കുട്ടിരാവണനുള്ളതുപോലെ ലേശം ഉറക്കച്ചടവുണ്ടായിരുന്നു ആശാനും. എങ്കിലും പ്രസരിപ്പിനു കുറവു കണ്ടില്ല. ലുലു കൺവെൻഷൻ സെൻറ്ററിൻറെ മാളികകളോന്നിൻറെ പുരുഷാരംനിറഞ്ഞ കോറിഡോറിലെ നീളൻ കുഷ്യൻകസേരയിൽ അതിഥികൾക്കായി ലോഗ്യവും സെൽഫിയും പങ്കിടുമ്പോഴാണ് മേലെ ഇടവപ്പാതിയാകാശത്ത് മാലപ്പടക്കം കേട്ടത്. ഇടിവെട്ടല്ല, ഹെലികോപ്റ്റർ ആയിരുന്നു. മോഹൻലാൽ ആയിരുന്നു നവയുഗ പുഷ്പകവിമാനത്തിലെ വൈശ്രവണൻ. സിനിമാതാരത്തിനാവട്ടെ കഥകളിയാചാര്യനോട്‌ സ്നേഹബഹുമാനം മാത്രം. തിരിച്ചും മറ്റൊന്നല്ല വികാരം മറ്റൊരു പത്മശ്രീ ജേതാവായ കലാമണ്ഡലം ഗോപിക്ക്. നാലായുസ്സിൽ നേടാവുന്ന വരങ്ങളത്രയും കലാപ്രതിഭയുടെ ശക്തിമൂലം ഒറ്റ ജന്മത്തിൽ കരസ്ഥമാക്കിയ രണ്ടു മഹാനടൻമാർ.   തൃശ്ശൂരെ അയ്യന്തോളിനടുത്തുള്ള വൻവേദിക്കരികെ പുഴയ്ക്കൽ പാടത്തു വന്നിറങ്ങുകയായിരുന്നു പേടകം. അനന്തപുരിയിൽനിന്ന് കേരളത്തിൻറെതന്നെ സാംസ്കാരിക തലസ്ഥാനത്തേക്ക്. ലാലേട്ടൻ ഫാൻസ്‌ ഇളകിവശായി, കറുത്ത കുപ്പായമിട്ട ആ പയ്യന്മാരത്രയും തലങ്ങും വിലങ്ങും ഓടാൻതുടങ്ങി. അതേനിറം ജുബ്ബായിട്ടിരുന്ന പിറന്നാളുകാരന് ഒരു മാറ്റവും കണ്ടില്ല. കുശലത്തിരക്കിനിടെ തനിക്കുചുറ്റും ഇങ്ങനെയൊരു പുതുകോലാഹലം നടക്കുന്നതറിഞ്ഞതായിപ്പോലും തോന്നിയില്ല തെല്ലകലെനിന്നുള്ള കാഴ്ച്ചയിൽ.    “ദ് പ്പോ മോഹൻലാല് വന്നേന്റയാ?” എന്ന് എന്നോട് നിർമമമായി അന്വേഷിച്ചു കലാമണ്ഡലം കേശവപ്പൊതുവാൾ. മൂന്നിലധികം പതിറ്റാണ്ടു മുമ്പ് എന്നെ പത്തുമാസം തായമ്പക പഠിപ്പിച്ച ചെണ്ടവാദകൻ. ഗോപിയാശാൻറെ പല അരങ്ങുവേഷങ്ങൾക്കും നാദസ്വാദോകിയിട്ടുള്ള ശാന്തപ്രകൃതൻ. “അതെയെന്നുവേണം കരുതാൻ” എന്ന് പറഞ്ഞത് ആളുമായുള്ള ഇറയത്തിണ്ണ സംഭാഷണത്തിന് സ്വാഭാവികറുത്തി വരുത്തി. ഗുരുപത്നിയോടും വണക്കം പറഞ്ഞ് പിരിഞ്ഞു.   വണ്ടൻ ഗ്യാലറിയിലാണ് കാര്യപരിപാടികൾ. മുന്നേ പേടിച്ചതുപോലത്തെ കുത്തിത്തിരക്കിലിവിടെ. എയർകണ്ടീഷൻഡ് ആകയാൽ പുഴുക്കവുമില്ല. ഗോപിയാശാൻ എൺപതുവയസ്സു പിന്നിടുമ്പോഴത്തെ ചതുർദിന ‘ഹരിതം’ ആഘോഷങ്ങളിലെ മൂന്നാം ദിവസം മദ്ധ്യാഹ്നം തിരിഞ്ഞുള്ള ഈ മോഹൻലാൽ പരിപാടിയിൽ കയറിയിരിക്കാൻ തീരുമാനിച്ചത് അങ്ങനെയാണ്. രാവിലെ നടന്ന സെമിനാർ പ്രഭാഷണങ്ങൾമാത്രം ലക്ഷ്യമാക്കി എത്തിയ ഞാൻ ഉച്ചയൂണുസദ്യക്കും തുടർന്നുള്ള ഓട്ടൻതുള്ളലും താരപ്രഭശേഷം നടന്ന മിഴാവുതായമ്പകക്കും ഒക്കെത്തന്നെ പറ്റിക്കൂടി.

Kalamandalam Gopi

 
  ലാലേട്ടൻ വരാനിരിക്കുന്നതിൻറെ തിമർപ്പിലുണ്ടാവുന്ന അക്ഷമ കാണികളിൽ സെൻസ് ചെയ്യാൻ പ്രയാസമുണ്ടായിരുന്നില്ല കലാമണ്ഡലം പ്രഭാകരൻ അവതരിപ്പിച്ച തുള്ളലിനിടെയെങ്കിൽ കലാമണ്ഡലം ഈശ്വരനുണ്ണിയും സംഘവും കൂത്തുകൂടിയാട്ടവാദ്യത്തിൽ തീർത്ത കൊട്ടുകച്ചേരിയുടെ ഇരികിട ഭാഗമൊക്കെ മുറുകിയപ്പോൾ മുന്നിൽ മൈക്കുകാരനടക്കം ഏട്ടാളുണ്ടായിരുന്നില്ല. ഒരു മണിക്കൂറുമാത്രം മുമ്പാണ്  സമാദരണച്ചടങ്ങിൽ മോഹൻലാൽ ഗോപിയാശാനെയും തിരിച്ച് കളിയാശാൻ സിനിമാപ്രഭുവിനെയും പുകഴ്ത്തിയപ്പോൾ ഇതേ വേദി ആർത്തിരമ്പിയത്.   കൊട്ടാരാന്തരീക്ഷ കൺവെൻഷൻ സെന്ററിൽ അന്നേപകൽ മാത്രം നടന്ന ഘോഷശേഷം പതിവങ്കണമായ റീജണൽ തീയേറ്റർ ലക്ഷ്യമാക്കി പട്ടണത്തിൻറെ ചെമ്പൂക്കാവ് ലക്ഷ്യമാക്കി വാഹനമോടിക്കേ ഓരോന്നോർത്തുപോയി. ലുലുവിലെ ഗോപിയാശാൻരൂപഭാവങ്ങൾ കളിബ്ഭ്രാന്തർ പലർക്കും ചെറുതായെങ്കിലും അപരിചിതത്വം തോന്നിച്ചില്ലേ? ഉവ്വ്. ഇങ്ങനെയൊരനുഭവം പ്രതീക്ഷിച്ചാവുമോ കുറച്ചുപേരൊക്കെ കഥാനായകനോടുള്ള പ്രിയം നിലനിർത്തിക്കൊണ്ടുതന്നെ ആഡംബരച്ചടങ്ങിൽ സംബന്ധിക്കാതെ പോയത്?   വളരെ നനുത്ത സാഹചര്യമാണ് കലാസഹൃദയരെ പലരെയും സംബന്ധിച്ചിടത്തോളം ഗോപിയാശാനെ കൊണ്ടാടിക്കൊണ്ടുള്ള മാമാങ്കങ്ങൾ മുമ്പും സംജാതമാക്കിയിട്ടുള്ളത്. ഗുരുവായൂര് അദ്ദേഹത്തിൻറെ ഷഷ്ടിപൂർത്തിക്കും സപ്തതിക്കും ഒക്കെ അതിൻറെ ലാഞ്ചനകൾ അടുത്ത പരിചയക്കാരടക്കം അറിഞ്ഞിട്ടുള്ളതുമാണ്. അശീതിമഹോസ്തവത്തിൽ അത് പലനിലയിൽ അമിട്ടുവിരിയിച്ചെന്നുമാത്രം. ആയിരക്കണക്കിന് കളിയരങ്ങുകളെ ആവേശഭരിതമാക്കിയിട്ടുള്ള കല്ലുവഴിവിഗ്രഹം ഒരുവേള പളപളക്കുപ്പായമിട്ട് കഥകളി മനസാ വാചാ കർമണാ നിനച്ചിരിക്കാൻ ഇടയില്ലാത്തവിധം പെരുകിയ ജനക്കൂട്ടത്തിനുനേരെ അഭ്രപാളിയിലെ തമ്പുരാനൊപ്പം കൈവീശിക്കാണുമ്പോഴത്തെ അങ്കലാപ്പ്.    ഇവിടെയാണ്, പക്ഷെ, കഥകളിപ്രേമികൾ അവരവരിലൂന്നിയ സ്വാർത്ഥവികാരവായ്പ്പ് വെടിഞ്ഞ് സ്വയം പൊസിഷൻ ചെയ്യേണ്ടത്. സമകാലീന കഥകളിയിലെ ഒന്നാംനമ്പർ താരം മാത്രമല്ല ഗോപിയാശാൻ, നാല് നൂറ്റാണ്ടു പഴക്കം ചെന്ന ഈ രംഗകലയിൽ ഒരു പ്രയോക്താവിനും നാളിതുവരെ കിട്ടാത്തവിധം ജനസമ്മതമുള്ള നടരാജനുമാണ് ഇദ്ദേഹം. പാരമ്പര്യകലകളെ പൊതുവെയും കഥകളിയെ പ്രത്യേകിച്ചും അവജ്ഞയോടെയും ഏറിയാൽ എളിമനടിച്ചും നോക്കിക്കാണുന്നവർക്ക് ഉള്ളാലെ അമ്പരപ്പാണ് കലാമണ്ഡലം ഗോപി എന്ന നാമം. തികഞ്ഞ ഗ്രാഹ്യക്കാരിൽത്തന്നെ മുമ്പ് ഇടക്കെല്ലാം പ്രകടമായിരുന്നു ചില്ലറപുച്ഛവും വ്യക്തമായ വിരുദ്ധതയും സ്വകല കൊണ്ടുമാത്രം കാലം ചെന്നപ്പോൾ വീര്യംകുറച്ചില്ലാതാക്കിയ നൃത്തചക്രവർത്തിയാണ്. ക്ഷിപ്രകോപിയെങ്കിൽ അതിനുമുണ്ട് ജീവിതപരമായ കാരണങ്ങൾ. എന്നുമാത്രമോ, കയറുമ്പോലെത്തന്നെ മിക്കവാറും വേഗത്തിൽ ഇറങ്ങിത്തണുക്കുകയും ചെയ്യും ശുണ്‌ഠി.

നമ്മളന്തം വിടുംകണക്കുതന്നെ ആടിത്തകർക്കട്ടെ ആശാൻ ഇപ്പകൽ! അല്ലെങ്കിൽത്തന്നെ, വിശ്വോത്തരശ്രേണിയിൽ കോർക്കാവുന്ന തേജസ്സ്‌ കലയിലെന്നല്ല വേറെ ഏത് രംഗത്തായാലും ഇതുപോലൊന്നുണ്ടോ ഇന്നത്തെ കേരളത്തിൽ? സ്വാർത്ഥതയിലാഴ്ന്ന കുട്ടിത്തരം മനസ്ഥിതിവച്ചാവരുത് ഈ മുഹൂർത്തത്തെ അളക്കുന്നത്. സദ്യക്കായി ലുലുവിലെ ശീതികരിച്ച ശരറാന്തൽത്തളത്തിൽ കയറിയപ്പോൾ നമ്മെക്കാൾ വൃത്തിയിൽ വസ്ത്രധാരണം ചെയ്ത സുസ്മേരയുത്തരേന്ത്യൻ ചെറുപ്പക്കാർ സുമുഖച്ചിരി പടർത്തി വിഭവസമൃദ്ധമായ നാക്കിലമുന്നിലേക്ക് കസേരയടുപ്പിച്ചു തരുമ്പോൾ ചൂളേണ്ടതില്ല. പരമ്പുമറച്ച പന്തലിലെ ടാർപായക്കീഴിലെ വായ്‌പ്പുഴുക്കത്തിൽ വിളമ്പിയാൽ മാത്രമല്ല സദ്യയാവൂ. അതേ, ഇങ്ങനെയും ഒരുക്കാം ഒരു കഥകളിക്കാരൻറെ പിറന്നാള്. പട്ടാമ്പിപ്പുഴക്ക് ഏറെ തെക്കല്ലാത്ത കോതച്ചിറക്കുഗ്രാമത്തിൽ ചെറിയ കൂരയിൽ ജനിച്ച് പട്ടിണിയറിഞ്ഞു ജീവിച്ച മണാളത്തെ കറുത്ത ചെക്കന് ആറരപ്പതിറ്റാണ്ട് ലോകത്തെ ഏറ്റവും മികച്ച രംഗകലകളൊന്നിന് ഇത്രമാത്രം പ്രഭ ചൊരിഞ്ഞുകൊണ്ടിരിക്കാമെങ്കിൽ, വിശേഷാവസരത്തിനു വന്നിട്ടുള്ള യൂ ആർ ആൾസോ എ വിഐപി, സർ/മാഡം. ഈ ജഗപൊകക്കിടയിൽ വല്ലായ്മ തോന്നിയെങ്കിൽ, ആൾക്കൂട്ടത്തിനിടെ ആശാൻ തന്നെ പതിവുള്ളത്ര മാനിച്ചില്ലെന്നു പരിഭവിക്കുന്നെങ്കിൽ കോമ്പ്ലെക്സ് തനിക്കാണ് ഹേ. അരങ്ങത്താശാൻ ഉരുകിമിനുക്കിയ പതിഞ്ഞയിരട്ടിയിലെയും ഇടമട്ടുപദങ്ങളിലെയും നാടകീയമുഹൂർത്തങ്ങളിലെയും അനർഘനിമിഷങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്നതിലെ സ്വകാര്യത ആളുടെ ജനാവലിയാഘോഷങ്ങളിലും നേടിയെടുക്കാൻ ശഠിച്ചാലോ!   റീജിയണൽ തീയറ്ററിലെ ജൂൺ 1 വൈകിട്ടത്തെ ആദ്യസന്ധ്യക്ക് താൻ ഉണ്ടായിരുന്നതല്ലേ? വിളക്കുവച്ച് തോടയം-പുറപ്പാട് കഴിഞ്ഞ് കഥ തുടങ്ങിയപ്പോൾ എന്താണ് മനസ്സിലായത്? മുന്നേ സംശയിച്ചതുതന്നെ. ‘കിർമീരവധം’ പോലൊരു കനത്ത കഥയും ധർമ്മപുത്രരെ മാതിരി അമർന്ന വേഷവും സാഹചര്യത്തിനിണങ്ങിത്തോന്നിയില്ല. തൃശൂർപ്പൂരത്തിനെന്ന പോലെ ആൾത്തിരക്ക്. ആഹ്ലാദാരവത്തിൽ തളർന്നുനിൽക്കുന്ന മൂത്ത പാണ്ഡവനേക്കാൾ എത്രയോ ഉചിതമാവുമായിരുന്നു പ്രേമലോലനായ ‘ഒന്നാം ദിവസം’ നളനോ വനമോഹിനിയിൽ അനുരക്തനായ രുഗ്മാംഗദനോ മറ്റോ. പ്രത്യേകിച്ച് യൗവനവും ശ്രുംഗാരരസവുമാണ് ഈ പ്രായത്തിലും ആശാൻറെ കാതൽ കൈമെയ്പ്രഭാവം എന്നിരിക്കെ… ശരി, ഇനി ചിട്ടപ്രധാനവേഷത്തിലെ പ്രതാപം വിളിച്ചോതുകയാണ് ഉദ്ദേശ്യമെങ്കിൽ ‘കാലകേയവധ’ത്തിലെയോ ‘സുഭദ്രാഹരണ’ത്തിലെയോ അർജുനനോ ‘കല്യാണസൗഗന്ധികം’ ഭീമനോ ആവാമായിരുന്നല്ലോ. ഇതിങ്ങനെ ദൈന്യത്തിലും സ്വയംപഴിയിലും കടതല ആണ്ടുപോയ കഥാപാത്രം… പിന്നെ, ശരിയാണ്: കഥകളിനടന് ഒരുപക്ഷെ ഏറ്റവുമധികം വെല്ലുവിളി കല്പിച്ചിട്ടുള്ള വേഷം ഇതുപോലൊരു ചരിത്രപ്രധാനയവസരത്തിൽ…   ആ തോന്നലിന് സല്ലു പറഞ്ഞു കളികണ്ടാൽ കുറെയൊക്കെ തീരാവുന്നതാണ് പ്രശ്നം എന്ന് വൈകാതെ മനസ്സിലായി. ആദ്യരംഗത്ത് ‘ബാലേ കേൾ നീ’ എന്ന് തുടങ്ങുന്ന പദം ഉടനീളം എത്ര മനസ്സിരുത്തിയാണ് ചെയ്തുപോയത്. കൗരവരോട് ചൂതിൽത്തോറ്റ് വനമദ്ധ്യേ പരിവാരസമേതം കഴിയുന്ന തങ്ങളുടെ ക്ലേശം കണ്ട് ഒരു നാണവും തോന്നുന്നില്ലേ എന്ന് സഖൻ ശീകൃഷ്ണനോട് ചോദിക്കുന്ന ഭാഗത്ത് ആശാൻ ചേഷ്ടകൾ അമിതമാക്കുന്നതായി വീണ്ടും അനുഭവപ്പെട്ടു. പിടിച്ചുവെച്ച വികാരമത്രയും ഊക്കിൽത്തെറിക്കുന്ന ഘട്ടമല്ലേ എന്ന് ന്യായീകരിച്ചാലും നാടകീയതയുടെ ആ ചെറുസോഡ പൊട്ടുന്നത് ‘നാലാം ദിവസം’ ബാഹുകൻ കേശിനിക്ക് മുന്നിലെന്നപോലെ ആയിക്കൂടാ കോട്ടയത്തു തമ്പുരാൻറെ ഈ വരികളാടുമ്പോൾ പച്ചവേഷം എന്ന് ഉത്തമബോദ്ധ്യമുള്ളതാണ് ഗോപിയാശാന്. ഒന്ന് വിചാരിച്ചാൽ നൂറു പ്രവഹിക്കുന്ന മുഖവും ശരീരവും. സ്തോഭങ്ങൾ ഒതുക്കിചെയ്യുമ്പോൾ അദ്ദേഹത്തിൽനിന്ന് കിട്ടുന്ന അഭൗമസൗന്ദര്യം ഈ സന്ധ്യക്ക് ആ ഭാഗത്തുണ്ടായില്ല. സൂര്യനിൽനിന്ന് അക്ഷയപാത്രം കിട്ടിയപ്പോൾ കൺതിളക്കം, പക്ഷെ, അകലെനിന്നുപോലും അസ്സലുപാകമായിത്തോന്നി.

പുറത്ത് ഹാളിൻറെ ഉമ്മറത്ത്, സംഘാടകർ മേശകസേരയിട്ടിരിക്കുന്നതിനടുത്തായി, ആശാൻറെ ഗുരുക്കരുടെ സാമാന്യം വലിയ ചിത്രങ്ങൾ നിരത്തിക്കണ്ടു. കലാമണ്ഡലം രാമൻകുട്ടി നായർ, പദ്മനാഭൻ നായർ, ബോംബേയിൽ ഏറെക്കാലം ജീവിച്ച് അടുത്തിടെ മരിച്ച കൃഷ്ണൻകുട്ടി വാരിയർ, കഴിഞ്ഞ നൂറ്റാണ്ടിലെ തേക്കിൻകാട്ടിൽ രാമുണ്ണി നായർ. നന്നായി. മാനസഗുരുവായ കൃഷ്ണൻനായരുടെ ഫോട്ടോ കണ്ടില്ല. എന്തിനേറെ, സ്റ്റേജിൽ അന്നേ ദിവസവും ഗോപിയാശാൻറെ ഉടലനക്കങ്ങളിൽ ഇടക്കൊക്കെ മിന്നിമറിഞ്ഞുകൊണ്ടിരുന്ന കീഴ്പടം കുമാരൻനായരെ വിട്ടുപോയതോർത്ത് വ്യസനം തോന്നി.   മൺമറഞ്ഞ ആ ആചാര്യർ മനസ്സിൽ തുറന്നിടുന്ന ഭൂതകാലയിടനാഴിയുണ്ട്. അക്കാലത്തേ പേരെടുത്ത നടനായിരുന്നല്ലോ ഗോപിയാശാൻ. ഇന്നത്തെ ആഘോഷപ്പൊലിമയിൽ കഥാനായകൻ “പഴേ ആളാണ്” എന്ന കാര്യം വിട്ടുപോയാൽ കാണികളെ അതോർമിപ്പിക്കുംവിധം നാദയിമ്പമുണ്ടായി. തലനരച്ച മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി കാംബോജി രാഗമാലപിച്ചതോടെ സ്ഥലകാലം കൃത്യമായി. പൊന്നാനിഭാഗവതരുടെ എതിർകോണിൽ കലാമണ്ഡലം നമ്പീശൻകുട്ടി മദ്ദളമേറ്റി നിന്നതോടെ കളിക്ക് ഗൗരവം തികഞ്ഞു. ചെണ്ടക്ക് കലാമണ്ഡലം ഉണ്ണികൃഷ്ണനും ശങ്കിടിപാടിയ ബാബു നമ്പൂതിരിയും പുതിയ ആളുകളല്ലല്ലോ. ഗോപിയാശാനാവട്ടെ വേഷംകെട്ടുക തുടങ്ങിയുള്ള അദ്ധ്വാനച്ചുമതലകൾക്കു പിന്നാലെ പകലത്രയും പിറന്നാൾ വേദികളിലുണ്ടാവാൻ സമയം കണ്ടെത്തി. (ജൂൺ 4 എന്ന പിറന്നാൾദിവസം ഉച്ചതിരിഞ്ഞതോടെ നീണ്ടനേരത്തെ ആതിഥേയവേഷമണിഞ്ഞ് ഇടക്കെങ്കിലും മനക്ഷീണം ബാധിച്ചിരുന്നു: മകൻ ജോലിചെയ്യുന്ന ബാങ്കിലെ ഉദ്യോഗസ്ഥർ ആശാന് ഉപഹാരം കൊടുത്തശേഷം “രഘുവിൻറെ സഹപ്രവർത്തകരാണ്” എന്ന് പരിചയപ്പെടുത്തിയപ്പോൾ ആശാൻ സംഘത്തലവനോട് ചോദിച്ചത്രേ: “ആരാ രഘു?”) വെളുപ്പിന് രണ്ടുമണിയോളം കഥകളി കാണുവാനും ഊർജം സമാഹരിച്ചുപോന്നു ആശാൻ.   കഥകളി മുഴുരാത്രി നടന്ന നാല് ദിവസവും സന്ധ്യയ്ക്ക് ആദ്യ കഥയ്ക്ക് പാടുന്നവരിൽ താരതമ്യേന പഴമ ശ്രവിച്ചത് ഉചിതമായി. ഒടുവിലത്തെ രാവിൽ ‘കുചേലവൃത്ത’ത്തിന് കലാമണ്ഡലം സുബ്രഹ്മണ്യൻ അമരംനിന്നപ്പോൾ പ്രത്യേകിച്ചും. മാടമ്പിക്കെന്നപോലെ ഈ പെരിങ്ങോട്ടുകാരനും പഴയതുപോലെ നടപ്പില്ല തൊണ്ട. പക്ഷെ, സംഗീതത്തിലുള്ള ആത്മാവ് നൽകുന്ന വിശ്രാന്തി ഇന്നുമുണ്ട്. മൂന്നാം രാവിൽ നളചരിതം രണ്ടിലെ കാട്ടാളന് കലാനിലയം ഉണ്ണികൃഷ്ണനും ‘ബാലിവിജയം’ രാവണന് പാലനാട് ദിവാകരനും പാടിയപ്പോഴും ഉണ്ടായി രസകരമായ പിന്നാക്കകാലയാത്ര. ഇതിൽ അവസാനംപറഞ്ഞ കഥയിലെ നാരദനിൽനിന്നുണ്ടായി പദ്മനാഭൻനായർ മട്ടിലുള്ള ചില ചലനങ്ങൾ — എം.പി.എസ്. നമ്പൂതിരി ആ വേഷം ചെയ്തപ്പോൾ. അതും ചില സുഖദമായ ഓർമ്മചിത്രങ്ങൾ കുറിച്ചു. അതുപോലെത്തന്നെ ചെയ്തു ‘ഉത്തരാസ്വയംവരം’ രണ്ടാംഭാഗം പാടാൻവന്ന എൻ.എൻ. കൊളത്താപ്പിള്ളി: പഠിക്കുന്ന കാലത്തു സിനിമാപ്പാട്ടു മൂളിയും യൗവനത്തിൽ മോഹിനിയാട്ടത്തിന് പിന്നണിച്ചും തുടർന്ന് കളിയരങ്ങിൽ കലാമണ്ഡലം ഹൈദരാലിയുടെ ലയസംഗീതത്തിന് താങ്ങായും വർത്തിച്ച അദ്ദേഹം ഈയിടെയായി ഗംഗാധരാശാൻറെ കനത്ത അലയൊലി സംഗീതത്തിൻറെ വശ്യതയിലാണ്.

In Aseethi aniyaRa

 
  മറക്കാനാവാത്തവിധം ഗംഭീരമായ കളി വല്ലതും തരപ്പെട്ടോ അശീതിരാവുകളിൽ? തോന്നിയില്ല. ടീംവർക്ക് എന്ന നിലയിൽ ആകെമൊത്തം നന്നായി അവസാനരാത്രിയിലെ ‘ലവണാസുരവധം’. സദനം ബാലകൃഷ്ണൻറെ ഹനുമാനിലെ വ്യതിരിക്തതക്ക് ആ സ്ഥാപനത്തിലെത്തന്നെ മേളഗീതക്കാർ ശ്രവ്യവിരുന്നുകൂടിയാക്കി. സദനം ഭാസിയും സദാനന്ദനനും കുശലവന്മാരെ കടഞ്ഞെടുത്തു. തെക്കറ്റം നിന്നുവന്ന മാർഗി വിജയകുമാർ സീതയെ മൊത്തമാട്ടത്തിലേക്ക് കണ്ണിവിളക്കി.   നല്ല വേഷങ്ങൾ ചിലവ കണ്ടില്ലേ? ഉവ്വ്. ഏറെ കൗതുകം തോന്നിയത് ‘ദുര്യോധനവധ’ത്തിൽ ഓയൂർ രതീശൻറെ പ്രകടനമാണ്. പഠിച്ചത് കലാമണ്ഡലത്തിലാകയാൽ ഈ തിരുവിതാംകൂർകാരൻറെ വിന്യാസങ്ങൾക്ക് തികഞ്ഞ കല്ലുവഴിബലം; അതേസമയം സദനം കൃഷ്ണൻകുട്ടിയുടെ സമ്പ്രദായം കണ്ണിനുകീഴെ അരിമാവെഴുത്തിനും തിരനോട്ടത്തിനുള്ള കഴുത്തുപിടുത്തത്തിനും. പിന്നെ തെക്കൻചിട്ടയുടെ ഉന്നതശീർഷൻ മടവൂർ വാസുദേവൻനായരുടെ ചില പൊടിപ്പുകൾ. ഇങ്ങനെ മൂന്നുവിധം ധാരകളുടെ സംഗമഭൂവായിക്കണ്ടു ആളുടെ ആദ്യത്തെ ദുര്യോധനൻ. രണ്ടാമത്തെ ദുശാസനായി വന്ന ഹരി ആർ. നായരുടെ പ്രകടനം എടുത്തുപറയാവുന്നതായി അനുഭവപ്പെട്ടു. ആദ്യത്തെ രാത്രി ഗോപിയാശാൻ ഒഴിഞ്ഞ അരങ്ങിലേക്ക് കയറിവന്ന ഉത്തരാസ്വയംവരം ദുര്യോധനൻ ഒതുക്കമുള്ള കഥാപാത്രമായെങ്കിലും കോട്ടക്കൽ നന്ദകുമാരനുതന്നെ പൊതുവെയുള്ള മാന്യത കത്തിവേഷത്തിലും പ്രതിഫലിച്ചു. ചുവന്നതാടിചലനങ്ങളിൽ വേണ്ടുന്ന ഞണക്കം സ്വതേ കുറ്റിച്ചാമരം വച്ചുകാണാത്ത കലാമണ്ഡലം സി ഗോപാലകൃഷ്ണനിൽ അത്രതന്നെ വന്നുകണ്ടില്ല. കേശവൻ കുണ്ടലായരുടെ ബൃഹന്നളയും കലാമണ്ഡലം പ്രദീപിൻറെ ഉത്തരനും ചേർന്ന രസായനം ചിലനേരത്തെ കോമഡിയേറ്റം ഒഴിച്ചാൽ തകർത്തു. കാലിനു പറ്റിയിട്ടുള്ള ക്ഷീണം കഴിഞ്ഞ വർഷത്തോളം പ്രകടമാവാഞ്ഞ വാസു പിഷാരോടിയെയും പ്രായം തൊണ്ണൂറടുക്കുന്ന ഘട്ടത്തിലും തെല്ലും പരിക്ഷീണനല്ലാത്ത മടവൂരിനെയും ചേർത്തുള്ള കുചേലവൃത്തം രസികൻ പരീക്ഷണമായി. കീചകൻറെ സ്ത്രീലംബടവേളകളിലും ചൊല്ലിയാട്ടത്തിൻറെ മികവിൽ ഹൃദ്യമായി കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ. കർണ്ണശപഥം, ഗോപിയാശാൻ പറഞ്ഞതുപോലെ കഥകളിയിലെ ‘പുലിമുരുഗൻ’ ആണെങ്കിലും, അതിൻറെ അവസ്ഥക്ക് പാട്ട് നന്നാക്കി കലാമണ്ഡലം സജീവൻ. ബീഭത്സത്തിനിടെ ജുഗുപ്ത്സക്ക് ആക്കംകൂട്ടി കോട്ടയം രാമകൃഷ്ണൻ: ഭാരതയുദ്ധത്തിൽ ദുശ്ശാസനനെ വധിച്ചശേഷം ദ്രൗപദിക്കരികിലെത്തി ഭാര്യയുടെ തലമുടി കെട്ടുന്നതിനിടെ രൗദ്രഭീമൻ സ്വന്തംചുണ്ട് വലിയവായിൽ തുറന്ന് ചോരക്കരയത്രയും വലതുകൈയ്യിൻറെ ചൂണ്ടുവിരൽകൊണ്ടു വടിച്ചെടുത്ത് കേശത്തിൽ അഞ്ചിടത്ത് ഞൊടിച്ചുകൊണ്ടു തെറിപ്പിച്ചപ്പോൾ ആറുമേളക്കാരിലെ ഒരു ചെണ്ടക്കാരൻ കിറുകൃത്യമായി ക്ണോം ക്ണോം ക്ണോം ക്ണോം ക്ണോം എന്ന് മുദ്രക്കുകൂടി. അണിയറയിലെ കാര്യങ്ങൾ യന്ത്രംപോലെ കൃത്യംനീങ്ങാൻ (ഒറ്റ ദിവസംപോലും കളി തുടങ്ങാൻ ഒരുമിനിട്ടു വൈകിയില്ല) വേഷം-പാട്ട് വെള്ളിനേഴി ഹരിദാസനെ സംഘാടകൻ മുദ്രാഖ്യ ശശി ഏൽപിച്ചതിനു വെടിപ്പൻ ഫലം കണ്ടു. ചുട്ടിക്കാരും ഉടുത്തുകെട്ടുകാരും പുഞ്ചിരിച്ചുകൊണ്ടുതന്നെ പണിയെടുത്തുപോന്നു.    പിന്നെ, പകലിരവുകളിലെ ഓരോ നിമിഷവും ക്യാമറക്കണ്ണുമായി റോന്തുചുറ്റുന്ന ഫോട്ടോഗ്രാഫർമാർ, വിഡിയോക്കാർ. കാര്യപരിപാടികൾ ഓരോന്നും ലോകത്തിൻറെ എല്ലാമൂലയ്ക്കും എത്തിച്ചുകൊണ്ടിരുന്ന ലൈവ്സ്ട്രീം ചുമതലക്കാരൻ ഹരികൃഷ്ണൻ മേനോൻ. ഉച്ചയൂണിനായാലും അത്താഴത്തിനായാലും റീജിയണൽ തീയറ്ററിലെ വിളിമ്പുകാരുടെ ഉത്സാഹം മറക്കില്ല. നാവില് വച്ച പലതിൻറെയും സ്വാദും. പിന്നെ, അശീതിയാഘോഷ പരിസരത്ത് എവിടെനോക്കിയാലും എങ്ങോട്ടുനീങ്ങിയാലും തടഞ്ഞു കിട്ടുന്ന വിവിധരംഗത്തെ കലാകാരന്മാർ, കലാകാരികൾ, സഹൃദയർ, പരിചയക്കാർ, താൽപര്യക്കാർ, മുഖപുസ്തക സുഹൃത്തുക്കൾ…. നിമിഷാർദ്ധങ്ങളിൽ കണ്ടും മറന്നും വീണ്ടും പ്രത്യക്ഷമായും…

Sadanam Krishnan Kutty and others in Aseethi

 
  എഴുത്തു മുടിച്ചിടുംമുമ്പ് തിരികെ ലുലുവിലേക്ക്.   മോഹൻലാൽ വന്നിറങ്ങും മുമ്പുണ്ടായ പണ്ഡിതസെമിനാറിൽ പതിനാറിലധികംപേർ സംസാരിച്ചു. സംശയിച്ച ചർവിതചാർവണം കുറച്ചൊക്കെ ഉണ്ടായാലും ചില പുതു മണിരത്നങ്ങൾ പ്രതീക്ഷിച്ചുപോയത് വ്യർത്ഥമായില്ല. അത്രയൊന്നും ആകാംക്ഷ കല്പിക്കാഞ്ഞ കലാമണ്ഡലം ജോൺ വരെ ചില രസികൻ സംഗതികൾ പറയുകയുണ്ടായി. നൽകിയ ജിജ്ഞാസ പൂർത്തീകരിക്കാതെ ആദ്യപേപ്പർ അവതരിപ്പിച്ച എം.പി.എസ്‌. നമ്പൂതിരി. സമയക്കുറവായിരുന്നു കാരണം എങ്കിൽ അത് അവസാനം സംസാരിച്ച മനോജ് കുറൂരിനും ബാധകമായിരുന്നു — പക്ഷെ, അസ്സല് ചില പോയിന്റുകൾ പറഞ്ഞു പരിഭ്രമത്തിനിടയിലും കവി. ഗോപിയാശാനെ ഒന്നുവിട്ടുപിടിച്ച് അദ്ദേഹത്തിൻറെ താരജോഡി കോട്ടക്കൽ ശിവരാമനെ അനുസ്മരിച്ചത് ആകെ സദനം ഹരികുമാരൻ മാത്രം. രംഗക്രിയകളിലും കലയോടുള്ള സമീപനത്തിലും അണിയറപ്പെരുമാറ്റത്തിലും വ്യക്തിജീവിതത്തിലും എങ്ങനെ ഈ രണ്ടുപേർ ഇരുധ്രുവങ്ങളിൽ നിന്നുപോന്നു എന്ന് പടിപടിയായി പറയുകയുണ്ടായി. ഇതിലേക്ക് ചൂണ്ടുപലക പോലെ, മനപ്പൂർവ്വമല്ലെങ്കിലും, മുന്നേ ചൊന്നത് പി.എം. നാരായണൻ ആണ്. ഗോപിയാശാനൊപ്പം അരങ്ങിൽ ഇണസ്ഥാനം കൈവരിച്ച മൂന്നു പ്രമുഖരും കലാമണ്ഡലം കളരിക്കാരല്ലെന്നു മാഷ് കൗതുകപ്പെട്ടു: ശിവരാമനെ കൂടാതെ കലാനിലയം ഗോപാലകൃഷ്ണൻ, മാർഗി വിജയകുമാർ. കൈയ്യൊപ്പുള്ള മുദ്രകളെ കുറിച്ച് ടി.എസ്. മാധവൻകുട്ടി സൂക്ഷ്മമായ ചില നിരീക്ഷണങ്ങൾ നടത്തിയപ്പോൾ കെ.ബി. രാജാനന്ദൻ പറഞ്ഞവയോടത്രയും സമ്മതം തോന്നി — രണ്ടു കാര്യങ്ങളിലൊഴികെ. ചുണ്ടിനുള്ള ഉദിപ്പ് ഗോപിയാശാന് മുഖത്ത് തേക്കുമ്പോൾമാത്രം വരുന്നതാണെന്നതായിരുന്നു ഒന്ന്. അത് പോട്ടെ, കിരീടം അഥവാ ഒന്നിളകിയാൽ ചെറിയൊരു തലതട്ടലിൽ അത് വീണ്ടും മുറുകിയിരിക്കും (ഇത് അടുത്തിടെ ഒരു വാരികാലേഖനത്തിൽ യുവനിരൂപകൻ എം.ജെ. ശ്രീചിത്രനും എഴുതിക്കണ്ടു) എന്നത് നേരമ്പോക്ക്മാത്രമായി തോന്നി. ആശാൻറെ മാനറിസങ്ങളിൽ ഒന്നുമാത്രമല്ലേ കിരീടംതട്ടൽ? ചിലപ്പോൾ മുദ്രകളുടെ വിന്യാസം സംത്രാസപ്പെടുത്താനും അദ്ദേഹം കിരീടം അരനിമിഷത്തിലിളക്കി തിരികെസ്ഥാനത്ത് പതിപ്പിക്കാറുണ്ട് എന്നാണനുഭവം.
പൊതുവെ അങ്ങേയറ്റം അളന്നുമുറിച്ച ഗൗരവഭാഷണം നർമത്തിൻറെ മുനയിൽ കോർത്തവസാനിപ്പിച്ചു എം.വി. നാരായണൻ. ഇങ്ങനെ പോയി വാചകം: “കലാമണ്ഡലം ഗോപിയുടെ ശിഷ്യരും ആരാധകരായ കഥകളിവേഷക്കാരും ഇനി ചെയ്യേണ്ടത് ഒന്നുമാത്രമാണ്: ആശാനെപ്പോലെയാവുക. അതായത് സ്വന്തം ശൈലി ആവിഷ്കരിച്ചു വിജയിപ്പിക്കുക.”   ഇത് കേൾക്കാൻ ഗോപിയാശാൻ അന്നേരമവിടെയുണ്ടായിരുന്നില്ല. പുഴയ്ക്കൽ വയലേലകൾക്കപ്പുറം പേരാമംഗലം കയറ്റംതാണ്ടി മുണ്ടൂര് അവണാവ് റോട്ടിലെ ‘ഗുരുകൃപ’യിൽ തലേരാത്രിയിലെ പ്രാരാബ്ദങ്ങൾക്കുശേഷം അദ്ദേഹം ചെറുതായൊന്നു വിശ്രമിക്കുകയായിരുന്നിരിക്കണം — ഉച്ചതിരിഞ്ഞുള്ള താരസംഗമത്തിനു തയ്യാറാവാൻ.


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder