വെണ്മണി ഹരിദാസ് സ്മരണ – 5
(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്)

കലാമണ്ഡലം ബാബു നമ്പൂതിരി

July 14, 2017

നമുക്ക് ജീവിതത്തിലുണ്ടാവുന്ന സ്നേഹം, ദേഷ്യം ഇങ്ങനെയൊക്കെയുള്ള വികാരങ്ങൾ, അല്ലെങ്കിൽ ദേഷ്യത്തോടെ ‘എടാ’ എന്നൊരാളെ വിളിക്കുന്നത്, വാത്സല്യത്തോടെ ‘മോനെ’ എന്നു വിളിക്കുന്നത്, അതൊക്കെ ഈ കഥകളിപ്പാട്ടിലൂടെ വളരെ നിസ്സാരമായിട്ട് അദ്ദേഹം ചെയ്യുന്നത് എന്നെ വളരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നമ്മൾ സംസാരിക്കുന്നതു പോലെ അനായാസമായി പാടാൻ കഴിയുന്ന ഒരു മഹത് വ്യക്തിയാണ് അദ്ദേഹം. ഹരിദാസേട്ടന്റെ കൂടെ ഞാൻ ആദ്യം പാടുന്നത് ഉത്തരാസ്വയംവരത്തിലെ ‘മാനവേന്ദ്രകുമാര പാലയ’ എന്ന പദമാണ്. പശുപാലന്മാര് കരയണകേട്ടാൽ ശരിക്കും കരയുകാണെന്നു തോന്നും. അന്നുമുതൽക്കേ ഞാനദ്ദേഹത്തിന്റെ ഒരാരാധകനായിത്തീർന്നു. ഹരിദാസേട്ടന്റെ കൂടെ പാടുകാന്നു പറഞ്ഞാൽ…, മറ്റു പല ഗായകരുടേയും കൂടെ പാടുമ്പോൾ അവര് സംഗീതത്തിലെ ‘സംഗതി’കൾ ധാരാളം പാടുന്നുണ്ട്. നമ്മുടെ തൊണ്ട സ്വാധീനവും മറ്റു കഴിവുകളുമുപയോഗിച്ച് നമുക്കത് നല്ലോണം ഫോളോ ചെയ്യാൻ പറ്റും.

ഹരിദാസേട്ടൻ സംഗതികളേക്കാളുപരി, എന്താ പറയുക, അതിന്റെ സത്ത് പാടുമ്പോൾ നമുക്കത് സ്വപ്നത്തിൽ മാത്രമേ ഫോളോ ചെയ്യാൻ പറ്റൂ. നളചരിതം മൂന്നാം ദിവസത്തിലെ ‘ആർദ്രഭാവം’, അതു പാടുമ്പോൾ പന്തുവരാളിയുടെ എല്ലാഭാവവും അതിൽ വരും. അതൊന്നും ഇനി നമ്മള് പാടീട്ട് കാര്യമില്ല, ഇങ്ങനെ ഓർത്തിരിക്കുക എന്നല്ലാതെ. സംഗീതപരമായിട്ടു പറഞ്ഞാൽ, രാഗങ്ങളൂടെ ജീവസ്വരം, രാഗങ്ങളുടെ മർമം എന്താണെന്ന് അദ്ദേഹത്തിനറിയാം. അതെവിടെ ഉപയോഗിക്കണമെന്നും സ്പഷ്ടമായറിയാം. രാഗങ്ങൾക്ക് പുതിയൊരു പ്ലാനോ പുതിയ പുതിയ സംഗതികളോ പാടുന്നതിനേക്കാളുപരി ആ രാഗം കൊണ്ട് എങ്ങനെ ആ കഥാപാത്രമാവാൻ പറ്റും എന്നുള്ള വലിയൊരന്വേഷണം ഹരിദാസേട്ടൻ നടത്തീട്ടുണ്ടെന്നു തന്നെയാണ് കുറച്ചുകാലം അദ്ദേഹത്തിന്റെ കൂടെ പാടിയതിൽ നിന്നും എനിക്ക് തോന്നീട്ടുള്ളത്.

സന്താനഗോപാലത്തിലെ ‘പതിനാറു സഹസ്രങ്ങളിലും’ ഒക്കെ പാടുമ്പോൾ ഹരിദാസേട്ടൻ ‘ഘണ്ഡാര’ത്തിൽ എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നു ചോദിച്ചാൽ ഒന്നും ചെയ്യുന്നില്ല. ബ്രാഹ്മണൻ എന്ന കഥാപാത്രത്തിന്റെ കോപം അത്രമാത്രം അതിൽ പ്രതിഫലിക്കുകയും ഒടുവിൽ തന്നിലേക്ക് തന്നെ ഒതുങ്ങി ദുഃഖത്തോടെ ‘മധുവൈരിക്കീ ദ്വിജരക്ഷക്കോ’ എന്നു പാടുമ്പോഴുള്ള ആ ഒരു ഭാവം വേറാരു പാടുമ്പോളും അങ്ങനെ കേട്ടിട്ടില്ല.  എത്ര ചെറിയ ആള് നല്ലതു പാടിയാലും ഹരിദാസേട്ടൻ അതംഗീകരിക്കും. നമുക്ക് അപശ്രുതി വന്നാൽ അദ്ദേഹമറിയാതെ തന്നെ അദ്ദേഹത്തിന്റെ മുഖത്തത് പ്രകടമാവുകയും ചെയ്യും. ഹരിദാസേട്ടന് അങ്ങനെയേ പറ്റൂ. അദ്ദേഹം സംസാരിക്കുന്നതു പോലും ശ്രുതിയിലാണ്. അദ്ദേഹം മുഖത്തു പ്രകടിപ്പിക്കുന്നത് നമ്മളോടുള്ള ഇഷ്ടക്കുറവു കോണ്ടോ ദേഷ്യം കൊണ്ടോ ഒന്നുമല്ല. നല്ലതു പാടിയാൽ സ്റ്റേജിൽനിന്നു തന്നെ തലകുലുക്കി അഭിനന്ദിക്കുകയും ചെയ്യുന്ന ഒരു പ്രകൃതമായിരുന്നു. ഹരിദാസേട്ടനും ഞാനും കൂടി അഞ്ചാറു ദിവസമൊക്കെ അടുപ്പിച്ച് കളിക്ക് പോയിട്ടുണ്ട്. ചിലപ്പം രണ്ട് മൂന്ന് ദിവസമൊക്കെ ഒരേ കഥ തന്നെയായിരിക്കും.

നമ്മളിപ്പം ഇന്നു പാടിയ ഇതേ സംഗതി തന്നെ നാളെയും പാടിയേക്കും എന്നു കരുതിയാൽ അതുമായി ഒരു ബന്ധവുമില്ലാത്ത എന്തെങ്കിലുമാവും പാടുന്നത്. ഒരിക്കൽ നളചരിതം മൂന്നാം ദിവസം മൂന്നു സ്ഥലത്ത്. ഹരിദാസേട്ടനും ഞാനും രാജീവനുമായിരുന്നു. ‘ലോക പാലന്മാരേ’ ആദ്യത്തെ ദിവസം രാജീവനാ കൂടെ പോയത്. പിറ്റേന്ന്, എന്നാ ഞാൻ പോയേക്കാം, ഇത്രയല്ലേ ഉണ്ടാവൂ എന്നു കരുതി. അന്ന് ‘ലോക പാലന്മാരേ’ പാടിയതു പോലെ എന്റെ ഓർമയിൽ വേറെങ്ങും കേട്ടിട്ടില്ല. ഓരോ അരങ്ങിലും നമ്മളെ ഞെട്ടിച്ചുകൊണ്ടിരുന്ന ഒരാളാണ് ഹരിദാസേട്ടൻ. രാഗങ്ങൾ മാറ്റുന്നതിനെക്കുറിച്ച്, എനിക്ക് ഹരിദാസേട്ടൻ പാടിയ ഒരു രാഗവും അവിടെ വേണ്ടായിരുന്നു എന്ന് ഇതുവരെ തോന്നിയിട്ടില്ല. ഹരിദാസേട്ടൻ മാറ്റിയ ഒരുപാട് രാഗങ്ങളുണ്ട്. ‘മന്ദിരേ ചെന്നാലെങ്ങും’ തന്നെ നളിനകാന്തിയിലും ഹംസനാദത്തിലും ദേശിലുമൊക്കെ പാടീട്ടുണ്ട്. അതെല്ലാം അവിടെ ചേരുന്നതായിട്ടാണ് എനിക്കു തോന്നീട്ടുള്ളത്. വേറൊരാൾക്ക് ഒരുപക്ഷെ അങ്ങനെ തോന്നണമെന്നില്ല. ‘അനുപമഗുണനാകും’ രീതിഗൌളയിൽ പാടുന്നതു കേട്ടാൽ…, അത് കോട്ടക്കൽ ശിവരാമനാശാൻ തന്നെ സമ്മതിച്ചിട്ടുള്ളതാണ്, ആദ്യമായിട്ട് ശിവരാമാശാന്റെ സീതയ്ക്കു പാടീട്ട്. ‘ഇത് വല്ലാത്തൊരു അനുഭവമാ, ഞാനറിയാതെ തന്നെ ആ കഥാപാത്രമായിപ്പോയി’ എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്.

അത്ര ക്ലാസിക്കലായിട്ടുള്ള രീതിഗൌള കഥകളിപ്പാട്ടിൽ വേറെ കേൾക്കാൻ പറ്റില്ല. രീതിഗൌളയിൽ ഒരുപാട് സംഗതികളുണ്ട്, എല്ലാ രാഗത്തിലും ഒരുപാട് സംഗതികളുണ്ട്. പക്ഷെ ആ കഥാപാത്രം എന്താവശ്യപ്പെടുന്നോ അതു മാത്രം പാടനുള്ള ഒരു കഴിവ്, അത് ഹരിദാസേട്ടന് ഈശ്വരൻ കൊടുത്തതായിരിക്കാം. കഥകളിയിൽ ഒരു കഥാപാത്രം എന്താവശ്യപ്പെടുന്നു എന്നുള്ളത് ഹരിദാസേട്ടന് വളരെ സ്പഷ്ടമായിട്ടറിയാം. അതിനനുസരിച്ചേ അദ്ദേഹം പ്രവർത്തിക്കൂ. ഞാൻ കഥകളിസംഗീതത്തിനെ ഗൌരവമായിട്ടു കാണാൻ തുടങ്ങിയത് ഹരിദാസേട്ടന്റെ പാട്ട് കേട്ടതിനു ശേഷമാണ്. കലാമണ്ഡലത്തിൽ എന്റെ ഇന്റർവ്യൂവിനു ഉണ്ണിക്കൃഷ്ണക്കുറുപ്പാശാനും ഗംഗാധരാശാനുമായിരുന്നു. ‘എന്താണ് കഥകളിപ്പാട്ട് പഠിക്കണമെന്ന് തോന്നാൻ കാരണം?’ എന്താണതിനൊരു പ്രേരണ എന്നു ചോദിച്ചപ്പൊ, ഞാൻ കലാമണ്ഡലം ഹൈദരലിയുടെ പാട്ട് കേട്ടിട്ടാണെന്നു പറഞ്ഞു. അന്നു നമ്മുടെ നാട്ടില് ഹൈദരലിയാശാനാ എപ്പളും വരുന്നത്. ഞാൻ കലാമണ്ഡലത്തിൽ പഠിക്കുന്ന കാലത്തൊക്കെ കലാമണ്ഡലം ഹൈദരലിയുടെ ഒരു വക്താവായിരുന്നു.

ഇപ്പോഴും ഹൈദരലിയുടെ ഒരു വക്താവു തന്നെയാണ്. അത് വേറൊരു വശം. എങ്കിലും കലാമണ്ഡലത്തിൽ കോഴ്സൊക്കെ കഴിഞ്ഞ് പുറത്ത് കളിക്കെല്ലാം പോയിത്തുടങ്ങി കഥകളിപ്പാട്ടിനെ ഗൌരവത്തോടെ സമീപിക്കുന്നത് ഹരിദാസേട്ടന്റെ പാട്ട് കേൾക്കാനും അദ്ദേഹത്തിന്റെ കൂടെ പാടാൻ തുടങ്ങിയതിനും ശേഷമാണ്. അപ്പോളാണ് എനിക്കിതിനെ ഗൌരവബുദ്ധ്യാ സമീപിക്കാൻ തോന്നിയത്. കഥകളിപ്പാട്ട് പഠിക്കുമ്പോൾ തോടയം, പുറപ്പാ‍ട്, മേളപ്പദം ഒക്കെ കഴിഞ്ഞാൽ പിന്നെ കിർമീരവധം, കാലകേയവധം തുടങ്ങിയ കഥകൾ കാണാതെ പഠിക്കും. എന്റെയൊക്കെ മനസ്സില് കഥകളിപ്പാട്ട് പഠിച്ചിറങ്ങിയ ഒരു വിദ്യാർത്ഥിക്ക് ഈ കഥകൾ പാടുന്നത് ചിട്ടകൊണ്ടുമൊക്കെ വളരെ കാഠിന്യമുള്ള ഒരു കാര്യമാണ്. ഹരിദാസേട്ടൻ ഈ കിർമീരവധം, അല്ലെങ്കിൽ മറ്റു ചിട്ടപ്രധാനമായ കഥകളൊക്കെ പാടിക്കേൾക്കുമ്പോൾ നമുക്ക് ഇതിനോടുള്ള സമീപനം പെട്ടെന്ന് മാറുകാ. ഇതിന് ഇങ്ങനൊരു സൌന്ദര്യമുണ്ട്, അല്ലെങ്കിൽ കിർമീരവധത്തിൽ ‘നാണമില്ലയോ തവ ഹരേ കൃഷ്ണാ’ എന്ന് ചോദിക്കുന്നതിന് ഇങ്ങനെയൊരു വികാരമുണ്ട്, ധർമപുത്രർക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ട് എന്നൊക്കെ ഞാനാദ്യം മനസ്സിലാക്കിയത് ഹരിദാസേട്ടന്റെ പാട്ടു കെട്ടിട്ടാണ്.

എന്റെ ഗുരുനാഥന്മാർ ഇതു പഠിപ്പിച്ചുതന്നു, അത് നമ്മളൊരു ചടങ്ങുപോലെ, കെമിസ്ട്രിയും ബയോളജിയുമൊക്കെ പഠിക്കുന്നതുപോലെ പഠിച്ചു എന്നല്ലാതെ അതിന്റെ അപ്പുറത്തേക്ക് ചിന്തിക്കാനുള്ള ഒരു സാധ്യത അന്നില്ല. ഇതു കഴിഞ്ഞിട്ട് കളികാണാനോ കളിക്ക് കൂടെ പാടാനോ ഒക്കെ പോവുന്ന സമയത്ത് ഹരിദാസേട്ടനിതു പാടുമ്പൊഴാണ് ഇങ്ങനൊരു ഭാവതലം കൂടി ഈ കഥകൾക്കുണ്ടെന്ന് ഞാനാദ്യം മനസ്സിലാക്കുന്നത്. പ്രത്യേകിച്ച് ‘നല്ലാർകുലം’, അത് ഹരിദാസേട്ടൻ പാടുന്നതുപോലെ, നിസ്സംശയം പറയാം, ഒരാളും പാടി ഞാൻ കേട്ടിട്ടില്ല. അമിതപ്രതിഭയുള്ള കലാകാരനാണല്ലോ ഹരിദാസേട്ടൻ. അതിലാർക്കും ഒരു തർക്കവുമില്ല. പ്രതിഭ കൂടുമ്പോൾ ഈ വളയത്തിൽ നിന്ന് പുറത്തുപോവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഗംഗാധരാശാന്റെ ശിഷ്യനാണ്. ആശാൻ പഠിപ്പിച്ചതിനു ശേഷമാണ് അദ്ദേഹം അഹമ്മദാബാദിൽ പോയതുമൊക്കെ. പക്ഷെ എനിക്കു തോന്നുന്നത്, എമ്പ്രാന്തിരിയാശാന്റെ കൂടെ അനവധികാലം പാടിയതുകൊണ്ടാണ് അദ്ദേഹത്തിന് ഒരു… എന്താ പറയുക…ഒരു നിയന്ത്രണം വന്നത്. അത് അദ്ദേഹത്തിനു വളരെ അനുഗ്രഹമായി. മറിച്ച് ഇത്രയും പ്രതിഭയുള്ള ഒരാൾ കോഴ്സു കഴിഞ്ഞ ഉടൻ സ്വതന്ത്രമായിട്ട് പാടാൻ തുടങ്ങിയാൽ ഈ വളയത്തിനു പുറത്തേക്ക് ചാടാനുള്ള ഒരു പ്രവണതയുണ്ടാവും എന്നെനിക്കു തോന്നീട്ടുണ്ട്. എമ്പ്രാന്തിരിയാശാൻ ‘വന്ദനശ്ലോക’മൊക്കെ പാടുന്നത് ഇപ്പളും കലാമണ്ഡലത്തിൽ നമ്പീശാശാൻ പഠിപ്പിച്ചതുപോലെയാണ്. അദ്ദേഹത്തിന്റെ തൊണ്ടയിൽക്കൂടി വരുമ്പോൾ അതിന് വേറൊരു ഭാവം വരുന്നു. അങ്ങനുള്ള ഒരാളുടെ കൂടെ അനവധി കാലം പാടാൻ സാധിച്ചതുകൊണ്ടായിരിക്കും ഹരിദാസേട്ടന് പിന്നീട് സ്വതന്ത്രനായപ്പോൾ നല്ലൊരു അടക്കവും ഒതുക്കവുമൊക്കെ കൈവന്നത് എന്നു തോന്നും.

ഹരിദാസേട്ടൻ ദക്ഷിണാമൂർത്തി സ്വാമീടെ ഒരു ഭക്തനാണ്. അദ്ദേഹത്തിന്റെ പാട്ടുകളെല്ലാം പ്രിയമാണ്. ഇപ്പോ ശങ്കരാഭരണം, ‘ഹരിദാസേട്ടാ എങ്ങനെയാ ഇങ്ങനെ ശങ്കരാഭരണം പാടുന്നേ?’ എന്നൊരു ദിവസം ചോദിച്ചു. ഞാൻ വിചാരിച്ചു വല്ല ദീക്ഷിതർ കൃതിയൊക്കെ എടുത്തു പാടുകായിരിക്കുമെന്ന്. അപ്പോ ‘ഇതു കേട്ടാപ്പൊരേ’ എന്നു പറഞ്ഞ് ‘കനിവോലും കമനീയ ഹൃദയം, യേശുമിശിഹാതൻ തിരുവുള്ളമതിനുള്ളിലലിവോലും’ എന്ന പാട്ട് പാടിക്കേൾപ്പിച്ചു. പിന്നെ ഹരിദാസേട്ടൻ എപ്പോളും പാടുന്ന പാട്ടാ ‘അത്തിക്കായ്കൾ പഴുത്തല്ലോ’. എനിക്കു തോന്നുന്നത് ഹരിദാസേട്ടൻ അരങ്ങത്തുപാടിയിട്ടുള്ളതിനേക്കാൾ എത്രയോ ഇരട്ടിയാണ് സൌഹൃദസദസ്സുകളിലൊക്കെ ഓരോന്ന് പാടുന്നതിന്റെ അനുഭവം. അതിന്റെയൊരു ഭാവം, അതാണ് കേൾക്കേണ്ടത്.


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder