അരങ്ങൊഴിഞ്ഞത്‌ സവിശേഷമായ ഒരു പാട്ടുകാലം

കുറൂർ ചെറിയ വാസുദേവൻ നമ്പൂതിരി

September 13, 2012 

പള്ളം മാധവൻ

കഥകളിസംഗീതത്തിലെ ഒരു കാലഘട്ടമാണ്‌ പള്ളം മാധവനാശാന്റെ മരണത്തോടെ കടന്നുപോയത്‌. ആധുനികമായ കഥകളിസംഗീതത്തിന്റെ ഈ കാലത്തും പരമ്പരാഗത ശൈലിയിൽത്തന്നെ പാടിവന്നവരിലെ അവസാനകണ്ണിയായിരുന്നു അദ്ദേഹം. എനിക്ക്‌ അദ്ദേഹം ഗുരുതുല്യനാണ്‌. 1962 മുതൽ ആശാനുമായി അടുത്തു പരിചയമുണ്ട്‌.

ആയാംകുടി കുട്ടപ്പമാരാരാശാന്റെ കീഴിൽ ഞാൻ ചെണ്ട പഠിച്ചുകൊണ്ടിരിക്കുമ്പോൾ ചൊല്ലിയാട്ടത്തിനും അരങ്ങേറ്റത്തിനും ആശാനും തണ്ണീർമുക്കം വിശ്വംഭരനും ചേർന്നാണു പാടിയത്‌. അങ്ങനെ എന്റെ കലാജീവിതത്തിൽ വലിയൊരു സ്ഥാനം അദ്ദേഹത്തിനുണ്ട്‌. അന്നു തിരുവിതാംകൂറിലെ കഥകളിയരങ്ങുകളിൽ പ്രധാനമായും ഇവരാണു പാടിയിരുന്നത്‌.

അരങ്ങത്തു നടപ്പുള്ളതും അല്ലാത്തതുമായ ഏതു കഥയായാലും അതു സ്വയം ചിട്ടപ്പെടുത്തുന്നതിനും കാണാപ്പാഠം പഠിച്ചു പാടുന്നതിനും പള്ളം ആശാനു പ്രത്യേക സിദ്ധിയുണ്ടായിരുന്നു. അപൂർവമായ കഥകളും നടപ്പുള്ള കഥകളിലെ അപൂർവപദങ്ങളും അവതരിപ്പിക്കേണ്ടിവരുമ്പോൾ മറ്റു ഗായകർ പുസ്തകം നോക്കി പാടുമ്പോൾ മാധവനാശാന്റെ ഓർമശക്തി അദ്ദേഹത്തിനു വലിയ തുണയായി.

നാലു ദിവസമായി അവതരിപ്പിക്കാനുദ്ദേശിച്ചു രചിക്കപ്പെട്ട ‘ഹരിശ്ചന്ദ്രചരിതം’ ഒരു ദിവസത്തെ അവതരണത്തിനായി ചുരുക്കി ചിട്ടപ്പെടുത്തുന്നതിൽ പ്രധാനപങ്കു വഹിച്ചതു പള്ളം മാധവനാശാനാണ്‌. അപ്പോഴും കഥയുടെ മർമപ്രധാനമായ ഭാഗങ്ങളോ വൈകാരികതീവ്രതയോ നഷ്ടപ്പെട്ടില്ല എന്നതാണു വിസ്മയകരമായ കാര്യം. അതുകൊണ്ടുതന്നെ ആ കഥയ്ക്ക്‌ ഇന്നുള്ള ജനപ്രീതിയിൽ വലിയൊരു സ്ഥാനം ഈ ഗായകനുണ്ട്‌.

പ്രാഥമിക വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന, ഓടുപണിക്കാരനായി ജീവിതം ആരംഭിച്ച ഈ ഗായകൻ സ്വന്തം പ്രയത്നംകൊണ്ടു മാത്രമാണ്‌ കഥകളിരംഗത്ത്‌ ഉയർച്ച നേടിയത്‌. കേരള കലാമണ്ഡലത്തിന്റെ വൈസ്‌ പ്രിൻസിപ്പൽ സ്ഥാനംവരെ അലങ്കരിച്ചു. കലാമണ്ഡലത്തിലായിരിക്കുമ്പോഴും അതിനുശേഷവും ചിട്ടപ്രധാനമായ കഥകളും അദ്ദേഹം സമർഥമായി പാടിയിരുന്നു. തെക്കൻ കളരിയിലെ ആശാനായാണു കലാമണ്ഡലത്തിൽ എത്തിയതെങ്കിലും വടക്കൻ സമ്പ്രദായത്തിലുള്ള കഥകൾക്കും അദ്ദേഹം അരങ്ങിൽ പാടി. കലാമണ്ഡലം പാഠ്യപദ്ധതിയിൽ ഉണ്ടായിരുന്ന ചില അപാകതകൾ അദ്ദേഹം ചൂണ്ടിക്കാണിച്ചപ്പോൾ കലാമണ്ഡലം പത്മനാഭൻ നായർ അവ തിരുത്തിയത്‌ എടുത്തുപറയേണ്ട കാര്യമാണ്‌.

1960-70 കാലത്ത്‌ ആയാംകുടി ആശാനോടൊപ്പം ഞാൻ കഥകളികൾക്കു പങ്കെടുത്തുവരുന്ന കാലത്താണ്‌ മാധവനാശാനുമായി കൂടുതൽ അടുക്കുന്നത്‌. അന്നൊക്കെ അരങ്ങിൽ ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ എന്നോടു കാണിച്ചിരുന്ന സ്‌നേഹവാത്സല്യങ്ങളും സഹകരണവും പ്രത്യേകം ഓർക്കുന്നു. അരങ്ങിൽ പാടുന്ന കാര്യത്തിലെന്നപോലെ പെരുമാറ്റത്തിലും അദ്ദേഹം വലുപ്പച്ചെറുപ്പം കാണിച്ചില്ല. ചില രംഗങ്ങളുടെ അവതരണ കാര്യങ്ങളിൽ അന്നു ചെറുപ്പമായിരുന്ന എന്നോടും അഭിപ്രായം ചോദിക്കുകയും അതു മാനിച്ചു പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്‌.

കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള കളിയരങ്ങുകളിൽ എത്രയോ ദശാബ്ദങ്ങൾ അദ്ദേഹം പാടി. പ്രായം ആ ശബ്ദത്തെ ബാധിച്ചില്ല. മൂന്നു വർഷം മുൻപ്‌ എന്റെ ഷഷ്ട്യബ്ദപൂർത്തിയോടനുബന്ധിച്ചു നടന്ന കഥകളിയിൽ ബാണയുദ്ധം കഥ അദ്ദേഹമാണു പാടിയത്‌. അടുത്തകാലത്തു പനച്ചിക്കാട്‌ ക്ഷേത്രത്തിൽ പാടിക്കേൾക്കുമ്പോഴും ആ ശബ്ദത്തിന്‌ ഇടർച്ചയുണ്ടായിരുന്നില്ല.

ഫലിതപ്രിയനായിരുന്ന ആശാൻ പെരുമാറ്റത്തിൽ എന്നും സൂക്ഷിച്ച ചെറുപ്പം എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്‌. അദ്ദേഹത്തിന്‌ എന്തെങ്കിലും രോഗം വന്നതായോ കിടപ്പിലായതായോ ഒരിക്കലും കേൾക്കേണ്ടിവന്നിട്ടില്ല. അതുകൊണ്ടാവാം ഈ വേർപാട്‌ അപ്രതീക്ഷിതമായി അനുഭവപ്പെടുന്നു. ഗുരുസ്മരണയ്ക്കു മുന്നിൽ എന്റെ പ്രണാമം.

Similar Posts

  • കലാമണ്ഡലം ഹൈദരാലി എന്ന ഗവേഷകന്‍

    രാജശേഖര്‍ പി. വൈക്കം January 4, 2013  കലാലോകത്തിനെന്നും നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയാണ്‌  കലാമണ്ഡലം ഹൈദരാലിയുടെ വിയോഗം. ഒരു ഗായകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ  കഴിവ്‌ എന്തായിരുന്നുവെന്ന്‌  ഒരിക്കലെങ്കിലും അദ്ദേഹത്തിന്റെ പാട്ട്‌ കേട്ടിട്ടുള്ളവര്‍ക്കൊക്കെ അറിയാം. പക്ഷെ തന്‍റെ മറ്റുപല സിദ്ധികളും പുറം ലോകമറിയും മുന്പ്‌ അദ്ദേഹം യാത്രപറഞ്ഞു. കിട്ടേണ്ടിയിരുന്ന പലേ ബഹുമതികളും വേണ്ടന്നു വച്ച്‌ ആ പ്രതിഭാശാലി  നടന്നകന്നു. ഉന്നത കലാകാരന്മാര്‍ നല്ല ഗവേഷകരാകുന്നത് അപൂര്‍വ്വമാണ്‌. വരും തലമുറക്കുവേണ്ടി കഥകളി സംഗീതത്തെ ക്കുറിച്ച്‌ ഒരു ഉത്തമ ഗ്രന്ഥത്തിന്റെ രചന…

  • ബ്രഹ്മശ്രീ തോട്ടം ശങ്കരൻ നമ്പൂതിരി

    കുടമാളൂർ കരുണാകരൻ നായർ August 29, 2012  (കുടമാളൂർ സ്വദേശി ഡോക്ടർ. ശ്രീ. മാധവൻ നമ്പൂതിരി അവർകൾ (Dr. Nampoothiri, 2417, Marlandwood, Tx76502, USA.), ബ്രഹ്മശ്രീ തോട്ടം ശങ്കരൻ നമ്പൂതിരിയെ പറ്റി ശ്രീ. കുടമാളൂർ കരുണാകരൻ നായർ ആശാൻ സ്വന്തം കൈപ്പടയിൽ എഴുതി അദ്ദേഹത്തിനു നൽകിയിരുന്ന ഒരു കുറിപ്പ്‌ ശ്രീ അംബുജാക്ഷൻ നായർക്ക്‌ അയച്ചു തന്നിരുന്നു. 1943- ൽ കൽക്കട്ട കൾച്ചറൽ സെന്ററിൽ അനേകം പ്രശസ്തരുടെ സാന്നിദ്ധ്യത്തിൽ ഭീമപ്രഭാവം അഭിനയിച്ചു കൊണ്ടിരുന്നപ്പോൾ ഹൃദയാഘാതത്താൽ മരണപ്പെട്ട തോട്ടം…

  • കഥകളിയിലെ കലാപം

    ടി.വി. വേണുഗോപാലൻ, നരിപ്പറ്റ രാജു, പി. രാജേഷ്, ഐ. ആര്‍. പ്രസാദ് July 23, 2011 കഥകളിയില്‍ ശിവരാമന്റെ സംഭാവന എന്താണ്? എന്താണ് അദ്ദേഹം അരങ്ങത്ത് ഉണ്ടാക്കിയ മാറ്റങ്ങള്‍? എന്താണ് കോട്ടക്കല്‍ ശിവരാമന്റെ ആട്ടപ്രകാരം? ചിട്ടയില്‍ നിന്ന് ഏത് അംശത്തിലാണ് അത് തെന്നി മാറുന്നത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് ശിവരാമന്റെ കലാ ജീവിതം. നമ്മുടെ ഇതിഹാസ പുരാണങ്ങളില്‍ പരാമൃഷ്ടങ്ങളാകുന്ന സ്ത്രീകഥാപാത്രങ്ങള്‍ക്കൊന്നിനും സ്വന്തമായ അസ്തിത്വമില്ല. ഈ സാമാന്യ നിയമത്തിന്‌ ചുരുക്കം ചില അപവാദങ്ങള്‍ കിണഞ്ഞു പിടിച്ചു തെരഞ്ഞാല്‍ തീര്‍ച്ചയായും…

  • |

    കളിയരങ്ങിലെ സ്ത്രീപക്ഷം

    ഇന്ദിരാ ബാലൻ Thursday, July 19, 2018 പുരുഷന്റെ പൂർണ്ണത സ്ത്രീചേരുമ്പോഴാണെന്ന അറിവ് ശിവരാമനിലുണ്ടായിരുന്നു. അതറിഞ്ഞ അദ്ദേഹം  അരങ്ങിലെ ഈ അനീതിയോട്  തന്റെ ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ കലഹിച്ചു.  കഥകളിയെന്ന സങ്കേതബദ്ധമായ കല അഭ്യസിക്കുന്നത് കൂടുതലും പുരുഷന്മാരാണ്‌. എന്നാൽ മറ്റേതൊരു മേഖലയിലും പോലെ കഥകളി രംഗത്തേക്കും സ്ത്രീകളുടെ ചുവടുവെയ്പ്പു ഇന്നു ധാരാളമാണ്‌. ഈ ലേഖനത്തിലൂടെ പരാമർശിക്കുന്നത് ഒരു സ്ത്രീ കലാകാരിയെയല്ല. പുരുഷനായിനിന്നുകൊണ്ട് തന്നെ സ്ത്രീയുടെ താളം ഏറ്റുവാങ്ങി, കഥകളിയരങ്ങുകളിൽ സ്ത്രീപക്ഷസമരം നയിച്ച അന്തരിച്ച അതുല്യനടൻ ശ്രീ കോട്ടക്കൽ ശിവരാമനെയാണ്‌….

  • |

    രാഗം കൊണ്ട് കഥാപാത്രമാവുന്ന അത്ഭുതം

    വെണ്മണി ഹരിദാസ് സ്മരണ – 5(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) കലാമണ്ഡലം ബാബു നമ്പൂതിരി July 14, 2017 നമുക്ക് ജീവിതത്തിലുണ്ടാവുന്ന സ്നേഹം, ദേഷ്യം ഇങ്ങനെയൊക്കെയുള്ള വികാരങ്ങൾ, അല്ലെങ്കിൽ ദേഷ്യത്തോടെ ‘എടാ’ എന്നൊരാളെ വിളിക്കുന്നത്, വാത്സല്യത്തോടെ ‘മോനെ’ എന്നു വിളിക്കുന്നത്, അതൊക്കെ ഈ കഥകളിപ്പാട്ടിലൂടെ വളരെ നിസ്സാരമായിട്ട് അദ്ദേഹം ചെയ്യുന്നത് എന്നെ വളരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നമ്മൾ സംസാരിക്കുന്നതു പോലെ അനായാസമായി പാടാൻ കഴിയുന്ന ഒരു മഹത് വ്യക്തിയാണ് അദ്ദേഹം. ഹരിദാസേട്ടന്റെ കൂടെ ഞാൻ ആദ്യം പാടുന്നത് ഉത്തരാസ്വയംവരത്തിലെ ‘മാനവേന്ദ്രകുമാര പാലയ’…

  • |

    കഥകളി മോരിലെ വെണ്ണ : ശ്രീ.കലാമണ്ഡലം കൃഷ്ണൻ നായ‍‍ർ

    Mohandas April 11, 2014  ‘മോരിലെ  വെണ്ണ പോലെ നീ എന്നും കഥകളിയുടെ മുകളിൽ തന്നെ കിടക്കും’ എന്ന തന്റെ ആദ്യഗുരുനാഥന്റെ ആശീർവാദം നേടി അത് അക്ഷരാർഥത്തിൽ സാർഥകമാക്കി വിശ്വകലാരംഗം വിട്ടൊഴിഞ്ഞ അനുഗ്രഹീത കലാകാരനാണ്  ശ്രീ. കലാമണ്ഡലം കൃഷ്ണൻ  നായർ.  കഥകളിയെന്ന കലാസൌകുമാര്യത്തിന്റെ സർവാതിശായിയായ എല്ലാ സാങ്കേതിക-ലാവണ്യ ഭംഗികളിലേക്കും ഒരു  യാഗാശ്വത്തെപ്പോലെ കടന്നുചെല്ലുകയും തന്റെ അനിതരസാധാരണമായ സർഗ്ഗപ്രതിഭ കൊണ്ട് കണ്ടതെല്ലാം വെട്ടിപ്പിടിച്ചു തന്റേതാക്കി വിജശ്രീലാളിതനായി കഥകളി അരങ്ങു വാഴുകയും ചെയ്ത  അനശ്വര കലാചക്രവർത്തിയായിരുന്നു കലാമണ്ഡലം എന്ന ഓമനപ്പേരിൽ…

മറുപടി രേഖപ്പെടുത്തുക