രഘുശങ്കർ മേനോൻ

Tuesday, July 26, 2011 

കോട്ടയ്ക്കൽ ശിവരാമനാശാന്റെ മികവും കഴിവും കഥകളി സംസ്ക്യതിക്കു തന്നെ വിലമതിക്കാനാവാത്ത ഈടുവെപ്പാണെന്ന കാര്യം കാലം തെളിയിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ ഔപചാരികമായ വാക്കുകൾക്ക് ഇവിടെ സാംഗത്യമില്ലതന്നെ. എന്നാലും ആസ്വാദനത്തിന് പുതിയ മാനങ്ങൾ നിരന്തരം തുറക്കപ്പെടുന്ന കഥകളിയിൽ പ്രോത്സാഹനവും സ്തുതിവചനങ്ങളും ആസ്വാദകർക്ക് പങ്കവെക്കാതെ വയ്യ.

ഒമ്പത് വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് തോടയം കഥകളി യോഗവും, ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരതിശിവജിയുടെ സെന്റർ ഫോർ മോഹിനിയാട്ടവും, സംയുക്തമായി “ലാസ്യ 2002“ എന്ന പേരിൽ മൂന്ന് ദിവസത്തെ വിപുലമായ ഒരു സാംസ്കരിക പരിപാടി നടത്തിയത് ഓർത്തുപോകുന്നു…

കഥകളി, മോഹിനിയാട്ടം, സെമിനാർ, ആസ്വാദനക്കളരി, ചർച്ച, പ്രഭാഷണം, തുടങ്ങിയവ കൊണ്ട് സമ്യദ്ധമായിരുന്നു പ്രോഗ്രാം. അവസാന ദിവസം ഉച്ചക്ക് ശേഷം “ലാസ്യം മോഹിനിയാട്ടത്തിലും, കഥകളിയിലും” എന്ന വിഷയത്തിൽ സെമിനാറും, ചർച്ചയും നടക്കുന്നു. വേദി ഭാരതിശിവജി, സിനിമാതാരം രേവതി തുടങ്ങിയ പ്രമുഖർ കൊണ്ട് സമ്പന്നമാണ് (അന്നേ ദിവസം വൈകീട്ട് ഗോപിയാശാനും, ശിവരാമനാശാനും പങ്കെടുക്കുന്ന കർണ്ണശപഥം കഥകളിയും ഉണ്ട്). സെമിനാർ നടക്കുമ്പോൾ സദസ്സിൽ ശിവരാമനാശാനും ഉണ്ട്. സെമിനാറിനെ തുടർന്ന ചർച്ചയിൽ “ലാസ്യം കഥകളിയെക്കാൾ, മോഹിനിയാട്ടത്തിലാണ് താദാത്മ്യം പ്രാപിക്കാൻ കഴിയുന്നതെന്ന അഭിപ്രായം രൂപപ്പെടുകയുണ്ടായി. പുരുഷന്മാർ സ്ത്രീ വേഷം ചെയ്യുന്നത് കൊണ്ട് ഭാവത്തിന്റെ സ്വഭാവികതയിൽ ഭംഗം വരുന്നു എന്ന ഒരു യുക്തിയും ഈ തിരുമാനത്തിന്ന് പിൻബലം ഉണ്ടാക്കി. ആ സമയം സദസ്സിൽ നിന്ന് ശിവരാമനാശാൻ വേദിയിൽ കയറി വന്നു. “ഞാൻ ഇവിടെ ലാസ്യം അവതരിപ്പിക്കാം അതുപോലെ ആരെങ്കിലും ഒരു സ്ത്രി ഇവിടെ ചെയ്താൽ ഞാൻ നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നു”. അങ്ങിനെ ആ നിറഞ്ഞ സദസ്സിൽ ‘ലാസ്യം’ അവതരിപ്പിച്ചു കൊണ്ട് ശിവരാമനാശാൻ  എതിർക്കാനാവാത്ത വെല്ലുവിളി ഉയർത്തിയപ്പോൾ വേദിയാകെ സ്തംഭിച്ചു പോയി ! കോട്ടയ്ക്കൽ ശിവരാമനാശാന്റെ ആ വിദഗ്ധമായ പ്രകടനം മോഹിനിയാട്ടത്തിൽ ചുവുടുറപ്പിച്ച ഏത് സ്ത്രീയെയും പരാജയപ്പെടുത്തുന്നതായിരുന്നു. അതോട് കൂടി സെമിനാറും, ചർച്ചയും അവസാനിച്ചു.

ആ സംഭവം ഇന്നും മറക്കാൻ പറ്റാത്ത ഒരു ഓർമ്മയായി മനസ്സിൽ നിൽക്കുന്നു. കോട്ടയ്ക്കൽ ശിവരാമനാശാനെ പോലെ നാട്യം വഴങ്ങുന്ന സ്ത്രീവേഷം ഉണ്ടായിട്ടുണ്ടോ എന്ന് സംശയം ആണ്.

കഥകളി ആചാര്യന്‍ കോട്ടയ്ക്കല്‍ ശിവരാമാശാന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder