|

വൈയ്ക്കം തങ്കപ്പന്‍പിള്ള

മണി, വാതുക്കോടം

August 8, 2014

ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും മുതിര്‍ന്ന കഥകളിഗായകനാണ് ശ്രീ വൈയ്ക്കം തങ്കപ്പന്‍പിള്ള. ശാരീരഗുണം കുറവാണെങ്കിലും ധാരാളം കഥകള്‍ തോന്നുകയും ഉറച്ചചിട്ട ഉള്ളതുമായ ഒരു ഗായകനാണിദ്ദേഹം. വടക്കന്‍ ചിട്ടയും തെക്കന്‍ ചിട്ടയും പഠിക്കുകയും പാടുകയും ചെയ്തിട്ടുണ്ട് തങ്കപ്പന്‍പിള്ള.

കോട്ടക്കല്‍ വാസുനെടുങ്ങാടി, കോട്ടക്കല്‍ ഗോപാലക്കുറുപ്പ്, കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് തുടങ്ങിയ ഉത്തരകേരളത്തിലെ ഗായകരോടോപ്പവും, ചെമ്പില്‍ വേലപ്പന്‍പിള്ള, ചേര്‍ത്തല കുട്ടപ്പക്കുറുപ്പ്, തകഴി കുട്ടന്‍പിള്ള തുടങ്ങിയ ദക്ഷിണകേരളത്തിലെ ഗായകര്‍ക്കൊപ്പവും, വൈക്കം തങ്കപ്പന്‍പിള്ള ധാരാളമായി പാടിയിട്ടുണ്ട്. വൈയ്ക്കത്ത് വെലിയകോവിലകത്ത് ഗോദവര്‍മ്മ തമ്പുരാന്റേയും വെച്ചൂര്‍ നാഗുവള്ളില്‍ മാധവിയമ്മയുടേയും പുത്രനായി 1099 തുലാം 28ന് തങ്കപ്പന്‍ ഭൂജാതനായി.

പിതാവായ ഗോദവര്‍മ്മ ‘സദാരം’ നാടകത്തില്‍ ‘കാമപാലന്റെ’ വേഷംകെട്ടി പ്രശസ്തനായ ആളായിരുന്നു. അദ്ദേഹത്തിന്റെ പ്രകടനം കണ്ട് തൃപ്തനായ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് തിരുമനസ്സുകൊണ്ട് ഇരുകൈകളിലും വീരശൃഘല അണിയിച്ച് ആദരിക്കുകയും, ‘കാമപാലന്‍ തമ്പാന്‍’ എന്ന് നാമം കല്‍പ്പിച്ച് വിളിക്കുകയും ഉണ്ടായിട്ടുണ്ട്. തങ്കപ്പനിലെ സംഗീതവാസന തിരിച്ചറിഞ്ഞ അച്ഛന്‍ ചേറുപ്രായത്തില്‍ തെന്നെ സംഗീതം പഠിപ്പിക്കുവാന്‍ ഏര്‍പ്പാടാക്കി. ഇങ്ങിനെ തങ്കപ്പന്‍പിള്ള ഏതാണ് എട്ടുവര്‍ഷത്തോളം കര്‍ണ്ണാടകസംഗീതം അഭ്യസിച്ചു. ശ്രീ വൈയ്ക്കം ശിവരാമകൃഷ്ണ അയ്യര്‍ ആയിരുന്നു ഗുരു. 

 പിന്നീട് തങ്കപ്പന്‍ 1121മുതല്‍ ശ്രീ ചെമ്പില്‍ വേലപ്പന്‍പിള്ളയാശാന്റെ കീഴില്‍ കഥകളി സംഗീതം അഭ്യസിച്ചു തുടങ്ങി. സോപാനവഴിയില്‍ തന്നെ കഥകളിസംഗീതം ആലപിക്കുന്ന ഗായകനായിരുന്നു വേലപ്പന്‍പിള്ള. കുറച്ചു കാലത്തിനു ശേഷം തങ്കപ്പന്‍പിള്ള ധാരാളമായി കളികള്‍ക്ക് പങ്കെടുക്കുവാനും പലര്‍ക്കും ശിങ്കിടി പാടുവാനും ആരംഭിച്ചു. പള്ളിപ്പുറം കേശവന്‍‌നായരുടേയും വെച്ചൂര്‍ ഗോപാലപിള്ളയുടേയും കളിയോഗങ്ങളായിരുന്നു ആ കാലത്ത് ഈ പ്രദേശത്ത് കളികള്‍ നടത്തിയിരുന്നത്. വെച്ചൂര്‍ ഗോപാലപിള്ള ഒരു കളരിയും നടത്തിയിരുന്നു. അതില്‍ പ്രധാന ആശാന്‍ ശ്രീ കലാമണ്ഡലം കൃഷ്ണന്‍‌കുട്ടി പൊതുവാള്‍ ആയിരുന്നു.

 പിന്നീട് പൊതുവാളാശാന്റെ നിര്‍ദ്ദേശാനുസ്സരണം തങ്കപ്പന്‍പിള്ള കോട്ടക്കല്‍ നാട്ട്യസംഘം കളരില്‍ ചേര്‍ന്നു. അവിടെ ഗോപാലക്കുറുപ്പിനോടും ഉണ്ണികൃഷ്ണക്കുറുപ്പിനോടുമൊപ്പമാണ് തങ്കപ്പന്‍പിള്ള അധികവും പാടിയത്. ആ കാലത്ത് വാസുനെടുങ്ങാടി ആയിരുന്നു കോട്ടക്കലിലെ മുതിര്‍ന്ന സംഗീതാദ്ധ്യാപകന്‍. കുഞ്ചുനായരാശാന്‍ പ്രധാനാദ്ധ്യാപകനും കോട്ടക്കല്‍ കൃഷ്ണന്‍‌കുട്ടിനായരാശാന്‍ അദ്ധ്യാപകനും(വേഷം) ആയിരുന്ന അന്നത്തെ കളരിയില്‍ കോട്ടക്കല്‍ കുട്ടന്‍‌മാരാര്‍,ചെറിയ കുട്ടന്‍‌മാരാര്‍(ചെണ്ട), പാലൂര്‍ അച്ചുതന്‍, കോട്ടക്കല്‍ ശങ്കരനാരായണന്‍(മദ്ദളം) എന്നിവരായിരുന്നു മറ്റ് അദ്ധ്യാപകര്‍.

ഇങ്ങിനെ ഒന്‍പത് വര്‍ഷങ്ങളോളം കോട്ടക്കല്‍ കളരിയില്‍ പ്രവര്‍ത്തിച്ചതോടെ കറതീര്‍ന്ന കഥകളിപാട്ടുകാരനായി തീര്‍ന്നു വൈയ്ക്കം.  കോട്ടക്കലില്‍ നിന്നും തിരിച്ചെത്തിയ ഇദ്ദേഹം തകഴികളിയോഗത്തില്‍ അംഗമായി തകഴിയില്‍ താമസിച്ചു. ഈ കാലത്ത് തകഴികുട്ടന്‍പിള്ളക്കൊപ്പം ധാരാളം അരങ്ങുകളില്‍ പാടി. തങ്കപ്പന്‍പിള്ള 1136മുതല്‍ കളിയോഗം പിരിച്ചുവിടുന്നതുവരെ തിരുവനന്തപുരം വലിയകൊട്ടാരം കളിയോഗത്തില്‍ അംഗമായിരുന്നു.

1150മുതല്‍ തങ്കപ്പന്‍പിള്ള അനുജനായ പുരുഷോത്തമനുമായി ചേര്‍ന്ന് പാടിത്തുടങ്ങി. ‘വൈക്കം സഹോദരന്മാര്‍’ എന്നപേരില്‍ ഇവര്‍ പിന്നീട് പ്രശസ്തരായി തീര്‍ന്നു. പുരുഷോത്തമന്‍പിള്ള കലാമണ്ഡലത്തിലും കുച്ചുകാലം സദനത്തിലും കഥകളിവേഷം പഠിച്ചിട്ടുണ്ട്. പിന്നീട് പാട്ടിലേക്കുമാറിയ ഇദ്ദേഹം ജന്മവാസനയാലും ശാരീരഗുണംകൊണ്ടും കഥകളിപാട്ടില്‍ തങ്കപ്പന്‍പിള്ളക്ക് സമാനനായി തീര്‍ന്നു.

തിരുവിതാങ്കൂറില്‍ പ്രശസ്തരായി തീര്‍ന്ന വൈക്കംസഹോദരന്മാര്‍ കേരളത്തിന്റെ ഇതരഭാഗങ്ങളിലും, കൃഷ്ണന്‍‌കുട്ടിപൊതുവാള്‍ പ്രധാനിയായി വെള്ളിനേഴിയില്‍ നടന്നിരുന്ന ‘സഹൃദയസംഘ’ത്തിനൊപ്പം ഇന്ത്യയുടെ വിവിധഭാഗങ്ങളിലും നടന്ന കളികള്‍ക്കും പാടുകയുണ്ടായിട്ടുണ്ട്. മാങ്കുളം വിഷ്ണുനമ്പൂതിരി കീരിക്കാട്ട് നടത്തിയിരുന്ന ‘സമസ്തകേരള കഥകളി വിദ്യാലയ’ത്തില്‍ തങ്കപ്പന്‍പിള്ളയാശാന്‍ പതിമൂന്ന് വര്‍ഷം സംഗീതാദ്ധ്യാപകനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. വൈയ്ക്കം രാജശേഖരന്‍ രചിച്ച ‘അര്‍ജ്ജുനവിഷാദവൃത്തം’ ആട്ടകഥയിലെ പദങ്ങള്‍ ചിട്ടപ്പെടുത്തിയതും, ആദ്യമായി ഈ കഥ അരങ്ങില ആലപിച്ചതും തങ്കപ്പന്‍പിള്ളയാണ്. വളരെകാലമായി സായിഭക്തനായ തങ്കപ്പന്‍പിള്ളഭാഗവതര്‍ ഏതാനം വര്‍ഷങ്ങള്‍ക്കുമുന്‍പ് വരേ സ്തിരമായി എല്ലാവര്‍ഷവും പുട്ടപര്‍ത്തിയില്‍ പോകാറുണ്ടായിരുന്നു.

1149ല്‍ പുട്ടപര്‍ത്തിയെത്തിയപ്പോള്‍ സായിബാബയുടെ സമക്ഷം പാടുകയും അദ്ദേഹത്തില്‍ നിന്നും സമ്മാനം ലഭിക്കുകയും ഉണ്ടായിട്ടുണ്ട്. അതാണ് ഇദ്ദേഹത്തിനു ലഭിച്ച ആദ്യ സമ്മാനം. 1987ല്‍ കലാദര്‍പ്പണം പുരസ്ക്കാരവും, കൊല്ലം കഥകളിക്ലബ്ബിന്റെ പുരസ്ക്കാരവും, 1989ല്‍ ആലപ്പുഴക്ലബ്ബിന്റെ പുരസ്ക്കാരവും നേടിയ ഈ മുതിര്‍ന്ന കഥകളിഗായകനെ 2007ല്‍ കേരള സംഗീത-നാടക അക്കാദമി ‘ഗുരുപൂജ പുരസ്ക്കാരം’ നല്‍കി ആദരിക്കുകയും ഉണ്ടായി. കഥകളിസംഗീതത്തില്‍ ഭ്രമിക്കുകയും, അതില്‍ അഭിരമിച്ച് ജീവിക്കുകയും ചെയ്ത ഇദ്ദേഹത്തിന്റെ ശേഷജീവിതത്തില്‍ ആയുരാരോഗ്യസൌഖ്യങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട്, ഈ തലമുതിര്‍ന്ന കലാകാരനുമുന്നില്‍ പ്രണമിച്ചുകൊള്ളുന്നു.

Similar Posts

  • കിള്ളിക്കുറിശ്ശിമംഗലത്തെ രണ്ടാം ദിവസം

    രവീന്ദ്രനാഥ് പുരുഷോത്തമൻ November 3, 2015 ഇന്ന്  വിശ്വകലയായി തീർന്നിരിക്കുന്ന, കേരളത്തിന്റെ തനതുകലയായ കഥകളിയുടെ വളർച്ചയ്ക്ക് പ്രതിഭാധനരായ ഒട്ടനവധി ആചാര്യന്മാരുടെയും, വള്ളത്തോളിനെപ്പോലുള്ള ആസ്വാദക വരേണ്യരുടേയും സ്തുത്യർഹമായ പങ്കുപോലെതന്നെ അവിസ്മരണീയമാണ് നാട്ടിലുടനീളവും, ചില വിദേശ രാജ്യങ്ങളിലുമുള്ള ക്ലബ്ബുകളുടെ സംഭാവനകളും.  ആട്ടക്കഥ, കഥകളി, അഭിനയം, മുദ്രകൾ അങ്ങനെ ഈ കലാരൂപവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, സാധാരണക്കാർക്കു  കൂടി മനസ്സിലാവുന്ന തരത്തിൽ പരിചയപ്പെടുത്തുവാൻ കഥകളി ക്ലബ്ബുകൾ സ്വീകരിച്ചു വരുന്ന നടപടികൾ ശ്ലാഘനീയമാണ്. പ്രചുരപ്രചാരം നേടിയവ കൂടാതെ ഇന്ന്  അരങ്ങിൽ വളരെ വിരളമായി അവതരിപ്പിച്ചു…

  • നാട്ടമ്പലവും നാട്യഗൃഹവും

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 14 ശ്രീവത്സൻ തീയ്യാടി October 12, 2013 കാൽ നൂറ്റാണ്ടെങ്കിലും മുമ്പാവണം. പെരുമഴക്കാലം. ബസ്സിലെ പിൻസീറ്റിൽ ‘കിളി’യുടെ സ്വന്തമിടത്തിന് ചേർന്നുള്ള ചില്ലുചീളിലൂടെ കിട്ടി ഒരീറൻ ദർശനം. തുള്ളിയിളകി പോവുന്ന തൂതപ്പുഴ. പാലത്തിനു മീതെ കടാകുടു ഓടിക്കൊണ്ടിരുന്ന ശകടം ലേശനേരം പുറത്തേക്ക് എറിഞ്ഞിട്ടുതന്ന കാഴ്ച. ആകെ നനഞ്ഞിരുന്ന ഇരിപ്പിൽ അക്കരപറ്റിയപ്പോൾ പെട്ടെന്ന് തോന്നി: ഒരുനാൾ വാഴേങ്കട പോവണം. പെരിന്തൽമണ്ണ-ചെർപ്ലശ്ശേരി യാത്രാമദ്ധ്യേ മലപ്പുറം, പാലക്കാട് ജില്ലകളെ വകഞ്ഞുപുളയുന്ന നദി മനസ്സിലയച്ച കളിത്തോണി. രണ്ടു കൊല്ലം…

  • ചില പ്രശസ്ത പദങ്ങളും രാഗങ്ങളും

    നന്ദകുമാർ ചെറമംഗലത്ത് June 5, 2011 പ്രധാന പദങ്ങളും രാഗവും. 1.0    ശങ്കരാഭരണം 1.        പ്രീതിപുണ്ടരുളുകയേ                                നളചരിതം ഒന്നാം ദിവസം 2.        കത്തുന്ന വനശിഖി മദ്ധ്യഗനാരെടോ       നളചരിതം മൂന്നാം ദിവസം 3.        സൂതകുലാധമ നിന്നൊടിദാനീം             കീചകവധം 4.        പുണ്ടരീക നയന                 കിർമ്മീരവധം 5.        പാഞ്ചാലരാജ തനയേ                 കല്ല്യാണസൗഗധികം 6.  …

  • ഉത്തരീയം അവതരിപ്പിച്ച കപ്ലിങ്ങാടൻ ശൈലിയിലുള്ള നരകാസുരവധം

    ശ്രീജിത്ത് കടിയക്കോൽ August 25, 2015 സർറിയലിസം എന്ന മൂവ്മെന്റ് സാഹിത്യത്തിൽ പ്രചാരത്തിൽ വന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ മാത്രമാണ്.അതിന് ഒരു നൂറ്റാണ്ട് മുമ്പ് തന്നെ കഥകളി സർറിയലിസത്തെ അതിവിദഗ്ധമായി അരങ്ങിൽ ആവിഷ്കരിച്ചു.സർറിയലിസ്റ്റിക്കായിട്ടുള്ള കഥാതന്തുക്കൾ തിരഞ്ഞെടുത്തു എന്നത് തന്നെയാണ് ഒരു പെർഫോമിങ്ങ് ആർട്ട് എന്ന നിലയിൽ കഥകളിയുടെ വിജയവും.ധാരാളം പരിമിതികൾക്കിടയിൽ സ്റ്റേജിൽ അവതരിപ്പിക്കുന്ന ഒരു കലാരൂപം എന്ന നിലയിൽ നൃത്തത്തിന്റേയും നൃത്ത്യത്തിന്റേയും സാധ്യതകൾ പരമാവധി ചൂഷണം ചെയ്യുന്ന കഥകൾ അവതരിപ്പിക്കുമ്പോളാണ് ആസ്വാദനം കൂടുതൽ നന്നാവുന്നതും. അതിന്…

  • |

    അന്തരീക്ഷം, അത് താനെയുണ്ടാവും

    വെണ്മണി ഹരിദാസ് സ്മരണ – 4(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) കോട്ടക്കൽ പി.ഡി. നമ്പൂതിരി July 3, 2017 ഹരിദാസേട്ടന്റെ കൂടെ പാടുമ്പം വേറൊന്നും ശ്രദ്ധിക്കാൻ തോന്നില്ല. സ്റ്റേജില് വേഷക്കാരൻ ചെയ്യുന്നതെന്താണെന്ന് നോക്കുകല്ലാണ്ട് വേറൊന്നും ശ്രദ്ധിക്കാൻ പറ്റില്ല. ഈ പാട്ടിങ്ങനെ ഞാനാസ്വദിക്കും. പിന്നെയത് പാടാൻ ശ്രമിക്കും. ഇതു മാത്രമാണ് പാട്ടുകഴിയുന്നതു വരെ. വേറൊരു ചിന്തയില്ലാന്നുള്ളതാ. വേറാരു പാടുകാണെങ്കിലും ഒന്നങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ നോക്കാം. ഇതതു പറ്റില്ല. പുള്ളീടെ പാട്ടിന്റെ കേമത്തരമതാ. നമുക്കതു മാത്രേ ശ്രദ്ധിക്കാൻ തോന്നൂ. അത്ര… ഒരു…

  • ഹംസേ സുവർണ്ണ സുഷമേ…

    ഹേമാമോദസമാ – 16 ഡോ. ഏവൂർ മോഹൻദാസ് July 20, 2014 നളചരിതം ആട്ടക്കഥയിലെ മനുഷ്യരല്ലാത്ത, എന്നാൽ മനുഷ്യരെപ്പോലെ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന രണ്ടു ജന്തു കഥാപാത്രങ്ങളാണ് ഹംസവും കാർക്കോടകനും. ഇതിൽ ഹൃദയാവർജ്ജകമായ അരങ്ങവതരണ സാദ്ധ്യതകൾ കൊണ്ടും ആലാപന സുഭഗവും സാഹിത്യസമ്പുഷ്ട്ടവുമായ പദസഞ്ചയങ്ങൾ കൊണ്ടും അനുവാചക ഹൃദയങ്ങളിൽ ലബ്ദപ്രതിഷ്ഠ നേടിയിട്ടുള്ള ജീവസ്സുറ്റ  കഥാപാത്രമാണ് സൌവർണ്ണ ഹംസം. മഹാഭാരതം വനപർവത്തിലെ ‘നളോപാഖ്യാന’ത്തിൽ ‘ഹംസദമയന്തീസംവാദ’മെന്ന ഹൃസ്വമായ അദ്ധ്യായത്തിൽ ഏതാനും വരികളിലായി അവതരിപ്പിക്കപ്പെടുന്ന തരതമ്യേന പ്രാധാന്യം കുറഞ്ഞ ഒരു കഥാപാത്രം മാത്രമാണ്…

മറുപടി രേഖപ്പെടുത്തുക