ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 11

ശ്രീവത്സൻ തീയ്യാടി

July 10, 2013 

(വര – സ്നേഹ)

ക്ലബ്ബിന്റെ മാസക്കഥകളിക്ക് പതിവുപോലെ ഹാജറായ ഞങ്ങൾ കുട്ടികൾക്ക് ആ വൈകുന്നേരത്തെ കാഴ്ച കൌതുകം വിളമ്പി. ഒട്ടൊരു അന്ധാളിപ്പും.

നിറപ്പകിട്ടുള്ള വേഷങ്ങളല്ല അരങ്ങത്ത്. ചകലാസുകുപ്പായവും മനയോലത്തേപ്പും ഒന്നുമല്ല കാണുന്നത്. പകരം കോട്ടൻ ഷർട്ടിൽ പൊതിഞ്ഞ മെലിഞ്ഞ ശരീരവും വീതിയുള്ള ചുണ്ടിനു മീതെ ‘റ’ എന്നെഴുതിയൊരു മീശയുമായി ഒരു ചെറുപ്പകാരൻ മാത്രം നിന്ന് പാടുകയാണ്, തൂക്കിയിട്ട മൈക്കിനു മുമ്പിൽ. കൈയിൽ ചേങ്ങിലയോ ഇലത്താളമോ ഇല്ല, മുഷ്ടി മലർത്തിപ്പിടിച്ച ഒരു കൈയിലെ നാഡിഭാഗത്ത് വലത്തെ ചൂണ്ടുവിരൽ കൊണ്ട് പയ്യെ വീക്കിയാണ് താളം.

“ഇന്നെന്താ, കളിയില്ലേ ആവോ….” സമപ്രായക്കാരൻ കൂട്ടുകാരനോട് അദ്ഭുതത്തോടെ ചോദിച്ചു. അയൽവാസിയായ അരുണ്‍ വർമയെ ആദ്യമായാണ്‌ കളിക്കൊട്ടാ പാലസ്സിലെ പരിപാടിക്ക് കൊണ്ടുവരുന്നത്. അതുകൊണ്ട് ഉത്തരംതന്നെ പ്രതീക്ഷിച്ചുകൂടാ.

ചോദിച്ചതിനു സമാധാനം എന്ന മട്ടിൽ പിന്നെ കേട്ട ശബ്ദം അരങ്ങത്തുനിന്നാണ്. “ഇനി കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പും ശങ്കരൻ എമ്പ്രാന്തിരിയും.”

ആ പറഞ്ഞ പൊന്നാനിപ്പാട്ടുകാരനെ നല്ലപരിചയം പോര. എങ്കിലും, ചെറുപ്പക്കാരൻ തുടർന്നുപാടിയ പദത്തിൽ “ഖഗവര ഗുണനിധേ…” എന്ന വരിയിലെ ആദ്യത്തെ വാക്ക് ‘കടപട’ എന്ന മട്ടിൽ പ്രത്യേകം ഉച്ചരിച്ചപ്പോൾ അതിലെ അക്ഷരങ്ങളുടെ വിന്യാസം മനസ്സിൽ മായാത്തവിധം പതിഞ്ഞു. എമ്പ്രാന്തിരിയാശാന്റെയാവട്ടെ, ശബ്ദം കേട്ടപ്പോഴേക്കും തിരിഞ്ഞു; ആഹ്ലാദം കലർന്നൊരു ചിരിയും വന്നു.

“മിമിക്രിയാണെന്നു തോന്നുന്നു,” എന്ന് അരുണിന്റെ ചേട്ടൻ അജിത്ത്. എന്റെ അനുജത്തിയുൾപ്പെടെ ഞങ്ങൾ മൂവർ തലകുലുക്കി.

പിന്നെയും ആരെയൊക്കെയോ പേരെടുത്തു പറഞ്ഞു പാടിക്കണ്ടു. ഒടുവിൽ ഇങ്ങനെ പറയുന്നതും കേട്ടു: “ഇനിയും കഥകളിപ്പാട്ടുകാരെ പരിചയമായി വരുന്നതേയുള്ളൂ. ഭാവിയിൽ കൂടുതൽ പേരെ ഉൾപ്പെടുത്താൻ ശ്രമിക്കും.” വണക്കം.

കരഘോഷം. മുഴുവൻ മനസ്സിലായില്ലെങ്കിലും ഞങ്ങൾ കിടാങ്ങളും കൂടി കൈയടിക്കാൻ.

കളിക്ക് വിളക്കുവെച്ചു.

കൊല്ലം 1979ൽ നടന്ന സംഭവം. പിറ്റേന്ന് വീട്ടിൽ അമ്മക്കൊപ്പം കഥകളിപ്പാട്ട് പഠിക്കാൻ എറണാകുളത്തുനിന്ന് വാരത്തിലൊരിക്കൽ വന്നിരുന്ന ലക്ഷ്മി മേനോൻ പറയുന്നത് കേട്ടു: “ഇന്നലെ രസമായി, ലേ ആര്യച്ചേച്ചി! ഇമിറ്റേഷനേ…” അമ്മ ശരിവച്ചു. ഇത്രയും കേട്ടപ്പോൾ ചിരിക്കുകയും ചെയ്തു: “എമ്പ്രാന്തിരിയാശാനെ ശ്രദ്ധിച്ചില്ലേ? ആകെയിങ്ങനെ ചമ്മി ഇരിപ്പുണ്ടായിരുന്നു…”

സ്റ്റേജിനു സമീപം ഇറയം ചേർന്ന് ടാപ്പിന്റെ ഭാഗത്തെ തിണ്ണയിൽ വെളുത്ത ഉടലും കറുത്ത കണ്ണടയും ഉള്ള സുമുഖൻ ഭാഗവതർ (അന്നത്തെ കളിക്ക് പാടാൻ) ഇരുന്നിരുന്നത് ശ്രദ്ധിച്ചിരുന്നു; എങ്കിലും മിമിക്രിക്കാരൻ പാടുന്ന നേരം വേറെയാരുടെയും മുഖത്തേക്ക് നോക്കാൻ മിനക്കെടാതെ പോയി.

വൈകാതെ, ചേർത്തല തങ്കപ്പ പണിക്കർ വന്നണഞ്ഞു. അമ്മയുടെയും ലക്ഷ്മിച്ചേച്ചിയുടെയും ആശാൻ. ഉമ്മറത്ത് പുൽപ്പായ വിരിച്ച് പാട്ടുപെട്ടി വെക്കുന്നതിനിടെ വീണ്ടും വിഷയം തലേന്നാൾ കേട്ട സംഗീതമായി. “നല്ല ജ്ഞാനമുള്ള പാട്ട്,” പണിക്കരാശാന്റെ അഭിപ്രായം. “പിന്നെ, എന്താ കോപ്പി! (കലാനിലയം) ഉണ്ണികൃഷ്ണനെ കാണിച്ചപ്പോൾ നോക്കിയോ, ആ തൊണ്ടയിലെ ഞരമ്പ് പെടച്ചുനിൽക്കുന്നത് വരെ പുറത്തെടുത്തു!”

പിറ്റത്തെ മാസം കളിക്ക് പോയപ്പോൾ പരിപാടി തുടങ്ങും മുമ്പ് പ്രഖ്യാപനം. “ഇക്കഴിഞ്ഞ മാസം ഇവിടെ വന്ന് പല കഥകളിസംഗീതജ്ഞരെയും അനുകരിച്ചു കേൾപ്പിച്ച് നമ്മെയെല്ലാം വിസ്മയഭരിതരാക്കിയ ശ്രീ വി. കലാധരൻ ഒരു പ്രതിഭ തന്നെയാണ്,” എന്ന് മുതിർന്നൊരു ഭാരവാഹി സദസ്സിനോട്. “തൃപ്പൂണിത്തുറ കഥകളി ക്ലബ്ബിന്റെ വകയായി അദ്ദേഹത്തിന് ഒരു എളിയ സമ്മാനം.”

ഷാൾ പുതപ്പിച്ചപ്പോൾ ചെറുപ്പക്കാരന്റെ മുഖത്ത് ചിരി. മീശയുടെ വശങ്ങൾ ചെവികൾക്കും താഴേക്കിറങ്ങിയ സ്റ്റെപ്പ്കട്ട് മുടിയുടെ ഓരങ്ങളിൽ ചെന്നുരസാൻ വെമ്പി.

അന്ന് കണ്ടപ്പോൾ കലാധരന് തോന്നിയപ്രായം ഏറെക്കുറെ എനിക്ക് വന്ന കാലത്താണ് അദ്ദേഹത്തെ നേരിട്ട് പരിചയപ്പെടാൻ അവസരം കിട്ടുന്നത്. കഥകളിയുടെ ഈറ്റില്ലങ്ങളിലൊരിടത്ത്. വർഷം 1990.

കേന്ദ്ര സംഗീതനാടക അക്കാദമിയുടെ 1988ലെ പുരസ്‌കാരം ആയിടെ മാത്രം കൈപ്പറ്റിയ കീഴ്പടം കുമാരൻ നായർക്ക് ചെർപ്ലശ്ശേരി അയ്യപ്പൻകാവിൽ സ്വീകരണം. വള്ളുവനാട്ടിലെ വിഖ്യാത ക്ഷേത്രത്തിൽ എട്ടു ദിവസത്തെ ഉത്സവത്തിന് തകർപ്പൻ ഇരുരാത്രികഥകളി. അതിലെ രണ്ടാം നാൾ സന്ധ്യക്കായിരുന്നു യോഗം. കാവുവട്ടത്തെ കുളത്തിനു ചേർന്നുള്ള വേദിയിലെ ടാർപ്പായപ്പന്തലിൻ കീഴിൽ.

അവാർഡ്‌ ജേതാവിനെ കുറിച്ച് സംസാരിക്കാൻ കലാധരൻ. ‘സുഭദ്രാഹരണ’ത്തിൽ “കഞ്ജദളലോചനേ, മഞ്ജുതരഭാഷിണി” എന്ന് തുടങ്ങുന്ന കാംബോജിരാഗശൃംഗാരപദത്തിൽ തുടർന്നു വരുന്ന “കുഞ്ജരസമാനഗമനേ” എന്ന വരിയിൽ ആനയുടെ ചേഷ്ടകളും നടത്തവും കീഴ്പടത്തിന്റെ അർജുനൻ ചമ്പയിൽ എവ്വിധം വിസ്തരിക്കും എന്ന് സൂക്ഷ്മമായി സംസാരിച്ചു. മഞ്ഞ ബൾബിന്റെ പ്രകാശത്തിൽ കുമാരൻനായരാശാൻ പഴുക്കവേഷം പോലെ വിശ്രാന്തിയോടെ കേട്ടിരുന്നു.

പ്രഭാഷണം കഴിഞ്ഞ് അമ്പലഗോപുരത്തിനടുത്ത് എത്തിയപ്പോൾ കലാധരൻ നിന്നു. കോട്ടക്കലെ വൈദ്യൻ ടി എസ് മാധവൻകുട്ടിയെ കണ്ടു സംസാരിച്ചു. കലാമർമജ്ഞനായ അദ്ദേഹം, ഒപ്പം നിന്നിരുന്ന ഒല്ലൂർ എടക്കുന്നിയിൽ നിന്ന് വിവാഹം കഴിച്ചിട്ടുള്ള ദേവദാസ് വാരിയരെയും എന്നെയും പരിചയപ്പെടുത്തി.

“രാത്രി അധികം നില്ക്കണില്ല, പതിഞ്ഞ പദം കഴിഞ്ഞാൽ പോവും,” എന്ന് കലാധരൻ. വരാനിരിക്കുന്ന കഥയിൽ ആദ്യത്തേത് കാലകേയവധം. പതിഞ്ഞതല്ലാത്ത പദം ഏതാവും എന്ന് ഓർത്തു നോക്കി ഞാൻ. അത്തരം സംശയമൊന്നും മാധവൻകുട്ടിയേട്ടനിൽ കണ്ടില്ല. “ഓ, ആയ്ക്കോട്ടെ,” എന്ന് മറുപടി — പതിവുപോലെ പുഞ്ചിരിച്ച്, വിനീതനായി.

കലാമണ്ഡലം രാമൻകുട്ടി നായരുടെ അർജുനനും പത്മനാഭൻ നായരുടെ മാതലിയുമായി കളി. നടുപ്പാണ്ഡവൻ സ്വർഗലോകത്തെ കാഴ്ചകൾ വർണിച്ചു തുടങ്ങിയപ്പോൾ അരങ്ങിനും മുകളിലെ കടുംനീല മേലാപ്പിൽ കുംഭമാസച്ചന്ദ്രൻ കളഭം കണക്കെ വിളർത്ത് കഴിച്ചിലായി.

മൂന്നു മാസം കഴിഞ്ഞില്ല; വീണ്ടും കണ്ടുമുട്ടി കലാധരനെ. തൃപ്പൂണിത്തുറ ക്ലബ്ബിൽത്തന്നെ. ഇതിപ്പോൾവാർഷികം. മുഴുരാത്രിക്കളി. ഒന്നാംകിട കലാകാരന്മാർ ഉൾപ്പെടുന്ന പരിപാടിലിസ്റ്റ് വായിച്ചുള്ള പരവേശം മിക്കവാറും ഭ്രാന്തർക്കുണ്ട്. കഥകൾ: നളചരിതം ഒന്നാം ദിവസം, രണ്ടാം ദിവസം. ആദ്യത്തേതിൽ നളൻ കലാമണ്ഡലം കൃഷ്ണൻ നായർ, ഹംസം കീഴ്പടം, ദമയന്തി കോട്ടക്കൽ ശിവരാമൻ. രണ്ടാമത്തേതിൽ നായകനായികമാർ കലാമണ്ഡലം ഗോപി, മാർഗി വിജയകുമാർ. കലി നെല്ലിയോട് വാസുദേവൻ നമ്പൂതിരി, പുഷ്കരൻ ബാലസുബ്രഹ്മണ്യൻ, കാട്ടാളൻ രാമൻകുട്ടി നായർ. പാട്ടിന് എമ്പ്രാന്തിരി, കലാമണ്ഡലം ഹൈദരാലി, വെണ്മണി ഹരിദാസ്, പാലനാട് ദിവാകരൻ. മേളം നയിക്കാൻ പൊതുവാളന്മാർ, കലാമണ്ഡലം കേശവൻ, ശങ്കര വാരിയർ….

പട്ടണത്തിലെ പാലസ് സ്കൂൾ ഹാളിൽ എത്തിയപ്പോൾ സന്ധ്യ മയങ്ങുന്നെയുള്ളൂ. വീതിയുള്ള ഇടനാഴിയുടെ ഒരു വശം ചേർന്ന് എമ്പ്രാന്തിരിയും കലാധരനും തിമർത്ത സൌഹൃദസംഭാഷണം.

മേളപ്പദം കഴിയാറായ നേരത്തെപ്പോഴോ കലാധരൻ ഇരിപ്പിടം കണ്ടെത്തി. ഒരേ നിരയിലായി ഞങ്ങൾ. ഒരേയൊരു കസേരയുടെ അകലം. ഇടയിൽ അദ്ദേഹത്തിന്റെ പരിചയക്കാരൻ. സഹൃദയൻ ടി എൻ രാമൻ. എന്റെ അമ്മയുടെ അനുജൻ. “ഇവനെ അറിയ്യോ?” എന്നെച്ചൂണ്ടി രാമമ്മാമൻ ചോദിച്ചു. മറുപടി വരും മുമ്പ് കലാധരനോട് ഞാൻ പറഞ്ഞു, “നമ്മൾ അടുത്തിടെ കണ്ടിരുന്നു…” സ്ഥലവും സന്ദർഭവും പറഞ്ഞപ്പോൾ “ഇപ്പോൾ മനസ്സിലായി” എന്ന മട്ടിൽ കൈനീട്ടി മടിയിൽത്തട്ടി.

വർഷം പിന്നെയും ഒന്നൊന്നര പിന്നിട്ടുകാണണം. അക്കാലത്ത് കലാധരൻ എഴുതിയൊരു ലേഖനം മാതൃഭൂമി വാരാന്ത്യപ്പതിപ്പിൽ കണ്ടു. പല്ലാവൂർ അപ്പു മാരാരെ കുറിച്ചായിരുന്നു. വാദ്യചക്രവർത്തി എങ്ങനെ “തായമ്പകയിലെ വിഗ്രഹഭഞ്ജകൻ” ആവുന്നു എന്നതായിരുന്നു ഇതിവൃത്തം. പഞ്ചാരി ഒരു കൂറേ അല്ലെന്നും തന്റെ കൊട്ടുകച്ചേരിയിൽ പതികാലത്തിനിടെ ഇതൊരു നട മാത്രമായി വന്നുപോവാറേയുള്ളൂ എന്നും മാരാർ പറഞ്ഞ സത്യപ്പത്രാസ് ഭംഗിയായി പകർത്തിക്കുറിച്ചിരിക്കുന്നു.

മലമക്കാവ് ശൈലിയുടെ ഉപാസകനും പഞ്ചാരിക്കൂറിന്റെ ഉൽസാഹിയും ആയ അമ്മാമന് സംഗതി വായിച്ച് സഹിച്ചില്ല. നെടുങ്കനൊരു കത്തെഴുതി കലാധരന്. അതിന്റെ ഡ്രാഫ്റ്റ് കണ്ട ആവേശത്തിൽ ഞാനും ഒരൂട്ടം കുത്തിക്കുറിച്ച് ലേഖകൻ പബ്ലിസിറ്റി ആപ്പീസറായി ജോലി ചെയ്യുന്ന കേരളകലാമണ്ഡലത്തിലേക്ക് തപാലുരുപ്പടി അയച്ചു. എം.എ കാലത്തിന്റെ ആവേശത്തിൽ ഒരു ക്ഷുഭിതയുവാവ്‌.

“ന്തൂട്രോതാനീയെഴുതണേ?” തൃശ്ശൂര് അരണാട്ടുകരയിൽ കലിക്കറ്റ് സർവകലാശാലയുടെ എക്കണോമിക്സ് കലാലയത്തിന്റെ ക്യാമ്പസിൽ ഉറക്കമിളച്ചിരുന്ന് കത്ത് തയ്യാറാക്കുന്ന എന്നോട് നട്ടപ്പാതിരക്ക് ഉറക്കം മുറിഞ്ഞ സഹമുറിയൻ ആന്റോ കുടിലുങ്കൽ ചോദിച്ചു. “ഒന്ന് കെടക്കാൻ നോക്ക്യേരാ ചെക്കാ…”

എന്നിലും മൂന്നാല് വയസ്സു മൂത്ത ചാലക്കുടിക്കാരൻ ചങ്ങാതിക്ക് തൽക്കാലം ചെവികൊടുക്കാൻ പോയില്ല. കാര്യപ്പെട്ടൊരു കത്തെഴുതുകയാണ് എന്നു പറഞ്ഞപ്പോൾ “ഏത് കാലനടോ ഈ നേരത്ത്” എന്ന് മറുചോദ്യം.

മൈൻഡ് ചെയ്തില്ല. കരടുരേഖ മുഴുവൻ വൃത്തിയായി പകർത്തിയ ശേഷമേ നിദ്ര പൂണ്ടുള്ളൂ.

രണ്ടാഴ്ച ശേഷം തൃപ്പൂണിത്തുറ വീട്ടിൽ ചെറിയ അവധിക്കെത്തി. അത്താഴം കഴിക്കുന്നതിനിടെ അമ്മ അലസമായി പറഞ്ഞു: “നെണക്കാ കലാധരന്റെന്തോ എഴുത്ത് വന്ന് കണ്ടു….”

എത്രയും പ്രധാനപ്പെട്ടൊരു കാര്യം ഇത്ര നിസ്സാരമായി പറയുന്നോ എന്ന മട്ടിൽ ചാടിയെഴുന്നേറ്റു. കൈകഴുകി. മേശവലിപ്പിലെ മഞ്ഞക്കവർ പുറത്തെടുത്തു. പൊട്ടിച്ച് കടലാസ് നിവർത്തി. അദ്ദേഹത്തിന്റെ ലേഖനങ്ങളോളം ഭംഗിയുള്ള കൈപ്പട.

നിർമമമായ വരികൾ. എല്ലാ അഭിപ്രായങ്ങളും ഓരോരുത്തരുടെയും സ്വാന്ത്ര്യങ്ങളാണല്ലോ എന്ന ധ്വനിയിലാണ് തുടക്കവും ഒടുക്കവും വരികൾ വലിച്ചു മുറുക്കിയിരിക്കുന്നത്. ഇടക്ക് നേർത്ത പരിഹാസത്തിൽ ഒരു പക്കിലടിയും ചാപ്പും പൊത്തും. പല്ലാവൂർത്രയം ചേർന്നൊരു തായമ്പക കൊട്ടിയാൽ എങ്ങനെ; അതുപോലെ ലയബദ്ധമായ മേട്ടുകൾ.

അരിശം കൊണ്ട് ഞാൻ ഓടി — പേനയും പേപ്പറും എടുക്കാൻ. മുറി വേറെയും ഉള്ളതിനാൽ ആരുടേയും ഉപദ്രവമില്ലാതെ എഴുതി. നേരം വെളുക്കുവോളം. അന്നേ ദിവസം വീണ്ടും വള്ളത്തോൾ നഗറിലേക്ക് കത്തുപോയി.

മറുപടി? കുറെ കാത്തു; കണ്ടില്ല. വിജയം എന്റെതു തന്നെ, സ്വയം തീരുമാനിച്ചുറപ്പിച്ചു.

മാസങ്ങൾ ചെന്നപ്പോൾ ഒരിക്കൽ വീണ്ടും കണ്ടു. ഭാരതപ്പുഴക്ക് അകലെയല്ലാത്ത കിള്ളിമംഗലം ഗ്രാമത്തിൽ. കലാമണ്ഡലം സൂപ്രണ്ട് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ പെരുമയുള്ള ഇല്ലത്ത് കഥകളി. തൃപ്പൂണിത്തുറയിലെ കൂട്ടുകാരൻ പറമ്പാത്തെ സതീശൻ അക്കാലത്ത് LICയുടെ വടക്കാഞ്ചേരി ആപ്പീസിലാണ് ജോലി ചെയ്തിരുന്നത്. ആളുടെ ബൈക്കിനു പിറകിൽ കാലിരുവശംവച്ച് ഇരിക്കേണ്ട പ്രാരബ്ധമേയുള്ളൂ. സുഖമായെത്തി.

മനയ്ക്കലെ പറമ്പിൽ സായ്പ്പന്മാരുടെ തിരക്ക്. വീഡിയോ ഷൂട്ട്. വളപ്പിന്റെ ഒരുകോണിൽ ഒഴിഞ്ഞുനിന്ന് കീഴ്പടം സന്ധ്യക്കു മേൽക്കഴുകിയുള്ള നനവിൽ രാമനാമം ചൊല്ലുന്നു; കൈയിലെ വിരലുകൾ മടക്കിയും നിവർത്തിയും ഉള്ള ജപത്തിനിടെ ഇടയ്ക്കിടെ സ്വയം വലം തിരിയുന്നു. വൈകാതെ രാവണൻ കെട്ടി അരങ്ങത്തേക്ക് പോവേണ്ട നടൻ.

ഇപ്പോൾ അരങ്ങേറുന്നത് മോഹിനിയാട്ടം. പത്മനാഭൻ നായരുടെ പത്നി കലാമണ്ഡലം സത്യഭാമയുടെ.വൈകാതെ ‘പുറപ്പാട്’ അരങ്ങേറി. കൃഷ്ണമുടി വച്ച വേഷക്കാർ ആരൊക്കെയെന്ന് ഓർക്കുമ്പോൾ അന്നും അത്ഭുതമാണ്: കലാമണ്ഡലം കെ ഗോപാലകൃഷ്ണൻ, ബാലസുബ്രഹ്മണ്യൻ.

മുന്നിലെ വീഡിയോക്യാമറകളുടെ തിളക്കത്തിനും ഫോട്ടംപിടുത്തക്കാരുടെ മിന്നയതിനുമിടെ പളപളപ്പൻ കുപ്പായമിട്ടൊരു യുവാവ്. കലാധരൻ തന്നെ. ഏതെല്ലാം ആങ്കിളിൽ നൃത്തം പകർത്തിയാൽ നന്നാവും എന്നിവയെ സംബന്ധിച്ച് വെള്ളക്കാർക്ക് വിദഗ്ദ്ധോപദേശം. “ആള് സ്റ്റൈലാണല്ലോ,” കൂടെയുള്ള സതീശന്റെ കമന്റ്.

കളി കഴിഞ്ഞുള്ള കൊച്ചു വെളുപ്പാൻകാലത്ത് മടങ്ങാൻ പുറപ്പെടവേ സുഹൃത്ത് കുഴിക്കാട്ട് പ്രദീപിനെ കണ്ടു. ആവേശത്തോടെ സംസാരിച്ചു. അതിനിടെ അയാൾ ഒരുഭാഗത്തേക്ക് കണ്ണ് പായിച്ച് മൊഴിഞ്ഞു: “ദോക്ക്വോ, താൻബട നിക്കണ കാരണാ ആ കലാധരൻ ഈ ഭാഗത്തയ്ക്ക് വരാത്ത്… സ്വതേ എന്നോടോക്കൊരു ലോഗ്യം പതിവ്ള്ളതാണേയ്…”

എന്നാൽ നോക്കട്ടെ, എന്നു കരുതി ഞാൻ ഒഴിഞ്ഞു കൊടുത്തു. വൈകാതെ പ്രദീപും കലാധരനും സംസാരിക്കുന്നത് കാണായി. എന്താവാം വിഷയം എന്ന ചെറിയൊരു ജിജ്ഞാസയിൽ ഞാൻ ഇരുവർക്കും മറപറ്റി അവർക്കടുത്തെത്തി. കലാമണ്ഡലത്തിലെ ചില പുതിയ ഭരണസാരഥിമാരെ കൂളായി ചീത്ത വിളിക്കുകയാണ്‌ കലാധരൻ. മേലാളന്മാരുമായി ഇങ്ങേരുടെ ബന്ധം കൂടുതൽ വഷളായി വരുന്നു.

സതീശന്റെ ശകടം കുടുകുടുവെന്ന് ഉറക്കെപ്പറഞ്ഞ് തിരിച്ചുള്ള യാത്രക്ക് കലശൽകൂട്ടി. പ്രദീപിന്റെ കുന്നംകുളം പോർക്കുളം വീട്ടിലേക്കുള്ള ക്ഷണം നിശ്ശബ്ദം നിരസിച്ച് തലപ്പിള്ളിത്തലസ്ഥാനത്തേക്ക് തിരിച്ചു.

പത്രപ്രവർത്തനം പഠിക്കുന്ന കാലം. കോഴ്സിനൊടുവിലെ പ്രവൃത്തിപരിചയ പരിശീലനത്തിന് ഒരു മാസം തൃശ്ശൂരെ ‘മാതൃഭൂമി’യിൽ. 1993ന്റെ അവസാന വാരങ്ങൾ.കഥകളിലോകത്തെ വലിയൊരു ഗായകൻ ആരോഗ്യം തിരിച്ചെടുത്ത് അരങ്ങത്തേക്ക് വരാൻ പോവുന്ന കാലം. വൃക്ക രണ്ടും പോയി മൂന്നാണ്ട് രംഗം വിട്ട എമ്പ്രാന്തിരി വീണ്ടും പാടുന്നു. തൃപ്പൂണിത്തുറ കളിക്കോട്ടയിൽത്തന്നെ.

മാതൃഭൂമി വാരാന്ത്യപ്പതിപ്പിന്റെ അപ്പോഴത്തെ എഡിറ്റർ കെ സി നാരായണൻ കുഴിക്കാട്ടെ പ്രദീപിന്റെ ബന്ധുവാണ്. കൽക്കത്തയിൽ നിന്ന് കെ.സിയെ തിരിച്ച് കേരളത്തിലേക്ക് വിളിച്ചിട്ട് ഏറെയായിട്ടില്ല. അദ്ദേഹത്തിന്റെ നാട്ടിനടുത്ത്, ചെർപ്ലശ്ശേരിക്ക് സമീപം കാറൽമണ്ണയിൽ, അക്കൊല്ലം വേനലിൽ വാഴേങ്കട കുഞ്ചു നായർ ട്രസ്റ്റ് നടത്തിയ ദശദിനകഥകളി ശിബിരത്തിൽ ഒരുനാൾ കണ്ടുള്ള ചെറിയ പരിചയമുണ്ട്. എമ്പ്രാന്തിരിയുടെ മടക്കത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രസിദ്ധീകരണത്തിൽ എഴുതാൻ സുഹൃത്ത് വഴി അദ്ദേഹം എന്നെ ഏർപ്പാടാക്കി. വൈകാതെ കെ.സി എനിക്കും ‘നാരായണേട്ടൻ’ ആയി.

ലേഖനം പുറത്തുവന്നതിനു പിന്നാലെ സദനം കഥകളി അക്കാദമി ജോലികിട്ടി പത്തിരിപ്പാലയിൽ എത്തി. അങ്ങനെയൊരു കാലത്ത് വീണ്ടും അവധിക്ക് വീട്ടിൽ വന്നപ്പോഴാണ് അത് സംഭവിച്ചത്.

ചിറ്റൂർ-ചേരാനെല്ലൂർ ഭാഗത്ത് ഒരമ്പലത്തിൽ വൈകിട്ട് തായമ്പക.ഡബിൾ ആണ്. നയിക്കുന്നത് അപ്പു മാരാർ. കൂടെ പൂക്കാട്ടിരി ദിവാകര പൊതുവാൾ. ‘മാതൃഭൂമി’യിൽ “ഇന്നത്തെ പരിപാടി” കോളത്തിൽ രാവിലെ കണ്ടതാണ്.

പോവാൻ ഉറപ്പിച്ചു. സായാഹ്നത്തിൽ ബസ് പിടിച്ചു. പരിപാടി പരിസരത്ത് എത്തിപ്പെട്ടു. ഗോപുരം കടന്നു. വലിയ തിരക്കില്ലാത്ത സന്ധ്യ. ഊട്ടുപുരയിൽ എത്തിച്ചുനോക്കി. ഉവ്വ്, അവിടെയിരിപ്പുണ്ട്‌ പൂക്കാട്ടിരി. ശിങ്കിടിയൊരുത്തനുമൊത്ത് വെറ്റില മുറുക്കുന്നു. കണ്ടതും ചെഞ്ചുണ്ട് പിളർത്തി ചിരിച്ചു. നിറയെ കാറ്റുള്ള ശബ്ദത്തിൽ ലോഗ്യം പറഞ്ഞു.

പെട്ടെന്ന് അവിടേക്ക് നടന്നു വരുന്ന ഒരാളെ നോക്കി പൂക്കാട്ടിരി കണ്ണുരുട്ടി പരിചയഭാവത്തിൽ കൈയുയർത്തിക്കാട്ടി. “വിഗ്രഹഭഞ്ജകൻ” മാരാരുമായി വർത്തമാനം കഴിഞ്ഞ് പൂക്കാട്ടിരിക്ക് സമീപം വന്ന് സ്ഥാനം പിടിച്ചു കലാധരൻ.

വർത്തമാനം ഒന്ന് മൂത്തു വന്നപ്പോഴേ എന്നെ കണ്ടുള്ളൂ. തൊട്ടടുത്ത്! കൊല്ലങ്ങൾക്ക് ശേഷം ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പുഞ്ചിരിച്ചു. വളരെ സ്വാഭാവികമായി സംഭാഷണവും തുടങ്ങി.

എന്റെ പുതിയ വാസസ്ഥലം കിഴക്കൻ പാലക്കാടാണെന്നും ജീവിതതുറ ‘സദനം’ ആണ് എന്നതും കലാധരന് ബോധിച്ചു. പാതി വായകോട്ടി ചെറുചിരിയോടെ തിരിച്ചുപറഞ്ഞു: “ഞാനിപ്പോ സസ്പെൻഷനിലാ…”

അതെനിക്ക് പുതിയ അറിവായിരുന്നില്ല.

ഒന്നിച്ചിരുന്നാണ് ഞങ്ങൾ തായമ്പക കേട്ടത്. അടന്തക്കൂറിൽ അപ്പു മാരാരുടെ ശ്രുതിമധുരമായ വായനകൾക്ക് പൂക്കാട്ടിരി ഒന്നുമേ കൂട്ടാക്കാത്ത മട്ടിൽ കുറുമ്പൻ മറുപടികൾ കൊടുക്കും. എന്റെ പഴയ കത്ത് വായിച്ചിട്ടെന്ന പോലെയാവണം, കലാധരൻ സർവം ആസ്വദിച്ച് തലകുലുക്കി. ഇരുകിട കഴിഞ്ഞ് തീരുകൊട്ടി സഭ പിരിഞ്ഞു.

രാത്രി മടങ്ങാൻ ഒരുങ്ങവേ പുറത്തെ തട്ടുകടയിലെ ഇഡ്ഡലി കഴിക്കാൻ ക്ഷണിച്ചു കലാധരൻ. കാശ് കൊടുത്തതും ചങ്ങാതിതന്നെ. പിരിയുമ്പോൾ പറഞ്ഞു: “അന്നത്തെ മാതൃഭൂമി ലേഖനം വായിച്ചിരുന്നു. എമ്പ്രാന്തിരിയെപ്പറ്റി…. തരക്കേടില്ല….”

പറവൂര് ഭാഗത്തേക്ക് പോവുന്ന ബസ് വന്നപ്പോൾ അതിൽ കയറി സുഹൃത്ത്. ആലങ്ങാട്ടെ വീടെത്താൻ ആ നേരത്ത് എളുപ്പമല്ല.

വൈകാതെ പിന്നെയും കണ്ടുമുട്ടി. കളിക്കോട്ടയിൽ. ഒരു സംഗീത ‘ത്രിഗൽബന്ദി’. ഭാരതത്തിലെ മൂന്ന് പാട്ടുപദ്ധതികളുടെ സംഗമം. കർണാടക സംഗീതം, ഹിന്ദുസ്ഥാനി, സോപാനം. നെയ്യാറ്റിൻകര കെ മോഹനചന്ദ്രൻ, പണ്ഡിറ്റ്‌ രമേഷ് നാരായണ്‍, എമ്പ്രാന്തിരി.

പരിപാടി കഴിഞ്ഞതും കലാധരനെ നിർബന്ധിച്ച് വീട്ടിലേക്ക് വലിച്ചു. അത്താഴശേഷമുള്ള കുടുംബ സദസ്സിൽ കലാധരൻ പാടി. അതിൽ “മന്ദിരേ ചെന്നാലെങ്ങും” എന്ന പദം പ്രത്യേകിച്ചും രസമായി. നളചരിതത്തിലെ ആ ദേശ് രാഗപദം അന്നേ സന്ധ്യക്ക് അത് പാടിയ ഭാഗവതരേക്കാൾ എമ്പ്രാന്തിരിത്തം ഉള്ളതായി തോന്നി.

കാലം ചെന്നു, കലാധരന്റെ സസ്പെൻഷൻ ഒടുങ്ങി, മാസങ്ങൾക്ക് ശേഷം. കലാമണ്ഡലത്തിലേക്ക് തീവണ്ടിയിൽ പോവുന്ന ആളെ ആലുവ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിൽ കണ്ടെത്തിയെങ്കിൽ കോച്ചിൽ അടുത്തിരുത്തി സംസാരിച്ചു പോവാൻ മനസ്സിരുത്താറുണ്ട്. ഷൊർണ്ണൂര് ഇറങ്ങി അദ്ദേഹം പിന്നാക്കം കലാമണ്ഡലത്തിലേക്കും ഞാൻ മുമ്പോട്ട്‌ സദനത്തിലേക്കും തിരിക്കും.

കൊല്ലം 1995 ജനുവരിയിൽ സദനം വാർഷികത്തിന് കലാധാരനും നാരായണേട്ടനും വന്നിരുന്നു. സ്ഥാപനത്തിലെ കഥകളി മേധാവി കെ ഹരികുമാരൻ സ്വയം രചിച്ചു ചിട്ടപ്പെടുത്തിയ ‘കർണപർവ്വം’ അരങ്ങേറ്റക്കളിക്കു ശേഷം വെളുപ്പിന് ഇരുവരും ആപ്പീസുമുറിയിൽ ഇരുന്ന് വർത്തമാനം. ഹരിയേട്ടനും ഞാനും അവിടെ വന്നെത്തി. പെട്ടെന്നാണ് എനിക്ക് ചോദിക്കാൻ തോന്നിയത്: “കലാധരൻ, ആ മിമിക്രി വല്ലതും (വീണ്ടും)കേൾപ്പിച്ചു തരുമോ?”

മോഹം പറഞ്ഞതു കേട്ട്‌ നാരായണേട്ടൻ വായ നിറയെ ചിരിച്ചു. “കലാരൻ പ്പോ പാട്ടുകാരേന്ന്വല്ല കൂടുതല് അനുകരിക്ക്യാ; വേഷക്കാര്യാ…”

അതെനിക്ക് നന്നായറിയാമായിരുന്നു. (പിന്നെ, നാരായണേട്ടന്റെ തന്നെ സംസാരം കലാധരൻ അസ്സലായി മിമിക് ചെയ്തു കേട്ടിട്ടുണ്ട് എന്ന വിവരം അപ്പോൾ പറയാൻ പോയില്ല.)

തൊണ്ട കരപ്പിച്ച് കലാധരൻ ഒരുങ്ങുന്നതു കണ്ടപ്പോൾ ഞാൻ ഓടി അപ്പുറത്തെ മുറിയിൽ നിന്ന് കുമാരേട്ടനെ വിളിച്ചു. ഹരിയേട്ടന്റെ അച്ഛൻ കൂടിയായ സദനം സ്ഥാപകൻ കെ കുമാരൻ. സംഗതി ഉണർത്തിച്ചപ്പോൾ, “ശെരി, എന്നാ ഞാനും കേക്കട്ടെ” എന്നു പറഞ്ഞ് അദ്ദേഹം ഞങ്ങൾക്കൊപ്പം കൂടി. ഒരേ മുറിയിൽ നിമിഷങ്ങൾക്കകം രാമുട്ട്യാശാൻ, പത്മാശാൻ, ഗോപിയാശാൻ, ശിവരാമേട്ടൻ, ചെണ്ടവിദ്വാൻ കൃഷ്ണൻകുട്ടി പൊതുവാൾ തുടങ്ങിയവരുടെ വെർച്വൽ ശബ്ദഘോഷയാത്ര അരങ്ങേറി.

കഷ്ടി രണ്ടു കൊല്ലത്തിനുശേഷം വീണ്ടുമൊരിക്കൽ കലാധരനെ കണ്ടുമുട്ടി; അതും തീവണ്ടിയിൽത്തന്നെ. ഇക്കുറി തീർത്തും അവിചാരിതമായി. വടക്കോട്ടുള്ള ആ യാത്രക്കിടെ അങ്ങോരോട്പറഞ്ഞു: “പിന്നെ ഞാനേ, നാട് വിടുകയാണ്. ദൽഹിക്ക്. ജോലി കിട്ടി.”

നിരന്തരമായ ട്രെയ്ൻ യാത്രാപരിചയത്തിൽ കലാധരൻ ഇഷ്ടത്തിലായ കൊച്ചിക്കാരി ശ്യാമ എന്ന പെണ്‍കുട്ടിയെ പിറ്റത്തെ വർഷം വിവാഹം കഴിച്ചപ്പോൾ ഞാൻ നാട്ടിൽ എത്തിപ്പെട്ട കാലം. അന്നേ ദിവസം എറണാകുളം TDM ഹാളിൽ പന്തലിനു മുന്നിൽ സന്നിഹിതരായി പരസ്പരം സൊറ പറഞ്ഞിരിക്കുന്ന നാലു പേർ: നാരായണേട്ടൻ, മാധവൻകുട്ടിയേട്ടൻ, സതീശൻ, പിന്നെയീ ശ്രീവൽസൻ.

സദ്യക്കിരിക്കെ നാരായണേട്ടൻ ഒരു കഥ പറഞ്ഞു: “തൃശൂര് മാതൃഭൂമീലെ ഫോട്ടോഗ്രാഫർ ഒരാളെ അറീല്ല്യേ…. ഷൈൻ; അതെ, വി എസ് ഷൈൻ. മൂപ്പര് ഒരിക്കെ ചെമ്പൂക്കാവിലെ കാഴ്ച്ചബംഗ്ലാവിൽ എടുത്തൊരു പടം കാണിച്ചുതന്നു. അതില്ണ്ട് മൂലയ്ക്കിലൊരു ജോഡി…. മുഴോൻ ഫൊക്കസ്സിലല്ല; എന്നാലും എനിക്ക് പിടികിട്ടീ ആരാന്ന്: നമ്മടെ കലാരനും ശ്യാമ്യാ…”. ഉപ്പിലിട്ടത് തൊട്ടുനക്കി നാരായണേട്ടൻ കുടുകുടാ ചിരി.

കലാധരന് അല്ലെങ്കിലും എന്നും ചെറുപ്പമാണ് എന്ന് ഉള്ളിൽ വിചാരിച്ചു.

അഞ്ചാണ്ട് കഴിഞ്ഞ് എന്റെ കല്യാണം വന്നപ്പോൾ സദ്യക്കിടെ അമ്മ പറഞ്ഞു: “നെന്നെ അന്വേഷിച്ചു ആ കലാധരൻ. ക്രിയടെടേല് ആയതോണ്ടാ കാണാൻ പറ്റാഞ്ഞ് ന്ന് പറയാൻ പറഞ്ഞു…” ഇത്രയും വലിയൊരു സംഗതി തീർത്തും നിസ്സാരമെന്ന മട്ടിൽ…. ഉള്ളിൽ തികട്ടി വന്ന അസ്ക്യത നവവധുവിനെ മാനിച്ച് ഇറക്കി.

(തൃശൂര് ശങ്കരംകുളങ്ങരയിൽ നടന്ന ചടങ്ങിന് കലാധരനും ആന്റോയും ഒരേ സമയം സംഗമിച്ചല്ലോ എന്ന് പിന്നീടെപ്പോഴോ ഓർത്തപ്പോൾ ചിരിയും വന്നു.)

ഒരു വ്യാഴവട്ടം കഴിഞ്ഞ്, ഈപ്പോയ വേനലിൽ അവിചാരിതമായി നാരായണേട്ടൻ തൃപ്പൂണിത്തുറ വീട്ടിൽ വന്നു. മാതൃഭൂമിയൊക്കെ പണ്ടേ വിട്ട് നേരെ മറുകണ്ടം ചാടിയിരിക്കുന്നു മൂപ്പർ. ഇപ്പോൾ മലയാള മനോരമയുടെ കനപ്പടി മാസികയായ ഭാഷാപോഷിണിയുടെ എഡിറ്റർ ആണ്. ഞാനാകട്ടെ ജേർണലിസത്തോട് തന്നെ സുല്ലിട്ടമട്ടാണ്. ഓരോരോ ഗതിവിഗതികൾ!

സന്ധ്യക്ക് ചായ കുടിച്ച് ഉമ്മറത്തിരിക്കെ വർത്തമാനത്തിനിടെ ആൾ, പതിവു പ്രസന്നതയോടെ,പെട്ടെന്ന് പറഞ്ഞു: “ങ്ഹാ…. ഇന്ന് നമ്മടെ കലാധരൻ റിട്ടയറാവ്ണ ദിവസല്ലേ…”

“ഓ, ശരിയാ…” ഞാൻ പറഞ്ഞു. “ഒടുവിൽ നാട്ടുകാർ വയസ്സറിഞ്ഞു…..കലാമണ്ഡലത്തിൽ ഇപ്പോഴാവുമല്ലോ ചടങ്ങ്…”

മുപ്പത്തിയൊന്ന് കൊല്ലത്തെ ഉദ്യോഗത്തിന് വിരാമം. കൂത്തമ്പലത്തിലെ തത്സമയ രംഗങ്ങൾ വെറുതെ മനസ്സിൽ കണ്ടു. കുറേ ഓർമ്മകൾ പിന്നാക്കം പാളി. വിശ്വവിഖ്യാതനായ വില്ല്യംഷേക്സ്പിയറുടെ വചനങ്ങളിൽ ആകെയറിയുന്നയൊന്ന് ഉള്ളിൽ തെളിഞ്ഞു:

All the world’s a stage,
And all the men and women merely players…


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder