തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ പ്രഹ്ലാദചരിതം 

സേതുനാഥ്

May 24, 2011

2011 മേയ് 23 നു ആന്റ്സ് മീഡിയ തീയറ്റര്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം തീര്‍ഥപാദമണ്ഡപത്തില്‍ മടവൂര്‍ കേളുവാശാന്‍ രചിച്ച പ്രഹ്ലാദചരിതം കഥകളി നടന്നു.
ഹിരണ്യകശിപുവായി ശ്രീ കലാമണ്ഡലം മനോജും ശുക്രാചാര്യരായി ശ്രീ മാര്‍ഗി സുരേഷും പ്രഹ്ലാദനായി മാസ്റ്റര്‍ അര്‍ജുന്‍ സുബ്രഹ്മണ്യനും നരസിംഹമായി ശ്രീ കോട്ടയ്ക്കല്‍ ദേവദാസും വേഷമിട്ടു. ശുക്രശിഷ്യന്മാരായും ചണ്ഡാമര്‍ക്കന്മാരായും  പുളിയൂര്‍ക്കോട് ഹരിയും കല്യാണകൃഷ്ണനും മാര്‍ഗ്ഗി രവീന്ദ്രന്‍പിള്ളയും വേഷമിട്ടു. ശ്രീ സദനം ശിവദാസും ശ്രീ കലാമണ്ഡലം വിഷ്ണുവും യഥാക്രമം പൊന്നാനിയും,ശിങ്കിടി ഗായകരായിരുന്നു. ചെണ്ടയില്‍ ശ്രീ കലാമണ്ഡലം കൃഷ്ണദാസും കലാനിലയം കൃഷ്ണകുമാറും  മദ്ദളത്തില്‍ കലാമണ്ഡലം രവീന്ദ്രനും ശ്രീകണ്ടേശ്വരം മോഹനചന്ദ്രനും മേളമൊരുക്കി.

“രാജല്‍ പല്ലവ പുഷ്പസാലകലിതഅ വാസാദി മോദോല്ലസല്‍” എന്നു തുടങ്ങുന്ന ശ്ലോകത്തിന്റെ അവസാനത്തോടെ ഹിരണ്യകശ്യപുവിന്റെ തിരനോക്ക് ആരംഭിച്ചു. രാജസപ്രൗഢി നിറഞ്ഞു നില്‍ക്കുന്ന ഗാംഭീര്യവും ഒതുക്കവും ഒത്തിണങ്ങിയ കത്തിയുടെ തിരനോക്കായിരുന്നു ഹിരണ്യക‌ശ്യപുവിന്റേത്. വീരരസം ‌‌സ്ഥായിയായി നിര്‍ത്തി താഴ്ന്ന് നിന്നുള്ള നോട്ടവും തിരനോക്കിന്റെ അവസാനത്തില്‍ പട്ടുത്തരീയം കൊണ്ടുള്ള ക്രമേണയുള്ള ചുരുക്കലില്‍ കണ്ട ഒതുക്കവും; പ്രത്യേകിച്ച് ഇരുകൈകളും തമ്മിലുള്ള അകലം കുറച്ച് നിര്‍ത്തിയുള്ള ചുരുക്കലും തിരനോട്ടം കൂടുതല്‍ ആസ്വാദ്യകരമാക്കി.

തിരനോട്ടത്തിനു ശേഷം ഹിരണ്യകശ്യപുവിന്റെ തന്റേടാട്ടം. ഇരിപ്പിടത്തില്‍ ഇരുന്ന് സൗഖ്യം നടിച്ച് ചിട്ടപ്രകാരമുള്ള ആട്ടമാണ്. “എനിക്കേറ്റം സുഖം ഭവിച്ചു.” എന്നു തുടങ്ങുന്നത്. എല്ലാ ത‌മോഗുണ കഥാപാത്രങ്ങളും ആടുന്നതാണെങ്കിലും ചിലരെങ്കിലും ഇതാടുന്നത് കാണുമ്പോള്‍ എന്തോ ഒരു ആസ്വാദ്യത തോന്നാറുണ്ടല്ലോ. അത് ഇവിടെ ശ്രീ മനോജിന്റെ ഹിരണ്യകശ്യപുവന്റ്റെ ആട്ടത്തിനായി. കാരണം മറ്റൊന്നല്ല. ചടുലതയോടും വൃത്തിയോടും ഉള്ള മുദ്രകളും പടം ചെരിച്ചുള്ള ചുവടുകളും താഴ്ന്നു നിന്നാടുമ്പോഴുള്ള ഭംഗിയും തന്നെ. ചിട്ടപ്രകാരമുള്ള ആട്ടത്തിന്റെ ഒടുവില്‍ തന്റെ സഹോദരനായ ഹിരണ്യാക്ഷനെ വരാഹാതാരം പൂണ്ട് വിഷ്ണൂ വധിച്ചതും സ്വതവേ ദേവവൈരിയായ തനിക്ക് വിഷ്ണു ആത്യന്തിക ശത്രുവായിത്തീര്‍ന്നതുമായ കഥ വീരരൗദ്രഭാവങ്ങളോടെയും തനിക്ക് ലഭിച്ചിട്ടുള്ള വരലബ്ധികളും ത്രിഭുവനങ്ങളിലുള്ള ജീവജാലങ്ങള്‍ക്ക് തന്നിലുള്ള ഭയവും “ഓം ഹിരണ്യായ നമ:” മന്ത്രം പ‌രാക്രമങ്ങളിലൂടെ  സാ‌‌ര്‍‌വ്വത്രികമാക്കിയതും ഒക്കെ സഞ്ചാരീഭവങ്ങളിലുടെയും തന്മയത്വത്തോടെ ആടി ഫലിപ്പിക്കുകയും ചെയ്തു  ശ്രീ മനോജ്.  പിന്നീട് തന്റെ പുത്രനായ പ്രഹ്ലാദനെ കുലഗുരുവായ ശുക്രന്റെ ഗുരുകുലത്തില്‍ ഏല്പ്പിക്കുവാനും തീരുമാനിച്ച് രംഗം അവസാനിക്കുന്നു. ശ്രീ മനോജിന്റെ ഒരു പോരായ്മയായിത്തോന്നിയത് വീരരൗദ്രരസത്തിലുള്ള അലര്‍ച്ചകളിലാണ്. അല്പം ഇടര്‍ച്ച തോന്നിച്ചിരിന്നു. ഒരു പക്ഷേ തൊണ്ടക്ക് അത്ര സുഖമില്ലാഞ്ഞിട്ടായിരിക്കാമെന്നു കരുതുന്നു.
പ്രഹ്ലാദനെ കുലഗുരുവായ ശുക്രന്റെ ഗുരുകുലത്തില്‍ ഏല്പ്പിക്കുവാനായി എത്തുന്നതായിരുന്നു അടുത്ത രംഗം. “മാമുനിവര! തവ പാദയുഗളം വന്ദേ” എന്നു തുടങ്ങുന്ന പദത്തില്‍ “എന്നുടെ ഭുജബലം മൂന്നുലോകങ്ങളിലും മന്ദമെന്നിയേ പുകഴ്ത്തിന്നല്ലയോ മഹാമുനേ” എന്ന ഭാഗം അഹങ്കാരത്തിന്റെ പാരമ്യം നടിച്ചുകൊണ്ട് ശ്രീ മനോജ് വിസ്തരിക്കുകയുണ്ടായി. തുടര്‍ന്ന് ശ്രുക്രന്റെ “നക്തഞ്ചരാധിപ” എന്നു തുടങ്ങുന്ന പദമായിരുന്നു. ശ്രീ മാര്‍ഗി സുരേഷിന്റെ ശുക്രാചാര്യര്‍ ഉള്‍ഭയമുള്ള അസുരഗുരുവായി നന്നായി നടിച്ചു. “എന്നാല്‍ വൈകാതെ മമം നന്ദനനെകൈക്കൊണ്ടു എന്നുടയചരിത്രത്തെ നന്നായഭ്യസിപ്പിക്ക” എന്ന പദത്തോടെയും ആ രംഗത്തിലെ പദാഭിനയം അവസാനിച്ചു. തുടര്‍ന്നു ശുക്രന്‍ ശുഭമുഹൂര്‍ത്തം നിശ്ചയിച്ച് വിദ്യാഭ്യാസം തുടങ്ങാമെന്ന് ആടുകയും പ്രഹ്ലാദന്‍ ശുക്രന് ഗുരുദക്ഷിണ നല്‍കുകയും ഹിരണ്യന്‍ മകനെ പിരിയുന്ന പിതാവിന്റെ വിഷമത്തോടെ രംഗത്ത് നിന്ന് നിഷ്ക്രമിക്കുകയും ചെയ്യുന്നു. കുട്ടികളെയെല്ലാം ഹിരണ്യായ നമ ചൊല്ലാനേല്പ്പിച്ച് ശുക്രന്‍ പുറത്തേക്ക് പോകുന്നു.
പ്രഹ്ലാദന്‍ സഹപാഠികളെക്കൊണ്ട് വിഷ്ണുനാമം ചൊല്ലാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു അടുത്ത രംഗം. മാസ്റ്റര്‍ അര്‍ജുന്‍ സുബ്രഹ്മണ്യന്റെ പ്രഹ്ലാദന്‍ ശിശുസഹജമായ ഭാവഹാവാദികളോടെ തന്നെ ഭംഗിയായി “ബാല‌കന്മാരെ നിങ്ങള്‍” എന്ന പദം ആടി.”അപ്പം പഴം പാല്പായസം കെല്പ്പോടെ ലഭിക്കണമെങ്കില്‍” എന്നത് ഒരു കുട്ടിത്തം നിറഞ്ഞ ഒരു തലയാട്ടലോടെ അ‌ര്‍ജ്ജുന്‍ അവതരിപ്പിക്കുന്നത് കണ്ടു. ഒടുവില്‍ പ്രഹ്ലാദന്റെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി സഹപാഠികളും “നാരായണായ നമ:” എന്ന് ചൊല്ലിത്തുടങ്ങി. തിരികെയെത്തിയ ശുക്രാചാര്യന്‍ പ്രഹ്ലാദന്‍ തന്റെ ശിഷ്യരെയെല്ലാം നാരായണമന്ത്രം അഭ്യസിപ്പിക്കുന്നതുകൊണ്ട് കുപിതനായി “പറക പറക ദനുജരാജനന്ദന” എന്ന പദം ആടുന്നു. ദണ്ഡനങ്ങളും പ്രലോഭനങ്ങളുമൊന്നും പ്രഹ്ലാദന്റെ നാരായണഭക്തിക്ക് ഇളക്കം തട്ടിക്കാനാവുന്നില്ലന്ന്‍ കണ്ട് ശുക്രന്‍ അവനേയും കൊണ്ട് ഹിരണ്യനെക്കാണുവാന്‍ പോകാന്‍ തീരുമാനിച്ച് രംഗം വിടുന്നു.

ഹിരണ്യന്റെ കോപത്തിനു പാത്രമാവുമെന്ന പരിഭ്രത്തോടെ ശുക്രന്‍ പ്രഹ്ലാദനുമായി ഹിരണ്യകശ്യപുവിന്റെ അടുത്തെത്തുന്ന രംഗമായിരുന്നു അടുത്തത്. മകനെ കണ്ട് ആഹ്ലാദത്തോടെ ഹിരണ്യന്‍ കെട്ടിപ്പുണരുന്നു. തുടര്‍ന്ന് “ബാലക സുഖമോ തവ” എന്ന പദം. പദത്തിനിടയില്‍ മാര്‍ഗ്ഗി സുരേഷിന്റെ ശുക്രന്‍ പ്രാണഭയത്താലുള്ള പരിഭ്രമം സ്വാഭാവികമായിത്തന്നെ അവതരിപ്പിച്ചു. അര്‍ജുന്‍ സുബ്രഹ്മണ്യന്റെ പ്രഹ്ലാദന്‍ ഈ പദത്തിനിടയില്‍ മുതിര്‍ന്ന നടന്മാരുമായി സ്വാഭാവികമായി സം‌വദിക്കുന്നതിലും മികവു പുലര്‍ത്തി എന്നത് എടുത്തു പറയേണ്ടതാണ്. “ഏതൊരു വിദ്യ നിനക്കു ചേതസ്സി തെളിഞ്നിതെന്നും താതനാമെന്നോടു ചൊല്‍ക വീതസന്ദേഹം നീ വീര” എന്ന ഹിരണ്യന്റെ പദത്തിനു മറുപടിയായി
“ഈരേഴു ലോകത്തിനും കാരണനായീടുന്ന” എന്ന ചരണം പ്രഹ്ലാദന്‍ ആടുമ്പോള്‍ തന്നെ ഹിരണ്യന്‍ ആഹ്ലാദത്തോടെ ” എന്നെ.. ഈ ഹിരണ്യനെ” എന്ന് ആവര്‍ത്തിച്ച് കാണിക്കുകയും അങ്ങിനെ പറയുക എന്ന് പ്രഹ്ലാദനെ പ്രോല്‍സ്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ “നാരായണദേവനെ ആരാധിക്കയേ നല്ലൂ” എന്ന് പ്രഹ്ലാദന്‍ പറയുന്നതൊടെ ക്രൂദ്ധനായ ഹിരണ്യന്‍ ആദ്യം പ്രഹ്ലാദനേയും പിന്നെ ശുക്രനേയും ക്രോധത്തോടെ കടന്നു പിടിക്കുന്നു. “അത്ഭുതമത്ഭുതഭ്യസനം പരം” എന്ന പദമാണ് പിന്നെ. തനിക്കേറ്റവും വെറുപ്പുള്ള വചനമിങ്ങനെ ചൊല്ലുവാന്‍ കാരണമെന്തെന്ന് ശുക്രനോടാരായുന്ന ഹിര്‍ണ്യനോട് ശുക്രന്‍ ഗരുഡാസനന്റെ ദാസനായ പ്രഹ്ലാദന്റെ നാരായണനാമ വാസന്‍ കളയാന്‍ തനിക്ക് കഴിയില്ലെന്ന് പ്രാണഭയത്തോടെ പറയുന്നു. അടക്കാന്‍ വയ്യാത്ത ക്രോധത്തോടെ ഹിരണ്യന്‍ ശുക്രനെ ആട്ടിയോടിക്കുന്നു.  
ഈ ഭാഗങ്ങളില്‍ ചെണ്ട കൈകാര്യം ചെയ്തിരുന്ന ശ്രീ കലാനിലയം കൃഷ്ണകുമാറിന് ഹിരണ്യന്റെ ചടുലങ്ങളായ വട്ടം‌വെച്ചുകലാശങ്ങള്‍ക്ക് വേണ്ടും വണ്ണം കൊട്ടിനിറക്കാനായില്ല എന്നത് രൗദ്രരസത്തിന്റെ മാറ്റു കുറച്ചു.

തുടര്‍ന്ന പ്രഹ്ലാദനനെ തന്റെ അഭീഷ്ടത്തിനനുസരിച്ചു നി‌ര്‍ത്താനായി ദണ്ഡനപീഢനങ്ങള്‍ക്കായി ഹിര്‍ണ്യന്‍ കിങ്കരന്മാരെ ഏല്പ്പിക്കുന്നു.  പ്രഹ്ലാദന്റെ മനസ്സുമാറ്റാന്‍  കിങ്കരന്മാരുടെ അടവുകള്‍ക്കും പീഢനങ്ങള്‍ക്കും കഴിയുന്നില്ല. മാര്‍ഗ്ഗി രവീന്ദ്രന്പിള്ളയുടെ നേതൃത്വത്തിലുള്ള കിങ്കരസംഘം സര്‍പ്പദംശനമേല്പ്പിക്കല്‍, കിടങ്ങില്‍ തള്ളിയിടല്‍, കൈവെട്ടല്‍ തുടങ്ങിയ പീഢനമുറകള്‍ നന്നായിത്തന്നെ അവതരിപ്പിച്ചു ( ആത്മാര്‍ത്ഥതയോടെ പീഢനമേല്പ്പിക്കുന്നതിനിടയില്‍ ഒരു കിങ്കരന് വീണ് പരിക്കുപറ്റിയോ എന്ന് സംശയം). ‍ അവര്‍ തിരികെ ഹിരണ്യന്റെയടുത്തെത്തി തങ്ങളുടെ നിസ്സഹായത തുറന്നു പറയുകയും ചെയ്യുന്നു. ഹിരണ്യന്‍ അവ‌രെ ഓടിച്ച് വിട്ടിട്ട് ക്രുദ്ധനായി പ്രഹ്ലാദനു നേരെ തിരിഞ്ഞ്
“ആരെടാ ! ബലമെന്നു ചൊല്‍ക ശഠാ!” എന്ന പദം ആടുന്നു.

“മന്നിലിന്നവനേവനെങ്ങിനെ എങ്ങിതെങ്ങു കഥിക്ക നീ പരം” എന്ന് ചോദിക്കുന്ന ഹിരണ്യനോട്

“ലോകമതിലായവന്‍ ആകവേ നിറഞ്ഞവന്‍
ശ്രീകാന്തന്‍ നാരായണന്‍ മാ കുരു കോപം വൃഥാ” എന്ന് പ്രഹ്ലാദന്‍ മറുപടി പറയുന്നതോടെ അടക്കാന്‍ വയ്യാത്ത ക്രോധത്തോടെ
“തൂണിതാശുപിളര്‍ന്നിടുന്നിഹ കാണണം തവ നാഥനെ ക്ഷണം” എന്ന പദത്തൊടെ താളം മുറുകി വട്ടം തട്ടുന്നു.
(ശ്രീ കലാമണ്ഡലം കൃഷ്ണദാസും ശ്രീ കലാനിലയം കൃഷ്ണകുമാറും ഒന്നിച്ച് ചെണ്ടയിലും കലാമണ്ഡലം രവീന്ദ്രനും ശ്രീകണ്ഠേശ്വരം മോഹനചന്ദ്രനും ഒന്നിച്ച് മദ്ദളത്തിലും ഈ രംഗത്തില്‍ മേളമൊരുക്കി. ഒരു കാര്യം ശ്രദ്ധയില്പ്പെട്ടത് കലാനിലയം കൃഷ്ണകുമാറിന്റെ ചെണ്ടയുടെ ശബ്ദം (കയറിന്റെ മുറുക്കത്തിന്റെയോ മറ്റോ ആയിരിക്കണം) മേളത്തിനലോസരമേന്നോണം വേറിട്ടു നിന്നു എന്നു തോന്നി. എങ്കിലും മേലം മുറുകി ഉച്ചസ്ഥായിയിലെത്തിയതോടെ അത് ശ്രദ്ധിക്കത്തകതല്ലാതായി എന്നും പറയാം.)

ക്രുദ്ധനായ ഹിരണ്യകശ്യപു പ്രഹ്ലാദനൊട് ചോദിക്കുന്നു ഇക്കാണുന്ന തൂണിലുമുണ്ടോ നിന്റെ നാരായണന്‍ .. എന്ന്. പ്രഹ്ലാദന്‍ ഉണ്ട് എന്ന് മറുപടി പറയുന്നതോടെ വേദിയില്‍ നിന്നും ഇറങ്ങി നേരെയോടി സദസ്സിന്റെേറ്റവും പിന്നില്‍ സജ്ജികരിച്ചിരുന്ന തിരശ്ശീലയെ തൂണായി നടിച്ച് അതില്‍ വെട്ടുന്നതായി നടിക്കുന്നു. അതോടെ
“ധൂര്‍ജ്ജടീം ലോകൈക നാഥം നരസിംഹ-
മാര്‍ജ്ജവ വീര്യ പരാക്രമ വാരിധീം
അഗ്നിനേത്രാലോക വ്യാപ്ത ജിഹ്വാ മുഖ-
മഗ്നി വിഭൂതി സ്വരൂപിണമവ്യയം” എന്ന ശ്ലോകത്തിനെ അനുസ്മരിപ്പിക്കുമാറു‌ള്ള ഗാംഭീര്യഭീകരതയോടെ ആളിക്കത്തുന്ന പന്തങ്ങളുടെ വെളിച്ചത്തില്‍ നരസിംഹം പ്രത്യക്ഷപ്പെട്ടു. മുറുകിക്കുറുകി നിന്ന മേളത്തിനനുസരിച്ച് ഹിരണ്യന്‍ ഭീതിയോടെ പിന്നോട്ടും കൂര്‍ത്തുമൂര്‍‌ത്ത നഖങ്ങള്‍ ശൂലങ്ങളെന്നവണ്ണം പിടിച്ച് നരസിംഹം മുന്നോട്ടും ചുവടു വെച്ചു. കാലം മുറുകി വേദിക്കരികിലെത്തിയതോടെ ഇരുവരും വേദിയിലേക്കു കയറുകയും ന‌രസിംഹം ഹിരണ്യനെ പിടിച്ച് കിടത്തി മാറു പിളര്‍ന്ന് (വയറും പിളര്‍ന്നു കാണും. കുടല്‍ മാലയാണല്ലോ വലിച്ചെടുക്കുന്നത്) രക്തം പാനം ചെയ്തു.
നരസിംഹം മാറു വലിച്ചു കീറുന്നതിനിടയില്‍ മനോജിന്റെ ഹിരണ്യകശ്യപുവിന് അല്പം കൂടി തലപൊന്തിച്ച് മരണവെപ്രാളം കാട്ടാമായിരുന്നു എന്നു തോന്നി. അദ്ദേഹം കിടന്ന ബെഞ്ചിന്റെ സൗകര്യക്കുറവാണോ കാരണം എന്നറിയില്ല.
ഹിരണ്യവധം കഴിഞ്ഞ് അടുത്ത രംഗത്തില്‍ പ്രഹ്ലാദന്റെ “പാഹിപാഹി കൃപാനിഥേ ജയ” എന്ന സ്തുതിയോടെയും നരസിംഹത്തിന്റെ “വരിക സമീപേ വല്‍സ” എന്ന പദത്തൊടെയും തുട‌ര്‍ന്ന് നരസിംഹം പ്രഹ്ലാദനെ യുവരാജാവയി അഭിഷേകം ചെയ്യുന്നതോടെയും പ്രഹ്ലാദചരിതം സമാപിച്ചു.
പ്രഹ്ലാദന്‍ ഇരട്ടച്ചവിട്ടുകള്‍ ചവിട്ടി കലാശിച്ച് ധനാശിയെടുത്തു പിന്മാറി. ഈ രംഗമൊക്കെ എത്തിയപ്പോഴേക്കും ക്ഷീണിതനായി കാണെപ്പെട്ടെങ്കിലും അവസാന കലാശത്തില്‍ ശ്രീ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള മേളം അര്‍ജുന്‍ സുബ്രഹ്മണ്യന് പുതിയ ഒരു ഊര്‍ജ്ജം നല്‍കിയതായി അനുഭവപ്പെട്ടു. മാസ്റ്റര്‍ അര്‍ജുന്‍ സുബ്രഹ്മണ്യന്റെ നന്നായി കലാശമെടുക്കുകയും ചെയ്തു.

നരസിംഹം പ്രത്യക്ഷമാവുന്നതു മുതല്‍ ഹിരണ്യവധം വരെ ഇടക്കിടെ സ്പീക്കറിലൂടെ സിംഹത്തിന്റെ അലര്‍ച്ചയും കേട്ടിരുന്നു. (മൃഗശാലയില്‍ നിന്നും ഞാന്‍ സ്ഥിരമായി കേള്‍ക്കുന്ന സിംഹത്തിന്റെ ശബ്ദം പോലെ ഒന്ന്) ഒരാള്‍ മൈക്കിനരികില്‍ നിന്ന് ചെയ്യുന്നതാണെന്നും അതല്ല റെക്കോഡഡ് ശബ്ദമാണെന്നും രണ്ടു പക്ഷം കേട്ടു. കളി കാണുന്ന ശ്രദ്ധയിലും ഫോട്ടൊ എടുക്കുന്നതിനിടയിലും അത് മനസ്സിലാക്കാന്‍ സാധിച്ചില്ല. എന്തായാലും അത് കളിയില്‍ ഒരു കല്ലുകടിയായില്ല എന്നു മാത്രമല്ല കുറച്ചൊരു എഫക്ടുള്ളതായും തോന്നി. കുടല്‍മാല സപ്ലൈ ചെയ്യാന്‍ പതിവുപോലെ അണിയറയിലെ ഒരാള്‍ നരസിംഹത്തിന്റെ ഇടതു ഭാഗത്തുണ്ടായിരുന്നു. ഹിരണ്യന്റെ അരപ്പട്ടക്കുള്ളില്‍ വെക്കാവുന്ന ഈ സാധനം ശരിക്കും കളിക്കിടയില്‍ ഒരാള്‍ കൊണ്ടുക്കൊടുക്കുന്നത് രസം കൊല്ലും എന്ന് തോന്നി. ഒരുപാട് നന്നായ ഒരു കളിയെ ഈ ഒരു കാരണം കൊണ്ട് കുറ്റം പറയുന്നതു മഹാപരാധമാണ്. ഇനി ഇത്തരം കളി സംഘടിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കാമല്ലോ എന്നു കരുതി സൂചിപ്പിച്ചതാണ്.    ശ്രീ കോട്ടക്കല്‍ ദേവദാസ് ആയിരുന്നു നരസിംഹമായി വേഷമിട്ടത്. രൗദ്രഭാവത്തിന്റെ ഉന്നതമായ പ്രകറ്റനം കൊണ്ടും തേപ്പിന്റെ ഭംഗി കൊണ്ടും ചുട്ടി ഒരുക്കിയ ശ്രീ മാര്‍ഗ്ഗി രവീന്ദ്രന്‍പിള്ളയുടെ  കര്‍മ്മകുശലതകൊണ്ടും സംഘാടകര്‍ ഒരുക്കിയ വെളിച്ചത്തിന്റെ നിയന്ത്രണങ്ങള്‍ കൊണ്ടും ശ്രീ കോട്ടക്കല്‍ ദേവദാസിന്റെ നരസിംഹം മറക്കാനാവാത്ത ഒരനുഭവമായി മാറി എന്നു തന്നെ പറയാം. നരസിംഹത്തിന്റെ അടിവെച്ചടിവെച്ചുള്ള പ്രയാണം പ്രേക്ഷകരിലേക്കും എന്തോ ഒരു ഊര്‍ജ്ജവും ത്രില്ലും പകരുന്നതായും അനുഭവ്പ്പെട്ടു. ശ്രീ പ്രശാന്ത് നാരായണനും ശ്രീ ഏറ്റുമാനൂര്‍ കണ്ണനും അടക്കം ഒട്ടനവധി പ്രവര്‍ത്തകര്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി ഇതിനൊക്കെയൊപ്പം ഉണ്ടായിരുന്നു എന്നതും എടുത്തു പറയേണ്ടതാണ്.

ശ്രവണസുഖമുള്ള സാഹിത്യമല്ലെങ്കിലും ശ്രീ സദനം ശിവദാസും ശ്രീ കലാമണ്ഡലം വിഷ്ണുവും ഭാവമുള്‍ക്കൊണ്ടു തന്നെ പാടുകയും നടന്മാര്‍ക്ക് വലിപ്പച്ചെറുപ്പമെന്ന്യേ ശ്രദ്ധകൊടുത്ത് പാടുകയും ചെയ്തു എന്നതും പരാമ‌ര്‍ശ‌യോഗ്യമാണ്. ശ്രീ കലാമണ്ഡലം കൃഷ്ണദാസിന്റെയും ശ്രീ കലാമണ്ഡലം രവീന്ദ്രന്റേയും നേതൃത്വത്തിലുള്ള മേളം കഥയുടെ മര്‍മ്മമറിഞ്ഞ് കൊട്ടുന്നതില്‍ വിജയിക്കുകയും ഭാവം കാണികള്‍ക്ക് അനുഭവവേദ്യമാക്കിത്തീര്‍ക്കുകയും ചെയ്തു.

സാമാന്യം നിറഞ്ഞ സദസ്സിനു മുന്‍പില്‍ അവതരിപ്പിക്കപ്പെട്ട പ്രഹ്ലാദചരിതം പ്രേക്ഷകര്‍ക്കെല്ലാം പൂ‌ര്‍ണ്ണതൃപ്തി നല്‍കുന്നതായിരുന്നു. നല്ല ഒരു കളി കണ്ടു എന്ന സന്തോഷത്തോടെയായിരിക്കണം എല്ലാവരും കളി കഴിഞ്ഞ് പിരിഞ്ഞുപോയത്. ഇത്രയും നന്നായി ഒരു കഥകളി അവതരിപ്പിച്ച സംഘാറ്റകരും വിശേഷമായ പ്രശംസ അര്‍ഹിക്കുന്നു.

Similar Posts

  • |

    വൈയ്ക്കം തങ്കപ്പന്‍പിള്ള

    മണി, വാതുക്കോടം August 8, 2014 ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും മുതിര്‍ന്ന കഥകളിഗായകനാണ് ശ്രീ വൈയ്ക്കം തങ്കപ്പന്‍പിള്ള. ശാരീരഗുണം കുറവാണെങ്കിലും ധാരാളം കഥകള്‍ തോന്നുകയും ഉറച്ചചിട്ട ഉള്ളതുമായ ഒരു ഗായകനാണിദ്ദേഹം. വടക്കന്‍ ചിട്ടയും തെക്കന്‍ ചിട്ടയും പഠിക്കുകയും പാടുകയും ചെയ്തിട്ടുണ്ട് തങ്കപ്പന്‍പിള്ള. കോട്ടക്കല്‍ വാസുനെടുങ്ങാടി, കോട്ടക്കല്‍ ഗോപാലക്കുറുപ്പ്, കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് തുടങ്ങിയ ഉത്തരകേരളത്തിലെ ഗായകരോടോപ്പവും, ചെമ്പില്‍ വേലപ്പന്‍പിള്ള, ചേര്‍ത്തല കുട്ടപ്പക്കുറുപ്പ്, തകഴി കുട്ടന്‍പിള്ള തുടങ്ങിയ ദക്ഷിണകേരളത്തിലെ ഗായകര്‍ക്കൊപ്പവും, വൈക്കം തങ്കപ്പന്‍പിള്ള ധാരാളമായി പാടിയിട്ടുണ്ട്. വൈയ്ക്കത്ത് വെലിയകോവിലകത്ത് ഗോദവര്‍മ്മ തമ്പുരാന്റേയും…

  • | |

    ഗോപീചന്ദനം: ശ്രീ തിരുവല്ല ഗോപിക്കുട്ടന്‍ നായരുമൊത്ത്..

    പി.രവീന്ദ്രനാഥ് March 1, 2013  കഥകളി അഭ്യസിച്ച് അരങ്ങേറ്റവും കഴിച്ചിട്ട് ഒരു കഥകളി ഗായകനായിത്തീര്‍ന്ന ചരിത്രമാണ് ശ്രീ തിരുവല്ല ഗോപിക്കുട്ടന്‍ നായര്‍ക്കുള്ളത്. തന്റെ സ്വത സിദ്ധമായ ആലാപനശൈലികൊണ്ട് ആസ്വാദകരുടെ ഹൃദയത്തില്‍ ഇടം നേടിയിട്ടുള്ള അദ്ദേഹം, 1943 ഡിസംബര്‍ മാസം തിരുവല്ലാ താലൂക്കിലെ തുകലശ്ശേരി ഗ്രാമത്തില്‍ മാടപ്പത്ര വീട്ടില്‍ പരേതരായ നീലകണ്‍ഠപിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും മാകനായി ജനിച്ചു. തിരുവല്ല ശ്രീവല്ലഭസ്വാമി ക്ഷേത്രത്തിനു സമീപത്തുള്ള പ്രദേശമാണ് തുകലശ്ശേരി. തിരുവല്ല അമ്പലത്തില്‍ നിത്യവും കഥകളിയുണ്ട്. അതുവെളുപ്പിനു നാലുമണിയ്ക്കാണ്. അതല്ലാതെ ശ്രീ വല്ലഭന്റെ ഇഷ്ട…

  • |

    ഇളമ്പറ്റശിഷ്യനും കാണിക്കഗുരുക്കളും

    ഓർമകൾക്കൊരു കാറ്റോട്ടം – 21 ശ്രീവത്സൻ തീയ്യാടി November 19, 2017 കഥകളിപ്പിന്നാമ്പുറത്ത് കാഷ്ബാഗ് പിടിച്ചുനടക്കുന്ന രൂപം. അതായിരുന്നു അറിഞ്ഞുകാണുമ്പോഴത്തെ പരിയാനമ്പറ്റ ദിവാകരൻ. അതായത് മനുഷ്യവേഷത്തിൽ, നടാടെ. കൊല്ലം? 1992 ആവണം. (അതോ ’93?) സംഘാടനചുമതല ഉണ്ടായിരുന്നു അന്നദ്ദേഹത്തിന്. ഒറ്റ കഥ: നളചരിതം ഒന്നാം ദിവസം. ഏകതാരം കലാമണ്ഡലം ഗോപി. മദ്ധ്യകേരളത്തിലാണ് വേദി. പട്ടാമ്പിക്കടുത്ത് ഉൾനാട്ടിൽ. ചാത്തന്നൂർ എന്ന് പറയും. ദിവാകരൻറെ  പെരിങ്കന്നൂര് സ്വദേശത്തുനിന്ന് അകലെയല്ല. പൊതുവെ കേറ്റിറക്കുവയലുകളും അവയ്ക്കതിർത്തിയിൽ കുള്ളൻകുന്നുകളും. ചെന്നിറഭൂവിൽ ഒറ്റക്കും തെറ്റക്കും കരിമ്പനകൾ. ചാത്തന്നൂരെ ഹൈസ്കൂളിലെ ഹെഡ്മാഷ്…

  • |

    പത്മശ്രീ കീഴ്പടം കുമാരന്‍ നായര്‍ ആശാന്‍ അനുസ്മരണം…ഒരു വിവരണം

    സുദീപ് പിഷാരോടി July 30, 2012  മഹാനായ ഒരു ആശാന്റെ അനുസ്മരണത്തെ കുറിച്ച് ഒരു അവലോകനം നടത്താന്‍ ഞാന്‍ ഒട്ടും അര്‍ഹനല്ല എന്ന് അറിയാം… എന്നാലും അന്ന് നടന്ന കഥകളിയെ കുറിച്ച് ഒരു വിവരണം ഞാന്‍ താഴെ ചേര്‍ക്കുന്നു.കല്ലായക്കുലങ്ങര കളിക്കല്ലാതെ ഞാന്‍ ഇന്നുവരെ സന്ധ്യ കേളി കണ്ടിട്ടില്യാ. ഒരു പക്ഷെ ആ സമയത്തേക്ക് അവിടെ എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ ആയിരിക്കാം. സദനത്തിലെ മിടുക്കന്മാരായ വിദ്യാര്‍ത്ഥികളുടെ വക സന്ധ്യ കേളി  അതിനു ശേഷം അനുസ്മരണയോഗം.ശ്രീ കലാമണ്ഡലം രാമന്‍ കുട്ടി നായര്‍ ആശാന്‍ ,…

  • കിള്ളിക്കുറിശ്ശിമംഗലത്തെ രണ്ടാം ദിവസം

    രവീന്ദ്രനാഥ് പുരുഷോത്തമൻ November 3, 2015 ഇന്ന്  വിശ്വകലയായി തീർന്നിരിക്കുന്ന, കേരളത്തിന്റെ തനതുകലയായ കഥകളിയുടെ വളർച്ചയ്ക്ക് പ്രതിഭാധനരായ ഒട്ടനവധി ആചാര്യന്മാരുടെയും, വള്ളത്തോളിനെപ്പോലുള്ള ആസ്വാദക വരേണ്യരുടേയും സ്തുത്യർഹമായ പങ്കുപോലെതന്നെ അവിസ്മരണീയമാണ് നാട്ടിലുടനീളവും, ചില വിദേശ രാജ്യങ്ങളിലുമുള്ള ക്ലബ്ബുകളുടെ സംഭാവനകളും.  ആട്ടക്കഥ, കഥകളി, അഭിനയം, മുദ്രകൾ അങ്ങനെ ഈ കലാരൂപവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, സാധാരണക്കാർക്കു  കൂടി മനസ്സിലാവുന്ന തരത്തിൽ പരിചയപ്പെടുത്തുവാൻ കഥകളി ക്ലബ്ബുകൾ സ്വീകരിച്ചു വരുന്ന നടപടികൾ ശ്ലാഘനീയമാണ്. പ്രചുരപ്രചാരം നേടിയവ കൂടാതെ ഇന്ന്  അരങ്ങിൽ വളരെ വിരളമായി അവതരിപ്പിച്ചു…

  • ഉത്തരീയം അവതരിപ്പിച്ച കപ്ലിങ്ങാടൻ ശൈലിയിലുള്ള നരകാസുരവധം

    ശ്രീജിത്ത് കടിയക്കോൽ August 25, 2015 സർറിയലിസം എന്ന മൂവ്മെന്റ് സാഹിത്യത്തിൽ പ്രചാരത്തിൽ വന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ മാത്രമാണ്.അതിന് ഒരു നൂറ്റാണ്ട് മുമ്പ് തന്നെ കഥകളി സർറിയലിസത്തെ അതിവിദഗ്ധമായി അരങ്ങിൽ ആവിഷ്കരിച്ചു.സർറിയലിസ്റ്റിക്കായിട്ടുള്ള കഥാതന്തുക്കൾ തിരഞ്ഞെടുത്തു എന്നത് തന്നെയാണ് ഒരു പെർഫോമിങ്ങ് ആർട്ട് എന്ന നിലയിൽ കഥകളിയുടെ വിജയവും.ധാരാളം പരിമിതികൾക്കിടയിൽ സ്റ്റേജിൽ അവതരിപ്പിക്കുന്ന ഒരു കലാരൂപം എന്ന നിലയിൽ നൃത്തത്തിന്റേയും നൃത്ത്യത്തിന്റേയും സാധ്യതകൾ പരമാവധി ചൂഷണം ചെയ്യുന്ന കഥകൾ അവതരിപ്പിക്കുമ്പോളാണ് ആസ്വാദനം കൂടുതൽ നന്നാവുന്നതും. അതിന്…

മറുപടി രേഖപ്പെടുത്തുക