ശ്രീചിത്രന്‍ എം ജെ

February 23, 2012

ക്ലാസിക്കല്‍ കലാരൂപങ്ങളുടെ ആവിഷ്കാരസാഫല്യം എന്ത് എന്ന ചോദ്യം ഒരു ഊരാക്കുടുക്കാണ്. എന്തു തന്നെയായാലും അക്ഷരാര്‍ത്ഥത്തിലുള്ള ഒരു ‘അഭിനയ’ ലക്ഷ്യം (മുന്നോട്ടുനയിക്കല്‍) ഇത്തരം കലകളുടെ അവതരണത്തിലും ആസ്വാദനത്തിലും ഉണ്ടെന്നു തര്‍ക്കമില്ല. ഈ ലക്ഷ്യത്തോട് നീതി പുലര്‍ത്തുകയും, കഥകളിയുടെ ജനകീയപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു മാതൃകയാവുകയും ചെയ്ത ശില്‍പ്പശാലയായിരുന്നു ‘നാട്യധര്‍മ്മി പാറക്കടവ്’ സംഘടിപ്പിച്ച ‘കഥകളി ആസ്വാദന പരിശീലന കളരി’.

ഉള്ളടക്കം

കല്യാണസൗഗന്ധികം, കിര്‍മീരവധം, രാവണോല്‍ഭവം എന്നീ കഥകളുടെ ചൊല്ലിയാട്ടം, അവതരണം, പ്രമേയം, ആഹാര്യം, ഭാവം, മനോധര്‍മ്മം, ചിട്ട എന്നിങ്ങനെ കഥകളിയുടെ വിവിധ ഘടകങ്ങളേയും  അവയുടെ സൗന്ദര്യശാസ്ത്രത്തെയും വിശകലനം ചെയ്യുന്ന ക്ലാസുകള്‍ , മുദ്രാപരിചയം നല്‍കുന്നതിനാവശ്യമായ പരിചായകക്ലാസുകള്‍ , ഡോക്യുമെന്ററി പ്രദര്‍ശനം, കിര്‍മീരവധം കഥകളി എന്നിവ അടങ്ങുന്നതായിരുന്നു ക്യാമ്പിന്റെ ഉള്ളടക്കം. പ്രാഥമികനിലയിലുള്ള ഒരു കഥകളിയാസ്വാദകന് ഉപകാരപ്രദമാകുന്ന തരത്തില്‍, ക്രമേണ കനപ്പെട്ടു വരുന്ന, ക്രമികമായ വികാസഘടനയോടു കൂടിയ ഉള്ളടക്കമായിരുന്നു ശില്‍പ്പശാലയ്ക്കുണ്ടായിരുന്നത്. ശ്വാസം മുട്ടിയ്ക്കുന്ന സമയബന്ധിതസാഹചര്യം ഒഴിവാക്കപ്പെട്ടത് ശില്‍പ്പശാലയ്ക്ക് ഗുണകരമായാണ് അനുഭവപ്പെട്ടത്. ഓരോ വിഷയങ്ങളും അവതരിപ്പിച്ച ശേഷം സവിസ്തരമായ സംവാദത്തിനുള്ള സമയം നീക്കിവെയ്ക്കപ്പെട്ടത് ഉപകാരപ്രദമായി. സംവാദത്തിലൂടെ വളര്‍ന്നു വരുന്ന ആസ്വാദനബോധത്തിന്റെ പുനര്‍നവീകരണത്തിന് ഈ സാഹചര്യം പ്രയോജനപ്രദമായി.

ചൊല്ലിയാട്ടങ്ങള്‍

എല്ലാ ചൊല്ലിയാട്ടങ്ങളിലേയും നടകര്‍മ്മം നിര്‍വ്വഹിച്ചത് ക്യാമ്പ് നേതൃത്വം വഹിച്ച ഏറ്റുമാനൂര്‍  കണ്ണനാണ്. നടന്റെ ശരീരം കഥകളിയില്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്ന് കൂടുതല്‍ സ്പഷ്ടമാകുന്ന രീതിയില്‍, ലളിതമായ ആഹാര്യത്തോടെ നിര്‍വഹിയ്ക്കപ്പെട്ട ചൊല്ലിയാട്ടങ്ങള്‍  മനോഹരമായിരുന്നു.

കണിശമായ സാങ്കേതികസൗന്ദര്യം നിറഞ്ഞ, താരതമ്യേന കഥകളിയിലെ ദുഷ്കരവേഷങ്ങളായ ധര്‍മ്മപുത്രരുടേയും രാവണന്റെയും ചൊല്ലിയാട്ടങ്ങള്‍ പ്രാഥമികനിലയിലുള്ള ആസ്വാദകര്‍ക്കു കൂടി നല്ല അനുഭവമായി എന്നതു ശ്രദ്ധേയമായ കാര്യമാണ്. ആസ്വാദകരേയും അവരുടെ അഭിരുചികളേയും പറ്റി പല സംഘാടകരും രൂപീകരിയ്ക്കുന്ന അതിവായനകള്‍ അബദ്ധമാണെന്നു തെളിയിക്കുന്ന പ്രതികരണങ്ങള്‍ . കൃത്യമായ സാങ്കേതികജ്ഞാനവും ശരീരത്തിന്റെ തീയററ്റിക്കലായ ഉപയോഗശൈലിയും കരഗതമായ ഏറ്റുമാനൂര്‍ കണ്ണന്റെ ചൊല്ലിയാട്ടം കാണുന്നത് മനോഹരമായ ഒരനുഭവമാണ്. കിര്‍മീരവധം ചൊല്ലിയാട്ടത്തിന് ചെണ്ടവാദനം നിര്‍വ്വഹിച്ച രവിശങ്കര്‍ ഒരിക്കല്‍ കൂടി താന്‍  ഭാവിയുടെ വാഗ്ദാനമാണെന്നു തെളിയിച്ചു. സദനം രാമകൃഷ്ണന്റെ ഉല്‍ഭവത്തിനുള്ള ചെണ്ടയും മികച്ചതായിരുന്നു.  ത്രിപുടയുടെ പതികാലത്തിലെ മിക്ക മുദ്രകള്‍ ക്കും പഴുതുതൂര്‍ ത്ത്, ഇരട്ടിമറിച്ചുകൊട്ടുന്ന വഴിയാണ് രാമകൃഷ്ണന്‍  സ്വീകരിച്ചു കണ്ടത്. ശബ്ദസൗന്ദര്യബോധവും സ്ഥാനശുദ്ധിയും കൊണ്ട് ഓരോ മുദ്രയ്ക്കും ഭാവനാത്മകമായ ശബ്ദശരീരം നല്‍കുന്ന രാമകൃഷ്ണന്റെ കൊട്ടുരീതി പ്രത്യേകപ്രശംസയ്ക്ക് തീര്‍ ച്ചയായും അര്‍ഹമാണ്.

മുദ്രാപരിചയം

മുദ്രാപരിചയക്കളരിയ്ക്കു നേതൃത്വം നല്‍കയത് ഏറ്റുമാനൂര്‍ കണ്ണനാണ്. ‘മുദ്ര പഠിയ്ക്കുക’ എന്നതല്ല, ‘മുദ്ര പരിചയപ്പെടുക’ എന്നതാണ് മുദ്രാപരിചയക്ലാസുകൊണ്ട് ഉദ്ദേശിക്കുന്നത് .  സ്വശരീരത്തിലൂടെ മുദ്ര ആവിഷ്കൃതമാകുന്ന അനുഭവം പകരുക, മുദ്രാഭാഷയുടെ സ്വഭാവം മനസ്സിലാക്കുക എന്നിവയാണ് മുദ്രാപരിചയത്തിലൂടെ സാദ്ധ്യമാകുന്നത്. ശില്‍പ്പശാലയില്‍ പങ്കെടുത്ത അംഗങ്ങള്‍ക്ക് അവിസ്മരണീയമായ അനുഭവമായിരിക്കണം മുദ്രാപരിചയം പകര്‍ന്നത്.

ക്ലാസുകള്‍

ഡോ. കെ. ജി പൗലോസ്, നരിപ്പറ്റ നാരായണന്‍ നമ്പൂതിരി, കെ.ബി. രാജ് ആനന്ദ്, കെ.പി. ബാബുദാസ്, ശ്രീചിത്രന്‍ . എം .ജെ, മുരളീധരന്‍ എം എന്നിവരാണ് ശില്‍പ്പശാലയിലെ വിവിധ വിഷയങ്ങളിലുള്ള ക്ലാസുകള്‍  നിര്‍വ്വഹിച്ചത്. ഭാരതീയസൗന്ദര്യദര്‍ശനത്തെക്കുറിച്ച് ഡോ.കെ ജി പൗലോസും, ‘ചിട്ടയുടെ പ്രാധാന്യം കഥകളിയില്‍’ എന്ന വിഷയത്തില്‍ നരിപ്പറ്റ നാരായണന്‍ നമ്പൂതിരിയും, ‘കഥകളി സംഗീതം, മേളം’ എന്ന വിഷയത്തില്‍ കെ ബി രാജ് ആനന്ദും, ‘ നളചരിതം കഥകളിയില്‍’ എന്ന വിഷയത്തില്‍ കെ. പി. ബാബുദാസും, ‘ ആഹാര്യം കഥകളിയില്‍’ , ‘ആട്ടക്കഥാസാഹിത്യം’ എന്നീ വിഷയങ്ങളില്‍ ശ്രീചിത്രന്‍ എം ജെയും, ‘കഥകളിയിലെ മനോധര്‍മ്മങ്ങള്‍ ’ എന്ന വിഷയത്തില്‍ എം. മുരളീധരനും ക്ലാസുകള്‍ നിര്‍വ്വഹിച്ചു.

വര്‍ഷങ്ങളുടെ ആനുഭവികജ്ഞാനത്തിന്റെ തിളക്കം കൊണ്ട് ആകര്‍ഷകമായിരുന്നു കെ ബി രാജ് ആനന്ദിന്റെ ക്ലാസ്.  ഇക്കാര്യത്തില്‍ രാജ് ആനന്ദ് ക്ലാസുകള്‍ എന്നും അനന്വയമാണ്. ഒരുദാഹരണം : “ അപ്പുക്കുട്ടിപ്പൊതുവാളിന്റെ മദ്ദളത്തിന്റെ ശബ്ദത്തിന്റെ കനം തുടര്‍ന്ന് ആര്‍ക്കെങ്കിലും ലഭിച്ചുവോ എന്നു സംശയമാണ്. അക്കാര്യത്തില്‍ അതിനു മുന്‍പും സമനായി ആരെങ്കിലുമുണ്ടായിരുന്നുവോ എന്നും സംശയം. അപ്പുക്കുട്ടിപ്പൊതുവാള്‍ വിരലിലിടാനുള്ള മദ്ദളച്ചിറ്റ് തയ്യാറാക്കിയിരുന്നതു തന്നെ പ്രത്യേകരീതിയിലായിരുന്നു. മദ്ദളത്തില്‍ വീഴുന്ന വിരലുകളുടെ ഉള്ളംകൈ ഭാവം അടിച്ചുപരത്തും. ആ ആകൃതിവിശേഷം കൊണ്ടുകൂടിയാണ് ചില പ്രത്യേകശബ്ദവിശേഷങ്ങള്‍ അപ്പുക്കുട്ടിപ്പൊതുവാളിന്റെ മദ്ദളത്തില്‍ നിന്ന് കേള്‍ക്കാനായിരുന്നത്. ഇപ്പോഴാരും ആ വഴി പിന്തുടരുന്നില്ല”.

മനോധര്‍മ്മങ്ങളുടെ വിപുലസാദ്ധ്യതകളെപ്പറ്റിയും, അവയുടെ ഔചിത്യത്തെപ്പറ്റിയും മുരളിമാസ്റ്റര്‍ വിശദമായി സംസാരിച്ചു. ഔചിത്യഭംഗം നിറഞ്ഞ അവതരണങ്ങളെ ഉദാഹരണസഹിതം ലളിതമായി പ്രതിപാദിയ്ക്കുന്നതായിരുന്നു മുരളിമാഷുടെ പ്രസംഗശൈലി.

ആസ്വാദനത്തിന്റെ ചരിത്രം, ആഹാര്യവിശേഷങ്ങളും കഥാപാത്രവുമായി കഥകളി കാണുന്ന ബന്ധങ്ങള്‍, പുതിയ ആസ്വാദനത്തിന്റെ സ്വഭാവവും പ്രസക്തിയും, ആട്ടക്കഥാസാഹിത്യത്തിന്റെ രംഗചരിത്രം, അവയിലെ കളരിയും കാല്‍പ്പനികതയും നേരിടുന്ന പ്രശ്നങ്ങള്‍ എന്നിവയെല്ലാമാണ് ഞാന്‍ ക്ലാസുകളില്‍ വിശദമാക്കാന്‍ ഉദ്ദേശിച്ചത്. സജീവമായ ചര്‍ച്ച തുടര്‍ന്നു നടന്നതില്‍ സന്തോഷം തോന്നി.

ക്ലാസുകളേക്കാള്‍ ഊര്‍ജ്ജസ്വലമായ ക്ലാസുകള്‍ക്കു ശേഷമുള്ള സംവാദങ്ങള്‍ ക്യാമ്പംഗങ്ങള്‍ക്കു കൂടുതല്‍ പ്രയോജനപ്രദമായിക്കാണണം. ക്രമികമായി ആസ്വദനരീതിശാസ്ത്രം പരിചയപ്പെടുന്ന നിലയില്‍ സജ്ജീകരിക്കപ്പെട്ടിരുന്ന ക്ലാസുകള്‍ , പ്രധാനപ്പെട്ട ചില പ്രഭാഷകരുടെ അഭാവം കൊണ്ടു മങ്ങലേറ്റു എങ്കിലും സമഗ്രാവസ്ഥയില്‍ മൗലികവും പ്രാധാന്യമര്‍ഹിക്കുന്നതുമായ ആശയങ്ങള്‍ കൊണ്ടു സമ്പന്നമായിരുന്നു.

കഥകളി

ശില്‍പ്പശാലയുടെ അവസാനദിവസം സമാപനമായാണ് കഥകളി അവതരിപ്പിക്കപ്പെട്ടത്. ധര്‍മ്മപുത്രരായി ഏറ്റുമാനൂര്‍ കണ്ണന്‍  രംഗത്തെത്തിയ കിര്‍മീരവധത്തിന്റെ അരങ്ങ് സമര്‍ഹമായ സമാപനമായിരുന്നു. ശോകഭാവത്തിന്റെ നാട്യധര്‍മ്മിയായ അവതരണചാരുത നിറഞ്ഞ “ബാലേ കേള്‍ നീ “ എന്ന പതിഞ്ഞപദം, കൃത്യമായ നില കാത്തുസൂക്ഷിച്ച “താപസമൗലേ ജയ”, ഭാവശില്‍പ്പത്തിന്റെ നൈസര്‍ഗികവികാസം പ്രത്യക്ഷീകരിച്ച “ജയരുചിരകനകാദ്രിസാനോ” എന്നിവയെല്ലാം ഒന്നിനൊന്നു മികച്ച നിലയില്‍ ശ്രീ. കണ്ണന്‍ അവതരിപ്പിച്ചു. പാഞ്ചാലിയായി കലാമണ്ഡലം മുകുന്ദനും ധൗമ്യനായി കലാ. അരുണ്‍ വാര്യരും ആദിത്യനായി കലാ.വിപിനും കൃഷ്ണനായി കലാ. മനോജും സുദര്‍ശനമായി കലാ. നീരജും രംഗത്തെത്തി.

പങ്കാളിത്തം സംഘാടകര്‍ പ്രതീക്ഷിച്ചതിലും ശുഷ്കമായെങ്കിലും, ശില്‍പ്പശാലയുടെ ഉദ്ദേശശുദ്ധിയും ലക്ഷ്യത്തിലും പ്രയോഗപദ്ധതിയിലും ഉള്ള വ്യക്തതയും പാറക്കടവിലെ ആസ്വാദനക്കളരി നല്ലൊരു അനുഭവമാക്കിത്തീര്‍ത്തു. കഥകളിയുടെ അവതരണത്തിലും ആസ്വാദനത്തിലുമുള്ള ഉപരിപ്ലവ തലത്തിന് കൂടുതല്‍ അംഗീകാരം ലഭിയ്ക്കുകയും  അന്ധന്മാര്‍  ആനയെ ആസ്വദിക്കും മട്ടിലുള്ള ആസ്വാദനശീലം പ്രഘോഷിയ്ക്കപ്പെടുകയും ചെയ്യുന്ന കാലികാവസ്ഥയില്‍, ചെറുത്തുനില്‍പ്പിന്റെ ഈ ധീരശ്രമത്തിന് തീര്‍ ച്ചയായും പാറക്കടവ് ആസ്വാദനക്കളരിയുടെ സംഘാടകര്‍ പ്രശംസയര്‍ഹിക്കുന്നുണ്ട്.

NB: ശില്‍പ്പശാലയിലെ ആദ്യദിനങ്ങളില്‍ പങ്കെടുക്കാത്തതിനാല്‍, അപ്പോള്‍  നടന്ന ക്ലാസുകള്‍, ചൊല്ലിയാട്ടങ്ങള്‍ എന്നിവയുടെ സൂചനകള്‍ ഈ റിവ്യൂവില്‍ ചേര്‍ക്കാനാകാത്തതില്‍ ഖേദിയ്ക്കുന്നു.

 


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder