|

കോട്ടയ്ക്കൽ ശിവരാമൻ – വ്യക്തിയും നടനും

രാജശേഖർ പി. വൈക്കം

July 22, 2011

ശ്രീ കോട്ടയ്ക്കല്‍ ശിവരാമന്‍…..  – കഥകളിയെക്കുറിച്ച്‌, കഥാപാത്രത്തെക്കുറിച്ച്‌, പാത്രാവിഷ്ക്കാരത്തെക്കുറിച്ച്‌, പ്രത്യേകിച്ചും കഥകളിയിലെ ‘സ്ത്രീ’ യെക്കുറിച്ച്‌, – ആലോചിച്ചുറച്ച ചില തീരുമാനങ്ങളുമായി അരങ്ങിലെത്തിയ അസമാന്യപ്രതിഭയാണ്‌.

ആശാന്‍ പഠിപ്പിച്ചതില്‍ നിന്നും  അല്‍പം മാറ്റം വരുത്തിയാല്‍ പോലും, അത്‌ അധികപ്രസംഗമോ ധിക്കാരമോ ആയി വിലയിരുത്തുന്ന യാഥാസ്ഥിതികത തൃണവല്‍ഗണിച്ചാണ്‌ , ശ്രീ കോട്ടയ്ക്കല്‍ ശിവരാമന്‍, അരങ്ങില്‍ തന്റെ ദമയന്തിയും, മോഹിനിയും,സീതയും, ദേവയാനിയും, കുന്തിയും മറ്റുമായി ദൃഢനിശ്ചയത്തോടെ നിന്നത്‌.

‘ചിട്ട‘ക്കാരുടെ പൊന്നും പണ്ടവും ഒന്നും അദ്ദേഹത്തെ ഭ്രമിപ്പിച്ചില്ല; തന്റേതായ കഥകളി സങ്കല്‍പത്തിനെ മുറുകെപ്പിടിക്കുന്ന അദ്ദേഹത്തിന്റെ അരങ്ങിലെ ആ നില്‍പ്പ്‌,  പൂതപ്പാട്ടിന്റെ വരികള്‍ നമ്മേ ഓര്‍മ്മപ്പെടുത്തും:

‘പേടിപ്പിച്ചോടിക്കാന്‍ നോക്കി പൂതം
പേടിക്കാതങ്ങനെ നിന്നാളമ്മ
കാറ്റിന്‍ ചുഴലിയായ്‌  ചെന്നു പൂതം
കൊറ്റികണക്കങ്ങു നിന്നാളമ്മ
കാട്ടുതീയായിട്ടും ചെന്നൂ പൂതം
കണ്ണീരാലൊക്കെക്കെടുത്താളമ്മ
നരിയായും പുലിയായും ചെന്നൂ പൂതം
തരികെന്റെ കുഞ്ഞിനെയന്നാളമ്മ’

ഈ വരികള്‍ തന്നെ, ഒന്നരങ്ങില്‍ ആവിഷ്ക്കരിക്കണമെന്നു സങ്കല്‍പ്പിച്ചു നോക്കൂ; ആ ശിവരാമാശാന്‍ ഉണ്ടായിരുന്നെങ്കില്‍, എന്നു നാം   അറിയാതെ പറഞ്ഞു പോകും.!

ശൃംഗാരപ്പദമാടുമ്പോള്‍,  അനങ്ങാതെ മരപ്പാവയെപ്പോലെ നില്‍ക്കുക, അല്ലെങ്കില്‍ ലളിതയായി രംഗത്തു വന്ന് അല്‍പം നൃത്ത ചെയ്യുക, ഇതിനപ്പുറം ‘ സ്ത്രീ’ യെ അവതരിപ്പിക്കേണ്ടുന്ന  കഥാപത്രങ്ങളെ അരങ്ങില്‍ തേടിയാണു കോട്ടയ്ക്കല്‍ ശിവരാമന്‍ എത്തിയത്‌. ഇതു കാലഘട്ടത്തിന്റെ ഒരു ആവശ്യം കൂടിയായിരുന്നു. ഇതിനു ഇരുപതാം നൂറ്റാണ്ടില്‍ പ്രത്യേകിച്ച്‌ ഉത്തരാര്‍ദ്ധത്തില്‍  ഉണ്ടായ സാഹിത്യം, നാടകം, സിനിമ ഇവയെല്ലാം  സ്വാധീനം ചെലുത്തിയിട്ടുണ്ട്‌.(കുടമാളൂര്‍ കരുണാകരന്‍ നായര്‍ ആശാന്റെ  സംഭാവനയും  ഇവിടെ നാം വിസ്മരിച്ചു കൂടാ.)

സ്ത്രീ വേഷക്കാര്‍ക്കു വിലയും നിലയും ഉണ്ടാക്കി, പുരുഷവേഷക്കാരനൊപ്പം പ്രതിഫലം  ലഭിക്കുന്നതിലേക്കു എത്തിച്ചത്‌ ശിവരാമാശാനാണ്‌ എന്നു നിസ്തര്‍ക്കം പറയാം. ദമയന്തി, തന്റെ ഇഷ്ടകഥാപാത്രമായിരുന്നിട്ടുകൂടി, രണ്ടാം ദിവസത്തെ ദമയന്തിയെ അദ്ദേഹം അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. പാരമ്പര്യവാദികളുടെ  ഇഷ്ടവിഭവമായ കാലകേയവധത്തില്‍ ഉര്‍വ്വശിയോടു പ്രത്യേക  പ്രതിപത്തി അദ്ദേഹത്തിനുണ്ടായിരുന്നില്ല. സ്ത്രീ വേഷക്കാരന്‌ പ്രവര്‍ത്തിക്കുവാന്‍ സ്വാതന്ത്ര്യമുള്ള കഥകളോടായിരുന്നു അദ്ദേഹത്തിനു ഭ്രമം. അതിലെ കഥാപാത്രങ്ങള്‍ക്ക്‌ പുതിയ പുതിയ മാനം നല്‍കിയാണ്‌ അദ്ദേഹം മുന്നേറിയത്‌.

ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തില്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ ഗുണം, പെരുമാറ്റത്തില്‍  കാപട്യം  തീരെ ഇല്ല എന്നതാണ്‌. പ്രശസ്തരില്‍ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ആസ്വാദകരുമായി ബന്ധം പുലര്‍ത്തിയിരുന്നത്‌ അദ്ദേഹം ആണെന്നു തോന്നുന്നു. വലിപ്പചെറുപ്പമില്ലാതെ പരിചയക്കാരെ എവിടെ വച്ചും അദ്ദേഹം കണ്ടതായി നടിക്കും.  മൂന്നുപതിറ്റാണ്ടായുള്ള പരിചയത്തിനിടക്ക്‌, ഒന്നു എനിക്കറിയാം, അഭിനയം  അദ്ദേഹത്തിനു അരങ്ങില്‍ മാത്രമാണ്‌. പച്ച അപൂര്‍വ്വമേ കെട്ടിയിരുന്നുള്ളു എങ്കിലും  അദ്ദേഹം പച്ചയായ മനുഷ്യനായിരുന്നു.  ദീര്‍ഘകാലത്തെ പരിചയത്തിനിടയില്‍, ഒരിക്കല്‍ പോലും അദ്ദേഹത്തിന്റെ വാക്കോ പ്രവര്‍ത്തിയോ എന്നെ ഒരുതരത്തിലും തെല്ലും വേദനിപ്പിച്ചിട്ടില്ലെന്നു മാത്രമല്ല, ഒന്ന് അലോരസപ്പെടുത്തുക കൂടി ചെയ്തിട്ടില്ല. 

അമ്മാവനും ഗുരുവുമായ, വാഴേങ്കട കുഞ്ചുനായര്‍ ആശാന്റെ വഴി പിന്തുടര്‍ന്ന്, വായനയിലൂടെ  സ്വന്തമാക്കിയ സാഹിത്യബോധവും, പാത്രബോധവും ആണ്‌ അദ്ദേഹത്തിന്റെ വേറിട്ട ചിന്തയുടെ പിന്‍ബലം. കഥകളിയെ മലയാളത്തിന്റെ നാടകമായിട്ടാണ്‌ അദ്ദേഹം കണ്ടതെന്നു തോന്നുന്നു. പദാര്‍ത്ഥാഭിനയപ്രധാനമായ കഥകളിയില്‍ കോട്ടക്കല്‍ ശിവരാമന്റെ വഴി,-മുദ്രകാണിക്കുന്ന രീതി ( ചിലപ്പോള്‍ മുദ്ര തന്നെ കാണിക്കായ്ക), വിവിധ നിലകള്‍- ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കും, ചര്‍ച്ചകള്‍ക്കും വിധേയമായിട്ടുണ്ട്‌. ഭാവത്തിനു പ്രാധാന്യം നല്‍കിക്കൊണ്ടുള്ള തനതായ വഴി ആണ്‌ അദ്ദേഹം സ്വീകരിച്ചത്‌ . അത്‌ ആസ്വാദകരെക്കൊണ്ട്‌ അംഗീകരിപ്പിക്കുകയും ചെയ്തു.

അദ്ദേഹം പുതിയകഥകളെ എന്നും സഹര്‍ഷം സ്വാഗതം ചെയ്തിരുന്നു. 1985-ല്‍ എറണാകുളം ഗ്രാമജന സമൂഹം ഹാളില്‍ നടന്ന കളിക്കാണ്‌ അദ്ദേഹം ആദ്യമായി, അര്‍ജ്ജുനവിഷാദവൃത്തത്തില്‍ ദുശ്ശള കെട്ടിയത്‌. അന്നു അദ്ദേഹം ആഹാര്യത്തിലും, ആട്ടത്തിലും എല്ലാം കൊണ്ടുവന്ന മാറ്റം ഇന്നും  മായാതെ കിടക്കുന്നു. അതിനു ശേഷം പന്ത്രണ്ടോളം അരങ്ങുകളില്‍ ആ വേഷം കെട്ടി എന്റെ കഥയെ ധന്യമാക്കിയിട്ടുണ്ട്‌. കുഞ്ചുനായര്‍ ട്രസ്റ്റ്‌ ആദ്യ സമാരോഹം സംഘടിപ്പിച്ച അവസരത്തില്‍ തന്നെ ഈ പുതിയ കഥ അതില്‍ ഉള്‍പ്പെടുത്തുവാന്‍ മുന്‍ കൈ എടുത്തതും അദ്ദേഹം തന്നെ. അതില്‍ അദ്ദേഹം ദുശ്ശളയുടെ വേഷം ചെയ്യുകയും ചെയ്തു. ടിവി പ്രചാരം നേടുന്ന ആ കാലഘട്ടത്തില്‍, വേണ്ടും വിധം ആദ്യമായി ആ ‘മീഡിയ’ യില്‍ കഥകളി’ അവതരിപ്പിക്കപ്പെട്ടത്‌, സമാരോഹത്തിലൂടെ ആണ്‌. അതില്‍ ഒട്ടു മിക്ക കലാകാരന്മാരും തെക്കുവടക്കു ഭേദം കൂടാതെ പങ്കെടുത്തു. അന്നു പ്രശസ്തനായ  ശിവരാമാശാനെപ്പോലുള്ള ഒരു കലാകാരന്‍, തന്റെ അവസരങ്ങളില്‍ ഒന്ന് ഒരു പുതിയ കഥക്കു വേണ്ടി മാറ്റി വച്ചു എന്നത്‌ നിസ്സാര കാര്യമല്ല. അതില്‍ വലിയ കടപ്പാട്‌ എനിക്ക്‌ അദ്ദേഹത്തോട്‌ ഉണ്ട്‌. എന്നോടുള്ള സ്നേഹം കൊണ്ടും ( ‘കുട്ടീ’ എന്ന് വിളിക്കാറുള്ള അദ്ദേഹത്തിന്റെ വല്‍സല്യം എന്നു തന്നെ പറയണം) എന്റെ  കഥയോടും പ്രത്യേകിച്ച്‌ അതിലെ ദുശ്ശള എന്ന കഥാപാത്രത്തോടുമുള്ള താല്‍പര്യം കൊണ്ടുമാണ്‌ ആ  വേഷം അന്നവിടെ  അദ്ദേഹം  ചെയ്തത്‌ എന്നു ഞാന്‍ വിചാരിക്കുന്നു. പ്രസ്തുത കഥ വായിച്ചിട്ട്‌ അദ്ദേഹം 1984-ല്‍ എഴുതി അയച്ച ഒരു കുറിപ്പ്‌ ഞാന്‍ ഇന്നും നിധി പോലെ സൂക്ഷിച്ചിട്ടുണ്ട്‌.

കൂടാതെ ‘മോഹിനി വിജയ’ത്തിന്റെ അരങ്ങേറ്റത്തിനും, ശിവരാമാശാന്‍ പങ്കെടുത്തു. അതില്‍ ഉര്‍വ്വശി ആയിരുന്നു അദ്ദേഹത്തിന്റെ വേഷം. ഇങ്ങനെ പറഞ്ഞാല്‍ തീരാത്ത കടപ്പാട്‌ അദ്ദേഹത്തിനോട്‌ എനിക്ക്‌ ഉണ്ട്‌. കഴിഞ്ഞ മെയ്‌ ആറിന്‌, ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍  ചെന്നിരുന്നു. ശ്രീ കോട്ടക്കല്‍ മധുവും കൂടെ ഉണ്ടായിരുന്നു.  അദ്ദേഹത്തിന്റെ സഹധര്‍മ്മിണി നിറകണ്ണുകളോടെ പറഞ്ഞു: ‘പോകാനുള്ള പ്രായോ മറ്റോ ആയോ !  വിധി അല്ലാതെന്താ പറയുക’… ശരിയാണ്‌… അദ്ദേഹത്തിന്റെ വിയോഗം അകാലത്തില്‍ ആയിപ്പോയി.  പ്രായം വച്ചു നോക്കിയാല്‍, ഒരു ദശവല്‍സരം കൂടിയെങ്കിലും അദ്ദേഹത്തിനു അരങ്ങില്‍ നില്‍ക്കുവാന്‍ കഴിയേണ്ടതായിരുന്നു.  പക്ഷെ വിധി മറിച്ചായിപ്പോയി. അദ്ദേഹം വെട്ടിതുറന്ന വഴിയില്‍  പ്രതിഭാധനരായുള്ള യുവകലാകാരന്മാര്‍ നിരങ്കുശമായി പിന്തുടരുമെന്ന പ്രത്യാശയോടെ, അദ്ദേഹത്തിന്റെ ഓര്‍മക്കുമുമ്പില്‍  തിലോദകം അര്‍പ്പിക്കുന്നു.

Similar Posts

  • ചില പ്രശസ്ത പദങ്ങളും രാഗങ്ങളും

    നന്ദകുമാർ ചെറമംഗലത്ത് June 5, 2011 പ്രധാന പദങ്ങളും രാഗവും. 1.0    ശങ്കരാഭരണം 1.        പ്രീതിപുണ്ടരുളുകയേ                                നളചരിതം ഒന്നാം ദിവസം 2.        കത്തുന്ന വനശിഖി മദ്ധ്യഗനാരെടോ       നളചരിതം മൂന്നാം ദിവസം 3.        സൂതകുലാധമ നിന്നൊടിദാനീം             കീചകവധം 4.        പുണ്ടരീക നയന                 കിർമ്മീരവധം 5.        പാഞ്ചാലരാജ തനയേ                 കല്ല്യാണസൗഗധികം 6.  …

  • കല്ലുവഴി ഇരമ്പും

    ശ്രീവത്സൻ തീയ്യാടി November 2, 2014 നിനച്ചിരിക്കാതെയാണ് അരണ്ട വെളിച്ചത്തിൽ അവരിരുവരെ ഒന്നിച്ച് കണ്ടത്. തൊലിക്കറുപ്പിന്റെ കാര്യത്തിൽ ഒപ്പത്തിനൊപ്പമെങ്കിലും കലാമണ്ഡലം പ്രദീപിന് അക്കാലത്ത് സദനം ശ്യാമളനോളം തടിയില്ല. തുറസ്സായ പാടത്തെക്കുള്ള ഇറക്കത്തിൽ ഉറക്കെ സംസാരിച്ചാണ് നടത്തം. എഴുന്നുനിൽക്കുന്ന വരമ്പിനോളം കല്ലപ്പുള്ള രണ്ടു യുവാക്കൾ പരസ്പരം തമാശ പറഞ്ഞും കളിയാക്കിയും. ആ രാത്രിയിലെ വേഷക്കാരനും പാട്ടുകാരനും. ഇരുപതു കൊല്ലം മുമ്പാണ്. 1994ലെ വേനൽ. കല്ലുവഴിയിൽ കഥകളി. ക്ഷേത്രം ഏതെന്ന് ഇന്നോർക്കുന്നില്ല. എത്തിപ്പെട്ടത് എങ്ങനെയെന്നുപോലും. ജോലി ചെയ്തു താമസിച്ചിരുന്ന സദനം…

  • മത്തവിലാസം കഥകളി

    സുരേഷ് കുമാർ ഇ.ബി/രേണുക വര്‍മ്മ/മോഹന്‍ കുമാര്‍ പി. Monday, October 8, 2012 മഹേന്ദ്രവര്‍മന്‍ എന്ന പല്ലവ രാജാവ്‌ എഴാം നൂറ്റാണ്ടില്‍ രചിച്ച മത്തവിലാസം പ്രഹസനം ആധാരമാക്കി സജനിവ് (ചങ്ങനാശ്ശേരിക്കടുത്ത് ഇത്തിത്താനം സ്വദേശി) രചിച്ച മത്തവിലാസം കഥയുടെ ആദ്യഅവതരണം ആണ് ഈ കഴിഞ്ഞ ആറാം തീയതി വ്യാഴാഴ്ച (06-09-2012) തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തില്‍ നടന്നത്. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ആട്ടവും, പത്തിയൂര്‍ ശങ്കരന്‍കുട്ടി പാട്ടും ചിട്ടപ്പെടുത്തി. പീശപ്പള്ളി രാജീവന്‍ (ബ്രഹ്മചാരി), കലാ. ഷണ്മുഖന്‍(സത്യസോമന്‍), കലാ. രാമചന്ദ്രന്‍…

  • തെക്കന്‍ ചിട്ടയിലെ കത്തിവേഷങ്ങള്‍

    മനോജ് കുറൂര്‍ March 12, 2012 (08. 11. 2011 ല്‍ കേരള കലാമണ്ഡലത്തില്‍ നടന്ന സെമിനാറില്‍ അവതരിപ്പിച്ചത്) തെക്കന്‍- വടക്കന്‍ എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ക്ക്‌ വാസ്തവത്തില്‍ ശൈലീപരമായ പ്രസക്തിയാണുള്ളത്‌. എന്നാല്‍ ദേശപരമായ മിഥ്യാഭിമാനങ്ങളിലൂന്നിയാണ്‌ പലപ്പോഴും ഈ വിഷയത്തെപ്പറ്റി ചര്‍ച്ച ചെയ്യാറുള്ളത്‌. അതുകൊണ്ടുതന്നെ ഒരു സ്ഥലത്ത്‌ അന്യമെന്ന നിലയിലുള്ള പരിചരണവും മറുവശത്ത്‌ അന്ധമായ അഭിമാനബോധവും പുലര്‍ത്തിക്കൊണ്ടുള്ള ചര്‍ച്ചകള്‍ക്ക്‌ സൂക്ഷ്മമായ വിശകലനം സാധ്യമാകാതെ വരുന്നു. കഥകളിയുടെ ചരിത്രവും ഇവയെ ദേശഭേദങ്ങളെന്ന നിലയില്‍ കാണാനല്ല, ശൈലീഭേദങ്ങളായി കാണാനാണ്‌ പ്രേരിപ്പിക്കുന്നത്‌. കഥകളിയുടെ ആദ്യരൂപങ്ങളെന്നു…

  • “ആരാ, യീ സോമനാ? “

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം മൂന്ന് ശ്രീവല്‍സന്‍ തീയ്യാടി July 1, 2012  തോളോട്‌ തോള്‍ ചേര്‍ന്നാണവര്‍ നില്‍ക്കുന്നത്‌. കെട്ടിപ്പിടിച്ചും ചിരിച്ചും ആണ്‌ ക്യാമറയിലേക്ക്‌ നോക്കുന്നത്‌. കലാമണ്ഡലം ഗോപിയും മോഹന്‍ലാലും. അന്നത്തെ ‘മാതൃഭൂമി’ വാരാന്തപ്പതിപ്പിലെ ഒന്നാം പേജ്‌ ഫീച്ചര്‍ ആണ്‌. 2008 ജൂണ്‍ 15. വേറെയുമുണ്ട്‌ കളര്‍ ഫോട്ടോകള്‍. വള്ളുവനാട്ടിലെ ഒറ്റപ്പാലത്തിനടുത്തുള്ള വരിക്കാശ്ശേരി മനയില്‍ നടക്കുന്ന മറ്റൊരു പടത്തിന്റെ ചിത്രീകരണത്തിന്റെ ദൃശ്യങ്ങളാണ്‌. അവിടെ സംഗമിച്ചതാണ്‌ ഈ രണ്ടു താരങ്ങള്‍. കഥകളിയാചാര്യനും സിനിമാനടനും പരസ്പരമുള്ള ബഹുമാനവും ആരാധനയും ലേഖനത്തില്‍…

  • നാദം ചുറ്റിയ കണ്ഠം

    ശ്രീവത്സൻ തീയ്യാടി April 26, 2015 എന്നാണ് ആശാനെ ഒടുവിൽ കാണുന്നത്? കണ്ണട ധരിച്ചുള്ള പണ്ടത്തെ തുടുത്ത മുഖത്തിന് ആ കറുത്തഫ്രെയിമുള്ള ചില്ലകം ഇടയിലെന്നോ ഏറെയും ഇല്ലാതായിത്തുടങ്ങിയിരുന്നത് ശ്രദ്ധിച്ചിട്ടുണ്ട്; പക്ഷെ ഓർമച്ചെപ്പിലേക്ക് സൂക്ഷ്മം ലെൻസ്‌ പിടിച്ചുനോക്കിയിട്ടും ഇക്കാര്യം തെളിഞ്ഞുകിട്ടുന്നില്ല.  എന്നാൽ ആദ്യം ദർശിച്ചത് എന്നു വിശ്വസിക്കുന്ന അരങ്ങ് ഇന്നും വ്യക്തം!  നാലോളം ദശാബ്ദം മുമ്പാവണം. 1970കളുടെ രണ്ടാംപാതി. ഏഴെട്ടു വയസ്സേ എനിക്ക് പ്രായം കാണൂ. തൃപ്പൂണിത്തുറ കഥകളി ക്ലബ്ബിന്റെ വാർഷികമാണ്. കലാമണ്ഡലം മേജർ സെറ്റ്. പട്ടണത്തിലെ പൂർണത്രയീശക്ഷേത്രത്തിലെ…

മറുപടി രേഖപ്പെടുത്തുക