച് പറഞ്ഞു: “ആശാനെ കൊണ്ടോയിണ്ട്…”

ഓക്കെ. അപ്പോള്‍ അത് രക്ഷപ്പെട്ടു. വെറുതെ പുറംകാഴ്ച മാത്രം കണ്ട് പോവാമല്ലോ.

മൂന്നുമണിക്കാറ്റിന് അത്യാവശ്യം എരിച്ചിലുണ്ട്. ഷോര്‍ണൂര്‍ അടുക്കുന്നു. കൃത്യം പറഞ്ഞാല്‍, കലാമണ്ഡലം. “ഒന്ന് നിര്‍ത്തിയാലോ ഫിനീഷേ?” ഇരുവരും നാരങ്ങസ്സര്‍വത്ത് കുടിച്ചു. പെട്ടെന്ന് തോന്നിയതെന്ന പോലെ പയ്യനോട് പറഞ്ഞു, “നമുക്കൊന്ന് കലാമണ്ഡലത്തില്‍ കേറിയാലോ…. രണ്ടു ഫോട്ടോ എടുക്കാം.” കവാടം കടന്നു. ആരുമില്ല. കൂത്തമ്പലത്തിന് മുന്നിലെത്തി. ഫിനീഷിന് ക്യാമറ കൊടുത്തു. “ആള് ചെറുതായി വന്നാല്‍ മതി; പിന്നിലെ കെട്ടിടമാണ് മെയിനായി കിട്ടേണ്ടത്.” അന്നേരം പ്രത്യക്ഷമായൊരു മോഹിനിയാട്ടം പെണ്‍കുട്ടി പോവാന്‍ കാത്തുനിന്നു. ഫ്രെയ്മില്‍ വേറെയാരും അരുത്. ഇനിയാവാം. പറഞ്ഞ നേരത്ത് ക്ലിക്ക് ചെയ്തു കേട്ടു. ക്യാമറ കൈയില്‍ത്തന്നു. തേരാളിയുടെ ചിത്രങ്ങങ്ങള്‍ക്കുമുണ്ട് ഫിനിഷിംഗ്. കൊള്ളാം.

പുഴ കടന്നു. വാണിയംകുളത്ത് നിന്ന് കോതകുര്‍ശിക്ക് വച്ചടിച്ചു. അനങ്ങനടിയിലെ നെടുങ്കന്‍ പാറ കാണായി — പീഠം കയറിനിന്ന് അമര്‍ന്നാടുന്ന വേഷം കണക്കെ.  പിന്നെ, കുന്നുകള്‍ തിരശീല പിടിച്ച പരന്ന പാടങ്ങള്‍.

കൊയ്ത്ത് കഴിഞ്ഞിരിക്കുന്നു മിക്കവാറും കണ്ടങ്ങളില്‍. ഇതുപോലൊരു വയല്‍ച്ചീള് കടന്നാണ് ആദ്യം രാമുട്ട്യാശാന്‍റെ വീട്ടില്‍ പോയിട്ടുള്ളത്. 1994ല്‍. വരമ്പുകള്‍ ഒരിടത്ത് നേര്‍ത്തൊരു തോട്ടില്‍ ചെന്ന് തട്ടി. ചാലിന്റെ ഒഴുക്കേ ഉള്ളൂ. ഇറങ്ങി അക്കരെ പറ്റാം എന്നുറപ്പിച്ചു. (വേറെ മാര്‍ഗമുണ്ടെന്നല്ല.) വെള്ളത്തിലേക്ക് കാലുകുത്തിയതും മുന്നില്‍ ഒരിളക്കം. ചെന്ന് കയറേണ്ടിടത്ത് ഒരു പാമ്പ്‌. പകച്ചു. തലമുതല്‍ മുട്ടിനുകീഴ്പോട്ടു തണുത്ത അലകള്‍ കയറിയിറങ്ങി. അത് ഇഴഞ്ഞുപോവും വരെ കാത്തു. ഇനിയും വേറെയില്ലല്ലോ എന്നുറപ്പുവരുത്തി അപ്പുറത്തേക്ക് കയറി.

വീട്ടുവളപ്പിലെ തെങ്ങിന്‍തലപ്പുകളുടെ തണല്‍ കടന്ന് ആശാന്‍ന്റെ മുറ്റത്തെത്തി. ചവിട്ടുപടി കയറി ഇറയത്തുനിന്ന് ഉമ്മറത്തേക്ക് നോക്കി. ഉള്ളില്‍ ഇരിപ്പുണ്ട്. ചെറുതായി തല ഉയര്‍ത്തി ചോദ്യം: “ആരാ?” തിരനോക്കുനേരത്ത് ചെറുതായി പല്ലുകണ്ടത് പോലെയേ തോന്നൂ — മുഖത്ത് വിശേഷിച്ച് ഭാവമൊന്നുമില്ല. സദനത്തിലെ പുതിയ ജോലിക്കാരന്‍ ആണെന്നും സ്ഥാപകന്‍ കെ കുമാരന്‍ അയച്ചതാണെന്നും ഉണര്‍ത്തിച്ചു. ഊം… എന്ന് കനത്തില്‍ മൂളിക്കേട്ടു. എന്നിട്ട് പുറത്തേക്ക് കണ്ണുപായിച്ച് പറഞ്ഞു: “അങ്ങട്ട് പൂമ്വോത്തക്കിരിക്ക്വോ…” രാവണന്‍റെ ആജ്ഞ കേട്ട ദൂതനെക്കണക്ക് അനുസരിച്ചു. മുളക്കീര്‍ത്തട്ടിക വെയില്‍വരകള്‍ കുറിച്ച തിണ്ണയുടെ അടുത്തു ചെന്ന് പരുങ്ങി. കാലു കഴയ്ക്കുന്നു. ഒന്ന് മുട്ടുകള്‍ മടക്കിയാലോ? ഇരിക്കാന്‍ ഭാവിച്ചതും ആശാന്‍റെ കാല്‍പ്പെരുമാറ്റം കേട്ടു. “ഏയ്… അവടച്ചൂടാ…. ഇങ്ങട്ടീര്യ്ക്കാം…” കസേരകള്‍ ഉള്ള ഭാഗത്തേക്ക് മുദ്രകാട്ടി.

“യെന്താ പേര്?” മറുപടി കേട്ടപ്പോള്‍ ആശാന്‍ പറഞ്ഞു: “അല്ല… കണ്ട്ര്ള്ള മാദിരില്യാ…” കളിസ്ഥലങ്ങളില്‍ കാണുമ്പോള്‍ സംസാരിക്കുന്നതുകൊണ്ട് ഏതു സാഹചര്യത്തിലും പരിചയം തോന്നും എന്ന് ഉറപ്പിച്ചുകൂടെന്ന് അറിഞ്ഞുതുടങ്ങിയിരുന്നു; ശബ്ദം താഴ്ത്തി ചിരിച്ചതല്ലാതെ തിരിച്ചൊന്നും പറഞ്ഞില്ല. “ഏ… പിന്നെ, ങ്ങനൊരാള് ആപ്പീസില് ചേര്‍ന്ന്ര്ള്ളത് കുമാരേട്ടന്‍ അറിയിച്ചതൂല്യാക്ക്യാ….” സദനത്തിന്‍റെ ചെയര്‍മാന്‍ ആണ് രാമന്‍കുട്ടി നായര്‍ എന്ന് അത്രയും നേരത്തിനിടെ അപ്പോഴേ ഓടിയുള്ളൂ.

അഭിമുഖം ഇരുന്നപ്പോഴേക്കും നല്ലവണ്ണം പ്രസാദവാന്‍ ആയിക്കഴിഞ്ഞിരുന്നു ആശാന്‍. വന്ന കാര്യം അറിയിച്ചു. കിരീടം വച്ചിട്ടുണ്ടെന്ന് തോന്നും തലയിളക്കുന്നതിലെ പിശുക്ക് കണ്ടാല്‍. അത് കാര്യമാക്കിയില്ല; വേറെയും ഓരോന്ന് വെറുതെ പറഞ്ഞിരുന്നു. വയലില്‍ കുറച്ചുമുമ്പ് ഇഴജാതിയെ കണ്ടതുപോലും. എന്തോ വലിയ സാഹസം ജയിച്ചതുപോലെയാണ് ആ കഥ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. ആശാന്റെ മറുപടി ‘രാജസൂയ’ത്തിലെ ശിശുപാലന്‍ കണക്കെ നിസ്സാരവല്‍ക്കരിക്കുന്ന മട്ടിലായിരുന്നു: “ഏയ്…. അദ് പാവം…. ചേര്യാവാനെ തരള്ളൂ…. അയ്ന്റെ പാട്ടിനു പൊയ്ക്കൊള്ളും….”

കുറച്ച് നേരം നിശബ്ദത.  “ചായ്യാവാം, ന്താ?” എന്ന് ആശാന്‍. ചുമല്‍ ഇടത്തോട്ട് പാതി ചെരിച്ച് പത്നിയെ വിളിച്ചു.

“ഇവ്ട്ന്ന് റെയ്റ്റല്ലേ തിരിയ്യാ?” ഫിനീഷിന്‍റെ ചോദ്യമാണ്. ചെര്‍പ്ലശ്ശേരി മുക്കവല എത്തിയിരിക്കുന്നു. അതേ, വേഗം പോട്ടേ…. “ങ്ഹാ, ഇനിയ്ക്കോര്‍മിണ്ട്…”

ചില്ലറയല്ലാത്ത കയറ്റിറക്കങ്ങള്‍. പിന്നീടും. എങ്കിലും ആശാന്‍ന്റെ അടുത്തെത്താന്‍ മുന്നത്തെ പോലെയൊന്നും ബുദ്ധിമുട്ടില്ല. ടാറിട്ട പാത ലേശം വിട്ട് കല്ലന്‍ ഇടവഴിയൊടുവില്‍ കാര്‍ ഇറങ്ങിയാല്‍ വീടിന്‍റെ ഒരു വശമായി. ഓടുമേഞ്ഞ ഇരുനില മാളികക്ക് മാറ്റമൊന്നും തോന്നുന്നില്ല. ആളൊഴിഞ്ഞ സായാഹ്നമുറ്റം. ശ്രീരാമാസ്വാമിയെ ഭജിച്ചിരിക്കുന്ന വെള്ളത്താടിവേഷം പോലെ ധ്യാനത്തില്‍.

യാത്രക്ക് ഏറെക്കുറെ ഒരുങ്ങിയിരിക്കുന്ന ആശാനെ പ്രതീക്ഷിച്ചാണ് ഉമ്മറത്തേക്ക് എത്തിനോക്കിയത്. നല്ല ഉറക്കം! മൂത്ത മകന്‍ നാരായണന്‍ കുട്ടി വന്ന് നയത്തില്‍ ഉണര്‍ത്തി. “അച്ഛാ, ഗോപ്യേട്ടന്റോടക്ക് കൊണ്ടുവാന്‍ ആള് വന്നണ്ണു…”

‘ഉത്ഭവ’ത്തിലെ കുട്ടിരാവണന്‍ അമ്മയുടെ മടിയില്‍നിന്നെന്ന പോലെ ആശാന്‍ വളരെ സാവധാനം എഴുന്നേറ്റു. വാതുറക്കാതെ എന്ന മട്ടില്‍ കോട്ടുവായിട്ടു. എന്നെ നോക്കി. പരിചയഭാവം കാട്ടി. “അപ്പൊ കൊണ്ടുവണം ന്ന് ഒര്‍പ്പിച്ചു, ല്ലേ….” എന്ന് ചോദിച്ചു. മുണ്ടിന്‍റെ മടി ഇടത്തോട്ട് ഒന്നുകൂടി കയറ്റി വലത്തെ കുത്ത് ഉള്ളിലേക്ക് ലാഘവത്തില്‍ തിരുകി അകത്തെ മുറിയിലേക്ക് നടന്നു. പിന്നാലെ തിരശീല പിടിക്കണം എന്ന് തോന്നി.

“താന്‍പ്പോ യെവട്യടോ?” നാരായണന്‍കുട്ടിയേട്ടന്‍റെ ചോദ്യം. പത്തുപതിനഞ്ചു വര്‍ഷം മുമ്പൊക്കെ അദ്ദേഹം എറണാകുളത്ത് ജോലി ചെയ്യുമ്പോള്‍ ഷൊര്‍ണൂര്‍ പാസഞ്ചര്‍ വണ്ടിയില്‍ വല്ലപ്പോഴും കണ്ടുപെടാറുണ്ട്. സ്വതന്ത്രമായി ഉമ്മറത്താവാം ഈ വെടിവട്ടം. എങ്കിലും ഏട്ടനോട് പറഞ്ഞു: “നമുക്ക് പുമുഖത്തേക്ക് ഇരുന്നാലോ…”

ഫിനീഷിനടക്കം ചായ വന്നു. “കുട്ട്യേ കണ്ടൊരോര്‍മ തോന്ന്ണ്‍ണ്ട്….” കോപ്പക്ക്‌ കൈനീട്ടുമ്പോള്‍ സരസ്വതി എന്ന അമ്മ പറഞ്ഞു. “പ്പോ നാട്ട് ലൊന്നും ല്യാ, വ്വോ?”

മുമ്പ് ആശാന്റെ വീട്ടില്‍ വന്നിരുന്ന കാലത്ത് നാരായണന്‍കുട്ടിയേട്ടന്റെ കുരുന്നുമകന്‍ കോലായില്‍ കളിച്ചിരിക്കുന്നത് കാണാറുണ്ട്‌ . “ഇവന്റെ അച്ഛനോ?” എന്ന് സരസ്വതിയമ്മയോട് ചോദിച്ചപ്പോള്‍, “ഹേയ്, പതുക്കെ… കുട്ടി കേക്കണ്ടാ” എന്ന അര്‍ത്ഥത്തില്‍ ആശാന്‍ അപ്പുറത്തിരുന്ന് കൈയും കലാശവും കാട്ടി. (“അതോര്‍മിപ്പിച്ചാ നെലോള്‍യ്ക്കും. പിന്നെ ശനിയാഴ്ച അച്ഛന്‍ വരുന്ന വരെ… യീ കരച്ചിലെന്ന്യാവും…” എന്ന് പിന്നീട് സ്വകാര്യവും പറഞ്ഞു.)

“മകനിപ്പോള്‍ എവിടെയാണ്?” തിരിച്ച് ചോദിക്കാന്‍ എനിക്കും കിട്ടി വിഷയം.

അങ്ങനെ കുറച്ചധികം നേരം തുടര്‍ന്നു പഞ്ചായത്ത്. ആശാന്‍ വരാന്‍ വൈകുന്നുവോ എന്ന് ശങ്കിച്ചു; എങ്കിലും പുറത്തുകാട്ടിയില്ല. ഉടുത്തുകെട്ടും പടിയരഞ്ഞാണവും അല്ലെങ്കിലും ഡബിള്‍മുണ്ടും വീതിബെല്‍ട്ടും കെട്ടാനും വേണമല്ലോ നേരം.

എന്നിരിക്കിലും…

ഒടുവില്‍ കാരണവര്‍ വരവായി. ഏകതാളത്തില്‍ അരയടി എന്നകണക്കെ കാല്‍വച്ച്. ചേങ്ങില മേടാന്‍ ആരില്ലെങ്കിലെന്ത് എന്ന മട്ടില്‍ തലയുയര്‍ത്തിപ്പിടിച്ച്. നെറ്റിയിലെ ഉണ്ടച്ചുട്ടി പോട്ടേ, പകരം തങ്കനിറത്തില്‍ ഫ്രെയിമുള്ള കണ്ണട. കഴുത്തിനു കീഴെ വെളുത്ത നീളന്‍ കുപ്പായം. വെടിപ്പന്‍ ഇസ്തിരി. സ്വര്‍ണ്ണ ചെയിന്‍. പദ്മഭൂഷണ്‍ പതക്കം. കഞ്ഞിപ്പശയുടെ പത്രാസുള്ള മുണ്ട്. പുറത്തുകടന്ന് തുകല്‍ച്ചെരിപ്പിട്ടു. മടമ്പടിക്കാന്‍ ഭാവമില്ലെന്നുറപ്പിച്ച് തിരിഞ്ഞു. ഭാര്യയെയും മകനെയും കണ്ണിന്റെ കോണിലൂടെ ഒരുനിമിഷം നോക്കി. അത് യാത്രപറഞ്ഞതാണ് എന്ന് അവര്‍ക്ക് മനസ്സിലായി.

മുന്നിലിരുന്നാല്‍ സീറ്റ് പിന്നാക്കം നീക്കാമെന്നും അപ്പോള്‍ കാല്‍ വെക്കാന്‍ ഇടം കൂടുതല്‍ കിട്ടുമെന്നും ഫിനീഷ് അറിയിച്ചു. മാത്രമല്ല ചാരിക്കുഷ്യന്‍ ചെരിച്ചാല്‍ ഇരിപ്പ് ഒന്നുകൂടി സുഖമാക്കാം. “ഓ,” എന്നുമാത്രം ശബ്ദിച്ച് ആശാന്‍ മുന്നിലെ വാതില്‍ക്കല്‍ എത്തി. നേരെ നോക്കിയിരുന്നു. എയര്‍ കണ്ടീഷണര്‍ ഓണ്‍ ചെയ്തപ്പോള്‍ നാലുപുറത്തെയും കതകുചില്ലുകള്‍ പൊന്തി. വണ്ടി സ്റ്റാര്‍ട്ടായി. പിന്നിലെ സീറ്റില്‍ വലതു വശത്തിരുന്ന് ഞാന്‍ പുറകിലെ രണ്ട് ആഥിതേയര്‍ക്ക് ടാറ്റാ കാട്ടി. അവര്‍ തിരിച്ച് കൈകാണിച്ചത് എനിക്കാവാനും മതി എന്ന് നിരൂപിച്ചു.

മുമ്പൊക്കെ ആശാനെ ഇങ്ങനെ വാഹനത്തില്‍ കൊണ്ടുപോവാറുള്ളത് സദനത്തിലെ ജീപ്പില്‍ ആയിരുന്നു. കട-കട ശബ്ദമുണ്ടാക്കിയിരുന്ന ആ ശകടത്തില്‍ ഇരിക്കുമ്പോള്‍ ആശാന്‍ ഒരിക്കല്‍ ഡ്രൈവറെ നോക്കി നേരമ്പോക്ക് പറഞ്ഞു: “യെന്താ… അമ്പത്തിമൂന്ന് മോഡലാണേയ്…” (1953ല്‍ ആണ് സദനം തുടങ്ങിയത് എന്ന് പിന്നീട് ആരോ പറഞ്ഞ് മനസ്സിലാക്കി.) അന്നേനാള്‍ ആശാന്‍ മൊത്തത്തില്‍ തമാശ മട്ടായിരുന്നു. ആയിടെ അദ്ദേഹത്തെ കുറിച്ച് കലാമണ്ഡലത്തിലെ പഴയ സഹപ്രവര്‍ത്തകന്‍ വി. കലാധരന്‍ എഴുതിയ നിരൂപണം ഒരു മലയാള വാരികയില്‍ വായിച്ചുവോ എന്ന് ചോദിച്ചു. “ദോഷൊന്നൂല്യ….” എന്ന് മറുപടി. “പിന്നെപ്പൊ, ആ… അയള് യെന്തെഴ്ത്യാലും ആര്‍ക്കും മുഴോന്‍ മനസ്സ്ലാവ് ല്ല്യായ്ക്ക്യാ…”

ഇതിപ്പോള്‍ അന്നത്തെ മൂഡ്‌ അല്ല. നേരെനോക്കി ഒരേയിരിപ്പാണ്. എന്തെങ്കിലും ചോദിച്ചാലോ എന്ന് വിച്ചാരിച്ചു. “ഉറക്കം മുറിഞ്ഞു, ലെ?”

“അത് സാരല്യ,” എന്ന് ആശാന്‍. “വെളുപ്പിന് നേര്‍ത്ത ഒണരും. കലാമണ്ഡലത്ത്ന്ന്ള്ള ശീലാ. പക്ഷെ, ണീയ്കല് സ്വതേല്യാ. തിരിഞ്ഞും മറിഞ്ഞും വെളിച്ചാക്കും. അദ്ന്റൊരു ക്ഷീണം ഉച്ചാമ്പോ… അത്രേള്ളൂ…. “

പിന്നെ കുറെ നേരം ആരും മിണ്ടിയില്ല.

ഫിനീഷ് ഓട്ടുന്നത് അതീവ വേഗത്തിലാണ്. ചെറുതുരുത്തി പാലം കടന്നപ്പോള്‍ ആണ് ആ സൂത്രം തോന്നിയത്. കലാമണ്ഡലം അകലെയല്ല. തന്നെ താനാക്കിയ സ്ഥാപനം കാണുമ്പോള്‍ ആശാനില്‍ വല്ല അനക്കവും ഉണ്ടാവുമോ? ഇതൊന്നു പകര്‍ത്തണം. ചിത്രത്തില്‍ . (എന്തൊക്കെയായാലും ഇന്നൊരു പത്രക്കാരനാണല്ലോ.) ക്യാമറ പുറത്തെടുത്തു. മുന്നിലെ രണ്ട് സീറ്റുകളുടെ വിടവിലൂടെ ആശാന്‍ന്റെ മുഖം ഫോക്കസ്സില്‍ വരുത്തി. കാവിമതില്‍ കണ്ടുതുടങ്ങിയതോടെ തുരുതുരെ ക്ലിക്ക് ചെയ്യാന്‍ തുടങ്ങി. അതിലധികം തിടുക്കത്തില്‍ ഫിനീഷ് വണ്ടി പറപ്പിച്ചു.

എല്ലാം പെട്ടെന്നായിരുന്നു. ഫ്രെയിമുകള്‍ പിന്നാക്കം പായിച്ചു. ചിലത് ചിന്നിയ പടങ്ങള്‍, വേറെ ചിലവയില്‍ ആശാനാണെന്ന് ഉറപ്പിക്കാന്‍ പറ്റാത്ത ആങ്കിള്‍, ഇനിയും ചിലവയില്‍ കലാമണ്ഡലമാണ് മുന്നില്‍ എന്നതിന് തെളിവില്ലാതെയും. ആഹ! ഒടുവില്‍ ഒന്ന് കണ്ടു. ഇതില്‍ ആശാനുമുണ്ട്, കാറുമുണ്ട്, അതിന്‍റെ പാച്ചിലിന്‍റെ ലക്ഷണമെന്ന വണ്ണം ചെറുതായി ഷെയ്ക്കുള്ള ‘കേരള കലാമണ്ഡലം’ എന്ന ബോര്‍ഡും. ആശാന്‍ നോക്കുന്നതും അങ്ങോട്ടുതന്നെ.

മതി, ധാരാളമായി.

മുണ്ടൂര്‍ പേരാമംഗലം വേദിയില്‍ ചടങ്ങ് ആരംഭിച്ചിരുന്നു. രാമന്‍കുട്ടി നായരാശാനെ പേറിയ വാഹനം വന്നെത്തിയതും, പ്രസംഗം തല്‍ക്കാലം നിന്നു. കാണികള്‍ ഒന്നടങ്കം എഴുന്നേറ്റു. രഘുരാജും ഏട്ടന്‍ ജയരാജും വന്ദ്യവയോധികന് പുറത്തേക്കെഴുന്നള്ളാന്‍ കതക് തുറന്നു. ഇരു ഭാഗത്തുനിന്നും കൈ പിടിച്ചാനയിച്ചു. അരങ്ങില്‍ കയറിയതും ഗോപിയാശാന്‍ ഗുരുവര്യന്‍റെ കാല്‍ക്കല്‍ സാഷ്ടാംഗം വീണ് പ്രണമിച്ചു…

അരങ്ങിലെ ഇരിപ്പിടങ്ങളിലൊന്നില്‍  കലാധാരനും ഉണ്ട്. പ്രസംഗ പരമ്പരക്കൊടുവില്‍ ഗോപിയാശാനും സംസാരിച്ചു. തലേന്നാള്‍ രാത്രി നാട്ടിലെ ചെറുപ്പക്കാര്‍ ഈ പറമ്പിലെ പൊന്ത എങ്ങനെ മിനക്കെട്ടാണ് വൃത്തിയാക്കിയത് എന്ന് പറഞ്ഞിടത്ത് തൊണ്ടയിടറി, കണ്ണില്‍ വെള്ളം നിറഞ്ഞു, വര്‍ത്തമാനം നാലുനിമിഷം നിലച്ചു. രാമുട്ട്യാശാന്‍ അതത്രയും അചഞ്ചലനായി കണ്ടിരുന്നു — കദളീവനത്തില്‍ അനുജന്‍ ഭീമന്റെ വികാരവിക്ഷോഭങ്ങള്‍ വീക്ഷിക്കുന്ന മൂത്ത വായുപുത്രനെപ്പോലെ.

മീറ്റിംഗ് കഴിഞ്ഞു. ‘മല്ലയുദ്ധ’വും തുടര്‍ന്ന് ‘ദുര്യോധനവധ’വും നന്നായി. രൌദ്രഭീമനായി ഉറഞ്ഞാടിയ ഗോപിയാശാനെ വീട്ടുമുറ്റത്ത് കളിചിരിയായി കണ്ടു. കളിക്ക് വന്നവര്‍ക്കൊക്കെ സദ്യ. വിഭവങ്ങള്‍ കഴിഞ്ഞുതുടങ്ങിയിരിക്കുന്നു. എങ്കിലും ഊണിന് ഇരുന്നു. ദുര്യോധനന്‍ കെട്ടിയ കലാമണ്ഡലം കൃഷ്ണകുമാറും ശ്രീകൃഷ്ണവേഷമിട്ട സദനം ഭാസിയും അരങ്ങിലെ വൈരം മറന്ന് രസവും പപ്പടവും വിളമ്പി.

രാമന്‍കുട്ടി നായരാശാന്‍ കളിക്ക് മുമ്പേ മടങ്ങിപ്പോയിരുന്നു. അന്നത്തെ മൊത്തം അനുഭവം എന്നെങ്കിലും അച്ചടിച്ച് വരുത്തണം എന്ന് അന്നുറപ്പിച്ചു.

മൂന്നു മാസത്തിനകം ആശാന്റെ ശതാഭിഷേകം വന്നെത്തി. വളരെ മനസ്സിരുത്തി ഒരു ഫീച്ചറിന്റെ ഡ്രാഫ്റ്റ് തയ്യാറാക്കി. പട്ടിക്കാംതൊടി രാവുണ്ണി മേനോനെ സ്മരിച്ച്  മണിക്കൂറുകളോളം വരികള്‍ തേച്ചുമിനുക്കി. ആശാന്റെ പ്രഭാവത്തിന്‍ന്റെ കണികയെങ്കിലും എഴുത്തില്‍ വരുത്തണമെന്ന് വാശിവച്ചു. മതിയാവുവോളം മോടി പിടിപ്പിച്ചു. ആര്‍ട്ട്‌ പേജിലേക്കായി സ്ലോട്ട് ചെയ്തു.

അപ്പോഴുണ്ടൊരു പൊല്ലാപ്പ്. അപ്രതീക്ഷിതമായിരുന്നു. എഡിറ്റര്‍ ആദിത്യ സിന്‍ഹയുടെ ഇമെയില്‍: “This Sunday’s art page will have Sumati Mehrishi’s write-up as the main story on the arts page. Attached herewith is her story on Advaita, a fusion band in Delhi.” മനസ്സില്‍ കാടന്‍ ഡ്രം നിരകളായി ഉറഞ്ഞുകൊട്ടി. സട്രോബ് ലൈറ്റുകള്‍ ഇടിത്തീ വീഴ്ത്തി. “പരിഭ്രമിച്ചിട്ടു കാര്യമില്ല. അധികാരമുണ്ടെങ്കില്‍ ഉപയോഗിക്കാനും അറിയണം,” സഹപ്രവര്‍ത്തകന്‍ സാജു മാധവന്‍കുട്ടി പറഞ്ഞു. രണ്ടും കല്‍പ്പിച്ച് മറുപടി എഴുതി: “Dear Aditya, One of the world’s finest actor-dancers is hitting a milestone in his life. I’ve already prepared a piece on Kathakali exponent Kalamandalam Ramankutty Nair, who is turning 84 soon. If you won’t mind, let’s move the Advaita piece next week.”

ഓക്കെ, എന്ന് മറുപടി. ഹാവൂ!

പേപ്പര്‍ ഇറങ്ങേണ്ട ഞായറാഴ്ച വേറെ ചതി പറ്റി. എക്സ്പ്രസ്സിലെ കൊച്ചി യൂണിറ്റില്‍ പൊട്ടിപ്പുറപ്പെട്ട തൊഴിലാളി സമരം മൂലം മലബാറില്‍ പലയിടത്തും പത്രം ഇറങ്ങിയില്ല. വെള്ളിനേഴി അങ്ങാടിയില്‍ അല്ലെങ്കില്‍ത്തന്നെ ‘എക്സ്പ്രസ്സ്‌’ വിറ്റുപോവാറുണ്ടോ? നിശ്ചയം പോര.

അതെന്തോ, മദിരാശിയില്‍നിന്ന് കുടുംബസമേതം വണ്ടികയറി. വീണ്ടും ചെര്‍പ്ലശ്ശേരിയില്‍.

പിറന്നാളിന് തലേദിവസം ഹാളില്‍ തിരക്കിനിടെ നാരായണന്‍കുട്ടിയേട്ടനെ കണ്ടു. അദ്ദേഹത്തിന്‍റെ അനുജന്‍ അപ്പുക്കുട്ടനേയും. ലോഹ്യം പറഞ്ഞു. കൂട്ടത്തില്‍ കാര്യം ചോദിച്ചു. സംശയിച്ചത് ശരിതന്നെ — ലേഖനം കണ്ടിട്ടില്ല എന്ന് ഇരുവരും അറിയിച്ചു. കൈയില്‍ കരുതിയിരുന്ന കോപ്പി ഉടന്‍ സമ്മാനിച്ചു.

സംഗതി വായിക്കുമ്പോള്‍ നാരായണന്‍കുട്ടിയേട്ടന് ആ വര്‍ഷം ആദ്യം വെള്ളിനേഴി വീട്ടില്‍ കണ്ടുമുട്ടിയപ്പോള്‍ ഉണ്ടായ ചില രംഗങ്ങള്‍ ഓര്‍മ വരട്ടെ എന്ന് നിശബ്ദമായി ആശംസിച്ചു — പ്രത്യേകിച്ച് ആദ്യത്തെയും ഒടുവിലത്തെയും ഈരണ്ടു വീതം ഖണ്ഡികകള്‍.

പത്രക്കോപ്പി ഉത്തരകേരളത്തില്‍ മിക്കവാറുമിടത്ത് പോയില്ലെങ്കിലും, കഥാനായകന്റെ പക്കല്‍ കൈയാലെ എത്തിക്കാന്‍ സാധിച്ചല്ലോ. അതില്‍ തൃപ്തിപ്പെടുക എന്ന് ഉള്ളാലെ മന്ത്രിച്ചു.

ഹാളിന് പുറത്തേക്ക് ഇറങ്ങി.

മുറ്റത്തെ മരത്തിന്റെ തറയില്‍ ഇപ്പോള്‍ തിരക്കില്ല. സ്വസ്ഥമായി ഇരുന്നു. പക്കല്‍ വേറെ സൂക്ഷിച്ചിരുന്ന PDF പ്രിന്റൌട്ട് പുറത്തെടുത്തു. അതിലേക്ക് കണ്ണുകള്‍ വീണ്ടുമാഴ്ത്തി.

Unhurried Moves The Master

The eyes blink open more than a couple of hours before the sun rises. It’s by force of an old habit, and the octogenarian knows it. Then, turning sideways on the creaking wooden cot in his tile-roof house, Kalamandalam Ramankutty Nair would slip into a reverie, letting himself to be overtaken by memories of a youthful past when his days used to start at 4 am. That had been his routine for the over 40 years he spent in his alma mater, Kerala Kalamandalam, from where he eventually retired as the principal almost a quarter century ago.

“I can’t sleep after 4 o’clock even now. Only that I don’t get up till the break of dawn,” shrugs the reticent Ramankutty Nair, sitting in the threshold of his home in Vellinezhi a verdant central Kerala village synonymous with his art: Kathakali. Age has only chastened him; the maestro hasn’t signed off. Even on his 84th birthday this May 15, he’s playing the lead role in one of the weightiest of the story-plays in the classical dance-drama.

For long, his mastery in handling scenes laden with slow, straitjacketed choreography something that would work as clueless corridors for many is what has led Ramankutty Nair to Kathakali’s hall of fame. Creditably, he is at ease with breezy roles where the characters are less godly and can afford to be witty.

The dual role

It will be amusing today to trail down the gay abandon path that fetched him popularity as an upstart, given the subsequent transformation of Ramankutty Nair’s profile as an ultra-serious actor-dancer. The very man who now wears a badge of conservatism almost as a brand image had initially risen to reckoning by performing a key Kathakali character with a revolutionary costume makeover that has stayed with the dance-drama till date. Young Ramankutty’s energy-packed presentation of Parasurama in realistic make-up and dress edged out the stylised yellow-glow garb that used to represent the ill-tempered sage on stage. Such was the success of the bold 1940s experimentation a brainchild of Kalamandalam co-founder and late poet Vallathol that it earned the artiste a nice portmanteau: Parasuramankutty Nair.

The body power with which he set the stage on fire has since been his forte even as Ramankutty Nair gradually began settling for roles that demanded disciplined movements than unfettered action. As his handsome-looking contemporaries and pupils lent Kathakali a touch of heroic glamour than ever before, Ramankutty Nair excelled in an equally challenging niche that of anti-heroes.

It isn’t that he brought in an anti-hero cult. Long before Ramankutty Nair, his art had let characters like Ravana, Narakasura and Duryodhana rule the centre-stage while the divine Brahma and Vishnu would don petty roles to perfunctorily finish off the story. Yet, scholars note that Ramankutty Nair has given the anti-heroes a new benchmark and that his presentation of the wily Keechaka and Shishupala has had no parallels even in his Kalluvazhi style that boasts of restraint in every aspect of theatrics.

Transborder acceptance

Easily, Hanuman has been one character that has won Ramankutty Nair equal measure of hospitality in Kerala’s north and south. The downstate Travancore belt has a more characterisation-focused, realism-tinged and dramatically charged approach to Kathakali one that is virtually an anti-thesis of Ramankutty Nair’s no-jerks style modelled on his late guru Pattikkamthodi Ravunni Menon. Yet the master’s portrayal of the monkey god with a blend of uncompromising regimen and comic relief has won him audiences across the two geographical boundaries, not to speak of those outside Kerala or India.

Be it the more racy characters like the hunter or the histrionics-demanding Brahmin, Ramankutty Nair banks on his biggest asset: crisp hand gestures and optimal flexing of the torso and legs with minimal use of space. While the cute technique has found him a huge fan following, the Padma Bhushan awardee has always had his share of critics who snub his lack of power to emote or improvise instantaneously. The censure aggravates when it comes to his essaying soft heroes like Nala or Rukmangada. Nevertheless, many hold in high regard Ramankutty Nair’s textbook-precision handling of similar-category green-painted characters like Dharmaputrar, Bhima and Arjuna in certain slow-tempo plays. There, again, it’s the body not the visage that aids him.

But, off the stage too, Ramankutty Nair seldom betrays emotion. None has quite seen tears well up in his eyes or his lips broaden in a loud cackle. Many mistake his apparent indifference for arrogance. A brief conversation, though, can change the perception.

At the verandah of his house, Ramankutty Nair says he has a function to chair that evening. It takes a while for him to dress up and come out. The juba is neatly buttoned, and the mundu around his waist is well starched and ironed. The master takes out the spectacles and wipes it with the kerchief. It’s an elaborate ritual. Then he nods at his wife — it’s a mere half-inch sway of the head with a faint streak of smile. Next he turns and moves towards the organisers’ car — in measured, stately steps. Even when it isn’t up to the stage he is walking, one feels Ramankutty Nair is going to perform.


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder