സദനം ഭാസി

July 20, 2011

കോട്ടക്കല്‍ ശിവരാമന്‍ എന്ന കലാകാരനെ ഞാന്‍ എന്നും ഓര്‍ക്കുന്നത് എന്നെ കഥകളിരംഗത്തേയ്ക്കു കൊണ്ടുവന്ന ആള്‍ എന്ന നിലയ്ക്കാണ്.

പത്താം ക്ലാസ് കഴിഞ്ഞ് കഥകളി പഠിയ്ക്കണം എന്ന മോഹവുമായി പല ശ്രമങ്ങളും നടത്തി നോക്കി. വീട്ടുകാര്‍ക്കടക്കം ആര്‍ക്കും ഞാനൊരു കഥകളിക്കാരനാവുന്നതില്‍ അന്നു യോജിപ്പുണ്ടായിരുന്നില്ല. സ്വയം ശ്രമിച്ച്, കലാമണ്ഡലത്തിലും കോട്ടക്കലും എല്ലാം കഥകളി വിദ്യാര്‍ത്ഥിയാവാന്‍ നോക്കി. ഒന്നും നടന്നില്ല. അങ്ങനെയിരിയ്ക്കുന്ന സമയത്താണ്, എന്റെ അച്ഛന്‍ വഴി ഒരകന്ന ബന്ധുകൂടി ആയ കോട്ടക്കല്‍ ശിവരാമനെ കാണുന്നത്. അദ്ദേഹം അപ്പോഴേയ്ക്കും ഞാന്‍ കഥകളി പഠിയ്ക്കാന്‍ മോഹിച്ച് കലാമണ്ഡലത്തിലെല്ലാം പോയ കാര്യം അറിഞ്ഞിരുന്നു. അദ്ദേഹം എനിയ്ക്കൊരു കത്ത് തന്നു. ഈ കത്തുമായി സദനത്തില്‍ ചെല്ലാന്‍ പറഞ്ഞു. അങ്ങിനെയാണ് പേരൂര്‍ ഗാന്ധിസേവാസദനത്തില്‍ ഒരു കഥകളിവിദ്യാര്‍ത്ഥിയായി എന്റെ കലാജീവിതം ആരംഭിയ്ക്കുന്നത്. കോട്ടക്കല്‍ ശിവരാമനെ ഓര്‍ക്കുമ്പോള്‍ ഇതല്ലാതെ മറ്റൊന്നും എനിയ്ക്ക് ആദ്യമോര്‍ക്കാന്‍ കഴിയില്ല.

കഥകളി പഠിക്കാന്‍ തുടങ്ങി രണ്ടു കൊല്ലങ്ങള്‍ ശേഷം തന്നെ ശിവരാമാശാന്റെ കൂടെയൊക്കെ ഒരുപാടു ചെറു വേഷങ്ങള്‍ ചെയ്യാന്‍ ഭാഗ്യം സിദ്ധിച്ചു. അനേകം അരങ്ങുകളില്‍ അദ്ദേഹത്തിനൊപ്പം വേഷമണിഞ്ഞു. ലവണാസുരവധത്തിലും നളചരിതം ഒന്നാം ദിവസത്തിലും ബാണയുദ്ധത്തിലും കീചകവധത്തിലുമെല്ലാം. പലതവണ അദ്ദേഹത്തെ വേഷമൊരുക്കി.  പലര്‍ക്കുമുണ്ടാവാത്ത ഒരു ഭാഗ്യം, ഒരിയ്ക്കല്‍ അദ്ദേഹത്തോടൊപ്പം ഞാന്‍ പുറപ്പാടെടുത്തിട്ടുണ്ട് എന്നതാണ്. അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള സന്താനഗോപാലം കഥയിലെ കൃഷ്ണനായിരുന്നു വേഷം. എന്റെ സ്ത്രീവേഷത്തോടൊപ്പം അദ്ദേഹം പുറപ്പാടെടുത്തു.  സന്താനഗോപാലം അര്‍ജ്ജുനന്‍, സൗഗന്ധികം ഭീമന്‍ തുടങ്ങിയ പുരുഷവേഷങ്ങളും ചെയ്തുകണ്ടിട്ടുണ്ട്. അരങ്ങത്തൊക്കെ യുവകലാകാരന്മാരെ പ്രോല്‍സ്സാഹിപ്പിക്കുന്ന കാര്യത്തില്‍ മുമ്പിലായിരുന്നു ശിവരാമാശാന്‍. അരങ്ങത്തൊന്നും കൂട്ടുവേഷക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല അദ്ദേഹം; എന്നു മാത്രമല്ല സഹായിക്കുകയും ചെയ്തിരുന്നു.

പിന്നീട് അദ്ദേഹത്തിന്റെ ദമയന്തിയുടെ കുടെ സുദേവന്‍ കെട്ടിയ സമയത്ത് അദ്ദേഹത്തിന്റെ ഗുരുനാഥനായ ശ്രീ വാഴേങ്കട കുഞ്ചുനായരാശാന്റെ ചില ആട്ടങ്ങളും മറ്റും പറഞ്ഞു തരികയുമുണ്ടായി എന്നത് നന്ദിയോടെ സ്മരിക്കുന്നു. അദ്ദേഹം വേഷമൊക്കെ ചെയ്തിരുന്ന അവസാന കാലത്ത് അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം അദ്ദേഹത്തിന്റെ മുഖം മിനുക്കാനും മറ്റും ഭാഗ്യമുണ്ടായിട്ടുണ്ട്.

എല്ലാ പരിചയങ്ങളും മാറ്റിവെച്ചു പറഞ്ഞാലും, സ്ത്രീവേഷത്തിന്റെ കാര്യത്തില്‍ എതിരില്ലാത്ത കലാകാരന്‍ തന്നെയായിരുന്നു കോട്ടക്കല്‍ ശിവരാമന്‍. നാലാം ദിവസം ദമയന്തി പോലുള്ള ചില വേഷങ്ങളില്‍ പകരമൊരാളെ സങ്കല്‍പ്പിക്കാനാവാത്ത വിധം മഹാനായ കലാകാരന്‍. ഓരോ കഥാപാത്രത്തിന്റേയും മനസ്സിന്റെ ഉള്ളിലേയ്ക്കിറങ്ങിച്ചെന്നു ചിന്തിച്ച്, അദ്ദേഹം ആവിഷ്കരിയ്ക്കുന്ന പോലെ അരങ്ങിലാടുന്ന കലാകാരന്മാര്‍ അപൂര്‍വ്വമാണ്. ഓരോ കഥാപാത്രത്തിന്റേയും പ്രായം, സവിശേഷതകള്‍ എന്നിവയ്ക്കനുസരിച്ച് ശരീരചലനങ്ങളില്‍ വരുത്തുന്ന സൂക്ഷ്മമായ വ്യത്യാസങ്ങള്‍, കൂട്ടുവേഷക്കാരന്റെ പ്രകടനത്തോടുള്ള പ്രതികരണങ്ങളില്‍ കാണിയ്ക്കുന്ന ബുദ്ധിശക്തി – ഇവയിലെല്ലാം ശിവരാമന്‍ അത്ഭുതമായിരുന്നു. രണ്ടാം ദിവസത്തിലെ പതിഞ്ഞപദത്തിലുള്ള ഓരോ സംബോധനകള്‍ക്കും ഇപ്പുറത്തു കൊടുക്കുന്ന ഭാവ വൈചിത്ര്യം ഒന്നും ഒരിയ്ക്കലും മറക്കാനാവില്ല.

എന്റെ ഗുരുനാഥന്‍ കീഴ്പ്പടം കുമാരന്‍ നായരുടെ ലവണാസുരവധം ഹനുമാന്‍ അശ്വമേധത്തിനയക്കപ്പെട്ട കുതിരയെ സീതയ്ക്കു കാണിച്ചുകൊടുക്കുന്ന ഒരു ആട്ടം ആടാറുണ്ട്. അത് ശിവരാമനു മുന്നില്‍ ചെയ്തപ്പോള്‍ ശിവരാമന്റെ സീത ചെയ്തത് കുതിരയെ നമസ്കരിക്കുകയായിരുന്നു. പിന്നീടൊരിയ്ക്കല്‍ ആശാന്‍ ഇങ്ങനെ പറഞ്ഞു: “അവന്റെ കയ്യില്‍ നിന്നല്ലാതെ ഇതൊന്നും പ്രതീക്ഷിക്ക വയ്യ”.

കുമാരന്‍ നായരാശാന്റെ കീചകനൊപ്പം സൈരന്ധ്രി ആയി ശിവരാമന്‍ അരങ്ങിലെത്തുന്നത് മനോഹരമായ അനുഭവമായിരുന്നു. ആദ്യരംഗത്തില്‍ മാലിനിയ്ക്കു പൂവിറുക്കാനായി കീചകന്‍ ചില്ല താഴ്ത്തിക്കൊടുകയും, തുടര്‍ന്ന് ആ ചില്ല പെട്ടെന്ന് മുകളിലേയ്ക്കു വീഴുകയും ചെയ്യുന്നതായി കുമാരന്‍ നായരാശാന്‍ അഭിനയിക്കാറുണ്ട്. ചില്ല മുകളിലേയ്ക്കുയരുമ്പോള്‍ ശരീരത്തിലാകെ പൂക്കള്‍ വന്നുവീണതിന്റെ അഭിനയം കോട്ടക്കല്‍ ശിവരാമന്‍ ചെയ്യുന്നത് അവിസ്മരണീയമാണ്. ഹരിണാക്ഷിയ്ക്കു മുന്‍പ് വാതില്‍ അടച്ചു കുറ്റിയിട്ട കുമാരന്‍ നായരാശാന്റെ ഹരിണാക്ഷിയ്ക്കു ശേഷം കൃത്യം ആ കുറ്റിയിട്ട വാതില്‍ തുറന്ന് ഓടിമറഞ്ഞ ശിവരാമന്റെ സൈരന്ധ്രിയും എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടാകും. വായനയിലുടെ നേടിയ അറിവും അനുഭവങ്ങളിലൂടെ നേടിയ കഴിവും വെച്ചാണ് ശിവരാമന്‍ തന്റെ ലോകങ്ങള്‍ പണിതത്.

സ്വന്തം അഭിപ്രായം ആരുടെ മുഖത്തു നോക്കിയും പറയാനുള്ള ചങ്കൂറ്റം എന്നും ശിവരാമനുണ്ടായിരുന്നു. പലതവണ പലസംശയങ്ങളുമായി അദ്ദേഹത്തിന്റെ അടുത്ത് പോയിട്ടുണ്ട്. അറിയാവുന്നവ എന്തും സവിസ്തരിച്ചു പറഞ്ഞുതരാന്‍ അദ്ദേഹം മടികാണിച്ചിട്ടില്ല. ഹംസം പോലുള്ള വേഷങ്ങള്‍ ചെയ്യുമ്പോള്‍ എന്തൊക്കെ ചെയ്യാം എന്നു വരെ അദ്ദേഹത്തില്‍ നിന്ന് കേട്ടുപഠിച്ചതാണ്.

കഥകളി പഠിയ്ക്കാന്‍ ചേരുന്നതിനും മുന്‍പ്, സ്ത്രീവേഷത്തിന്റെ കോപ്പുകള്‍ ഒക്കെ കാണാനായി ശിവരാമന്റെ വീട്ടിലേക്ക് പോയിരുന്നു. ആ ബാല്യത്തില്‍ തോന്നിയ കൗതുകത്തെ ഇന്നത്തെ നിലയില്‍ സര്‍വ്വാദരണീയനായ ഒരു ആചാര്യന്റെ ഓര്‍മ്മയായി എഴുതേണ്ടിവന്നതില്‍ സങ്കടമുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder