എം.കെ. അനിയന്‍

October 8, 2013

കഥകളിസംഗീതത്തിലെ നവോത്ഥാനനായകന്‍ മുണ്ടായ വെങ്കിടകൃഷ്ണഭാഗവതരുടെ പിന്‍ഗാമിയായ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്റെ ശിഷ്യപ്രശിഷ്യരിലൂടെ ജനകീയമായ സംഗീതപദ്ധതിയായി കഥകളിസംഗീതം വികസിതമായി. അഭിനയപോഷകമായ സംഗീതത്തിന്റെ അര്‍ത്ഥവും ആഴവും തിരിച്ചറിഞ്ഞ് അരങ്ങില്‍ ചൊല്ലിയാടിക്കുന്ന ഗായകരില്‍ നമ്പീശനാശാന്റെ പ്രേഷ്ഠശിഷ്യനായ ഉണ്ണിക്കൃഷ്ണക്കുറുപ്പ് പ്രഥമഗണനീയനായത് സ്വാഭാവികം; പോയനൂറ്റാണ്ടിന്റെ ചരിത്രം. ലോകത്തെമ്പാടും പരന്നുകിടക്കുന്ന കഥകളി ആസ്വാദകരുടെ മനസ്സില്‍ ഇന്നും മായാതെ പതിഞ്ഞുകിടക്കുന്ന “കുറുപ്പ്സംഗീതം” അരങ്ങില്‍നിന്ന് വിടവാങ്ങിയിട്ട് ഇരുപത്തിയഞ്ചുവര്‍ഷങ്ങളായി. കാല്‍നൂറ്റാണ്ടിനുശേഷവും ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ സംഗീതത്തെ അന്വേഷിക്കുകയും, ആസ്വദിക്കുകയും, ആരാധിയ്ക്കുകയും ചെയ്യുന്നവരില്‍ പുതു തലമുറയില്‍പ്പെട്ടവരും ഉണ്ടെന്നത് അവിശ്വസനീയമായി തോന്നാമെങ്കിലും സത്യമാണ്. അതാണ് ആ സംഗീതത്തിന്റെ അനശ്വരത.

ഇരിങ്ങാലക്കുടയില്‍ ആചരിച്ചുവരുന്ന കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പനുസ്മരണദിനം -ഒക്ടോബര്‍ ഒമ്പത് – രജതജൂബിലി പിന്നിട്ടിരിക്കുകയാണ്. ജൂബിലിയോടനുബന്ധിച്ച് ഒരു സ്മരണിക പുറത്തിറക്കണമെന്നും മറ്റുവിഭവങ്ങളോടൊപ്പം അനുസ്മരണപരിപാടികളുടെ നാളിതുവരെയുള്ള ചരിത്രം അതില്‍ രേഖപ്പെടുത്തണമെന്നും തീരുമാനിച്ചിരുന്നു. “”കലയാമി സുമതേ…” എന്നപേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചുവെങ്കിലും ചരിത്രം രേഖപ്പെടുത്തുവാന്‍ സാധിച്ചില്ല. ഇത്രയും വിപുലമായ രീതിയില്‍ ഒരു കഥകളികലാകാരന്റെ അനുസ്മരണദിനാചരണം കാല്‍നൂറ്റാണ്ട് മുടങ്ങാതെ സംഘടിപ്പിക്കപ്പെട്ടത് ചരിത്രരേഖകളില്‍ സ്ഥാനംപിടിക്കാതെപോകുന്ന കാര്യം ക്ഷന്തവ്യമല്ലതന്നെ. അതുകൊണ്ട്, എന്റെ ഓര്‍മ്മയുടെ കുതിരകളെ കടിഞ്ഞാണില്ലാതെ പുറകിലോട്ടുപായിക്കാന്‍ ശ്രമിക്കട്ടെ…

“കുറുപ്പനുസ്മരണം എന്തുകൊണ്ട് സംഘടിപ്പിക്കപ്പെട്ടു?” “എന്തുകൊണ്ട് ഇരിങ്ങാലക്കുടയില്‍?” പരക്കെ നേരിടേണ്ടിവന്ന ആദ്യകാലചോദ്യങ്ങളാണിവ; ആസ്വാദകരില്‍നിന്നും, കലാകാരന്മാരില്‍നിന്നും. ഡോ: കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ വേദിയില്‍ നീലകണ്ഠന്‍ നമ്പീശനുമൊത്ത് ഒരു കഥകളിപ്പദക്കച്ചേരിക്കാണ് ഉണ്ണിക്കൃഷ്ണക്കുറുപ്പ് ആദ്യമായി വരുന്നതെന്ന് തോന്നുന്നു. ആശാനെ അതേപടി അനുഗാനം ചെയ്യുന്ന ആ ശൈലി ശ്രദ്ധിക്കപ്പെട്ടു. (കച്ചേരി അത്രകേമമൊന്നും ആയില്ലെങ്കിലും -കൃഷ്ണന്‍കുട്ടിപ്പൊതുവാളും, ചാലക്കുടി നമ്പീശനുമായിരുന്നു മേളത്തിന് – എന്നിട്ടും). കഥകളി ക്ലബ്ബിന്റെ പ്രവര്‍ത്തകരോടൊ, ആസ്വാദകരോടൊ അത്രയൊന്നും അടുപ്പം അക്കാലത്തില്ലായിരുന്നെങ്കിലും പല മാസപരിപാടികളിലും കുറുപ്പിന്റെ സാന്നിദ്ധ്യം തുടര്‍ന്നുണ്ടായി. ശങ്കരന്‍ എമ്പ്രാന്തിരി എന്തോ ചില തെറ്റിദ്ധാരണകള്‍മൂലം ക്ലബ്ബ് പരിപാടികളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച കാലവുമായിരുന്നു അത്. അങ്ങനെ എമ്പ്രാന്തിരിയെപ്പോലെ കുറുപ്പിനും ആസ്വാദകര്‍ ഇരിങ്ങാലക്കുടയില്‍ ധാരാളമുണ്ടായി. 1985ലാണ് ഡോ: കെ.എന്‍. പിഷാരടി സ്മാരക കഥകളിപുരസ്ക്കാരം ഏര്‍പ്പെടുത്തിയത്. പ്രശസ്തനടന്‍ കലാമണ്ഡലം കരുണാകരനാണ് ആദ്യപുരസ്ക്കാരം നല്‍കിയത്. രണ്ടാമത്തെ പുരസ്ക്കാരം 1986ല്‍ കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പിന് സമ്മാനിച്ചു. (കഥകളിചരിത്രകാരനും, പണ്ഡിതനും, ആട്ടപ്രകാരരചയിതാവുമായ കെ.പി.എസ്. മേനോനാണ് അന്ന് പുരസ്ക്കാരസമര്‍പ്പണം നടത്തിയത്) അപ്പോഴേയ്ക്കും ഉണ്ണിക്കൃഷ്ണക്കുറുപ്പ് കഥകളിസംഗീതരംഗത്ത് അത്യുന്നതങ്ങളില്‍ എത്തിക്കഴിഞ്ഞിരുന്നു.

ഗുരുവായൂരില്‍ “കലാചേതന” എന്ന ഒരു കഥകളി ആസ്വാദനസംഘടന രൂപപ്പെട്ടസമയം. പ്രധാനമായും കുറുപ്പിനെ കളിക്കുപാടാന്‍ വിളിക്കുക എന്നതായിരുന്നോ ലക്ഷ്യം എന്നു സംശയിക്കാം. 1987 ഒക്ടോബറില്‍ രണ്ടുദിവസങ്ങളിലായി “കലാചേതന’ വാര്‍ഷികം ആഘോഷിച്ചു. ഒക്ടോബര്‍ ഒമ്പതിന് “നളചരിതം രണ്ടാംദിവസ”മായിരുന്നു കഥ. കലാമണ്ഡ ലം രാമന്‍കുട്ടിനായരുടെ നളന്‍, കോട്ടയ്ക്കല്‍ ശിവരാമന്റെ ദമയന്തി, കലാമണ്ഡലം ഗോപിയുടെ പുഷ്ക്കരന്‍… പാട്ടിന് ഉണ്ണിക്കൃഷ്ണക്കുറുപ്പ്, വെമണ്മണി ഹരിദാസ്, പാലനാട് തുടങ്ങിയവര്‍. “ഒരുനാളും നിരൂപിതമല്ലേ..” എന്നുപാടി കുറുപ്പ് ചേങ്ങില വെണ്മണിക്കു കൈമാറി. പിന്നെ ആ സംഗീതം അരങ്ങത്തു കേട്ടിട്ടില്ല. അസുഖബാധിതനായി വൈദ്യമഠത്തിലും തുടര്‍ന്ന് കോട്ടയ്ക്കലും ചികിത്സയിലായി.

കഥകളി ക്ലബ്ബിന്റെ അടുത്ത സുഹൃത്തായി മാറിക്കഴിഞ്ഞിരുന്ന ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ ചികിത്സാസഹായമായി ഒരു സംഖ്യ കൈമാറണമെന്ന് തീരുമാനിക്കുകയും അന്ന് ക്ലബ്ബ് വൈസ് പ്രസിഡണ്ടായിരുന്ന കെ. വി. രാഘവമേനോനെ അതിനു ചുമതലപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം വെള്ളിനേഴിക്കുപോകാന്‍ നിയോഗിക്കപ്പെട്ടത് ഞാനും. “ജ്യോതിഭവന” ത്തില്‍ അവശനായി കിടക്കുന്ന കുറുപ്പിനെകണ്ട് രാഘവമേനോന്‍ വിതുമ്പിയത് ഇന്നും എന്റെ കണ്‍മുമ്പിലുണ്ട്. 1988 മാര്‍ച്ച് 4ന് ഉണ്ണിക്കൃഷ്ണക്കുറുപ്പ് ഈ ലോകത്തോട് യാത്രപറഞ്ഞു. അന്ത്യോപചാരമര്‍പ്പിക്കാന്‍ പ്രസിഡണ്ട് ഇളയത് മാഷടക്കം കുറച്ച് ക്ലബ്ബ് പ്രവര്‍ത്തകര്‍ വെള്ളിനേഴിക്കുപോയി.

രാഘവമേനോന്‍ ഒരു സ്വകാര്യസംഭാഷണത്തില്‍ എന്നോടു പറഞ്ഞു: “”അനിയന്‍, നമുക്ക് ക്ലബ്ബിന്റെ മാര്‍ച്ച്മാസത്തെ പരിപാടി ഇനിമുതല്‍ കുറുപ്പിന്റെ ഓര്‍മ്മയ്ക്കായി സമര്‍പ്പിച്ചാലോ….?” രാഘവമേനോന്‍ അങ്ങനെയാണ്. കലാകാരന്മാരോട്, പ്രത്യേകിച്ച് പാട്ടുകാരോട് അദ്ദേഹത്തിനുള്ള സ്നേഹം പരിധിയില്ലാത്തതാണ്. ശങ്കരന്‍ എമ്പ്രാന്തിരിയും മറ്റും അത് കൂടുതല്‍ അനുഭവിച്ചിട്ടുണ്ട്. വെണ്മണി ഹരിദാസനെ “ഹരീ” എന്നും ഹൈദരലിയെ “സുല്‍ത്താന്‍” എന്നുമാണ് സ്നേഹപൂര്‍വ്വം വിളിക്കുക. കുറുപ്പിനോടും അദ്ദേഹത്തിന് അളവറ്റ സ്നേഹവും ബഹുമാനവുമായിരുന്നു. ഒരിക്കല്‍ വയറുവേദനയാണെന്നു പറഞ്ഞപ്പോള്‍ ശ്രീ കൂടല്‍മാണിക്യം  ക്ഷേത്രത്തിലെ വഴുതനങ്ങ നിവേദ്യം കൊണ്ടു കൊടുക്കുക പോലുമുണ്ടായി.

ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ പാട്ടിനുപിന്നാലെ ഓടിനടന്നിരുന്ന എനിക്കാ നിര്‍ദ്ദേശം വളരെ ഇഷ്ടപ്പെട്ടു. പക്ഷെ, അതു നടപ്പില്ലെന്നു ഉടനെ മനസ്സിലാവുകയും ചെയ്തു. ക്ലബ്ബിന്റെ വാര്‍ഷികം അക്കാലത്ത് മാര്‍ച്ച്മാസത്തിലാണ് പതിവ്. അതെങ്ങനെ ഒരാളുടെ സ്മരണക്കായി മാറ്റിവയ്ക്കും? ഞാനത് രാഘവമേനോനെ ബോദ്ധ്യപ്പെടുത്തി. കൂട്ടത്തില്‍ ഇതുകൂടി പറഞ്ഞു: “കുറുപ്പ് അവസാനമായി പാടിയത് എന്നാണെന്ന് നമുക്ക് കൃത്യമായി അറിയാം. ഒരു പുതുമയക്ക് ആദിവസം നമുക്ക് അനുസ്മരണദിനമാക്കിയാലോ?” അദ്ദേഹത്തിനത് ബോധിച്ചു, ക്ലബ്ബിന്റെ അടുത്ത നിര്‍വ്വാഹകസമിതിയോഗത്തില്‍ അവതരിപ്പിക്കുകയും നിഷ്പ്രയാസം അംഗീകരിപ്പിക്കുകയും ചെയ്തു. കുറുപ്പിന്റെ പ്രധാനശിഷ്യന്‍ പാലനാട് ദിവാകരന്‍ ആശാന്റെ അനുസ്മരണത്തെക്കുറിച്ച് ആലോചിച്ചുതുടങ്ങിയിരുന്നു. സൗഹൃദസംഭാഷണങ്ങളില്‍ ആശയം പരസ്പരം കൈമാറാന്‍ സാധിച്ചു. ഇരിങ്ങാലക്കുട ക്ലബ്ബ് “ഒക്ടോബര്‍ ഒമ്പത്”  ആചരിക്കുന്നുണ്ടെങ്കില്‍ അതുമതി.” പാലനാടിനും സമ്മതം. അങ്ങനെ ആസ്വാദകരുടെ ഭാഗത്തുനിന്ന് ഒരു ക്ലബ്ബിന്റെ തീരുമാനവും, ശിഷ്യന്റെ ഗുരുഭക്തിയും തമ്മിലുള്ള രസതന്ത്രം ഒക്ടോബര്‍ ഒമ്പത് – കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് അനുസ്മരണദിനം – ആചരണത്തിന് ബീജാവാപം ചെയ്തു.

1988 ഒക്ടോബര്‍ ഒമ്പതുതന്നെ ആദ്യ അനുസ്മരണദിനമായി ആചരിക്കപ്പെട്ടു. പാലനാട് ദിവാകരനും, പ്രാഫ. സി.പി. ഇളയതും അനുസ്മരിച്ച് സംസാരിച്ചു. കുറുപ്പിനെ സ്മരിച്ച് ഒരുവന്നൂര്‍ സുബ്രഹ്മണ്യന്‍ എഴുതിയ “ഒരു ചരമോപചാരം” എന്ന കവിത പാലനാട് രാഗമാലികയില്‍ ആലപിച്ചു. കോട്ടയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരി, കലാനിലയം ഉണ്ണിക്കൃഷ്ണന്‍, സദനം ജ്യോതി, കലാമണ്ഡലം രവീന്ദ്രന്‍, പാലനാട് ദിവാകരന്‍ എന്നിവര്‍ സംഗീതാര്‍ച്ചന നടത്തി. ആദ്യത്തെ “ഗായകസംഗമം”. കീഴ്പ്പടം കുമാരന്‍നായര്‍ (രാവണന്‍) കുറൂര്‍ വാസുദേവന്‍ നമ്പൂതിരി (ബാലി) തുടങ്ങിയവര്‍ പങ്കെടുത്ത “ബാലിവിജയം’ കഥകളിയും ഉണ്ടായിരുന്നു.

1989ല്‍ കേരളകലാമണ്ഡലവും ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയവുമായി സഹകരിച്ച് കഥകളിക്ലബ്ബ് അനുസ്മരണം സംഘടിപ്പിച്ചു. കഥകളിസംഗീതമത്സരം കഥകളിചൊല്ലിയാട്ടമത്സരം എന്നിവനടത്തി. “കഥകളിസംഗീതം ഇന്നലെ, ഇന്ന്”’ അന്നത്തെ സെമിനാറിന്റെ വിഷയം ഇതായിരുന്നു. കെ.വി. കൊച്ചനിയന്‍, വി.എസ്.എന്‍., ഐ.സി.പി. നമ്പൂതിരി, കലാമണ്ഡലം കേശവന്‍, എ.എസ്.എന്‍. നമ്പീശന്‍ (ഇവരാരും ഇന്ന് നമ്മോടൊപ്പമില്ല) തുടങ്ങിയവര്‍ പ്രസംഗിച്ചു. കലാമണ്ഡലം രാമന്‍കുട്ടിനായര്‍ അനുസ്മരണപ്രഭാഷണം നടത്തി. കഥകളിപ്പദക്കച്ചേരികള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ സദനം കൃഷ്ണന്‍കുട്ടി പറഞ്ഞു: “ഇത്രയൊക്കെ ആയില്ലേ? ഒരുകളികൂടി ഇല്ലെങ്കില്‍ മുഴുവനാവില്യ; ഒരു പൂതനാമോക്ഷമെങ്കിലും….” അദ്ദേഹം കൂട്ടിച്ചേര്‍ത്തു – “ആരുല്യങ്കില്‍ ഞാന്‍ തന്ന്യാവാം” കഥകളി വേണ്ടെന്നുവച്ച സംഘാടകരുടെ അനൗചിത്യത്തെ ചോദ്യംചെയ്യുന്നവിധം ശക്തമായ നിര്‍ദ്ദേശം. പറഞ്ഞപോലെ സദനം കൃഷ്ണന്‍കുട്ടി “പൂതനാമോക്ഷം” അവതരിപ്പിച്ചു. കലാമണ്ഡലം ഗംഗാധരനും, പി.ഡി. നമ്പൂതിരിയും പാടി. സംഗീതാര്‍ച്ചനയ്ക്ക് അല്പം വൈകിയെത്തിയ ഹൈദരലിയുടെ കമന്റ്…”ഗംഗാധരേട്ടന്റെ കാംബോജി ഞാന്‍ കിഴക്കേനടയില്‍ നിന്നേകേട്ടു. ഇനി ഇവിടെ ഒന്നും പാടിയിട്ടുകാര്യമില്ല. മടങ്ങിയാലോ എന്നാലോചിച്ചു…” അങ്ങനെ രണ്ടാം അനുസ്മരണം ഭംഗിയായി.

1990ലെ “ഒക്ടോബര്‍ ഒമ്പത് – കഥകളിസംഗീതമത്സരം രാവിലെ തുടങ്ങി. ഉച്ചതിരിഞ്ഞ് സമ്മേളനത്തില്‍ കേരളകലാമണ്ഡലം സെക്രട്ടറി ഇയ്യങ്കോട് ശ്രീധരന്‍ അനുസ്മരണപ്രഭാഷണം നടത്തി. ഇയ്യങ്കോടിന്റെ പ്രസിദ്ധമായ നിരീക്ഷണം ഇതായിരുന്നു. “”തളം കെട്ടിനിന്ന കഥകളിസംഗീതത്തെ വെങ്കിടകൃഷ്ണഭാഗവതര്‍ തുറന്നുവിട്ടു, നമ്പീശനതില്‍ ഓളങ്ങളുണര്‍ത്തി, ഉണ്ണിക്കൃഷ്ണക്കുറുപ്പാക്കട്ടെ തിരമാലകള്‍തന്നെ സൃഷ്ടിച്ചു.” തുടര്‍ന്നുനടന്ന “കീചകവധം” കഥകളിയില്‍ കോട്ടയ്ക്കല്‍ നന്ദകുമാരന്‍, ആര്‍.എല്‍.വി. രാധാകൃഷ്ണന്‍, പാലനാട് ദിവാകരന്‍, കോട്ടയ്ക്കല്‍ മധു, കോട്ടയ്ക്കല്‍ പി.ഡി. നമ്പൂതിരി, കലാമണ്ഡലം ഹരി തുടങ്ങിയവര്‍ പങ്കെടുത്തു.

1991ല്‍ “കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പനുസ്മരണദിനാചരണകമ്മിറ്റി” രൂപീകൃതമായി. ഉണ്ണായിവാരിയര്‍ സ്മാരകകലാനിലയം പ്രസിഡണ്ട് അഡ്വക്കറ്റ് പനമ്പിള്ളി രാഘവമേനോന്‍ (രക്ഷാധികാരി), പ്രാഫ. സി.പി. ഇളയത് (പ്രസിഡണ്ട്), പി. തങ്കമണിഅമ്മ, എം.സി. പോള്‍ (വൈസ്പ്രസിഡണ്ടുമാര്‍), പാലനാട് ദിവാകരന്‍ (സെക്രട്ടറി), എം.കെ. അനിയന്‍ (ജോ. സെക്രട്ടറി), സി.പി. കൃഷ്ണന്‍ (ട്രഷറര്‍) എന്നിവരടങ്ങിയ വിപുലമായ ഒരു കമ്മിറ്റി അഖിലകേരളാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച് പ്രവര്‍ത്തനമാരംഭിച്ചു.

ഒക്ടോബര്‍ ഒമ്പതിനു രാവിലെ കഥകളിസംഗീതമത്സരം നടത്തി. “കഥകളിസംഗീതത്തിലെ ശാസ്ത്രീയത” എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് തൃശൂര്‍ ആകാശവാണിയിലെ പി.കെ. കേശവന്‍ നമ്പൂതിരി സംസാരിച്ചു. കലാമണ്ഡലം കേശവന്‍ അനുസ്മരണപ്രഭാഷണം നിര്‍വ്വഹിച്ചു. ഉണ്ണിക്കൃഷ്ണക്കുറുപ്പ് കുടുംബക്ഷേമനിധി അഡ്വ. പനമ്പിള്ളി രാഘവമേനോന്‍ കുറുപ്പിന്റെ സഹധര്‍മ്മിണി ലക്ഷ്മിക്കുട്ടി അമ്മയ്ക്ക് സമര്‍പ്പിച്ചു. രുക്മാംഗദചരിതം കഥകളിയില്‍ സദനം കൃഷ്ണന്‍കുട്ടി, കലാനിലയം ഗോപാലകൃഷ്ണന്‍, സദനം ഭാസി, ഹൈദരലി,പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാമണ്ഡലം കേശവന്‍, കലാമണ്ഡലം നാരായണന്‍ നമ്പീശന്‍ എന്നിവര്‍ പങ്കെടുത്തു.

1992 ഒക്ടോബര്‍ ഒമ്പതിന് രാവിലെ കഥകളിസംഗീതമത്സരം നടത്തി. അനുസ്മരണപരിപാടികളുടെ ചെലവിലേയ്ക്ക് ഒരു സ്ഥിരംഫണ്ട് സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെ ഉണ്ണിക്കൃഷ്ണക്കുറുപ്പ് പാടിയ “നളചരിതം നാലാംദിവസം” കഥയിലെ പദങ്ങളുടെ കാസറ്റുകള്‍ “അഞ്ജലി” എന്നപേരില്‍ പുറത്തിറക്കുകയുണ്ടായി. പാലനാട് ദിവാകരന്‍ കൂടെപാടിയിട്ടുള്ള പ്രസ്തുതകാസറ്റിന്റെ പ്രകാശനകര്‍മ്മം കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരി, പി. തങ്കമണി അമ്മയ്ക്കു ആദ്യകോപ്പി നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. പ്രാഫ. എം.കെ. ചന്ദ്രന്‍ അനുസ്മരണപ്രഭാഷണം നടത്തി. എമ്പ്രാന്തിരിയുടെ കഥകളിസംഗീതക്കച്ചേരിയോടെ പരിപാടികള്‍ അവസാനിച്ചു.

1993ല്‍ കഥകളിസംഗീതമത്സരം, അനുസ്മരണസമ്മേളനം, ഗായകസംഗമം, കഥകളി എന്നിവയായിരുന്നു പരിപാടികള്‍. പ്രാഫ. എം. ബാലകൃഷ്ണവാരിയര്‍ ഉണ്ണിക്കൃഷ്ണക്കുറുപ്പനുസ്മരണ പ്രഭാഷണം നടത്തി. ഉണ്ണിക്കൃഷ്ണക്കുറുപ്പിനോടൊത്ത് ശങ്കരന്‍ എമ്പ്രാന്തിരി പാടിയ ചില പദങ്ങളുടെ കാസറ്റ് തൃശൂര്‍ കഥകളിക്ലബ്ബ് പ്രസിഡണ്ട് ടി. കൃഷ്ണന്‍കുട്ടിമേനോന്‍ പ്രകാശനം ചെയ്തു. ഈ അവസരത്തില്‍ എമ്പ്രാന്തിരി കമ്മിറ്റിക്കയച്ച ഒരു കത്ത് ഇങ്ങനെ പറയുന്നു.

“……എനിക്ക് അവിടംവരെ വരുവാനും, പ്രസ്തുതയോഗത്തില്‍ പങ്കെടുക്കുവാനും സാധിക്കാത്തതില്‍ അതിയായ സങ്കടമുണ്ട്. അനവധികാലമായി പരസ്പരസ്നേഹ, ബഹുമാനത്തോടെ കഴിഞ്ഞവരായിരുന്നു ഞങ്ങള്‍, അദ്ദേഹത്തിന്റെ മരണംവരെ. എന്നാല്‍, കഥകളി ആസ്വാദകരെന്നുനടിച്ച് നടക്കുന്ന ചില കുബുദ്ധികള്‍ ഞങ്ങളുടെ ഇടയില്‍ കയറി അകല്‍ച്ചയുണ്ടാക്കാനായി ശ്രമിച്ചിരുന്നു. എങ്കിലും, അതൊന്നും ഞങ്ങള്‍ രണ്ടുപേരെയും ബാധിച്ചിരുന്നില്ല. ഈ സംഗതി അധികംപേര്‍ക്കും അറിയാത്തതായിരുന്നു. ഇത്രയുംവേഗം നമ്മളെയെല്ലാംപിരിഞ്ഞ് അദ്ദേഹം പോകേണ്ടായിരുന്നു. എന്തുചെയ്യാം! വിധി. ഒക്ടോബര്‍ 9ആം തിയ്യതിയിലെ പരിപാടികള്‍ എല്ലാംകൊണ്ടും ഉയര്‍ന്ന നിലവാരംപുലര്‍ത്തുവാന്‍ കൂടല്‍മാണിക്കസ്വാമി അനുഗ്രഹിക്കട്ടെ. ഞാന്‍ എന്തുചെയ്യണമെന്ന് അറിയിച്ചാല്‍മതി…” മാത്രമല്ല, അദ്ദേഹം കുറുപ്പിനോടൊത്തു പാടിയ കഥകളിപ്പദങ്ങള്‍ പുറത്തിറക്കുന്നതിനുള്ള സന്തോഷവും സമ്മതവും അറിയിക്കുകയും ചെയ്തു. ആരോഗ്യം അനുവദിച്ചിരുന്ന അവസരങ്ങളിലെല്ലാം ഒക്ടോബര്‍ ഒമ്പതിന് എത്തുവാന്‍ ശങ്കരന്‍ എമ്പ്രാന്തിരി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

നളചരിതം രണ്ടാംദിവസം “അലസതവിലസിതം’ മുതല്‍ മൂന്നാംദിവസം “കലി” ഉള്‍പ്പെടെയുള്ള ഭാഗങ്ങളാണ് കഥകളിയില്‍ അവതരിപ്പിച്ചത്. നെല്ലിയോട് വാസുദേവന്‍നമ്പൂതിരി (കാട്ടാളനും കലിയും), സദനം കൃഷ്ണന്‍കുട്ടി (ബാഹുകന്‍), കലാമണ്ഡലം കരുണാകരന്‍ (സുദേവന്‍), കലാനിലയം മോഹന്‍കുമാര്‍ (നളന്‍), ആര്‍.എല്‍.വി. രാധാകൃഷ്ണന്‍ (ദമയന്തി) തുടങ്ങിയവരായിരുന്നു പ്രധാനവേഷങ്ങള്‍ക്ക്. സദനം വാസുദേവന്‍, സദനം ശ്രീധരന്‍, തിരൂര്‍ നമ്പീശന്‍ തുടങ്ങിയവരും കളിയില്‍ പങ്കെടുത്തു.

1994ല്‍ കഥകളിസംഗീതമത്സരത്തിനുശേഷം ഒരു സെമിനാര്‍ ആയിരുന്നു. വിഷയം: “കഥകളിസംഗീതം ഇന്ന്” കലാമണ്ഡലം ഗംഗാധരന്‍, രമേശന്‍ തമ്പുരാന്‍, വി. കലാധരന്‍, കെ.ബി. രാജ് ആനന്ദ് എന്നിവര്‍ പങ്കെടുത്തു. അനുസ്മരണപ്രഭാഷണം നടത്തിയത് വി.പി. രാമകൃഷ്ണന്‍നായരും കഥകളിസംഗീതമത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തത് കലാമണ്ഡലം ഗോപിയുമാണ്.

ഗായകസംഗമത്തെത്തുടര്‍ന്ന് അവതരിപ്പിച്ച കഥകളി സവിശേഷശ്രദ്ധ ആകര്‍ഷിച്ച ഒന്നായിരുന്നു. “കല്യാണസൗഗന്ധിക”വും “കിരാതവും” ഉള്‍പ്പെടുത്തി “ദുര്യോധനവധം.” പഞ്ചപാണ്ഡവരും പാഞ്ചാലിയും ചേര്‍ന്ന പുറപ്പാട് . സദനം കൃഷ്ണന്‍കുട്ടി (ദുര്യോധനന്‍) കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ (ദുശ്ശാസനന്‍), ആര്‍.എല്‍.വി. രാധാകൃഷ്ണന്‍ (പാഞ്ചാലി), കോട്ടയ്ക്കല്‍ ചന്ദ്രശേഖരന്‍ (ഭീമസേനന്‍), വി.പി. രാമകൃഷ്ണന്‍ നായര്‍ (ഹനൂമാന്‍), കലാനിലയം ഗോപി (അര്‍ജ്ജുനന്‍), ഫാക്റ്റ് ഭാസ്കരന്‍ (കാട്ടാളന്‍), കലാനിലയം മുകുന്ദകുമാര്‍ (കാട്ടാളസ്ത്രീ), കലാമണ്ഡലം കരുണാകരന്‍ (ശ്രീകൃഷ്ണന്‍), കലാമണ്ഡലം ഗോപി (രൗദ്രഭീമന്‍), ഗംഗാധരന്‍, ഹൈദരലി…. തുടങ്ങിയവര്‍ പാട്ടിന്, കുഞ്ചുണ്ണി, കൃഷ്ണദാസ്, രവി തുടങ്ങി മേളക്കാര്‍…. എന്നെന്നും ഓര്‍മ്മിക്കാന്‍ പുതുമയാര്‍ന്ന ഒരരങ്ങ്  കളി.

വ്യത്യസ്തത പുലര്‍ത്തുന്ന മറ്റൊരു അനുസ്മരണ ദിനം 1995ല്‍ നടന്നു. പതിവുപോലെ കഥകളിസംഗീതമത്സരമായിരുന്നു ആദ്യം. ഉച്ചയോടെ അരങ്ങ് ഗൗരവപൂര്‍ണ്ണമായ ഒരുവിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് വഴിമാറി. “കഥകളിച്ചിട്ടകളുടെ വികാസപരിണാമങ്ങള്‍ – ഒരു സംവാദം” പങ്കെടുത്തവര്‍ : കീഴ്പ്പടം കുമാരന്‍ നായര്‍, കലാമണ്ഡലം രാമന്‍കുട്ടിനായര്‍, കലാമണ്ഡലം പദ്മനാഭന്‍നായര്‍, ഡോ: ടി.എന്‍. വാസുദേവന്‍, വേണുജി, ഡോ. ടി.എസ്. മാധവന്‍കുട്ടി, കെ.ബി. രാജ് ആനന്ദ്…. വൈകുന്നേരം ആചാര്യപൂജനടന്നു. കീഴ്പ്പടം കുമാരന്‍നായര്‍, കലാമണ്ഡലം രാമന്‍കുട്ടിനായര്‍, കലാമണ്ഡലം പദ്മനാഭന്‍നായര്‍, കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, കലാമണ്ഡലം ഗംഗാധരന്‍ എന്നീ വിശിഷ്ടകലാകാരന്മാരെ പ്രാഫ. സി.പി. ഇളയത് പൊന്നാടയണയിച്ച് ആദരിച്ചു. സി. മോഹന്‍ദാസ് ആണ് ആചാര്യപൂജയുടെ നിയന്ത്രണം നിര്‍വ്വഹിച്ചത്.

സ്മരണ, അഞ്ജലി, സ്മരണാഞ്ജലി എന്നീ കാസററുകള്‍ക്കുശേഷം കുറുപ്പിനോടൊപ്പം വെണ്മണി ഹരിദാസ് പാടിയ “സന്താനഗോപാലം” കഥകളിയിലെ പദങ്ങളുടെ കാസറ്റ് ഡോ. ടി.എസ്. മാധവന്‍കുട്ടി പ്രകാശനം ചെയ്തു. ലവണാസുരവധം (കീഴ്പ്പടം, ശിവരാമന്‍, കൃഷ്ണന്‍കുട്ടി, നരിപ്പറ്റ) ബാലിവിജയം (രാമന്‍കുട്ടിനായര്‍,പദ്മനാഭന്‍നായര്‍, കുറൂര്‍) കഥകള്‍ക്ക്കുറൂര്‍, ഉണ്ണിക്കൃഷ്ണന്‍, നാരായണന്‍ നമ്പീശന്‍, നടരാജന്‍ തുടങ്ങിയ മേളക്കാരും ഗംഗാധരന്‍ മുതലുള്ള ഗായകരും പങ്കെടുത്തു. കളികഴിഞ്ഞിട്ടും ആസ്വാദകര്‍ക്ക് കലാനിലയം ഹാളില്‍നിന്നുപോകാന്‍ മനസ്സുവരുന്നില്ല. സംതൃപ്തിയോടെ സംഘാടകരും.

ചിട്ടപ്രധാനമായ നാലുപദങ്ങള്‍ മുന്‍കൂട്ടി അറിയിക്കുകയും അതില്‍നിന്ന് ഇഷ്ടമുള്ള പദം ചിട്ടപ്രകാരം പാടാന്‍ അവസരംകൊടുക്കുകയും ചെയ്തുകൊണ്ട് ഒരു മത്സരംകൂടി ഉള്‍പ്പെടുത്തി കഥകളിസംഗീതമത്സരം കൂടുതല്‍ വിപുലവും ഗൗരവതരവുമാക്കാന്‍ 1996ലെ അനുസ്മരണദിനം അവസരമൊരുക്കി. കഥകളിയുടെ രംഗാവിഷ്ക്കാരത്തില്‍ ഓരോവിഭാഗത്തിനുമുള്ള പ്രാധാന്യം വിശകലനംചെയ്യുന്ന ഒരു സെമിനാര്‍ സംഘടിപ്പിക്കുകയുണ്ടായി. ഇതില്‍ ആട്ടത്തെക്കുറിച്ച് സി.പി. ഉണ്ണിക്കൃഷ്ണനും, സംഗീതത്തെക്കുറിച്ച് ഹൈദരലിയും, മേളത്തെക്കുറിച്ച് ഡോ. മാങ്കുളം കൃഷ്ണന്‍ നമ്പൂതിരിയും, ആഹാര്യത്തെക്കുറിച്ച് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും സംസാരിച്ചു. സി. മോഹന്‍ദാസായിരുന്നു മോഡറേറ്റര്‍.

സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കണമെന്ന് ക്ഷണിച്ചപ്പോള്‍ ഹൈദരലി എഴുതിയ മറുപടിക്കത്തില്‍ ഇങ്ങനെ പറയുന്നു: “ആട്ടം, പാട്ട്, കൊട്ട്, ആഹാര്യം എന്നീവിഷയങ്ങളില്‍ രണ്ടാംസ്ഥാനമായ പാട്ടിന് (ലോകത്തില്‍ ഒന്നാംസ്ഥാനമായി ഞാന്‍ കണക്കാക്കുന്നത് സംഗീതത്തിനെയാണ്) സെമിനാറില്‍ രണ്ടാംസ്ഥാനമാകുമല്ലോ. ആ വിഷയത്തെക്കുറിച്ച് രണ്ടാമതുതന്നെ എന്നെ പ്രസംഗത്തിന് ക്ഷണിക്കുമെങ്കില്‍ ഞാന്‍ തയ്യാറാണ്. എല്ലാവരുടെയും ഊഴംകഴിഞ്ഞ് അവരവര്‍ സ്ഥലംവിടാറാണ് പതിവ്. അവസാന ഊഴക്കാരനാകുമ്പോള്‍ കേള്‍ക്കുന്നതിന് ആരും കാണുകയില്ല. അതുകൊണ്ടാണീ നിര്‍ബന്ധം. മറ്റൊന്നുംകൊണ്ടല്ല.”

ഇങ്ങനെ തന്റെ അഭിപ്രായം തുറന്നുപറയാനും സംഗീതത്തെ പ്രാണവായുപോലെ കണക്കാക്കാനും, അതിന്റെ സംരക്ഷണത്തിനുവേണ്ടി പ്രസംഗിക്കാനും പ്രവര്‍ത്തിക്കാനും നമുക്കൊരു ഹൈദരലിയെ ഉണ്ടായിരുന്നുള്ളു.

കലാമണ്ഡലം ഗംഗാധരന്‍ ഉണ്ണിക്കൃഷ്ണക്കുറുപ്പൊരുമിച്ച് പാടിയ “നളചരിതം ഒന്നാംദിവസം” കഥകളിയിലെ പദങ്ങള്‍ കാസറ്റാക്കി തയ്യാറാക്കിയത് ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഒല്ലൂര്‍ ഇ.ടി.എം. വൈദ്യശാല മാനേജിങ്ങ് പാര്‍ട്ണര്‍ അഷ്ടവൈദ്യന്‍ ഇ.ടി. നാരായണന്‍ മൂസിനു നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. പ്രാഫ. ജോര്‍ജ് എസ്.പോള്‍ ഉണ്ണിക്കൃഷ്ണക്കുറുപ്പനുസ്മരണപ്രഭാഷണം നടത്തി. ഗായകസംഗമത്തിനും കഥകളിപ്പദക്കച്ചേരികള്‍ക്കുംശേഷം “സന്താനഗോപാലം” (ശ്രീകൃഷ്ണന്‍: കോട്ടയ്ക്കല്‍ കേശവന്‍, അര്‍ജ്ജുനന്‍: സദനം കൃഷ്ണന്‍കുട്ടി, ബ്രാഹ്മണന്‍: കോട്ടയ്ക്കല്‍ കൃഷ്ണന്‍കുട്ടിനായര്‍), “ബാണയുദ്ധം” (ബാണന്‍: മടവൂര്‍ വാസുദേവന്‍ നായര്‍, ഉഷ: പീശപ്പിള്ളി രാജീവന്‍, ചിത്രലേഖ: കലാമണ്ഡലം കെ.ജി. വാസുദേവന്‍) എന്നീ കഥകള്‍ അവതരിപ്പിച്ചു. കലാമണ്ഡലം ബലരാമന്‍, മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി, കലാമണ്ഡലം വേണുക്കുട്ടന്‍, കലാമണ്ഡലം ശശി തുടങ്ങിയ മേളക്കാരും പങ്കെടുത്തു.

ഉണ്ണായിവാരിയര്‍ സ്മാരകകലാനിലയത്തിന്റെ ഗുരുസ്മരണ, നാദോപാസന സംഗീതസഭയുടെ ആറാംവാര്‍ഷികം എന്നീ പരിപാടികളുമായി സംയോജിപ്പിച്ച് ഒക്ടോബര്‍ 4 മുതല്‍ 11 വരെ നീണ്ടുനിന്ന ഒരു കലോത്സവത്തിന്റെ ഭാഗമായാണ് 1997ല്‍ പത്താംവാര്‍ഷികം ആചരിച്ചത്. ഗുരു അമ്മന്നൂര്‍ മാധവച്ചാക്യാര്‍ ഉദ്ഘാടനം ചെയ്തു. ശുഭശ്രീ മണിയുടെയും ടി.എം.കൃഷ്ണയുടെയും സംഗീതക്കച്ചേരികള്‍, കീഴ്പ്പടം കുമാരന്‍ നായര്‍, സദനം കൃഷ്ണന്‍കുട്ടി, കലാമണ്ഡലം ഗംഗാധരന്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച കുചേലവൃത്തം കഥകളി എന്നിവയായിരുന്നു മറ്റുസംഘടനകളുടെ പ്രധാനപരിപാടികള്‍.

അനുഷ്ഠാനകലയായ കളമെഴുത്തുപാട്ടിലും അഷ്ടപദിയിലും വ്യാപരിച്ചിരുന്ന ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ സംഗീതസപര്യയുടെ സ്മരണയ്ക്കായി ഒക്ടോബര്‍ എട്ടാം തിയ്യതിയിലെ പരിപാടികള്‍ സമര്‍പ്പിച്ചു. “കേരളീയസംഗീതത്തിന്റെ സോപാനപാരമ്പര്യം” എന്ന വിഷയത്തെ അധികരിച്ചുനടത്തിയ സെമിനാറില്‍ നെല്ലുവായ് എം. കൃഷ്ണന്‍കുട്ടിമാരാര്‍, ഡോ. ടി.എന്‍. വാസുദേവന്‍, തൃക്കാംപുറം കൃഷ്ണന്‍കുട്ടിമാരാര്‍, പ്രാഫ. ജോര്‍ജ് എസ്. പോള്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കല്ലാറ്റ് പരമേശ്വരക്കുറുപ്പും, രാവുണ്ണിക്കുറുപ്പും കളമെഴുത്തുപാട്ട് നടത്തി. സംസ്ഥാന സ്ക്കൂള്‍ യുവജനോത്സവത്തില്‍ അഷ്ടപദിക്ക് ഒന്നാംസ്ഥാനം ലഭിച്ച കെ.ബി. ജ്യോതി ഇരിങ്ങാലക്കുട, കെ. സനല്‍കുമാര്‍വര്‍മ്മ കോഴിക്കോട് എന്നിവരുടെ അഷ്ടപദിക്കച്ചേരികള്‍ അവതരിപ്പിക്കുകയുണ്ടായി. തൃക്കാംപുറം കൃഷ്ണന്‍കുട്ടിമാരാരുടെയും ഊരകം കൃഷ്ണന്‍കുട്ടി മാരാരുടെയും അഷ്ടപദി ആലാപനങ്ങള്‍ക്കുശേഷം അക്ഷരശ്ലോകനിശയും നടന്നു.

ഒക്ടോബര്‍ ഒമ്പതിനു രാവിലെ “ഇരയിമ്മന്‍ തമ്പിയുടെ ആട്ടക്കഥകളെ” സമഗ്രമായി അവലോകനം ചെയ്തുകൊണ്ട് ഒരു സെമിനാര്‍ സംഘടിപ്പിച്ചു. തമ്പികഥകളിലെ സാഹിത്യം കെ.സി. നാരായണനും, സംഗീതം കലാമണ്ഡലം ഹൈദരലിയും, പാത്രസങ്കല്പം സി. മോഹന്‍ദാസും, രംഗപ്രയോഗക്ഷമത സദനം കൃഷ്ണന്‍കുട്ടിയും അവലോകനം ചെയ്ത് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പ്രാഫ. സി.പി. ഇളയത് അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ഇരയിമ്മന്‍തമ്പിയു ടെ ആട്ടക്കഥകളെ മുന്‍നിര്‍ത്തി സോദാഹരണപ്രഭാഷണം നടത്തി. നരിപ്പറ്റ, പീശപ്പിള്ളി, രാജ് ആനന്ദ് എന്നിവര്‍ തമ്പികഥകളില്‍നിന്ന് തെരഞ്ഞെടുത്ത രംഗങ്ങള്‍ ഉദാഹരണസഹിതം ചൊല്ലിയാടി വിവരിച്ചു.

വാഴേങ്കട കുഞ്ചുനായര്‍ സ്മാരകട്രസ്റ്റ് വൈസ് പ്രസിഡണ്ട് എം.എന്‍. നീലകണ്ഠന്‍ ഉണ്ണിക്കൃഷ്ണക്കുറുപ്പനുസ്മരണപ്രഭാഷണം നടത്തി. “ഭാരതീയ ശാസ്ത്രീയ സംഗീതമഹാസാമ്രാജ്യത്തില്‍ സാമന്തപദവി മാത്രമേ അഭിനയസംഗീതത്തിനുള്ളു. അതില്‍ പരമപ്രധാനമായ കഥകളിസംഗീതമാണ് ഉണ്ണിക്കൃഷ്ണക്കുറുപ്പ് സ്വീകരിച്ചത്. താളനിയന്ത്രിതവും, കാലപ്രമാണബദ്ധവും, ഭാവനിര്‍ഭരവുമായ അതിന്റെ വിശേഷചാരുതയെ രംഗാവതരണത്തിന്റെ അനുഭവപൂര്‍ത്തിക്ക് സമര്‍പ്പിക്കുകയാണ് കുറുപ്പ് ചെയ്തത്. കാലംവിളിക്കേ പാട്ട് പകുതിക്കുവച്ചു നിര്‍ത്തി  പോ  കേണ്ടിവന്ന കുറുപ്പിന്റെ ഈണങ്ങള്‍ ഇപ്പോഴും ഓര്‍മ്മയുടെ രംഗഭൂമിയില്‍ അമൃതം വര്‍ഷിച്ചുകൊണ്ടിരുക്കുന്നു”. കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പും കലാമണ്ഡലം ഹൈദരലിയും ചേര്‍ന്ന് പാടിയ “നളചരിതം മൂന്നാംദിവസം” കഥയിലെ പദങ്ങളുടെ കാസറ്റ് കേരളസംഗീതനാടക അക്കാദമി സെക്രട്ടറി പി. അപ്പുക്കുട്ടന്‍ ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ പത്നി ലക്ഷ്മിക്കുട്ടിഅമ്മയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.

ഇൗ കാസറ്റ് ഇറക്കുന്നതിന് അനുവാദം ചോദിച്ചപ്പോള്‍ ഹൈദരലി എഴുതിയ മറുപടി “നളചരിതം മൂന്നാംദിവസം കുറുപ്പാശാനും ഞാനുംകൂടിയുള്ളത് കാസറ്റായി ഇറക്കുന്നതില്‍ സന്തോഷമേയുള്ളൂ. ഞാനതുകേട്ടിട്ടില്ല. എനിക്ക് അതൊന്നു കേട്ടിട്ടുവേണം സമ്മതപത്രം ഒപ്പിട്ടുതരുവാന്‍. അതൊന്നുകേള്‍ക്കാന്‍ അവസരമുണ്ടാക്കാമോ? എനിക്ക് എന്റെ കാസറ്റ്പാട്ട് ഇഷ്ടമാകാത്തതു കൊണ്ടാണ്. ഈവരുന്ന ഞായറാഴ്ച ഞാന്‍ ഉച്ചയ്ക്കുശേഷം വീട്ടില്‍വരാം. പാലനാടിനും എഴുതിയിട്ടുണ്ട്. ഇളയതുമാഷും വിളിച്ചിരുന്നു. ഞാന്‍ കേട്ടശേഷം തീരുമാനിക്കാം. നന്നായിട്ടില്ലെങ്കില്‍ എനിക്കതു വിഷമമാണ്. കേട്ടാല്‍ “അയ്യേ!” എന്നു പറയരുത്. ഞാനിത്രയും എഴുതിയത് എന്നെ തെറ്റിദ്ധരിക്കാതിരിക്കാന്‍ വേണ്ടിയാണ്. പ്രതിഫലേച്ഛയില്ല എന്നും അറിയിക്കട്ടെ…”

പറഞ്ഞപോലെ ഹൈദരലി വന്നു. ഞങ്ങള്‍ അഗ്നിശര്‍മ്മന്റെ വസതിയിലിരുന്നു മൂന്നാംദിവസം കേട്ടു. പാട്ടുകേള്‍ക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ മുഖഭാവം ശ്രദ്ധിക്കുകയായിരുന്നു. ഒരിക്കല്‍പോലും അവിടെ നിരാശനിഴല്‍ ‍വീശിയില്ല. സന്തോഷം പ്രകടവുമായിരുന്നു. സംതൃപ്തിയോടെ ഹൈദരാലി പറഞ്ഞു. “ഇത്രയും നല്ലപാട്ട് ആകുമെന്ന് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല. വളരെ കുറച്ചേ മുന്‍പ് ഞാന്‍ അദ്ദേഹത്തോടൊപ്പം പാടിയിട്ടുള്ളു. ഞങ്ങളുടെ ശബ്ദം യോജിപ്പില്ലാത്തതാണ്. അതായിരുന്നു ഭയം. അതുകൊണ്ടാണ് കേള്‍ക്കണമെന്നു വാശിപിടിച്ചത്. കൂടെപാടുന്ന ആള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെയാണ് ആശാന്‍ പാടിയിട്ടുള്ളത്. സന്തോഷമായി. സമ്മതം… നൂറുവട്ടം സമ്മതം.”

ഗായകസംഗമത്തിനുശേഷം പുലരുംവരെ കഥകളി. ഇരയിമ്മന്‍ തമ്പി കഥകള്‍ – ഉത്തരാസ്വയംവരം, കീചകവധം, ദക്ഷയാഗം – അവതരിപ്പിച്ചു. സദനം കൃഷ്ണന്‍കുട്ടി (ഉത്തരന്‍), കലാമണ്ഡലം പദ്മനാഭന്‍ നായര്‍ (ബൃഹന്നള), കലാനിലയം ഗോപാലകൃഷ്ണന്‍ (സൈരന്ധ്രി), കലാമണ്ഡലം രാമന്‍കുട്ടി നായര്‍ (കീചകന്‍), കോട്ടയ്ക്കല്‍ ശിവരാമന്‍ (മാലിനി), നരിപ്പറ്റ (ദക്ഷന്‍), ബാലസുബ്രഹ്മണ്യന്‍ (ശിവന്‍), കല്ലുവഴി വാസു (സതി), കലാമണ്ഡലം കേശവദേവ് (വീരഭദ്രന്‍) എന്നിവര്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചു. കലാമണ്ഡലം കേശവന്‍, ബലരാമന്‍, രാമന്‍നമ്പൂതിരി, അപ്പുക്കുട്ടിപ്പൊതുവാള്‍, ഈശ്വരവാരിയര്‍, കലാനിലയം രാജന്‍, കലാനിലയം പരമേശ്വരന്‍ തുടങ്ങിയവരും നിരവധിവരുന്ന ഗായകരും ചേര്‍ന്ന് കഥകളി ഗംഭീരമാക്കി. ഇരുദിവസങ്ങളിലായി ആചരിച്ച പത്താംവാര്‍ഷികം വൈവിദ്ധ്യംകൊണ്ടും വൈശിഷ്ട്യംകൊണ്ടും ഏറെ ശ്രദ്ധേയമായി.

1998ലെ അനുസ്മരണ  ദിനാചരണത്തിന് രാവിലെ കഥകളിസംഗീതമത്സരം നടത്തി. സാഹിത്യനിരൂപകനും സംസ്ഥാന സാംസ്ക്കാരിക പ്രസിദ്ധീകരണ ഉപദേശകസമിതി അംഗവുമായ പ്രാഫ. പാലക്കീഴ് നാരായണന്‍ ഉണ്ണിക്കൃഷ്ണക്കുറുപ്പനുസ്മരണപ്രഭാഷണം ചെയ്തു. കുട്ടിക്കാലത്തെ കളംപാട്ട് കേട്ട ഓര്‍മ്മകളില്‍ തുടങ്ങി പിന്നീട് പാട്ടിനുവന്ന കുറുപ്പന്മാരില്‍ ഒറ്റയാനായി, മൗനിയായി കഴിഞ്ഞിരുന്ന നീണ്ടുമെലിഞ്ഞ ചെറുപ്പക്കാരന്റെ – ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ അതിഗംഭീരമായ കളംപാട്ടിന്റെ ഓാര്‍മ്മകളുമായി നടത്തിയ അനുസ്മരണപ്രഭാഷണം മറ്റൊരു നീരിക്ഷണത്തില്‍ എത്തിനിന്നു. “ആര്‍ക്കും വഴങ്ങാത്ത, ചിട്ടകള്‍ക്കൊന്നും ഒരുങ്ങാത്ത, ആരോടും വിധേയത്വമില്ലാത്ത വ്യക്തിത്വമായിരുന്നു കുറുപ്പിന്റേത് – സംഗീതത്തിലും ജീവിതത്തിലൂം. ആരോടും പരിഭവമില്ലാതെ ആരേയും അപഹസിക്കാതെ പാട്ടിന്റെ വഴിയില്‍ അര്‍പ്പിതമനസ്സായി, ഏകാന്തപഥികനായി ആ ഗാനഗന്ധര്‍വ്വന്‍ നടന്നുപോയി.” കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പും കലാനിലയം ഉണ്ണിക്കൃഷ്ണനും ചേര്‍ന്നുപാടിയ നളചരിതം രണ്ടാംദിവസം കഥകളിപ്പദങ്ങളുടെ കാസറ്റ് പ്രശസ്ത കഥാകൃത്തും, മഹാകവി ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ മകനുമായ ഇ. ഹരികുമാര്‍ പ്രകാശനം ചെയ്തു.

ഇവിടെ ഹരികുമാറിനെക്കുറിച്ച് എനിക്ക് പരാമര്‍ശിക്കാതെ വയ്യ. സാഹിത്യരചനയോടൊപ്പം “രാഗമാലിക” എന്നപേരില്‍ ഒരു ഓഡിയോകാസറ്റ് നിര്‍മ്മാണകേന്ദ്രവും അദ്ദേഹം നടത്തിയിരുന്നു; എറണാകുളത്ത്. പ്രധാനമായും അച്ഛന്റെ കവിതകള്‍ വി.ടി. മുരളി തുടങ്ങിയവരെക്കൊണ്ട് സംഗീതാത്മകമായി ചൊല്ലിച്ച് താല്പര്യമുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കുകയും അങ്ങനെ അവയ്ക്ക് പ്രചാരം ഉണ്ടാക്കുകയും ആയിരുന്നു ലക്ഷ്യം. അവിചാരിതമായിട്ടാണ് ഞങ്ങള്‍ (പാലനാട്, രാജേഷ് നന്ദകുമാര്‍ പിന്നെ ഞാനും) അദ്ദേഹത്തെ പരിചയപ്പെടുന്നത്. 1989 മാര്‍ച്ച് നാലിന്, ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ ഒന്നാംചരമവാര്‍ഷികദിനത്തില്‍, വെള്ളിനേഴിയില്‍വച്ച് പ്രകാശനം ചെയ്യുന്നതിന് ഉണ്ണിക്കൃഷ്ണക്കുറുപ്പ് പാടിയ തെരഞ്ഞെടുത്ത കഥകളിപ്പദങ്ങളുടെ കാസറ്റ് തയ്യാറാക്കുന്നതിനുള്ള (“സ്മരണ”) നെട്ടോട്ടത്തിലായിരുന്നു ഞങ്ങള്‍. ആ പരിചയപ്പെടല്‍ വലിയ അനുഗ്രഹമായിമാറി. അദ്ദേഹത്തിന് കഥകളിയുമായി കാര്യമായ ഒരു ബന്ധവുമില്ല, എന്നിട്ടും, ഞങ്ങളുടെ ആവശ്യം സശ്രദ്ധംകേട്ടു. ശബ്ദരേഖയുടെ നിലവാരം അത്രയൊന്നും അവകാശപ്പെടാനില്ലാത്ത കാസറ്റുകളാണ് നിധി പോലെ ഞങ്ങള്‍ കൈവശംവച്ചിരുന്നത്. പാട്ട് ഗംഭീരമാണുതാനും. അദ്ദേഹം അവയെല്ലാം ആവുന്നവിധം ഭംഗിയാക്കിത്തന്നു. പിന്നീട് പുറത്തിറങ്ങിയ ആറുസെറ്റ് കാസറ്റുകളും തയ്യാറായത് “രാഗമാലിക”യിലാണ്. നിരന്തരമായ എറണാകുളം യാത്രകള്‍….ഞങ്ങള്‍ എപ്പോള്‍ ചെന്നാലും ഹൃദ്യമായ സ്വീകരണം. കഥകളിയും കഥകളിസംഗീതവും ശ്രദ്ധിക്കാതിരുന്ന ഹരികുമാര്‍ പക്ഷെ, പിന്നീടെഴുതിയ ഒരു ചെറുകഥയില്‍ ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ പാട്ടിനെക്കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി. മാത്രമല്ല, കേരളസാഹിത്യ അക്കാദമി അംഗമായിരിക്കെ അക്കാദമിയുടെ ഡയറിയില്‍ “ഒക്ടോബര്‍ 9 കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പനുസ്മരണദിനം” എന്ന രേഖ വരുത്താനും തയ്യാറായി. ഇന്ന്, മാറിയ സാഹചര്യത്തില്‍ കാസറ്റ്സംഗീതം അപ്രത്യക്ഷമായി. സി.ഡി.യും ഡി.വി.ഡി.യുമായപ്പോള്‍ “രാഗമാലിക”യിലേയ്ക്കുളള യാത്രകള്‍ അപ്രസക്തമായി. എങ്കിലും നാമമാത്രമായ പ്രതിഫലംമാത്രം വാങ്ങി ആയിരക്കണക്കിനു കാസറ്റുകള്‍ തയ്യാറാക്കിതന്ന ഇ. ഹരികുമാറിനെ ഉണ്ണിക്കൃഷ്ണക്കുറുപ്പനുസ്മരണദിനാചരണക്കമ്മിറ്റിക്ക് വിസ്മരിക്കാന്‍ വയ്യ; വ്യക്തിപരമായി പാലനാടിനും, രാജേഷിനും, എനിക്കും.

ഗായകസംഗമവും കഥകളിപ്പദക്കച്ചേരികളും തുടര്‍ന്ന് കഥകളിയും നടന്നു. ദേവയാനീസ്വയംവരം (കലാമണ്ഡലം ഗോപി, മാര്‍ഗി വിജയകുമാര്‍, കലാമണ്ഡലം കുട്ടന്‍, കലാമണ്ഡലം മനോജ്കുമാര്‍), കിരാതം (ആര്‍.വി. ശശികുമാര്‍, പരിയാനംപറ്റ ദിവാകരന്‍, കലാമണ്ഡലം കേശവന്‍ നമ്പൂതിരി) എന്നീ കഥകളാണ് അവതരിപ്പിച്ചത്. ഗംഗാധരന്‍, ഹൈദരലി, ഹരിദാസ്… തുടങ്ങിയ ഗായകരും, കലാമണ്ഡലം ഉണ്ണിക്കൃഷ്ണന്‍, ശങ്കരവാരിയര്‍…. തുടങ്ങിയ മേളക്കാരും സതീശനുള്‍പ്പെടെ ചുട്ടിക്കാരും പങ്കെടുത്തു.

വളരെ വ്യത്യസ്തമായ ഒരുവിഷയം സെമിനാറിന് തെരഞ്ഞെടുത്തതിലൂടെ 1999ലെ പന്ത്രണ്ടാംവാര്‍ഷികം കൂടുതല്‍ ശ്രദ്ധേയമായി. “ഹനൂമാന്‍ കഥകളി അരങ്ങത്ത്” എന്നതായിരുന്നു വിഷയം. സി. മോഹന്‍ദാസ് വിഷയം അവതരിപ്പിച്ചു. ആട്ടക്കഥാകൃത്ത് പി. രാജശേഖര്‍, നരിപ്പറ്റ, എന്‍.പി.പി. നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അനുസ്മരണപ്രഭാഷണം നടത്തിയത് പെരിന്തിലക്കാട്ട് ശ്രീധരന്‍നമ്പൂതിരിയാണ്. രാവിലെ പതിവുപോലെ കഥകളിസംഗീതമത്സരവും വൈകീട്ട് ഗായകസംഗമവും ഉണ്ടായിരുന്നു.

ഹനൂമാന്‍ മുഖ്യവേഷത്തില്‍വരുന്ന മൂന്നു കഥകളാണ് കളിക്കും തെരഞ്ഞെടുത്തത്. കലാമണ്ഡലം രാമന്‍കുട്ടിനായര്‍ കല്യാണസൗഗന്ധികത്തിലെയും, നരിപ്പറ്റ ലവണാസുരവധത്തിലെയും, കലാനിലയം ഗോപി തോരണയുദ്ധത്തിലേയും ഹനൂമാന്‍ വേഷങ്ങള്‍ ചെയ്തു. കലാമണ്ഡലം ഗോപി (ഭീമസേനന്‍), കോട്ടയ്ക്കല്‍ ശിവരാമന്‍ (സീത), കലാനിലയം ഗോപിനാഥന്‍ (രാവണന്‍), കലാമണ്ഡലം ഷണ്മുഖദാസ് (പാഞ്ചാലി), സദനം ഭാസി (കുശന്‍), കലാമണ്ഡലം പ്രദീപ്കുമാര്‍ (ലവന്‍), കലാമണ്ഡലം സോമന്‍ (ലങ്കാലക്ഷമി) എന്നിവരും വേഷത്തിനുണ്ടായിരുന്നു. കലാമണ്ഡലം കേശവന്‍, കലാനിലയം കുഞ്ചുണ്ണി, ബാലസുന്ദരന്‍, അപ്പുക്കുട്ടിപ്പൊതുവാള്‍, ഹരിദാസ്, പരമേശ്വരന്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയ കലാകാരന്മാരും ചേര്‍ന്ന് ഹനുമല്‍കഥകള്‍ ഗംഭീരമാക്കി.

പുതുമകള്‍ നിറഞ്ഞ അവതരണങ്ങളുമായി 2000ലെ അനുസ്മരണദിനം ആചരിച്ചു. കഥകളിസംഗീതമത്സരത്തെതുടര്‍ന്ന് നടത്തിയ “രാഗപരിചയം” ആസ്വാദകര്‍ ഏറെ ആഹ്ലാദത്തോടെ സ്വീകരിച്ചു. കര്‍ണ്ണാടകസംഗീതവിദ്വാന്‍ പാര്‍വ്വതീപുരം പദ്മനാഭയ്യരും കഥകളിഗായകന്‍ വെണ്മണി ഹരിദാസും അവതരിപ്പിച്ച രാഗപരിചയത്തില്‍ കര്‍ണ്ണാടകസംഗീതവും കഥകളിസംഗീതവും ലളിതസംഗീതവും സമന്വയിപ്പിച്ച് ഗായകര്‍ പരസ്പരബഹുമാനത്തോടെ സംഗീതവിരുന്നൊരുക്കി.

കഥകളി ക്ലബ്ബിന്‍റെ രജതജൂബിലി സ്മരണിക കലാമണ്ഡലം ഗോപി പ്രകാശനം ചെയ്തു. കലാമണ്ഡലം ഉണ്ണികൃഷ്ണ കറുപ്പ് കുടുംബസഹായനിധി സമര്‍പ്പണം കലാനിലയം പ്രസിഡണ്ട് കാട്ടിക്കുളം ഭരതന്‍ നിര്‍വ്വഹിച്ചു. എ.എസ്.എന്‍. നമ്പീശന്‍ ഉണ്ണിക്കൃഷ്ണക്കുറുപ്പനുസമരണുപ്രഭാഷണം നടത്തി.

ഗായകസംഗമത്തെതുടര്‍ന്ന് മറ്റൊരു സവിശേഷകലാവിരുന്നിന് കളമൊരുക്കി. “പൂതനാമോക്ഷം” കഥയുടെ ദൃശ്യാവിഷ്ക്കരണം കുച്ചുപ്പുഡി, നങ്ങ്യാര്‍കൂത്ത്, കഥകളി എന്നീ മൂന്നുശൈലികളില്‍ അവതരിപ്പിക്കപ്പെട്ടു. പ്രഷീജ ഗോപിനാഥന്‍ കുച്ചിപ്പുഡി തരംഗവും, കപിലവേണു നങ്ങ്യാര്‍കൂത്തും, കോട്ടയ്ക്കല്‍ രാജുമോഹന്‍ കഥകളിയും രംഗസാക്ഷാത്ക്കാരം നടത്തിയ ഈ നൂതന പരിപാടി  ആസ്വാദകരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. “വന്ദേ മാതര”ത്തിന്റെ 125ആം വാര്‍ഷികത്തോടനുബന്ധിച്ച് കലാനിലയം ഗോപി വന്ദേമാതരഗാനം കഥകളിരൂപത്തില്‍ ചിട്ടപ്പെടുത്തിയത് അദ്ദേഹത്തിന്റെ ശിഷ്യര്‍ അരങ്ങിലവതരിപ്പിച്ചു. ഗായകസംഗമത്തിനുശേഷം നളചരിതം നാലാംദിവസം (കലാമണ്ഡലം ഗോപി, കല്ലുവഴി വാസു, വെള്ളിനേഴി ഹരിദാസന്‍), നരകാസുരവധം (കോട്ടയ്ക്കല്‍ ദേവദാസ്, കലാനിലയം മുകുന്ദകുമാര്‍, കോട്ടയ്ക്കല്‍ ചന്ദ്രശേഖരന്‍) എന്നീകഥകള്‍ അവതരിപ്പിച്ചു.

2001ലെ ഒക്ടോബര്‍ ഒമ്പത് കഥകളിസംഗീതമത്സരത്തോടെ തുടങ്ങി. പത്താംക്ലാസിലെ ഭാഷാപാഠത്തെ അടിസ്ഥാനമാക്കി നളചരിതം ഒന്നാം ദിവസത്തിലെ “ഹംസദമയന്തി” എന്ന ഭാഗത്തെക്കുറിച്ച് സോദാഹരണപ്രഭാഷണവും രംഗാവതരണവും നട ത്തി. ഇതില്‍ ഇരിങ്ങാലക്കുടയിലും പരിസരത്തുമുള്ള ഇരുന്നൂറോളം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുവാന്‍ സാധിച്ചു. കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരിയുടെ കഥകളിസംഗീതക്കച്ചേരിക്കുശേഷം നടന്ന അനുസ്മരണസമ്മേളനത്തില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. പി.ബാലചന്ദ്രന്‍ അനുസ്മരണപ്രഭാഷണം നടത്തി. ഗായകസംഗമവും തുടര്‍ന്ന് കലാമണ്ഡലം ഗോപി, ഉണ്ണിത്താന്‍, കൃഷ്ണകുമാര്‍, കലാമണ്ഡലം ഉണ്ണിക്കൃഷ്ണന്‍, കലാമണ്ഡലം സതീശന്‍ കലാമണ്ഡലം ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വംകൊടുത്ത ദക്ഷയാഗം കഥകളിയും ഉണ്ടായിരുന്നു.

2002ലെ പതിനഞ്ചാമത് അനുസ്മരണദിനാചരണം പതിവുപോലെ കഥകളിസംഗീതമത്സരം നടത്തിയാണ് ആരംഭിച്ചത്. കലാമണ്ഡലം ഗംഗാധരന്‍ കോട്ടയ്ക്കല്‍ പി.ഡി. നമ്പൂതിരി ടീമിന്റെ കഥകളി സംഗീതക്കച്ചേരിക്കു  ശേഷം അനുസ്മരണസമ്മേളനം ആരംഭിച്ചു. അനുസ്മരണ പ്രഭാഷണത്തിനുപകരം സംഗീതവുമായി ബന്ധപ്പെട്ട ഒരുവിഷയം അവതരിപ്പിക്കുന്ന “”കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് സ്മാരകപ്രഭാഷണ”ത്തിന് തുടക്കംകുറിച്ചത് പ്രാഫ. വി. അരവിന്ദാക്ഷനാണ്. “ദക്ഷിണേന്ത്യന്‍ സംഗീതത്തിന് കേരളത്തിന്റെ സംഭാവന” യെക്കുറിച്ചാണ് അദ്ദേഹം വിജ്ഞാനപ്രദമായ പ്രഭാഷണം നടത്തിയത്. ഗായകസംഗമവും വി.പി. രാമകൃഷ്ണന്‍നായര്‍ (ദുര്യോധനന്‍), നെല്ലിയോട് (ത്രിഗര്‍ത്തന്‍), കോട്ടയ്ക്കല്‍ കേശവന്‍ (ഉത്തരന്‍), കലാമണ്ഡലം ഗോപി(ബൃഹന്നള) കുഞ്ചുണ്ണി, കുറൂര്‍, നാരായണന്‍നായര്‍, ഹരിനാരായണന്‍, ശിവരാമന്‍ (ചുട്ടി) തുടങ്ങിയവരുടെ നേതൃത്വത്തില്‍ “ഉത്തരാസ്വയംവരം” കഥകളിയും അവതരിപ്പിച്ചു.

ഗായകസംഗമത്തിന് ഗായകരുടെ സാന്നിദ്ധ്യം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ആ പരിപാടി താൽക്കാലികമായി നിര്‍ത്തിവയ്ക്കുകയും വരുന്നവര്‍ക്കെല്ലാം പാടാന്‍ അവസരമൊരുക്കിക്കൊണ്ട് സംഗീതാര്‍ച്ചന ആരംഭിക്കുകയും ചെയ്തു 2003ല്‍. “കഥകളിസംഗീതം – ആലാപനത്തിലെ സ്വകീയവും പരകീയവുമായ അംശങ്ങള്‍” എന്ന വിഷയത്തെ ആധികാരികമായി അപഗ്രഥിച്ച് ഡോ. ടി.എന്‍. വാസുദേവന്‍ സ്മാരകപ്രഭാഷണം നടത്തി.

രാവിലെ കഥകളിസംഗീതമത്സരം ഉണ്ടായിരുന്നു. സംഗീതാര്‍ച്ചനയ്ക്കുശേഷം സന്താനഗോപാലം (പീശപ്പിള്ളി, ചന്ദ്രശേഖരന്‍, വാസുപ്പിഷാരോടി) കിരാതം (സദനം കൃഷ്ണന്‍കുട്ടി, ശിവരാമന്‍, കോട്ടയ്ക്കല്‍ കൃഷ്ണന്‍കുട്ടിനായര്‍) കഥകള്‍ അവതരിപ്പിച്ചു. പുറപ്പാട് മേളപ്പദത്തില്‍ രണ്ടാംതലമുറയിലെ കലാകാരന്മാര്‍ പത്തിയൂര്‍ ശങ്കരന്‍കുട്ടി (പത്തിയൂര്‍ കൃഷ്ണപിള്ളയുടെ മകന്‍), നെടുമ്പള്ളി രാംമോഹന്‍ (നെടുമ്പള്ളി നാരായണന്‍ നമ്പൂതിരിയുടെ മകന്‍), കലാമണ്ഡലം ഹരീഷ് (കലാമണ്ഡലം പരമേശ്വരമാരാരുടെ മകന്‍), കലാമണ്ഡലം ഹരിഹരന്‍ (ചെര്‍പ്പുളശ്ശേരി ശിവന്റെ മകന്‍) മേളപ്പദമവതരിപ്പിച്ചത് ആസ്വാദകശ്രദ്ധ പിടിച്ചുപറ്റുന്ന ഒന്നായി. ബലരാമന്‍, രാമന്‍ നമ്പൂതിരി, നമ്പീശന്‍കുട്ടി, ശശി, ജനാര്‍ദ്ദനന്‍ തുടങ്ങിയവരായിരുന്നു മറ്റു പ്രധാന കലാകാരന്മാര്‍.

പതിനാറുവര്‍ഷം തുടര്‍ച്ചയായി “ഒക്ടോബര്‍ ഒമ്പത്” ആചരിച്ചത് കലാനിലയം ഹാളിലാണ്. ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിന്റെ സുവര്‍ണ്ണജൂബിലിയാഘോഷത്തിന്റെ ഭാഗമായി അന്ന് (2004 ഒക്ടോബര്‍ 9) അവിടെ പരിപാടിയുള്ളതിനാല്‍ ഹാളും കോപ്പും അനുവദിക്കുവാന്‍ നിര്‍വ്വാഹമില്ലെന്ന് അറിയിക്കുകയുണ്ടായി. “ഒക്ടോബര്‍ ഒമ്പത്” ആ ദിവസം തന്നെ നടത്തേണ്ടതുള്ളതുകൊണ്ടും അതനുസരിച്ചുള്ള ആസൂത്രണങ്ങള്‍ മാസങ്ങള്‍ക്കുമുന്‍പേ പൂര്‍ത്തിയായതുകൊണ്ടും കലാനിലയത്തിലെ പരിപാടികള്‍ മറ്റൊരു ദിവസത്തെയ്ക്കു ആക്കാത്തതുകൊണ്ടും അനുസ്മരണവേദി ഗായത്രി ഹാളിലേയ്ക്ക് മാറ്റേണ്ടതായിവന്നു. കലാനിലയവും കഥകളിക്ലബ്ബും അനുസ്മരണക്കമ്മിറ്റിയും ഒന്നായി ആചരിച്ചിരുന്ന ഒരു സ്ഥിരംദിനപരിപാടിയുടെ വേദിമാറുക എന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു എന്നുതന്നെയാണ് അന്നും ഇന്നും എന്റെ അഭിപ്രായം. നിസ്സാരപ്രശ്നത്തിന് ഹാള്‍ നിഷേധിച്ച കലാനിലയം ഭരണസമിതിയുടെ നിലപാട് ഖേദകരം എന്നേ വിശേഷിപ്പിക്കാനുള്ളൂ. അപ്രായോഗികമായ ഒരു പ്രശ്നപരിഹാരനിര്‍ദ്ദേശത്തിലൂടെ കഥകളിയിലെ ഒരു മഹാപ്രതിഭയുടെ അനുസ്മരണപരിപാടികള്‍ അതിപ്രശസ്തമായ ഒരു കഥകളിസ്ഥാപനത്തില്‍ നടത്തിവന്നിരുന്നത് താല്ക്കാലികമായെങ്കിലും മാറേണ്ടിവന്നത് ഒരു ചരിത്രനിയോഗമായിരുന്നിരിക്കാം. (കഥകളി ക്ലബ്ബിന്റെ മാസപരിപാടികള്‍തന്നെ ഒരു ചെറിയ കാലയളവില്‍ കലാനിലയത്തില്‍നിന്നു മാറി അവതരിപ്പിക്കേണ്ടിവന്നതും ചരിത്രം.) എന്നിട്ടും ആസ്ഥാപനത്തിലെ പല കലാകാരന്മാരും ഗായത്രിഹാളിലെ പരിപാടികളില്‍ സഹകരിക്കുകയുണ്ടായി എന്നത് സന്തോഷകരം.

ആ മാനസികാവസ്ഥയിലും പരിപാടികള്‍ ഭംഗിയായി നടന്നു. കഥകളിസംഗീതമത്സരമായിരുന്നു ആദ്യം. നടന്റെ രംഗക്രിയകള്‍ക്കൊപ്പം തന്നെ കഥകളിയില്‍ സംഗീതത്തിനുള്ള പ്രാമാണ്യം അംഗീകരിക്കപ്പെട്ടുകഴിഞ്ഞതാണ്. നൂറ്റാണ്ടുകളിലൂടെ സംക്രമിച്ചും പരിണമിച്ചും ഇന്നത്തെ നിലയിലെത്തിയ കഥകളിസംഗീതത്തിന്റെ വികാസത്തെ വിലയിരുത്തുന്ന ഒരു സെമിനാര്‍ സംഘടിപ്പിക്കുകയുണ്ടായി. കാലികമായി വന്നുചേര്‍ന്ന മാറ്റങ്ങളേയും ശൈലീഭേദങ്ങളേയും വിശകലനം ചെയ്തുകൊണ്ട് വര്‍ത്തമാനകാലകഥകളിസംഗീതം എവിടെ എത്തിനില്‍ക്കുന്നുവെന്ന് അന്വേഷിക്കുകയായിരുന്നു ലക്ഷ്യം. ഡോ. എ.എന്‍. കൃഷ്ണന്‍ ആശയാവതരണം നിര്‍വ്വഹിച്ചു. കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട്, കലാമണ്ഡ ലം പദ്മനാഭന്‍ നായര്‍, പള്ളം മാധവന്‍, കെ.ബി. രാജ് ആനന്ദ് എന്നിവര്‍ സംവാദം നടത്തി. സ്വാതി പുരസ്ക്കാരജേതാവ് കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരിക്ക് സ്വീകരണം നല്‍കി. പ്രാഫ. സി.പി. ഇളയത്, പ്രാഫ. സാവിത്രി ലക്ഷ്മണന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. സംഗീതാര്‍ച്ചനയും യുവപ്രതിഭകള്‍ അവതരിപ്പിച്ച കഥകളിയും നടന്നു. കല്യാണസൗഗന്ധികം (കലാമണ്ഡലം കൃഷ്ണകുമാര്‍, സദനം വിജയന്‍, സദനം ഭാസി), ഉത്തരാസ്വയംവരം (കലാമണ്ഡലം പ്രദീപ്കുമാര്‍, കലാമണ്ഡലം മനോജ്കുമാര്‍, കലാമണ്ഡലം ഷണ്മുഖദാസ്, കലാനിലയം ഗോപിനാഥന്‍). കഥകളിയില്‍ ഏതാനും പുതുനാമ്പുകളുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. പത്തിയൂര്‍, മധു, ബാബു, വിനോദ്, രാജീവന്‍, രാംമോഹന്‍, സുധീഷ് തുടങ്ങിയ ഗായകരും രാമകൃഷ്ണന്‍, ഉദയന്‍, ഹരീഷ്, ഭരതരാജന്‍, ശങ്കരദാസ്, ഹരിഹരന്‍ തുടങ്ങിയ മേളക്കാരും ശങ്കരനാരായണന്‍, സുകുമാരന്‍, ദേവദാസ് തുടങ്ങിയ ചുട്ടിക്കാരും ചേര്‍ന്ന് കഥകളി ഭംഗിയാക്കി. കഥകളിയുടെ ഭാവി യുവപ്രതിഭകളില്‍ സുരക്ഷിതമാണെന്ന് ആശ്വസിച്ചുകൊണ്ട് ഒരു ഒക്ടോബര്‍ ഒമ്പതിനുകൂടി തിരശ്ശീലവീണു.

സന്തോഷവും സന്താപവും പങ്കിടുന്ന രണ്ടു ചടങ്ങുകള്‍ക്ക് 2005ലെ അനുസ്മരണദിനം സാക്ഷ്യംവഹിച്ചു. കഥകളിനാട്യാചാര്യന്‍ കലാമണ്ഡലം രാമന്‍കുട്ടിനായര്‍ക്ക് അശീതിപ്രണാമം അര്‍പ്പിച്ചു  കൊണ്ട് പ്രാഫ. സി. പി. ഇളയത് അദ്ദേഹത്തെ പൊന്നാട അണിയിച്ചരംഗം ഏവര്‍ക്കും ആഹ്ലാദം പകര്‍ന്നു നല്‍കി. ഉണ്ണിക്കൃഷ്ണക്കുറുപ്പിനുശേഷം കഥകളി പ്രേമികളെ ഏറ്റവും ആകര്‍ഷിച്ച ഗായകപ്രതിഭയും കഥകളിസംഗീതത്തിലെ ഹരിതലാവണ്യം എന്ന വിശേഷണത്തിന് അര്‍ഹനും ആയിരുന്ന വെണ്മണി ഹരിദാസനെ അനുസ്മരിച്ച് ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് എസ്. നാരായണന്‍ നമ്പൂതിരി നടത്തിയ പ്രഭാഷണം അന്തരീക്ഷം ശോകാര്‍ദ്രമാക്കി.

രാവിലെ കഥകളിസംഗീതമത്സരവും തുടര്‍ന്ന് സംഗീതാര്‍ച്ചനയും ഉണ്ടായിരുന്നു. “ഭജനസംഗീതവും കഥകളിസംഗീതവും” ഇതായിരുന്നു സ്മാരകപ്രഭാഷണത്തിനു വിഷയം. ഡോ. ടി.എസ്. മാധവന്‍കുട്ടിയാണ് കാലികപ്രാധാന്യമുള്ള പ്രസ്തുതവിഷയം അവതരിപ്പിച്ചത്. ഉടയാളൂര്‍, കല്യാണരാമന്‍ തുടങ്ങിയ പ്രഗത്ഭരുടെ കേരളത്തിലെ ഭജന വേദികളിലെ സ്ഥിരസാന്നിദ്ധ്യം കഥകളിസംഗീതാസ്വാദകരെയും ഒട്ടൊന്ന് പ്രലോഭിപ്പിച്ചിട്ടുള്ള അവസരവുമായിരുന്നു അത്.

ലവണാസുരവധം (ശിവരാമന്‍ : സീത, കലാമfiലം ഗോപാലകൃഷ്ണന്‍ : കുശന്‍, കലാനിലയം ഗോപി : ലവന്‍, രാമന്‍കുട്ടിനായര്‍ : ഹനൂമാന്‍), കീചകവധം (വെള്ളിനേഴി ഹരിദാസന്‍:സുദേഷ്ണ, മാര്‍ഗി വിജയകുമാര്‍ : സൈരന്ധ്രി, ഗോപിനാഥന്‍: മല്ലന്‍, മനോജ്കുമാര്‍ : വലലന്‍, മടവൂര്‍ : കീചകന്‍) കഥകള്‍ അവതരിപ്പിച്ചു. ഉണ്ണിക്കൃഷ്ണന്‍, കൃഷ്ണദാസ്, പനമണ്ണശശി, നമ്പീശന്‍കുട്ടി, രവി, ശശി, ശിവരാമന്‍… എന്നിവരും പങ്കെടുത്തു. അനുസ്മരണം കലാനിലയം ഹാളിലേയ്ക്ക് മടങ്ങിവന്നു.

ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിന്‍റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ്‌ 2006ലെ അനുസ്മരണദിനം ആചരിച്ചത്. കഥകളിസംഗീതമത്സരം, സംഗീതാര്‍ച്ചന, അനുസ്മരണസമ്മേളനം, കഥകളി എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു. കഥകളിക്ക്, പ്രത്യേകിച്ച് കഥകളി സംഗീതത്തിന് എന്നും ഒരു കാവല്‍ഭടനായിരുന്ന കലാമണ്ഡലം ഹൈദരലിയുടെ വേര്‍പാട് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഹൈദരലിയെ അനുസ്മരിച്ച് ജീവന്‍ ടി.വി. പ്രാഗ്രാം ചീഫ് സനല്‍ പോറ്റി വികാരഭരിതമായി സംസാരിച്ചപ്പോള്‍ ഒട്ടേറെ സ്മരണകള്‍ സ്മൃതിപഥത്തില്‍ തെളിഞ്ഞുവന്നു. നമുക്കു നഷ്ടപ്പെട്ട സ്വത്തിന്റെ മൂല്യം ബോദ്ധ്യപ്പെടുത്തുന്ന ഒന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം.

“കഥകളിസംഗീതത്തിന് കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്റെ സംഭാവനകള്‍” വി. കലാധരന്‍ അവതരിപ്പിച്ച ഉണ്ണിക്കൃഷ്ണക്കുറുപ്പ് സ്മാരകപ്രഭാഷണത്തിന്റെ വിഷയം ഇതായിരുന്നു. വെങ്കിടകൃഷ്ണഭാഗവതരില്‍ നിന്ന് ആരംഭിച്ച് നീലകണ്ഠന്‍ നമ്പീശന്‍ പൊന്നാനി ഭാഗവതര്‍ക്ക് നേടിക്കൊടുത്ത ആധികാരികതയെ അവലോകനം ചെയ്ത് അദ്ദേഹത്തിന്റെ ശിഷ്യരിലൂടെ കഥകളിസംഗീതത്തിനുണ്ടായ പരിണാമങ്ങള്‍ വിശകലനം ചെയ്ത് കലാധരന്‍ നടത്തിയ പ്രഭാഷണം ഉജ്ജ്വലമായിരുന്നു. നമ്പീശന്റെ പ്രഥമശിഷ്യനായ ഉണ്ണിക്കൃഷ്ണക്കുറുപ്പില്‍ നിന്നു തുടങ്ങി കോട്ടയ്ക്കല്‍ നാരായണന്‍ വരെയുള്ളവരെ, അവരുടെ സംഗീതവഴികളെ സൂക്ഷ്മമായി നിരീക്ഷിക്കാനും കലാധരന്‍ ശ്രമിക്കുകയും വിജയിക്കുകയും ചെയ്തു.

അന്നത്തെ കഥകളി സുഭദ്രാഹരണ വും (കലാമണ്ഡലം ഗോപി, കലാമണ്ഡലം കൃഷ്ണകുമാര്‍) ബാലിവിജയവും (സദനം ബാലകൃഷ്ണന്‍, നരിപ്പറ്റ, കാവുങ്ങല്‍), കിരാതവും (കലാമണ്ഡലം സോമന്‍, കേശവന്‍ നമ്പൂതിരി, രാധാകൃഷ്ണന്‍) ആയിരുന്നു. ഉണ്ണിക്കൃഷ്ണന്‍, വാരണാസി (ചെണ്ട) രവി, രാജനാരായണന്‍ (മദ്ദളം) ജനാര്‍ദ്ദനന്‍, ദേവദാസ് (ചുട്ടി) തുടങ്ങിയവരും കഥകളിയില്‍ പങ്കെടുത്തു.

കഥകളിസംഗീതമത്സരം, സംഗീതാര്‍ച്ചന എന്നിവ പതിവുപോലെ 2007 ഒക്ടോബര്‍ 9നും ഉണ്ടായിരുന്നു. കഥകളിസംഗീതത്തിന് ആദ്യമായി കേന്ദ്രസംഗീതനാടക അക്കാദമി അവാര്‍ഡ് ലഭിച്ച കലാമണ്ഡലം ഗംഗാധരനെ അനുമോദിക്കുന്നതിനു വേദിയൊരുക്കി. കേരളകലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. കെ.ജി. പൗലോസ് ഉപഹാരം സമര്‍പ്പിച്ചു. “കഥകളി – കൂടിയാട്ടത്തിനും കൃഷ്ണനാട്ടത്തിനും പിന്‍ഗാമി”. സംഗീതവുമായി ബന്ധമൊന്നുമില്ലെങ്കിലും നമ്മുടെ പ്രധാനപ്പെട്ട മൂന്നുദൃശ്യകലകളെയും അവതമ്മിലൂള്ള പാരസ്പര്യത്തേയും ആഴത്തില്‍ പഠിച്ച് വേണുജി അവതരിപ്പിച്ച സ്മാരകപ്രഭാഷണം വിജ്ഞാനപ്രദമായിരുന്നു. യുവകലാകാരന്‍മാര്‍ക്ക് അവസരം നല്‍കി മറ്റൊരു കഥകളിയരങ്ങ് സംഘടിപ്പിച്ചു.

സന്താനഗോപാലം കഥയില്‍ പീശപ്പിളളിയുടെ ബ്രാഹ്മണനും, ഷണ്‍മുഖദാസിന്റെ അര്‍ജ്ജുനനും, കോട്ടയ്ക്കല്‍ സി.എം. ഉണ്ണിക്കൃഷ്ണന്റെ ശ്രീകൃഷ്ണനും, ശുചീന്ദ്രനാഥന്റെ ബ്രാഹ്മണപത്നിയും ആയിരുന്നു. കലാനിലയം ഗോപിയുടെ പരശുരാമനും, ഹരിനാരായണന്റെ ശ്രീരാമനുമായി സീതാസ്വയംവരമായിരുന്നു രണ്ടാംകഥ. തുടര്‍ന്ന് ദുര്യോധനവധത്തില്‍ ഏറ്റുമാനൂര്‍ പി.കണ്ണന്‍ (ദുര്യോധനന്‍), മധുമോഹനന്‍ (ദുശ്ശാസനന്‍), വിനോദ്കുമാര്‍ (ധര്‍മ്മപുത്രര്‍), ഹരീശ്വരന്‍ (ശകുനി), കലാമണ്ഡലം വിജയകുമാര്‍ (പാഞ്ചാലി) മനോജ്കുമാര്‍ (ശ്രീകൃഷ്ണന്‍), പ്രദീപ്കുമാര്‍ (രൗദ്രഭീമന്‍) എന്നിവരും അഭിനയിച്ചു. മധു, ബാബു, ജയപ്രകാശ്, ഹരീഷ്, വിനോദ്, രാജീവന്‍, രാംമോഹന്‍, വേങ്ങേരി, ശിവദാസ്, സുധീഷ്, രാജേഷ് മേനോന്‍ തുടങ്ങിയ പാട്ടുകാരും, നന്ദകുമാര്‍, രാമകൃഷ്ണന്‍, വിജയരാഘവന്‍, മനോജ്കുമാര്‍, ഹരിഹരന്‍, പ്രകാശന്‍ തുടങ്ങിയ മേളക്കാരും ശിവദാസ്, ദേവദാസ്, പ്രശാന്ത് തുടങ്ങിയ ചുട്ടിക്കാരും പങ്കെടുത്തു.

ഇരുപതാംനൂറ്റാണ്ടിന്റെ ഉത്തരപാദത്തില്‍ ഒരു സുവര്‍ണ്ണകാലം സൃഷ്ടിച്ച നമ്മുടെ ഈ വിശ്വോത്തരകല, നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിന്റെ ചരിത്രമാകുമ്പോഴും ഇതിന്റെ ഭാവി ഭാസുരമാണോ എന്ന് ആശങ്കപ്പെടുന്ന അവസ്ഥ നിലനിന്നിരുന്നു. എന്നാല്‍ അതെല്ലാം ഒരു വെല്ലുവിളിയായി ഏറ്റെടുക്കാനും, ആരോഗ്യകരമായ മത്സരത്തിലൂടെ ഒന്നിനൊന്നു മെച്ചപ്പെട്ടപ്രകടനം കാഴ്ചവയ്ക്കുവാനും പ്രാപ്തരായ അര്‍പ്പണബോധമുള്ള ചെറുപ്പക്കാരുടെ ഒരു തലമുറ വളര്‍ന്നുവരുന്നു എന്നത് ഏറ്റവും ശുഭകരമായ കാര്യമാണ്. കഥകളിയുടെ ഭാവി ഇവരുടെ കയ്യില്‍ ഭദ്രമാണെന്ന് വീണ്ടും തെളിയിക്കാന്‍ സാധിച്ചു എന്നത് സന്തോഷം നല്‍കുന്നു.

2008 ഒക്ടോബര്‍ ഒമ്പതിന് കഥകളിസംഗീതമത്സരം കഥകളി സംഗീതാര്‍ച്ചന എന്നിവയ്ക്കു  ശേഷം നടന്ന അനുസ്മരണ സമ്മേളനത്തില്‍ ഡോ. ഇ.എന്‍. നാരായണനാണ് സ്മരകപ്രഭാഷണം നടത്തിയത്. “കഥകളിസംഗീതം – സാഹിത്യവും ആലാപനവും” എന്നതായിരുന്നു പ്രബന്ധവിഷയം. ഒരു അദ്ധ്യാപകനും കഥകളി നടനുമായ നാരായണന്‌ സംഗീതവും വഴങ്ങുമെന്നുള്ളതുകൊണ്ട് ശ്രോതാക്കള്‍ക്ക് താനുദ്ദേശിക്കുന്ന സംഗതികള്‍ എത്തിക്കാന്‍ അദ്ദേഹത്തിനു ബുദ്ധിമുട്ടുണ്ടായില്ല. കഥകളിയിലെ സാഹിത്യത്തെ രംഗകലക്കിണങ്ങുന്നവിധത്തില്‍ എങ്ങനെ സംഗീതം നല്കി ആലപിക്കണമെന്നത് ഒരു വെല്ലുവിളിയാണെന്നും അത് ഉള്‍ക്കൊണ്ട് പാടുന്ന ഗായകനേ വിജയിക്കാന്‍ സാധിക്കൂ എന്നും സ്പഷ്ടം. ഒളപ്പമണ്ണ ദാമോദരന്‍ നമ്പൂതിരിപ്പാട് ഉണ്ണിക്കൃഷ്ണക്കുറുപ്പിനെ അനുസ്മരിച്ച് സംസാരിച്ചു.

നളചരിതം മൂന്നാംദിവസവും തോരണയുദ്ധവുമായിരുന്നു കഥകളി. കലാമണ്ഡലം ശ്രീകുമാര്‍ (നളന്‍), സദനം കൃഷ്ണന്‍കുട്ടി (ബാഹുകന്‍), കേശവന്‍ നമ്പൂതിരി (സുദേവന്‍), സദനം ബാലകൃഷ്ണന്‍ (ഹനുമാന്‍), നരിപ്പറ്റ (രാവണന്‍), പരിയാനംപറ്റ (ലങ്കാലക്ഷ്മി) തുടങ്ങിയവര്‍ വേഷത്തിനും കുറൂര്‍, ഉണ്ണിക്കൃഷ്ണന്‍, വിജയകൃഷ്ണന്‍, സദനം ശ്രീധരന്‍, പ്രകാശന്‍, കലാനിലയം പ്രകാശന്‍ എന്നിവര്‍ മേളത്തിനും, ബാലനും പ്രശാന്തും ചുട്ടിക്കും പങ്കെടുത്തു.

കഥകളിപ്പാട്ടിന്റെ തനതുശൈലി കാത്തുസൂക്ഷിച്ച മറ്റൊരുസംഗീതജ്ഞന്റെ വേര്‍പാടുകൂടി… ഉണ്ണിക്കൃഷ്ണക്കുറുപ്പിനോടൊപ്പം പി. എസ്. വി. നാട്യസംഘത്തിന്റെകൂടെയും അല്ലാതെയും നിരവധിവേദികളില്‍ സഹഗായകനായി പാടുകയും, ആ സംഗീത ശൈലി കുറച്ചൊക്കെ സ്വായത്തമാക്കുകയും ചെയ്ത കോട്ടയ്ക്കല്‍ പരമേശ്വരന്‍നമ്പൂതിരി. “ഒക്ടോബര്‍ ഒമ്പതി”ന്റെ ആദ്യത്തെ അനുസ്മരണംതൊട്ട് മിക്കവാറും എല്ലാവര്‍ഷവും നേരത്തെ എത്തിച്ചേരുകയും, കഥകളിസംഗീതമത്സരത്തിലെ വിധികര്‍ത്താവിന്റെ ചുമതലമുതല്‍ എന്തിനും തയ്യാറായി സഹകരിക്കുകയും ചെയ്തിരുന്ന എല്ലാവരുടേയും “കൊച്ചേട്ടന്‍’ എന്ന പരമേശ്വരന്‍ നമ്പൂതിരി. “ഗായകസംഗമം’ എന്ന പരിപാടിക്ക് ആരംഭംകുറിച്ചതും അദ്ദേഹമാണ്. പി.എസ്.വി. നാട്യസംഘം സെക്രട്ടറി കെ. വിജയന്‍വാരിയര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ വ്യക്തിപരവും കലാപരവുമായ ജീവിതത്തെ നേരിട്ടുകണ്ട അനുഭവത്തിലൂടെ അനുസ്മരിച്ചു.

2009ലെ  അനുസ്മരണദിനത്തില്‍ രാവിലെ കഥകളിസംഗീതമത്സരവും തുടര്‍ന്ന് കഥകളിസംഗീതാര്‍ച്ചനയും നടന്നു.പ്രാഫ. ഞായത്ത് ബാലന്‍ ഉണ്ണിക്കൃഷ്ണക്കുറുപ്പ് സ്മാരക പ്രഭാഷണം നടത്തി. “വര്‍ത്തമാനകാല കഥകളി-വഴികളും വഴിഭേദങ്ങളും.” കഥകളിസംബന്ധിയായ നിരവധി ലേഖനങ്ങള്‍ എഴുതുകയും മഹാരഥന്മാരായ കഥകളി ആചാര്യന്മാരുടെ ജീവിതരേഖകള്‍ തയ്യാറാക്കുന്നതില്‍ മുന്‍കയ്യെടുക്കുകയും ചെയ്തിട്ടുള്ള ബാലന്‍മാസ്റ്റര്‍ ഏറെ ഗഹനമായ തന്റെ പ്രബന്ധവിഷയം ഭംഗിയായി അവതരിപ്പിച്ചു.

കലാമണ്ഡലം വിജയകുമാര്‍ (ദമയന്തി), ശുചീന്ദ്രനാഥന്‍ (കേശിനി), വാസുപ്പിഷാരോടി (ബാഹുകന്‍) എന്നിവരുടെ നളചരിതം നാലാംദിവസവും സദനം വിജയന്‍ (സുദേഷ്ണ), വെള്ളിനേഴി ഹരിദാസന്‍ (സൈരന്ധ്രി), സോമന്‍ (കീചകന്‍) വിനോദ്കുമാര്‍ (വലലന്‍) എന്നിവരുടെ കീചകവധവുമായിരുന്നു കഥകളി. ബലരാമന്‍, ബാലസുന്ദരന്‍ തുടങ്ങിയവര്‍ ചെണ്ടയിലും, പ്രകാശന്‍, രാജനാരായണന്‍ തുടങ്ങിയവര്‍ മദ്ദളത്തിലും സതീശന്‍ ചുട്ടിയിലും പങ്കെടുത്ത കഥകളിയോടെ ഇരുപത്തിരണ്ടാമത് അനുസ്മരണദിനാചരണത്തിന് തിരശ്ശീലവീണു.

2010 ലെ അനുസ്മരണം പതിവുപോലെ കഥകളിസംഗീതമത്സരത്തോടെ തുടങ്ങി. കേരളസംഗീതനാടക അക്കാദമിയുടെ കഥകളി പുരസ്ക്കാരം ലഭിച്ച കോട്ടയ്ക്കല്‍ നന്ദകുമാരന്‍ നായര്‍ക്കും, കലാനിലയം ഉണ്ണിക്കൃഷ്ണനും സ്വീകരണം നല്‍കി. അക്കാദമി നിര്‍വ്വാഹക സമിതി അംഗം പ്രാഫ. ജോര്‍ജ് എസ്.പോള്‍ മുഖ്യാതിഥിയായിരുന്നു. ഗാനകല്ലോലിനി സുകുമാരി നരേന്ദ്രമേനോന്‍ ഉണ്ണിക്കൃഷ്ണക്കുറുപ്പ് സ്മാരകപ്രഭാഷണം നിര്‍വ്വഹിച്ചു. “”മലയാളിയുടെ പാട്ടുവഴക്കങ്ങള്‍” ആയിരുന്നു വിഷയം. പതിറ്റാണ്ടുകളായി സംഗീതരംഗത്ത് പാടിയും ഗവേഷണം ചെയ്തും സ്വായത്തമാക്കിയ അറിവ് വളരെ ആധികാരികമായിത്തന്നെ സദസ്സിനു പകര്‍ന്നുതരാന്‍ അവര്‍ക്കു സാധിച്ചു.

രാത്രി കഥകളിയില്‍ സന്താനഗോപാലം (മഹേന്ദ്രന്‍, ബാലസുബ്രഹ്മണ്യന്‍, കേശവന്‍ നമ്പൂതിരി, സാജന്‍), നരകാസുരവധം(പരിയാനംപറ്റ, കല്ലുവഴി വാസു, സദാനന്ദന്‍, നന്ദകുമാരന്‍ നായര്‍, വൈശാഖ്) കഥകള്‍ അവതരിപ്പിച്ചു. ബലരാമന്‍, രാമന്‍ നമ്പൂതിരി, ഉദയന്‍, നമ്പീശന്‍കുട്ടി, നടരാജന്‍, പ്രകാശന്‍ തുടങ്ങിയ മേളക്കാരും, ചുട്ടിക്ക് ശിവാമനും പങ്കെടുത്തു. കേരളസംഗീത നാടക അക്കാദമിയുടെ സഹകരണം ലഭിക്കുകയുണ്ടായി.

കാലടി സംസ്കൃതസര്‍വ്വകലാശാലയിലെ മലയാളം അദ്ധ്യാപകനായ ഡോ. എന്‍. അജയകുമാറിന്റെ ഉണ്ണിക്കൃഷ്ണക്കുറുപ്പ് സ്മാരക പ്രഭാഷണം “ആട്ടക്കഥാസാഹിത്യവും കഥകളിസംഗീതവും” എന്ന വിഷയത്തെ കേന്ദ്രീകരിച്ചായിരുന്നു. കഥകളിയുടെ ഉത്ഭവംമുതല്‍ ആട്ടക്കഥാരൂപത്തില്‍ പുറത്തുവന്നിട്ടുള്ള കൃതികളെ സ്പര്‍ശിക്കുകയും നടപ്പിലുള്ള കഥകള്‍ക്ക് മുന്‍തൂക്കംനല്‍കി അവയിലെ സാഹിത്യം അരങ്ങിലെത്തുമ്പോള്‍ സംഗീതവുമായി ബന്ധപ്പെട്ട് എങ്ങനെ പ്രയോഗിച്ചുപോന്നു എന്നുവിലയിരുത്തുകയും ചെയ്തുകൊണ്ട് വളരെ ശ്രമകരമായ ജോലിയാണ് അദ്ദേഹം നടത്തിയത്. രേഖപ്പെടുത്തിയ കഥകളി ചരിത്രങ്ങളെല്ലാം പരിശോധിക്കാനും ആട്ടക്കഥാകാരന്മാരെയും കലാകാരന്മാരെയും കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും അജയകുമാര്‍ നന്നായി ശ്രമിച്ചിട്ടുതന്നെയാണ് വിഷയം അവതരിപ്പിച്ചത്.

2011 ലെ അനുസ്മരണദിനത്തില്‍ കലാമണ്ഡലം മോഹനകൃഷ്ണന്‍ പാടി അവതരിപ്പിച്ച “കുറുപ്പാശാന്റെ സംഗീതവഴികളിലൂടെ ഒരു യാത്ര” പുതുമയുള്ളതായിരുന്നു. കഥകളിസംഗീതമത്സരവും കഥകളിസംഗീതാര്‍ച്ചനയും രാവിലെ നടന്നു. കഥകളിക്ക് കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ച കലാമണ്ഡലം കെ.ജി. വാസുദേവന്‍, കേരളസംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ച മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി, ഫാക്റ്റ് പദ്മനാഭന്‍, കേന്ദ്ര സംഗീതനാടകഅക്കാദമി സീനിയര്‍ ഫെല്ലോഷിപ്പ് ലഭിച്ച വെള്ളിനേഴി ഹരിദാസന്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി.

രാത്രി കഥകളിയില്‍ കുചേലവൃത്തവും, മല്ലയുദ്ധത്തോടെ കീചകവധവും അവതരിപ്പിച്ചു. കലാമണ്ഡലം കെ.ജി. വാസുദേവന്‍ (കുചേലന്‍), ഹരിദാസന്‍ (പത്നി), കോട്ടയ്ക്കല്‍ കേശവന്‍ (ശ്രീകൃഷ്ണന്‍), ഫാക്റ്റ് പദ്മനാഭന്‍ (സൈരന്ധ്രി), ഉണ്ണിത്താന്‍ (മല്ലന്‍), ദേവദാസ് (വലലന്‍), സദനം രാമന്‍കുട്ടി നായര്‍ (കീചകന്‍) എന്നിവരായിരുന്നു പ്രധാനവേഷക്കാര്‍. വാഴേങ്കട കൃഷ്ണദാസ്, സദനം രാമകൃഷ്ണന്‍, ഉദയന്‍, സദനം ദേവദാസ് , മനോജ് , പ്രകാശന്‍ തുടങ്ങി മേളക്കാരും സതീശന്‍ ചുട്ടിക്കും പങ്കെടുത്തു.

കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പനുസ്മരണദിനാചരണത്തിന്റെ രജതജൂബിലി 2012ല്‍ മൂന്നുദിവസങ്ങളിലായി സംഘടിപ്പിച്ചു. ഒക്ടോബര്‍ 7ന് ഈ ത്രിദിനപരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് സ്ഥലം എം.എല്‍.എ. അഡ്വ. തോമസ് ഉണ്ണിയാടനാണ്. കമ്മിറ്റി പ്രസിഡണ്ട് പ്രാഫ. സി.പി. ഇളയത് അദ്ധ്യക്ഷത വഹിച്ചു. കഥകളിസംഗീതമത്സരം, സംഗീതാര്‍ച്ചന എന്നിവയ്ക്കുശേഷം നാദോപാസനയുടെ സഹകരണത്തോടെ ഡോ. ചേര്‍ത്തല രംഗനാഥശര്‍മ്മയുടെ സംഗീതക്കച്ചേരി നടന്നു. ആറ്റുകാല്‍ കെ. ബാലസുബ്രഹ്മണ്യന്‍ (വയലിന്‍), നാഞ്ചില്‍ എ.ആര്‍. അരുള്‍ (മൃദംഗം), വാഴപ്പിള്ളി കൃഷ്ണകുമാര്‍ (ഘടം) എന്നിവര്‍ കച്ചേരിക്ക് പക്കമേളമൊരുക്കി.

രണ്ടാംദിവസമായ ഒക്ടോബര്‍ എട്ടിലെ പരിപാടികള്‍ പൂര്‍ണ്ണമായും സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി തയ്യാറാക്കിയതായിരുന്നു. യുവജനോത്സവവേദിയില്‍ അവതരിപ്പിക്കുന്ന ഒരു മത്സരയിനം എന്ന പരിമിതമായ അറിവെ ഭൂരിപക്ഷം കുട്ടികള്‍ക്കും കഥകളിയെക്കുറിച്ച് ഉള്ളു എന്ന സത്യം മനസ്സിലാക്കി കഥകളി എന്ന ശ്രേഷ്ഠകലയെ കൂടുതല്‍ അടുത്തറിയുന്നതിന് അവസരം ഒരുക്കിക്കൊണ്ട് “കഥകളിപരിചായകം”  സംഘടിപ്പിച്ചു. ആശയവും ആവിഷ്ക്കാരവും നിര്‍വ്വഹിച്ചത് പീശപ്പിള്ളി രാജീവനാണ്. കഥകളിയിലെ തെരഞ്ഞെടുത്ത രംഗങ്ങള്‍ ആമുഖ പ്രഭാഷണത്തോടെ, ആസ്വദിക്കേണ്ട വിധം വിവരിച്ച് അവതരിപ്പിച്ചപ്പോള്‍ ‍വിദ്യാര്‍ത്ഥികള്‍ക്ക് അതൊരു പുതിയ അനുഭവമായി.

കലാനിലയം ഗോപി, വെള്ളിനേഴി ഹരിദാസന്‍, കലാമണ്ഡലം മനോജ്കുമാര്‍, കലാനിലയം ഗോപിനാഥന്‍, കലാമfiലം പ്രദീപ്കുമാര്‍, ജയന്തി ദേവരാജ്, കലാനിലയം വിനോദ്കുമാര്‍, വിനോദ് വാരിയര്‍, തൃപ്പയ്യ പീതാംബരന്‍, കലാനിലയം മനോജ്, കലാമണ്ഡലം രാജേന്ദ്രന്‍, കലാനിലയം രാജീവന്‍, കലാമണ്ഡലം വിശ്വാസ്, കലാനിലയം ഉദയന്‍ നമ്പൂതിരി, കലാനിലയം രതീഷ്, കലാനിലയം പ്രകാശന്‍, കലാനിലയം ഉണ്ണിക്കൃഷ്ണന്‍, കലാനിലയം ശങ്കരനാരായണന്‍, കലാനിലയം ദേവദാസ് എന്നിവരാണ് ഇതില്‍ സഹകരിച്ചത്. കഥകളിയിലേയ്ക്കുള്ള അകലം കുറഞ്ഞുവെന്ന് പങ്കെടുത്ത ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പറഞ്ഞത് സംഘാടകരെ തൃപ്തരാക്കി.

കേരളകലാമണ്ഡലത്തിന്റെ സഹകരണത്തോടെ “കഥകളിസംഗീതം” എന്ന വിഷയത്തെക്കുറിച്ച് നടത്തിയ ഒരു സെമിനാറോടെയാണ് “ഒക്ടോബര്‍ ഒമ്പതിലെ” ചടങ്ങുകള്‍ ആരംഭിച്ചത്. കഥകളിസംഗീതത്തിലെ സാഹിത്യവിചാരം (ഡോ. ഇ.എന്‍.നാരായണന്‍), കര്‍ണ്ണാടകസംഗീതസങ്കേതങ്ങള്‍ കഥകളിപ്പാട്ടില്‍ (വി. കലാധരന്‍), കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശനും കഥകളിസംഗീതത്തിലെ ശൈലീഭേദങ്ങളും (കെ.ബി. രാജ് ആനന്ദ് ) എന്നീ പ്രബന്ധങ്ങളാണ് തയ്യാറാക്കി ചര്‍ച്ചയ്ക്കുവന്നത്. പി.എം. നാരായണന്‍ മോഡറേറ്ററായിരുന്നു. വി. രാധാകൃഷ്ണന്‍ സ്വാഗതവും കലാമണ്ഡലം നാരായണന്‍ എമ്പ്രാന്തിരി കൃതജ്ഞതയും രേഖപ്പെടുത്തി.

കഴിഞ്ഞ പത്തുവര്‍ഷമായി നിര്‍ത്തിവച്ചിരുന്ന “ഗായകസംഗമം” പുനരാവിഷ്ക്കരിച്ചത് പുതിയ പ്രക്ഷകര്‍ക്ക് നവ്യാനുഭവമായി. മുടങ്ങാതെ ഒക്ടോബര്‍ ഒമ്പതിന് എത്തിച്ചേര്‍ന്നിരുന്നവര്‍ക്ക് കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരി, കലാമണ്ഡലം ഹൈദരലി, കോട്ടയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരി, തണ്ണീര്‍മുക്കം വിശ്വംഭരന്‍, നെടുമ്പള്ളി നാരായണന്‍ നമ്പൂതിരി, തിരൂര്‍ നമ്പീശന്‍, വെണ്മണി ഹരിദാസ്, സദനം ജ്യോതി, കലാമണ്ഡലം രവീന്ദ്രന്‍ തുടങ്ങിയ ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ പിന്‍തുടര്‍ച്ചക്കാരും ഗായകസംഗമത്തില്‍ അണിചേര്‍ന്നിരുന്നവരുമായ കലാകാരന്മാരുടെ അഭാവം വേദനയുണര്‍ത്തുന്ന അനുഭവമാണ് നല്‍കിയത്. ഉണ്ണിക്കൃഷ്ണക്കുറുപ്പിനെക്കുറിച്ച് തയ്യാറാക്കിയ “കലയായി സുമതേ” എന്ന പുസ്തകം പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ പ്രകാശനം ചെയ്തു. ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം പ്രസിഡണ്ട് കെ. നരേന്ദ്ര വാരിയര്‍ ആദ്യപ്രതി ഏറ്റുവാങ്ങി. ഡോ. എ.എന്‍. കൃഷ്ണന്‍ പുസ്തകത്തെ പരിചയപ്പെടുത്തി.

ഉണ്ണികൃഷ്ണക്കുറുപ്പ് സ്മാരകപ്രഭാഷണ വിഷയം “കഥകളിസംഗീതത്തിലെ ജനകീയത”യും പ്രഭാഷകന്‍ ആലങ്കോട് ലീലാകൃഷ്ണനും ആയിരുന്നു. വളരെ സരസമായി, എന്നാല്‍ വിഷയത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുതന്നെ ഉണ്ണിക്കൃഷ്ണക്കുറുപ്പിനെക്കുറിച്ചും കഥകളിയെക്കുറിച്ചും നടത്തിയ പ്രഭാഷണം വളരെ ഹൃദ്യമായിരുന്നു. കഥകളികണ്ടും ഉണ്ണിക്കൃഷ്ണക്കുറുപ്പിനെ കേട്ടും, ആട്ടക്കഥാസാഹിത്യം പഠിച്ചും, ധാരാളമായി പറഞ്ഞും അനുഭവസ്ഥനാണ് താനെന്ന് അടിവരയിടുന്ന ശൈലിയായിരുന്നു ഉടനീളം.

രാത്രി നടന്ന കഥകളിയില്‍ സദനം കൃഷ്ണന്‍കുട്ടിയുടെ നളന്‍, കെ.ജി. വാസുദേവന്റെ ഹംസം, രാജശേഖരന്റെ ദമയന്തി, (നളചരിതം ഒന്നാംദിവസം) ബാലസുബ്രഹ്മണ്യന്റെ രാവണന്‍, മാത്തൂരിന്റ നാരദന്‍, നെല്ലിയോടിന്റെ ബാലി (ബാലിവിജയം) എന്നതായിരുന്നു വേഷത്തിന്റെ പട്ടിക. രാമന്‍നമ്പൂതിരി, കൃഷ്ണദാസന്‍, രാമകൃഷ്ണന്‍, രതീഷ് എന്നിവര്‍ ചെണ്ടയ്ക്കും, രവി, രാജനാരായണന്‍, ഭരതരാജന്‍, പ്രകാശന്‍ എന്നിവര്‍ മദ്ദളത്തിനും സതീശന്‍ ചുട്ടിക്കും.

അങ്ങനെ മൂന്നുദിവസം നീണ്ടുനിന്ന രജതജൂബിലിക്ക് സമാപനമായി.

കഥകളിസംഗീതമത്സരം

ഇരുപത്തിയഞ്ചുവര്‍ഷം തുടര്‍ച്ചയായി കഥകളിസംഗീതമത്സരം നല്ലരീതിയില്‍ നടത്താന്‍ സാധിച്ചു എന്നത് അഭിമാനിക്കത്തക്ക ഒന്നാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമത്സരം, ഇരുവിഭാഗങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് കാഷ് അവാര്‍ഡും പ്രശസ്തിപത്രവും, പ്രാത്സാഹനസമ്മാനങ്ങള്‍, സര്‍വ്വോപരി പങ്കെടുക്കുന്നവര്‍ക്കെല്ലാം വഴിച്ചെലവ്.

സമ്മാനങ്ങള്‍

ആണ്‍കുട്ടികളുടെ വിഭാഗം

ഒന്നാംസ്ഥാനം : കലാമണ്ഡലം ഉണ്ണിക്കൃഷണക്കുറുപ്പ് സ്മാരകം
ആയിരംരൂപയും സാക്ഷ്യപത്രവും
(പാലനാട് ദിവാകരന്‍ ഏര്‍പ്പെടുത്തിയത്)

രണ്ടാംസ്ഥാനം: എന്‍.ടി.പി.ഗോവിന്ദന്‍ നമ്പൂതിരിപ്പാട് സ്മാരകം
750 രൂപയും സാക്ഷ്യപത്രവും
(എന്‍.പി. പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഏര്‍പ്പെടുത്തിയത്)

മൂന്നാംസ്ഥാനം: ടി.പി. രാമന്‍ നമ്പ്യാര്‍ സ്മാരകം
500 രൂപയും സാക്ഷ്യപത്രവും
(ടി.ആര്‍. പരമേശ്വരന്‍ ഏര്‍പ്പെടുത്തിയത്)

പെണ്‍കുട്ടികളുടെ വിഭാഗം

ഒന്നാംസ്ഥാനം : കെ.പി. അമ്മുക്കുട്ടി പിഷാരസ്യാര്‍ സ്മാരകം
ആയിരം രൂപയും സാക്ഷ്യപത്രവും
(ഉഷ രാധാകൃഷ്ണന്‍ ഏര്‍പ്പെടുത്തിയത്)

രണ്ടാംസ്ഥാനം : കെ.വി. ലീല വാരസ്യാര്‍ സ്മാരകം
750 രൂപയും സാക്ഷ്യപത്രവും
(രാധ നരേന്ദ്ര വാരിയര്‍ ഏര്‍പ്പെടുത്തിയത്)

മൂന്നാംസ്ഥാനം : ഐ .എസ്. നമ്പൂതിരി സ്മാരകം
500 രൂപയും സാക്ഷ്യപത്രവും
(സതി അനിയന്‍ ഏര്‍പ്പെടുത്തിയത്)

ഈ സമ്മാനങ്ങള്‍ക്കുപുറമെ ഇരുമത്സരങ്ങളിലും ഒന്നാംസ്ഥാനം ലഭിക്കുന്നവര്‍ക്ക് കലാമണ്ഡലം മോഹനകൃഷ്ണന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍ സ്മാരക പ്രത്യേക സമ്മാനവുമുണ്ട്. ചിട്ടയായ പദങ്ങളുടെ മത്സരം നടന്നിരുന്നകാലത്ത് സമ്മാനം ഏര്‍പ്പെടുത്തിയിരുന്നത് കലാനിലയം ഉണ്ണിക്കൃഷ്ണനാണ്. അദ്ദേഹത്തിന്റെ പിതാവ് തകഴി മാധവക്കുറുപ്പിന്റെ പേരിലായിരുന്നു സമ്മാനം.

ഏറ്റവും നല്ല ആലാപനത്തിന് ഒന്നാംസ്ഥാനം ലഭിക്കുന്നവര്‍ക്ക് എ. അഗ്നിശര്‍മ്മന്‍ ഏര്‍പ്പെടുത്തിയ കലാമണ്ഡലം ഹൈദരലി സ്മാരക സമ്മാനവും, രണ്ടാംസ്ഥാനം ലഭിക്കുന്നവര്‍ക്ക്തൊടുപുഴ വെണ്മണി ഹരിദാസ് അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ വെണ്മണി ഹരിദാസ് സ്മാരക സമ്മാനവും അല്പകാലം നല്‍കുകയുണ്ടായി. ഇവരണ്ടും പിന്‍വലിക്കപ്പെട്ടതിനുശേഷം ഇരിങ്ങാലക്കുട നാട്യസനദനം ഹരിദാസ് സ്മാരക സമ്മാനം നല്‍കുകയുണ്ടായി. അതും പിന്‍വലിക്കപ്പെട്ടു.

അഖിലകേരളാടിസ്ഥാനത്തില്‍ സംഘടിപ്പിച്ചുവരുന്ന ഈ കഥകളിസംഗീതമത്സരത്തില്‍ പങ്കെടുക്കുകയും വിജയികളാവുകയും ചെയ്തവരില്‍ പലരും ഇന്ന് അറിയപ്പെടുന്ന കഥകളിപ്പാട്ടുകാരാണ്. കലാനിലയം ഹരിദാസ്, കലാമണ്ഡലം വിനോദ്, സദനം ശിവദാസ്, കലാനിലയം രാജീവന്‍, നെടുമ്പള്ളി രാം മോഹന്‍, വേങ്ങേരി നാരായണന്‍, കലാമണ്ഡലം സുധീഷ്, പുരളിപ്പുറം ലക്ഷ്മണന്‍ നമ്പൂതിരി, കലാനിലയം സിനു, കോട്ടയ്ക്കല്‍ ജയന്‍, ദീപ പാലനാട്, ടി.പി. മഞ്ജുള, മീര രാംമോഹന്‍ തുടങ്ങിയവര്‍…. ഇപ്പോള്‍ മത്സരരംഗത്തുള്ള ചിലരും വരുംകാല കഥകളിസംഗീതമേഖലയില്‍ ശ്രദ്ധേയരായി മാറുമെന്നു പ്രതീക്ഷിക്കാം.

ഏതാനും ചില വ്യക്തികളേയും സ്ഥാപനങ്ങളെയും പ്രത്യേകം പരാമര്‍ശിക്കാതെ ഈ അവലോകനം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. പ്രാരംഭകാലംമുതല്‍ ഈ ജൂബിലിവര്‍ഷത്തിലടക്കം പരിപാടികളുടെ സുഗമമായ നടത്തിപ്പിന് സാമ്പത്തികസഹായം ചെയ്തിട്ടുള്ള പാമ്പുമ്മേയ്ക്കാട്ട് ശ്രീധരന്‍ നമ്പൂതിരി, ജാതവേദന്‍ നമ്പൂതിരി എന്നിവര്‍ പ്രഥമഗണനീയരാണ്. കാണിപ്പയൂര്‍ കുട്ടന്‍ നമ്പൂതിരിപ്പാട്, അഷ്ടവൈദ്യന്‍ ഇ.ടി. ദിവാകരന്‍ മൂസ്സ്, കാട്ടിക്കുളം ഭരതന്‍ തുടങ്ങിയ വ്യക്തികളും കോട്ടയ്ക്കല്‍ ആര്യവൈദ്യശാല, വൈദ്യരത്നം ഔഷധശാല, എസ്.എന്‍.എ. ഔഷധശാല, ഇരിങ്ങാലക്കുട ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, കെ.പി. നമ്പൂതിരീസ് ദന്തധാവനചൂര്‍ണ്ണം, പുന്നയൂര്‍ക്കുളം ശാന്തി നഴ്സിങ്ങ് ഹോം തുടങ്ങിയസ്ഥാപനങ്ങളും പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. ചെറുതും ഭേദപ്പെട്ടതുമായ സംഭാവനകള്‍ നല്‍കി സഹകരിച്ച ഒരുപാടുപേര്‍ വേറെയുമുണ്ട്. അവരെയും നന്ദിയോടെ സ്മരിക്കുന്നു.

ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ പാട്ട് വളരെയധികം ഇഷ്ടപ്പെട്ടിരുന്ന നല്ലൊരു കഥകളിആസ്വാദകനായിരുന്നു കുണ്ടുരിലെ ശ്രീകുമാരന്‍മാഷ്. അകാലത്തില്‍ അന്തരിച്ച അദ്ദേഹത്തിന്റെ സ്മരണയില്‍ ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ മറ്റൊരു ആരാധകനായ കുഴൂരിലെ അനില്‍ പി. മേനോന്‍ എല്ലാവര്‍ഷവും ഒരു നിശ്ചിത തുക (5000 രൂപ) കമ്മിറ്റിക്ക് സംഭാവന നല്‍കിവരുന്നുണ്ട്. ഒരുമിച്ച് കളികാണാന്‍കൂടിയിരുന്ന ശ്രീകുമാറിന്റെ സ്മരണയ്ക്കുമുന്‍പില്‍ ബാഷ്പാഞ്ജലി. സുഹൃത്തിനോടുള്ള ആദരവിനും, ഈ സഹകരണത്തിനും അനിലിന് നന്ദി. “ഒക്ടോബര്‍ ഒമ്പത്” ഭംഗംകൂടാതെ ആചരിക്കേണ്ടതിന്റെ ഉത്തവാദിത്തം സംഘാടകരെ ഒാര്‍മ്മിപ്പിക്കുകയും ചെയ്യുന്നു ഇത്തരം പ്രവര്‍ത്തനങ്ങള്‍.

ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ സംഗീതം അദ്ദേഹത്തിന്റെ കാലശേഷവും ആസ്വാദകരിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഏതാനും കാസറ്റുകളും ചില സി.ഡി.കളും പ്രകാശനം ചെയ്യുകയുണ്ടായി. “സ്മരണ” കുടുംബസഹായനിധി സമാഹരണത്തിന്റെ ഭാഗമായി പുറത്തിറക്കിയതാണ്. പിന്നീടത് അനുസ്മരണക്കമ്മിറ്റിയുടെ കീഴിലായി. അഞ്ജലി, സ്മരണാഞ്ജലി, നളചരിതം ഒന്നും, രണ്ടും, മൂന്നും കഥകള്‍, സന്താനഗോപാലം എന്നിവയാണ് കാസറ്റുകളായി ഇറക്കിയത്. ഈ കാസറ്റുകള്‍ തയ്യാറാക്കുന്നതിന് കവര്‍ സ്പോണ്‍സര്‍ ചെയ്ത നാഗാര്‍ജ്ജുന ഹെര്‍ബല്‍ കോണ്‍സന്‍ട്രറ്റ്സ്, തൊടുപുഴ; സുധ ആയുര്‍വ്വേദിക്സ്, പെരിഞ്ഞനം, ഇ.ടി.എം. ഔഷധശാല, ഒല്ലൂര്‍, കോഹിന്നൂര്‍ പ്രിന്റേഴ്സ് മുംബൈ, കേളി, മുംബൈ, ഇ.ടി. ദിവാകരന്‍ മൂസ്സ് എന്നിവരായിരുന്നു. തുടര്‍ന്ന് സന്താനഗോപാലവും, രുക്മാംഗദചരിതവും (രണ്ടിലും കൂടെ വെണ്മണി ഹരിദാസ്) കീചകവധവും (കൂടെ പാലനാട്) പൂര്‍ണ്ണരൂപത്തില്‍ സി.ഡി.യായും ഉണ്ണിക്കൃഷ്ണക്കുറുപ്പ് എമ്പ്രാന്തിരി ടീമിന്റെ സ്മരണാഞ്ജലി പദങ്ങളോടൊപ്പം ഹംസദമയന്തി ഭാഗവും ചേര്‍ത്ത് ഒരു സി.ഡി.യും പുറത്തിറക്കുകയുണ്ടായി. ഇവയില്‍ നിന്നെല്ലാമുള്ള വരുമാനമാണ് ഒരുപരിധി വരെ അനുസ്മരണക്കമ്മിറ്റിയുടെ മൂലധനം.

ആരാധകരുടെ സമൃദ്ധിയില്‍ സമ്പന്നനായിരുന്നുവെങ്കിലും ഭൗതികസമ്പാദ്യത്തിന്റെ കാര്യത്തില്‍ വളരെ പരിതാപകരമായിരുന്നു ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ അവസ്ഥ. അവശേഷിപ്പിച്ചുപോയത് സ്നേഹസ്മരണകളും കീര്‍ത്തിയുമാണെങ്കിലും അദ്ദേഹത്തെ ആശ്രയിച്ചുപോന്ന കുടുംബത്തിന് അതുകൊണ്ടുമാത്രം ജീവിക്കാനാവില്ലല്ലോ. വിവിധഘട്ടങ്ങളിലായി ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ കുടുംബസഹായമായി ചെറിയതുകയായിട്ടെങ്കിലും നല്‍കാന്‍ കമ്മിറ്റി ശ്രദ്ധിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഒമ്പതിന് വേദിയില്‍വച്ചു കൊടുക്കാറുള്ളതല്ലാതെ ഒരു കുടുംബസഹായനിധി സമിതി രൂപീകരിച്ചുപ്രവര്‍ത്തിക്കുന്നതിന് ഈ കമ്മിറ്റി നേതൃത്വം നല്‍കുകയുണ്ടായി. വാഴപ്പിള്ളിയിലെ ആര്‍.എഛ്.മണിസ്വാമിയും, കാഞ്ഞിരക്കാട്ട് നാരായണന്‍ നമ്പൂതിരിയുമൊത്ത് വെള്ളിനേഴിയില്‍ പോകാനും കുടുംബസഹായപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാനും സാധിച്ചത് ഈ അവസരത്തില്‍ ഓര്‍ത്തു പോവുകയാണ് . ദുബായ് “തിരനോട്ടം” പോലുള്ള സാംസ്ക്കാരികസംഘടനകളും സഹായഹസ്തവുമായി മുന്നോട്ടുവന്നിരുന്നു.

രണ്ടരപതിറ്റാണ്ട് പിന്നിട്ടിട്ടും ഒരു സുസംഘടിതരൂപത്തിലൊന്നും ഈ അനുസ്മരണസമിതി പ്രവര്‍ത്തിച്ചു എന്നു പറയാന്‍ പറ്റില്ല. ഒരു നിയമാവലിയില്ല, സ്ഥിരമായതോ അല്ലാത്തതോ ആയ അംഗങ്ങളില്ല, അക്കാദമിയിലോ അതുപോലുള്ള ഉത്തരവാദപ്പെട്ട സ്ഥാപനങ്ങളിലോ രജിസറ്റര്‍ ചെയ്തിട്ടില്ല. 1991ലെ രൂപീകരണത്തിനുശേഷം പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍ (യഥാക്രമം പ്രാഫ. സി.പി. ഇളയത്, പാലനാട് ദിവാകരന്‍, സി.പി. കൃഷ്ണന്‍) സ്ഥാനങ്ങള്‍ നിലനില്‍ക്കുന്നുവെന്നല്ലാതെ ആരൊക്കെയാണ് കമ്മിറ്റിയില്‍ എന്നുപോലുമറിയില്ല. കഥകളിയോടും കലാകാരന്മാരോടും സ്നേഹവും ബഹുമാനവുമുള്ള അസംഖ്യം ആസ്വാദകരുടെയും ഉണ്ണിക്കൃഷ്ണക്കുറുപ്പിനെ ഇപ്പോഴും ആദരവോടെ സ്മരിക്കുന്ന കലാകാരന്മാരുടെയും ആത്മാര്‍ത്ഥമായ സഹകരണംകൊണ്ടാണ് ഒക്ടോബര്‍ ഒമ്പത് ഭംഗിയായി നടത്തിവരുവാന്‍ കഴിഞ്ഞിട്ടുള്ളത്. ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിന്റെ സഹകരണത്തോടെ ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളിക്ലബ്ബും പാലനാട് ദിവാകരനും ഒപ്പം ഏതാനും സുഹൃത്തുക്കളും ആത്മാര്‍ത്ഥമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ആസ്വാദകശ്രദ്ധ ഏറെ പിടിച്ചു പറ്റിയ ഒന്നാക്കി മാറ്റാന്‍ കഴിഞ്ഞത് . “ഈ വര്‍ഷം ഒക്ടോബര്‍ ഒമ്പതിന് എന്തൊക്കെയാണ് പരിപാടികള്‍…?” എന്നചോദ്യം മാത്രംമതി എത്ര ആഴത്തില്‍ ആസ്വാദകമസ്സുകളില്‍ ഇത് എത്തിയിരിക്കുന്നു എന്നു മനസ്സിലാക്കാന്‍. അതുകൊണ്ടുതന്നെ രജതജൂബിലി പിന്നിടുന്ന വേളയില്‍ സംതൃപ്തിയാണ് പ്രവര്‍ത്തകര്‍ക്കുള്ളത്.

അല്പം ആശങ്കയും ഇല്ലാതില്ല. എത്രയൊക്കെ സഹകരണം ഉണ്ടായാലും പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടുന്നവിധം ചെലവ് കൂടി വരുന്നു. ഇരുപത്തിയഞ്ചുവര്‍ഷവും ഏതാണ്ട് ഒരേ പ്രവര്‍ത്തകരായിരുന്നു സംഘാടകരുടെ ഭാഗത്ത്. പ്രായാധിക്യംമൂലം പലരും മാറി നില്‍ക്കുന്നു. പലര്‍ക്കും മോഹമുണ്ടെങ്കിലും പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വരുന്നു. പുതിയ പ്രവര്‍ത്തകര്‍ കാര്യമായി രംഗത്തെത്തുന്നില്ല. ഉണ്ണിക്കൃഷ്ണക്കുറുപ്പിനെ അറിയാത്ത ഒരു തലമുറ കലാകാരന്മാര്‍ക്കിടയിലും ആസ്വാദകര്‍ക്കിടയിലും വളര്‍ന്നു വരുന്നു. മുതിര്‍ന്നവര്‍ പറഞ്ഞുള്ള അറിവെ അവര്‍ക്കുള്ളു. അതുകൊണ്ടുതന്നെ, അനുഭവത്തില്‍നിന്നുള്ള ഒരു ആത്മാര്‍ത്ഥത പ്രതീക്ഷിക്കാനും വയ്യല്ലോ. കാലക്രമത്തില്‍ ഇത് ഇരിങ്ങാലക്കുട കഥകളിക്ലബ്ബിന്റെ ഒക്ടോബര്‍ മാസത്തെ പരിപാടിയായിമാത്രം ഒതുങ്ങുമോ? അതുതന്നെ എത്രകാലം……?

(ഇരിങ്ങാലക്കുട ഡോ. കെ. എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സോവനീറിൽ നിന്ന്.)


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder