ഹേമാമോദസമാ – 5

ഡോ. ഏവൂർ മോഹൻദാസ്

August 26, 2012

നളചരിതം ആട്ടക്കഥയിൽ (ഒന്നാം ദിവസം) ദേവർഷി നാരദൻ ഒരു ‘ഏഷണ’ക്കാരൻ (ധർമ്മാന്വേഷകൻ) അല്ല; മറിച്ച് ഒരു ‘ഏഷണി’ക്കാരൻ ആണെന്ന് പ്രസക്ത ശ്ലോകങ്ങളും പദങ്ങളും ഉദ്ധരിച്ചുകൊണ്ട് കഴിഞ്ഞ ഭാഗത്തിൽ സമർത്ഥിച്ചിരുന്നു. ഇങ്ങനെ സമർത്ഥിക്കാൻ കാരണം നാരദന്റെ എഷണാസ്വഭാവത്തെ പ്രത്യക്ഷവൽക്കരിക്കുന്ന പദങ്ങളോ ശ്ലോകങ്ങളോ ആട്ടക്കഥയിൽ കാണുന്നില്ല എന്നത് തന്നെ. പുരാണകഥകളിൽ നാരദന്റെ ‘ഏഷണി’ സ്വഭാവത്തിന് അനവധി ഉദാഹരണങ്ങൾ ഉണ്ട്. കഥകളിയിലും ഇത് സ്പഷ്ടമായി കാണിക്കുന്നുണ്ട് (ബാലിവിജയം, അഹല്യാമോക്ഷം). ഈ കഥകളിലെല്ലാം തന്നെ ആത്യന്തികമായി നാരദധർമം ‘ഏഷണ’യാകാം എങ്കിലും കവി എങ്ങിനെയാണോ സാഹിത്യം എഴുതിയിരിക്കുന്നത്, അതിനനുസരിച്ചു ശ്ലോകങ്ങളിലും പദങ്ങളിലും കാണുന്ന അർത്ഥത്തെ ആടി ഫലിപ്പിക്കുവാനേ നടന് കഴിയൂ. ഭാഷാസാഹിത്യത്തെ വിശകലനം ചെയ്യാനോ ആത്യന്തികമായ കാവ്യധർമമത്തിനനുസ്സരിച്ച് പാത്രാവിഷ്ക്കാരം നടത്താനോ കഥകളി കലാകാരന് സ്വാതന്ത്ര്യമില്ല. നളദമയന്തീ പുനസമാഗമവേളയിൽ (നാലാംദിവസം അന്ത്യരംഗം) ബ്രഹ്മദേവന്റെ നിർദ്ദേശപ്രകാരം സന്നിഹിതനാകുന്ന നാരദനെ തന്റെ കഥയുടെ മംഗളപര്യവസാനത്തിനായി തന്നെയാണ് ഉണ്ണായി ഉദ്ദേശിച്ചിരിക്കുന്നതെങ്കിലും ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി ‘ഏഷണി’ ലക്ഷ്യം കൂടി വച്ചുകൊണ്ടാണ് നാരദനെ ഒന്നാം ദിവസത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്നു നളചരിതപദങ്ങളിൽ കൂടി നാം കണ്ടു കഴിഞ്ഞു. മൂലകഥയായ മഹാഭാരതം ‘നാളോപാഖ്യാന’ത്തിൽ വ്യാസൻ നാരദരെ എങ്ങിനെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് നോക്കാം.

ദമന്തിയുടെ സ്വയംവരം നിശ്ചയിച്ചിരിക്കുന്ന കാലത്തൊരുനാൾ ലോകസഞ്ചാരിയായ നാരദമുനി പർവതമുനിയോടൊപ്പം ഇന്ദ്രലോകത്തെത്തുന്നു. ഭൂമിയിലെ ധർമ്മജ്ഞരായ മന്നവന്മാർ മരിച്ചിട്ട് വീരസ്വർഗ്ഗം പൂകാൻ ഇവിടെ വരാറുണ്ടായിരുന്നു; ഇപ്പോൾ കുറച്ചു കാലമായി ആരെയും കാണുന്നില്ല, എന്താണതിനു കാരണം എന്ന ഇന്ദ്രന്റെ ചോദ്യത്തിന് ഉത്തരമായി നാരദർ പറയുന്നു :

കേളിന്ദ്രാ, മന്നവർ വരാതിരിപ്പനുള്ള കാരണം
വിദർഭ രാജന്റെ മകൾ ദമയന്തി പുകഴ്ന്നവൾ
പാരിലെല്ലാ സ്ത്രീകളിലും സൌന്ദര്യം കൊണ്ട് മുന്തിയോൾ
അവൾക്കുണ്ടാമേറെ വൈകാതമരേന്ദ്രാ സ്വയംവരം
അതിന്നരചർ പോകുന്നു, രാജപുത്രരുമാകവേ
ലോകത്തിലൊരു രത്നം പോലുള്ളായവളെയാശയാൽ
കാംഷിക്കുന്നൂ വിശേഷിച്ചും വലവൃത്രനിഷൂദന!

നാരദന്റെ വാക്കുകൾ കേട്ട ഇന്ദ്രാദികൾ ദമയന്തിയെ മോഹിച്ചും കൊണ്ട് ഭൂമിയിലേക്ക്‌ യാത്രയും ആയി. ഇത്രയുമേയുള്ളൂ ‘നളോപാഖ്യാന’ ത്തിൽ നാരദന്റെ പങ്ക്. ഇപ്പറഞ്ഞതല്ലാതെ മറ്റൊരു വാക്കുപോലും ‘നളോപാഖ്യന’ത്തിൽ നാരദർ പറഞ്ഞിട്ടില്ല. സഞ്ചാരത്തിനിടയിൽ കിട്ടിയ ഒരു വാർത്ത, ഇന്ദ്രന്റെ ചോദ്യത്തിനുത്തരമായി പറഞ്ഞു എന്ന് മാത്രം. ഒരു ഏഷണിയോ ഏഷണയോ ഒന്നും തന്നെ അദ്ദേഹത്തിന്റെ വാക്കുകളിൽ കാണാൻ കഴിയില്ല. നളചരിതം ആട്ടക്കഥയിലെ നാരദർ ഇതിൽ നിന്നും വളരെ വ്യത്യസ്തനാണെന്ന് നാം കണ്ടു കഴിഞ്ഞു. ‘നാളോപാഖ്യാന’ ത്തെ അവലംബിച്ചു ശ്രീഹർഷൻ എഴുതിയ ‘നൈഷധീയ ചരിത’മെന്ന സംസ്കൃതകാവ്യത്തിലെ നാരദന്റെ പാത്രാവിഷ്കാരത്തെ ഉണ്ണായി കടമെടുത്തു, അതിൽ തന്റേതായ ചില ചേരുവകൾ കൂടി ചേർത്തു സൃഷ്ടിച്ചതാണ്, നളചരിതത്തിലെ നാരദനെന്ന കഥാപാത്രം. വ്യാസന്റെ സാധുശീലനായ ആ മാമുനിയിൽ നിന്നും വളരെ വ്യത്യസ്തനായി ഏഷണിയും ഏഷണയും എല്ലാം വെച്ചു കളിക്കുന്ന ഊർജ്ജസ്വലനായ ഒരു തന്ത്രജ്ഞൻ ആണ് ഉണ്ണായിയുടെ നാരദൻ. ഇങ്ങിനെയൊരു പാത്രസൃഷ്ടികൊണ്ട് കവി ഉദ്ദേശിച്ചതെന്തായിരിക്കാം?

നളചരിതത്തിലെ ഇന്ദ്രാദിദേവന്മാരുടെ കാര്യത്തിലും ഉണ്ണായി സ്വീകരിച്ചിട്ടുള്ളത്, പ്രത്യക്ഷത്തിൽ വിചിത്രമെന്നു തോന്നാവുന്ന, എന്നാൽ ചിന്തിക്കുമ്പോൾ ലേശവും വൈചിത്ര്യം ഇല്ലെന്നു കാണാവുന്ന, ഈ നിലപാട് തന്നെയാണ്. ദമയന്തീ സ്വയംവരവേളയിൽ നളദമയന്തിമാരിൽ അതീവസന്തുഷ്ടരായി വരങ്ങൾ വാരിക്കോരി നൽകി അനുഗ്രഹിച്ച ദിക്പാലകന്മാരെ (പ്രത്യേകിച്ചും ഇന്ദ്രനെ) ഉണ്ണായിവാരിയർ കഥാരംഭത്തിൽ ദമയന്തിയുടെ സൌന്ദര്യത്തിൽ മോഹിതരായ വെറും കാമുകന്മാരെപ്പോലെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ദമയന്തീ വിവാഹത്തിൽ നാരദപ്രേരണയാൽ നാല് ദ്വിക്പാലകന്മാർ ഇടപെട്ട കഥ, നാരദന്റെ ഒരു കുസൃതിശീലത്തെയോ ദ്വിക്പാലകന്മാരുടെ കാമുകത്വത്തെയോ ദമയന്തിയുടെ ലോകോത്തരസൌന്ദര്യത്തെയോ വെളിപ്പെടുത്താനുള്ള ഒരുത്താനപ്രയോഗമല്ലെന്നും ധർമ്മിഷ്ഠരായ സജ്ജനങ്ങളുടെ ഉത്തമാഭിലാഷം നിറവേറ്റാൻ ദേവന്മാർ കൂടി സഹായിക്കും; എന്നാൽ അതിനായി അവർ ഏർപ്പെടുത്തുന്ന അഗ്നിപരീക്ഷയിൽ അവർ വിജയികളാകേണ്ടതുണ്ട് എന്നാണു കാണിക്കുന്നതെന്നും നളചരിതം ആട്ടക്കഥക്ക് പ്രൊഫ. രാജരാജ വർമ കോയിത്തമ്പുരാൻ എഴുതിയ ‘കാന്താരതാരക’ വ്യാഖ്യാനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ശിരോമണി ദേശമംഗലം രാമവാര്യരുടെ ‘നളചരിതം ആട്ടക്കഥ’ (മാതൃഭൂമി പ്രിന്റിംഗ് & പബ്ലിഷിംഗ് കമ്പനി, 1945) എന്ന പുസ്തകത്തിന്റെ അവതാരികയിൽ ശ്രീ.കുട്ടിക്കൃഷ്ണമാരാർ ‘കാന്താരതാരക’ കർത്താവിന്റെ അഭിപ്രായത്തെ പിന്താങ്ങിക്കൊണ്ടാണ് എഴുതിയിട്ടുള്ളത്. പക്ഷെ ദേശമംഗലം ഈ അഭിപ്രായത്തോട് യോജിക്കുന്നില്ല എന്നും അദ്ദേഹത്തിന്റെ പക്ഷം മറിച്ചാണെന്നും മാരാർ തന്നെ ഇവിടെ രേഖപ്പെടുത്തിയിട്ടും ഉണ്ട്. ‘നൈഷധീയചരിത’കർത്താവ് ശ്രീഹർഷൻ ഇന്ദ്രാദികളെ ദമയന്തീ കാമുകന്മാരായി ചിത്രീകരിച്ചെഴുതിയതിനോട് ശക്തമായ വിയോജിപ്പും ശ്രീ. മാരാർ രേഖപ്പെടുത്തിയിട്ടുണ്ട് (‘നളചരിതത്തിലൂടെ’-കുട്ടിക്കൃഷ്ണ മാരാർ, മാരാർ സാഹിത്യപ്രകാശം, ജനുവരി 2010). അതുപോലെ വഴക്കിനൊന്നും ഇടവരുത്താതെ സ്വയംവരം ഭംഗിയായി നടത്തിക്കൊടുക്കുവാൻ ആ ദേവർഷി ഇന്ദ്രാദികളെ പ്രേരിപ്പിക്കുന്നു എന്ന് വിദ്വാൻ എ. ഡി. ഹരിശർമമ ‘നളചരിതം കഥകളി: രണ്ടാം ദിവസത്തെ കഥ (പരിഷന്മുദ്രണാലയം, എറണാകുളം, ഫെബ്രുവരി 1957) എന്ന തന്റെ പുസ്തകത്തിന്റെ അവതാരികയിൽ എഴുതിക്കാണുന്നു. ഈ വിഷയത്തെക്കുറിച്ച് പ്രഗൽഭരായ മിക്ക ഭാഷാപണ്ഡിതന്മാരും കഥകളിപണ്ഡിതന്മാരും ശ്രീ. രാജരാജവർമ കോയിത്തമ്പുരാന്റെ അഭിപ്രായത്തെ പിന്താങ്ങിക്കൊണ്ടാണ്‌ പിൽക്കാലത്ത് എഴുതിക്കാണുന്നത്.

നളചരിതത്തിലെ ഇന്ദ്രവിഷയത്തിൽ നമ്മുടെ പ്രശസ്ത സാഹിത്യപണ്ഡിതന്മാരിൽ പലരും ‘കാന്താരതാരക’ കർത്താവിന്റെ പിന്നിൽ അണിനിരക്കുമ്പോഴും ദേശമംഗലം രാമവാര്യരെപ്പോലെ ചുരുക്കം ചിലർ വിയോജിക്കുന്നതെന്തുകൊണ്ടാണ്? നേരർത്ഥം പറയാൻ കഴിയാത്ത ഒരു സാഹിത്യപ്രഹേളികയുടെ പ്രശ്നമാണോ ഇത്? അതോ വ്യാഖ്യാനത്തിന്റെ പരിമിതിയോ? മഹാപണ്ഡിതന്മാരാൽ ചർവിതചർവണം ചെയ്യപ്പെട്ട ഒരു സാഹിത്യവിഷയത്തെക്കുറിച്ചു അല്പജ്ഞാനിയായ ഞാൻ എന്തെങ്കിലും എഴുതിയാൽ അത് അവിവേകം ആകുമോ? അങ്ങിനെ തോന്നുന്ന പക്ഷം സഹൃദയരായ വായനക്കാർ എന്നോട് ക്ഷമിക്കണം. പക്ഷെ നളചരിതം ആട്ടക്കഥ വായിച്ചപ്പോൾ, കോയിത്തമ്പുരാനും അദ്ദേഹത്തിന്റെ പിൻഗാമികളും പറഞ്ഞ ചില അഭിപ്രായങ്ങൾ ഒരു പുരാണകഥയുടെ സദുദ്ദേശപരമായ ഇതിവൃത്തത്തിനു ചേർന്നതാണെന്നു തോന്നുമെങ്കിലും, ആട്ടക്കഥയുടെ രചനാരീതിയുമായി യോജിക്കുന്നില്ലെന്ന് തോന്നി. അതൊന്നു പ്രകടിപ്പിക്കുക മാത്രമാണെന്റെ ലക്ഷ്യം.

പുരാണകഥാപാത്രങ്ങളെക്കുറിച്ചു ഭാരതീയരായ നമ്മുടെയൊക്കെ മനസ്സിൽ രൂഢമൂലമായ ചില വിശ്വാസങ്ങൾ ഉണ്ട്, ധാരണകൾ ഉണ്ട്. ഇന്ദ്രാദിദേവന്മാർ നിഗ്രഹാനുഗ്രഹശക്തിയുള്ളവരാണ് ; അവർ കരുണാമൂർത്തികളാണ്, പക്ഷെ നമ്മെ ശരിക്കും പരീക്ഷിച്ചിട്ടെ അവർ അനുഗ്രഹിക്കൂ; അവരുടെ ചെയ്തികൾ എന്തുതന്നെയായിരുന്നാലും അതിൽ ദേവപരിവേഷം ദർശിക്കണം; മറിച്ചെന്തെങ്കിലും ചിന്തിച്ചാൽ അത് ദേവനിന്ദയാകും, പാപമാകും – ഇങ്ങനെ പോകുന്നൂ നമ്മുടെ രക്തത്തിലലിഞ്ഞു ചേർന്നിട്ടുള്ള വിശ്വാസപ്രമാണങ്ങൾ. സാന്ദർഭികമായി നാരദ-ദേവഗുണങ്ങൾ നളകഥയിൽ പ്രയോജനപ്പെടുത്തുന്നുണ്ടെന്നുള്ളതല്ലാതെ, ഈ കഥാപാത്രങ്ങളുടെ ദിവ്യപരിവേഷത്തിനു വിശേഷ പ്രാധാന്യം നൽകിക്കൊണ്ടാണ് വ്യാസനോ ഉണ്ണായി വാര്യരോ തങ്ങളുടെ നളകഥ രചിച്ചിട്ടുള്ളതെന്നു തോന്നാൻ പ്രേരിപ്പിക്കുന്ന ഒരു വരിയും ഈ കാവ്യങ്ങളിൽ എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല എന്ന് പറയട്ടെ. പക്ഷെ നാരദന്റെയും ഇന്ദ്രാദികളുടെയും ചെയ്തികളെയെല്ലാം വലിയ ഒരു ദേവപരിവേഷത്തോട് ചേർത്തു നിർത്തി, പ്രത്യേക പ്രാധാന്യം നൽകിക്കൊണ്ടാണ്, ‘കാന്താരതാരക’ കർത്താവും മറ്റുള്ളവരും വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഈ വ്യാഖ്യാനങ്ങളുടെ ബലക്കുറവും ഇക്കാരണം കൊണ്ടാണെന്നാണ് എന്റെ പക്ഷം. പുരാണ കഥാപാത്രങ്ങളുടെ ദിവ്യപരിവേഷം തൽക്കാലം ഒന്ന് മാറ്റിവച്ചു, സ്വതന്ത്രരായി നാം നളചരിതം ആട്ടക്കഥയെ ഒന്ന് അപഗ്രഥിക്കാൻ ശ്രമിച്ചാൽ, പുരാണകഥാപാത്രങ്ങൾക്ക് അർഹമായ ആദരവ് നൽകിക്കൊണ്ട് തന്നെ, അവരുടെ ബലഹീനതകളും നന്മകളും തന്റെ കഥാസൃഷ്ടിയുടെ തിളക്കം വർധിപ്പിക്കാൻ പ്രയോജനപ്പെടുത്തുന്ന ഉണ്ണായിവാര്യരുടെ അനിതരസാധാരണമായ കാവ്യരചനാവൈഭവം നേരിട്ടനുഭവിക്കാൻ കഴിയും. നളചരിതം ആട്ടക്കഥയിൽ നാം ഇതുവരെ കാണാതെ കിടന്നിരുന്ന പല പച്ചപ്പുകളും അപ്പോൾ തെളിഞ്ഞു വരുന്നത് കാണാം.

പത്തു മുന്നൂറു വർഷങ്ങൾക്കു മുൻപ് നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന ഇരുണ്ട സാമൂഹ്യപശ്ചാത്തലത്തിൽ നിന്നു കൊണ്ട്, ദേവന്മാരെപ്പോലും വിമർശിക്കാൻ പോന്ന കഴിവുള്ള ദമയന്തിയെപ്പോലൊരു സ്ത്രീകഥാപാത്രത്തെ സൃഷ്ടിച്ച ഉണ്ണായി; പ്രാകൃതനായ ഒരു കാട്ടാളനെക്കൊണ്ട് ‘എത്ര ആഭിജാത്യചിന്തയുള്ള ആളായാലും പ്രാണൻ അപകടത്തിലാകുമ്പോൾ ജാതിയൊന്നും നോക്കാതെ സഹായം തേടാം (പാതിച്ചോർക്കും പ്രാണാപായേ ജാതിചോദ്യം വേണ്ടാ തൊടുവാൻ‍)’ എന്ന് പരിഹാസപൂർവ്വം പറയിക്കുന്ന ഉണ്ണായി, ഒരു സാധാരണ കവിയല്ലെന്നത് തീർച്ചയാണ്. ഇങ്ങിനെ നോക്കുമ്പോൾ നളചരിത കഥാപാത്രങ്ങളുടെ പാത്രാവിഷ്ക്കാരത്തിൽ ചില അസാധാരണത്വങ്ങൾ പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു. ദിക്പാലകന്മാരെ ഉണ്ണായിവാരിയർ എങ്ങിനെയാണ് ആട്ടക്കഥയിൽ അവതരിപ്പിച്ചിരിക്കുന്നതെന്നു നോക്കാം.

(തുടരും)


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder