ഒരു കഥകളി യാത്രയുടെ ഓർമ്മ

ഓർമ്മയിലെ കളി അരങ്ങുകൾ – ഭാഗം 2

വി. പി. നാരായണൻ നമ്പൂതിരി

June 28, 2012 

വർഷം 1975-76. കളി കണ്ട ഓർമ്മയല്ല. കളി കാണാൻ ഉള്ള യാത്രയാണ്‌ ഓർമ്മയിൽ.

വൈക്കത്ത്‌ അടുത്ത്‌ വെള്ളൂർ (കേരള ന്യൂസ്‌ പ്രിന്റ്‌ ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം) എന്ന സ്ഥലത്തോട്‌ ചേർന്ന്‌ തോന്നല്ലുർ എന്നൊരു ഗ്രാമം. അവിടെ ആക്യക്കാവ്‌ എന്ന ക്ഷേത്രത്തിൽ കളിയുണ്ട്‌ എന്ന്‌ കേട്ട്‌ ഒരു സുഹൃത്തിനോടൊപ്പം യാത്ര തുടങ്ങി. എന്റെ സ്ഥലത്ത്‌ നിന്നും ഏതാണ്ട്‌ 15-16 km ദൂരമുണ്ട്‌.. എനിക്കാണെങ്കിൽ അച്ഛൻ സ്ഥലത്തില്ലാത്തതിനാൽ പകരം ശാന്തിക്ക്‌ പോകണം. രാത്രി അത്താഴപൂജ കഴിഞ്ഞാണ്‌ യാത്ര. വെളുപ്പിനെ നാലര മണി ആവുമ്പോഴേക്കും ക്ഷേത്രത്തിൽ തിരിച്ചു ശാന്തിക്ക്‌ എത്തണം. ആ കാലത്ത്‌ സന്ധ്യ കഴിഞ്ഞാൽ ഈ പറഞ്ഞ സ്ഥലത്തിനടുത്തേക്ക്‌ വാഹന സൗകര്യം ഇല്ല. ഫലത്തിൽ ഈ ദൂരം മുഴുവൻ നടക്കുകയാണ്‌. എങ്കിലും പോവാൻ തീരുമാനിച്ചു.

ഏതാണ്ട്‌ പകുതി വഴി പിന്നിട്ടപ്പോൾ തുടർന്ന്‌ ഒരു പൂഴിയിട്ട നാട്ടുവഴിയാണ്‌ വെളിച്ചം തീരെയില്ല. അങ്ങിങ്ങ്‌ അകലെയായി ചില വീടുകളിലെ വിളക്കിന്റെ ചെറിയ വെളിച്ചം മാത്രം (ആദ്യമായാണ്‌ ഞാനും സുഹൃത്തും ഈ വഴി യാത്ര ചെയ്യുന്നത്‌).

കുറച്ചു ദൂരം ചെന്നപ്പോൾ ഞങ്ങൾ ആകെ പരിഭ്രമിച്ചു. ദൂരെ നിന്നും ഒരു തീ ഗോളം പോലെ എന്തോ വളരെ വേഗത്തിൽ പറന്നു വരുന്നത്‌ പോലെ. ഭയപ്പെട്ടില്ല എന്ന്‌ പറഞ്ഞാൽ തികഞ്ഞ അസത്യമാകും. എവിടേക്കും പോകാനാവാതെ മുൻപോട്ടു നടന്നു. അതാ അതടുത്തെത്തി. മറ്റൊന്നുമല്ല. രണ്ടു പേർ സൈക്കിളിൽ വരുകയാണ്‌. വെളിച്ചത്തിന്‌ വേണ്ടി പിന്നിലിരിക്കുന്ന ആൾ ചൂട്ടു കത്തിച്ചു പിടിച്ചിരിക്കുകയാണ്‌. ജീവിതത്തിൽ ഏറ്റവും അധികം ഇളിഭ്യനായതും പോട്ടിച്ചിരിച്ചതുമായ ഒരു സന്ദർഭം എങ്ങിനെ മറക്കാൻ.

റെയിൽവേ ലൈനിന്റെ സമീപം തന്നെയാണ്‌ കളി സ്ഥലം. തീവണ്ടിയുടെ ചൂളം വിളി കേൾക്കുന്നു. എങ്ങിനെ പാലം കടക്കും എന്ന ചിന്ത പേടിപ്പെടുത്തുന്നു.

നടന്നു വെള്ളൂർ എത്തി. അവിടെ നദിക്കു മുകളിലൂടെ ഒരു റെയിൽവേ പാലമുണ്ട്‌. കാൽ നടക്കാർക്ക്‌ നടക്കാൻ പ്രത്യേകമായി ഒന്നുമില്ല. ഇടവിട്ട്‌ കൈവരിയിട്ട കൂടുപോലെ ഓരോന്നുണ്ട്‌. ട്രാക്കിന്‌ നടുക്കുകൂടി നീളത്തിൽ പലക പോലെ സ്റ്റീൽ പ്ലേറ്റ്‌ പിടിപ്പിച്ചിട്ടുണ്ട്‌. അതിലൂടെ വേണം നടക്കാൻ. പാലത്തിൽ കയറി അൽപ്പം നടന്നപ്പോൾ ആണ്‌ അപകടം തിരിച്ചറിഞ്ഞത്‌. സ്റ്റീൽ പ്ലേറ്റ്‌ പലഭാഗത്തും പഴകി ദ്വാരം വീണിരിക്കുന്നു. മാത്രമല്ല അത്‌ ഉറപ്പിച്ചിരിക്കുന്ന ആണി ഇളകി വിട്ടിരിക്കുന്ന അവസ്ഥയും. ആ വഴി നടന്നു പരിചയം ഇല്ലാത്ത ഞങ്ങൾ മറുകരെ എത്തിയതിന്റെ ഓർമ്മ ഇന്നും ഭയപ്പെടുത്തുന്നു. കളി സ്ഥലത്തെത്തി. ഗോപി ആശാന്റെ നളനും ശിവരാമാശാന്റെ ദമയന്തിയും ഒന്നാം ദിവസമാണ്‌ കഥ. തുടർന്ന്‌ ദുര്യോധന വധം. പള്ളിപ്പുറം ഗോപാലൻ നായരാശാന്റെ ആണ്‌ ദുര്യോധനൻ. ഒരുവിധം നളചരിതം കഴിയും വരെ ഇരുന്നു. മനസ്സമാധാനത്തോടെ കളി കണ്ടില്ല. അവിടെ എത്തിയപ്പോൾ മുതൽ മടക്ക യാത്രയെ കുറിച്ചുള്ള പേടിപ്പെടുത്തുന്ന ഓർമ്മകൾ. വെളുപ്പിനെ ശാന്തിക്ക്‌ എത്തണം. ഏതാണ്ട്‌ രണ്ടു മണി കഴിഞ്ഞപ്പോൾ ഞങ്ങൾ മടക്കയാത്ര തുടങ്ങി. റെയിൽവേ ലൈനിന്റെ സമീപം തന്നെയാണ്‌ കളി സ്ഥലം. തീവണ്ടിയുടെ ചൂളം വിളി കേൾക്കുന്നു. എങ്ങിനെ പാലം കടക്കും എന്ന ചിന്ത പേടിപ്പെടുത്തുന്നു. ഉത്സവപ്പറമ്പിൽ ഉറക്കം തൂങ്ങുന്ന ഒരു പീടികക്കാരനോട്‌ ഉടൻ തീവണ്ടി വല്ലതും കടന്നു പോകാനുണ്ടോ എന്നന്വേഷിച്ചു.. ഒന്ന്‌ വരാനുണ്ട്‌ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കുറെ സമയം വണ്ടി കടന്നു പോകുന്നതും കാത്തു പാലത്തിനടുത്ത്‌ നിന്നു. വണ്ടി ഒന്നും വരുന്നില്ല. സമയം അധികരിക്കുന്നു. ക്ഷേത്രത്തിൽ നട തുറക്കാൻ എത്തണം.

എങ്ങിനെയോ കൈവന്ന ധൈര്യത്താലോ അധൈര്യത്താലോ ഞങ്ങൾ പാലത്തിൽ കയറി നടന്നു തുടങ്ങി. വെള്ളൂർ റയിൽവേ സ്‌റേഷനിൽ നിന്നാവാം വണ്ടിയുടെ ശബ്ദം പോലെ. ശരീരം വിറച്ചു തുടങ്ങി. നടന്നിട്ട്‌ നീങ്ങായ്ക. എന്റെ സുഹൃത്ത്‌ ഒരു ഉപായം നിർദ്ദേശിച്ചു. കുനിഞ്ഞു കൈകൾ രണ്ടും റെയിൽ പാളത്തിൽ പിടിച്ചു നാലുകാലിൽ നടക്കുക.. പിന്നെ ഒട്ടും സംശയിച്ചില്ല.രണ്ടാളും നാൽക്കാലികൾ ആയി പാലം കടന്നു.ഒരുവിധം സമയത്ത്‌ തന്നെ ക്ഷേത്രത്തിൽ എത്തി.

ഇത്ര കാലം കഴിഞ്ഞിട്ടും ആ യാത്ര ഓർമ്മയിൽ അങ്ങിനെ തെളിഞ്ഞു വരുന്നു.കളിയുടെ ഓർമ്മ മങ്ങിയും.

Similar Posts

  • നളചരിത സംഗീതം

    ഡോ. ഓമനക്കുട്ടി January 1, 2014 ഒരു രാഷ്ട്രത്തിന്റെ മുതല്‍ക്കൂട്ട് എന്നുപറയുന്നത് അവിടുത്തെ സംസ്‌കാരം തന്നെയാണ്. ഏതു രാഷ്ട്രത്തിലും സംസ്‌കാരം ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത് പല ഘട്ടങ്ങള്‍ തരണം ചെയ്താണ്. കല സംസ്‌കാരത്തിന്റെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഭാഗം തന്നെയാണ്. ആദിമകാലം മുതലുള്ള കലകളുടെ വളര്‍ച്ചയുടെ ചരിത്രം പരിശോധിച്ചാല്‍ പരസ്പരം പലരീതിയിലുള്ള സ്വാധീനങ്ങളും ഉണ്ടായിട്ടുള്ളതായി കാണാം. അങ്ങനെ വരുമ്പോള്‍ സംസ്‌കാരം സങ്കരത്വം വഹിക്കുന്നതായി കാണാം. ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ കേരളത്തില്‍ വളരെയധികം ബാഹ്യമായ സ്വാധീനം ഉണ്ടായിട്ടില്ലെങ്കിലും ചില കലകളുടെ കാര്യത്തില്‍, കൊടുക്കല്‍-വാങ്ങല്‍…

  • |

    മേളായനം – ഒരു ആസ്വാദന കുറിപ്പ്

    സ്മിതേഷ് നമ്പൂതിരിപ്പാട് Friday, September 28, 2012 കാറല്‍മണ്ണയില്‍ ശ്രീ. കോട്ടക്കല്‍ ശിവരാമാശാന്റ്റെ അനുസ്മരണ ദിവസം ആണ് ഞാന്‍ ശ്രീ. കലാമണ്ഡലം ബലരാമാശാന്റ്റെ 60 ആം പിറന്നാള്‍  വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നുണ്ടെന്ന വിവരം ശ്രീ. വെള്ളിനേഴി ആനന്ദ്‌ പറഞ്ഞ് അറിഞ്ഞത്. “മേളായാനം” എന്ന പേരില്‍ ഷോര്‍ണ്ണൂര്‍, മയില്‍ വാഹനം കമ്മ്യൂണിറ്റി ഹാളില്‍ സെപ്തംബര്‍ 23 നു ഞായറാഴ്ച എന്നും പറഞ്ഞു. പരിപാടികളുടെ മറ്റു വിവരങ്ങള്‍ ഒന്നും അറിഞ്ഞില്ലെങ്കിലും, ഇത് മിസ്സ്‌ ചെയ്യരുത് എന്ന് ഞാന്‍ മനസ്സാല്‍ തീരുമാനം…

  • ഇന്ദ്രാദിനാരദം – 2

    ഹേമാമോദസമാ – 6 ഡോ. ഏവൂർ മോഹൻദാസ് September 13, 2012  ദേവസ്ത്രീകളെപ്പോലും നിഷ്പ്രഭരാക്കുന്ന ലോകോത്തരസൌന്ദര്യധാമമായ ദമയന്തിക്ക് ഒരുത്തനിൽ ഗാഢമായ അനുരാഗം ഉണ്ടെന്നും അവന്റെ ഗുണഗണങ്ങൾ വച്ചു നോക്കിയാൽ ദമയന്തിയെ അവനു തന്നെ ലഭിക്കും എന്നും ഭൈമീകാമുകൻമാരായ രാജാക്കന്മാർ സ്വയംവരത്തിനു കൂടുമ്പോൾ ദമയന്തിയെച്ചൊല്ലി കലഹമുണ്ടാകാം (‘മിളിതമാം നൃപകുലേ കലഹമുണ്ടാം’) എന്നും ഇന്ദ്രനോട് പറഞ്ഞിട്ടാണ് നാരദർ സ്വര്‍ഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക്‌ യാത്ര തിരിച്ചത്. ഈ ഒരുവരി പദത്തിന്റെ (‘മിളിതമാം നൃപകുലേ കലഹമുണ്ടാം’) പേരിലാണ് എല്ലാ സാഹിത്യ പണ്ഡിതന്മാരും സ്വയംവരസമയത്തു…

  • അശ്വതിതിരുനാളിന്റെ ആട്ടക്കഥാസാഹിത്യം

    ശ്രീകൃഷ്ണൻ എ. ആർ. June 17, 2013 ആട്ടക്കഥാസാഹിത്യം പൊതുവേ പിൻതുടരുന്ന ഒരു രചനാശൈലിയുണ്ട് – സാഹിത്യചമൽകാരത്തിന് വലിയ സ്ഥാനം നൽകാതെ അഭിനയത്തിനുള്ള വാചികതന്തു ആയിരിയ്ക്കുക  എന്ന നില. ഈ നിലയിൽ ഉറച്ചുനിന്നു കൊണ്ടുതന്നെ രംഗവിജയം നേടിയ കഥകൾ ധാരാളം; ഇതിൽ നിന്ന് വ്യത്യസ്തമായി സാഹിത്യമെന്ന നിലയിൽ തന്നെ ആസ്വാദ്യമാവുകയും ആ ആസ്വാദ്യതകൊണ്ട് രംഗവിജയത്തിന് കൂടുതൽ ദീപ്തി കൈവരിയ്ക്കുകയും ചെയ്ത കുറച്ചു രചനകളുമുണ്ട്.  ഈ രണ്ടു വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നിൽ അശ്വതിതിരുനാളിന്റെ ആട്ടക്കഥകളെ ഉൾപ്പെടുത്തുന്നത് അപൂർണ്ണവും അതിലളിതവുമായ…

  • കാറും വെയിലും

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 5 ശ്രീവത്സൻ തീയ്യാടി Thursday, September 6, 2012 ഇനി ഞാൻ കൂടെ വന്നിട്ടുള്ളവരെ പരിചയപ്പെടുത്താം… ആശാന്റെ ആ വാചകത്തിൽ രണ്ടു കൌതുകമാണ് തോന്നിയത്. ഒന്ന്, അദ്ദേഹത്തിൽ പൊതുവെ ശ്രദ്ധിച്ചിട്ടില്ലാത്ത ടീം ലീഡർ സ്പിരിറ്റ്‌. രണ്ട്, അതുവരെ പിന്തുടർന്ന അർദ്ധവള്ളുവനാടൻ വാമൊഴിയിനിന്ന് മുഴുവനായുള്ള വ്യതിയാനം. “ങ്ഹാ… നി ഓരോരുത്തരായ്ട്ട് ങ്ങ്ട് മുമ്പാക്കം വര്വോ….” വീണ്ടും തന്റെ കോതച്ചിറ മലയാളത്തിലേക്ക് വഴുതി കലാമണ്ഡലം ഗോപി. നാട്യം ഏതുമില്ലാത്ത ഭവ്യതയുമായി സഹകലാകാരന്മാർ അദ്ദേഹത്തിന്റെ കസേരക്കടുത്തെക്ക്…

  • നളചരിതത്തിന്റെ കഥകളി സാമൂഹ്യപാഠം 

    ഹേമാമോദസമാ – 12 ഡോ. ഏവൂർ മോഹൻദാസ് May 16, 2013  ആനന്ദദായകമായ ഒരു കഥകളിയാണ്‌ നളചരിതം എന്നതിന്‌ രണ്ടു പക്ഷമില്ലെങ്കിലും ഇക്കഥയുടെ കഥകളിത്തത്തെ ചൊല്ലി ഏറെ ശബ്ദകോലാഹലങ്ങൾ ഈ നാട്ടിലുണ്ടായിട്ടുണ്ട്‌. നളചരിതം ആട്ടക്കഥ കഥകളിക്കു ഒട്ടും തന്നെ അനുയോജ്യമല്ലെന്ന്‌ ഒരു പക്ഷം വാദിക്കുമ്പോൾ അത്‌ ശെരിയല്ല, ഇക്കഥ കഥകളിക്കു തികച്ചും അനുയോജ്യമാണെന്നു മറുപക്ഷം വാദിക്കുന്നു. ഈ വിഷയത്തിലേക്കൊന്നു കടന്നു ചെല്ലാം. 2007 ലെ ‘ഏവൂർ നളചരിതോത്സവ’ സെമിനാറിൽ പങ്കെടുത്തുകൊണ്ട്‌ കലാമണ്ഡലം പബ്ലിസിറ്റി ഓഫീസർ ശ്രീ. വി….

മറുപടി രേഖപ്പെടുത്തുക