സ്മിതേഷ് നമ്പൂതിരിപ്പാട്

July 23, 2012

കാറല്‍മണ്ണയില്‍ 19-07-2012 – നു നടന്ന ശ്രീ കോട്ടക്കല്‍ ശിവരാമന്‍ അനുസ്മരണ കുറിപ്പ്…..

ഓര്‍മ്മ എന്ന് പേരില്‍ ശ്രീ കോട്ടക്കല്‍ ശിവരാമന്‍ രണ്ടാം ചരമ വാര്‍ഷികം ജൂലായ്‌ 19നു കാറല്‍മണ്ണയില്‍ ശ്രീ വാഴേങ്കട കുഞ്ചു നായര്‍ സ്മാരക ട്രസ്റ്റില്‍ നടക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ തന്നെ അതിനു പോകണം എന്ന് തീരുമാനിച്ചു. ശ്രീ കോട്ടക്കക്കല്‍ ശിവരാമനോടു ബഹുമാനം ഉണ്ടെങ്കിലും , അതിനു മേല്‍ അത് കുഞ്ചു നായര്‍ സ്മാരക ട്രസ്റ്റില്‍ വെച്ച്  നടത്തുന്നു എന്നത് എന്നെ ഒരുപാടു ആകര്‍ഷിച്ചു. ഞാന്‍ പഠിക്കുന്ന കാലത്ത് ട്രസ്റ്റില്‍ വെച്ച് നടന്ന ഒരുപാട് കളികള്‍ക്കും കഥകളി സമാരോഹം മുതലായ നിരവധി പരിപാടികള്‍ക്കും സഹകരിക്കുകയും പങ്കെടുക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ഏതായാലും ഞാന്‍ ആ ദിവസത്തിനായി കാത്തിരുന്നു.

അന്നേദിവസം വൈകുന്നേരം 4.30നു കാറല്‍മണ്ണ കുഞ്ചു നായര്‍ സ്മാരക ട്രസ്റ്റില്‍ എത്തി. ശ്രീ രാജാനന്ദന്‍ നിറഞ്ഞ പുഞ്ചിരിയോടെ വരവേറ്റു. അനവധി കാലത്തിനു ശേഷമാണ് ഞങ്ങള്‍ നേരില്‍ കാണുന്നത്. കഴിഞ്ഞ 8-10 വര്‍ഷമായി ഞാന്‍ വളരെ ചുരുക്കം കഥകളിയെ കാണാന്‍ പോയിട്ടുള്ളൂ. അതിനാല്‍ തമ്മില്‍ കാണാനുള്ള സാഹചര്യവും കുറവായിരുന്നു. മണ്‍മറിഞ്ഞ ഏതാനും കഥകളി  കലാകാരന്‍മാരുടെ ഫോട്ടോസ് പുതുതായി വെച്ചിട്ടുണ്ട് എന്നത് ഒഴിച്ചാല്‍ ഒരു മാറ്റവും അവിടെ കണ്ടില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ വളരെ പരിചിതമായി തോന്നിയ ഒരു വക്തി വന്നു. ഇതിനു മുമ്പ് ആളെ നേരില്‍ കണ്ടിട്ടില്ലെങ്കിലും അത് ഫേസ്ബുക്ക് സുഹൃത്ത്‌ ശ്രീചിത്രന്‍ ആണെന്ന് മനസ്സിലായി. ഞാന്‍ എന്നെ സ്വയം അദ്ദേഹത്തിന് പരിചയപ്പെടുത്തി.

ഇന്നത്തെ കഥ “ലവണാസുരവധം” ആണ്. ഞാന്‍ അണിയറയില്‍ പോയി. അവിടെ സദനം ഭാസിയും പീശപ്പിള്ളി രാജീവേട്ടനും മറ്റുള്ള കലാകാരന്മാരും  ഒരുങ്ങുന്നു. രാജീവെട്ടന്റ്റെ സീതയും ഭാസിയുടെ ഹനുമാനുമാണ്. രാജീവേട്ടനോട് അല്‍പ്പം കുശലാന്വേഷണം നടത്തിയതിനു ശേഷം അതെല്ലാം നോക്കി അല്‍പ്പനേരം അണിയറയില്‍ നിന്നു. അതെല്ലാം എത്രനേരം നോക്കി നിന്നാലും കൌതുകം തീരില്ല. രാജീവേട്ടന്റ്റെ സ്ത്രീ വേഷം ഇതിനു മുമ്പ് കാണാന്‍ സാധിചിട്ടില്ല. എന്നതും ഇന്ന് എനിക്ക് ഒരു പ്രത്യേകത ആണ്.

5.30നു അനുസ്മരണ സമ്മേളനം തുടങ്ങി. ശ്രീ കോട്ടക്കല്‍ ഗോപി നായര്‍ ശ്രീ വാഴേങ്കട കുഞ്ചു നായരുടെ പ്രതിമയ്ക്ക് മുന്നില്‍ ഭദ്രദീപം കൊളുത്തി. ശ്രീമതി ഭവാനി ശിവരാമന്‍, ശ്രീ കോട്ടക്കല്‍ ശിവരാമന്റ്റെ മനോഹരമായ ഫോട്ടോക്ക് മുന്നിലും. ശ്രീ കെ ബി രാജനന്ദ്‌ സ്വാഗതം പറഞ്ഞു. ശ്രീ കോട്ടക്കല്‍ ഗോപി നായരുടെ അദ്ധ്യക്ഷതയില്‍ ശ്രീ പാലക്കീഴ് നാരായണന്‍ നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശ്രീ പാലക്കീഴ് നാരായണന്‍, ശ്രീ എം എന്‍ നീലകണ്ഠന്‍, ശ്രീ മോഴികുന്നം വാസുദേവന്‍ നമ്പുതിരി, ശ്രീ ശ്രീചിത്രന്‍ എന്നിവര്‍ ശ്രീ കോട്ടക്കല്‍ ശിവരാമനെ അനുസ്മരിച്ചു പ്രസംഗിച്ചു. ശ്രീ പീതാംബരന്‍ നന്ദി പ്രകാശിപ്പിച്ചതോടെ ആ ലളിതമായ ചടങ്ങ് അവസാനിച്ചു.

7.30നു കഥകളി ആരംഭിച്ചു. ഈ കഥകളി അവതരിപ്പിക്കുന്നത്‌ സദനം കഥകളി അക്കാദമി ആണ്. ഓര്‍മ്മ എന്ന ഈ ചടങ്ങ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുന്ന “ഉത്തരീയം” എന്ന സംഘടന ആണ്.

ആദ്യ രംഗത്തില്‍ സീതയോടൊപ്പം കുശ-ലവന്മാര്‍. കുശനായി ശ്രീ സദനം കൃഷ്ണദാസും, ലവനായി ശ്രീ സദനം സുരേഷും അരങ്ങിലെത്തി. സംഗീതം കൈകാര്യം ചെയ്യുന്നതു ശ്രീ സദനം ശിവദാസും ശ്രീ സദനം ജ്യോതിഷ്ബാബുവും ആണ്. മദ്ദളത്തില്‍ ശ്രീ സദനം രാജനും ചെണ്ടയില്‍ ശ്രീ സദനം രാമകൃഷ്ണനും. സദനം കൃഷ്ണദാസ് വളരെ കഴിവുള്ള കലാകാരന്‍ ആണ് എന്ന് കേട്ടിട്ടുണ്ട്.
(ഞാന്‍ അദ്ദേഹതിന്റ്റെ അധികം വേഷങ്ങള്‍ ഒന്നും കണ്ടതായി ഓര്‍ക്കുന്നില്യ). അത് ശരിയാണ് എന്ന് വേഗത്തില്‍ മനസ്സിലായി. മഞ്ഞ ഉടുത്തുകെട്ടും കൃഷ്ണമുടിയും ഉള്ള കുശ-ലവന്മാര്‍ നല്ല ഭംഗിയാണ് അരങ്ങിനു തന്നത്. (ഞാന്‍ വെള്ള ഉടുത്തുകെട്ടുള്ള കുശ-ലവന്മാര്‍ ആണ് അധികവും കണ്ടിട്ടുള്ളത്.) ശ്രീ സദനം സുരേഷ് പച്ച വേഷം കെട്ടിയാല്‍ നല്ല ഭംഗിയുണ്ട്. വനത്തില്‍ കളിയ്ക്കാന്‍ പോകുന്നതിനുള്ള അനുവാദം ചോദിക്കുന്നതും സീത മനസ്സില്ലാമനസ്സോടെ സമ്മതിക്കുന്നതും ആയുള്ള രംഗം ഒട്ടും മോശമായില്ല.

അടുത്ത രംഗത്തില്‍ കാട്ടില്‍ കളിച്ചു നടക്കുന്ന കുട്ടികള്‍ നെറ്റിയില്‍ ഒരു കുറിമാനം കെട്ടിയ ഒരു കുതിരയെ കാണുകയും അതിനെ പിടിച്ചു കെട്ടാന്‍ പുറപ്പെടുന്നതും അതിനെ എതിര്‍ത്ത് ചില ബ്രാഹ്മണ ബാലന്മാര്‍ തടസ്സം ഉന്നയിക്കുന്നതും അത് കൂട്ടാക്കാതെ കുട്ടികള്‍ കുതിരയെ  ബന്ധിക്കുന്നതുമായ രംഗം അത്രയൊന്നു ആകര്‍ഷകമായി തോന്നിയില്ല്യ. പ്രത്യേകിച്ച് ബ്രാഹ്മണ ബാലന്മാരുടെ വേഷം. ഒരുതരം ലുങ്കി പോലുള്ള വേഷത്തെക്കാള്‍ വെള്ളയോ കാവിയോ ആകാമായിരുന്നു എന്ന് തോന്നിപ്പോയി.

പിന്നീടുള്ള  രംഗത്തില്‍ ഹനുമാന്‍റെ തിരനോക്കും മറ്റും ആണ്. സദനം ഭാസിയുടെ ഹനുമാന് നല്ല വേഷ ഭംഗിയുണ്ട്. ഉയരക്കുറവ് ഭാസിയുടെ ഹനുമാന് ഒരു പ്ലസ്‌ പൊയന്റ്റ് ആണ്. ശ്രീരാമ നിര്‍ദ്ദേശപ്രകാരം ഈ വനത്തില്‍ യാഗാശ്വത്തെ ബന്ധമോചനം ചെയ്യാന്‍ വന്ന ഹനുമാന്‍ ഈ രണ്ടു കുട്ടികളെ കാണുമ്പോള്‍ താന്‍ പണ്ട് സുഗ്രീവ സന്നിധിയിലേക്ക് തന്‍റെ ചുമലില്‍ ഏറ്റികൊണ്ടുപോയ ശ്രീരാമ-ല്ക്ഷ്മനന്മാരെ ഓര്‍ക്കുന്നു. ആ രൂപസാദൃശ്യമുള്ള ഈ കുട്ടികള്‍ ആരെന്നു ചിന്തിച്ചു അവരെ പ്രകോപിപ്പിച്ചു മരത്തില്‍ നിന്ന് ഇറങ്ങിയുള്ള പദവും തുടര്‍ന്ന് “അനില സുതന്‍ അഹം..” എന്നിടത്തുള്ള അഷ്ട്ടകലാശവും മനോഹരമായി. ശ്രീ കീഴ്പ്പടം കുമാരന്‍ നായരുടെ ഹനുമാന്‍ ചെയ്യാറുള്ള  അഷ്ട്ടകലാശം ഓര്‍ത്തുപോയി. (അദ്ദേഹത്തിന്‍റെ ഹനുമാന്‍റെ അഷ്ടകലാശത്തിനു ഒരു പ്രത്യേക കൌതുകം തോന്നാറുണ്ട്.)

ഒരു ചെറിയ യുദ്ധവും അതിനു ശേഷം കുട്ടികള്‍ക്ക് കീഴടങ്ങുന്നതുമായ രംഗം കാണികളില്‍ ഉണര്‍വ്വ് പകര്‍ന്നു. തുടര്‍ന്ന് അവസാന രംഗത്തില്‍ ഹനുമാനെയും യാഗാശ്വത്തെയും കെട്ടി സീതയുടെ സമീപത്തേക്ക് സന്തോഷത്തോടെ കൊണ്ടുവരുന്നു. ഇത് കാണുമ്പോള്‍ സീതക്കുണ്ടാകുന്ന ഭാവങ്ങള്‍ രാജീവേട്ടന്‍ നന്നായി അവതരിപ്പിച്ചു.
“ഹന്ത ഹനുമാനെ…” എന്നാ പദം മുതല്‍ രാജീവേട്ടന്റ്റെ  സീത ഒരു ഉന്നതതലത്തിലേക്ക് ഉയര്‍ത്തപ്പെട്ട പോലെ തോന്നി. “സുഖമോ ദേവി…” എന്ന മറുപടിയില്‍ സീതയുടെ ഭാവാഭിനയം അവര്‍ണ്ണനീയം ആയിരുന്നു. അതിനു ശേഷം ഹനുമാന്‍ യാഗാശ്വത്തെ സീതക്ക് കാണിച്ചു കൊടുക്കുമ്പോള്‍ അത് കണ്ട സീതയുടെ, പതുക്കെ പതുക്കെ ഉള്ള പിന്മാറ്റവും, ഒന്നും പറയാതെ തന്നെ എല്ലാം മനസ്സിലാക്കിയ സീതയുടെ ഭാവവും മറ്റും – എല്ലാം കൂടി ആ രംഗം എന്‍റെ മനസ്സില്‍ നൊമ്പരങ്ങള്‍ ഉളവാക്കി. ഞാന്‍ അറിയാതെ തന്നെ എന്‍റെ കണ്ണുകള്‍ ഈറന്‍ അണിഞ്ഞു…. ഈ രംഗം ഒന്നുകൊണ്ടു തന്നെ ഈ കഥകളി മൊത്തത്തില്‍ ഗംഭീരം എന്ന് എന്‍റെ മനസ്സ് എന്നോട് തന്നെ പറഞ്ഞു.

വളരെ നല്ല ഒരു കളി കണ്ട സുഖം എനിക്ക് മറ്റുള്ളവരുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാന്‍ കഴിഞ്ഞു. കളി നന്നാവാന്‍ ഇതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അവരവരുടെ പങ്കുണ്ട് എന്നതില്‍ സംശയം ഇല്ല. എന്നാലും രാജീവേട്ടനോട് നന്നായി എന്ന് പറയാതെ പോകാന്‍ മനസ്സുവന്നില്ല. (മറ്റുള്ളവരോട് അവരെ വ്യക്തിപരമായി പരിചയമില്ലാത്തത് കൊണ്ട്  പറഞ്ഞില്ലെന്നുമാത്രം)

11 മണിയോടെ ഇനിയും ഇതുപോലെയോ ഇതിലും നല്ലതുമായതോ ആയ  കളികള്‍ കാണാന്‍ കഴിയണമെ എന്ന പ്രാര്‍ത്ഥനയോടെ കാറല്‍മണ്ണയില്‍ നിന്നും മടങ്ങി………

ഒരു സാധാരണ കഥകളി ആസ്വാദകന്‍ എഴുതിയ കുറിപ്പുകള്‍ എന്നാ നിലയില്‍ മാത്രം (കഥകളിയുടെ മറ്റു ടെക്നിക്കല്‍ സങ്കേതങ്ങള്‍ ഒന്നും അത്ര വിശദീകരിക്കാന്‍ അറിയാത്തതുകൊണ്ട്) ഇതിനെ കാണണം എന്നാ അപേക്ഷയോടെ………..


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder