ജയശ്രീ കിരൺ

November 2, 2016

നാട്ടിൽ അങ്ങോളമിങ്ങോളം കഥകളി രാവുകൾ!പക്ഷെ എന്തു ചെയ്യാം?… ” അത്തിപ്പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണ്” അതന്നെ… കുറെ ദിവസ ങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ് ഒക്ടോബർ 30 നു പോവാനുള്ള ഒരുക്കങ്ങൾ.. രാവിലെ തന്നെ പദങ്ങൾ വായിച്ച് ഒരു നോട്ട് ഉണ്ടാക്കി കയ്യിൽ കരുതി.. 2 മണിക്ക് തന്നെ ഇറങ്ങാൻ വാശി പിടിച്ച്, കുട്ട്യോളെ പല കാര്യങ്ങൾ പറഞ്ഞ് (തെറ്റി )ധരിപ്പിച്ച് ഇറങ്ങി !!. കളിക്ക് പോവാൻ ഉള്ള ഒരു വെപ്രാളം ! 4.30ന് എത്തിയപ്പോൾ രാജാനന്ദൻ സാറിന്റെ ക്ലാസ്സ് തുടങ്ങിയിരുന്നു,, ടീടൈം ആയി.. ഏറ്റവും സന്തോഷം കഥകളിവിചാരം വാട്സപ്പ് ഗ്രൂപ്പ് മെമ്പേഴ്സ് തമ്മിൽ സംസാരിച്ചു. വളരെ വളരെ സന്തോഷം.. ആദിത്യന്റ ഡെമോ കണ്ടു.അഷ്ടകലാശം വായ്ത്താരി.. ഇതൊന്നും എന്റെ മണ്ടേൽ കേറില്യ, കഷ്ടിച്ച് കലാശം ആണെന്ന് തിരിച്ചറിഞ്ഞാൽ മതീ എന്ന് മനസ്സിൽ ഉറപ്പിച്ച്, അത്യാവശ്യം ബുദ്ധിമുട്ടില്ലാതെ കാണാൻ പറ്റുന്ന ഒരു സ്ഥലം കണ്ടു പിടിച്ച് കളി കാണാൻ ഇരുന്നു. തരിശീല താഴ്ത്തി.. ഇന്ദ്രൻ ചിനോഷ്.. നല്ല വേഷഭംഗി.. എന്നാലും ഇത്തിരി കൂടി പ്രൗഢി കാട്ടാമായിരുന്നു എന്ന് തോന്നി. മാതലിയോടുള്ള പദം, മാതലേ നിശമയ.. മുദ്രകൾക്കും പ്രവൃത്തികൾക്കും കുറച്ചുകൂടി വൃത്തി കൊടുക്കാൻ ശ്രദ്ധിക്കാമായിരുന്നു. എനിക്ക് മാത്രം തോന്നിയതാകാം. അതൊഴിച്ച് നന്നായിരുന്നു എന്ന് തന്നെ തോന്നി. മാതലി, വിപിൻ… അസ്സലായി.. “ഇന്ദ്രസൂതൻ ” എന്ന പദവിയുടെ ഔന്നത്യം മുഴച്ചു നിൽക്കുന്ന പ്രവൃത്തി. “ഭവദീയ നിയോഗം ” – തന്റെ സ്വാമിയുടെ ആജ്ഞ ശിരസാവഹിക്കാൻ ഉള്ള മനസ്സ് ….. നല്ല ഭംഗി തോന്നി…  പിന്നെ അർജുനൻ…. ആലവട്ടം മേലാപ്പോടുകൂടി അഭിമാനിയായ ഞെളിഞ്ഞിരിക്കുന്ന പാർത്ഥൻ. കലാ. ഷൺമുഖദാസ് എന്താ പറയണ്ടത് എന്ന് അറിയില്യ… സ്റ്റേജിന്റ വലിപ്പക്കുറവ് മേലാപ്പിന്റെ മദ്ധ്യഭാഗത്തല്ലാതെ ഉള്ള ഇരിപ്പിൽ ഒരു ചെറിയ അഭംഗി.. (ചിലപ്പോൾ ഫോട്ടോകളിൽ അത് മുഴച്ചു നിന്നേക്കാം…) എന്നാലും ഇതിന് എല്ലാത്തിനും മുകളിൽ പാർത്ഥന്റെ രൂപം.. അതി സുന്ദര ദൃശ്യം തന്നെ.

മാതലിയുടെ പദം… “വിജയ തേ ബാഹുവിക്രമം….. ഒരു “ഗംഭീരത” തോന്നി… ഒരു നിലയുള്ള സാരഥി..

പിന്നീട് ഏറെ പ്രശസ്തമായ “സലജ്ജോഹം “.. പാട്ട് ആണോ പാർത്ഥനെയാണോ ശ്രദ്ധിക്കേണ്ടതെന്നറിയാത്ത നിമിഷങ്ങൾ!.  സ്വച്ഛമായി ഒഴുകുന്ന പുഴ പോലെ.. ഇടക്ക് പുഴങ്കല്ലുകളിൽ തട്ടി തെറിക്കുമ്പോൾ കേൾക്കണ പോലെ ” ഭൃഗകൾ “… ” അലംഭാവം മനസി” – ആ സമയത്തെ നീരസഭാവം, “ഞെളിഞ്ഞീടുന്നവർ” എന്നതിലെ പുച്ഛം… സ്തുതികൾ കേട്ട് ഞെളിയുന്നതിലെ നാണക്കേട്… “ജളൻമാർ” …ആ വാക്കിന്റെ ഒരു ശക്തി അപാരം തന്നെ… ഛലമല്ല… പാടുമ്പോൾ നാരായണേട്ടന്റെ കൃത്യത !!. തൊഴുതു പോയി.. അരുണനോ കിമു വരുണനോ…… ഇവിടെ വന്ന കാര്യം “കരുണയോടെ ” ചൊല്ലണം.. ആ കരുണാ ഭാവം മനസ്സിൽ തങ്ങിനിൽക്കുന്നു.. വീരവും കരുണാ ഭാവവും മിന്നി മറിയുന്നത് കണ്ട് തരിച്ചിരുന്നു പോയി.. മാതലിയുടെ മറുപടി പദം. “ചന്ദ്രവംശമൗലീ രത്നമേ” ഭൈരവിയിൽ ഞാൻ മുങ്ങിത്താണു.. എന്റെ പ്രിയരാഗങ്ങളിൽ ഒന്ന്… മാതലീവാക്കുകളിൽ പാർത്ഥന്റെ ആശ്ചര്യം.. അദ്ഭുതം… ഇന്ദ്രരഥമാണെന്നറിഞ്ഞ് തൊഴുകൽ  എല്ലാം എനിക്ക് വാക്കുകൾക്കതീതം.. 

പിന്നെ ചിട്ട പ്രകാരമുള്ള “താത കിം കുശലീമമ” ആട്ടം. പിന്നെ ഇന്ദ്ര സന്നിധിയിലേക്കുള്ള യാത്ര. മാതലി പാർത്ഥന്റെ വരവറിയിച്ച് മാറി. അർജുനന്റ പദം. “ജനക തവ ദർശനാൽ….” ത്രൈലോക്യം വണങ്ങുന്ന വീരനായ അഭിമാനിയായ അർജുനന്റെ പിതാവിനോടുള്ള ബഹുമാനം നിറഞ്ഞ, പതിഞ്ഞ കാലത്തിലെ പദം. “അടി മലർ തൊഴുതീടും അടിയനെ വിരവോടെ പടുതയുണ്ടാവാനായി അനുഗ്രഹിക്കണേ…. ” അച്ഛന്റെ അനുഗ്രഹത്തിനു വേണ്ടിയുള്ള ആഗ്രഹം.. എല്ലാ മക്കളും ആവശ്യപ്പെടേണ്ടത് ഇതൊന്നു മാത്രം അല്ലെ?  പിന്നീട് ഇന്ദ്രാണി ആയുള്ള പദം. ഷൺമുഖദാസ് ക്ഷീണിച്ചു എന്ന് ചെറുതായി തോന്നി. ആദിത്യന്റെ ഇന്ദ്രാണി. എന്താ പറയണ്ടത്? ചെയ്യുന്ന പ്രവൃത്തിയിൽ ഇപ്പോൾ കാണിക്കുന്ന ആത്മാർത്ഥതയും ഉത്സാഹവും എന്നും നിലനിൽക്കാൻ ഒരു പ്രാർത്ഥന. മാതാവിന് പുത്രനോടുള്ള വാൽസല്യം. “വിജയ വിജയീ ഭവ..ചിരംജീവ ” എല്ലാ അമ്മമാരുടേം പ്രാർത്ഥന. മക്കൾക്ക് ആയുസ്സു ഉണ്ടാവാൻ അമ്മയെ ഓർത്തു പോയി.. കുശലവോപമ ശൂര” _ കുശലവൻമാരെ പോലെ ശൂരതയുള്ളവൻ എന്നാണോ?  അതോ. ശൂരതയുള്ള സഹോദരൻമാരോട് കൂടിയവനേ എന്നോ? അർജുനന്റെ മറുപടി പദം.. “വിജയനഹം.. ” മാതൃവാൽസല്യം നുകരുന്ന പാർത്ഥൻ..” ജനനീതവ പദയുഗളം എന്യേ മറ്റു ജഗതി നഹി ശരണമിതി “മാതാപിതാക്കൾ തന്നെ മക്കൾക്ക് കൺകണ്ട ദൈവങ്ങൾ എന്ന് പാർത്ഥൻ വിളിച്ചോതുകയല്ലെ എന്ന് തോന്നിപ്പോയി.. പിന്നെ “സുകൃതികളിൽ മുമ്പനായ്” അഷ്ടകലാശം.. ആദിത്യന്റെ ചടുലതയോടുള്ള ഡെമോ കണ്ടിട്ടാണോ ആവോ ഒരു എനർജിക്കുറവ് തോന്നി. പിന്നെ ഇന്ദ്രാണിയുടെ പദം “വനമതിൽ വാസിപ്പതിനു…”ശേഷം, ഇന്ദ്രാണിയോട് അനുമതി വാങ്ങി സ്വർഗ ലോകം നടന്നു കാണാൻ തുടങ്ങുന്ന അർജുനൻ…. പ്രസിദ്ധമായ “അർജുനന്റെ സ്വർഗ്ഗവർണ്ണന” . 

തുടങ്ങിയത് “ആകീർണ്ണ കല്പവാടീകിസലയ” എന്ന ആട്ടത്തോടെ. താഴെയുള്ള വീഥികൾ എല്ലാം വിശേഷമായ കല്‍പ്പവൃക്ഷത്തിന്റെ തളിരുകളാലും പുഷ്പങ്ങളാലും അവയിൽ നിന്നുള്ള മധുവിനാലും നിറഞ്ഞുശോഭിച്ചു കാണുന്നു. മുകൾ ഭാഗം നയനാനന്ദകരവും വന്നും പോയും കൊണ്ടിരിക്കുന്ന വിമാനങ്ങളാല്‍ മുഖരിതവുമായി കാണുന്നു. മദ്ധ്യഭാഗത്ത് സ്വര്‍ണ്ണമയമായും രത്നമയമായുമുള്ള മാളികകള്‍, ഗോപുരങ്ങള്‍, ഉദ്യാനങ്ങള്‍, കേളീശൈലങ്ങള്‍ എന്നിവ വിളങ്ങുന്നു.  ഒരു ഗംഭീര മാളിക കണ്ട്‌, അതിന്റെ തൂണുകളിലെ ശില്പവേലകണ്ട് അദ്‌ഭുതപ്പെടുന്നു. എല്ലായിടത്തും രത്നമയം. ഇതിനുചുറ്റും ആയുധധാരികളായ ഭടന്മാര്‍ ചുറ്റുന്നു. ഓ, മനസ്സിലായി. അമൃത് സൂക്ഷിച്ചുവെച്ചിരിക്കുന്ന സ്ഥലമാണിത്. കൂട്ടത്തിൽ, ഗരുഡൻ അമൃത് അപഹരിച്ച കഥ സൂചിപ്പിച്ചു. ഗന്ധർവന്റെ സംഗീതം… അതിൽ കൃഷ്ണ-ബലരാമ ലീലകൾ, അത് കേട്ട് മുനിമാർ ഭക്തിയിൽ ആറാടുന്നു, സ്ത്രീകൾ കാമപ്രവശകളാകുന്നു…. എന്നെല്ലാം ഉള്ള ” ഉൽഗായ ത്യേഷ…..” ശ്ലോകം വളരെ ഭംഗിയായി ആടി. പിന്നെ, നന്ദനോദ്യാന വർണ്ണന…. പതിവുപോലെ….”ഉത്തുംഗൈ പാരിജാതാ….” പിന്നെ ഉച്ചൈ ശ്രവസിനെ കണ്ടു വന്ദിക്കുന്നു. ഗംഗയെ കാണുന്നു. പക്ഷെ, ഗംഗയെ കാണുന്നതിന് മുൻപുള്ള തണുത്ത കാറ്റ് മുതലായവ ഒന്നും ഉണ്ടായില്ല. ഐരാവതത്തെ കണ്ടത് ഗംഗയിൽ കുളിക്കുന്നതായിട്ടും. നദിയിൽ പൊങ്ങി താഴുന്ന രണ്ടു പാറപോലെ ഉള്ള വസ്തുക്കൾ എന്ത്… എന്ന് ആലോചിച്ചു, അത് ഐരാവതത്തിന്റെ മസ്തകം ആണ് എന്ന് പറയുന്ന ഒരു ആട്ടം. വളരെ രസകരമായിതോന്നി. കല്പകവൃക്ഷത്തോട് സുരസുന്ദരികൾ ഓരോരോ വസ്തുക്കൾ ആവശ്യപ്പെടുന്നത് ഒക്കെ പതിവുപോലെ ആടി. എന്നാൽ, സാധാരണ പതിവുള്ള ചില ആട്ടങ്ങൾ/ വർണനകൾ ഒഴിവാക്കിയത് അദ്‌ഭുതപ്പെടുത്തി…ഉദാ: കാമധേനു, ദേവസ്ത്രീകളുടെ അർജുനനെ പറ്റി പുകഴ്ത്തി പറയുന്നത്, ദേവസ്ത്രീകളുടെ നൃത്തം, തുടങ്ങിയവ. അവസാനം, ചിട്ടപ്രകാരം, പന്തുകളി. എനിക്ക് എന്തോ ഈ പന്തുകളി ഇഷ്ടമാവാറില്ല. പക്ഷെ ഇത് ഒരു പ്രത്യേക രസം തോന്നി.

ചുരുക്കത്തിൽ, പതിവുള്ള സ്വർഗ്ഗ വർണ്ണന ആട്ടങ്ങളിൽ നിന്ന് കുറച്ചു വ്യത്യസ്‌തമായി ആണ് ഉണ്ടായത്… എണ്ണങ്ങൾ ഒക്കെ ഏകദേശം അതുപോലെ ഒക്കെ ആയിരുന്നു, എങ്കിലും…ചിലതെല്ലാം ഒഴിവാക്കി എങ്കിലും… പിന്നെ, അര്‍ജ്ജുനന്‍ യുദ്ധകോലാഹലങ്ങളെ വര്‍ണ്ണിക്കുന്ന ആട്ടം “വര്‍ദ്ധന്തേ സിംഹനാദാ:”..  സമയം അതിക്രമിച്ചതിനാലോ അതോ ക്ഷീണിതനായതിനാലോ എന്നറിയില്ല, സ്വർഗവർണ്ണന ഒന്ന് കുറച്ചു എന്ന് തോന്നി… അല്ലെങ്കിൽ, കുറച്ചു കൂടി ആവാം എന്ന് തോന്നി… ആട്ടങ്ങളും, എനർജിയും… കൂട്ടത്തിൽ, ബാലസുന്ദരന്റെ ചെണ്ട… ഹരിഹരന്റെ മദ്ദളം….. രണ്ടും ഒന്നിനൊന്നു മീതെ… മുദ്രക്ക് കൂടലും, ഒത്ത അമരവും… എന്തൊക്കെ പറഞ്ഞാലും ഈ അടന്ത56, ചമ്പ20 തുടങ്ങിയ കണക്കുകൾ എന്റെ മണ്ടേൽ കേറില്യ ന്ന് ഞാൻ തിരിച്ചറിഞ്ഞു… ഈ കണക്കു സൗന്ദര്യം മനസ്സിലാക്കീട്ട് കാലകേയവധം ആസ്വദിക്കൽ ഉണ്ടാവും എന്നും തോന്നിണില്ല…  എവിടെയൊക്കെയോ വൈകാരിക തലത്തിൽ നിന്ന് ഞാൻ ആസ്വദിച്ചു… അതു മതി…. ഒരു കാര്യം ഉറപ്പ്.. ഭൂമിയിൽ ഇരുന്ന് ഞാൻ സ്വർഗംഗയും , സ്വർലോകവും ഇന്ദ്രനേം മറ്റെല്ലാരേം കണ്ടു… ഒരു നിമിഷം പോലും മനസ്സിൽ മറ്റു ചിന്തകൾ, എന്റെ കുട്ടികൾ ടെ കാര്യം പോലും, വന്നില്ല.
 ഒരു നല്ല കളി കണ്ടതിലെ സംതൃപ്തി, രണ്ടാം വരവ് ഗംഭീരമാക്കിയ “വേദിക” ക്ക് അവകാശപ്പെട്ട പൊൻതൂവൽ…..


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder