ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 15

ശ്രീവത്സൻ തീയ്യാടി

November 14, 2013

പുറപ്പാട് ആടിത്തീർത്ത് കൃഷ്ണവേഷങ്ങൾ പോയി. പൂർണത്രയീശക്ഷേത്രത്തിലെ നെടുങ്കൻ ഊട്ടുപുരയിൽ വീണ്ടും തിരശീലമറ. പാതിര പിന്നിട്ട നേരം; പൂഴിയിട്ടാൽ തറയിൽ വീഴാത്ത തിരക്ക്. കഥ തുടങ്ങുകയായി. നളചരിതം രണ്ടാം ദിവസം. ആദ്യ രംഗത്തിനുള്ള രാഗാലാപനം തുടങ്ങി. തൽക്കാലം ശങ്കിടിയേ പാടുന്നുള്ളൂ. എന്തോ, എന്റെ കൗമാരമനസ്സിന് ഒരൂർജം കിട്ടുന്നില്ല. സംഗീതം നന്ന്, അല്ലെന്നല്ല. മുമ്പ് പുറപ്പാടിന് പാടിയ ചെറുപ്പക്കാരേക്കാൾ എന്തുകൊണ്ടും മെച്ചം; പക്ഷെ ഒരു ഗുമ്മില്ല.

ഇപ്പോൾ വരുമെന്നറിയാം; എന്നിട്ടും അക്ഷമ. അങ്ങനെയിരിക്കെ, പെട്ടെന്ന് ആ നാദം കേട്ടു. ചേങ്ങിലത്തെളിച്ചമുള്ള ശബ്ദം. അഹങ്കാരമുള്ള അകാരം. അതിനിടയിലും കുറുകുറേയുള്ള ശൃംഗാരം. അല്ലെങ്കിലും തൃപ്പൂണിത്തുറയിൽ പാടാൻ പ്രത്യേക താൽ‌പര്യമാണ് ആശാന്. കോവിലകത്തെ ജ്ഞാനിത്തമ്പുരാന്മാർക്കു തുടങ്ങി ഉത്സവവാണിഭത്തിൽ കിലുക്കാംപെട്ടി വിൽക്കുന്നവർക്കുവരെ ആവേശമാണ് കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി. പ്രതാപവും പ്രചാരവും സമാസമം.

തോടിസ്സ്വരങ്ങൾ മേലോട്ട് ആഞ്ഞയച്ച് മദ്ധ്യത്തിൽ തിരിച്ചുപിടിച്ച് താഴേക്ക് വിരൽ പിടിച്ചാനയിച്ച് കൈയിലെ ഘനവാദ്യത്തിന്മേൽ ‘ണോം’ മേടി. ചെണ്ടയും മദ്ദളവും അതിന്റെ നാദം ആജ്ഞ കണക്കെ ഏറ്റുവാങ്ങി. അതിനകം വരവായ വേഷക്കാരിരുവരും ചൊൽപ്പടിക്ക് നിൽക്കാൻ തയ്യാറായൊരുങ്ങി. ശ്ലോകം തുടങ്ങുന്നിടത്തെ ‘സുരേന്ദ്രൈ’ എന്ന വാക്കു തുടങ്ങി ഉച്ചാരണത്തിന് പലയിടത്തും ഗംഭീര മൂർച്ചയാണ്. ‘ശ്വശുരനരാ…’ എന്നിടത്തെ തുടക്കവും പിന്നത്തെ നീട്ടിപ്പിടിയും പതിവുപത്രാസിൽ.

തിരശീലയൊഴിഞ്ഞു. ‘കുവലയ വിലോചനേ’ക്കുള്ള പതിഞ്ഞ കിടധീംതാം. സന്താനഗോപാലമൂർത്തിയുടെ താമരമാലയണിഞ്ഞ് നൈഷധൻ. നമ്രമുഖിയായി ദമയന്തി. പൊന്നാനി ഭാഗവതരും സുമുഖൻതന്നെ. വെളുത്ത മുഖത്ത് ക്ഷൗരം കഴിഞ്ഞിടം ഇളംനീല നിറം. ഉയർന്ന മൂക്കിനുമേൽ വലിയ ചതുരക്കണ്ണട. ഉള്ളുള്ള കറുത്ത തലമുടി ചീവിയൊതുക്കിയിരിക്കുന്നു. തൂർന്ന രോമമുള്ള തൂവെള്ള നെഞ്ച്. ഒതുങ്ങിയ ഉടലിന് ആടയെന്നവണ്ണം നേർത്ത പൂണൂല് വിലങ്ങനെ. വീതിക്കര മുണ്ട്; രണ്ടാമുണ്ട്. 1987ലെ കാഴ്ച്ചയാണിത്. അന്നദ്ദേഹത്തിന് എന്റെയിന്നത്തെ വയസ്സ്: 43.

അടന്തയിൽ കാലം പതിച്ചിട്ടാൽ ഓർമകൾ പിന്നാക്കം പായിക്കാൻ എളുപ്പമാണ്; സുഖകരവും. ചെറുബാല്യത്തിൽ ഇതേ ഊട്ടുപുരയിൽ വച്ചായിരുന്നു എമ്പ്രാന്തിരിയെ പ്രത്യേകം ശ്രദ്ധിക്കാൻ ഇടയായത്. അഞ്ചോ ആറോ വയസ്സുള്ള എന്നെ അദ്ദേഹവും ഒന്ന് മാർക്ക് ചെയ്തു അതേ രാത്രി.

തൃപ്പൂണിത്തുറ കഥകളിക്ക്ലബ്ബിന്റെ വാർഷികം. ഇന്നിപ്പോൾ പടിഞ്ഞാട്ടാണ് ദൃഷ്ടിയെങ്കിൽ അന്ന് കിഴക്കോട്ടിരുന്നായിരുന്നു കളി കണ്ടത്. മറ്റൊരു നളചരിതം. ഒന്നരയടിത്തറയിന്മേൽ മഹാരഥന്മാരുടെ മുഖരാഗമാമാങ്കം.

അതിനിടയിലാണ് മുമ്പിൽ ഒരു നാളികേരപ്പൂൾ ചെറുക്കൻ ഇടയ്ക്കിടെ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കളിക്കുന്നത്. ദുഃഖം കരിനിറം വീഴ്ത്തിയ ഉടുത്തുകെട്ടുള്ള ബാഹുകന്റെ വിചാരപദത്തിനിടെ കോലൻ ടൌസർകുട്ടന്റെ തലങ്ങും വിലങ്ങും വിളയാട്ടം.

“ശ്, ശ്…” അങ്ങനെ ശബ്ദിച്ചുവോ വേഷത്തിന്റെ ഇളകിയാട്ടത്തിനിടെ എമ്പ്രാന്തിരി? ഇന്നുറപ്പില്ല. ചെറിയൊരു മന്ദസ്മിതമായി എന്റെ നേരെ കൈയോങ്ങി  “അവിടെയിരിക്കൂ” എന്ന് ചേങ്ങിലക്കോലുകൊണ്ട് മുദ്ര പിടിച്ചത് മറക്കാവതല്ല. വകതിരിവുണ്ടെങ്കിലല്ലേ ഇളിയുന്ന പ്രശ്നമുള്ളൂ. പൊന്നാനിപ്പാട്ടുകാരൻ സർവരും കാണെ എന്നോട് സ്പെഷലായി ആംഗ്യം കാട്ടിയതിന്റെ സന്തോഷത്തിലായിരുന്നു അന്നേനാൾ ഉറങ്ങുവോളും. (നിലത്ത് തലചായാൻ പിന്നെ വളരെ താമസം വന്നിരിക്കില്ല.)

പിറ്റെന്നാൾ കുടുംബത്തിൽ ഇത് രസികൻ സംസാരവിഷയമായി. ചെറുപട്ടണത്തിന് പടിഞ്ഞാറ് പുഴ കടന്ന് പേട്ട എന്നയിടത്ത് അയിനി ശിവക്ഷേത്രത്തിലേക്ക് പോവുംവഴിയുള്ള പാതക്കുള്ളിലേക്കായി വാടകവീട്ടിലായിരുന്നു താമസം. “നെന്നെ ആ പാട്ട്വാരൻ മാട്ടീല്ല്യെടാ….” എന്നായി അച്ഛൻ. എനിക്ക് വീണ്ടും ആവേശം അണപൊട്ടി. തുള്ളിച്ചാടി പുറത്തേക്കോടി. വെള്ളമണലിലൂടെ പിലാവിൻതണൽ താണ്ടിയോടി. തുളസിത്തറ പിന്നിട്ട് എമ്പ്രാന്തിരിമഠത്തിന്റെ ഇറയത്തെത്തി. ഇപ്പറഞ്ഞ വീട് ശങ്കരന്റെയല്ല; ഞങ്ങളുടെ വീട്ടുടമസ്ഥൻ ശ്രീനിവാസൻ എമ്പ്രാന്തിരിയുടെ. കളിയാട്ടു മഠത്തിൽ അദ്ദേഹത്തിന്റെ കണക്ക് ട്യൂഷന് വരാത്ത കോളേജ് വിദ്യാർത്ഥികൾ പരിസരത്ത് കുറയും.

അകത്ത് ഇപ്പോഴിരിക്കുന്നത് അദ്ദേഹത്തിന്റെ അച്ഛൻ. പ്രായംചെന്ന കാരണവർ. നീളൻ ഉമ്മറത്ത് ചാരുകസേരയിൽ. അപ്പയൻ എന്നേ ഞാനടക്കം മിക്കവാറും എല്ലാവരും വിളിക്കൂ. മുത്തച്ഛൻ എന്നാണ് തുളുവിൽ അർത്ഥം. അവരുടെ വീടിന്റെ കുഞ്ഞറകളിൽ നൊച്ചൻകണക്കെ കയറിയിറങ്ങി ശീലിച്ചതാണ് ഈ ഓടിക്കളി. അതിന്റെ ബാക്കി മാത്രമായിരുന്നു തലേന്നാൾ ഊട്ടുപുരയിൽ നടന്നത്. 

കഥകളിയിലെ ചേങ്ങിലക്കോലനുഭവം അപ്പയനും പേരമകൻ ബാച്ചനും (ബാലകൃഷ്ണൻ) മുമ്പിൽ ആവേശത്തോടെ വിളമ്പിയത് ഇന്ന് അതുപടി പകർത്താനാവില്ല. കാരണം ദക്ഷിണ കനറയിൽ സംസാരിക്കുന്ന അവരുടെ  നാട്ടുഭാഷ കാലങ്ങളായി ഞാൻ പാടെ മറന്നിരിക്കുന്നു. “ഗൊത്തുദ്ദി” (അറിയില്ല) എന്ന ഒറ്റ വാക്കുമാത്രമേ ഇന്ന് തുളുവിൽ നിശ്ചയമുള്ളൂ. (അതിന്റെ സമകാലിക പ്രസക്തിയും.)

“നിന്നെ ആ ഭാഗവതർക്ക് അത്രക്കിഷ്ടമായോടാ?” എന്ന മട്ടിൽ അപ്പയൻ എന്തോ പ്രതികരിച്ചു. അത്തരം തമാശകളൊന്നും കേൾക്കാൻ നേരമില്ല എന്ന മട്ടിൽ ഞാൻ പുറത്തുചാടി. മുറ്റത്തെ സൈക്കിൾട്ടയറെടുത്ത് ചെല്ലിച്ച കോലുകൊണ്ട് ഓട്ടാൻ തുടങ്ങി. പതിവുപോലെ പുരയ്ക്ക് ചുറ്റും. അതിനിടെ അയലത്തെ കുട്ടനും കളിക്കാൻ കൂടി. എമ്പ്രാന്തിരിയുടെ വീട്ടിൽ മുറ്റമടിക്കാൻ വരുന്ന ശാന്തയുടെ മകനാണ്. കാലിനു രണ്ടിനും പന്തികേടുണ്ട്. അതുകൊണ്ട് എനിക്കൊപ്പം ഓടിയെത്താൻ ബുദ്ധിമുട്ടും. അക്കാരണത്താൽത്തന്നെ എനിക്കവനെ പ്രത്യേകം താൽപര്യവും.

തോടും കുളവും പേരമരവും ഊഞ്ഞാലുമൊക്കെയായുള്ള വീട്ടുപരിസരത്ത് നിത്യമുള്ളതാണ് ഞങ്ങൾ പിള്ളേർ ചേർന്ന് തിമതമർപ്പൻ കളി. വീടുവച്ചും ഒളിച്ചും സാറ്റടിച്ചും ഓടിത്തൊട്ടും തൊങ്ങിയും. ചൊട്ടയും കുട്ടിയും അമ്മാറേറ്റും ഗോലിക്കായയും. അങ്ങനെയിരിക്കുമ്പോൾ, സമീപനഗരമായ കൊച്ചിക്ക് സകുടുംബം പോവുന്ന പതിവുമുണ്ടായിരുന്നു. എറണാകുളത്തെ സുഭാഷ് ബോസ് പാർക്കിൽ മുച്ചക്ക്രസൈക്കിൾ ചവിട്ടിയും കായൽക്കാറ്റ് കൊണ്ട് വിയർപ്പാറ്റിയും ചിലവാക്കുന്ന സായാഹ്നനങ്ങൾ.

പാർക്കിന് എതിരെ ശിവക്ഷേത്രത്തിൽ ഗംഭീരമാണ് ഉത്സവം. കുറഞ്ഞത് രണ്ടു ദിവസത്തെ മുഴുരാത്രിക്കഥകളി. കൌമാരമായപ്പോൾ കമ്പം അതിനോടായി. കലാമണ്ഡലം കൃഷ്ണൻ നായർ തുടങ്ങി അരങ്ങിൽ അതിപ്രഗൽഭരുടെ നീണ്ട ഘോഷയാത്ര. അവരിൽ പലരുടെയും മുദ്രാമുഴക്കമായി എമ്പ്രാന്തിരി. 1988ലാവണം, ഒരു കുചേലവൃത്തം. വേഷക്കാരെ ഒന്നും ഇന്നോർമയില്ല; പക്ഷെ, ‘ദാനവാരി ‘ മുതൽ ‘പുഷ്കര വിലോചനാ’ മുതൽ കേട്ട ഓരോ പദത്തിലെയും സംഗതികൾ മന:പാഠം. കൂളിംഗ് ഗ്ലാസ് വച്ച് ഒരാൾ കളിയരങ്ങ് പൊന്നാനിക്കുന്നത് നടാടത്തെ കാഴ്ച്ചയായിരുന്നു.

നേരിട്ട് പരിചയം തെല്ലും ഇല്ലാത്തതിനാൽ എമ്പ്രാന്തിരിയെ ചുറ്റിപ്പറ്റി നിൽക്കാൻ ഒരു പരുങ്ങലും ഇല്ലായിരുന്നു. “ശ്… ആരാത് പിന്നാലെ പരുങ്ങിംകൊണ്ട്… യെന്തേ വേണ്ട് കുട്ടിക്ക്?” എന്ന് അഥവാ ചോദിക്കുമോ എന്ന് പരിഭ്രമം തോന്നാത്ത വിധം ആരാധന.

വൈകാതെ, പക്ഷെ, എമ്പ്രാന്തിരിയെ പരിചയപ്പെടാൻ ഇടയായി. യാദൃച്ഛികമായി. പൂർണത്രയീശ ക്ഷേത്രത്തിൽ വീണ്ടും വൃശ്ചികോത്സവം. ഇക്കുറി നളചരിതം നാലാം ദിവസം. ഊട്ടുപുരമുകളിലെ കളിക്ക് മുമ്പുള്ള സംഗീതക്കച്ചേരിയുടെ തനിയാവർത്തനം ലേശം ബോറ് തോന്നിയപ്പോൾ എഴുന്നേറ്റു. താഴെ തെക്കുകിഴക്കേ മൂലയിലെ ആനപ്പന്തിയിൽ പോയി. പഞ്ചാരി രണ്ടാം കാലം. തിരക്കിനിടയിൽ ശ്രദ്ധിച്ചു: എമ്പ്രാന്തിരി. ഇടക്കലാശങ്ങളുടെ നേരത്ത് തലയാട്ടിയാണ് ആസ്വാദനം.

മേളം കഴിഞ്ഞ് അടന്ത വകകൊട്ടി പ്രദക്ഷിണം മുന്നാക്കം നീങ്ങവേ ഒന്ന് ചായ കുടിക്കാം എന്നുകരുതി. പടിഞ്ഞാറേ ഗോപുരം വഴി പുറത്തു കടന്നു. വലത്തോട്ടു തിരിഞ്ഞതും കണ്ടു എമ്പ്രാന്തിരി. അദ്ദേഹത്തിനൊപ്പം ചായക്കടയിലെ ബെഞ്ചിലിരിക്കുന്നത് പരിചയക്കാരനാണ്‌. ഈടൂപ്പ് കോവിലകത്തെ ഹരി തമ്പുരാൻ. എന്റെ അച്ഛന്റെ കൂടെ പണ്ട് തൃശൂർ കേരളവർമ കോളേജിൽ പഠിച്ചയാൾ; ഹോസ്റ്റൽ ചങ്ങാതിമാർ.

“ഇവടെയിരിക്കൂ,” എന്ന് പറഞ്ഞ് ഹരിമാമൻ എനിക്ക് സ്ഥലം തന്നു. ലേശം ശങ്കിച്ച് പരുങ്ങിക്കൂടി. എനിക്കായി ചായ വരാനിരിക്കെ ഹരിമാമൻ ചോദിച്ചു എമ്പ്രാന്തിരിയോട്: “ഇയാളെ മനസ്സിലായോ?”

“ല്ല്യലോ…”

“ആര്യേടെ മകനാ. ലേഡീസ് ട്രൂപ്പില് പാടണ ആര്യാദേവിയില്ലേ….”

“ഓ, അമ്മെ ഞാറിയും. അച്ഛനീം…. പണ്ടെന്നെ.”

ഒന്നും മിണ്ടാനാവാതെ ഞാൻ നിന്നു. ഒടുവിൽ ഒരു വിഡ്ഢിച്ചോദ്യം കാച്ചി: ആശാൻ ഇന്ന് മാത്രമല്ലേ ഇവിടെ കളിക്കുള്ളൂ?

“അതെ, പക്ഷെ ആദ്യേ വരാൻ പ്ലാൻണ്ട്. രുദ്രപട്ടണം ബ്രതേഴ്സിന്റെ കച്ചേരിക്ക്. വലിയ വിളക്കുന്നാൾ…” ആശാൻ അന്ന് താമസിച്ചിരുന്നത് തൃപ്പൂണിത്തുറനിന്ന് ഏറെയകലെയല്ല. കളമശ്ശേരി തിരിഞ്ഞ് ഏലൂരിൽ ജോലി ചെയ്തിരുന്ന ഫാക്റ്റ്  കഥകളിയോഗത്തിന്റെ ക്വാർട്ടേഴ്സിൽ.

മൂവരും എഴുന്നേറ്റു. കാശ് കൊടുത്തത് ഞാനല്ല.

വൈകാതെ കളി. വാസു പിഷാരോടി-കോട്ടക്കൽ ശിവരാമൻ ടീം. ആദ്യപദം കഴിഞ്ഞ് “താമരബന്ധുവംശമുടയോരവനിപതിലകൻ” എന്ന ശ്ലോകം കൈകലാശത്തോടെ ചൊല്ലാൻ തുടങ്ങി പൊന്നാനി. ഇടയിൽ മുതുകിൽ പതിവുള്ള കൽപിതച്ചൊറിച്ചിൽ തോളിനു പിറകിലേക്ക് കൈയുയർത്തിക്കൊണ്ടുപോയി ചേങ്ങിലക്കോൽത്തുമ്പുകൊണ്ട് തിരുമ്മിത്തീർത്തു. “സ്വൽപപുണ്യയായേൻ ഞാനോ” എന്ന് വികാരം തുളുമ്പിപ്പാടി.

കളി മൊത്തം നന്നായി.

അക്കൊല്ലം തന്നെയാവണം എറണാകുളം ക്ലബ്ബിന്റെ ഗംഭീര കഥകളി അരങ്ങേറുന്നത്. ശിവക്ഷേത്രത്തിനു സമീപം ടി.ഡി.എം ഹാളിൽ സന്ധ്യപ്പരിപാടി. കർണശപഥം. കൃഷ്ണൻ നായരാശാന്റെ കുന്തി. കർണൻ: കലാമണ്ഡലം ഗോപി. ഭാനുമതി ശിവരാമന്റെ. ദുര്യോധനൻ: ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരി, ദുശ്ശാസനൻ: നെല്ലിയോട് വാസുദേവൻ നമ്പൂതിരി. പാട്ട്: എമ്പ്രാന്തിരി, വെണ്മണി ഹരിദാസ്. മുമ്പ് പാർക്കിൽ പോയിരുന്നതിനേക്കാൾ ഉത്സാഹത്തിലാണ് ആ കളിക്ക് പോയത്. ആട്ടം കാണുമ്പോൾ പാട്ട് ശ്രദ്ധിച്ചും പാട്ട് കേൾക്കുമ്പോൾ വേഷം കാണാൻ മറന്നും ബുദ്ധിമുട്ടി. രോമാഞ്ചത്തോടെയാണ് അന്നത്തെ അരങ്ങ് കണ്ടു തീർത്തത്; ഉന്മാദത്തോടെയാണ് മടങ്ങിയത്.

പിറ്റേന്ന് പത്രറിപ്പോർട്ട് കണ്ട് സായൂജ്യമടഞ്ഞു. കഥകളി നടന്നത് വാർത്തയായി പേപ്പറിലും!

അതുപോലൊരിക്കൽ, പിന്നെ, എമ്പ്രാന്തിരിയുടെ ചിത്രം ‘മാതൃഭൂമി’യിൽ കാണുന്നത് ഒന്നാം പേജിലാണ്. നേരെ തിരിച്ചുള്ള അവസ്ഥയിൽ. 1990 ആഗസ്ത് മദ്ധ്യത്തിൽ. കൃഷ്ണൻ നായരാശാൻ അന്തരിച്ച വിവരമറിഞ്ഞ് അദ്ദേഹത്തിൻറെ തൃപ്പൂണിത്തുറ വീട്ടിൽ പോയി ദേഹം അവസാനമായി കാണാൻ കഴിയാതെ പോയതിന്റെ നൊമ്പരത്തിലാണ് ഗാനഗന്ധർവൻ. വൃക്ക രണ്ടും തകരാറിലായതിനെ തുടർന്ന് ചികിത്സയിലാണ്.

കറുപ്പുംവെളുപ്പും ചിത്രത്തിന് ക്യാപ്ഷൻ ഉണ്ടെന്നത്‌ ശരിതന്നെ, പക്ഷെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആസ്പത്രിയിലെ മുറിയിൽ കട്ടിലിൽ ഇരിക്കുന്ന എമ്പ്രാന്തിരിയെ കണ്ടാൽ തെല്ലും മനസ്സിലാവില്ല. കുറ്റിമുടിത്തലയും ദീക്ഷയും മെല്ലിച്ച ദേഹവും. സ്ഥിരപ്രതിഷ്ഠയായുള്ള കണ്ണടയില്ലതന്നെ. കൂടെ ഭാര്യ സാവിത്രി അന്തർജനം.

കൃഷ്ണൻനായരാശാൻ മരിച്ചപ്പോൾ സുഹൃത്തുക്കൾക്കൊപ്പം ഞാനും ഉണ്ടായിരുന്നു ആ വീട്ടിൽ. രാപകൽ. ഓട്ടോറിക്ഷയിൽ മൈക്കിലൂടെ തൃപ്പൂണിത്തുറപ്പട്ടണം മുഴുവൻ സ്വാതന്ത്ര്യ ദിനത്തിൻനാൾ മരണവിവരം അറിയിച്ച് ചെണ്ടകലാകാരൻ രാജീവ് വർമ വിളിച്ചു പറഞ്ഞതിനു പിന്നാലെ സൈക്കിൾ എടുത്ത് പുറപ്പെടുകയായിരുന്നു. അന്നേ ദിവസവും പിറ്റെന്നുച്ചക്ക് സംസ്കാരം വരെയും എമ്പ്രാന്തിരി വന്നിരുന്നില്ല എന്നത് ശ്രദ്ധിക്കായ്കയല്ല; പക്ഷെ വയ്യായ്ക ഇത്രക്കുണ്ട് എന്ന് മനസ്സിലാക്കിയിരുന്നില്ല. ഇതിപ്പോൾ മനസ്സ് കലങ്ങിപ്പോയി.

ആ വാരാന്ത്യംതന്നെ തൃപ്പൂണിത്തുറ ക്ലബ്ബിന്റെ പ്രതിമാസകഥകളി വന്നുപെട്ടു. ഇതിഹാസപുരുഷന്റെ തിരോധാനം മൂലം അത് വേണ്ടെന്നു വക്കുമോ എന്ന് ശങ്കിച്ചു. ചിലർ ഉറപ്പിച്ചു. അതേക്കുറിച്ച് സഹൃദയർക്കിടയിൽ രണ്ടുണ്ടായി പക്ഷം. എന്തേ നടത്താൻ എന്ന് വേഷക്കാരൻ കലാമണ്ഡലം കേശവദേവും തീരുമാനിച്ച കളി മുടക്കുന്നതെങ്ങനെയെന്ന് ക്ലബ്ബ് ഭാരവാഹി പ്രൊഫസർ സി.കെ. മധുസൂദനൻ എന്ന മധുസ്സാറും പൂർണത്രയീശ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന്റെ തിണ്ണമേലിരുന്ന് തർക്കിച്ചു. ഒടുവിൽ കളി നടന്നു; അനുശോചനത്തിൽ തുടങ്ങി. ആശാനെ കുറിച്ച് കലാമണ്ഡലം കേശവൻ സംസാരിച്ചു. ഫാക്റ്റിൽ എമ്പ്രാന്തിരിയുടെ സഹപ്രവർത്തകൻ.

ഡയാലിസിസ് തുടങ്ങേണ്ടി വന്ന സംഗീതജ്ഞന് സഹായനിധി രൂപീകരിക്കാൻ നീക്കം തുടങ്ങി. അദ്ദേഹം കിടന്നിരുന്ന മെഡിക്കൽ ട്രസ്റ്റ് ആസ്പത്രിക്ക് അകലെയല്ലാതെ ഒരു കെട്ടിടത്തിൽ കേശവേട്ടനടക്കം കുറച്ച് കലാകാരന്മാരും സഹൃദയരും ഒത്തുകൂടി. തൃപ്പൂണിത്തുറയിലെ ഹരിമാമന്റെ ജ്യേഷ്ഠൻ സി.ആർ.ആർ വർമയായിരുന്നു കാര്യപരിപാടിയുടെ പ്രധാനികളിൽ ഒരാൾ. മീറ്റിങ്ങിന് എത്തിയ രണ്ടു ഡസൻ പേരിൽ ഏറ്റവും പ്രായം കുറഞ്ഞവൻ ഞാനാവണം എന്നൂഹിച്ചു. മനസിന്റെ വ്യാധിയല്ലാതെ വേറൊന്നും കൊണ്ടല്ല എത്തിപ്പെട്ടത്. അതുകൊണ്ടുതന്നെ ഫണ്ട് പിരിവിനെ കുറിച്ചൊന്നും ധാരണ തീരെയില്ലായിരുന്നു. അങ്ങനെനെയിരിക്കെ ആ ചെറുസംഘത്തിൽ കാര്യമാത്രപ്രസക്തമായി സംസാരിച്ച സുമുഖൻ ചെറുപ്പക്കാരന്റെ ഐഡിയ മൂത്തവർ പലർക്കും ബോധിച്ചു. എൻ. മോഹൻ ശങ്കർ എന്നാണ് പേരെന്നും കോട്ടയത്തെ ആർപ്പൂക്കരക്കാരൻ മൂസാണെന്നും പറഞ്ഞുകേട്ടു.

വന്നവരെല്ലാം മിനിട്ട്സ് പുസ്തകത്തിൽ ഒപ്പിട്ടു പിരിഞ്ഞു. കാശു പിരിച്ചുകിട്ടാൻ രശീതിക്കുറ്റി വൈകാതെ ഞാനും കൈപ്പറ്റി. പലർക്കും കത്തയച്ചു. കിട്ടിയ തുക സ്വരൂപിച്ച് സഹായനിധി സംഘത്തെ ഏൽപ്പിച്ചു. അണ്ണാറക്കണ്ണനും തന്നാലായത്.

കൊല്ലം രണ്ടു ചെന്നപ്പോൾ വൃക്കമാറ്റൽ ശസ്ത്രക്രിയ നടന്നു. മദിരാശിയിലെ ആസ്പത്രിയിൽ. വിജയമായെന്നു കേട്ടു. അരങ്ങിലേക്ക് തിരിച്ചുവരവിനായി കാത്തു.

1993 വേനൽ. മേടം ആവണം മാസം. മലപ്പുറത്തെ മഞ്ചേരിക്കടുത്ത് ഒരു ഗ്രാമത്തിൽ അയ്യപ്പൻ തീയ്യാട്ട്. കുലത്തൊഴിലിൽ എന്റെ അരങ്ങേറ്റത്തിന് ഒരാഴ്ച മുമ്പ്. അവസാനവട്ട പഠനത്തിനായി അച്ഛന്റെ പെരുമ്പിലാവിലെ വീട്ടിൽ നാലുനാൾ തമ്പായിരുന്നു. അതിനിടെയിലാണ് പോരൂരിൽ ഇപ്പറഞ്ഞ വഴിപാട്. എന്നോടും ഉച്ചതിരിഞ്ഞ് ചെന്നുകൂടാൻ കൽപനയായി. അയൽപ്പട്ടണമായ കുന്നംകുളത്ത് പോവേണ്ട കാര്യമുണ്ടായിരുന്നു. അവിടെനിന്നാണ് വടക്കോട്ട്‌ മലമ്പ്രദേശത്തേക്കുള്ള ബസ്സ്‌ പിടിക്കുന്നത്. പെരിന്തൽമണ്ണക്കുള്ള വണ്ടിയിൽ നല്ല തിരക്ക്. അപ്രതീക്ഷിതമായി പാതിയിരിപ്പിടം കിട്ടി. പരിചയക്കാരൻ കഥകളിക്കാരൻ നരിപ്പറ്റ നാരായണൻ നമ്പൂതിരി കനിഞ്ഞ്‌. വരുംവാരം എനിക്കുമുണ്ട് അരങ്ങേറ്റം എന്ന് പറഞ്ഞപ്പോൾ ഉറക്കെ ചിരിച്ചു. “മാർഗംകൂടാൻതന്നെ തീരുമാനിച്ചു, ല്ലേ. നന്നായി,” എന്നും പറഞ്ഞു.

പോരൂര് പോയിവന്ന ഏറനാടൻ വിശേഷങ്ങൾ ഇഞ്ചിയും കുരുമുളകും ചേർത്ത് പോർക്കുളത്തെ കുഴിക്കാട് പ്രദീപിനെ വിവരിച്ചുകേൾപിച്ചു. സ്ഥലത്തെ തായമ്പകസഹോദരർ ഹരിദാസും ഉണ്ണികൃഷ്ണനും ഞങ്ങൾ തിയ്യാടിക്കാരുടെ തുള്ളിനു കൊട്ടിയതടക്കം പറഞ്ഞ് ഊറ്റംകൊണ്ടു. കടുത്ത ഉണ്ണികൃഷ്ണക്കുറുപ്പു ഭക്തനായ കളിബ്ഭ്രാന്തൻ സുഹൃത്ത് എല്ലാം കേട്ടയൊടുവിൽ പാതിപരിഹസിച്ചു പറഞ്ഞു: “പോരൂര് വരെ എത്ത്യ സ്ഥിതിക്ക് ആ വെള്ളയൂരും ഒന്ന് പൂവാർന്നു; തന്റെ ഇമ്പ്രാന്തിരിടെ നാടല്ലെടോ!”

പിറ്റത്തെയാഴ്ച്ച പെരുമ്പിലാവ് അയ്യപ്പൻകാവിൽ എന്റെ വെളിച്ചപ്പാടിന് കൽപന കേൾക്കാൻ പ്രദീപ്‌ നല്ലകുട്ടിയായി വന്നു.

മാസങ്ങൾ ചെന്നപ്പോൾ അറിഞ്ഞു: എമ്പ്രാന്തിരി വീണ്ടും പൊതുവേദിയിൽ പാടുന്നു. രണ്ടര വർഷത്തിനു ശേഷം. പിന്നെ കേട്ടു, പാടി. ഗുരുവായൂർ സന്നിധിയിൽ. മേല്പത്തൂർ ഓഡിറ്റോറിയത്തിൽ. ശ്രീകൃഷ്ണന്റെ പിറന്നനാളായ അഷ്ടമിരോഹിണി ദിവസം ഭക്ത ജനക്കൂട്ടത്തിനു മുമ്പിൽ ‘അജിത ഹരേ’ പാടിയെന്ന് വായിച്ചറിഞ്ഞു. പിന്നീട് കോട്ടക്കലും ഇരിഞ്ഞാലക്കുടയും പാടി. എല്ലാം കച്ചേരികൾ.

അക്കൊല്ലം നവംബർ മദ്ധ്യമാവേണ്ടി വന്നു എമ്പ്രാന്തിരിക്ക് കഥകളിക്ക് പിന്നെയും പൊന്നാനിക്കാൻ. വിശ്രമശേഷം ആദ്യത്തെ കളിക്കുപാടൽ. അത് തൃപ്പൂണിത്തുറ വച്ചായിരുന്നു. ആ മാസം 16ന്. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കളിക്കോട്ടാ പാലസിൽ. കിർമീരവധം. ആ കളി കാണാൻ, അല്ല കേൾക്കാൻ, എനിക്കും തരപ്പെട്ടു. അരങ്ങിന്റെ മൂലയിൽ കസേരയിൽ ഇരുന്ന് എമ്പ്രാന്തിരി. തടിച്ചിരിക്കുന്നു. മുഖത്ത് നീരുള്ളത് പോലെ. എന്നിരിക്കിലും നല്ല ചൈതന്യം. നവരസം രാഗമാലപിച്ചു. കൂടെ കലാമണ്ഡലം സുബ്രഹ്മണ്യൻ. ‘നല്ലാർകുലം’ കേട്ടപ്പോൾ പഴയ ഓർമ. അതെ, സ്മൃതിയിലാണല്ലോ പലതും പൂർവാധികം നന്നായിത്തോന്നുക. ലളിത-പാഞ്ചാലി (ഫാക്റ്റ് പത്മനാഭൻ, ആർ.എൽ.വി ഗോപി) കഴിഞ്ഞ് കിർമീരന്റെ ഭാഗവും ഉണ്ടായി. കേശവദേവിന്റെ താടിവേഷം. വിലക്കണഞ്ഞപ്പോഴും സംഗീതപ്രതീക്ഷയുടെ നാളവുമായി സഭ പിരിഞ്ഞു.

മൂന്നാഴ്ചക്കകം എന്റെ പത്രപ്രവർത്തനപഠനം തീരുകയായിരുന്നു. ‘മാതൃഭൂമി’യുടെ വാരാന്ത്യപ്പതിപ്പ് എഡിറ്റർ കെ.സി. നാരായണൻ ബന്ധു പ്രദീപ്‌ വഴി എന്നെ അറിയിച്ചു. “ടോ, എമ്പ്രാന്തിരി തിരിച്ചു വന്നൂലോ… ഒരു ലേഖനം വേഗം സംഘടിപ്പിച്ചാലോ ന്ന് ചോയ്ച്ചു കെ.സി. തന്റെന്ന്യായ്ക്കോട്ടേ ന്ന് ഞാനും പറഞ്ഞു.”

തൃപ്പൂണിത്തുറനിന്ന് ഫാക്റ്റ് ക്വാർട്ടേഴ്സിലേക്ക് ബസ്സു കയറി. വണ്ടി പേട്ടയിൽ എത്തിയപ്പോൾ സമപ്രായക്കാരൻ പയ്യനൊരാൾ ബദ്ധപ്പെട്ടു കയറിപ്പറ്റി. കാലിനു പ്രശ്നമുള്ള നടത്തം. കുട്ടൻ! അതെ, ശാന്തയുടെ മകൻ! ബാല്യത്തിലെ ചങ്ങാതി! പതിനഞ്ചു കൊല്ലം കഴിഞ്ഞുള്ള സംഗമം. അങ്ങോട്ട്‌ പറഞ്ഞുകൊടുത്തു വേണ്ടിവന്നു മനസ്സിലാക്കിക്കാൻ. ചിരിച്ചു. എങ്ങോട്ടാ? ഏലൂര് വരെ. അവിടെയെന്താ? ഒരാളെ കാണാനാ.

ഫാക്റ്റിൽ അക്കാലത്ത് കേശവേട്ടന്റെ വീട്ടിൽ പോയിട്ടുണ്ട്. അതിനാൽ വഴി കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടായില്ല. ഒരുങ്ങിയിരുന്നു എമ്പ്രാന്തിരി. മുണ്ടും വേഷ്ടിയും. “തനിക്ക് ചായ്യോ കാപ്പ്യോ?”

ഉമ്മറത്തിരുന്നു. കുശലം കഴിഞ്ഞപ്പോൾ ചോദ്യങ്ങൾ ചോദിച്ചു. വെടിപ്പായി മറുപടികൾ. പിന്നെ കുറച്ചുനേരം ലാഘവത്തിൽ സംസാരം.

പഴയ തലമുറയിൽനിന്ന് എന്താണ് ആശാൻ കൊണ്ടുവന്നിട്ടുള്ള വ്യതിരിക്തത? “അതോ… ക്ലാരിറ്റി. ഉച്ചരിക്കുമ്പള്ള ശുദ്ധി. മുമ്പള്ളോർക്ക് ല്ല്യാത്തതാ ക്ലാരിറ്റി ന്നല്ല; ഞാനതില് നല്ലോണം ശ്രദ്ധിക്കുണു; അതാണ്‌….”

“ഇപ്പൊ,” എന്തോ രഹസ്യം പറയാൻ പോവുന്ന മട്ടിൽ കസേരയുടെ ചാരി വിട്ട് മുതുക് എന്റെ സമീപത്തേക്കാക്കി മുന്നോട്ടാഞ്ഞു. “എന്റാശാനടക്കം…..” അന്നൂറ്റാണ്ടിൽ കല്ലുവഴിസ്സമ്പ്രദായത്തിന്റെ സംഗീത വടവൃക്ഷമായിരുന്ന കലാമണ്ഡലം നീലകണ്ഠൻ നമ്പീശനെ കുറിച്ച് പറയാനുള്ളത് കേൾക്കാൻ കാതുകൂർപ്പിച്ചു. “പറയുമ്പോ താനും നമ്പീശനാ, എന്റാശാനും അതെ.” അക്ഷമ കാരണം എന്റെ ജാതിക്കാര്യം തിരുത്താൻ പോയില്ല. “അദ്ദേഹത്തിന്റെ പാട്ട് അതിഗംഭീരവും. പക്ഷെ, ഉച്ചരിക്കുമ്പ്ലത്തെ തികവ്…. അത് മുഴ്വോൻ പറയ് വയ്ക്ക്യോ…. ആകാര്യത്തില് ബാലമുരളികൃഷ്ണന്നെ ന്റെ ഗുരു….”

ഇത്രയും പറഞ്ഞ്,പഠിച്ചിരുന്ന കാലത്ത് പാടിയിരുന്നതും പിന്നീട് പ്രസിദ്ധി നേടിത്തന്ന വഴികളും പിന്നാലെപ്പിന്നാലെ കേൾപ്പിച്ചു. “വിറ്റ്യാസം മനസ്സിലായീലോ, ല്ല്യേ?”

സംഗീതധാരക്കും ഒരു പരിധിവരെ ഉച്ചാരണത്തിനും മദുരൈ മണി അയ്യരുടെ ഛായ തോന്നാറുണ്ടല്ലോ…. “അതെ, മദുര മണീം എന്നെ സ്വാധീനിച്ച്ട്ട്ണ്ട്….”

ഇടയ്ക്കിടെ പത്നിയെ വിളിച്ചുകൊണ്ടിരിക്കും. “സാവിത്രീ, ഒരു ഗ്ലാസ് വെള്ളം കൊണ്ട്രൂ…” എന്നിട്ട് എന്നോടായി: “തനിക്കും വേണ്ട്രോ?”

ഗ്ലാസ് കാലിയാക്കി ടീപ്പോയിൽ വച്ച്  വീണ്ടും ചാരിയിലേക്ക് ആഞ്ഞശേഷം പറഞ്ഞു: “അടുത്തെട കുമാരൻ നായരാശാനായിട്ട് ഞാനൊരു ഫൈറ്റ്ണ്ടായി. കലാമണ്ഡലത്ത്ന്ന്.” ബലേ! കീഴ്പടത്തിനെ പറ്റിയാണ്. “സെമിനാറേർന്ന്…. സന്താനഗോപാലം വിഷയായി. (പുത്രദുഃഖം സഹിയാഞ്ഞുള്ള വിലാപപദത്തിൽ) ‘എട്ടു ബാലന്മാർ’ ന്ന്ള്ള വരീല് ഈ ‘എട്ട്’ ന്ന്ള്ളത് മൂന്ന് കാലത്തിലാ…. യെന്തിനായീ മല്ല്! വെർതെ വേണ്ടാതെ….. ‘(കേട്ടുനില്ക്കുന്ന) അർജുനനെന്താ ചെക്‌ടേക്കായണ്ടോ?’ ഞാൻ ചോയ്ച്ചു. ആശാനത് പിടിച്ച് ല്ല്യ….”

വൈകാതെ പിരിയാൻ കാലമായി. പോരുമ്പോൾ ഉപദേശിച്ചു. “കെ.സി. ന്നെ വിൾച്ചീര്ന്നു. താൻ ചെറുപ്പാ…. മാതൃഭൂമീ ന്നൊക്ക പറഞ്ഞാ സ്റ്റാൻഡേർഡ്ള്ള പേപ്പറാ…. നന്നാക്ക്യെഴുതണം. തന്നെക്കൊണ്ട് സാധിക്കും….. ല്ല്യാന്നല്ല…”

അക്കാലത്ത് കോഴിക്കോട്ട് പോവേണ്ട സംഗതി വന്നു. കെ.പി. കേശവമേനോൻ റോട്ടിൽ കശപിശ പത്രക്കെട്ടിടം ഗോവണി കയറിച്ചെന്ന് നാരായണേട്ടനെ നേരിൽ ഏൽപ്പിച്ചു. “ഇത് നീളം ലേശധികം ണ്ട് തോന്നുണു,” കടലാസ് നിവർത്തി ആദ്യ വാചകം. ചിരിച്ചുകൊണ്ടുതന്നെ ഞാനും പ്രതിവചിച്ചു: “പാരപാരയായി എടുത്ത് കളഞ്ഞോളൂ…”

പിന്നെ, ഒന്ന് പരതി വായിച്ചു. വലതുകൈ കൊണ്ട് നെറ്റി മേലോട്ടു തിരുമ്മി പറഞ്ഞു: “ഹേയ് ശ്രീവൽസൻ, ആദ്യത്തെ വര്യൊന്നും ങ്ങനെ എഴുതരുത്….”

എങ്ങനെ വേണമെങ്കിലും ശരിയാക്കിക്കൊള്ളൂ, വീണ്ടും മറുപടി.

ചായ കുടിച്ച് പിരിഞ്ഞു.

പത്തു ദിവസത്തിനകം കത്തു കിട്ടി. കെ.സി.യുടെ: “മാറ്റർ അച്ചടിച്ചു വന്നിട്ടുണ്ട്. ആദ്യത്തെ രണ്ടു ഖണ്ഡിക ഒടുവിലേക്ക് മറിഞ്ഞുപോയി. കമ്പോസിംഗിൽ പിണഞ്ഞ അബദ്ധമാണ്. ഈ ഞായറാഴ്ച്ചത്തെ പതിപ്പ്.”

ഡിസംബർ അഞ്ചാം തിയ്യതി പുറത്തിറങ്ങി. ‘മാതൃഭൂമി’യുടെ തൃശൂർ ആപ്പീസിൽ പ്രവൃത്തിപരിചയ പരിശീലനത്തിനിടെ. തലേന്നാൾതന്നെ കോപ്പി പ്രസ്സിൽനിന്ന് കൈക്കലാക്കി. തലതിരിഞ്ഞതല്ലാതെ തിരുത്തൊന്നും വരുത്തിയിട്ടില്ല. തലക്കെട്ട് അമ്പേ മാറ്റിയിരിക്കുന്നു. വായിക്കാൻ നന്ന്: ‘ഇടവേള കഴിഞ്ഞു; വീണ്ടും സംഗീതമാധുരി’.

ആ ദിവസത്തിനു നാലാം നാൾ ജോലിക്കാരനായി കയറി. സദനം കഥകളി അക്കാദമിയിൽ. തൊട്ടുപിന്നാലെ സ്ഥലംമാറ്റമായി കെ.സി ‘മാതൃഭൂമി’ തൃശൂർ എഡിഷന്റെ ചുമതലയേറ്റു.

ഒന്നരക്കൊല്ലത്തെ സദനവാസത്തിനിടെ തൃപ്പൂണിത്തുറ കളിക്കോട്ടയിൽ എമ്പ്രാന്തിരിയെ വീണ്ടും കാണാനിടയായി. ഇക്കുറി ഒരു ത്രിവേണീ സംഗീതസംഗമം.കഥകളി-കർണാടക-ഹിന്ദുസ്ഥാനി സമ്പ്രദായങ്ങളിലെ പാട്ടിന്റെ ഒത്തുകൂടൽ. ആശാൻ, നെയ്യാറ്റിങ്കര മോഹനചന്ദ്രൻ, രമേഷ് നാരായണ്‍. തിരക്കിനിടെ പരിചയം പുതുക്കിയതൊന്നുമില്ല.

1995 വേനലിൽ കീഴ്പടത്തിന്റെ എണ്‍പതാം പിറന്നാളാഘോഷം നടന്നു. ആ വർഷമൊടുവിൽ, ഡിസംബറിൽ, ദൽഹിക്ക് വണ്ടി കയറി.

കുമാരൻനായരാശാന്റെ ശതാഭിഷേകത്തിന് സദനത്തിൽ നാലണ്ട് ശേഷം വീണ്ടുമെത്തി. അക്കുറി പാടാൻ എമ്പ്രാന്തിരിയും ഉണ്ടായിരുന്നു. കുചേലവൃത്തം. തലക്ക് നര. വിങ്ങിയ മുഖം. പതിവുപോലെ അരങ്ങിന്റെ മൂല ചേർന്ന് ഇരിപ്പ്. ഒരു കാലിന്റെ പാതി മുറിച്ചു പോയിരിക്കുന്നു. ആശാൻ പതിവാവേശത്തിൽ പാടി: “കലിതാനന്ദം എനിക്കു കനിവോട് തവാഗമം…”

ആദ്യത്തെ കഥയ്ക്ക് ശേഷം ആശാൻ ഇറങ്ങി. തെല്ലുനേരത്തെ വിശ്രമം മതിയാക്കി ഓഡിറ്റോറിയത്തിന്റെ ഇറയത്തുകൂടെ പുറത്തേക്കിറങ്ങി. വഴിയിൽ ഞാൻ ചെന്ന് മുട്ടി. പറഞ്ഞോർമപ്പെടുത്തി. പൊടുന്നനെ ചോദ്യം വന്നു: “താൻ പ്പോ എവട്യടോ?”

വിവരങ്ങൾ ചുരുക്കിധരിപ്പിച്ചു. എന്നിട്ട് കൈയിൽ പിടിച്ചു. വിരലുകൾക്ക്‌ വല്ലാത്തൊരു തണുപ്പ്, പക്ഷെ മനസ്സ് എന്നത്തെയും പോലെ ഊഷ്മളം. പതിവു നേരമ്പോക്കിന് പ്രശ്നമേതുമില്ല്ല. “താൻ വിളിക്കില്ല്യെങ്കിലും തന്റെ പേര്ള്ള വേറൊരാള് ഫോണ്‍ ചീയാറ്ണ്ട്. (കർണാടക സംഗീതജ്ഞൻ) ശ്രീവൽസൻ ജെ മേനോൻ. ഞങ്ങള് എടയ്ക്ക് ഒന്നിച്ച് പാടാറൂണ്ട്….” പലതും പറഞ്ഞു പിന്നെ ഫലിതമത്രെ പാർത്തോളം. “ഞാപ്പോ ആലുവ്യാ താമസം. താൻ വര്വാ ഒരേസം. നിയ്ക്കിനീം പറയാൻണ്ട് ചെലതൊക്ക. തനിക്ക് ആദ്യേ എഴ്താലോ ഒരു ലേഖനം….”

സംഘം ചേർന്ന് കാറിലേക്ക് കയറ്റി ഇരുത്തിയതും ആശാന് ഒരാവശ്യം. “ലേശം കാപ്പി കിട്ട്യാ തരക്ക്ട് ല്ല്യ.” സദനത്തിലെ വേഷമദ്ധ്യാപകൻ കലാനിലയം ബാലകൃഷ്ണൻ അടുക്കളയിലേക്ക് പയ്യനെ അയച്ചു. ഇടവേളയിൽ എമ്പ്രാന്തിരി കലപില സംസാരിച്ചു. ഏറെയും തമാശകൾ.

ചുടുകാപ്പിയെത്തി. എമ്പ്രാന്തിരി കുടിക്കനാഞ്ഞു. “ആറ്റണോ?” ബാലാശാന്റെ ലോഗ്യം. “ന്താ ബാലാ, ആട്ടണോ ന്നോ? പോണ പോക്കില് ന്യദും വേണോ?”

കൂട്ടച്ചിരി. രാജകീയമായി എമ്പ്രാന്തിരി കോപ്പ കാലിയാക്കി. പാത്രം തിരികെ വാങ്ങാൻ പല കൈകളും നീണ്ടു.

അർദ്ധരാത്രി കഴിഞ്ഞ സമയത്ത് വെള്ളവാഹനം തൊണ്ടതെളിച്ച് പുറപ്പെട്ടു. “ന്നാ വരട്ടെ…. യാത്രല്ല്യ…..” സ്വതസിദ്ധമായ ഗമയിൽ സദനപ്പടി കടന്നു. ഇരുണ്ടയിടത്തെ വളവ് തഞ്ചത്തിൽ തിരിഞ്ഞു. പിന്നെ, അതിവേഗത്തിൽ മറഞ്ഞു.

(വര: സ്നേഹ ഇ.)


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder