ഹേമാമോദസമാ – 6

ഡോ. ഏവൂർ മോഹൻദാസ്

September 13, 2012 

ദേവസ്ത്രീകളെപ്പോലും നിഷ്പ്രഭരാക്കുന്ന ലോകോത്തരസൌന്ദര്യധാമമായ ദമയന്തിക്ക് ഒരുത്തനിൽ ഗാഢമായ അനുരാഗം ഉണ്ടെന്നും അവന്റെ ഗുണഗണങ്ങൾ വച്ചു നോക്കിയാൽ ദമയന്തിയെ അവനു തന്നെ ലഭിക്കും എന്നും ഭൈമീകാമുകൻമാരായ രാജാക്കന്മാർ സ്വയംവരത്തിനു കൂടുമ്പോൾ ദമയന്തിയെച്ചൊല്ലി കലഹമുണ്ടാകാം (‘മിളിതമാം നൃപകുലേ കലഹമുണ്ടാം’) എന്നും ഇന്ദ്രനോട് പറഞ്ഞിട്ടാണ് നാരദർ സ്വര്‍ഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക്‌ യാത്ര തിരിച്ചത്. ഈ ഒരുവരി പദത്തിന്റെ (‘മിളിതമാം നൃപകുലേ കലഹമുണ്ടാം’) പേരിലാണ് എല്ലാ സാഹിത്യ പണ്ഡിതന്മാരും സ്വയംവരസമയത്തു അനർത്ഥമുണ്ടാകും എന്ന് നാരദൻ ഇന്ദ്രനോട് സൂചിപ്പിച്ചു, ഇന്ദ്രനെ സ്വയംവരസ്ഥലത്തേക്ക് പോകാൻ പ്രേരിപ്പിക്കുന്നതായി പറയുന്നത്. കലഹമുണ്ടാകാതെ സ്വയംവരം മംഗളകരമായി നടത്തിക്കൊടുക്കുവാൻ ഇന്ദ്രനെ നാരദർ പ്രേരിപ്പിക്കുന്നതായി പറയുന്നതും ഈ ഒരു വരി പദത്തിന്റെ പേരിലാണ്. കഴിഞ്ഞ ഭാഗത്തിൽസൂചിപ്പിച്ചതുപോലെ ഒരു വിശേഷ ദേവപരിവേഷത്തോടെ നാരദനെയും ഇന്ദ്രനെയും നോക്കിക്കണ്ടാൽ ഇങ്ങിനെ ഒരു എഴുതാപ്പുറം വായിച്ചെടുക്കാം എന്നല്ലാതെ, ആട്ടക്കഥാ സാഹിത്യപ്രകാരം ഇങ്ങിനെയൊരു വ്യാഖ്യാനത്തിനു യാതൊരു ന്യായീകരണവും കാണുന്നില്ല. നാരദനിൽ നിന്നും ഈ വാർത്തയൊക്കെ ഗ്രഹിച്ച ഇന്ദ്രൻ ആരാണ്? പുരാണങ്ങളിൽ ഇന്ദ്രൻ സുഖിമാനും വിഷയാസക്തനും സ്ത്രീലമ്പടനും (ഗൌതമശാപം ഓര്‍ക്കുക) സ്വന്തം പദവിയിൽ അങ്ങേയറ്റം ഊറ്റം കൊള്ളുന്നവനുമാണ്. അങ്ങിനെ ഒരാളിനോടു ഭൂലോകസുന്ദരിയായ ദമയന്തിയുടെ കാര്യം ഏഷണിക്കാരനായ നാരദർ പറയുമ്പോള്‍ അതിലെന്തോ പന്തികേടുണ്ടെന്ന് മനസ്സിലാക്കാൻ പ്രയാസം ഉണ്ടാകേണ്ടതില്ല. ഇന്ദ്രനെ ഭൈമീകാമുകനാക്കി ഇളക്കി വിടാൻ തന്നെയാണ് ഉണ്ണായിയുടെ നാരദർ ശ്രമിച്ചത്.

ഇന്ദ്രൻ മറ്റു മൂന്ന് ദേവന്മാരോടും (അഗ്നി,യമൻ, വരുണൻ) കൂടി ദമയന്തീസ്വയംവരത്തിൽ പങ്കെടുക്കുവാൻ ഭൂമിയിലേക്ക്‌ യാത്ര തിരിച്ചു. വഴിമദ്ധ്യേ ദൂരെ നിന്നും വരുന്ന നളനെ അവർ കാണുന്നു. ഇവിടെ ശ്ലോകത്തിൽ ‘വൃഷാജഗാദകുതുകീ തൽപ്രേഷണേ താംപ്രതി’ എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. ഇതിനെ ‘അവളുടെ അടുക്കലേക്കു അവനെ അയക്കാനാഗ്രഹിച്ചു പറഞ്ഞു’ എന്ന് ദേശമംഗലം രാമവാര്യരും ‘അവനെ അവളുടെ അടുക്കലേക്കു അയക്കുന്നതിൽ കുതുകിയായ ഇന്ദ്രൻ പറഞ്ഞു’ എന്ന് ഡോ. എസ്. കെ. നായരും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇത് എതുവിധത്തിലായാലും നളനെ ദമയന്തിയുടെ അടുക്കലേക്ക് അയക്കാൻ ആഗ്രഹിച്ച് ഇന്ദ്രൻ പറഞ്ഞു എന്നതിൽ സംശയം ഇല്ല. ദൂരെ നിന്നും നളനെ കാണുന്ന ഇന്ദ്രൻ പറയുന്നു (ഇത് സ്വയം പറയുന്നതോ അല്ലെങ്കിൽ കൂടെയുള്ള മറ്റു മൂന്ന് പേരോടും പറയുന്നതോ ആണെന്ന് ചിന്തിക്കാം)

‘മിളിതം പദയുഗളേ നിഗളതയാ
മാര്‍ഗ്ഗിതയാലതയാ’

(തേടിയ വള്ളി കാലില്‍ ചുറ്റി) എന്ന് സാരം. എങ്ങിനെയാണ് ഇന്ദ്രന്, നളൻ ‘തേടിയ വള്ളി’ ആകുന്നതു? ‘തേടിയ വള്ളി’ യാകയാൽ ആ വള്ളിയെക്കുറിച്ച് ഇന്ദ്രന് മുൻപേ അറിയാം എന്നർത്ഥം വരുന്നു. ഇന്ദ്രനെ നാരദർ സ്വര്‍ഗ്ഗത്തിൽ സന്ദർശിച്ചപ്പോൾ ‘ഉറപ്പുള്ളോരനുരാഗം അവൾക്കുണ്ടങ്ങോരുത്തനിൽ, ലഭിച്ചീടുമവനവളെഗ്ഗുണൈ,രവൾ’ എന്ന് പറഞ്ഞതല്ലാതെ അതാരാണെന്നു പറഞ്ഞിരുന്നില്ല. പക്ഷെ ഇന്ദ്രൻ നളനോട്

‘അതിപരിചിത,നതിനാൽ നിന്നെയും
അറിവനഹം, നളനല്ലയോ നീ’

എന്നാണ് ചോദിക്കുന്നത് (രംഗം 7, പദം 1).

ഈ രംഗം ‘നളോപാഖ്യാന’ത്തിൽ വർണിച്ചിരിക്കുന്നത്‌ ഇങ്ങിനെയാണ്‌ :

മന്നിലായിട്ടു നളനെ വഴിയിൽ കണ്ടു വാനവർ
രൂപസമ്പത്തിനാൽ മൂർത്തിമാനാം കാമൻ കണക്കിനെ
രവിഭാസ്സാം നളനെയാ ലോകപാലകർ പാർത്തുടൻ
സങ്കല്പംകെട്ടഴകു കണ്ടദ്ഭുതപ്പെട്ടു നിന്നുപോയ്
ആകാശത്തങ്ങു വിമാനങ്ങൾ നിർത്തിയിട്ടങ്ങു ദേവകൾ
താഴത്തിറങ്ങിച്ചെന്നിട്ട് നളനോടോതിനാർ നൃപ!
“സഹായം ചെയ്ക ഞങ്ങൾക്ക് ദൂതനാവൂ നരോത്തമാ!”

നരോത്തമനായ നളനെ ഇന്ദ്രൻ ഇതിനു മുൻപ് കണ്ടിട്ടില്ലെങ്കിലും അദ്ദേഹത്തെക്കുറിച്ചു കേട്ടറിഞ്ഞുള്ള പരിചയം ഉണ്ടെന്നർത്ഥം. നാരദർ സൂചിപ്പിച്ച ‘ ഭൈമീകാമുകൻ’ നളനായിരിക്കുമെന്നു ഇന്ദ്രന് നേരത്തെ തന്നെ ഊഹമുണ്ടായിരുന്നത്, സ്വയംവരത്തിനു പോകുന്ന രാജാക്കന്മാർക്കിടക്ക് നളനെ കാണുക കൂടി ചെയ്തപ്പോൾസ്ഥിരീകരിക്കാൻ കഴിഞ്ഞു എന്ന് കരുതാം.

‘തേടിയ വള്ളി കാലിൽ ചുറ്റി’ എന്ന മലയാള ഭാഷാപ്രയോഗത്തിനു ഇത് പറയുന്ന ആളിന് ആ വള്ളിയെക്കൊണ്ട് എന്തോ കാര്യം സാധിക്കാനുണ്ട് എന്നൊരു ധ്വനി ഉണ്ട്. ഡോ. എസ്. കെ.നായരുടെ അഭിപ്രായത്തിൽ നളനെ സഹായിക്കണം എന്നൊരു ആഗ്രഹം മാത്രമേ ഇന്ദ്രനുള്ളൂ. ‘ചിരശ്രുതീദൃഢീകൃതപ്രിയനളാഭനെ’ ദമയന്തിക്ക് കാണിച്ചു കൊടുക്കുക എന്നതാണ് ഇന്ദ്രന്റെ ആഗ്രഹമത്രേ! അതുകൊണ്ടാണ് ‘അവളുടെ അടുക്കലേക്കു അവനെ അയക്കുന്നതിൽ കുതുകിയായ ഇന്ദ്രൻ പറഞ്ഞു’ എന്ന് ഡോ. നായർ മേൽപ്പറഞ്ഞ ശ്ലോകത്തിനു അർഥം നൽകിയത്. പക്ഷെ ഒരാളെ എനിക്ക് സഹായിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അയാളെ കാണുമ്പോൾ ‘തേടിയ വള്ളി കാലിൽ ചുറ്റി’ എന്ന് പറഞ്ഞു ‘എന്റെ ആഗ്രഹം നിറവേറ്റാൻ നീ സഹായിക്കണം’ എന്ന് പറയുമോ? ഈ ഭാഷാപ്രയോഗത്തിൽ നിസ്വാർത്ഥകർമ്മത്തിന്റെ ധ്വനിയല്ല; മറിച്ചു സ്വാർത്ഥതയുടെ ധ്വനിയല്ലേ ഉള്ളത്? നളൻ ഭൈമീകാമുകനാണ്. മാന്യനും സത്യവ്രതനും ആണ്. ദമയന്തിയെ തങ്ങളുടെ ആഗ്രഹം അറിയിച്ചു അവളെ നേടുന്നതിനു തങ്ങളെ സഹായിക്കാൻ നളനെക്കാൾ വേറെ നല്ലൊരാളേ ഈ സന്ദര്‍ഭത്തിൽ ഭൂമിയിൽ കിട്ടില്ല എന്ന് ഇന്ദ്രനറിയാം. ദേവേന്ദ്രനായ തന്റെ ഇംഗിതത്തിനു ധർമ്മിഷ്ഠനും നീതിമാനുമായ നളൻ എതിര് നിൽക്കുകയില്ല എന്നും ഇന്ദ്രനറിയാം. അതുകൊണ്ടാണ്, അല്പം അപേക്ഷാസ്വരത്തിലാണെങ്കിലും നളനോട് ഇന്ദ്രൻ പറയുന്നത്

അമരതരൂനകലെ വെടിഞ്ഞു നിൻ
അരികിൽ വന്നു വയമൊന്നിരപ്പാൻ

(ചോദിക്കുന്നതെന്തും തരുന്ന കല്പവൃക്ഷത്തെപ്പോലും വെടിഞ്ഞു നിന്നോടൊരു കാര്യം യാചിക്കാൻ വന്നിരിക്കുകയാണ് ഞാൻ).

ഇവിടെ യാചിക്കുന്നയാൾ ദേവേന്ദ്രനും ദാനം നല്‍കേണ്ടയാൾ മനുഷ്യനുമാണ്. മാന്യനായ നളനു തന്റെ പരിമിതികൾ നല്ലവണ്ണം അറിയാം. അതുകൊണ്ട് കാര്യം എന്താണെന്നുപോലും ചോദിക്കാതെ ‘ധംഭോളിധര, ചൊന്നതമ്പോട് ചെയ്യാം’ എന്ന് വാക്കും കൊടുത്തു. (ഒരു ചിന്തയുമില്ലാതെ നളൻ ഇങ്ങനെ വാക്ക് കൊടുത്തത് ഒട്ടും ശെരിയായില്ലെന്നു യശഃശ്ശരീരനായ ശ്രീ. സി. അച്യുതമേനോൻ എഴുതിയതിനു, അത് നൂറു ശതമാനവും ശെരിയായിരുന്നുവെന്നു ഡോ. എസ്.കെ.നായർ മറുപടി എഴുതിയിട്ടുള്ളത് ഇവിടെ ഓർമ്മിക്കട്ടെ). ഇതില്‍ സന്തുഷ്ടനായ ഇന്ദ്രൻ

‘പാൽപ്പൊഴിയും മൊഴി ദമയന്തിയെ
ക്കേൾപ്പതിനായി രാപ്പകൽ പോരാ
താല്പര്യം വേൾപ്പതിനുണ്ടത്
ചേർപ്പതിന്നായ് നീ തുടരേണം’

എന്ന് നളനു നിർദ്ദേശവും കൊടുത്തു. ധർമ്മസങ്കടത്തിലായ നളൻ

‘ഭൈമീകാമുകനല്ലോ ഞാൻ ദേവ-
സ്വാമികളെ കരുണവേണം
മാമിഹ നിയോഗിക്കലാകാം, ചെന്നാൽ
കാണ്മാനും കഴിവരാ പറയാനുമഭിമതം’

(ഞാനും അവളുടെ കാമുകനാണ്. അങ്ങയുടെ അഭിലാഷം അറിയിക്കാൻ എന്നെ അവളുടെ അടുക്കലേക്കയച്ചാൽ എനിക്കവളെ കാണാനോ കണ്ടാൽ തന്നെ കാര്യം പറയാനോ ഉള്ള കെൽപ്പുണ്ടാകില്ല). ഇങ്ങനെ പറഞ്ഞ നളനെ യമധര്‍മ്മൻ അല്പം ശാസിച്ചു. വിനയത്തോടെ നളൻ ദേവദൂതനാകാന്‍ സമ്മതിച്ചു. സന്തുഷ്ടനായ ഇന്ദ്രൻ ‘തിരസ്കരണി’ മന്ത്രവും ഉപദേശിച്ചു

‘വരിക്കണം ഞങ്ങളിൽ നാലരി-
ലൊരുത്തനെന്നുരക്ക ഭവാൻ’

എന്നും പറഞ്ഞു നളനെ ദമയന്തിയുടെ സമീപത്തേക്കയക്കയും ചെയ്തു. ഇതുവരെ കഥയിൽ ‘ഇന്ദ്രാദികൾക്ക് ദമയന്തിയിൽ താത്പര്യം ഇല്ലായിരുന്നു’ എന്ന് കരുതുവാൻ ഒരു ന്യായവും ഇല്ല. ഇന്ദ്രന് ‘തേടിയ വള്ളി’ തന്നെയായിരുന്നു നളൻ. ‘അല്ല’ എന്നു പറയുന്ന നളചരിതവ്യാഖ്യാനങ്ങൾക്ക് ദേവപരിവേഷത്തിന്റെ പിൻബലം ഉണ്ടാകാം എന്നല്ലാതെ ‘കന്യകാരത്നമവളിൽ വൃന്ദാരകന്മാര്‍ക്ക് മോഹം’ എന്ന് എടുത്തുപറയുന്ന ആട്ടക്കഥാസാഹിത്യത്തിന്റെ പിൻബലം ഉണ്ടാകുമെന്ന് കരുതുക വയ്യ.

(തുടരും)


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder