ഓർമകൾക്കൊരു കാറ്റോട്ടം – 21

ശ്രീവത്സൻ തീയ്യാടി

November 19, 2017

കഥകളിപ്പിന്നാമ്പുറത്ത് കാഷ്ബാഗ് പിടിച്ചുനടക്കുന്ന രൂപം. അതായിരുന്നു അറിഞ്ഞുകാണുമ്പോഴത്തെ പരിയാനമ്പറ്റ ദിവാകരൻ. അതായത് മനുഷ്യവേഷത്തിൽ, നടാടെ. കൊല്ലം? 1992 ആവണം. (അതോ ’93?) സംഘാടനചുമതല ഉണ്ടായിരുന്നു അന്നദ്ദേഹത്തിന്. ഒറ്റ കഥ: നളചരിതം ഒന്നാം ദിവസം. ഏകതാരം കലാമണ്ഡലം ഗോപി. മദ്ധ്യകേരളത്തിലാണ് വേദി. പട്ടാമ്പിക്കടുത്ത് ഉൾനാട്ടിൽ. ചാത്തന്നൂർ എന്ന് പറയും. ദിവാകരൻറെ  പെരിങ്കന്നൂര് സ്വദേശത്തുനിന്ന് അകലെയല്ല. പൊതുവെ കേറ്റിറക്കുവയലുകളും അവയ്ക്കതിർത്തിയിൽ കുള്ളൻകുന്നുകളും. ചെന്നിറഭൂവിൽ ഒറ്റക്കും തെറ്റക്കും കരിമ്പനകൾ. ചാത്തന്നൂരെ ഹൈസ്കൂളിലെ ഹെഡ്മാഷ് വിരമിക്കുകയായിരുന്നു ദീഘനാളത്തെ അദ്ധ്യാപകവൃത്തിയിൽനിന്ന്. യാത്രയയപ്പനുബന്ധിച്ച് പലവിധ കലാപരിപാടികൾ ഉണ്ടായിരുന്നു സായാഹ്നംതുടങ്ങി വിദ്യാലയത്തിലെ അങ്കണത്തിൽ. അതൊക്കെ അവിടത്തെ കുട്ടികളുടെ വക.

അവസാനം കഥകളി. മുതിർന്നവർ. സാമാന്യം ഗംഭീരമായിത്തന്നെ. ഗോപിയാശാൻറെ കോതച്ചിറയും അടുത്തുതന്നെ. പ്രിൻസിപ്പാൾ കുമാരൻമാഷ്ടെ റിട്ടയർമെന്റുകളിക്ക് സമപ്രായക്കാരൻ പച്ചവേഷനായകനെ വിളിക്കാൻ ഒരു കാരണം അതായിരുന്നിരിക്കണം. അണിയറയിൽ ആശാനെ കണ്ടപ്പോൾ ചെറുതായി പരിചയംപുതുക്കി. മനയോല മൂക്കിൻപരിസരത്തു തേക്കാഞ്ഞ മുഖം വൈകാതെ ചുട്ടിക്കായി കലാമണ്ഡലം സതീശനു മുന്നിലേക്ക് തലവച്ചു കിടന്നു. മുറുകിയ അരിനൂൽ വലിക്കുന്ന കലാകാരൻറെ ആറങ്ങോട്ടുകരയും ഈ തട്ടകത്തുതന്നെ.

വടക്കാഞ്ചേരി LICയിൽ അക്കാലത്ത് ജോലിചെയ്തിരുന്ന പറമ്പാത്തെ സതീശനും ചേർന്നാണ് അന്നവിടെ സന്ധ്യയോടെ എത്തിപ്പെട്ടത്. ആളുടെ ബൈക്ക് നല്ല സൗകര്യം. സൂപ്രണ്ട് വാസുദേവൻ നമ്പൂതിരിയുടെകൂടി നേതൃത്വത്തിൽ ആയിടെ നടന്ന കിള്ളിമംഗലം കഥകളിമേളക്കും ഇതേ ശകടവും സാരഥിയും കനിഞ്ഞ് ഒന്നാംതരമരങ്ങുകൾ ചിലവ തരപ്പെട്ടുകിട്ടിയിരുന്നു. അതുപോലെ ഗൗരവപ്പെട്ട ആസ്വാദകരുടെ കൂട്ടായ്മയില്ലിവിടെ. ഡാൻസും പാട്ടും നാടകവും കഴിഞ്ഞുവേണം കളി. അപ്പോഴേക്കും അധികമാരെയും മുന്നിൽക്കണ്ടില്ല. പരിയാനമ്പറ്റയുടേതായിരുന്നുവോ അന്നത്തെ നാരദൻ? ഉറപ്പില്ല.

കലാകാരന്മാർക്ക് കാശുവീതിച്ചു വച്ചിട്ടുള്ള പണക്കവറുകൾ കളിക്കൊടുവിൽ പുറത്തെടുക്കുന്ന ഘട്ടം ഓർക്കുന്നു. താമസിയാതെ ഞങ്ങള് തലപ്പിള്ളിത്തലസ്ഥാനത്തേക്ക് മടങ്ങിയതും. ആരൊടുംതന്നെ വിശേഷിച്ചുമിണ്ടാതെ. മാസങ്ങൾക്കുള്ളിൽ പരിയാനമ്പറ്റക്ക് കത്തയക്കേണ്ടിവന്നു എനിക്ക്. സദനം കഥകളി അക്കാദമിയിൽ പണിക്ക് ചേർന്നകാലം. സ്ഥാപനത്തിൻറെ വാർഷികം. 1994 തുടക്കമാസത്തിൽ. തപാലിൽ മറുപടി വന്നില്ല, അത് പ്രതീക്ഷിച്ചുമില്ല. വൈകിട്ടായപ്പോഴേക്കും ആളെത്തി കൃത്യമായി. സെൻട്രൽ സ്‌കൂളങ്കണത്തിൻറെ പന്തലിൻകീഴെ പഴയ പരിചയക്കാരോട് സൊറപറഞ്ഞു കൂടുന്നു.

തിരക്ക് ലേശമൊഴിഞ്ഞ തഞ്ചത്തിൽ ഞാൻ ചെന്ന് മുട്ടി. ഈ പരിപാടിക്കുള്ള ക്ഷണം അയച്ചത് ഞാനാണ്? ക്ഷണോ? അതെ, കിട്ടിയില്ലേ? ഏയ്, അതൊന്നും ണ്ടായില്യാ. അതൊട്ട് വിഷയോല്ല. ജനുവരി 18 ന്നൊരു തിയ്യതി ണ്ടെങ്ക് ഞാൻ ബടെത്തും. യ്ക്കയ്ന് ആരോടും ചോയ്ക്കാല്ല്യാ. ഒന്ന് ചൂളിയ എന്നോട് പെട്ടെന്ന് സ്നേഹപൂർവ്വം ചോദിച്ചു: അല്ല, ആരാ, മനസ്സിലായില്യലോ…. ഒന്നര മാസം മുന്നെമാത്രം ആപ്പീസിൽ കയറിയ ആളാണ് എന്നറിയിച്ചു. അത് നന്നായി, എന്നായി ദിവാകരേട്ടൻ. “ബട ങ്ങനൊരാള് ആവശ്യാ…. കുമാരേട്ടന് പ്പളേയ്ങ്കിലും തോന്നീലോ….” സദനം മേധാവി കെ. കുമാരനുമായി അപ്പോഴേക്കും വേണ്ടത്ര അടുപ്പം എനിക്കും കിട്ടിയിരുന്നു.  ആ രാത്രി വേഷമുണ്ടായിരുന്നോ ദിവാകരേട്ടന്? വീണ്ടുമില്ല തീർച്ച.

വരുന്ന പൂർവവിദ്യാർത്ഥികളെ നോക്കിയുള്ള തഞ്ചംപോലെ കഥ തീരുമാനിക്കലും പതിവുണ്ട്. ഓർത്താൽ കൗതുകം. ഇതിപ്പോൾ മൂന്നാമത്തെ വട്ടമാണ് ദിവാകരേട്ടനെ ഒരു വിദ്യാലയത്തിൽ കാണുന്നത്. ആദ്യം നോട്ടമിടുന്നത് കാറൽമണ്ണ സ്‌കൂളിലാണ്. 1990കളുടെ തുടക്കമാവണം. മുഴുരാത്രിക്കളിക്കൊടുവിൽ വീരഭദ്രനായി. കോട്ടക്കൽ നന്ദകുമാരൻ ദക്ഷൻ. യാഗശാലയിൽ അഗ്നി മുഴുവനായി തന്നിലാവേശിച്ചതുപോലെ  അത്യുജ്വലപ്രകടനം. മുൻനിരയിൽ അതത്രയും കണ്ട ഗുരുനാഥൻ കീഴ്പടം കുമാരൻനായർക്ക് കനത്ത ചാരിതാർഥ്യം തോന്നിയിരിക്കണം.

വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റ് പിച്ചവെക്കുന്ന കാലമാണ്. കോട്ടക്കൽ മധു കുറേശ്ശെ പൊന്നാനി പാടിവരികയും ചെയ്യുന്ന രാവിലൊന്ന്. അന്നവിടത്തെ നീളൻ ക്ലാസുമുറിയിൽ ട്രസ്റ്റിൻറെ അംഗങ്ങൾ ചിലര് സന്ധ്യക്ക് സംസാരിച്ചു. എം.എൻ. നീലകണ്ഠനും കെ.ബി. രാജാനന്ദനും ഉൾപ്പെടെ. ആദ്യത്തെ കഥ ബകവധം. ഭീമൻറെ പതിഞ്ഞ പദങ്ങളത്രയും ആടിയത് നരിപ്പറ്റ നാരായണൻ നമ്പൂതിരി. കുമാരൻനായരുടെ മറ്റൊരു സദനംശിഷ്യൻ. നേരം വെളുത്തപ്പോൾ മൂത്ത പറ്റയുടെ സന്തോഷക്കമൻറ്: “നന്ദോമാരൻ-ദിവാരൻ… നല്ലൊരു ജോഡിയെന്ന്യായ്യ്ക്കണ്ണു പ്പളേയ്…”

ആ കളി കഴിഞ്ഞ് മടങ്ങിയത് അടുത്തുള്ള ബന്ധുവീട്ടിലായിരുന്നു. രാജാനന്ദൻറെ ചെർപ്പുളശ്ശേരി. കവലക്കപ്പുറം പട്ടാമ്പിപ്പാതയിൽ അയ്യപ്പൻകാവിനു ചേർന്ന തീയ്യാടിയിൽ. അമ്പലക്കുളത്തിനക്കരെ കുത്തന്നെക്കയറ്റത്തെ കുടുംബത്തിലേക്ക് പണ്ടേ വിവാഹം കഴിഞ്ഞു വന്നിട്ടുള്ളതാണ് അച്ഛൻപെങ്ങൾ സരസ്വതി മരുവോളമ്മ. ബന്ധുത്വം ഇത്രയൊക്കെ അടുപ്പത്തിലേക്ക് നീങ്ങാൻ കാരണം കഥകളിയാണ്.

വള്ളുവനാട്ടിലെ അക്കാലത്തെ കനത്ത നളചരിതങ്ങളും കോട്ടയംകഥകളും കത്തിവേഷമാട്ടങ്ങളും ഒക്കെ നെഞ്ചകത്തു പിടിക്കാൻ തീയ്യാടിപ്പടിക്കൽ കൂടെത്തന്നെയായിരുന്നു പലകുറി പോക്ക്.  ആയിടെ, ലേശം മുമ്പ്, ചെർപ്പുളശ്ശേരി ഉത്സവം. കുംഭത്തിലെ വെളുത്തവാവിന് പിറ്റേന്ന് കൊടിയേറും. ഗുരുവായൂരും ഇവിടെയും ഒരേകാലത്താണ് ആഘോഷം. അയ്യപ്പൻകാവിൽ എട്ടല്ല, പത്തുദിവസമാണ്. കഥകളി ഇരമ്പും.

അഗ്രശാലത്തലയ്ക്കും കുളമതിലിനും മദ്ധ്യേ കെട്ടിയുയർത്തിയ അരങ്ങിലെ കഥകൾ കാണാൻ കീഴോട്ടുള്ള ചെറിയ ഒതുക്കും കഴിഞ്ഞ് പീടികമുറിയിടനാഴി വരെയുണ്ടാവും ജനം. പായവിരിച്ച് സന്ധ്യയോടെത്തന്നെ ഇരിപ്പുറപ്പിക്കും പലരും. കളി തുടങ്ങുക സന്ധ്യത്തായമ്പകയും എഴുന്നള്ളിപ്പുപഞ്ചാരിയും പിന്നിട്ട് അത്താഴപ്പൂജ കഴിഞ്ഞ് നടയടച്ചശേഷമേയുള്ളൂവെങ്കിൽക്കൂടി.

തെളിഞ്ഞ ചിത്രങ്ങളാണ് അവിടത്തെ 1990 ഉത്സവക്കളിയിൽനിന്ന്. ആദ്യദിവസത്തെ തുടക്കക്കഥ നളചരിതം നാലാം ദിവസം. കോട്ടക്കൽ ശിവരാമനും കല്ലുവഴി വാസുവും ദമയന്തീകേശിനിമാരായി ആദ്യരംഗത്ത്. തിരക്കുകാരണം അകലെയിരുന്നേ കാഴ്ചയൊക്കുന്നുള്ളൂ. കൂടെയിരിപ്പ് പരമേശ്വരേട്ടൻ. ബന്ധുവാണ്. അച്ഛൻപെങ്ങളുടെ ഭർത്താവ് ടി.എസ്. ശ്രീരാമൻ നമ്പ്യാരുടെ നേരെയനുജൻ. അക്കാലത്തെ മിക്കവാറും ഏത് വള്ളുവനാട്ടുകാരനെയും എന്നപോലെ കഥകളിപരിചിതൻ. തികഞ്ഞ രംഗകലാപ്രേമി എന്നൊന്നും പറഞ്ഞുകൂടാ. എയർ ഫോഴ്‌സിലെ നീണ്ടനാളത്തെ ഉദ്യോഗത്തിനിടെ ഇന്ത്യയിൽ പലനഗരങ്ങളിൽ ജീവിച്ചശേഷവും നാട്ടിൽ വിശ്രമജീവിതത്തിൽ തനിഗ്രാമീണൻ. മേലെക്കിട ആംഗലവും ഹിന്ദിയും പറയും. എന്നിരുന്നാലും മലയാളത്തിന് കാവുവട്ടംചുവ അശേഷം പൊയ്‌പോയില്ല.

“യ്യ്ണ്ടങ്ക് ഞാനൂണ്ട് ക്കുറി കളിക്ക്,” എന്ന് പറഞ്ഞിരുന്നു അന്നേ സന്ധ്യക്ക് ക്ഷേത്രമതിലിനു പുറത്തുകണ്ടപ്പോൾ പരമേശ്വരേട്ടൻ ചെറിയൊരു ആവേശപ്പുഞ്ചിരിയിൽ. ഉയർന്ന തലയ്ക്കുമീതെ നരച്ച മുടി. താടിയെല്ല് തള്ളിയിട്ടുള്ളത് സദായുള്ള ബീഡിവലി കാരണം വേറെയറിയാം. ചുണ്ടപ്പൂവിട്ടതുപോലെ കണ്ണുകൾ എപ്പോഴും ചുവന്ന്. (മിലിട്ടറി ക്യാന്റീനിലെ കുപ്പിയുരുപ്പടിയുടെ ഇന്ദ്രജാലം.) “ഊണ്വഴ്ഞ്ഞ്ട്ടങ്ങ്ട് വര്ൺണ്ട് ഞാന്. വാസുമാഷ്ടെ ബാഹുകൻ കണ്ടോർമല്ല്യ.” 

കലാമണ്ഡലം കെ.ജി. വാസുദേവൻനായർ എന്നൊരാളെ ആയിടെമാത്രമേ ഞാനും കേട്ടു തുടങ്ങിയിരുന്നുള്ളൂ. അദ്ദേഹത്തിനാന്നെ പ്രായം അമ്പതു കഴിഞ്ഞിരുന്നെങ്കിലും. ചെർപ്പുളശ്ശേരിക്ക് ലേശമപ്പുറം മറ്റൊരു മുഖ്യ കഥകളിഗ്രാമമായ വെള്ളിനേഴിയിൽ ഹൈസ്‌കൂളിൽ കളിയാശാനത്രേ. “തെക്കേവടെയോണ് ദേശം ന്ന് കേട്ട്ട്ട്ണ്ട്; സൂക്ഷറീല്ല്യേ…” എന്ന് ഉച്ചതിരിഞ്ഞനേരത്ത് അച്ഛൻപെങ്ങള് പറഞ്ഞിരുന്നു. “പ്രവൃത്ത്യോക്കെ ബ്ട്ത്തന്ത്യന്നെ.” ശിവരാമനെതിരെ നായകനാവണമെങ്കിൽ സാമാന്യക്കാരനിൽനിന്ന് മീതെയാവണം എന്ന് ഞാനും ഊഹിച്ചു. 

പരമേശ്വരേട്ടൻ പറഞ്ഞ സന്ധ്യക്ക് ഞാൻ തിയ്യാടിക്ക് തൊട്ടപ്പുറത്തെ വീട്ടിലായിരുന്നു. കൊച്ചുണ്ണിവാരിയരുടെ പൂമുഖത്ത്. ആ ഗൃഹനാഥൻറെ സോദരനാണ് അന്നത്തെ പൊന്നാനി ഭാഗവതർ. കലാമണ്ഡലം രാമൻകുട്ടിവാരിയർ. ചെർപ്പുളശ്ശേരിക്കാരൻ. ശങ്കിടിയായി പലനാട് ദിവാകരനും. ശാന്തനാണ് രാമവാര്യര്. ലേശം ഉൾവലിഞ്ഞ പ്രകൃതം മുമ്പും ശ്രദ്ധിച്ചിട്ടുണ്ട്. രണ്ടുമൂന്നുവർഷം മാത്രംമുമ്പ് എറണാകുളം ചിറ്റൂരിനടുത്ത് അയ്യപ്പൻകാവിൽ കലാമണ്ഡലം ട്രൂപ്പുകളിക്ക് കീചകവധത്തിന് വാസുപ്പിഷാരോടിയുടെ തിളതിളപ്പൻ കത്തിവേഷത്തിന് “കണ്ടിവാർകുഴലി” എന്ന ഇരുട്ടിൻപദത്തിന് ഭൈരവിക്കൊഴുപ്പിൽ രംഗോചിതമായി പ്രകാശപ്പുഴയൊഴുക്കിയതുണ്ടോ മറക്കാനാവുന്നു!

ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെയും നീകണ്ഠൻ നമ്പീശൻറെയും ഉത്തമശിഷ്യൻ എന്ന് മനസ്സിലാക്കുമ്പോൾ ഊഹിക്കാവുന്ന മോഹന നാദസമ്മിശ്രം. നായകത്വക്കുറവ് ലേശമുണ്ട് എന്നാണ് സ്നേഹബഹുമാനമുള്ളവർക്കും രാമവാര്യരെക്കുറിച്ച് ഖേദം. സൗമ്യഭാവം പെരുമാറ്റത്തിലെന്നപോലെ അരങ്ങത്തും: ഇടിച്ചുകയറിയുള്ള പ്രമാണിത്തമില്ല. രംഗത്തു പാടുന്ന ചിലനേരത്ത് വരികൾ പാതി മറന്നുപോവുന്ന അവസ്ഥയും അപൂർവമല്ല. വട്ടംകൂടിയാണ് വാരിയത്തെ പഞ്ചായത്ത്. മുറുക്കാൻ വാസനച്ചുണ്ണാമ്പും വലിക്കാൻ ഫിൽറ്റർസിഗരറ്റും താംബാളത്തിൽ. “രാമൂനെ പ്പട്ത്ത് ടീവീല് കണ്ടീര്ന്നൂലോ,” എന്നൊരു കാരണവർ. “ഒരു രുഗ്മാംഗദചരിതം.” ഗോപിയാശാൻ നായകവേഷമായുള്ള ആ കഥകളി ഞാനും കണ്ടിരുന്നു ദൂരദർശനിൽ. “ആരാ നെൻറെ മീതെ കേട്ട ഭാഗോതര്?” “അത് ഗങ്ങാരേട്ടൻ” എന്ന് ശാന്തപ്രതിവചനം.   “ഔ, വല്ലാത്തൊരു പാട്ടെന്നെ!” കൊള്ളിയാൻ നാദമാർഗി ഉണ്ണികൃഷ്ണക്കുറുപ്പിനെ സദാ വാഴ്ത്തിയും ശകലം പത്രാസുകാട്ടിയ ശങ്കരനെമ്പ്രാന്തിരിയെ മിക്കവാറും വിട്ടുകളഞ്ഞും അരങ്ങുപാട്ടുയർന്നു പോന്നിട്ടുള്ള വള്ളുവനാടൻ കളിസ്ഥലങ്ങളിൽ കലാമണ്ഡലം ഗംഗാധരൻ ഏറെക്കുറെ അന്യശബ്ദമായിരുന്നു എന്ന് പിന്നീടും തിരിച്ചറിയാനിടയായി.

നാദസ്വരബാണി നിളാനദിക്കരവാസികൾക്ക് പ്രത്യേകപര്യമുള്ളതാവാതെപോയി പൊതുവെ. അന്ന് കഥ തുടങ്ങുമ്പോൾ പുറപ്പാട് പതിവുപോലെ. അത് കാണാൻ മുന്നിൽ അരുവശം ചേർന്നു നിൽക്കുന്നതുകണ്ടു ആയിടെ പരിചയപ്പെട്ട രണ്ടു സീനിയർ സദനം വിദ്യാർത്ഥികൾ: മണികണ്ഠൻ, ശ്രീനാഥൻ. പ്രദേശവാസികൾതന്നെ. അവിടെയൊക്കെ കാണുമല്ലോ ഇനിയും, വഴിയേ മുട്ടാം.

സാന്ധ്യരാഗം നിറഞ്ഞ അരങ്ങിലേക്ക് തിരശ്ശീലപ്പിന്നിൽ വന്നണഞ്ഞു നീലം നല്ലവണ്ണമരച്ച മനയോലതേച്ച വേഷം. പ്രിയതമ ദർശന… ശ്ലോകാവസാനം പെട്ടിക്കാർ ഇരുവശത്തേക്കായി ഒഴിഞ്ഞപ്പോൾ കാണികൾ ആദ്യം കൺപായിച്ചിരിക്കുക ബാഹുകനു മേലാവണം. അകലെനോട്ടത്തിൽ നേർത്ത സംശയം: ഗോപിയാശാൻതന്നെയോ? കളരിമിതത്വത്തിലാണ് നായകൻറെ ചൊല്ലിയാട്ടം. “ഈര്യതേ എല്ലാംനേരെ” എന്നിടം തുടങ്ങി മറുപടി പദത്തിൽ സ്ഥായിയായുണ്ട് ശോകം. പിന്നെ ഈർഷ്യ, ഇടയിൽ ചില്ലറ ലാഘവം. പത്നീസഖിയെ പറഞ്ഞയച്ച ബാഹുകൻ ഋതുപർണനു വേണ്ട പാചകം ചെയ്യുന്നതിനിടെ മൂന്നെങ്കിലും ബീഡിവലിച്ചു പരമേശ്വരേട്ടൻ. പുക മേലോട്ടു വിട്ടൊരു ചോദ്യവും കുശലമായി: “യെങ്ങനണ്ട് ഒക്കപ്പാടക്കൂടി?” ഇരുവരും ചിരിച്ചു.

ബാഹുക-കേശിനീ സംവാദം പാദങ്ങളുടെ രാഗച്ചേർച്ചയിൽ ക്ലാസിസിസം സൂക്ഷിച്ചു. ബാഹുകൻറെ പ്രതിഷേധത്തിനും പരിഹാസത്തിനും കേശിനിയുടെ നയവിനയത്തിനും സൂക്ഷ്മഗ്രാഹ്യത്തിനും ഒരുപോലെ വിളങ്ങി രാമവാരിയരുടെ പിന്നണിഗീതം. പൗരുഷവും സ്ത്രൈണവും നൈസർഗികം. നൈഷധൻ എന്ന് സംശയിക്കാവുന്ന സാരഥി ചോറും കറിയും വച്ചുണ്ടാക്കുന്നത് ഒളിഞ്ഞുനോക്കിയ കേശിനി അക്കഥ ഭൈമിയോട് വെളിപ്പെടുത്തുന്ന ദർബാർരാഗ പദത്തിൽ രാമവാരിയർക്ക് അബദ്ധം പിണഞ്ഞു. തീയില്ലാതെ അടുപ്പുപുകഞ്ഞതും വെള്ളമെത്തിക്കാതെ കൂട്ടാൻതയ്യാറായതും പറയുന്ന ചരണം അമ്പേ വിട്ട് നേരെ അദ്ദേഹം പാടി: “വേഗേന വച്ചങ്ങൊരുങ്ങി, കൊണ്ടങ്ങു ചെന്നു, സാകേതപതിയെ വണങ്ങി…”

നിസ്സഹായത കലർന്ന പരിഭവത്തിൽ കേശിനി തിരിഞ്ഞുനോക്കി. കല്ലുവഴി വാസുവിൻറെ ആട്ടം മുറിച്ചതിനൊപ്പം കഥയുടെ ഒരുശകലം കാതല് അറ്റുപോയത് രാമവാര്യർക്കും ഖേദമായി. പറ്റിയത് പറ്റി, ഇനി മുന്നേറുകതന്നെ എന്നമട്ടിൽ രണ്ടുനിമിഷത്തെ മൂകക്ഷമാപണത്തോടെ കളി മുന്നേറി. പുനഃസമാഗമരംഗത്തും എരിവേറാതെ നോക്കി വാസുമാഷ്.

എന്തായിരുന്നു അന്ന് രണ്ടാമത് കഥ? ഇന്നോർക്കാനാവുന്നില്ല. മനസ്സിൽ തുടർന്നു പതിഞ്ഞത് കളിയരങ്ങല്ല. കാപ്പികുടിച്ചുള്ള ചെറിയ മയക്കത്തിനുശേഷം ഊട്ടുപുരയിലേക്ക് പോയതാണ്. ആളൊച്ചയുള്ള സദ്യക്കല്ല; അനക്കമറ്റ അണിയറയിലേക്ക്. കോപ്പുപെട്ടികളും ആടയാഭരണങ്ങളും ഉച്ചവെയിലത്ത് മുറിക്കകത്ത് ജനൽപ്പാളിവഴി നിഴലും പ്രകാശവുമായി ഇരുളുതും കാന്തിയേൽക്കുന്നതും വെറുതെ കണ്ടിരിക്കാൻ തക്കവണ്ണം പ്രാന്തായിരുന്നു. തലേരാത്രി അവിടം രംഗശോഭയേകിയ കലാകാരന്മാരെവച്ച് ഉള്ളിൽ ചലച്ചിത്രമോട്ടി: ശിവരാമനും വാസുമാഷും രാമവാരിയരും അച്ചുണ്ണിപ്പൊതുവാളും അപ്പുക്കുട്ടിപ്പൊതുവാളും… കാവുവട്ടം എന്ന ഇത്തിരിപരിസരം കുറച്ചൊരു കുടുസ്സാണ്.

അമ്പലത്തിലെ വിവാഹസദ്യകൾ നടക്കുന്ന ഹാളിനു പിന്നിലേക്ക് പോവാൻ ചെറിയൊരു ഊടുവഴിയുണ്ട്. അതിനറ്റം ഒരു മുളംകാൽപ്പടിയും. കവച്ചുവച്ചുവേണം അപ്പുറം കടക്കാൻ. കതിരിട്ടുനിൽക്കുന്ന നെൽപ്പാടം. വിസ്താരം കുറവാണിവിടെയും. എങ്കിലും അസാമാന്യമായ വിശ്രാന്തി. വരമ്പിലൂടെ വെറുതെയിലാത്തി. ചില്ലറ തെങ്ങിൻതൊടികളിൽ മരംകൊത്തി തക്കിട്ട പിടിക്കുന്നുണ്ട്. തൊട്ടകലെയെന്ന മാതിരി ഇത്തിരിമലകൾ. ചെറിയ ഓടുപുരകൾ. അതുപോലൊന്നിലെ വാസം മതിയാക്കിയാണ് ഒരു തലമുറ മുമ്പ് ശ്രീരാമേട്ടൻറെ കുടുംബക്കാർ കുന്നിറങ്ങി  തിയ്യാടി അമ്പലം ചേർന്നുപണിതത് എന്ന് കേട്ടിട്ടുണ്ട്. തണലുള്ളിടത്ത് ചുമ്മാ തോർത്തുവിരിച്ച് ആകാശംനോക്കി കിടന്നു. സൂര്യൻ ചായ്ഞ്ഞു തുടങ്ങിയതോടെ ചെറിയ ഉറക്കച്ചടവ്‌ തോന്നി. അപ്പോഴേക്കും പക്ഷെ അന്നത്തെ കളിക്കുള്ള അനക്കങ്ങൾ തുടങ്ങിക്കിട്ടി.

ചായശേഷം വന്നപ്പോൾ കണ്ടത് അയ്യപ്പൻകാവിൻറെ രണ്ടാമത്തെ കുളത്തിനു പുറത്തെ വഴിയിൽ നാട്ടുകാരനൊരാളോട് കുശലം പറയുന്ന രാമൻകുട്ടി നായരെയാണ്. കലാമണ്ഡലത്തിലെതന്നെ മറ്റൊരു മുഖ്യാശാനും വൈകാതെ എത്തി. പദ്മനാഭൻ നായർ. പട്ടാമ്പി ഭാഗത്തുനിന്നുള്ള ബസ്സിൽ സന്ധ്യയോടെ ഗോപിയാശാനും. അമ്പലനടയിലേക്കുള്ള പീടികക്കാരുടെ ഉറക്കെലോഗ്യത്തിന് അതേ ശ്രുതിയിൽ മറുപടി കൊടുത്താണ് വരവ്. കളിചിരിയായിരുന്നല്ലോ അന്നൊക്കെ സ്ഥായിഭാവം. കാലകേയവധമാണ് ആദ്യകഥ. രാമുട്ടിയാശാൻറെ അർജുനൻ, പദ്മാശാൻറെ മാതലി. തുടർന്നുള്ള ദുര്യോധനവധത്തിലെ രൗദ്രഭീമനായാണ് ഗോപിയാശാൻ വരാനിരിക്കുന്നത്. സഹകാണിയായി അന്നും കിട്ടി പരമേശ്വരേട്ടനെ. “ഈയെന്തേ അണക്ക്മാത്രേ കാളികാണാറീള്ളൂ ന്നേ വിചാരിച്ച്?” ബീഡിക്കുറ്റി സ്റ്റൈലിൽ വലിച്ചെറിഞ്ഞ് ചോദ്യം. “ന്ന്പ്പെന്താ പൊതുയോഗോ അങ്ങനെന്തോ ണ്ട്, ല്ല്യേ…”

ഉവ്വ്. ആയിടെ കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ് കിട്ടിയ കുമാരൻനായരാശാന് അമ്പലക്കമ്മിറ്റി വക സ്വീകരണം. വർഷങ്ങൾക്കുശേഷം ഇതേ പുരസ്കാരം വാസു മാഷ്‌ക്കും കിട്ടുകയുണ്ടായി. ഉത്തരേന്ത്യ തമ്പാക്കിയിരുന്ന ഞാൻ കൃത്യം ആ സമയത്ത് ദൽഹിയിൽ ഇല്ലാതെയും പോയി. ഇന്ദ്രപ്രസ്ഥത്തിന് വളരെയകലെ വാസുമാഷ് സ്വന്തം ഗ്രാമാക്കിയിരുന്ന വെള്ളിനേഴിയിൽ ഞാളാകുറിശ്ശി എന്നൊരു സ്ഥലമുണ്ട്. രാമുട്ടിയാശാൻറെ വീടിൻറെ പരിസരം. അവിടത്തെ സുബ്രഹ്മണ്യക്ഷേത്രത്തിലെ വിശേഷദിവസത്തെ കളിക്കാണ് മാഷെ മനയോലയില്ലാതെ ആദ്യം കാണുന്നത്. ദീർഘദൂരം യാത്ര ചെയ്ത് അവിടെയെത്തിയ ഞാനും ഏറ്റുമാനൂർ ആപ്പാഞ്ചിറക്കാരൻ സുഹൃത്ത് സി. ഗോപകുമാറും വൈകിട്ടുതന്നെ അമ്പലപരിസരത്ത് എത്തിയിരുന്നു.

കയറ്റിറക്കമുള്ള നിലവും പാടവും മുന്നിൽ തെളിഞ്ഞതോടെ കളിക്കിരിക്കുന്നതിനേക്കാൾ പ്രകൃതിഭംഗിയിലായി താല്പര്യം. ഗോപനും ഞാനും നാടുകാണാനിറങ്ങി. നല്ല തുറസ്സായ ഒരിടം എത്തിയപ്പോൾ ഓറഞ്ചുസൂര്യന് എതിരായി വരമ്പത്തിരുന്നു. പോക്കുവെയിലിൽ ഞാളാകുറിശ്ശി മാദകത്തിടമ്പായി. ഇങ്ങനെയും ഭൂപ്രദേശമോ എന്ന് അന്തംവിട്ടിരിക്കെ താഴെ വരമ്പിലൂടെ ഒരാളുണ്ട് മുണ്ടും മടക്കിക്കുത്തി പോവുന്നു. “ആരാവടെ മേലെ?” എന്നൊരു ചോദ്യം, അലക്ഷ്യമായി. ഉത്തരത്തിലൊന്നും താല്പര്യം കാട്ടാതെ, ഞങ്ങളോടുതന്നെ എന്നുപോലും ഉറപ്പിക്കാൻ സാധിക്കാത്തവിധം നേരെത്തന്നെ നോക്കിക്കൊണ്ട് ഉറക്കെ ഇത്രയുംകൂടി: “വല്ല ചെരേം ചോരേം കണ്ടാ പേടിക്കണ്ടാ… എന്നാലും ഒന്ന് മനസ്സിരുത്ത്യാ നന്ന് കെട്ടോ…” ഇതാ ഈ വേഷം, ഗോപൻ പതിവുനർമത്തിൽ അമർത്തിച്ചോദിച്ചു എന്നോട്. “അതാണ് വാസു മാഷ്,” ഞാൻ പറഞ്ഞു. “കെ.ജി.” പരിയാനമ്പറ്റയെപ്പോലെ വാസുമാഷും സദനവുമായി കളികൾക്ക് സഹകരിച്ചിരുന്നു. ഞാനവിടെ ഉണ്ടായിരുന്ന രണ്ടു സീസണിലും (1993-94, 94-95) വളരെ സജീവനായിരുന്നു ദിവാകരേട്ടൻ.

ചില കളി ഏൽപ്പിക്കാൻ കത്തിനുപകരം നേരിൽ കാണലുണ്ടായിട്ടുണ്ട്. അതൊരിക്കൽ ആളുടെ പെരിങ്കന്നൂരെ വീട്ടിലായിരുന്നു. ആറങ്ങോട്ടുകര സതീശേട്ടൻ ക്ഷണിച്ചതുപ്രകാരം ആളുടെ വീട്ടിൽ സന്ദർശനം കഴിഞ്ഞായിരുന്നു പരിയാനമ്പറ്റയില്ലത്തേക്കുള്ള പോക്ക്. സദനത്തിലെ ചുട്ടിയാദ്ധ്യാപകൻകൂടിയായ സതീശേട്ടൻ പ്രാതലിന് പ്രത്യേകം വിഭവങ്ങൾ കരുതിയിരുന്നു. തീറ്റവർത്തമാനത്തിനിടെ എൻറെ തല അങ്ങോട്ടൊയിങ്ങോട്ടോ തിരിഞ്ഞാൽ മൂപ്പർ ഒന്നുംരണ്ടും ഇഡ്ഡലി ഞാനറിയാതെ ഇട്ടിരുന്നു. സദനത്തിൽ എൻറെ കുട്ടിമുറിയുടെ ഒരു ചുവരപ്പുറമാണ് സതീശേട്ടൻറെ പണിശാലയായ കോപ്പറയും അതിനുപുറത്തുള്ള കോലായിലെ ചുട്ടിക്കളരിയിടവും. അവിടത്തെ നിത്യപരിചയത്തിൽ ഒപ്പിച്ച അപൂർവക്കുസൃതിയാണ്. പെരിങ്കന്നൂര് ബസ്സിറങ്ങി വഴി കണ്ടെത്തി പരിയാനമ്പറ്റ എത്തിയപ്പോഴേക്കും വിയർപ്പു പൊടിഞ്ഞിരുന്നു. പടികടന്നു. നമ്രമുഖിയായ പുര. പരിസരത്ത് ആരും ഉള്ള മട്ടില്ല. ഇറയത്തെ തിണ്ണയിൽ കുറച്ചുനല്ലവണ്ണംനേരം ഇരുന്നു. പറമ്പിൽ റബ്ബറ് നട്ടുപിടിപ്പിച്ചിരിക്കുന്നു. പാല് ഊറ്റാറായിട്ടില്ല. ഇരുന്നു മുഷിഞ്ഞു, മടങ്ങാനൊരുങ്ങി. അങ്ങനെ ഇറങ്ങിയപ്പോഴുണ്ട് ആള് അഭിമുഖം വരുന്നു.

രാവിലെ മടങ്ങാനിരിക്കെ അത്യാഹിതം. കരാറിൽ പറഞ്ഞ അരങ്ങുപണമില്ല. ചോദ്യമായി, ചർച്ചയായി, വാഗ്‌വാദമായി, അടിപൊട്ടുമെന്നായി. അതോടെ ദിവാകരേട്ടനും ഇടപെട്ടു. തനിക്കറിയുന്ന തമിഴില് ഉറക്കെ ന്യായം പറയാൻതുടങ്ങി പരിയാനമ്പറ്റ. സംഘാടകർ വായപൊളിച്ചു. ഒടുവിൽ കോമ്പ്രമൈസ് ആയി. എല്ലാം മംഗളമായി തീവണ്ടിയിൽ കയറിയപ്പോൾ ഹരിയേട്ടൻ പറഞ്ഞത്രേ: തന്നെ സമ്മതിച്ചു. എന്തേ? അല്ലാ, അവരോട് ഹിന്ദിതന്നെ എന്ന മട്ടില് താനാ പൊട്ടത്തമിഴ്ല്…. പിന്നെ, അന്യായല്ലേ ഹേ! (തമിഴ് പറഞ്ഞാൽ ഹിന്ദിക്കാർക്ക് മനസ്സിലാവില്ല എന്നത് അപ്പോഴും ദിവാകരേട്ടന് വിഷയമല്ല.)

“അത് ശരി… താനെപ്പളടോ വന്ന്!” എന്നൊരു ലോഗ്യവും. കൂട്ടുകാരനൊരുവനെ കണ്ട് വർത്തമാനം പറഞ്ഞുനിന്നതത്രെ. “അല്ലെങ്കെ ത്ര നേരട്ക്ക് ല്ല്യാ ഞാനേ… പോസ്റ്റാപ്പീസ് വരൊന്ന് പോയിതാ കത്ത്ണ്ടോ നോക്കാനേ, സീസണല്ലേ, കളി വല്ലതും..” മുമ്പ് ഞാനയച്ച സദനം വാർഷികം ക്ഷണക്കത്ത് തപാലുവഴി മടങ്ങിവന്ന കഥ അതോടെ ഞാൻ തിരിച്ചും പറഞ്ഞു. പെരിങ്ങന്നൂര് എഴുതാതെ പിൻകോഡും കൊടുക്കാതെ “ചാത്തന്നൂർ വഴി” എന്ന് കുറിച്ചപ്പോൾ ആ പേരിൽ പൊതുവെ അറിയപ്പെടുന്ന കൊല്ലം ജില്ലയിലെ സ്ഥലം വരെ അതുപോയി. അവിടെനിന്ന് തട്ടി തിരുവനന്തപുരത്തെത്തി. അവിടെയും ആർക്കും പിടികിട്ടാതെയാവണം, നിറയെ വരയുംകുറിയുമായി സദനത്തിൽത്തന്നെ രണ്ടുമൂന്നാഴ്‌ച്ചത്തെ അലച്ചിലു മതിയാക്കി മടക്കമെത്തി പോസ്റ്റ്കാർഡ്.

അസ്സല് കഥ, ദിവാകരേട്ടന് നല്ലോണം രസിച്ചു. ചായ കുടിച്ചേ പോന്നുള്ളൂ. കിഴക്കൻ പാലക്കാട്ടെ ഒരമ്പലക്കളിക്ക് ബാലിവധം ആയിരുന്നു അവസാനകഥ എന്നുതോന്നുന്നു. ദിവാകരേട്ടൻറെ ബാലി, കലാമണ്ഡലം സോമൻറെ സുഗ്രീവൻ (ഓർമ ശരിയെങ്കിൽ). അണിയറയിൽ രസംപിടിച്ചു വർത്തമാനമാണ് സന്ധ്യക്ക്. പരിയാനമ്പറ്റയുടെ സതീർത്ഥ്യനാണ് ഹരിയേട്ടൻ എന്ന സദനം കെ. ഹരികുമാരൻ. കളരിയിൽ ഒന്നിച്ചു കച്ചകെട്ടിയവരാണ്. അതിൻറെ അടുപ്പം സംസാരത്തിലുണ്ട്. കളിക്ക് ലിസ്റ്റ് എഴുതേണ്ട ചുമതല കഴിഞ്ഞ് വെള്ളക്കടലാസ് തഴപ്പായയിൽ വച്ചുപോന്ന ഞാൻ ഈ വെടിവട്ടത്തിലേക്ക് കൂടി. എന്നെക്കണ്ടതും ഹരിയേട്ടൻ ഒരു പഴയ കഥ പുറത്തിട്ടു. 

ഈ ദിവാകരൻ ണ്ടലോ… താൻ കേട്ട്ണ്ടോ പഴയ ഭോപാല് കഥ?  ഇല്ലല്ലോ. കേട്ടവരൊക്കെ ഉറക്കെചിരിച്ചു. ന്നാ തനിക്ക് മത്യാവോളം പറഞ്ഞോള്വാ എന്നായി ദിവാകരേട്ടൻ. മദ്ധ്യപ്രദേശ്‌ തലസ്ഥാനത്ത് ഒരു സദനംകളി. എല്ലാം ഭംഗിയാക്കി. രാവിലെ മടങ്ങാനിരിക്കെ അത്യാഹിതം. കരാറിൽ പറഞ്ഞ അരങ്ങുപണമില്ല. ചോദ്യമായി, ചർച്ചയായി, വാഗ്‌വാദമായി, അടിപൊട്ടുമെന്നായി. അതോടെ ദിവാകരേട്ടനും ഇടപെട്ടു. തനിക്കറിയുന്ന തമിഴില് ഉറക്കെ ന്യായം പറയാൻതുടങ്ങി പരിയാനമ്പറ്റ. സംഘാടകർ വായപൊളിച്ചു. ഒടുവിൽ കോമ്പ്രമൈസ് ആയി. എല്ലാം മംഗളമായി തീവണ്ടിയിൽ കയറിയപ്പോൾ ഹരിയേട്ടൻ പറഞ്ഞത്രേ: തന്നെ സമ്മതിച്ചു. എന്തേ? അല്ലാ, അവരോട് ഹിന്ദിതന്നെ എന്ന മട്ടില് താനാ പൊട്ടത്തമിഴ്ല്…. പിന്നെ, അന്യായല്ലേ ഹേ! (തമിഴ് പറഞ്ഞാൽ ഹിന്ദിക്കാർക്ക് മനസ്സിലാവില്ല എന്നത് അപ്പോഴും ദിവാകരേട്ടന് വിഷയമല്ല.)

ഹരിയേട്ടൻ അക്കാലത്തു എഴുതിയവതരിപ്പിച്ച കർണപർവം കഥകളിയിൽ ഭാരതയുദ്ധക്കളത്തിലെ ഘടോൽകചന് വേറിട്ടതരം ചുവന്നതാടിയാക്കിയപ്പോൾ തുടക്കകാലങ്ങളിൽ മിഴിവേകിയത് പരിയാനമ്പറ്റയാണ്. ആട്ടത്തിലുമുണ്ട് പല പുതുമകളും. കളരിയിൽ റിഹേഴ്‌സലിന് വിളിച്ചപ്പോൾ ദിവാകരേട്ടൻ കൂളായി പറഞ്ഞു: “പറഞ്ഞ്തന്നാ മതി, എന്തൊക്ക്യാ ച്ചാ ചീതോളം അരങ്ങത്ത്. സദനത്തില് ചൊല്ലിയാടലൊക്ക പണ്ടെന്നെ കഴിഞ്ഞണ്ണു!” ഹരിയേട്ടൻവക നവീനതകൾക്ക് വാസുമാഷാകട്ടെ വെള്ളിനേഴിയിലെ വീട്ടിൽനിന്ന് കാലേകൂട്ടിപുറപ്പെട്ട് പത്തിരിപ്പാല മുക്കവലയിൽ ബസ്സിറങ്ങി അതിർക്കാട് പുഴവക്കത്തെ സദനം അക്കാദമിയിൽ എല്ലാം വിധിയാംവണ്ണം മേലനങ്ങിത്തന്നെ സ്വാദുനോക്കും. ചില്ലറ കൗതുകങ്ങൾ നർമം കലർത്തി പറയും — വള്ളുവനാടനും ഓണാട്ടുകരയും ചേർന്ന വാമൊഴിയിൽ. ആലപ്പുഴ പ്രദേശത്തെ കീരിക്കാട് ജനിച്ചുവളർന്ന വാസുദേവൻ എന്ന പയ്യൻ കലാമണ്ഡലം കളരിയിൽ ഗോപി, കുട്ടൻ തുടങ്ങി കുട്ടികളുമൊത്ത് കഥകളി പഠിക്കാൻ ചേർന്ന 1950കൾ തുടങ്ങി പിന്നീട് തിരുവിതാംകൂറിൽ സ്ഥിരതാമസമുണ്ടായിട്ടില്ല. വെള്ളിനേഴി സ്‌കൂളിൽനിന്ന് കഥകളിയാദ്ധ്യാപകനായി വിരമിച്ചശേഷം പാലക്കാടുജില്ലയിൽത്തന്നെ കോങ്ങാടിനപ്പുറം മുണ്ടൂര് താമസം.

സ്ത്രീ, പുരുഷവേഷങ്ങൾ ഒരേ മികവോടെ ചെയ്യുന്ന മാഷ് ചുവന്നതാടി കെട്ടിക്കണ്ടിട്ടില്ല ഞാൻ. അതേസമയം പരിയാനമ്പറ്റ കുറ്റിച്ചാമരം വച്ചുള്ള ഏത് വേഷവും അതിഗംഭീരമാക്കിപ്പോന്നു. പാലക്കാട് പുത്തൂര് അദ്ദേഹം സുഗ്രീവൻ കെട്ടിയപ്പോൾ രാമചന്ദ്രൻ ഉണ്ണിത്താൻറെ ബാലിക്ക് പതിവില്ലാത്ത മാറ്റു തോന്നി അന്നവിടെ കളി കണ്ടവർക്ക്. “ആലോയ്ച്ചാ അത്ഭുതാ ല്ലേ വൽസേട്ടാ,” എന്നായി കൂടെയുണ്ടായിരുന്ന മദ്ദളം പയ്യൻ സദനം ഭാരതരാജൻ. “ഒരാള് ലേശംനല്ല തടി ള്ള തരം. മറ്റാള് കൊറച്ചൊന്നു മെലിഞ്ഞിട്ടും. പക്ഷെ അരങ്ങത്തുവന്നാ അരാരാ മീതെ ന്നറീല്ല്യ…. അഭ്യാസബലേ…” വാസുമാഷെ ഇടക്കൊക്കെ അരങ്ങത്തു കാണാം പണ്ട് ഒപ്പംപഠിച്ച ഗോപിയാശാനുമൊത്ത്. ഇരിഞ്ഞാലക്കുട കലാനിലയത്തിൽ ആയിടെ അരങ്ങേറിയ ‘കർണശപഥ’ത്തിൽ സൂപ്പർതാരത്തിനൊപ്പം കുന്തിയായി വാസുമാഷായിരുന്നു. “മുഖ്യലക്ഷണം വേറൊരുതരത്തിലാണ് മാഷ്ടെ,” സദനം ഹരിയേട്ടൻ വീണ്ടുംവീണ്ടും പറയും. “ഒരുതരം ദൈവീകത. കലണ്ടർചിത്രത്തിലെ സരസ്വതിയുടെ ഛായ. മാദകത്വം ലേശവുമില്ല. ആ നിലയ്ക്ക് ശിവരാമേട്ടൻറെ വഴിതന്നെയൊന്നു വേറെയാണ്.”

സദനത്തിൽനിന്ന് ഞാൻ പിരിഞ്ഞു പോന്നതിനൊക്കെ വളരെച്ചെന്ന്, ദൽഹിയോട് സുല്ലുപറഞ്ഞ്, മദിരാശിയിൽ താമസമുള്ള കാലം. മാർഗഴി ഉത്സവത്തോടനുബന്ധിച്ച് കലാക്ഷേത്രയിൽ 2010 ജനുവരിയിൽ എല്ലാ ക്ലാസിക്കൽ നൃത്തങ്ങളുടെയും മേള. ഒരുനാൾ വൈകിട്ട് കഥകളി. വീണ്ടും കർണ്ണശപഥം. ഇക്കുറിയും ഗോപിയാശാൻതന്നെ, പക്ഷെ കുന്തി മാർഗി വിജയകുമാർ. അന്നാണ് പരിയാനമ്പറ്റയെ നാളുകൾക്കുശേഷം വീണ്ടും കാണുന്നത്: ദുശ്ശാസനൻ. കുടുംബമായി ചെന്ന എന്നെ ഭാര്യയും കുട്ടികളുമായി ആദ്യമായാണ് കാണുന്നത്. എല്ലാവരോടുമുണ്ടായി ലോഗ്യം.

ഒരു തമാശക്കഥ എനിക്ക് പെട്ടെന്ന് ഓർമവന്നു. മുമ്പ്, സദനത്തിൽ ഞാനുമുണ്ടായിരുന്ന കാലത്ത്, 1994 വേനലിൽ, ചോറ്റാനിക്കരക്കപ്പുറം പിറവത്തിക്കടുത്ത് മുളക്കുളം ക്ഷേത്രത്തിൽ ഒരു കഥകളിക്ക് അപേക്ഷ വന്നു. ആ വാരാന്ത്യം തൃപ്പൂണിത്തുറവീട്ടിൽ വന്ന ഞാൻ അന്നാട്ടുകാരൻ വേഷംവിദ്യാർത്ഥി സദനം വിജയനേയും കൂട്ടി മുലക്കുളത്തമ്പലം ചേർന്നുള്ള വീട്ടിൽ പോയി വിശദമായി സംസാരിച്ച് കരാറുറപ്പിച്ചു, അഡ്വാൻസ് വാങ്ങി. കഥകളിത്തീയതി വന്നത് എൻറെ അനിയത്തിയുടെ വിവാഹദിവസം. അതിൻറെ അലച്ചിലിൽ കളിസ്ഥലത്ത് പോണോ വേണ്ടയോ ഇന്നുണ്ടായി കുറേ സംശയം. കലാകാരന്മാരും പുറമെനിന്ന് പരിയാനമ്പറ്റയടക്കം ആളുകളും നേരിട്ട് സദനംവാഹനത്തിൽ എത്തിയിരിക്കും എന്നറിയാം. ചെന്നിട്ടാത്യാവശ്യം ഇല്ല, എന്നാൽ പോയാൽ നന്നുതാനും. ബസ്സ്സ്റ്റോപ്പിലെത്തി. കുറേ കാത്തതല്ലാതെ മെച്ചം കണ്ടില്ല. മടങ്ങി. പിന്നീട് വിവരമറിയിച്ചു: അതിഭയങ്കര ക്ഷീണം. അതിന് സരസമായി പ്രതികരിച്ചത് ദിവാകരേട്ടനത്രെ: “ഔ, പെങ്ങൾടെ വേളിക്ക് ഇത്ര ക്ഷീണാ ച്ചാ അയാൾടെയാവുംബ്ലയ്ക്കും എന്താവും രാത്രി കഴിഞ്ഞകാലത്തെ വയ്യായ!”

എല്ലാം നേരെയെ പറയൂ പരിയാനമ്പറ്റ. സദനം വിട്ട ഞാൻ ഉടനെ ജോലി കണ്ടെത്തിയത് കൊച്ചിയിൽ ഒരു കുട്ടിത്തരം ആംഗല പത്രത്തിലായിരുന്നു. തോപ്പുംപടിയിൽ നിന്നിറങ്ങിയിരുന്ന ഇന്ത്യൻ കമ്മ്യൂണിക്കേറ്റർ. ഒരുനാൾ രാവിലെ ഡെസ്ക്പണി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോഴുണ്ട് ഒരു കത്ത്. പോസ്റ്റ്കാർഡാണ്. പിന്നിൽ ഒപ്പിനുമീതെ പേര്: ദിവാകരേട്ടൻ. സംഗതി ലളിതം: “എടോ, എനിക്കൊരു വിദേശയാത്ര തരപ്പെടുന്ന മട്ടുണ്ട്. ഇംഗ്ലീഷിൽ വല്ലതും ലേഖനമുണ്ടെങ്കിൽ അയച്ചുതരൂ ന്ന് സായിപ്പ്. അതിനെന്താ, താൻ ഉണ്ടല്ലോ. താൻ എന്നെപ്പറ്റി ഒരു ഫീച്ചർ തയ്യാറാക്കണം. പ്രസിദ്ധീകരിക്കണം. തനിക്ക് ഇഷ്ടമുള്ളത് എഴുതുക. എന്തായാലും എനിക്ക് വിരോധമില്ല.” എത്ര വ്യക്തം! എന്തൊരു സുതാര്യത!! ഇതൊരു “കാര്യസാദ്ധ്യം” എന്ന മട്ടിൽ അനാവശ്യവാചകങ്ങൾ ഒന്നുമില്ലാത്ത കത്ത്. വൈകാതെ ലേഖനം അച്ചടിച്ചുവന്നു. രണ്ടുകോപ്പി പെരിങ്കന്നൂര് വിലാസത്തിൽ പോയി. ഇക്കുറി ലാക്ക് പിഴച്ചില്ലതന്നെ. “നന്നായിണ്ടറോ” എന്ന് മറുപടിയും.

തുടർന്നുള്ള ഏതോ ഒരു കൊല്ലം, ഒരു സന്ധ്യക്ക്, തൃപ്പൂണിത്തുറ വീട്ടിൽ ഒന്നുവന്നു പോവുകയും ചെയ്തു ദിവാകരേട്ടൻ. “ഉദയംപേരൂര് എനിക്ക് അടുത്ത ബന്ധുണ്ട്, ഹേ. ന്നാ തന്റൊടേം ഒന്ന് കേറാം ചു.” ധാരണ ശരിയെങ്കിൽ പൂർണത്രയീശൻറെ അമ്പലത്തിൽ വൃശ്ചികോത്സവം ആയിരുന്നു. കഥകളിലോകത്തെ വൻസംരംഭങ്ങളൊക്കെയും ഒന്നിച്ചുവേണം ചെയ്യാൻ എന്നാണ് മൂപ്പരുടെ ഉറച്ചപക്ഷം. കൂട്ടമായി ഉത്സാഹിക്കുക, അതാണ് ലൈൻ. എല്ലാവരുടെയും വീക്ഷണം അറിയുക, നന്നെന്നു ഭൂരിപക്ഷത്തിനു തോന്നിയാൽ എടുക്കാൻ പ്രേരിപ്പിക്കുക. അവരവരുടെ കഴിവുകളെ അഭിനന്ദിക്കുക. പുതുനൂറ്റാണ്ടിലേക്ക് മറിഞ്ഞ കാലത്ത് സദനത്തിലെ പുത്തൻഓഡിറ്റോറിയത്തിൽ നടന്ന മുഴുരാത്രി കഥകളിക്ക് അരങ്ങുവെളിച്ചം ചെയ്തത് പരീക്ഷണാത്മകമായിട്ടായിരുന്നു.

തൃശൂര് സ്‌കൂൾ ഓഫ് ഡ്രാമയിൽനിന്ന് നാടകസംവിധാനം പഠിച്ചിറങ്ങിയ നരിപ്പറ്റ രാജു ആയിരുന്നു അതിനുപിന്നിലെ ബുദ്ധി. മഞ്ഞയും ചുവപ്പും ചേർന്നുള്ള ഇളംലൈറ്റിങ്ങിൽ കൊച്ചുവെളുപ്പാൻ കാലത്ത് ദിവാകരേട്ടൻറെ താടിവേഷം അരങ്ങത്തേക്ക് വന്നു. തിരശീലക്കു പിന്നിൽ വിളക്കിനു കുമ്പിട്ടു. കനത്ത മേളത്തിനു നടുവിൽ ചെണ്ടമദ്ദളത്തെയും ചേങ്ങിലയിലത്താളത്തെയും തൊട്ടുതലയിൽ വച്ചു. തിരിഞ്ഞ് പടിക്കെട്ടു ഹാളിൻറെ മേലേത്തലയിൽ ബൾബുകൾ ഓപ്പറേറ്റ് ചെയ്യുന്ന രാജുവിനും കൊടുത്തു ഒരു സലാംവണക്കം.

അരംഗത്തെത്തിയാൽപ്പോലും സ്വന്തംവേഷം എന്ന ഒറ്റട്രാക്കുയാത്ര അദ്ദേഹത്തിന് സാദ്ധ്യമല്ല. “അങ്ങ്ട് കൂടട്ടേ ഹേ എല്ലാവരും” എന്നതാണ് സ്ഥിരംമന്ത്രം. തലേ സന്ധ്യക്ക് അവിടെയെത്തിയ ഗോപിയാശാനെ ഓഡിറ്റോറിയം കാട്ടാൻ കുമാരേട്ടൻ കെട്ടിടത്തിനകത്തും പുറത്തും ചുറ്റും നടത്തിച്ചപ്പോൾ സ്ഥാപനമേധാവി എന്നെയും കൂട്ടി. എല്ലാം ഗംഭീരം എന്ന മട്ടിൽ തലകുലുക്കി കൂടെ വന്ന ഗോപിയാശാൻ ഉള്ളിലെ ഒരു മുറിയിൽ എത്തിയത് കഥകളികലാകാരന്മാർ സൊറപറഞ്ഞിരുന്നിടത്തേക്കാണ് എന്ന് അപ്പോഴേ മനസിലാക്കിയുള്ളൂ. ലാഘവത്തിൽ അതുമിതും കോലാഹലം കൂട്ടിയിരുന്ന അവരിൽ പരിയാനമ്പറ്റ ചാടിയെഴുന്നേറ്റു. പണ്ട് ചെറുപ്പത്തിൽ സദനശേഷം കലാമണ്ഡലത്തിൽ പഠിച്ചിരുന്നപ്പോഴത്തെ കാലത്തെ വിനയംകലർന്ന ബഹുമാനം. “ങ ങാ… അവ് ശെരി,” എന്ന് ഗോപിയാശാനും പ്രസാദിച്ചു. “ദിവാരൻ ബടണ്ടായിരുന്ന്വോ! നന്നായി നന്നായി.”

പരിയാനമ്പറ്റ കത്തിനിൽക്കുന്ന കാലത്തുതന്നെ പേരെടുത്തുവന്ന താടിവേഷക്കാരനായിരുന്നു കോട്ടക്കൽ മുരളി. സഞ്ചരിച്ചിരുന്ന ബസ്സ് പാടത്തേക്കു മറിഞ്ഞപ്പോൾ മിക്കവാറുമെല്ലാവരും മൂടുംതട്ടി പുറത്തുവന്നപ്പോൾ ഒരാളുമാത്രം അനക്കമറ്റ്. മുരളിയുടെ നട്ടെല്ലിന് അത്രമാത്രം പറ്റിയിരുന്നു ക്ഷതം. ചികിത്സിച്ചു ഭേദമായില്ല. അരങ്ങത്തേക്ക് തിരികെവരവു പോയിട്ട് ജീവിതംതന്നെ മലർന്ന കിടപ്പായി. “ഹെന്താ ഹേ ചെയ്യാ!” എന്ന് കഠിനവ്യസനത്തിൽ ഇടയ്ക്കൊക്കെ പറയും കഥകൾ ദിവാകരേട്ടൻ. “നല്ലപ്രായത്തില് ഇങ്ങനൊരൊന്ന് വര്വാ ച്ചാ… ലേശം നല്ലോണം ഡൗണായി മാനസികായിട്ട് ന്നാ ഇപ്പ കേക്കണത്… കഷ്ടം!” അങ്ങനെ പൊലിഞ്ഞുപോയി നിർഭാഗ്യവാനായ ഒരു കഥകളിക്കാരൻറെ ജീവിതം.

ആലോചിച്ചിടത്തോളം 2009 തുടക്കത്തിൽ കണ്ടിരുന്നു ദിവാകരേട്ടനെ നേരിൽ. ഗോപിയാശാന് പദ്മശ്രീ കിട്ടിയതു മാനിച്ച് അദ്ദേഹം താമസമാക്കിയിട്ടുള്ള തൃശ്ശൂര് പേരാമംഗലത്തെ നിവാസികൾ ഒരുക്കിയ സ്വീകരണത്തിനൊടുവിൽ. കളി കഴിഞ്ഞപ്പോൾ സംസാരിച്ച ദിവാകരേട്ടനെ അകലെ തിരുവനന്തപുരത്തുനിന്ന് വന്നിട്ടുള്ള കഥകളി സഹൃദയൻ സുഹൃത്ത് ഹരീഷ്നമ്പൂതിരിയെ പരിചയപ്പെടുത്തിയും കൊടുക്കലുണ്ടായി. തുടർന്ന്, വൈകാതെ കഴിഞ്ഞ അഞ്ചാറു വർഷമായി കേട്ടുതുടങ്ങിയിരുന്നു പരിയാനമ്പറ്റക്കും വയ്യാതായിരിക്കുന്നു എന്ന്. കാലിന് വന്നിട്ടുള്ള അസുഖമാണ്. നല്ലവാർത്ത അല്ലാഞ്ഞതിനാൽ അധികമന്വേഷിക്കാൻ പോയില്ല ഞാൻ. വീണ്ടും കറങ്ങി തിരികെ ദൽഹിയിലെത്തി വല്ലപ്പോഴും നാട്ടിൽ പോയിരുന്ന ഇടവേളകളിൽ കണ്ടതുമില്ല — കളിസ്ഥലത്തോ അല്ലാതെയോ.

എന്നാൽ 2015 മാർച്ചിലോ മറ്റോ ദിവാകരേട്ടൻറെ മകനെ തടഞ്ഞുകിട്ടുകയുണ്ടായി. കൊച്ചി-മുസിരിസ് ബിനാലെയോടനുബന്ധിച്ച് തുപ്പേട്ടൻ നാടകോത്സവത്തിൽ അഭിനയിക്കാൻ വന്നതാണ് പരിയാനമ്പറ്റ ശ്രീജേഷ്. സമകാലിക കലാമേള കവർ ചെയ്യാൻ മാദ്ധ്യമപ്രവർത്തകനായി ഞാനുമെത്തി ആ സായാഹ്നം അച്ഛനമ്മമാരെ കൂട്ടി തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ. തവിട്ടുകണ്ണ് തിളക്കി എന്നോട് ചില്ലറ വർത്തമാനം ഉണ്ടായി നാടകശേഷം ശ്രീജേഷ്. അച്ഛൻറെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചെറുതായി പറഞ്ഞുപോയി. “താടിവേഷൊന്നും വയ്യ, എടയ്ക്ക് അപൂർവം ണ്ടായി ചാലും. മിനുക്ക് വേഷാ മിക്കവാറും. അധികോം കുചേലൻ.” 

ഈ വർഷം ജൂണിൽ തൃശൂര് ഗോപിയാശാൻ അശീതി. താരത്തിൻറെ എൺപതാംപിറന്നാൾ നാലുദിവസമേളയായി അതിഗംഭീരമായാണ് കൊണ്ടാടുന്നത്. ആദ്യസന്ധ്യയിലെ പ്രഥമകഥ കിർമീരവധം. ഗോപിയാശാൻറെ ധർമ്മപുത്രർ. പൊതുവണിയറയിൽ കുട്ടനാശാനോപ്പം വാസുമാഷെ കണ്ടു. ചെന്നുകണ്ടു. ചിരിച്ചുതന്നെ പ്രതികരിച്ചു മിനുക്കുവേഷ മുഖത്തോടെ മാഷ്. പക്ഷെ എന്നോടുള്ള ചോദ്യങ്ങൾ പന്തിയില്ലാത്തതായിരുന്നു. വേറൊന്നുമല്ല, മാഷ്ക്ക് എന്നെ മനസിലായില്ല. സാരമില്ല. ഓർമ്മപുതുക്കാൻ പോയില്ല ഞാൻ.

‘ഹരിതം’ ആഘോഷത്തിൽ ചെറിയൊരു വേഷത്തിലായിരുന്നു ദിവാകരേട്ടൻ: ‘ഉത്തരാസ്വയംവര’ത്തിലെ ഭീഷ്മർ. പറ്റുമ്പോലെ ചെയ്തുപോന്നു. രംഗത്തുനിന്ന് തിരിച്ചെത്തി വിശ്രമിക്കാൻ കാൽനീട്ടിയതും ശ്രദ്ധിച്ചു ത്രിഗർത്തനായി അരങ്ങത്തേക്ക് പുറപ്പെടുന്ന കലാമണ്ഡലം സി ഗോപാലകൃഷ്ണനെ. ഉടനെഴുന്നേറ്റു ചെന്ന് കിരീടവും തലയുടെ ഭാഗത്തുള്ള ഒന്നുരണ്ടു കോപ്പുകളും സ്ഥാനം ശരിയാക്കി. അസുഖം പിടിപെട്ടിരുന്നില്ലെങ്കിൽ പഴയ പ്രതാപത്തിൽ ആ താടിവേഷം കെട്ടുകതന്നെ ദിവാകരേട്ടനായിരിക്കാം. പകരം ഇരയിമ്മൻതമ്പികഥയിലെ ഈ ചില്ലറ റോൾ കെട്ടിയാടാനായിരുന്നു നിയോഗം. അതിലൊന്നും ഖേദം ലവലേശവും നിരൂപിക്കാതെ ഗോപിയാശാൻറെ വിശേഷം തന്നാലാവുംവിധം നന്നാക്കുക എന്ന പതിവു മനസ്സിൽത്തന്നെ പരിയാനമ്പറ്റ.

തിരികെ പെട്ടിപ്പുറത്തിരുന്ന് എന്നോട് കുറച്ചുനല്ലവണ്ണം നേരം സംസാരിച്ചു. പ്രസരിപ്പിന് കുറവില്ലേതും. എന്താ ശരിക്ക് രോഗം, ഞാൻ ചോദിച്ചു. “ഇദീ ആമാവതാ ഹേ,” വേറെയാരുടെയോ പ്രശ്നം പറയുന്ന മട്ടിലാണ് സ്വന്തം പ്രശനത്തിൻറെ അവതരണം. അച്ചടിമുണ്ട് ലേശം ഉയർത്തി കണങ്കാല് കാട്ടി. പരന്ന നീര്, പിണഞ്ഞ വിരലുകൾ. നടക്കാൻ നല്ല ആയാസം. “നി പ്പദ് ഭേദാവലൊന്നും പ്രതീക്ഷിക്കാല്ല്യ.” ലേശം സ്വയം കോമാളി ചമഞ്ഞ് ഇത്രയും കൂട്ടിച്ചേർത്തു: “പിന്നപ്പൊ എന്ത്ണ്ട് ച്ചാ കൊറേശ്ശെ വയറൊക്കെ വന്നടക്ക്ണു. എയ്, ങ്ങനെ ഇരിപ്പെന്ന്യാണലോ വീട്ടിലേയ്.” ആളുടെ ചിരിയിലേക്ക് ഒട്ടും കൂടിയില്ല ഞാൻ. മൂന്നുനാൾ കഴിഞ്ഞ് ഗോപിയാശാൻറെ പിറന്നാൾ ദിവസം സദ്യപ്പന്തലിൽ വീണ്ടും കണ്ടു. കൂടെ ശ്രീമതി. പിന്നെ ജ്യേഷ്ഠസ്ഥാനീയൻ നരിപ്പറ്റ. കുറെയുണ്ടായി സംസാരം. രണ്ടുനാൾ മുമ്പ് എവിടെക്കണ്ട മകൻ ശ്രീജേഷിനെക്കുറിച്ചും ഉണ്ടായി സംസാരം. തിരികെ ദൽഹിയിലെത്തിയ എനിക്ക് ഒരുച്ചക്ക് ഫ്‌ളാറ്റിലേക്ക് ഫോൺ കാൾ. “ഞാനടോ, ദിവാരേട്ടൻ. പരിയാനമ്പറ്റ.”

എനിക്കാകെ അദ്‌ഭുതാഹ്ലാദം. വിചാരിച്ചതിലും വളരെ നീണ്ടു ഭാഷണം. ഒരുമണിക്കൂറിൽ കുറയില്ല. എന്തായിരുന്നു വിഷയം? ഒന്നുമേയില്ല! ഉണ്ണായി വാരിയരുടെ കേശിനി പറഞ്ഞതുപോലെ, പണ്ട് ചെർപ്പുളശ്ശേരി അയ്യപ്പൻകാവിലെ കളിക്ക് രാമവാരിയര് പാടിയ ചരണത്തിൽ എഴുതിയതുപോലെ, “പലതും പറഞ്ഞു പിന്നെ, ഫലിതം അത്രേ പാർത്തോളം!” ഫോൺ വെക്കുമ്പോൾ ദിവാകരേട്ടൻ പറഞ്ഞു, “വെർതെ വിളിച്ചതടോ. ന്നാ ശരി.” തിരികെ ബന്ധപ്പെടാം വല്ലപ്പോഴും എന്ന് ഞാൻ പറഞ്ഞിരുന്നെങ്കിലും പാലിക്കലുണ്ടായില്ല. എന്നാൽ മൊബൈൽവഴി ഇടക്ക് ചാറ്റിൽ എന്തെങ്കിലും പറഞ്ഞും പാസ്സുചെയ്തും പോന്നു. അങ്ങനെയിരിക്കെ അറിഞ്ഞു. പരിയാനമ്പറ്റക്ക് പൊടുന്നനെ ആരോഗ്യം മോശമായിരുന്നു. പിന്നെ അറിയുന്നു അതികലശൽ എന്ന്. അദ്ദേഹത്തിൻറെ നാട്ടുകാരനും അടുത്ത ബന്ധുവും ആയ കെ.എം. ഭാസി ഇവിടെ ദൽഹിയിൽ സ്വകാര്യസ്ഥാപനത്തിൽ ഉദ്യോഗസ്ഥനാണ്. ചില സംഗീതസന്ധ്യകളിൽ കാണാറുമുണ്ട്. അദ്ദേഹമാണ് വിവരങ്ങൾ അടിക്കടി അറിയിച്ചുകൊണ്ടിരുന്നത്. ഒരുദിവസം എഴുതിക്കണ്ടു: സത്യത്തിൽ പ്രതീക്ഷയില്ല.

അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ രണ്ടാഴ്ചയിലധികം അങ്ങനെ പോയി. ഒക്ടോബർ 30 സന്ധ്യയോടെ പലരിൽനിന്നുമറിഞ്ഞു വളരെ കലശലാണ് എന്ന്. ആപ്പീസിലായിരുന്നു. പണി തൽക്കാലം മുടിച്ചനേരം. ഒന്ന് സ്വസ്ഥമാവാൻ മേലെ മട്ടുപ്പാവിൽ കയറി. അവധിദിവസം നാലായിരുന്നു ഇക്കഴിഞ്ഞ വാരം. അടുപ്പിച്ചടുപ്പിച്ച്. അതിൻറെ അശ്രദ്ധ കാണുന്നുണ്ട്. ചട്ടിച്ചെടികൾ വാടിയുണങ്ങിയിരിക്കുന്നു. ദിവാരേട്ടൻ! എന്നെക്കാൾ 15 വയസ്സുമാത്രം മൂപ്പ്! ഇതിന് വെള്ളംകൊടുക്കാൻ ഇവിടെ ആരുമില്ലേ? “മാലി ഗാവ് ഗയാ ഹേ ക്യാ?” ചായക്കാരൻ റാംബീറിനോടുള്ള ചോദ്യം കുറച്ചു കടുപ്പിച്ചുതന്നെയായിരുന്നു.

എൻറെ ശബ്ദത്തിലെ പതിവില്ലാക്കനപ്പ് അവനെ അദ്‌ഭുതപ്പെടുത്തിയിരിക്കണം. ടാപ്പിൽ വെള്ളമില്ല? ഉവ്വ്. വരവിന് ശക്തിയില്ലേ? ഹാം ജി. ഇന്നലെ തുളയിലെ ചെളികളഞ്ഞ് ശരിയാക്കിച്ചു. പിന്നെന്താ…. എടുക്ക് കുഴല്. ക്യാ ചീസ്? ഞാൻ കാണിച്ചുതരാം. നാലുപുറം കണ്ണോടിച്ചു. കഴിഞ്ഞ പതിനഞ്ചു ദിവസമായി ഞാൻതന്നെയാണ് അല്ലെങ്കിലും നന. പക്ഷെ ഹോസ് സ്ഥാനത്തു കണ്ടിരുന്നു. പോട്ടെ, ഇനി കിട്ടിയില്ലെങ്കിൽ സ്റ്റീൽപ്പാത്രമെടുത്ത് നനയ്ക്കും. എത്ര തവണകളായിട്ടായാലും. അവിടമാകെ അവസാനമായി തിരഞ്ഞു. ഒടുവിൽ കിട്ടി. ടെറസ്സിൻറെ ഇരുണ്ട മൂലയ്ക്കൽനിന്ന്. ക്ഷണം നിവർത്തി. ഊക്കിൽ ഘടിപ്പിച്ചു. പിരിയഴിച്ചുതുറന്നു. മലർക്കെ പാറ്റിയൊഴിച്ചു. വരട്ടെ ജീവൻ തിരിച്ച്.”പാഗൾ” എന്ന് നിശബ്ദം ഉച്ചരിക്കുംമട്ടിൽ റാംബീർ തേയിലത്തട്ടുമായി താഴേക്കുപോയി. മൂന്നും നാലും അഞ്ചും വട്ടം ചെടികൾക്ക് വെള്ളം കൊടുത്തു.

മനമില്ലാമനത്തോടെ നിർത്തി.കീഴെ നിലയിലെത്തി. കിതച്ചിരുന്നു, കസേരയിൽ. മൊബൈൽ ഓണാക്കി വീണ്ടും. വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രാർത്ഥനകൾ പിന്നെയും കനക്കുകയാണ്. വെൻറ്റിലേറ്ററിൽനിന്ന് എടുത്തിരിക്കുന്നു ആളെ. ഇനി എണ്ണാൻ നിമിഷങ്ങൾ മാത്രം.പ്രേ ഫോർ പരിയാനംപറ്റ. ഇനിയൊന്നും നോക്കാനില്ല. സങ്കടത്തെക്കാൾ ദേഷ്യം തോന്നി. ഒരൂക്കിൽ ഞാനും കമന്റിട്ടിട്ടു. He WILL SURVIVE.ഇന്ന് രാവിലെ ഉറക്കം മുറിഞ്ഞത് ഇതോർത്താണ്. ചാടി എഴുന്നേറ്റു. ഫോൺ നോക്കി. ഒരു മിസ്സ്ഡ് കാൾ.  ആരുടെ? Pariyanampatta Divakarettan. ങേ? പിന്നെ കണ്ടത് ഒരു എസ്സെമ്മെസ്. അതേ വിലാസത്തിൽനിന്ന്: Achan no more… 10.45 pm at Amala… Kuttan (Sreejesh) Pariyanampatta… Sorry for the late night call.

അന്നേ ദിവസമാകട്ടെ ഔട്ട്ലുക്ക് വാരികയുടെ തകൃതിയായ എഡിറ്റോറിയൽ പണിയും. മരവിച്ച മനസ്സിൽ അതത്രയും തീർത്തു, ആരോടും ഒന്നും പറയാതെ. നേരം വൈകിയാണ് സെൽഫോൺ വീണ്ടും നോക്കിയത്. ദിവാകരേട്ടൻ എനിക്കയച്ച അവസാനത്തെ മെസേജ് (ഈ ജൂൺ 30 രാത്രി 8:56ന്) കണ്ണിൽപ്പെട്ടു. ഗുരുനാഥൻ വാസുമാഷെക്കുറിച്ചായിരുന്നു അത്: “KG ആശാനും 80 ആകുന്നു. ഈ നവമ്പർ ഡിസംബറായിട്ടാണ് പിറന്നാൾ. സ്വർണനൂലിന് പകരം വാഴനാരെങ്കിലും വെക്കണമെന്നുണ്ട്. എന്താ അഭിപ്രായം?”

ചങ്ക് ചീന്തിപ്പോയി. ഇന്നിപ്പോൾ കുറെയൊക്കെ മുറിവുണങ്ങിയ സ്ഥിതിക്ക് ഇത്രമാത്രം പറയട്ടെ: വാസുമാഷേ, ‘ലാസ്യപൗരുഷം’ നായകന് എല്ലാവിധ മംഗളങ്ങളും. ഈ ക്രിസ്തുമസ്സ് ദിവസം പരിപാടി നടക്കുന്ന വെള്ളിനേഴിയിൽ ഞാൻ ശരീരം കൊണ്ടുണ്ടാവില്ല.  മനസ്സ് ഒരു നേരമെങ്കിലും അവിടെ പാറിക്കളിക്കും. ഞാളാകുറിശ്ശിയിലെ മഞ്ഞവെയിൽസൂര്യനാണേ സത്യം.


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder