പാലനാട് ദിവാകരന്‍

March 3, 2013


കുറുപ്പാശാന്‍റെ സംഗീതമാര്‍ഗ്ഗങ്ങളെക്കുറിച്ച് പറയുമ്പോള്‍ അതിന്‍റെ അതുല്യതയും അനന്യതയും പ്രകീര്‍ത്തിക്കേണ്ടിവരുന്നു.  ശിഷ്യന്‍, ആരാധകന്‍, ആസ്വാദകന്‍ എന്നീ നിലകളില്‍ ബഹുമാനിതനാണ്‌, ആദരണീയനാണ്‌ എനിക്ക് കുറുപ്പാശാന്‍. ഈ നിലയ്ക്ക് അദ്ദേഹത്തിന്‍റെ പാട്ടിനെ വിലയിരുത്തി എഴുതുക അപരാധമാണ്‌. ശിഷ്യന്‍ ആശാനെ വിലയിരുത്താന്‍ പാടില്ല. ഇതൊരു നിരീക്ഷണം മാത്രമാണ്‌. ഒപ്പം പാടിയതിന്‍റെ, കേട്ടതിന്‍റെ അനുഭവവിചാരങ്ങള്‍ മാത്രം. ആരാധന കലര്‍ന്ന ആദരവോടേയാണ്‌ ആശാന്‍റെ പാട്ടുകളെ പറ്റി പറയുന്നത്.

കുറുപ്പാശാന്‍ പാടുമ്പോള്‍ ഒട്ടും ബുദ്ധിമുട്ടുന്നില്ല. സംഗീതത്തിന്‍റെ ധര്‍മ്മം അനുസരിയ്ക്കുകയാണ്‌ ചെയ്യുന്നത്. അതിനാല്‍ അതിനെ അതിസംഗീതാത്മകമാക്കാന്‍ അദ്ദേഹം ശ്രദ്ധിക്കാറില്ല. അതങ്ങനെ ആയിപ്പോവുകയാണ്‌. ഉദാഹരണത്തിന്‌ സീതാസ്വയംവരത്തിലെ പരശുരാമന്‍റെ പദമായ ‘ആരടാ നടന്നീടുന്നു’ എന്നിടത്ത് ആ പദത്തിന്‍റെ ശക്തി അനുഭവപ്പെടുത്തുന്ന രീതിയിലാണ്‌ ആശാന്‍ പാടുക. അവിടെ ശങ്കരാഭരണമായി മാറുകയാണ്‌. അക്ഷരം പറയുന്നതിലെ ശക്തിയ്ക്കാണ്‌ അവിടെ ആശാന്‍ പ്രാധാന്യം കൊടുക്കുന്നത്.


ഭീഷിത രിപുനികര
ഇവിടെ ആശാന്‍റെ ടിപ്പിക്കലായ സംഗീതം ഉറന്നൊഴുകുകയാണ്‌. സൌരാഷ്ട്രത്തിന്‍റെ സൌന്ദര്യം ഇത്രയധികം അനുഭവപ്പെടുന്നത് കണ്ട് നമ്മള്‍ അത്ഭുതപ്പെടും. ‘പാഴിലാക്കീടൊല്ല’ എന്ന ഭാഗത്ത് ‘ഒല്ല’ ഇവിടെ ഇട്ടെറിയുന്ന പ്രതീതി. വെറുതെ കളയരുത് എന്ന അവസ്ഥസൃഷ്ടിക്കുകയാണ്‌.
‘ധീര ധീര വീരാ ഹീരഹേ പാണ്ഡവാ.. കൂടെ..’ ഇവിടെ ഘട്ടംഘട്ടമായി ആലാപനക്രമം ദീക്ഷിയ്ക്കുന്നു. ഓരോ ‘ധീര’നും വ്യത്യസ്ത രീതിയിലാണ്‌ നമ്മള്‍ അനുഭവിയ്ക്കുക. വളരെ സം‍യമനത്തോടേയാണ്‌ ആശാന്‍ പാടുക. ഈയൊരു സം‍യമനം ശിങ്കിടികള്‍ പാലിച്ചില്ലെങ്കില്‍ അവര്‍ക്ക് ഒപ്പം പാടി എത്താന്‍ കഴിയില്ല. ആശാനെ സംബന്ധിച്ചുള്ള പ്രധാനപ്പെട്ട മറ്റൊരു വസ്തുത അരങ്ങില്‍ ചെന്നാലുള്ള പ്രത്യുല്‍പ്പന്നമതിത്വമാണ്‌. ഒന്നും മുന്‍കൂട്ടി നിശ്ചയിച്ച് ഉറപ്പിയ്ക്കില്ല. ചെന്നുനില്‍ക്കുമ്പോഴുള്ള മാനസികാവസ്ഥയില്‍ പാടും. ഗൃഹപാഠം ചെയ്ത് ഭദ്രത വരുത്തിയ പാട്ടുവഴിയല്ല ആശാന്‍റേത്. അതുകൊണ്ടാണ്‌ അത് അനുദിനം വ്യത്യസ്തമാവുന്നത്. ഒരിയ്ക്കല്‍ കുറുപ്പാശാന്‍ ‘പരിപാഹി’ പാടുകയാണ്‌. അതിനുമുന്പ് കൃഷ്ണന്‍കുട്ടി പൊതുവാള്‍ ആശാന്‍ ‘ക്ലേശഹര’ കാനഡയിലാക്കി നോക്കാന്‍ പറഞ്ഞു. കുറുപ്പാശാന്‍ അപ്രകാരം പാടി. കഴിഞ്ഞപ്പോള്‍ പൊതുവാളാശാന്‍ പറഞ്ഞു, ഇനി വേണ്ട… ഇവിടെ വ്യക്തമാകുന്ന ഒരു കാര്യം കുറുപ്പാശാന്‌ തന്‍റെ വഴിയില്‍, തനിക്ക് മനസ്സില്‍ തോന്നിയമട്ടില്‍ പാടിയാലെ കൃതാര്‍ത്ഥതയുണ്ടാവുകയുള്ളൂ. എന്നതാണ്‌. പൊതുവാള്‍ ആശാന്‍ പറഞ്ഞപ്പോള്‍ കുറുപ്പാശാന്‍ എതിരൊന്നും പറഞ്ഞതുമില്ല. മറ്റൊരു വസ്തുത കുറുപ്പാശാന്‍ ഏതുരാഗം മാറ്റിപ്പാടിയാലും ഇതുവേണ്ടായിരുന്നു അഥവാ അബദ്ധമായി എന്ന് തോന്നല്‍ ആസ്വാകരില്‍ ഉളവായിരുനില്ല എന്നതാണ്‌. ചിലപ്പോള്‍ ഇന്നരാഗം വേണമെന്ന് നിഷ്കര്‍ഷിച്ച് പാടുകയുമാവില്ല. നാലാം ദിവസത്തെ ‘പര്‍ണ്ണാദന്‍ സാകേതത്തില്‍’ എന്ന പദം കുറുപ്പാശാന്‍ ‘സരസ്വതി’ രാഗത്തില്‍ പാടാറുണ്ടായിരുനു. കാര്യം പറയുന്നതിലെ സുഖം അനുഭവപ്പെടുത്താന്‍ ഈ രാഗം അനുയോജ്യവുമാണ്‌. ഇത് ‘സരസ്വതി’യല്ലേ എന്ന് ചോദിച്ചപ്പോള്‍ ‘അതേ തോന്ന്ണ്‌ണ്ട്’ എന്ന നിസ്സംഗ മറുപടിയായിരുന്നു. അതാണ്‌ കുറുപ്പാശാന്‍റെ മൌലികത. അദ്ദേഹം രാഗത്തില്‍ ചിട്ടപ്പെടുത്തകയല്ല. ആ സംഗീതം ഒരു രാഗത്തില്‍ ചെന്നു ചേരുകയാണ്‌.

‘പൂമകനും മൊഴിമാതും; പുന്നഗവരാളിയില്‍ ശാസ്ത്രീയനൃത്തച്ചുവടിനു പാകത്തില്‍ ഇതരപാട്ടുകാര്‍ പാടിയിരുന്നപ്പോള്‍ കുറുപ്പാശാന്‍ അവിടേയും വേറിട്ടവഴി കണ്ടു. ‘കാര്‍മുകിലൊളി’ ഇവിടെ സിന്ധുഭൈരവി കലര്‍ത്തി എന്ന് ചിലര്‍ പറഞ്ഞുകേട്ടപ്പോള്‍ കുറുപ്പാശാന്‍ പറഞ്ഞു:
‘കഥകളിയില്‍ ആരും കലര്‍ത്താതെ പാടാറില്ല. ഭാവം വരാന്‍ രാഗമിശ്രണമൊക്കെ ആവാം.’ ആരോഗ്യകരമായ കലര്‍പ്പ് ആവാം എന്നതായിരുന്നു ആശാന്‍റെ സിദ്ധാന്തം.

കുറുപ്പാശാന്‌ തമ്പി കഥകളോടുള്ള ആഭിമുഖ്യം പ്രത്യേകമായിരുന്നു. ഇത് അധികം കീചകവധത്തില്‍ പാടി രാഗത്തിന്‍റെ വിശിഷ്ടത ബോധ്യപ്പെടുത്തുന്ന ആലാപനമായിരുന്നു ആശാന്‍റേത് . ‘ചില്ലീലത കൊണ്ടെന്നെ തല്ലീടായ്ക’ -ഇവിടെ തല്ലിന്‍റെ അന്തരീക്ഷം പാട്ടുകൊണ്ട് കാണിച്ചു കൊടുക്കാനുള്ള കഴിവ് ആശാനുണ്ടായിരുന്നു. ശൃംഗാരമാണല്ലൊ ഇവിടെ അന്തരീക്ഷം. ഈ ഭാഗത്ത് മേളക്കാര്‍ സൃഷ്ടിക്കുന്ന ശബ്ദാന്തരീക്ഷം നാദാനുഭവം കൊണ്ട് കുറുപ്പാശാന്‍ ഉണ്ടാക്കിയിരുന്നു. കുറുപ്പാശാന്‍ ഒരു വരി പാടുമ്പോഴേയ്ക്കും കീചകന്‍ ആരോ ആവട്ടേ ആ കഥാപാത്രപകൃതി വന്നുകഴിഞ്ഞിരിക്കും. പ്രത്യേകിച്ചും രാമന്‍കുട്ടി ആശാന്‍റെ കീചകന്‌ കുറുപ്പാശാന്‍റെ പാട്ട് തന്‍റെ വേഷത്തോട് നീതി ചെയ്യുന്നതാണെന്ന് ബോധ്യപ്പെട്ടിരുന്നു. അയാളെ എന്നെ കളിപ്പിയ്ക്കുകയാണ്‌. കീചകവധം ഉണ്ണികൃഷ്ണക്കുറുപ്പ് പാടുമ്പോള്‍ എന്താ നിശ്ശല്യായ. കള്യിക്കണ്ടിവര്വാണ്‌. എന്ന് രാമന്‍കുട്ടി ആശാന്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. ഇതുപോലെ ‘ധന്യേ മാലിനി’ എന്നത് നാല്‌ സ്വരസ്ഥാനങ്ങളില്‍ കയറ്റിക്കയറ്റി കുറുപ്പാശാന്‍ പാടുന്നത് ഒരാള്‍ക്കും പാടി എത്താന്‍ സാധിയ്ക്കില്ല. ‘നീ മമ’ – ഇവിടെ കത്തിവേഷത്തിന്‍റെ കഥാപാത്രപ്രകൃതം അനുശാസിയ്ക്കുന്ന വിധത്തിലാണ്‌ ‘മമ’ എന്ന ആലാപനം. ഒരു കീചകത്വം, കീചകന്‍റെ ശ്റേഷ്ഠനില അവിടെ കൈവരികയാണ്‌. പാടി രാഗത്തില്‍ തന്നെ ആശാന്‍ പാടുമ്പോള്‍ ചിട്ടകളൊക്കെ പുറത്താവും. മാലിനി അദ്ദേഹം ഒറ്റശ്വാസത്തില്‍ പാടും. ചെമ്പട പതിഞ്ഞകാലത്തില്‍ ഒരു താളവട്ടം മാലിനി എന്ന് ശ്വാസം വിടാതെ പാടുക. ഒപ്പം സംബോധനയുടെ  അന്തരീക്ഷം സൃഷ്ടിക്കുക. അതും അനായാസമായിട്ടും.  കുറുപ്പാശാന്‍റെ ശാരീരത്തിനുമാത്രമേ ഇഈയൊരു പ്രത്യേകത കണ്ടിട്ടുള്ളൂ. വൈദ്യം‍മ ഠത്തില്‍ ഒരു കളിക്ക് ഇങ്ങനെ ‘മാലിനി’ പാടിയപ്പോള്‍ കൃഷ്ണന്‍കുട്ടി പൊതുവാള്‍ അതില്‍ ലയിച്ച് മതിമറന്ന് അതിനൊപ്പം കോട്ടി നില്‍ക്കുന്ന ചിത്രം ഇപ്പോഴും മനസ്സിലുണ്ട്. ‘രുചിര ഗുണശാലിനി’ ഇവിടെ അക്ഷരങ്ങള്‍ താളത്തിനുമുന്പ് പിടിക്കുന്ന രീതിയായിരുന്നു ആശാന്‍റേത്. ഏഴാമത്തെ അടിയില്‍ കൃത്യമായി വരികയും ചെയ്യും. ഇടം‍പിടിച്ച് കണക്കായി ഇട്ടുകൊടുക്കുകയും ചെയ്യും. ‘ഹരിണാക്ഷി ജന’ എന്നുപാടി ഒരു താളവട്ടം നില്‍ക്കുന്നുണ്ടാവും ‘മൌലി’ എന്ന് പാടുവാന്‍ താളക്രമത്തില്‍ സമയം ഉണ്ടാവും. കേള്‍വിക്കാരും വേഷക്കാര്‍ക്കും ഒരു മൌനസമയം അനുവദിക്കുക ആശാന്‍റെ സവിശേഷതയായിരുന്നു. തൃത്താലകേശവപ്പൊതുവാളുടെ തായമ്പകയാണ്‌ ഓര്‍മ്മ വരുന്നത്. താളത്തില്‍ ഇടഞ്ഞുകൊട്ടാന്‍ അദ്ദേഹത്തിന്‌ വലിയ താല്‍പ്പര്യമായിരുന്നു. കഥകളി സംഗീതത്തില്‍ ഒരു ഇടഞ്ഞുപാടലിന്‌ ശ്രമിച്ച് ജയിച്ച വ്യക്തിയായിരുന്നു കുറുപ്പാശാന്‍. രണ്ടാം ദിവസത്തിലെ കാട്ടാളന്‌ ദ്രുതമായി അദ്ദേഹം പാടാറുണ്ട്. താളത്തിന്‍റെ അരയിടം, മുക്കാലിടം പ്രയോഗങ്ങള്‍ പലപ്പോഴും ശിങ്കിടിയ്ക്ക് താളപ്പിടിപ്പില്ലെങ്കില്‍ ഒപ്പം പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ആ സമയം ആശാന്‍ ശിങ്കിടിയെപ്പറ്റിയ്ക്കാന്‍ ആലോചിക്കാറില്ല. കഥാപാത്രത്തിനനുസരിച്ച് പാടുകയാണ്‌ പതിവ്‌. അദ്ദേഹം പാത്രത്തിനാണ്‌ പാടുന്നത്. ചിറ്റൂരില്‍ ഒരു രണ്ടാം ദിവസം. ‘എടുത്തു വില്ലും അമ്പും വാളും’ കുറുപ്പാശാന്‍ 21 തവണ പാടിയിട്ടുണ്ട്. പൊതുവാളാശാന്മാരുടെ മേളം, രാമന്‍കുട്ടിആശാന്‍റെ കാട്ടാളന്‍. ഇവിടെ നാഥനാമക്രിയയുടെ രാഗഭാവം മാത്രം. അവിടെ കാട്ടാളന്‍റെ അഭിനയത്തോടായിരുന്നു ആശാന്‍റെ നീതി. കാട്ടാളന്‍ വരുന്നതിനുമുന്പുള്ള ശ്ലോകം ചൊല്ലുമ്പോള്‍ അതിനെ വെറും ശ്ലോകമായിവരസമാക്കാതെ വരാന്‍ പോവുന്ന സന്ദര്‍ഭസൃഷ്ടിയില്‍ ആ ശ്ലോകത്തിനുള്ള പങ്ക് ബോധ്യപ്പെടുത്തുന്ന രീതിയിലാണ്‌ കുറുപ്പാശാന്‍ പാടാറുണ്ടായിരുന്നത്.

ശ്ലോകങ്ങളുടെ ദൈര്‍ഘ്യക്കണക്കിനെകുറിച്ച് അദ്ദേഹത്തിന്‌ നല്ല ബോധ്യമായിരുന്നു. വിസ്തരിക്കേണ്ടത് മാത്രം വിസ്തരിയ്ക്കും ഇടശ്ലോകങ്ങളില്‍ രാഗത്തിനു വേണ്ടി സമയം കഴിക്കാറില്ല. അരങ്ങത്ത് വേഷക്കാരുണ്ട്, വേഷക്കാരനു വേണ്ടിയാണ്‌ പാട്ട്. പാട്ടുകാരന്‍റെ പ്രാഗല്‍ഭ്യം കാണിക്കാനുള്ള സമയമല്ല എന്ന തിരിച്ചറിവ്‌ ആശാനുണ്ടായിരുന്നു. ‘സഭാജന വിലോചനേ’ ഇവിടെ കാംബോജി ഒന്നുകൊണ്ട് മാത്രം ആ ശ്ലോകം പൂര്‍ണ്ണമാവുകയാണ്‌. ‘പ്രീതേയം പ്രിയദര്‍ശനത്തിനുഴറി’ കുറുപ്പാശാന്‍ വിസ്തരിക്കാറുണ്ട്. ഈ ഒരു ശീലം ഉണ്ടാക്കിയത് നമ്പീശാശാനാണ്‌.


‘വൈവശ്യഭാരാലസ…
നാലാമത്തെ വരിയില്‍ മധ്യമാവതി വസ്തരിക്കും. ഇടയ്ക്ക് ഒന്നു മുറുക്കി വരും.
‘മാലിനിമാര്‍ മൌലിമണേ’ ആശാന്‍ ഹുസേനി രാഗത്തില്‍ വിസ്തരിക്കാറുണ്ട്. അവിടെ ചില പാട്ടുകാരുടെ ക്ലാസിക്കല്‍ ടച്ച് വിട്ട് ഹിന്ദുസ്ഥാനിയുടെ നിഴലിച്ചകള്‍ ആശാന്‍ പാടിക്കേള്‍പ്പിക്കാറുണ്ട്. ആ ഭാഗങ്ങളത്രയും കുറുപ്പാശാന്‍ ഭംഗിയാക്കാറുമുണ്ട്. ‘ആരെടോ നീ’യിലും ഹിന്ദുസ്ഥാനി പന്തുവരാളി കേള്‍ക്കാം. ‘നിന്‍റെ പേരെന്തു’ എന്നതിലെ അലസത. കര്‍ണ്ണാട്ടിക്കിന്‌ സാധ്യതയുള്ള പന്തുവരാളി കുറുപ്പാശാന്‍ ഉപയോഗപ്പെടുത്താറില്ല ‘ദൂരദേശത്തു നിന്നു വന്നവര്‍’ ഇവിടെ ‘വന്നവര്‍’ നിഷാദത്തില്‍ കൊടുത്ത് ഒരു പ്രത്യേക അന്തരീക്ഷം സൃഷ്ടിക്കുന്നു. നിഷാദം രിഷഭം തൊട്ട് പ്രയോഗിക്കുന്നു. ‘വന്നവരെന്ന് തോന്നി’ ഈ പ്രയോഗം അഹമദാബാദിലെ സംഗീതവഴിയാണ്‌. കാരണം വെണ്‍മണി ഹരിദാസേട്ടനും ഇങ്ങനെ പാടിയിരുന്നു. പന്തുവരാളി പോലെ സിന്ധുഭൈരവിയില്‍ കുറുപ്പാശാന്‍ ‘യോഗീന്ദ്രാണാം’ ചൊല്ലിക്കേട്ടിട്ടുണ്ട്. ഒരു കച്ചേരിക്കാണ്‌ ഇത് പാടിയത്. യഥാര്‍ത്ഥത്തില്‍ ഭീംസെന്‍ ജോഷിയുടെ സംഗീതത്തെ അത് ഓര്‍മ്മപ്പെടുത്തി എന്നത് അതിശയോക്തിയാവില്ല.
 
ശ്രീകൃഷ്ണപുരത്ത് അസാധ്യമായ ഒരു കിരാതം പാടിയ കഥ പ്രസിദ്ധമാണല്ലൊ. അവിടെ ‘അന്തകാന്തക പോരും’ എന്നിടത്ത് വാഗേശ്വരി രാഗത്തില്‍ കുറുപ്പാശാന്‍ പാടിയത് വിശദീകരിക്കാന്‍ എഴുത്ത് വഴങ്ങില്ല. ‘പൊട്ട ഫല്‍ഗുന’ ഷണ്മുഖപ്രിയയിലും ‘മാനവസവ്യസാചിന്‍’ കാനഡയിലും അദ്ദേഹം അത്യധികം സുന്ദരമാക്കി. അതുപോലെത്തന്നെ ‘ഞാനെയ്ത കിടിയെ കൂടെ വന്നെയ്തീടാമോ മൂഢാ’ ഇവിടെ വാചികസംഗീതമാവുകയാണ്‌ അദ്ദേഹത്തിന്‍റെ പാട്ട്. ‘മൂഢാ’ എന്ന് മേല്‍പ്പോട്ട് എടുക്കും ഒരു വെല്ലുവിളിയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയാണ്‌. ‘പാടവം’ കഴിഞ്ഞ് വട്ടം തട്ടും. ‘പേടികൂടാതെ എന്നോട്’  താളത്തിന്‌ മുന്പേ കഴിയും അക്ഷരങ്ങള്‍ പെറുക്കിയെടുക്കത്തക്കവണ്ണം വാചികസംഗീതത്തിന്‍റെ ശോഭ അവിടെ കാണുകയാണ്‌. അവിടെ പന്തുവരാളി രാഗത്തെയല്ല കാട്ടാളനെയാണ്‌ കുറുപ്പാശാന്‍ കണക്കാക്കുന്നത്. കറകളഞ്ഞ വ്യക്തമായ ശബ്ദമാണ്‌ അത്. ഒട്ടും ഉള്‍വലിയുന്ന ശബ്ദമല്ല. വെങ്കലനാദമെന്നാണ്‌ നമ്പീശാശാന്‍ അതിനെ വിശേഷിപ്പിച്ചിട്ടുള്ളത്.

വിട പറഞ്ഞ ദിവ്യഗായകൻ എന്ന പുസ്തകത്തിൽ നിന്നും


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder