ഹേമാമോദസമാ – ഭാഗം 4

ഡോ. ഏവൂർ മോഹൻദാസ്

August 3, 2012

‘നളചരിതത്തിലെ പ്രേമത്താമര’ (ഹേമാമോദസമാ ഭാഗം ഒന്ന്ഭാഗം രണ്ട്) തേടി പോയ വഴിയിൽ, ഈ കഥാതല്ലജത്തിന്റെ വിവിധ വിഷയങ്ങളെക്കുറിച്ച്‌ പ്രശസ്തരായ പല സാഹിത്യ പണ്ഡിതന്മാരും എഴുതിയിട്ടുള്ള ലേഖനങ്ങൾ വായിക്കാൻ ഇടയായി. ഇങ്ങനെ ശ്രദ്ധയിൽ പെട്ട ചില ലേഖനങ്ങളിൽ നളചരിത സാഹിത്യത്തിൽ കവി ഉദ്ദേശിച്ചിട്ടുള്ളതിൽ നിന്നും വ്യത്യസ്തമെന്നു തോന്നാവുന്ന ചില പരാമർശങ്ങൾ ഉണ്ടെന്നു തോന്നി. നാരദന്റെ ഏഷണ- ഏഷണി സ്വഭാവത്തെക്കുറിച്ചുള്ള വിഷയത്തെ ഗൗരവപൂർവ്വം ഒന്നപഗ്രഥിക്കേണ്ടതുണ്ടെന്ന്‌ തോന്നുന്നു.

‘നളനെയാർ കണ്ടു ഭൂതലേ’ എന്ന ശീർഷകത്തിൽ പ്രശസ്ത സാഹിത്യകാരനും കഥകളി പണ്ഡിതനുമായ ഡോ. എസ്‌.കെ നായർ എഴുതിയ ലേഖനത്തിൽ (കൊല്ലം കഥകളി ക്ലബ്‌ സുവനീർ 1980) നളചരിതം ഒന്നാം ദിവസത്തിലെ ആദ്യ നാരദപദമായ ‘ഭീഷിതരിപുനികര’യിലെ

‘നാഴിക തികച്ചൊരുനാൾ വാഴുവേനല്ലൊരേടത്തും
ഏഷണിക്കു നടപ്പൻ ഞാൻ ഏഴു രണ്ടു ലോകത്തിലും’

എന്ന ചരണത്തിലെ ‘ഏഷണി’ എന്ന പദപ്രയോഗത്തെക്കുറിച്ചിപ്രകാരം എഴുതിയിരിക്കുന്നു :
“ഏഷണി‘യല്ല ’ഏഷണ‘യാണു വാക്കെന്ന് നടന്മാരോടും പാട്ടുകാരോടും നൂറുവട്ടം പറഞ്ഞാലും അവർ ഇന്നും മുഷ്ടികൾ ചുരുട്ടികൊണ്ടുള്ള ഏഷണിമുദ്ര തന്നെ കാണിക്കും. നാരദ ധർമ്മം ഏഷണ, അതായത് ധർമ്മാന്വേഷണം, ആണ്‌. ഉണ്ണായിവാര്യർ ഉദ്ദേശിച്ച ഏഷണ എന്ന വാക്കു തെറ്റിദ്ധരിച്ചു പിൽക്കാലത്ത് ഏഷണിയെന്നാക്കിയതാവാം.”

’നളചരിതം ആട്ടക്കഥ കൈരളീവ്യാഖ്യാനം‘ എന്ന പുതിയ ഗ്രന്ഥത്തിൽ ഗ്രന്ഥകർത്താവ് പ്രൊ. പന്മന രാമചന്ദ്രൻ നായരും മേലുദ്ധരിച്ച നാരദപദത്തെക്കുറിച്ച് ഏതാണ്ടിതേ അഭിപ്രായം തന്നെ രേഖപ്പെടുത്തിയിരിക്കുന്നു. ഉണ്ണായിവാര്യർ നാരദനെ ഏഷണിക്കാരനായാണോ അതോ ഏഷണക്കാരനായാണോ അവതരിപ്പിക്കുന്നതെന്ന് ആട്ടക്കഥയിലെ പ്രസക്ത പദങ്ങളിലൂടെ ഒന്നവലോകനം ചെയ്യാം.

’ഭീഷിതരിപുനികര‘ എന്ന പദത്തിൽ നാരദർ നളനോട് പറയുന്നു:

ഊഴിതൻ നായകനാം നീ പാഴിലാക്കീടൊല്ല ജന്മം
കുണ്ഡിനപുരിയിലുണ്ടു സുന്ദരീ ദമയന്തി
കന്യകാരത്നമവളിൽ വൃന്ദാരകന്മാർക്കും മോഹം
രത്നമെല്ലാം നിനക്കുള്ളു യജ്ഞമേ ദേവകൾക്കുള്ളു
യത്നമേതദർത്ഥം നൃപസത്തമ, നിനക്കു യോഗ്യം.

(ദേവന്മാർക്കു ദമയന്തിയിൽ മോഹം ഉണ്ടെങ്കിലും രത്നങ്ങളെല്ലാം രാജാവിന്‌ അവകാശപ്പെട്ടതാകയാൽ അവരുടെ മോഹം അസ്ഥാനത്താണ്‌. ദമയന്തിയെ നേടാൻ ശ്രമിക്കുകയാണ്‌ നിനക്കു യോഗ്യമായിട്ടുള്ളത്. അല്ലാതെ നിഷ്ക്രിയനായിരുന്നു പാഴാക്കിക്കളയാനുള്ളതല്ല രാജാവായ നിന്റെ ജന്മം)

മനുഷ്യസ്ത്രീയെ മോഹിക്കുന്ന ദേവന്മാരുടെ ഔചിത്യബോധമില്ലായ്മയെ കുറ്റപ്പെടുത്തുന്ന നാരദൻ , അവരുടെ ആഗ്രഹം സഫലമാകാതിരിക്കാൻ വേണ്ട ഉപായങ്ങൾ നളൻ ചിന്തിക്കേണ്ടതാവശ്യമാണെന്നാണല്ലോ ഈ പറഞ്ഞതിനർത്ഥം.

സമാധാനചിത്തനായി രാജ്യഭരണവും നടത്തിക്കൊണ്ടിരുന്ന നളമഹാരാജാവിനെ ദമയന്തിയുടെ കാര്യം പറഞ്ഞ് അസ്വസ്ഥചിത്തനാക്കി ഇളക്കിവിട്ട നാരദൻ നേരേ പോയത് സ്വർഗത്തിലേക്കാണ്‌ (നളചരിതം ഒന്നാം ദിവസം 56 രംഗങ്ങൾ). പർവതമുനി സമേതനായി ദേവരാജനായ ഇന്ദ്രനെ ചെന്നു കാണുന്ന നാരദരെ ഇന്ദ്രൻ വണങ്ങി സ്തുതിച്ചു കുശലമന്വേഷിക്കുന്നു.

’കുശലമെന്നതേ വേണ്ടു സകലം മേ നിനയ്ക്കുമ്പോൾ
സഫലം ദർശനമിന്നുതേ
വിപുല സംശയം ചിത്തമതിലൊന്നുണ്ടെനിക്കിപ്പോൾ
ശിഥിലമാക്കുക വചസാ താപസവര്യ‘

(എന്റെ മനസ്സിലൊരു സംശയം ഉള്ളതു അങ്ങു തീർത്തു തരണം)

ഇന്ദ്രനിങ്ങനെ പറയുമ്പോൾ അതെന്തെന്നു കേൾക്കാൻ പോലും നിൽക്കാതെ നാരദൻ പറയുന്നു:

എനിക്കെന്റെ മനക്കാമ്പിലിരിക്കുന്നോരഭിലാഷം
നിനയ്ക്കുമ്പോൾ നിനക്കുണ്ടു ഫലിപ്പിപ്പാനെളുപ്പവും
അനർഗ്ഗളമായൊരു സമരം കാണാഞ്ഞുള്ളിൽ
കനക്കേയുണ്ടഴൽ പ്രചുരം അതു സാധിക്കിൽ
പ്രതിക്രിയയായ് പകരം എന്തു ചെയ്‌വൂ ഞാൻ
അനുഗ്രഹം തരുവൻ വരം മഹേന്ദ്രാ

(കുറച്ചുനാളായി നല്ല ഒരു യുദ്ധം കാണാഞ്ഞിട്ടു മനസ്സിനൊരു സുഖവും തോന്നുന്നില്ല. നീ വിചാരിച്ചാൽ ഇതു സാധിക്കാവുന്നതേയുള്ളൂ. നീ ഇതു സാധിച്ചു തന്നാൽ ഞാൻ നിന്നെ അനുഗ്രഹിക്കാം.)

അപ്പോൾ ഇന്ദ്രൻ പറയുന്നു:

അനുജന്റെ സുദർശനം ദനുജരെ അമർക്കയാൽ
മുനിവര്യ ! രണം ദുർലഭം !
മനുജന്മാർ മിഥോ ജന്യം തുനിയുന്നോർ മരിച്ചാരും
ത്രിവിദത്തിൽ വരുന്നീലഹോ ! എന്തതിൻ മൂലം?

അതിനുമറുപടിയായി നാരദൻ:

‘വിദർഭമന്നവനുണ്ടങ്ങനല്പസദ്ഗുണകന്യാ
വികല്പമില്ലവൾ തന്നോടെതിർപ്പതിനൊരു നാരീ
കേൾക്കുന്നു സ്വയംവരവും ഉണ്ടെന്നു, നീളേ
പാർക്കുന്നിതാൾ വരവും, രാജാക്കന്മാർ
നോക്കുന്നു കോപ്പുതരവും, തൽപ്രാപ്തിക്കു
നോൽക്കുന്നു പകലിരവും എല്ലാരും’

(ഈയിടെയായി ഭൂമിയിൽ നിന്നും യോദ്ധാക്കളാരും മരിച്ചു സ്വർഗ്ഗത്തിൽ വരുന്നില്ലല്ലോ എന്ന്‌ ഇന്ദ്രനും ഭൂമിയിലെ രാജാക്കന്മാരെല്ലാം അനൽപസദ്ഗുണങ്ങളുള്ള ദമയന്തിയെ കിട്ടാനുള്ള ഉപായവും ചിന്തിച്ചു കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടാണ്‌ ഭൂമിയിലിപ്പോൾ യുദ്ധമില്ലാത്തതും യോദ്ധാക്കൾ മരിച്ചു വീരസ്വർഗ്ഗം പ്രാപിച്ച് സ്വർഗ്ഗത്തിൽ വരാത്തതെന്നു നാരദനും)

നാരദന്റെ ഈ പ്രസ്താവം സ്വാഭാവികമായും ഇന്ദ്രന്‌ ദമയന്തിയോടുള്ള അഭിനിവേശം വർദ്ധിപ്പിക്കാൻ കാരണമായി. ഭൂമിയിലെ മനുഷ്യർ യുദ്ധചിന്ത പോലും വെടിഞ്ഞ്‌ ഒരു സ്ത്രീയെ മാത്രം ചിന്തിച്ചിരിക്കണമെങ്കിൽ അവൾ സാധാരണക്കാരിയാകാൻ തരമില്ലല്ലോ? അപ്പോൾ ആ സൗന്ദര്യധാമത്തെ വേൾക്കാൻ ദേവരാജനായ താൻ തികച്ചും യോഗ്യനാണെന്ന്‌ ഇന്ദ്രൻ വിചാരിച്ചുപോയാൽ അതിൽ അതിശയിക്കേണ്ടതില്ല. എങ്കിലും തന്റെ ഇംഗിതം ഉള്ളിൽ അടക്കിപ്പിടിച്ചുകൊണ്ട്‌ ഇന്ദ്രൻ ചോദിക്കുന്നു:

‘കേൾക്കണമവളെയിന്നാർക്കു ലഭിച്ചു ഞായം
ഭാഗ്യവാനവനുലകിൽ ഗ്രാഹ്യങ്ങൾ ചെവികൾക്കു
ലോഹ്യങ്ങൾ തൽഗുണങ്ങൾ
ഊഹ്യങ്ങളെങ്കിൽ വർണ്ണിക്കാം വാക്യങ്ങൾ കൊണ്ടു’

(ദമയന്തിയെ ലഭിക്കുന്നവൻ ഭാഗ്യവാൻ തന്നെ. അതിനു യോഗ്യനാകുന്ന ഒരുവന്റെ ഗുണഗണങ്ങൾ എന്തൊക്കെയായിരിക്കണം എന്നു അങ്ങേക്ക് ഊഹിക്കാൻ കഴിഞ്ഞാൽ അതൊന്നു വിസ്തരിച്ചു പറഞ്ഞാൽ നന്നായിരുന്നു)

ആ വക ഗുണഗണങ്ങൾ തന്നിലുണ്ടെങ്കിൽ തന്റെ ഭൈമീമോഹം സഫലമാകും എന്നുറപ്പിക്കാനുള്ള ഉത്ക്കണ്ഠകൊണ്ടാണു ഇന്ദ്രൻ ഈ അടവ് എടുക്കുന്നത്.

അപ്പോൾ നാരദൻ:

ഉറപ്പുള്ളോരോരനുരാഗം അവൾക്കുണ്ടങ്ങൊരുത്തനിൽ
ധരിപ്പതിനശക്യ, മതെനിക്കുണ്ടോ വചിക്കാവൂ
ലഭിച്ചീടുമവനവളെഗ്ഗുണൈരവൾ
ജയിപ്പവൾ , സുരസ്ത്രീകളെ ആസ്താമിദം.

(അവൾക്കു ഒരുവനോടു ഗാഢമായ അനുരാഗം ഉണ്ടു. ദേവസ്ത്രീകൾ പോലും അസൂയപ്പെടുന്ന ഗുണ ഗണങ്ങളുള്ള അവളെ തീർച്ചയായും അവനു തന്നെ ലഭിക്കും. ഈ വിഷയത്തെക്കുറിച്ചിനി ഞാൻ ഒന്നും പറയുന്നില്ല).

ഇതും പറഞ്ഞ്,

‘ഗമിക്കുന്നേ നവനീതലേ തൽസ്വയംവരേ
മിളിതമാം നൃപതികുലേ കലഹമുണ്ടാം’

(ഞാൻ സ്വയംവരത്തിൽ പങ്കെടുക്കാൻ പോകുകയാണ്‌. അവിടെ അവളെ ചൊല്ലി രാജാക്കൻമാർ തമ്മിൽ കലഹമുണ്ടാകാം) എന്നും കൂടി ചൊല്ലി നാരദർ ഭൂമിയിലേക്കു യാത്രയും ആയി.

മേലുദ്ധരിച്ച പദങ്ങളിൽ നിന്നും നാരദൻ സ്വർഗ്ഗത്തിൽ ഇന്ദ്രനെ കാണാൻ വന്നതു ദമയന്തിയുടെ കാര്യം പറഞ്ഞ് ഇന്ദ്രനിൽ മോഹം ഉദിപ്പിച്ചു അദ്ദേഹത്തെ ഒന്നിളക്കി വിടാനായിരുന്നു എന്നാർക്കും ഒറ്റനോട്ടത്തിൽ മനസ്സിലാകും. തന്റെ ഉദ്ദേശം ശരിക്കും പാലിച്ചുവെന്നു മനസ്സിലാക്കിയ നാരദൻ നളന്റെ കാര്യം കേവലം ഒന്നു സൂചിപ്പിച്ച്, എന്നാൽ കൂടുതലൊന്നും പറയാതെ ‘ശരി എന്നാൽ ഞാൻ പോട്ടെ’ എന്ന് ഒഴുക്കിൽ പറഞ്ഞ് സ്ഥലം വിടുകയാണ്‌. ഈ ധൃതി പിടിച്ച പോക്കിനിടയിലും ‘രാജാക്കന്മാർ തമ്മിൽ ദമയന്തിയെ ചൊല്ലി കലഹമുണ്ടാകാം’ എന്നു പറയാനും നാരദൻ മറന്നില്ല. ദമയന്തിയുടെ ആകർഷ്ണീയതയെ ഒന്നുകൂടി അടിവരയിട്ടു പറഞ്ഞ് ഇന്ദ്രന്റെ ഭൈമീമോഹത്തെ ജ്വലിപ്പിക്കാൻ വേണ്ടി തന്നെയാണ്‌ നാരദൻ ഇങ്ങനെ ഒരു യാത്രാമൊഴിയും കൂടി തട്ടി വിടുന്നത്. അതുകൊണ്ടാണല്ലൊ ഈ വിധ ചിന്തകളൊന്നുമില്ലാതെ സ്വൈര്യമായിരുന്ന ദേവരാജനും നാരദനു പിറകെ സ്വയംവരത്തിൽ പങ്കെടുക്കാൻ ഭൂമിയിലേക്ക് യാത്ര തിരിക്കുന്നത്.

നാരദൻ ഇങ്ങനെയൊക്കെ ചെയ്യുന്നത് നളദമയന്തീ സമാഗമത്തിന്റെ മംഗളപര്യവസാനത്തിനു വേണ്ടിയാണെന്നാണ്‌ പണ്ഡിതമതം. മറ്റു കുഴപ്പങ്ങളൊന്നുമില്ലാതെ സ്വയംവരം നടന്നു കിട്ടാനായി നാരദൻ ഇന്ദ്രനെ സ്വയംവരസ്ഥലത്തേക്കു മനഃപൂർവ്വം ആനയിക്കുകയാണത്രെ! ‘ഏഷണാ’ പരമായ ഈ ഉദ്ദേശത്തെ ന്യായീകരിക്കുന്ന ഒരു നാരദപദവും നളചരിതസാഹിത്യത്തിൽ കാണാൻ കഴിയാത്ത സ്ഥിതിക്കു ഇതെത്രമാത്രം ശരിയാണെന്ന് മനസ്സിലാകുന്നില്ല. മറ്റുപുരാണകഥകളിലെ നാരദനെപ്പോലെ തന്നെ യുദ്ധവും കലഹവും കാംക്ഷിക്കുന്ന ഒരു നാരദനെയല്ലേ ഉണ്ണായിവാര്യർ ഒന്നാംദിവസത്തിൽ അവതരിപ്പിക്കുന്നത് ? സാഹിത്യ പണ്ഡിതന്മാരെല്ലാം നാരദനെ ‘ഏഷണ’ക്കാരനായി കണ്ടപ്പോഴും ശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായര്‍ നാരദനെ ‘ഏഷണി’ക്കാരനായി തന്നെയാണ് കണ്ടിരുന്നതെന്ന കാര്യം അദ്ദേഹത്തിന്റെ ‘നളചരിതം ആട്ടപ്രകാരം’ വ്യക്തമാക്കുന്നത് ഇവിടെ പ്രത്യേകം സ്മരിക്കേണ്ടതുണ്ട്.  നാരദന്റെ തികഞ്ഞ ‘ഏഷണി’ സ്വഭാവം പദങ്ങളില്‍ എല്ലാം നിറഞ്ഞു നില്‍ക്കുമ്പോള്‍ വേഷം കെട്ടുന്ന നടന് ഏഷണിക്കാരനായ  നാരദനെയല്ലാതെ  മറ്റെന്തവതരിപ്പിക്കാന്‍ കഴിയും ? ഈ വിഷയം ‘ഹേമാമോദസമാ’യുടെ  ഇനി വരുന്ന ചില ഭാഗങ്ങളില്‍  കൂടുതല്‍ ആഴത്തിലുള്ള അന്വേഷണങ്ങള്‍ക്ക് വിധേയമാക്കുന്നതാണ്.


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder