ദുബായ് അന്തര്‍ദ്ദേശീയ കഥകളി & കൂടിയാട്ടം ഉത്സവം 2013 ഒരു ചെറിയ അനുഭവകുറിപ്പ്

സുനിൽ മുതുകുറിശ്ശി

December 13, 2013

ഉത്സവങ്ങളും പൂരങ്ങളും ഒന്നും എന്നെ പോലെ ഉള്ള പ്രവാസികള്‍ക്ക് അധികം തരമാവാറില്ല. അപ്പോള്‍ പിന്നെ കഥകളി കൂടിയാട്ടം എന്നിങ്ങനെയുള്ളവയുടെ കാര്യം പറയുകയേ വേണ്ട. ദുബായില്‍ നടക്കുന്ന അന്തര്‍ദ്ദേശീയ കൂടിയാട്ടം & കഥകളി ഉത്സവത്തിനുപോകാന്‍ മുന്നേ തന്നെ മനം ഉണ്ടായിരുന്നു. കളിക്കാരും കാണികളും പ്രവാസികളായ ഒരു ഉത്സവം. അതിനാല്‍ തന്നെ കളി ഇല്ലാത്ത സമയത്ത് പലരുമായും ആശയവിനിമയം നടത്താന്‍ അവസരം കിട്ടും. അതുംകൂടാതെ ഇത്തവണ നളചരിതോത്സവം കൂടെ ആണ്‌. അപ്പോ പിന്നെ പോകാതെ വയ്യ എന്ന് തീര്‍ച്ചപ്പെടുത്തി ആണ്‌ ടിക്കറ്റ് ബുക്ക് ചെയ്തത്. അങ്ങനെ നവംബര്‍ 28ന്‌ വൈകുന്നേരം ഇവിടെ നിന്ന് പുറപ്പെട്ടു. 

ഉദ്ഘാടനദിവസമായ അന്ന് മേതില്‍ ദേവികയുടെ മോഹിനിയാട്ടകച്ചേരി ഉണ്ടായിരുന്നു. അത് കാണണം എന്ന കലശലായ മോഹത്തോടെ ആണ്‌ പോയത്. നിര്‍ഭാഗ്യവശാല്‍ ദുബായ് എയര്‍പോര്‍ട്ടില്‍ ഇറങ്ങി വിസ സ്റ്റാമ്പ് ചെയ്യാനും മെട്റോയില്‍ കയറി ഉത്സവസ്ഥലത്ത് എത്താനും വിചാരിച്ചത് പോലെ സാധിച്ചില്ല. ഞാന്‍ ഉത്സവസ്ഥലത്ത് എത്തി ആദ്യം കാണുന്നത് ശ്രീ രാജാനന്ദനും ശ്രീ കെ.ബി നാരായണനും കൂടി പുറത്തേയ്ക്ക് വരുന്നതാണ്‌. പശ്ചാത്തലത്തില്‍ തായമ്പകയുടെ ശബ്ദവും കേള്‍ക്കാമായിരുന്നു. ചെന്ന വഴി ഒരു ചൂടുചായ കുടിച്ച് അണിയറയില്‍ പോയി ശ്രീ വാസുപിഷാരോടി ആശാനെ കണ്ട് കുശലം ചോദിച്ചു. മറ്റ് പലരേയും കണ്ട് പരിചയം പുതുക്കി. അന്നേ ദിവസം തായമ്പകയ്ക്ക് ശേഷം പരിപാടി മറ്റൊന്നും ഇല്ലായിരുന്നു. രാത്രി ശ്രീ കെ.ബി നാരായണന്‍റെ കൂടെ കൂടി.

പിറ്റേദിവസം രാവിലെ ഞങ്ങള്‍ ഓഡിറ്റോറിയത്തില്‍ എത്തി. ആചാര്യവന്ദനത്തിനു ശേഷം സോപാനസംഗീതം തുടങ്ങി. ശ്രീ അമ്പലപ്പുഴ വിജയകുമാര്‍ സോപാനസംഗീതത്തെ കുറിച്ച് വളരെ ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞു. ചുരുങ്ങിയവാക്കുകളാണെങ്കിലും സോപാനസംഗീതം അഥവാ കൊട്ടിപ്പാടിസേവ, അതില്‍ ഉപയോഗിക്കുന്ന രാഗങ്ങളുടെ പേരൊക്കെ അദ്ദേഹം വളരെ അനായാസതയോടെ പറഞ്ഞ് തീര്‍ത്തു.  മൂന്നാം ദിവസം ഞാന്‍ വിജയകുമാറിനെ പരിചയപ്പെട്ടു. 35 വയസ്സേ പ്രായമുള്ളൂ. പോസ്റ്റ്ഗ്രാജ്വേഷന്‍ കൂടെ കഴിഞ്ഞ വിദ്വാന്‍. രണ്ട് കുട്ടികള്‍. ഭാര്യയും വിജയകുമാറും സസന്തോഷം കുലത്തൊഴില്‍ തന്നെ ജീവിതമാര്‍ഗ്ഗം എന്ന് പറഞ്ഞ്, ഇപ്രായത്തിലുള്ള മറ്റ് പലരും തെരഞ്ഞെടുക്കാത്തവഴിയിലൂടെ കൊട്ടിപ്പാടിസേവയുമായി കഴിയുന്നു.  ഒരു ബഹുമാനം ഒക്കെ തോന്നി.

കൂടാതെ നാരായണന്‍ കൂടല്ലൂര്‍ പറഞ്ഞപോലെ, ഈ പ്രായത്തില്‍ മറ്റ് പല സംഗീതശാഖകളിലും അദ്ദേഹത്തിന്‍റെ ശബ്ദം വെച്ച് ചേക്കേറിയാല്‍ ശോഭിക്കും. അതുകൂടെ ചെയ്യുന്നില്ല. ഇപ്പോഴും ആ തനത് ശൈലിയില്‍ തന്നെ പാടിവരുന്നു. അത് സമ്മതിയ്ക്കാതെ വയ്യ. അദ്ദേഹം കരുവാറ്റ നടരാജൻ, അമ്പലപ്പുഴ കൃഷ്ണയ്യർ എന്നിവരുടെ കീഴിൽ ശാസ്ത്രീയ സംഗീതവും പഠിച്ചിട്ടുണ്ട്. അച്ഛൻ ക്ഷേത്രകലാരത്‌ന പരമേശ്വരകുറുപ്പ്. ഗോപകുമാര്‍, ജയകുമാര്‍ എന്നിവർ സഹോദരങ്ങൾ. എല്ലാവരും പഞ്ചവാദ്യം, മേളം, കളമെഴുത്ത് പാട്ട്, അടിയന്തിര കാര്യങ്ങൾ ഒക്കെ കൈകാര്യം ചെയ്യും.

ശേഷം ശ്രീമതി മാര്‍ഗ്ഗി സതിയുടെ നങ്ങ്യാര്‍കൂത്ത് ആയിരുന്നു. കഥ ആകട്ടെ പാരമ്പര്യമായി ഉപയോഗിച്ച് വരുന്ന കഥകളില്‍ നിന്ന് അല്‍പ്പം വിഭിന്നമായി സംഘകാല കൃതിയായ ‘ചിലപ്പതികാരം’ ആയിരുന്നു. ഈ കഥ മുഴുവന്‍ ഏകദേശം രണ്ടര മണിക്കൂറുകൊണ്ട് സതി ആടി തീര്‍ത്തു. അഥവാ ആടി തകര്‍ത്തു – എന്ന് പറയുകയാവും ശരി. ഇടയില്‍ ആകപ്പാടെ രണ്ട് ശ്ലോകങ്ങളെ നങ്ങ്യാരമ്മ ചൊല്ലിയുള്ളൂ. അവയാകട്ടെ ആടിയതിന്‍റെ രത്നചുരുക്കവും ആയിരുന്നു. ഈ ആട്ടം അനുഭവഭേദ്യമാക്കാന്‍ സഹായിച്ച് രണ്ട് മൂന്നുപേരും കൂടെ ഉണ്ടായിരുന്നു. പക്കമേളക്കാരായ മിഴാവുകാരും ഇടയ്ക്കയും. കലാമണ്ഡലം രവികുമാറിന്‍റെ മിഴാവ്‌ വാദനത്തെ ഞാന്‍ സ്തുതിയ്ക്കുന്നു.

കൂടിയാട്ടം കണ്ടിട്ടില്ലാത്തതിനാല്‍ പരിചയക്കുറവ്‌ നല്ലോം എനിക്കുണ്ട്. എങ്കിലും ഒന്ന് പറയാതെ വയ്യ, മുദ്രയ്ക്ക് കൂടാന്‍ തന്നെ വിഷമം ആണ്‌ കൂടിയാട്ടത്തില്‍. കാരണം മുദ്ര പിടിയ്ക്കുന്നതും ചുരുക്കിയാണല്ലൊ. ഇവിടെ മുദ്രയ്ക്ക് കൂടുക മാത്രമല്ല, കണ്ണിന്‍റെ കൃഷ്ണമണി ഇളകുന്നത് കൂടെ മിഴവില്‍ വരുമായിരുന്നു. നടിയ്ക്കുന്ന വികാരവിക്ഷോഭങ്ങള്‍ക്കനുസരിച്ച് മിഴാവിന്‍റെ ശബ്ദവും നിയന്ത്രിച്ചിരുന്നു. ഇടയ്ക്കയും ഒപ്പം തന്നെ ഉണ്ടായിരുന്നു. അതിനാല്‍ തന്നെ എനിക്ക് ഈ കണ്ണകീചരിതം നല്ലവണ്ണം ഇഷ്ടമായി. മാര്‍ഗ്ഗി സതിയുടെ സംസാരരൂപത്തില്‍ മുദ്രകാണിയ്ക്കുന്നതിനുള്ള കഴിവും അപാരം തന്നെ ആയിരുന്നു. പെട്ടെന്ന് പെട്ടെന്ന് ഭാവഭേദങ്ങള്‍ മുഖത്ത് വരുത്താനും അത് കാണികള്‍ക്ക് അനുഭവവേദ്യവും ആസ്വാദ്യകരവുമാക്കാന്‍ കഴിഞ്ഞു അവര്‍ക്ക്. 

സതി അരങ്ങ് തകര്‍ത്ത ആ സ്റ്റേജില്‍ പിന്നീട് വരുന്നവര്‍ക്ക് കാണികളില്‍ രസാനുഭവം പകര്‍ത്താന്‍ ഞെരുങ്ങും. ഇവിടെ നങ്ങ്യാര്‍കൂത്തിനുശേഷം മേതില്‍ ദേവികയുടെ മോഹിനിയാ ട്ടക്കച്ചേരിയായിരുന്നു ഉണ്ടായത്. പക്കമേളത്തിനായി ഓടക്കുഴലും മൃദംഗവും ഇടയ്ക്കയും വീണയുമൊക്കെ ഉണ്ടായിരുന്നു. കണ്ണകിയുടെ കഥ,  കാവാലം നാരായണപ്പണിക്കരുടെ വരികളിലൂടെ ശ്രീമതി ദേവിക മോഹിനിയാട്ട രൂപത്തില്‍ അവതരിപ്പിക്കുകയുണ്ടായി.  ഉദ്ഘാടനദിവസം കാണാന്‍ പറ്റാത്തതിന്‍റെ ദുഃഖം അങ്ങനെ തീര്‍ന്നു. 

നളചരിതം ഒന്നാം ദിവസത്തില്‍ ഷണ്മുഖന്‍റെ നളനും പീശപ്പള്ളി രാജീവന്‍റെ നാരദനും ആയിരുന്നു. നാരദന്‍റെ ചില ആട്ടങ്ങളെ പറ്റി എനിക്കുള്ള സംശയങ്ങള്‍ പിന്നീട് രാജീവനോട് സംസാരിച്ച് തീര്‍ക്കണം എന്ന് വിചാരിച്ചു. നിര്‍ഭാഗ്യവശാല്‍ പിന്നീടതിനുള്ള സമയം കിട്ടിയില്ല. സദനം ഭാസിയുടെ ഹംസവും നന്നായിരുന്നു. മാര്‍ഗ്ഗി വിജയകുമാറിന്‍റെ ദമയന്തിയ്ക്ക് കാലം ചെല്ലും‍തോറും ശോഭ കൂടുന്നതേ ഉള്ളൂ. ഹംസം ‘ഇളക്കി വെയ്ക്കുമ്പോ’ളൊക്കെയുള്ള മുഖാഭിനയം ഗംഭീരം തന്നെ ആയിരുന്നു. അത് പോലെ സ്വയം‍വരവേദിയിലെ പദം ആടുമ്പോള്‍ ഒക്കെ ശ്രീ വിജയകുമാറിന്‍റെ മുഖം ഒന്ന് കാണേണ്ടുന്നത് തന്നെ ആയിരുന്നു.  ഒന്നാം ദിവസം കളി വല്ലാതെ നീണ്ടുപോയി എന്ന ഒരു കുറവുണ്ടായിരുന്നു. എല്ലാ കഥാപാത്രങ്ങളും അരങ്ങത്ത് വരുമ്പോള്‍ അത് സ്വാഭാവികം. എങ്കിലും ദാനവന്‍ രാക്ഷസന്‍ എന്നിവരൊന്നും ഇത്രയും സമയം എടുക്കാന്‍ പാടില്ലായിരുന്നു. കത്തിയും താടിയും ആയിരുന്നു ഇവര്‍ക്ക് വേഷം. വിസ്തരിച്ച് തിരനോക്കും മറ്റും ഉണ്ടായി. ഇവരുടെ തിരനോക്ക് ഒക്കെ ഒരു ചടങ്ങ് മാത്രമായി കഴിച്ച്, ശേഷം ആട്ടം വേഗം ആടി തീര്‍ക്കുകയാണ്‌ വേണ്ടിയിരുന്നത് എന്നൊരു അഭിപ്രായം എനിക്കുണ്ട്. 

കോട്ടക്കല്‍ മധുവും കലാമണ്ഡലം ബാബു നമ്പൂതിരിയും കലാമണ്ഡലം വിനോദും നെടുമ്പിള്ളി രാം‍മോഹനനും തൃപ്പൂണിത്തുറ അര്‍ജ്ജുന്‍ രാജും ആയിരുന്നു പാട്ടുകാര്‍. അവരാകട്ടെ മിക്കവാറും മാറി മാറി പാടുകയും ചെയ്തിരുന്നു. അതിനാല്‍ ഏത് പദം ആരുപാടി എന്ന് ഓര്‍ത്തുവെയ്ക്കുക ദുഷ്കരം തന്നെ. അതിനിടെ ശ്രീ ക്.എ ബി നാരായണന്‍ തനിയ്ക്ക് വന്ന ഒരു എസ്.എം.എസ് കാണിച്ച് തന്നു. ‘ഹു ഈസ് ദിസ്  ടെണ്ടുല്‍ക്കര്‍ സിങ്ങര്‍?’  എന്നതായിരുന്നു അത്. അര്‍ജ്ജുന്‍ രാജിനുള്ള അംഗീകാരം തന്നെ എന്നതില്‍ സംശയമില്ല. അര്‍ജ്ജുന്‍ രാജാകട്ടെ ഉടനീളം ഗംഭീരപ്രകടനമായിരുന്നു. സദസ്സ്യരുടെ ഇടയില്‍ ‘ടെണ്ടുല്‍ക്കര്‍’ എന്ന വിളിപ്പേര്‍ ഞാന്‍ പങ്കെടുത്ത മൂന്ന് ദിവസവും കേട്ടിരുന്നു. 

ഹംസമായും സരസ്വതി ആയും കാട്ടാള-കാര്‍ക്കോടകന്മാരായുമൊക്കെ വന്ന് സദനം ഭാസി തന്‍റെ ‘ചെറുപ്പ’ത്തെ വലുപ്പമാക്കുന്ന പ്രകടനം ആയിരുന്നു കാഴ്ച്ച വെച്ചത്.  അന്നേദിവസം കഴിഞ്ഞ് തിരിച്ച് കൂടാരത്തിലെത്തിയപ്പോള്‍ രാത്രി വൈകിയിരുന്നു എങ്കിലും എന്‍റെ ആതിഥേയനായ ശ്രീ നാരായണനുമായി സംസാരിച്ചിരുന്നു അതിരാവിലെ ആണ്‌ കിടന്നത്. രണ്ട് മണിക്കൂര്‍ കഷ്ടി ഉറക്കം. രാവിലെ പതിവ്‌ പോലെ എഴുന്നേറ്റ് പ്രഭാതപരിപാടികളും കഴിഞ്ഞ് ഹാളിലെത്തി. ആദ്യപരിപാടിയായ ആചാര്യവന്ദനത്തിനുശേഷം പതിവ്‌ പോലെ വിജയകുമാറിന്‍റെ സോപാനസംഗീതകച്ചേരി. ആളുകള്‍ വന്ന് ഹാള്‍ നിറയുന്നതേ ഉണ്ടായിരുന്നുള്ളൂ.

സോപാനസംഗീതം കഴിഞ്ഞ് അശോകവനികാങ്കം കൂടിയാട്ടം ആയിരുന്നു. കലാമണ്ഡലം സംഗീത് ചാക്യാര്‍ രാവണന്‍. ശക്തിഭദ്രന്‍റെ ആശ്ചര്യചൂഡാമണി എന്ന നാടകമാണത്രെ കേരളത്തിലെ ആദ്യത്തെ സംസ്കൃതനാടകം. അതിലെ ഒരു രംഗം ആണ്‌ അശോകവനികാങ്കം. സത്യത്തില്‍ കൂടിയാട്ടം കണ്ട് പരിചയം ഒട്ടുമേ ഇല്ലാത്ത എനിക്ക് കൂടെ ഇത് കലാ. സംഗീതിന്‍റെ പ്രകടനം ആസ്വാദ്യമായി. അതില്‍ മിഴാവുകാര്‍ നല്ലൊരു പങ്ക് വഹിച്ചു എന്നത് പ്രത്യേകം പറയണമല്ലൊ. കൂടാതെ തിരനോട്ടം ഒരുക്കിയ ലൈവ് സീന്‍ കമന്‍ററി സൈഡില്‍ ഒരുക്കിയ സ്ക്രീനുകളില്‍ സമയാസമയം തെളിഞ്ഞ് വന്നത് നല്ലൊരു ആശ്വാസവും ആയിരുന്നു. ഈ സൌകര്യം ഉത്സവത്തിനുടനീളം ഉണ്ടായിരുന്നു. 

രാവണന്‍റെ നിര്‍വഹണം ആടിയത് മുഴുവന്‍ എനിക്ക് മനസ്സിലായില്ലെങ്കിലും പലതും മനസ്സിലായി. സീതയെ പറ്റി തേരിലിരുന്ന് രാവണന്‍ ആലോചിക്കുന്നതും കാമപരവശനായി സീതയുടെ അടിമുടി വര്‍ണ്ണനയും മറ്റും അസ്സലായി സംഗീത് അവതരിപ്പിച്ചു. പലസ്ത്രീകളേയും ഞാന്‍ കണ്ടിട്ടുണ്ട്, പേടിച്ച് വിറച്ച പാര്‍വതി ദേവിയേയും എന്ന് ആടി, പാര്‍വതി വിരഹം ആടിയത് എല്ലാം സ്റ്റൂളിന്മേല്‍ നിന്നായിരുന്നു. കഥകളിയില്‍ ഞാന്‍ കണ്ട പാര്‍വതീവിരഹം അല്ല ഇവിടെ ഞാന്‍ കണ്ടത്. വളരെ ഹ്രസ്വമായതും എനാല്‍ അതിമനോഹരവുമായ ഒരു ആട്ടം. പ്രസ്തുതസമയത്തെ ആട്ടശ്ലോകവും അര്‍ത്ഥവുമെല്ലാം അപ്പോഴപ്പോള്‍ സൈഡ് സ്ക്രീനുകളില്‍ തെളിഞ്ഞ് വന്നിരുന്നത് എന്‍റെ ആസ്വാദനത്തെ തെല്ലൊന്നുമല്ല സഹായിച്ചത്. സംഗീതിന്‍റെ ആട്ടത്തിനെ പ്രശംസിക്കാതെ വയ്യ. കലാമണ്ഡലം രവികുമാര്‍, സജി കുമാര്‍ കിഷോര്‍ എന്നിവര്‍ മിഴാവിലും ഇടയ്ക്കയിലും സംഗീതിനെ നല്ലതായി സപ്പോര്‍ട്ട് ചെയ്തു.

തുടര്‍ന്നായിരുന്നു നളചരിതം രണ്ടാം ദിവസം. ശ്രീ ഏറ്റുമാന്നൂര്‍ കണ്ണന്‍ രണ്ടാം ദിവസം നളനായി എത്തി. കലാമണ്ഡലം ഷണ്മുഖന്‍ ദമയന്തി ആയും വന്നു. ‍ സ്വയം‍വരം കഴിഞ്ഞുള്ള ആദ്യരംഗം രണ്ട് പേരും കൂടെ അസ്സലാക്കി. കണ്ണോട് കണ്ണ്‌ നോക്കി ആയിരുന്നു പ്രവേശം. കുവലയവിലോചനേ കഴിഞ്ഞ് സാമ്യമകന്നോരു ഉദ്യാനം ഒക്കെ നല്ലതാക്കി. ഈ രംഗം വളരെ നീണ്ട് പോയി എന്നൊരു കുറവ് എനിക്ക് തോന്നി. ഇന്നത്തെ കാലത്ത് എല്ലാം ക്രിസ്പ് ആയി കാണിക്കുന്നതാണ്‌ ഭംഗി. അല്ലാതെ നീട്ടിവലിച്ച് ആടുന്നതിനോട് എനിക്ക് യോജിപ്പില്ല. ശേഷം കലിദ്വാപരന്മാരുടെ രംഗം. കലിയായി വന്നത് കോട്ടക്കല്‍ ദേവദാസും ദ്വാപരാനായി വന്നത് ശ്രീ ആര്‍.എല്‍.വി പ്രമോദ് എന്ന കൊച്ച് കലാകാരനും. 

ശ്രീ ആര്‍. എല്‍. വി പ്രമോദിനെ പറ്റി രണ്ട് വാക്ക് പറയാതെ വയ്യ. കൊച്ച് കൊച്ച് വേഷങ്ങള്‍ മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ദ്വാപരന്‍ അത്ര കൊച്ച് വേഷമൊന്നും അല്ലാ എങ്കിലും. ബാക്കി ഒക്കെ കൊച്ച് വെഷങ്ങള്‍ ആയിരുന്നു. എന്നാലും അദ്ദേഹം തന്‍റേതായ ചെല ചെറിയ ചെറിയ സംഭാവനകള്‍ കൊണ്ട് ആ ഏറ്റവും നിസ്സാരമായ ജീവലന്‍റെ വേഷം പോലും പ്രേക്ഷകരെ കൊണ്ട് ‘നന്ന്, നന്ന്’ എന്ന് പറയിപ്പിച്ചു. കൂട്ടത്തില്‍ മുതിര്‍ന്ന നടന്മാര്‍ക്ക് വെള്ളം കൊണ്ട് വരുവാന്‍ കൂടെ ഉത്സാഹം കാട്ടുന്നുണ്ടായിരുന്നു. മൂന്നാം ദിവസം രാത്രി ഗോപ്യാശാന്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ പരിചരിക്കാനും ഉണ്ടായിരുന്നു പ്രമോദ്. ആകെമൊത്ത ഉത്സാഹിയായ ആ ചെറുപ്പക്കാരനെ എനിക്ക് അദ്ദേഹത്തിന്‍റെ പ്രകടനം കൊണ്ടും ഉത്സാഹം കൊണ്ടും ഇഷ്ടപ്പെട്ടു. എന്നിരുന്നാലും പ്രമോദിന്‌ അരങ്ങത്ത് ആടാന്‍ മുതിര്‍ന്ന മറ്റ് കലാകാരന്മാര്‍ അവസരം നല്‍കിയോ എന്ന് ചോദിച്ചാല്‍ കഷ്ടി എന്ന് തന്നേ ഞാന്‍ പറയൂ.

ഫാക്റ്റ് ബിജു ഭാസ്കറിന്‍റെ കഥയും ഇത് തന്നെ ആയിരുന്നു. പക്ഷെ അദ്ദേഹം മൂന്നാം ദിവസം ഋതുപര്‍ണ്ണന്‍ കെട്ടി തന്‍റെ കഴിവിനെ കാണികളുടെ മുന്നില്‍ തിളങ്ങി. ശ്രീ ഫാക്റ്റ് ബിജു ഭാസ്കറിനെ നെറ്റിലൂടെ ഉള്ള പരിചയം അല്ലാതെ ആദ്യമായി ആയിരുന്നു ഞാന്‍ കാണുന്നത്.  ഇന്ദ്രാദികളുമായുള്ള ആട്ടമൊക്കെ കഴിഞ്ഞ് ദേവദാസിന്‍റെ കലി നിഷരാജ്യത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചു. അസാദ്ധ്യമായതിനാല്‍ കാത്തിരിക്കാന്‍ തീരുമാനിച്ചു. ഒരു തന്നിമരത്തിന്‍റെ കൊമ്പത്തിരുന്ന് കാലം പോകുന്നതും ഋതുക്കള്‍ മാറുന്നതും എല്ലാം ദേവദാസ് ആടി ഫലിപ്പിച്ചു. ഋതുക്കള്‍ മാറുന്നതായി സൂചിപ്പിച്ചതൊക്കെ നമ്മുടെ കേരളീയമാതൃകയില്‍ ഒരു കൃഷിക്കാരന്‍റെ മട്ടായിരുന്നു. അതായത് നിലം ഉഴുതുമറിക്കല്‍, വിത്ത് വിത, ഞാറുനടല്‍,  കൊയ്ത്ത്, അങ്ങനെ പോയി അത്. എനിക്ക് ഈ ആട്ടം ഇഷ്ടപ്പെട്ടു. നിഷധരാജ്യത്ത് പ്രവേശിച്ച നളന്‍ പുഷ്കരന്‍റെ അടുത്ത് എത്തുന്നു. 

ശ്രീ പീശപ്പള്ളി രാജീവനായിരുന്നു പുഷ്കരനായി എത്തിയത്. തിരശീലമാറ്റി പീശപ്പള്ളിയുടെ മുഖം കണ്ടപ്പോള്‍ തന്നെ എനിക്ക് ബോധ്യമായി ഈ പുഷ്കരന്‍ അടിച്ച് പൊളിയ്ക്കും എന്ന്. അതേവരെ കാണാത്ത ഒരു പുഷ്കരനെ ആയിരുന്നു അന്ന് ഞാന്‍ കണ്ടത്. ഒരു പേടിത്തൊണ്ടി, ഒരു പെണ്ണിനെ ഒന്ന് കൃത്യമായി കണ്ടിട്ട് പോലുമില്ല എന്ന് കൂടെ പരാതി പറയുന്ന ഒരുത്തന്‍. അത് കേട്ട് ചിരിക്കുന്ന കലിയും. കലി നന്നേ ബുദ്ധിമുട്ടി പുഷ്കരന്‍റെ പേടിമാറ്റി നളനെ വെല്ലുവിളിക്കാനായി ധൈര്യം കൊടുക്കാന്‍. ഇങ്ങനെ മത്യോ വിളിക്കാന്‍? എന്ന് ശോഷിച്ച് കൊണ്ടുള്ള പുഷ്കരന്‍റെ ആ വിളികണ്ട് കലി പോരാ ഇങ്ങനെ വേണം എന്ന് ഔദ്ധത്യം കൂട്ടി കാണിച്ച് കൊടുക്കുന്നു. ഒരുവിധം പുഷ്കരനെ ഉന്തിതള്ളി നളസമീപം അയക്കുന്നു. ഇടയ്ക്ക്, കലി ദ്വാപരന്മാര്‍ എന്നെ കുഴിയില്‍ ചാടിയ്ക്കുമോ എന്ന് പേടിയ്ക്കുന്ന പുഷ്കരസമീപം കാള വരുന്നു. നളന്‍റെ അടുത്തേയ്ക്ക് കാള ഒരുവിധം പുഷ്കരനെ ഉന്തിതള്ളി എത്തിയ്ക്കുന്നു. ചൂതിനുവിളി തുടങ്ങിയ പുഷ്കരന്‍, നളനെ കാണുന്നപാടെ പേടിച്ച് വിറയ്ക്കുന്നു. കാള സപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെ ഒക്കെ പീശപ്പള്ളിയെ ഒന്ന് കാണുകതന്നെ വേണമായിരുന്നു. എഴുതി ഫലിപ്പിക്കാന്‍ എന്നെക്കൊണ്ട് പറ്റില്ല. ‘മല്ലാക്ഷി ഭൈമിയെയുമൊല്ലാ കൊണ്ടങ്ങു പോകിൽ..’ എന്നതിലെ അടുത്ത ലൈന്‍ മുഴുമിക്കാതെ ശേഷം ആട്ടത്തിലൂടെ ആയത് എനിക്ക് രസിച്ചു.

സാധാരണ കട്ടയ്ക്ക് കട്ട നില്‍ക്കുന്ന പുഷ്കരനെ ആണ്‌ നമ്മള്‍ കാണാറുള്ളത്. അതില്‍നിന്നും തികച്ചും വിഭിന്നമായിരുന്നു ഈ പുഷ്കരന്‍. കലിയുടേയും പുഷ്കരന്‍റേയും തമ്മില്‍ തമ്മിലുള്ള ആട്ടം ബഹുരസമായിരുന്നു. അവ കെട്ടിയ നടന്മാര്‍ തമ്മിലുള്ള രസതന്ത്രം അരങ്ങിനെ അസ്സലായി പൊലിപ്പിച്ചിരുന്നു. രണ്ടാം ദിവസത്തിലെ ഹൈലൈറ്റ് ഈ പുഷ്കരനായിരുന്നു. കളിയ്ക്ക് ശേഷം കാണികള്‍ അവിടെ ഇവിടെ കൂടിനിന്ന് പുഷ്കരനെ അവലോകനം ചെയ്യുന്നത് കാണാമായിരുന്നു. കലി സത്കരിച്ച് പുഷ്കരനെ മുഷ്കരനാക്കി എന്നതാണ്‌ വാസ്തവം.

വേര്‍പാട് രംഗം അത്ര മനോഹരമായി എനിക്ക് തോന്നിയില്ല. ഒരു നിമിഷത്തിന്‍റെ ഉള്‍പ്രേരണയാല്‍ ചെയ്യുന്ന കര്‍മ്മമാണത്. ദമയന്തിയെ വിട്ട് പോയി പിന്നേം തിരിച്ച് വന്ന് അടുത്ത് ഇരുന്ന് ദൈവങ്ങളോടൊക്കെ ദമയന്തിയെ രക്ഷിക്കാന്‍ പറഞ്ഞ്, വീണ്ടും പോയി പിന്നേം തിരിച്ച് വന്ന് അടുത്ത് ഇരുന്ന് തലമുടി മുന്നിലേക്കിട്ട് പെട്ടെന്ന് ഒരു പോക്കായിരുന്നു നളന്‍ ചെയ്തത്. എന്തുകൊണ്ട് എനിക്കത് ഹൃദയഭേദകമായി അനുഭവപ്പെട്ടില്ലാ എന്ന് കൃത്യമായി എനിക്ക് പറയാന്‍ പറ്റുന്നില്ല. ക്ഷമിക്കൂ.

കാട്ടാളനായി വന്നത് ശ്രീ സദനം ഭാസിയായിരുന്നു. സ്വതസ്സിദ്ധമായ ഭംഗിയോടെ കാട്ടളനെ അവതരിപ്പിച്ചു അദ്ദേഹം. ‘ആനന്ദിച്ചേ വാഴേണ്ടുന്നവള്‍..’ എന്ന പദത്തിലെ ‘ആനന്ദിച്ച് വാഴുന്നത്’ വിഷരിച്ചു അദ്ദേഹം. അത് ഇത്തിരി കൂടിപ്പോയോ എന്ന് എനിക്ക് സംശയം ഇല്ലായ്കയില്ല.  ശുചി എന്ന സാര്‍ത്ഥവാഹനായി എത്തിയത് ശ്രീ പീശപ്പള്ളിയും അദ്ദേഹത്തിന്‍റെ കച്ചവടസംഘത്തിലെ ഒരു അംഗമായി എത്തിയ ശ്രീ ആര്‍.എല്‍.വി പ്രമോദും നല്ലതായ പ്രകടനം കാഴ്ച വെച്ചു. പീശപ്പള്ളിയുടെ മിനുക്ക് രീതിയുള്ള വേഷം അതിമനോഹരമായിരുന്നു. ഒരു കച്ചവടക്കാരന്‍റെ പ്രൌഢി പ്രകടമായിരുന്നു ആ വേഷവിധാനത്തില്‍.

തുടര്‍ന്ന് ചേദിരാജ്യത്ത് താമസമാക്കിയ ദമയന്തിയെ കാണാനിടയായ സുദേവന്‍ എന്ന ബ്രാഹ്മണന്‍ ആയി എത്തിയത് കോട്ടക്കല്‍ ദേവദാസ് ആയിരുന്നു. ഭീമരാജാവായി ശ്രീ മാര്‍ഗ്ഗി വിജയകുമാറും വേഷമിട്ടു.  പൊതുവേ ഒന്നാം ദിവസം പോലെ തന്നെ നീണ്ടതായി രണ്ടാം ദിവസവും എങ്കിലും രണ്ടാം ദിവസത്തെ കളി ഒന്നാം ദിവസത്തെ കളിയേക്കാള്‍ നല്ലതായിട്ടായിരുന്നു എനിക്ക് തോന്നിയത്.

ഡിസംബര്‍ രണ്ട്, ദേശീയ ദിനത്തിന്‍റെ പൊതു അവധി, ദുബായിലേയ്ക്ക് എക്സ്പോ 2020 കിട്ടിയതിന്‍റെ സന്തോഷം പങ്കിടാനിയിക്കൊണ്ട് ഡിസംബര്‍ ഒന്നിലേയ്ക്കാക്കി മാറ്റി ഭരണാധികാരികള്‍. അപ്പോള്‍ 28 മുതല്‍ ഡിസംബര്‍ ഒന്ന് വരെ അടുപ്പിച്ച് പൊതു അവധി ആയി. പക്ഷെ അത് ഉത്സവത്തിന്‍റെ നടത്തിപ്പിനേയും ബാധിച്ചു. രണ്ടാം തീയ്യതിയിലെ നിശ്ചയിച്ച പരിപാടികള്‍ കഥകളി ഒഴിച്ചുള്ളവ എല്ലാം ഒന്നാം തീയ്യതിയിലേക്ക് മാറ്റേണ്ടി വന്നു. രണ്ടാം തീയ്യതി ആകട്ടെ വൈകുന്നേരം നാലുമണിക്കേ കഥകളി തുടങ്ങുകയും ഉള്ളൂ. അപ്പോ എനിക്ക് നാലാം ദിവസം കാണാന്‍ തരാവില്ലാ എന്ന് ഉറപ്പായി. കാരണം എന്‍റെ തിരിച്ചുള്ള ഫ്ലൈറ്റ് രണ്ടാം തീയ്യതി വൈകുന്നേരം ഏഴുമണിക്കായിരുന്നു. മുന്‍ നിശ്ചയിച്ചപോലെ രണ്ടാം തീയ്യതി അവധി ദിവസമായിരുന്നെങ്കില്‍ കഥകളി നേര്‍ത്തെ തുടങ്ങുമായിരുന്നു. ആദ്യരംഗങ്ങള്‍ കണ്ട് എനിക്ക് തിരിച്ച് പോരാമായിരുന്നു. എന്ത് ചെയ്യാം! 

അപ്പോള്‍ പറഞ്ഞ് വന്നത് ഡിസംബര്‍ ഒന്നിന്‌ രാവിലെ തന്നെ ആചാര്യവന്ദനവും കഴിഞ്ഞ് സോപാനസംഗീതത്തോടെ പരിപാടികള്‍ ആരംഭിച്ചു. അന്ന് രാവിലത്തെ സോപാനസംഗീതകച്ചേരി ഗംഭീരമായി എനിക്ക് തോന്നി. കഴിഞ്ഞപ്പോഴേയ്ക്കും എന്തോ ഒരു വികാരം എന്ന് പൊതിഞ്ഞിരുന്നു. കൂടിയാട്ടം കഴിഞ്ഞ് വൈകുന്നേരം കഥകളി തുടങ്ങുന്നതിനു മുന്പ്‌ ഒരിക്കല്‍ കൂടെ വിജയകുമാറിന്‍റെ സോപാനസംഗീതക്കച്ചേരി ഉണ്ടായി.

തുടര്‍ന്ന് നടന്നത് കൂടിയാട്ടം ആയിരുന്നു. ആശ്ചര്യചൂഡാമണിയിലെ തന്നെ പര്‍ണ്ണശാലാങ്കം ആയിരുന്നു അന്ന്. ശ്രീമതി മാര്‍ഗ്ഗി സതി ലളിതവേഷത്തിലുള്ള ശൂര്‍പ്പണഘ ആയും ശ്രീ സംഗീത് ചാക്യാര്‍ ലക്ഷ്മണനായും വേഷമിട്ടു. പതിവ്‌ പോലെ പറയട്ടെ, ഇവരെ പറ്റി പറയാന്‍ ഞാന്‍ ആളല്ല.

നളചരിതം മൂന്നാം ദിവസത്തില്‍ നളനായി വന്നത് ശ്രീ ഏറ്റുമാന്നൂര്‍ കണ്ണന്‍ തന്നെ ആയിരുന്നു. ലോകപാലന്മാരെ മുതലുള്ള ആട്ടങ്ങള്‍ എല്ലാം അസ്സലാക്കി അദ്ദേഹം. കാര്‍ക്കോടകനായി വന്നത് ശ്രീ സദനം ഭാസി ആയിരുന്നു. ‘ഞാന്‍ തൊട്ടവര്‍ക്കും..’ എന്ന് പാടിയപ്പോള്‍ വന്ന് ഒന്ന് തൊട്ട് കാര്‍ക്കോടകന്‍റെ അഗ്നിഭയം മാറ്റി ആശ്വസിപ്പിച്ച് ശേഷം പദം ആടിയത് ഔചിത്യമായി തോന്നി എനിക്ക്.  തുടര്‍ന്ന് കാര്‍ക്കോടകദംശനമേറ്റ നളന്‍ അഥവാ ബാഹുകനായി വന്നത് ശ്രീമാന്‍ പീശപ്പള്ളി രാജീവനായിരുന്നു. ‘കാദ്രവേയ കുലതിലക.. , ഇന്ദുമൌലീ ഹാരമേ..’ എന്നീ  പങ്ങളൊക്കെ  ശ്രീ കോട്ടക്കല്‍ മധു ഗംഭീരമായി പാടി. തുടര്‍ന്നുള്ള ബാഹുകന്‍റെ ആട്ടങ്ങളില്‍ ഒരു പുതുപ്രതീക്ഷ ദര്‍ശിക്കാമായിരുന്നു. കാര്‍ക്കോടകന്‍റെ വാക്കുകള്‍ കേട്ട് പുതിയപ്രതീക്ഷകളുമായി നടക്കുന്ന ബാഹുകന്‍ കാട്ടില്‍ കാണുന്ന കാഴ്ച്ചകളും അത്തരത്തില്‍ ഉള്ളവ തന്നെ ആയിരുന്നു. കരിഞ്ഞ് ഉണങ്ങിയ വൃക്ഷങ്ങളിലും പുതിയ നാമ്പുകള്‍ കണ്ട ബാഹുകന്‍ തികച്ചും ഔചിത്യപരമായും അനുഭവവേദ്യമായും ആടി ഫലിപ്പിച്ചു.  ഋതുപര്‍ണ്ണസവിധത്തില്‍ എത്തിയ ബാഹുകന്‍ വാര്‍ഷ്ണേയനോട് കുശലപ്രശ്നങ്ങള്‍ക്ക് ശേഷം നളന്‍റെ കുട്ടികളുടെ കാര്യവും കൂടെ ചോദിക്കാന്‍ മറന്നില്ല.

വിജനേ ബത കലാമണ്ഡലം ബാബു നമ്പൂതിരിയും വിനോദും കൂടെ ഭംഗിയാക്കി. പര്‍ണ്ണാദനായി എത്തിയത് ഏറ്റുമാന്നൂര്‍ കണ്ണന്‍ ആയിരുന്നു. ആര്‍ത്തിയുള്ള ബ്രാഹ്മണന്‍റെ ഭാഗം കണ്ണന്‍ അസ്സലാക്കി. ‘ഈ ഒരു ബ്രാഹ്മണരുടെ കാര്യേയ്..’ എന്ന മട്ടില്‍ മാര്‍ഗ്ഗി വിജയകുമാറിന്‍റെ ദമയന്തിയും പെരുമാറി. ‘കരണീയം ഞാനൊന്നു കേള്‍ക്ക സുദേവ..’  മധു ആദ്യരണ്ട് വരി കാലം താഴ്ത്തി പാടിയത് മനോഹരമായിരുന്നു. ഒപ്പം അര്‍ജ്ജുന്‍ രാജിന്‌ പാടാന്‍ പറ്റിയില്ല എന്നതിനാല്‍ മധു തന്നെ മുഴുമിപ്പിച്ചു. സുദേവനായി എത്തിയത് കോട്ടക്കല്‍ ദേവദാസ് തന്നെ ആയിരുന്നു. വേളി നാളെയെന്നും ചൊല്ലാം.. എന്ന ഭാഗത്ത് ‘നുണ പറഞ്ഞാല്‍…’ എന്ന് ദമയന്തിയും ‘നല്ലകാര്യത്തിനു അല്‍പ്പം നുണയൊക്കെ ആവാം’ എന്ന് സുദേവനും പറഞ്ഞതല്ലാതെ ഞെട്ടുന്ന ദമയന്തിയെ കണ്ടില്ലാ എന്ന് പ്രത്യേകം പറയട്ടെ. സുദേവന്‍റെ ‘ആളകമ്പടികളോടും…’ ഗംഭീരമാക്കി.

പക്ഷെ കാവടിയാട്ടവും ഭരതനാട്യവും ഒക്കെ ഉള്‍പ്പെടുത്തി അല്‍പ്പം നീളം കൂട്ടിയതിന്‍റെ വിരസത എനിക്ക് തോന്നി എങ്കിലും കാണികളില്‍ നിന്ന് നിലയ്ക്കാത്ത കയ്യടി ആയിരുന്നു.  കഴിഞ്ഞ് രണ്ട് ദിവസങ്ങളേക്കാല്‍ മൊത്തത്തില്‍ കളി മൂന്നാം ദിവസം ഗംഭീരമായി. എല്ലാവരും, അത് കൊച്ച് കൊച്ച് വേഷക്കാര്‍ അടക്കം അസ്സല്‍ പ്രകടനമായിരുന്നു കാഴ്ച്ച വെച്ചത്. പാട്ട്/മേളം എന്നിവ പറയുകയേ വേണ്ടാ. ഗംഭീരം എന്ന് പറഞ്ഞ് ഒതുക്കാം. എല്ലാം കൊണ്ടും മനസ്സ് നിറഞ്ഞു. 

ശേഷം തായമ്പക ഉണ്ടായിരുന്നു എങ്കിലും ഞാന്‍ പലരോടും പരിചയപ്പെടാനും പരിചയം പുതുക്കാനും ഒക്കെ ആയി സമയം കഴിക്കുകയാണ്‌ ഉണ്ടായത്. അടുത്ത ദിവസം എനിക്ക് തിരിച്ച് പോരാനുള്ളതാണല്ലൊ. അന്നേ ദിവസം കളി തുടങ്ങുന്നതിനു മുന്നേ പോരണ്ടതിനാല്‍ ആരേയും കാണാനും പറ്റില്ല. പുറത്ത് കേളീരവം സുവനീര്‍, കഴിഞ്ഞ ഉത്സവങ്ങളുടെയും അരങ്ങുകളുടെയും വീഡിയോ സി.ഡികള്‍ എന്നിവയെല്ലാം വില്‍ക്കാന്‍‍ വെച്ചിരുന്നു. ശ്രീ ജ്യോതിഷും കൂട്ടരുമായിരുന്നു അത് കൈകാര്യം ചെയ്തിരുന്നത്. ഞാന്‍ എനിക്ക് വേണ്ട സി.ഡികള്‍ വാങ്ങി വെച്ചു. ‘കഥകളിയുടെ കൈപ്പുസ്തകം’ വാങ്ങി.  ഇത്തവണ ഉത്സവത്തിനു നളചരിതം ആയിരുന്നല്ലൊ. അത്പോലെ കേളീരവം സുവനീറും നളചരിതചിന്തകളാല്‍ നിറഞ്ഞതാണ്‌. കേളീരവം എഡിറ്റര്‍ ശ്രീനിയുമായി പരിചയപ്പെട്ടു. സുവനീര്‍ കഥകളി ഡോട്ട് ഇന്ഫോയില്‍ പബ്ലിഷ് ചെയ്യാനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

അന്ന് കളി കഴിഞ്ഞ് ആണ്‌ ഞാന്‍ അറിയുന്നത് ശ്രീ കലാമണ്ഡലം ഗോപി, ഉത്സവം നാലാം ദിവസം ബാഹുകനാകാന്‍ ഷാര്‍ജയില്‍ വിമാനമിറങ്ങിയിരിക്കുന്ന വിവരം. ഉത്സവം ഭാരവാഹികളുടെ കൂടെ ഞാനും ഗോപി ആശാനെ കാണാനായി രാത്രി പുറപ്പെട്ടു പോയി. ഹോട്ടലില്‍ വെച്ച് ആശാനെ കണ്ടു. സത്യം പറയട്ടെ, പരിചയപ്പെടാനൊന്നും ഞാന്‍ പോയില്ല. അല്ലെങ്കിലും ഞാന്‍ ആര്‍? എനിക്കതില്‍ കുണ്ഠിതവുമില്ല. ഒരുപാട് കാലമായി കാണുന്നു. ഇനി പ്പോ എന്ത് പറഞ്ഞ് പരിചയപ്പെടുത്തും ഞാന്‍? എന്തിന്‌ അങ്ങനെ? ഉത്സവം ഭരവാഹികള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് ആശാനുമായി കാര്യങ്ങള്‍ സംസാരിച്ചു. ഞാനും ഒപ്പം നിന്നു. അവര്‍ തിരിച്ച് പോന്നപ്പോള്‍ ഞാനും പോന്നു അവരുടെ ഒപ്പം. അത്രേ ഉള്ളൂ.

ഉത്സവം സംഘാടനത്തെ പറ്റി പറയാന്‍ വാക്കുകള്‍ ഇല്ല. ഓരോരുത്തര്‍ക്കും അവനവനനുസരിച്ചുള്ള ഉത്തരവാദിത്വങ്ങള്‍. അതിനാല്‍ തന്നെ ആരും ഒന്നും ഫോളോ അപ്പ് ചെയ്യണ്ട ആവശ്യമില്ല. എല്ലാവരും ഏറ്റെടുത്തവ ഭംഗിയാക്കി നടത്തുന്നു. ആകെ മൊത്തം ഉത്സവം ഗംഭീരമാകുന്നു. ഇടയില്‍ വരുന്ന പ്രശ്നങ്ങള്‍ ഒന്നും എന്നെ പോലെ ഉള്ള സന്ദര്‍ശകര്‍ക്ക് മനസ്സിലാവുകയുമില്ല.  ഡിസംബര്‍ രണ്ടാം തീയ്യതി ഉത്സവം അവസാനത്തെ ദിവസം. അന്ന് രാവിലെ മുതല്‍ വൈകുന്നേരം നാലുമണി വരെ ഒന്നും തന്നെ ഇല്ല. വൈകുന്നേരം നളചരിതം നാലാം ദിവസത്തോടെ സമാപ്തം. ഞാന്‍ അതിരാവിലെ ഒന്നും ഹാളില്‍ എത്തിയില്ല. ഉറങ്ങാന്‍ പറ്റിയ ദിവസമായിരുന്നു അന്ന്. ക്ഷീണം മാറ്റി, നാരായണനോടും ദീപ്തിയോടും അമ്മിണിയോടും യാത്രയും പറഞ്ഞ് ഞാന്‍ ഹാളില്‍ എത്തിയപ്പോഴേക്കും ഉച്ചക്ക് മൂന്നുമണി ആയിരുന്നു. അധികം അവിടെ നില്‍ക്കാന്‍ പറ്റില്ല. ഹാളിന്‍റെ ഉള്ളിലേക്ക് ഒന്ന് കയറി. പ്രശാന്ത് ഗോവിന്ദപുരവും സംഘവും ഒക്കെ ഉണ്ട്. വര്‍ത്തമാനം പറഞ്ഞ് അവിടെ തന്നെ നിന്നു. അധികം നേരം ഹാളില്‍ നിന്നാല്‍ മുഴുവന്‍ തീരാതെ തിരിച്ച് പോരുന്നതിന്‍റെ ദുഃഖം കൂടും.

പ്രശാന്തിനും എന്നെ പോലെ തന്നെ പോകണം. ഏകദേശം ഒരേസമയത്ത് ഫ്ലൈറ്റ്, അടുത്തടുത്തുള്ള രാജ്യങ്ങളിലേക്ക്. ഞാന്‍ സൌദിയിലേക്കും പ്രശാന്ത് ബഹ്റിനിലേക്കും. ഏകദേസം മൂന്നര കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ആരോടും അധികം യാത്ര പറയാതെ ഹാള്‍ വിട്ടു. ഒന്നിച്ച് മെട്റോയില്‍ കയറി. പ്രശാന്ത് കുടുംബത്തെ ഹോട്ടലില്‍ നിന്നും കൂട്ടാനായിക്കൊണ്ട് എയര്‍പ്പോര്‍ട്ടിന്‍റെ മുന്പേ തന്നെ മെട്റോയില്‍ നിന്ന് ഇറങ്ങി എങ്കിലും എനിക്കത് ഒരു സമാധാനമായിരുന്നു. എന്നെ പോലെ ഒരാള്‍ കൂടെ ഉണ്ടല്ലൊ. തുല്യദുഃഖിതര്‍.

നാലാം ദിവസം ലൈവ് സ്റ്റ്രീമിങ്ങ് ഉണ്ട് എന്ന് എന്നോട് ഇറങ്ങുമ്പോള്‍ രാമചന്ദ്രന്‍ പറഞ്ഞിരുന്നു. ഞാന്‍ എയര്‍പോര്‍ട്ടില്‍ ഇരുന്ന് ഉടനീളം മൊബൈലില്‍ നോക്കുകയായിരുന്നു. കഷ്ടം! അത് മൊബൈല്‍ ഉപകരണങ്ങളില്‍ ലഭ്യമായിരുന്നില്ല. എന്നാല്‍ നാട്ടില്‍ നിന്ന് എന്‍റെ ഭാര്യയും കുട്ടികളും കാണുന്നതായി പറയുകയും ചെയ്തു.  നാലാം ദിവസത്തെ പറ്റി പറയാന്‍ ഞാന്‍ ആളല്ല. പറയാതെ പറയുക എന്നതാണല്ലൊ ധ്വനിപ്പിക്കുക എന്നതിനര്‍ത്ഥം. എന്നെ സംബന്ധിച്ചിടത്തോളം പറയാതെ പറഞ്ഞതാണ്‌ ഉത്സവം നാലാം ദിവസം. എനിക്ക് അത് എന്‍റെ മനസ്സില്‍ വിഭാവനം ചെയ്യാം… ധ്വനിക്കുന്നുണ്ട്… 


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder