ദീപ കോടീരി

October 28, 2016

കണ്ണൂർ ചിറക്കൽ ധന്വന്തരീക്ഷേത്ര ഉൽസവ ക്കളി :കഥ – കുചേലവൃത്തം.( കുചേലൻ: വെള്ളിനേഴി ഹരിദാസ് ,കൃഷ്ണൻ: കലാ .പ്രദീപ്, രുഗ്മിണി : സദനം സദാനന്ദൻ, പാട്ട്: കോട്ടക്കൽ നാരായണൻ ,പനയൂർ കുട്ടൻ ,ചെണ്ട: ശിവദാസൻ : മദ്ദളം: കലാ.അജിത്ത് ) 

അമ്മയുടെ ഹോസ്പിറ്റൽ വിഷയങ്ങളും ഫോൺ വിളികളുമായി എത്താൻ വൈകി.. “ദാനവാരി” കഴിഞ്ഞിരുന്നു.. അമ്പലത്തിനു മുൻപിലുള്ള ചിറയുടെ ഒരു കോണിലെത്തിയപ്പോഴേ മങ്ങി കേട്ടിരുന്നു പുന്നാഗവരാളി.. ത്തിരി വെഷമം തോന്നി.. വണ്ടിക്ക് Speed കൂട്ടാൻ പറഞ്ഞു ( ചീത്ത കിട്ടി) ചിറയിൽ നിറയെ ചുവന്ന ആമ്പലുകൾ ഉണ്ടായിരുന്നു.. നിലാവും… വണ്ടി ഇറങ്ങി ഓടി ( തൊഴാൻ മറന്നു) അരങ്ങിന്റെ അടുത്തെത്തി.. House full.. കസേര ഒക്കെ full.. ശാന്തിക്കാരനെ സോപ്പിട്ട് ഒരു കഷ്ണം കാർഡ് ബോർഡ് ഷീറ്റും തരാക്കി നിലത്ത് വിരിച്ച് ഉണ്ണികളേം പിടിച്ചിരുത്തിശ്വാസം നേരെ വിട്ടു.

അപ്പോഴേക്കും കൃഷ്ണൻ പറയാൻ തുടങ്ങിയിരുന്നു.. കോട്ടക്കൽ Stage നേക്കാൾ ത്തിരി കൂടി പൊക്കം കൂടും.. സാരല്യ… ഒട്ടും അതി ഉൽസാഹം കാട്ടി ” ഹൗ” ന്ന് തോന്നിക്കാത്ത കൃഷ്ണൻ! പ്രസന്നനായ ,കരുണാർദ്രനായ ,വാചാലമായ കണ്ണുകളുളള കൃഷ്ണൻ!”എത്രയും കൃതാർത്ഥനായ് “എന്നിടത്തെ കൃതാർത്ഥതക്ക് ഹൃദയത്തിൽ തട്ടിയ നിറവ്’! വേദപഠനം ചെയ്യുന്ന ഉണ്ണികളുടെ കുട്ടിക്കുറുമ്പ് കണ്ണുകൾ കൊണ്ട് പകർന്നാടി.. തോണ്ടിയും ചിരിച്ചും രസിച്ചും കളിച്ചും അദ്ധ്യയനം ചെയ്യുന്ന കുറച്ച് കുടുമ കെട്ടിയ ഉണ്ണികൾ! ” ബന്ധം വിനാ ” വന്ന വൃഷ്ടിയിൽ തണുത്തും പേടിച്ചും വിറച്ച് ഒലിച്ച് വേച്ചു വേച്ച് നടന്ന്.. ഞാനും അറിയാതെ നെറ്റിയിൽനിന്ന് മൂക്കിൻ തുമ്പിലൂടെ ഇറ്റി വീഴുന്ന മഴനൂലുകൾ തുടക്കാനാഞ്ഞു.. (ചില ചിത്രങ്ങൾ സാധ്യമായ ചില dimension കൾക്കപ്പുറം മറ്റൊരു അനുഭവതലത്തിലേക്ക് കടക്കില്യേ! ഉദാ: പൂത്തു പടർന്നു നിൽക്കുന്ന ഒരു മുല്ലവള്ളിയുടെ ചിത്രത്തിൽ നിന്നും ചിലപ്പോൾ അരിമുല്ല മണം മൂക്കിലേക്ക് ഒഴുകി വരുന്നതായി? കേൾവി, കാഴ്ച എന്നതിലപ്പുറത്തേക്ക് തണുപ്പും നനവും മഴയുംകൂടി കാണികൾക്ക് അനുഭവിപ്പിക്കാൻ അനുഗൃഹീത പ്രതിഭ വേണം.. “ആർത്തനായ ” മുനിയുടെ വിഹ്വല ചിത്രം അതി ഗംഭീരം! ജ്ഞാനിയും കണിശക്കാരനും ആർദ്രഹൃദയനും ആയ സാന്ദീപനി.. ആശ്രമത്തിന്റെ പൂമുഖത്ത് ആർത്തലച്ചു പെയ്യുന്ന മഴയെ ശപിച്ച് ഇരുട്ടത്ത് തെളിയുന്ന മിന്നലിൽ തന്റെ കുഞ്ഞുങ്ങളുടെ കുഞ്ഞു രൂപങ്ങൾ തെളിയുന്നുണ്ടോ എന്ന് കാത്ത് കാത്ത് ,ഭാര്യയെ ” നീയല്ലാതെ ആ രണ്ടു കുഞ്ഞുങ്ങളെ കൊടുങ്കാട്ടിലേക്ക് വിടുമോ? ” ന്ന് വേവലാതിപ്പെടുന്ന .. കാട്ടിലെ സസ്യലതാതികളോട് ,മൃഗങ്ങളോട് ഉണ്ണികളെ തേടുന്ന സ്നേഹനിധി! ” കണ്ടെത്തിയ “നേരത്തെ നിർവൃതി ,കണ്ണിൽനിന്ന് ചാലിട്ട മിഴിനീർ ! “ഗുരു കടാക്ഷ”ത്തിൽ നിറഞ്ഞ സർവ പുരുഷാർത്ഥ പ്രദമായ കൃതാർത്ഥത ! വാത്സല്യം’ ” അനുഗ്രഹമുദ്രയിൽ ചിട്ടക്കപ്പുറം വിശാലമായ അനുഗ്രഹം! അതീവ ഹൃദ്യം!

കൃഷ്ണനും കുചേലനും തമ്മിലുള്ള വിഷയാന്തരം പലപ്പോഴുമെനിക്ക് വളരെ ആവേശം തോന്നാറുണ്ട്… സാധാരണ പ്രാപഞ്ചികനെപ്പോലെ ഉപനയം ,വിവാഹം ,കുട്ടിക്കാലത്തെ ഓർമകൾ തുടങ്ങിയ വിഷയങ്ങളെ കുറിച്ച് വായ തോരാതെ സംസാരിക്കുന്ന കൃഷ്ണനും കൃഷ്ണാർപ്പണത്താൽ സർവപ്രാപഞ്ചികതയിൽ നിന്നും മുക്തനായി സ്തുതിക്കാനല്ലാതെ മറ്റൊന്നും അറിയാത്ത കുചേലനും! കൃഷ്ണന്റെ യും കുചേലന്റേയും സംവാദങ്ങൾ തമ്മിലുള്ള വിഷയാന്തരം!ഗുരു ഭവനത്തിലെ ബാല്യകാല ഓർമകൾ, കുടുംബ അന്വേഷണങ്ങൾ തുടങ്ങിയ സൗഹൃദ മധുരമാണ് കൃഷ്ണൻ കുചേലന് വിളമ്പിയതെങ്കിൽ കൃഷ്ണഭക്തിയിൽ സ്വയം അലിഞ്ഞില്ലാതായ ആ ഒരു ആത്മസമർപ്പണമാണ് തിരികെ കുചേലൻ നൽകുന്നത്.. ആ അനുഭവത്തെ തികച്ചും നീതികരിച്ചു. വിഷ്ണുവാണ്, സാക്ഷാൽ വിരാട് രൂപമാണ് തന്റെ മുൻപിലിരിക്കുന്ന കൃഷ്ണനെന്ന്, നരഹരിയാണെന്ന് കുചേലൻ പണ്ടേ അറിഞ്ഞിട്ടുള്ളതാണ്.. അവിടെ പ്രാപഞ്ചിക അന്വേഷണങ്ങേളാകുശലങ്ങളോ ഇല്ല… സ്വച്ഛമായി നിലകൊള്ളുന്ന ഭക്തി സാഗരം മാത്രം….” വിഷ്ണോ ” എന്നു സ്തുതിച്ചപ്പോൾ അനർഗളമൊഴുകുന്ന കരുണയോടെ കൃഷ്ണൻ കുചേലനെ അനുഗ്രഹിച്ചത് മനോഹരമായി ! മഹാഭാരത യുദ്ധത്തിന്റെ വിജയ പക്ഷത്തിന്റെ സൂത്രധാരന്റെ ചമ്മട്ടിയേന്തിയ വിരലുകൾ ! “കാല വിഷമം” പറയാൻ കുചേലനുള്ള ജാള്യത …കാണാക്കണ്ണു കൊണ്ട് എല്ലാം അറിയുന്ന കൃഷ്ണൻ! പട്ടിണിയും പരാധീനതയും പറഞ്ഞ് സഹായം ചോദിക്കാൻ പറഞ്ഞു വന്ന കുചേലൻ പറയുന്നത് “ലോകത്തിലെ പുണ്യവാൻമാരിൽ വെച്ച് അഗ്രഗണ്യൻ താനാണെന്നാണ്! ആ വൈപരീത്യത്തിന്റെ മനോഹാരിതയും വേദനയും ഇന്നലത്തെ കളിയിൽ അനുഭവിച്ചത് കൃഷ്ണനിലൂടെയാണ്.

സാധാരണ ഉരൽ എന്നതിൽ നിന്ന് ഇത്തിരി മാത്രം ഉയർന്ന് ,കുചേലന്റെ വടിയും കുടയും വാങ്ങി വെച്ച് കിണ്ടിയും ശംഖും കൊണ്ടുവരാനും കൊണ്ടു വെക്കാനും അവില് വരുമ്പോൾ മൂക്കുപിഴിഞ്ഞ് അലോഗ്യം പറയാനും മാത്രം ആവശ്യമുള്ള രുഗ്മിണി പക്ഷേ കുറേ വേറിട്ടു നിന്നു..സാന്ദീപനിയുടെ ആശ്രമ കഥകൾ നിറഞ്ഞ ജിജ്ഞാസയോടെ കേട്ടു നിന്നു.. നേരിയ പരിഭവത്തിന്റെ മൂടുപടത്തിനുള്ളിലും കൃഷ്ണനോടുള്ള സ്നേഹം നിറഞ്ഞു നിന്നു.. ഭർത്താവിന്റെ “ഭക്തൻമാരോടുള്ള സക്തി ” യുടെ ആഴമറിഞ്ഞവൾ.. (ശിവരാമാശാന്റെ രുഗ്മിണി ഓർക്കുന്നു.. “മൽ ഭക്തൻമാരോടുളള സക്തിയാൽ എന്നെ ഞാനും ,ഉൽപലവിലോചനേ ഉൾക്കാമ്പിൽ മറന്നു പോയ്” എന്നു കേൾക്കേ സർവ പരിഭവവും മഞ്ഞുപോലെ അലിഞ്ഞുമാഞ്ഞ് ആ കാൽക്കൽ തൊഴുതി രുന്ന രുഗ്മിണിയെ..) “ഉദ്വാഹ ദിനം തുടങ്ങി ” എന്നിടത്ത സ്വയം വരദിനം തേരിൽ കൈ പിടിച്ച് കയറ്റി മാറോട് ചേർത്ത് പിടിച്ച അന്നുതൊട്ട് എന്ന് കാണിച്ചത് ഉചിതം!നടപ്പില്ലാത്ത “വാണീയമതിക്രമിച്ചു… ” എന്ന വരികൾ എന്തിനാണാവോ ആടിയത്……. കൃഷ്ണന്റെ ആ “സക്തി ” എന്ന മുദ്ര വാചാലം! ഹൃദയം അലിഞ്ഞു പൊടിഞ്ഞ് ഭക്തനിലേക്ക് അടുക്കുന്ന പോലെ… ഞാനേറ്റവും ഇഷ്ടപ്പെടുന്ന കുചേലവൃത്ത വരികൾ, ഒരു പക്ഷേ ഈ കഥയുടെ ജീവൻ ” പൃഥുകം താവക മിത്ര മധുരമെന്നതു ഞാനും മതിയിലോർത്തിരുന്നില്ലേ ,പ്രചുരം പ്രേമ മഹാത്മ്യം!” എന്ന വരിയിലെ പ്രേമ മാഹാത്മ്യം ! ഉത്തുംഗ ഹിമാലയം പോലെ!കൃഷ്ണൻ വേർപാടിനു മുൻപ് കുചേല നോട് ഒരു ആഗ്രഹം പറഞ്ഞു.. ആ കാൽക്കൽ’ ഒന്നു ‘സാഷ്ടാംഗം നമസ്കരിക്കണമെന്ന്.. നമസ്കരിച്ച ശേഷം പറഞ്ഞു ” ഒരു വലിയ ഭാരം ഇറക്കി വെച്ചു ” എന്നും.. ഒരു മഹാരാജാവിന്റെ ബാധ്യതകളുടേയും ഉത്തരവാദിത്വങ്ങളുടേയും ഭാരമിറക്കി ഭക്തന്റെ സ്നേഹത്തിനു മുൻപിൽ ഒരു സാഷ്ടാംഗ പ്രണാമം! അതീവ ഹൃദ്യം! കുചേലൻ പോയ ശേഷം ലക്ഷ്മീ തൽപത്തിൽ തന്നെ, രുഗ്മിണിയുടെ മടിയിൽ തലവെച്ചു വിഷ്ണുവെന്ന പോലെ ശയിച്ചു… പാട്ട് അതിസുന്ദരം! ” സാന്ദീപനി മുനി തൻ ” ആരഭിയിൽ.. അമീർ കല്യാണി അതി മനോഹരം..
കഥകളിവിചാരം വാട്സപ്പ് ഗ്രൂപ്പിലെ രണ്ടു പേരുണ്ടായിരുന്നു .. കൃഷ്ണ കുമാറേട്ടനും ഹരിയേട്ടനും.. ത്തിരി വിശേഷോം പറഞ്ഞ് തിരികെ.. 


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു