ഹരീഷ് എന്‍. നമ്പൂതിരി

August 22, 2013

ആട്ടക്കഥാകൃത്തുകൾ കഥയേയും കഥാപാത്രങ്ങളേയും തങ്ങൾക്കാവശ്യമുള്ള രീതിയിൽ മാറ്റിയെഴുതുന്നത് കഥകളിയെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമല്ല. ഇന്ദ്രന്റെ ക്ഷണം സ്വീകരിച്ച് അർജ്ജുനൻ സുരലോകത്തെത്തുന്നതും അവിടെ ഉർവ്വശിയുടെ ശാപത്തിനു പാത്രീഭവിക്കുന്നതുമാണ് ‘ശാപമോചനം’ കഥയുടെ ഇതിവൃത്തം. കോട്ടയം തമ്പുരാന്റെ ‘കാലകേയവധ’ത്തിൽ ഇതേ സന്ദർഭം അവതരിക്കപ്പെടുന്നുണ്ട്, മാത്രവുമല്ല പ്രസ്തുത കഥയിലെ അർജ്ജുനനും ഉർവ്വശിയും കലാകാരന്മാരുടെ മാറ്റളക്കുന്ന വേഷങ്ങളായി പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നവയുമാണ്. എന്നാൽ ‘ശാപമോചനം’ തീർത്തും വ്യത്യസ്തമാണ്. ഡോ. സദനം ഹരികുമാർ മറ്റൊരു രീതിയിലാണ് ഈയൊരു സന്ദർഭത്തെയും കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത്.

കഥ മാറുന്നു, കഥാപാത്രങ്ങളും

അർജ്ജുനനേയും ഉർവ്വശിയേയും തന്നെയാണ് ‘ശാപമോചന’ത്തിലും കാണുവാനുള്ളതെങ്കിലും, ആസ്വാദകർ കണ്ടുശീലിച്ച കഥാപാത്ര സങ്കല്പങ്ങളോട് ചേരുന്നതല്ല ഇതിലെ അർജ്ജുനനും ഉർവ്വശിയും. ഉർവ്വശിയും സഖിമാരും ചേരുന്ന സാരിനൃത്തത്തോടെ തുടങ്ങുന്നു ‘ശാപമോചനം’. ഉർവ്വശിയുടെ അർജ്ജുനനോടുള്ള താത്പര്യം മനസിലാക്കുന്ന സഖിമാർ അവളെ അർജ്ജുനസവിധത്തിലെത്തിച്ചു മടങ്ങുന്നു. ആത്മവിശ്വാസവും സ്വാഭിമാനവുമുള്ള പക്വതയുള്ള ഒരു സ്ത്രീയായാണ് ‘കാലകേയവധ’ത്തിലെ ഉർവ്വശി അനുഭവപ്പെടുന്നതെങ്കിൽ; ചപലതകളോട് കൂടിയൊരു സാധാരണ പെൺകൊടിയുടെ ശരീരഭാഷയോടെയും ചേഷ്ടകളോടെയുമാണ് ഇതിലെ ഉർവ്വശിയെ കാണുവാനുള്ളത്. ഉർവ്വശിയെ തിരിച്ചറിഞ്ഞ്, അവളുടെ ഇംഗിതത്തെ നിരാകരിക്കുന്ന അർജ്ജുനനാവട്ടെ ഇതിലെത്തുമ്പോൾ അവളെ പ്രേമഭാവേന സ്വീകരിക്കുകയും ആരെന്ന് അന്വേഷിക്കുക പോലും ചെയ്യാതെ അവളോടൊത്ത് രതിപൂർവ്വ സഞ്ചാരത്തിന് പുറപ്പെടുകയും ചെയ്യുന്നു!

ഇരുവരുമൊത്തുള്ള സഞ്ചാരമധ്യേ, സുരലോക സന്ദർശകരായ രാജാക്കന്മാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ള ചിത്രശാലയിൽ ഇരുവരും പ്രവേശിക്കുന്നു. അവിടെ പുരൂരവസ്സിന്റെ ചിത്രം കാൺകെ അദ്ദേഹവുമൊത്തുള്ള ദിനങ്ങൾ ഉർവ്വശി ഓർത്തെടുക്കുന്നു. തന്റെയൊപ്പമുള്ള സുരസുന്ദരി താൻ മാതൃസ്ഥാനം നൽകി ആദരിക്കേണ്ടുന്ന ഉർവ്വശിയാണെന്നറിയുന്ന അർജ്ജുനൻ അവളെ ഒഴിവാക്കുവാൻ ശ്രമിക്കുന്നു. തന്റെ മനോവികാരം പങ്കുവെയ്ക്കാതെ അധിക്ഷേപങ്ങളിലൂടെ ഒഴിവാക്കുവാനാണ് അർജ്ജുനന്റെ ശ്രമം. അപമാനിതയാവുന്ന ഉർവ്വശി അർജ്ജുനനൊരു ശിഖണ്ഡിയായി മാറട്ടെയെന്നു ശപിച്ച് മറയുന്നു. അമ്മയായി കണ്ടതിനാലാണ് താനീവിധം പെരുമാറിയതെന്നും അതിനിത്രയും ശിക്ഷ തനിക്കു നൽകിയതുചിതമോ എന്നും വിലപിക്കുന്ന അർജ്ജുനനു മുൻപിൽ മാതൃഭാവത്തിൽ ഉർവ്വശി വീണ്ടുമെത്തുന്നു. ഒരമ്മയുടെ ശാപം പോലും മകനു ഗുണകരമായേ വരുകയുള്ളൂ എന്നാശ്വസിപ്പിച്ച് തന്റെ മടിയിൽ കിടത്തി അർജ്ജുനനെയുറക്കി ഉർവ്വശി മറയുന്നു. നിത്യകന്യകയായ അപ്സരസായി ജീവിക്കുവാൻ വിധിക്കപ്പെട്ട ഉർവ്വശിയെ സംബന്ധിച്ച്, അർജ്ജുനനാൽ തോന്നിയ മാതൃവികാരം ഒരു തരത്തിൽ മറ്റൊരു ശാപമോചനവുമാവുന്നു.

അർജ്ജുനനേയും ഉർവ്വശിയേയും അവതരിപ്പിച്ച സദനം ബാലകൃഷ്ണനേയും സദനം വിജയനേയും സംബന്ധിച്ചിടത്തോളം, ഈ കഥാപാത്രങ്ങളെ പരിചിതമായ രീതികളിൽ നിന്നും മാറി അവതരിപ്പിക്കുക എന്നത് ശ്രമകരമായിരിക്കാം. കഥാഗതിയെ സംബന്ധിച്ചിടത്തോളം കലാകാരന്മാർക്ക് വെല്ലുവിളിയുയർത്തുന്ന അല്ലെങ്കിലവരുടെ മികവിനെ പുറത്തെടുക്കുന്ന സന്ദർഭങ്ങൾ നന്നേ വിരളമാണെന്നതു കൂടി കാണേണ്ടതുണ്ട്. ഈ പരിഗണനകൾ നൽകുമ്പോൾ ഇരുവരുടേയും പ്രവൃത്തി തൃപ്തികരമെന്നു പറയാം. സദനം ശ്രീനാഥും സദനം കൃഷ്ണദാസുമാണ് സഖിമാരായി അരങ്ങിലെത്തിയത്.

അവതരണത്തിലെ പ്രത്യേകതകൾ

ഒരു നടനും സംഗീതജ്ഞനുമായ ഡോ. സദനം ഹരികുമാർ ചില നൂതന പരീക്ഷണങ്ങൾ അവതരണത്തിലും നടപ്പാക്കിയിട്ടുണ്ട്. തോടിയിൽ ചെമ്പ താളത്തിലുള്ള തുടക്കത്തിലെ സാരിനൃത്തം, ഇരുവരുടേയും പദങ്ങൾക്കു ശേഷം പുറപ്പാടിലെ മൂന്നാം നോക്കിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ അർജ്ജുനനും ഉർവ്വശിയും കൈകോർത്തു പിടിച്ചുവെയ്ക്കുന്ന ചില ചുവടുകൾ, ചരണങ്ങൾ അഭിനയിച്ച് പഞ്ചാരിയിൽ കലാശങ്ങളെടുത്തുള്ള കുമ്മി, ഭാവത്തെ പൊലിപ്പിക്കുന്നതരത്തിൽ ചിലയിടങ്ങളിൽ ചേർത്തിരിക്കുന്ന രാഗാലാപനം; ഇവയൊക്കെ ഈ വിഭാഗത്തിൽ പെടുത്താവുന്നവയാണ്. ഇവയൊക്കെയാണ് ‘ശാപമോചനം’ അവതരണത്തെ സംബന്ധിച്ചിടത്തോളം പ്രേക്ഷകർക്കു താത്പര്യമുണ്ടാക്കുന്നത് എന്നും കരുതാം. സദനം ഹരികുമാറും സദനം ശിവദാസുമായിരുന്നു അന്നേ ദിവസത്തെ ഗായകർ. ചെണ്ടയിൽ സദനം രാമകൃഷ്ണനും മദ്ദളത്തിൽ സദനം ദേവദാസും മേളമൊരുക്കി.

ആഹാര്യത്തിലെ വ്യതിയാനം

കഥകളിയിലെ സ്ത്രീകഥാപാത്രങ്ങൾ ബഹുഭൂരിപക്ഷവും മിനുക്ക് – സ്ത്രീ വിഭാഗത്തിനു നിശ്ചയിച്ചിട്ടുള്ള ആഹാര്യം പിന്തുടരുന്നവയാണ്. അവയിൽ തന്നെ, ചുരുക്കം ചിലതൊഴികെ മറ്റെല്ലാം, കഥാപാത്രഭേദമന്യേ, ഒരേ വേഷഘടന പിന്തുടരുന്നവയുമാണ്. ഇവിടെ ഉർവ്വശിയുടെ ശിരോവസ്ത്രം സുതാര്യമാവുന്നു, സാധാരണ ഗതിയിൽ ശിരോവസ്ത്രത്തിനുള്ളിൽ മറഞ്ഞു പോവുന്ന കൊണ്ട അലങ്കാരപ്പണികളോടെ പുറത്തു കാണുന്നു – എന്നാൽ ഈ മാറ്റങ്ങൾ അനിവാര്യമായി അനുഭവപ്പെടുത്തുന്ന എന്തെങ്കിലും കഥയിലോ കഥാപാത്രത്തിലോ വരുന്നുണ്ടോ – അതില്ല തന്നെ! ഒരു പക്ഷേ, പുതിയ കഥകളിലെ പുതിയ കഥാപാത്രങ്ങൾക്ക് വേറിട്ടൊരു വേഷവിധാനം ആവശ്യമായേക്കാം; എന്നാൽ ഉർവ്വശിയെപ്പോലെയൊരു കഥാപാത്രത്തിന് ഈ വക മാറ്റങ്ങൾ ആവശ്യമാണോ എന്നത് ചിന്തനീയമാണ്. കലാമണ്ഡലം സതീശൻ, ശങ്കരനാരായണൻ, വിഘ്നേഷെന്നിവരായിരുന്നു ചുട്ടിയിലും അണിയറയിലും പ്രവർത്തിച്ചത്.

ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ്, തിരുവനന്തപുരം സംഘടിപ്പിച്ച ഈ പരിപാടിയുടെ അവതരണചുമതല സദനം കഥകളി അക്കാദമിക്കായിരുന്നു. 


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder