ശ്രീവല്‍സന്‍ തീയ്യാടി

July 2, 2016

ഓർമകൾക്കൊരു കാറ്റോട്ടം – 19

അര നാഴികയോളം ദൂരമുണ്ട് ആശാൻറെ വീട്ടിലേക്ക്. പുതുതായി കിട്ടിയ സൈക്കിളിലാണ് കലാമണ്ഡലം കേശവപ്പൊതുവാളുടെ ചെണ്ടക്കളരിയിലേക്ക് പോവുക. വെളുപ്പിന് അഞ്ചര മണിക്ക്. മൂന്നുനാലാള് വേറെയുമുണ്ട് കൊട്ടു പഠിക്കാൻ. തൃപ്പൂണിത്തുറതന്നെ കോട്ടയ്ക്കകത്തെ പല വീടുകളിൽനിന്ന്. ഒരാൾ അമ്മാവൻ. കൊച്ചിൻ റിഫൈനറിയിൽ അക്കാലത്തുമാത്രം ജോലിയായി കൊച്ചിനാട്ടിൽ വന്നെത്തിയത്. ആളുടെ സ്വദേശം തൃശ്ശൂരിനു ലേശം വടക്ക്. മുളംകുന്നത്തുകാവ് തീയ്യാടി രാമൻ. പിന്നെ രണ്ടുമൂന്നു പേര് എന്നെക്കാൾ ലേശം പ്രായം കുറഞ്ഞവർ. പക്ഷെ കൈത്തഴക്കത്തിൽ പലകുഴ മൂപ്പുള്ളവർ. രഞ്ജിത്ത്, നിവേദ്, അനൂപ്. 

വർഷക്കാലത്താണ് അഭ്യസനത്തിനു ചേർന്നത്. കൊല്ലം 1985. പത്താംക്ലാസ്സു കഴിഞ്ഞ് കോളേജിൽ ചേരാനിരിക്കുന്നു. അക്കൊല്ലം ഓണവും തിരുവാതിരയും കഴിഞ്ഞും തക്കിടതരികിട സാധകമായി തുടർന്നു. വൈകാതെ, തായമ്പകകൈകൾ തുടങ്ങിയതോടെ പഠിപ്പുസമയം വൈകിട്ടാക്കി. വൈകുന്നേരം നാലിന്. ഒറ്റക്ക്. 

അതേതായാലും ഇടദിവസങ്ങളിൽ ആശാൻറെ ഉച്ചയുറക്കം മുടക്കുക ഞാനാണ്. പുളിമുട്ടികൾ നിരത്തികൂട്ടിയ ചെറുമുറിയിൽ രണ്ടു കോലെടുത്ത് ചമ്രംപടിഞ്ഞിരുന്ന് ഉറക്കെ ഗണപതിക്കൈ കൊട്ടിക്കഴിഞ്ഞാൽ ആശാൻ പ്രത്യക്ഷപ്പെടും. മുഖം കഴുകിയ വെള്ളം തോർത്തുമുണ്ടുകൊണ്ട് പതിയെ തുടച്ചശേഷം ഇരിപ്പുറപ്പിച്ച് പ്രോത്സാഹിപ്പിക്കും: അങ്ങ്ട് കൊട്ടുടോ… 

വള്ളുവനാട്ടിൽ കലാഗ്രാമമായ മലമക്കാവിലുണ്ട് ആശാന് കുടുംബവേരുകൾ. എൻറെ മുത്തശ്ശിയുടെ നാടുകൂടിയാണ് അത്. കേശവനെ ഞങ്ങളൊക്കറിയും, എന്ന് അവിടെ തീയ്യാടിയിൽ കാരണവന്മാർ പറയാറുണ്ട്. “കൊടുൽലെ ഗോപിപ്പൊതുവാളുടെ അനിയൻ, ല്ലേ…”

തൃപ്പൂണിത്തുറയിലെ RLV കോളേജിലെ കഥകളിവിഭാഗം ചെണ്ടയദ്ധ്യാപകനായാണ് ആശാൻ ചെറുപ്പക്കാലത്ത് കൊച്ചിക്ക് തെക്കുള്ള പട്ടണത്തിൽ താമസമാക്കുന്നത്. ശിഷ്യനായി അനവധി പേരുണ്ടായിട്ടുണ്ട്. ആളുടെ വീട്ടിലെ കളരിമുറിയിൽ ഞാൻ പലകയിൽ കൊട്ടുമ്പോൾ ധൂർത്തുകാട്ടി സ്ഥലമെടുത്തു കൊട്ടുന്നത് കുറച്ചുകൊണ്ടുവരാൻ ശ്രമിച്ചിരുന്നു ആശാൻ. “ദാ, ങ്ങനെ കൊട്ടാറാവണം,” എന്നു പറഞ്ഞ് മുന്നിലുള്ള മരസ്റ്റൂള് മലർത്തി അതിൻറെ നാലുകാലിൽ ഒന്നിൻറെ തലയ്ക്കൽ തരികിടതരികിടതരികിട എന്നിങ്ങനെ വേഗത്തിൽ കൊട്ടും കനത്ത കോലുകൊണ്ട്. ഒരു മേട്ടുപോലും കേൾക്കാതെ പോവില്ല. കലാമണ്ഡലത്തിൽ അച്ചുണ്ണിപ്പൊതുവാളുടെ കളരിയുടെ സ്വാദുഗുണം. 

അതൊന്നും പെട്ടെന്ന് വശത്താവുന്ന സിദ്ധിയല്ല എന്നെനിക്ക് അന്നേ ബോദ്ധ്യമായിരുന്നു. എന്നിരിക്കിലും, അരങ്ങേറാൻ തക്കവണ്ണം അത്യാവശ്യം ഉരുപ്പടികളൊക്കെ ആയിവന്നതായിരുന്നു. അപ്പോഴാണ് ഗുലുമാല്.

പ്രീഡിഗ്രി ഒന്നാംകൊല്ലപ്പരീക്ഷ വന്നണഞ്ഞു. അതോടെ ചെണ്ടപഠിത്തത്തിൽനിന്ന് ഒരു ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. ഫലമോ? പിന്നീടൊരിക്കലും ആശാൻറെ വാദ്യവിദ്യാർത്ഥിയായി ആ പടികടക്കലുണ്ടായില്ല. (ആരും പഠിപ്പിക്കാതെതന്നെ അതിനു മുമ്പും അമ്പലങ്ങളിൽ പഞ്ചാരി, പാണ്ടി മേളങ്ങൾക്ക് വീക്കൻചെണ്ട പിടിക്കാൻ കൂടിയിരുന്നു. അതിൻറെ തുടർച്ചക്ക് ഒരു തടസ്സവും പറ്റിയില്ല എന്നത് വേറെ വിഷയം.)  

എന്നാൽ ചെണ്ടകൊട്ടിൽ കേശവപ്പൊതുവാളാശാൻറെ പ്രബലയിടമായ കഥകളി വൈകാതെ തലക്കുപിടിച്ചു. അവിടിവിടെ അരങ്ങുകളിലും അണിയറയിലും ആശാനെ കാണും; ലോഗ്യം പറയും. ക്ലാസ്സ് മുറിഞ്ഞതിൻറെ ചളിപ്പ് എൻറെ മുഖത്ത് വന്നുമറിയുന്നത് ആശാൻ ശ്രദ്ധിച്ചിരുന്നു എന്ന് വ്യക്തം. “ആ വിദ്വാന് എന്നെ കണ്ടാ ഒരു ശങ്ക്യാ,” എന്ന് ആയിടെ അച്ഛനമ്മമാരെ പൂർണത്രയീശക്ഷേത്രത്തിൽ കണ്ടപ്പോൾ പറഞ്ഞു. “അയള് കോളജ് പഠിച്ചോട്ടെ, അതൊക്കെന്ന്യാ ന്നത്തെ കാലത്ത് വേണ്ടതും. ന്നാലും ഉരുണ്ടുകളി, അതൊഴിവാക്കാം.” 

അതിൽ ശരിതോന്നി ഞാൻ ആശാൻറെ വീട്ടിൽ വൈകാതെ ഒരുനാൾ കയറി ചെന്നു. സൈക്കിൾ പുറത്തെ മതിലിനു ചേർത്തുനിർത്തി അകത്തെ ഉമ്മറത്തിണ്ണയിൽ കുറേനേരം സംസാരിച്ചു. 

കഥകളി മാത്രമല്ല, ആശാൻ അടിസ്ഥാനം പയറ്റിത്തന്ന തായമ്പകയും അക്കാലത്തു വലിയ ഹരമായിപ്പടർന്നു. എറണാകുളം വളഞ്ഞമ്പലത്ത് ഉത്സവം വന്നപ്പോൾ കല്ലൂർ രാമൻകുട്ടിമാരാരെ നേരിൽ കേൾക്കാൻ പോയി. അതിനടുത്ത് ഒരു കടയിൽനിന്നായിരുന്നു തലേ കൊല്ലം BSA സൈക്കിൾ വാങ്ങിയതും അങ്ങനെ ആശാൻറെ വീട്ടിലേക്കുള്ള ചെണ്ടപഠനയാത്ര സൗകര്യമായതും. 

സന്ധ്യ കഴിഞ്ഞുള്ള ആ തായമ്പക കഴിയുമ്പോൾ രാത്രിയാവും. ഇരുചക്രമെടുത്തു പുറപ്പെട്ടാൽ മതിയായിരുന്നു; തോന്നിയില്ല. അതല്ലെങ്കിൽ ഇരുകിട മുറുകിയ നേരത്ത് പോന്നാൽ നന്നായിരുന്നു; അതുമുണ്ടായില്ല. തീരുവോളം നിന്നു, മണി പതിനൊന്നിന് പുറത്തുകടന്നതും അവസാന ബസ്സ് കണ്മുന്നിലൂടെ പോയി. തലയോലപ്പറമ്പ്  KSRTC. കൈകാട്ടി, പതിവുപോലെ നിർത്തിയില്ല. ഇനിയത്തെ വണ്ടി പന്ത്രണ്ടേമുക്കാലിന്. ചോറ്റാനിക്കര ഫാസ്റ്റ്. കാത്തില്ല. അഞ്ചാറു കിലോമീറ്റർ നടക്കാൻതന്നെ തീരുമാനിച്ചു. പാതിവഴിക്കപ്പുറം വൈറ്റില കഴിഞ്ഞുള്ള കായലരികത്തെ ഇരുട്ടിൽ നായ്ക്കൾ പിന്നാലെ മുരണ്ടു കുറച്ചുദൂരം കൂടിയതൊഴിച്ചാൽ അപായമില്ലാതെ വീടെത്തി. 

ഈ കഥ പിന്നീടൊരിക്കൽ പറഞ്ഞത് ആശാൻറെതന്നെ പേരുള്ള വേറെ ചെണ്ടകലാകാരനോടാണ്. കലാമണ്ഡലം കേശവൻ. “ഹ ഹ്ഹാ ഹ്ഹ്ഹാ…” എന്ന് തല മേലോട്ടെറിഞ്ഞു ചിരിച്ചു കേശവേട്ടൻ. “ഒന്നാന്തരം പ്രാന്തെന്നെ വൽസന്…. അല്ല, രാമുട്ട്യേട്ടൻറെ തായമ്പ കേമല്ലാന്നല്ല, ന്നാലും അവസാനത്ത ബസ്സ് ന്ന് പറഞ്ഞാ അയ്നൊരു ഗൗരവം കൊട്ക്കണേയ്…” 

പത്രപ്രവർത്തന കോഴ്സ് ചെയ്തിരുന്ന 1993 കാലത്ത് പഠനപരിചയത്തിൻറെ ഭാഗമായി ആരെയെങ്കിലും കുറിച്ച് പ്രൊഫൈൽ ഫീച്ചർ ചെയ്യാൻ കാക്കനാട്ടെ കേരളാ പ്രസ്സ് അക്കാദമി നിർദേശിച്ചപ്പോൾ കേശവേട്ടനെയാണ് പോയിക്കണ്ടത്. കുടുംബമായി അദ്ദേഹം താമസിച്ചിരുന്ന ഏലൂർ ഉദ്യോഗമണ്ഡലിലെ ക്വാർട്ടേഴ്‌സിൽ. ഫാൿട് കഥകളി വിദ്യാലയത്തിൽ കേശവട്ടന് ജോലിയുള്ള കാലത്ത്. 

അതിനുമൊക്കെ വളരെ മുമ്പ്, കഥകളിയരങ്ങുകളിൽ ചെണ്ടയുമേറ്റി പിന്നണി നിൽക്കുന്ന കേശവേട്ടൻ  എൻറെ കുട്ടിക്കാലം തുടങ്ങി ദീപ്തമായ ചിത്രമാണ്. വെളുത്ത ദേഹത്തിനു ഇടംചുമലു തൂങ്ങി നീലക്കച്ചക്കു കീഴെ തോൽവട്ടം ചുറ്റിയുരുളുന്ന ചെങ്കോലുകൾ. നടനരാജൻ കലാമണ്ഡലം കൃഷ്ണൻനായരുടെ മുദ്രാനാദം. നളബാഹുകന്മാരുടെ പുരികവെട്ടിനൊത്ത നേർകോലുറവ. 

കൃഷ്ണൻനായരാശാൻറെ മൂന്നാം ചരമവാർഷികം 1993 ആഗസ്ത് 15നു തൃപ്പൂണിത്തുറ ആചരിച്ചപ്പോൾ ഉച്ചക്കു മുമ്പുണ്ടായ അനുസ്മരണപ്രഭാഷണത്തിന് കിഷാത് ലൈബ്രറിയിൽ വന്നിരുന്നു കേശവേട്ടൻ. പരിപാടിശേഷം പെട്ടെന്നുള്ള ക്ഷണം മാനിച്ച് എൻറെ വീട്ടിൽ വന്നു. ഓണക്കാലം. നിലത്തിരുന്ന് നാക്കിലയിൽ ഊണുകഴിച്ചു. പ്രമേഹം നോക്കാതെ പാൽപായസം തട്ടിമൂളിച്ചു.

കൈകഴുകി, ഉമ്മറത്തെ പഞ്ചായത്തിൽ വീട്ടുകാരും കൂടി. അച്ഛൻറെ പെരുമ്പിലാവ് നാട്ടിൽനിന്ന് ഏറെ ദൂരമില്ല കേശവേട്ടൻറെ പെരിങ്ങോട്ടേക്ക്. പട്ടാമ്പിപ്പുഴയിലേക്ക് ആക്കമുള്ള രണ്ടു പച്ചക്കുന്നൻഗ്രാമങ്ങൾ. (ആ വർഷമാദ്യം, ജനുവരിയിൽ, തൃപ്പൂണിത്തുറ ക്ലബ്ബിൻറെ ‘സന്താനഗോപാലം’ കഥകളി കഴിഞ്ഞ് രാത്രി ഇതുപോലൊരു ഒത്തുകൂടലു നടന്നു; അന്നാകട്ടെ വേറൊരു താരംകൂടി ഉണ്ടായിരുന്നു: കലാമണ്ഡലം ഗോപി. പിറ്റേന്നാളത്തെ പ്രാതല് കഴിഞ്ഞാണ് സഭ പിരിഞ്ഞത്.)

ഇന്നിപ്പോൾ, വൈകാതെ, ഇടപ്പിള്ളി എത്തണം കേശവേട്ടന്. അങ്ങോട്ടു ബസ്സ് കയറ്റാൻ ഞാൻ കൂടെപ്പോയി. കവലയിൽ വണ്ടി കാത്തു നിൽക്കെ കേശവേട്ടൻ പറഞ്ഞു: വൽസൻ കേട്ട്ണ്ടോ ഒരു ഇന്ദു ശേഖർ?   

ഇല്ല. 

ങാ, ആള് സാംസ്കാരിക പ്രവർത്തകനാ. പുരാവസ്തു, മ്യൂസിയം….. പത്തടിപ്പാലത്ത്. വല്യ നെലക്കാരാ. മൂപ്പർടെ വീട്ടില് ഒരു ഒത്തുചേരല്ണ്ട് ഇന്ന്. അത് പ്രമാണിച്ച് ഒരു ഡെമോൺസ്‌ട്രേഷനും. താളവാദ്യം, കഥകളി… അങ്ങാനൊരൂട്ടം. 

ഓ! ആരാ വേഷക്കാരൻ? 

അത് നമ്മടെ ശരത്ത്. ശരത്കുമാർ നെടുങ്ങാടി. 

നന്നായി. 

ചെണ്ടക്ക് വീക്കൻ പിടിക്കാൻ ഒരാള് വേണ്ടീര്ന്നു. ങാ, അത് പറഞ്ഞപ്പളാ…. വൽസൻ പോരുണുവോ? 

സ്വവേഷം നോക്കാതെ കേശവേട്ടനൊപ്പം ബസ്സ് കയറി. 

മാളികയാണ് ഇന്ദു ശേഖറിൻറെത്. പ്രശാന്തനായ പട്ടുജുബ്ബയാതിഥേയൻ കനിഞ്ഞ് ഉള്ളിൽ കയറി ഇരുന്നപ്പോൾ “കണ്ടില്ലേ?” എന്ന മട്ടിൽ കേശവേട്ടൻ എന്നെ നോക്കി നാലുപുറം കൺപായിച്ചു. അടുക്കളജാനകി വഴി മധുരപാനീയം വന്നതിനു ശേഷം ഞങ്ങളിരുവർ ഒന്ന് ഫ്രഷ് ആയി. അരമണിക്കൂർ കഴിഞ്ഞതും വിരുന്നുകാർ ഒന്നൊന്നായി എത്തിത്തുടങ്ങി. വൈകാതെ ശരത്തും. 

ശീതീകരിച്ച വലിയ മുറിയിൽ കസേരനിരകൾ. പ്രേക്ഷകരെ അഭിമുഖീകരിച്ച് ഞങ്ങൾ മൂന്നുപേര്. 

കൊലേന്തിയ കൈ ചെണ്ടയിൽ മറിയുന്നതും ഇടത്തെപ്പത്തി ചെരിച്ച് പക്കിലടിക്കുന്നതും കാണികൾക്ക് കൗതുകമായി. അവക്കൊത്ത് ശരീരമുലച്ച് ശരത്ത് കഥകളിമുദ്രകൾ കാട്ടിയത് അതിശയമായി. എന്തേ ഇന്നത്തെകാലത്തും കഥകളിവാദ്യക്കാര് അരങ്ങത്ത് കുപ്പായമിടാത്തത് എന്നുതുടങ്ങി ചില്ലറ സംശയങ്ങളുണ്ടായി, അവക്കത്രയും നിവാരണവും. ആകെമൊത്തം  ഇന്ദു ശേഖറിന് പ്രതാപമായി.

പിരിഞ്ഞുപോരുമ്പോൾ കവറു കൊടുത്ത ആതിഥേയനോട് പ്രധാനകാലാകാരൻ പറഞ്ഞു: ദാ, ഇയള്ക്കും. 

പിറ്റേന്ന് കേശവേട്ടനയച്ച കത്തിൽ ഞാൻ ആ ഇരുനൂറുരൂപക്കാര്യം പ്രത്യേകമെഴുതി: “ഒട്ടും മുഷിയില്ല. രണ്ടു ചക്രം!” 

പ്രസ്സ് അക്കാദമി ചെയ്യിച്ച കേശവേട്ടൻലേഖനം ജന്മഭൂമി പത്രം ഞായറാഴ്ച സപ്പ്ളിമെന്റിൽ പ്രസിദ്ധപ്പെടുത്തി. അത് വായിച്ച കൂട്ടുകാരൻ ഗിരീഷ് വർമ അക്കാലത്ത് അദ്ദേഹത്തെ കണ്ടപ്പോൾ വെറുതെ ലോഗ്യം ചോയ്ച്ചു: ശ്രീവൽസൻറെ അഭിമുഖമൊക്കെ ഉണ്ടായി, ല്ലേ? 

“പിന്നെന്താ…. ശ്രീവൽസൻറെ ഇന്റർവ്യോക്കെ ഞാൻ സുഖായി പാസ്സായി…. ഹ ഹ്ഹ ഹ്ഹ്ഹാ…” 

കേശവട്ടനെ പിന്നീട് വീട്ടിൽ പോയി കാണുന്നതും ഒരു പത്രപ്രവർത്തന ഭൂമികയിലാണ്. അസുഖബാധ ഭേദപ്പെട്ട്  കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി അരങ്ങിലേക്ക് തിരികെ വന്ന കാലത്ത് മാതൃഭൂമി വാരാന്തപ്പതിപ്പിന് ഫീച്ചർ എഴുതാനായി ഫാൿറ്റിൽ പോയതാണ്. കഥകളിഗായകനെ കണ്ടതിനു പിന്നാലെ തൊട്ടപ്പുറത്തെ ക്വാർട്ടേഴ്‌സിൽ കേശവേട്ടനും സ്വീകരിച്ചു. 

എമ്പ്രാന്തിരിയാശാനെ കുറിച്ച് ലേഖനം വന്നതിനു പിന്നാലെ എനിക്ക് സദനം കഥകളി അക്കാദമിയിൽ ആപ്പീസുജോലി കിട്ടി. ആ വിവരം ആയിടെ ഒരു കളിസ്ഥലത്തു കണ്ടപ്പോൾ കേശവേട്ടനെ അറിയിച്ചു. ഉറക്കെ ചിരിച്ചു ആൾ. “അത്യോ! അസ്സലായി!!” പിന്നെ ഒന്ന് കണ്ണിറുക്കി, ഇത്രകൂടി: “മൊതലാവ്വോ… ഹല്ല! കുമാരേട്ടൻ!!” 

സദനം 1953ൽ സ്ഥാപിച്ച് ഏതെല്ലാമോ വിധത്തിൽ ഉന്തിത്തള്ളി കലാപ്രവർത്തനം മുന്നോട്ടു കൊണ്ടുപോവുന്ന കെ. കുമാരൻ കൈയിറുക്കിയേ കൂലി കൊടുക്കൂ എന്ന് എല്ലാക്കാലത്തും പ്രസിദ്ധമായിരുന്നു. 

അതേതായാലും, സദനം നടത്തിപ്പോന്ന പട്ടിക്കാംതൊടി ജയന്തി, അക്കാദമി വാർഷികം പോലുള്ള വിശേഷങ്ങൾക്ക് കളിക്ക് കൊട്ടാൻ അക്കാലത്ത് കേശവേട്ടൻ വരികയുണ്ടായി. 

സദനക്കാലം 1995 മദ്ധ്യത്തിൽ കഴിഞ്ഞ് ആറുമാസശേഷം ദൽഹിക്ക് വണ്ടികയറിയ ഞാൻ ജോലിയേതും കിട്ടാതെ പിറ്റത്തെ വർഷക്കാലത്ത് തിരിച്ചെത്തിയപ്പോൾ നിൽക്കക്കള്ളി കണ്ട ഒരിടം ‘ടൈംസ് ഓഫ് ഇന്ത്യ’ക്കായി കൊച്ചിയിൽ ഫ്രീലാൻസ് ചെയ്യുക എന്നതായിരുന്നു. വൻപത്രം ഇറക്കിയിരുന്നു ‘കേരളാ പ്ലസ്’ എന്ന പാക്ഷിക പുൾഔട്ടിൻറെ മുൻതാളിൽ പ്രസിദ്ധപ്പെടുത്തിവന്നിരുന്ന ഇന്റർവ്യൂകളിൽ ഒന്ന് ഞാനെഴുതിക്കൊടുത്തതായിരുന്നു — കേശവേട്ടനുമായുള്ളത്. 

അതിനായി പോയപ്പോൾ കേശവേട്ടൻ വീടു മാറി ഇടപ്പള്ളി താമസമാക്കിയിരുന്നു. പോണേക്കര റോട്ടിൽ ആള് പാർക്ക് ചെയ്തിട്ടിരുന്ന സ്‌കൂട്ടറിൽ എന്നെ കൊണ്ടുപോയി. ഗൃഹനാഥ കാര്യമായി വരവേറ്റു. ടീവിയിൽ വച്ചിരുന്ന ക്രിക്കറ്റിലെ താര ബാറ്റ്‌സ്മാനെ കണ്ടപ്പോൾ ഭാര്യയോട് പാതിതമാശയായി ചോദിച്ചു: “ദാരാത്, പണ്ടത്തെൻറെ ഛായേലൊരാള്? ഹ ഹ്ഹ ഹ്ഹ്ഹാ… 

സച്ചിൻ ടെൻഡുൽക്കർ ആയിരുന്നു. 

അന്നത്തെ സംഭാഷണത്തിൽ കേശവേട്ടൻ ഗുരുനാഥന്മാരെ കുറിച്ച് പറയുന്ന കൂട്ടത്തിൽ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളേ ഓർത്ത് ചിലതൊക്കെ അദ്‌ഭുതവും നന്ദിയും ചേർത്തു പറഞ്ഞു. 

എനിക്കും ചിലതൊക്കെ ഓർമ വന്നു ആ നേരത്ത്. 

കൃഷ്ണൻകുട്ടിപ്പൊതുവാൾ മരിക്കുന്നത് എനിക്ക് വയസ്സ് 22 ഉള്ളപ്പോഴാണ്. ചെണ്ടയുമായി ആശാനെ അരങ്ങത്തു കണ്ട രാത്രികൾ എത്രയെത്ര! (നേരിൽ [അവിചാരിതമായി] സംസാരിച്ചത് ആകെ ഒരിക്കൽ മാത്രമാണെങ്കിൽക്കൂടി.) 

കൊച്ചിയിൽ ഒരു ഷിപ്പിംഗ് കമ്പനിയിൽ കുട്ടിത്തരം വേഷംകെട്ടി ഉപ്പുവെള്ളം കുടിപ്പിക്കുംവിധം ജോലിജീവിതം ചൊല്ലിയാടുന്ന കാലത്താണ് പൊതുവാളാശാൻ അന്തരിച്ച വിവരമറിയുന്നത്. രാവിലെ പത്രത്തിൽ വായിച്ച കണക്കിൽ ആള് എറണാകുളത്തെ ആസ്പത്രിയിൽ ഉണ്ട്. 

തൃപ്പൂണിത്തുറ വീട്ടിൽനിന്ന് തേവരക്കടുത്തുള്ള ആപ്പീസിലേക്ക് തിരിച്ച ഞാൻ പതിവുപോലെ വളഞ്ഞമ്പലത്ത് മാറിക്കയറാൻ ബസ്സിറങ്ങിയതാണ്. പൊടുന്നനെ തോന്നി: തൊട്ടടുത്ത മെഡിക്കൽ ട്രസ്റ്റിൽ ഒന്ന് കയറിയാലോ? 

നേരെ അങ്ങോട്ട്‌ വെച്ചടിച്ചു. പടി കടന്ന് കൂടുതൽ ഉള്ളിലേക്ക് നടന്നെത്തിയതും ഒരു ആംബുലൻസുണ്ട് മിനക്കെട്ടു തിരിയുന്നു. ഓടി അതിനടുത്തെത്തി. ചില്ലുജനൽപ്പഴുതിൽ കലാമണ്ഡലം കേശവൻറെ മുഖം. എത്തി നോക്കിയപ്പോൾ അകത്ത് പൊതുവാളാശാൻ വെള്ളത്തുണിയിൽ മൂടിയ ശരീരം. 

“കലാമണ്ഡലത്തിൽക്ക് കൊണ്ടുവ്വാ…. അവ്ട്ന്ന് വീട്ട്ലിക്ക്,” കേശവേട്ടൻറെ തളർന്ന ശബ്ദം. വേറെയും ആരെല്ലാമോ ഉണ്ടായിരുന്നു വാഹനത്തിൽ. 

ഡ്രൈവർ ഇരച്ചെടുത്തു വണ്ടി. നിമിഷങ്ങൾക്കകം എല്ലാം മറഞ്ഞു. 

അടുത്ത സിറ്റി സർവീസ് ബസ്സ്‌ പിടിച്ച് ഞാൻ പണിസ്ഥലത്തെത്തി. “Hm, slightly late, aren’t you?” ബോസ് പറഞ്ഞു. “We have some work in (Willingdon) Island. You can take the office scooter and go there.” 

ഇതുപോലെ ദുർനാടകങ്ങൾ ഒരുവശത്തെങ്കിൽ രസകരമായ അനുഭവങ്ങൾ തുടർന്ന് പത്രപ്രവർത്തനം പഠിക്കാൻ പോവുന്ന കാലത്തുണ്ടായിട്ടുണ്ട്. കൊച്ചിയിൽ ജേർണലിസം ചൊല്ലിയാടുന്ന 1992-93 കാലത്ത് പ്രസ് അക്കാദമിയിലെ സഹപാഠികൾക്ക് തമാശ തോന്നിയിരുന്ന പ്രവൃത്തി ചെയ്തിരുന്നു ഞാൻ ആഴ്ച്ചയിൽ രണ്ടു ദിവസം. ക്ലാസ് വിട്ടിറുങ്ങുന്ന തിങ്കളും വ്യാഴവും വൈകിട്ട് കാക്കനാട്ടെ ക്യാമ്പസ്സിലെ ഹോസ്റ്റലിൽ കൂട്ടുകാരനൊരുവൻറെ മുറിയിൽച്ചെന്ന് പാൻറ് മാറ്റി മുണ്ടാക്കും. 

എന്തിനെന്നെങ്കിൽ, വീട്ടിലേക്കുള്ള മടക്കയാത്രയിൽ വൈറ്റിലയടുത്തൊരു സ്കൂളുപയ്യനെ ചെണ്ട പഠിപ്പിക്കാനുണ്ടായിരുന്നു. പരിചയക്കാരൻ പെരിങ്ങര ഹരിയേട്ടൻറെ മകൻ. ആശാനായിച്ചമഞ്ഞ സ്ഥിതിക്ക് അവൻറെ തമ്മനം വീട്ടിൽ കളസമിട്ടു കയറിച്ചെല്ലുന്നതൊരു കുരുത്തക്കുറവുപോലെ. 

മിടുക്കനായിരുന്നു അരുണ്‍ പി. എച്. എട്ടുപത്തു മാസത്തിനുള്ളിൽ തക്കിട്ടയും തരികിടയും എന്നെക്കാൾ വേഗബലത്തിൽ കനത്ത പുളിമുട്ടികൊണ്ട് കരിങ്കല്ലിൽ കൊട്ടാൻതുടങ്ങി കൊച്ചുവിദ്വാൻ. ഞാനാകട്ടെ പ്രീഡിഗ്രിക്കാലത്ത് സമ്പ്രദായംപോലെ ചെറ്യതായമ്പക പഠിച്ചിരുന്നെങ്കിലും അരങ്ങേറാതെ കളരിവിട്ടിരുന്നു. ചുരുക്കം, അരുണിൻറെ കാര്യത്തിലിനി കൂടുതലൊന്നും എനിക്ക് ചെയ്യാനില്ലായിരുന്നു. 

“ഇവനിപ്പോൾ അടിത്തറയായി,” എന്ന് വൈകാതെയൊരിക്കൽ ഹരിയേട്ടനോട് പറഞ്ഞു — നിയോഗം കഴിഞ്ഞെന്ന ധ്വനിയിൽ. എൻറെതന്നെ ഗുരുവായ കേശവപ്പൊതുവാളുടെ തൃപ്പൂണിത്തുറ വീട്ടിലേക്ക് റെഫർ ചെയ്ത് അവസാനമാസത്തെ പോക്കറ്റ്മണി വാങ്ങി രംഗം ഭംഗിയാക്കി.

ഒന്നുരണ്ടു വർഷത്തിനുള്ളിൽ പയ്യൻ അരങ്ങേറാൻ തക്കവണ്ണം കൊട്ടിപ്പഴുത്തു. ആ വൃശ്ചികത്തിൽ പൂർണത്രയീശക്ഷേത്രത്തിൽ പെരിങ്ങര അരുണ്‍ കന്നിത്തായമ്പക അവതരിപ്പിക്കുന്നുവെന്ന് പരിപാടിനോട്ടീസുമായി. 

അമ്പലത്തിലെ ആനപ്പന്തിവേദിയിൽ അന്നേ സന്ധ്യക്കെത്തിയവരിൽ അരങ്ങേറായാശാനായ ഈ ഞാനും ഹാജർ. കോടിമുണ്ടും ദക്ഷിണയും മാത്രമല്ല പിന്നിൽ താളംപിടിക്കാൻ വീക്കൻചെണ്ടയും കിട്ടിബോധിച്ചു. 

മുക്കാൽമണിക്കൂറു കൈകോൽപ്രകടനം വെടിപ്പായി. 

സ്വയം അരങ്ങേറിയില്ലെങ്കിലെന്ത്? ശിഷ്യനെക്കൊണ്ട് ചെയ്യിച്ചില്ലേ!! 

കൊല്ലം 1996ലെ പൂർണത്രയീശ ക്ഷേത്രോൽസവത്തിന് കേശവേട്ടനെ സന്ധ്യക്ക്‌ കണ്ടപ്പോൾ പ്രത്യേകം പറഞ്ഞു: “ജോലിയായി. UNI വാർത്താ ഏജൻസിയിൽ. ദൽഹിക്ക് പോവുന്നു, വൈകാതെ.” ഇനി കാണലൊക്കെ ചുരുക്കം ആവുമോ എന്നു തോന്നിയിട്ടോ എന്തോ സന്ധ്യക്ക് ഞങ്ങൾ ഇരുവരും അമ്പലത്തിനുചുറ്റും കുറച്ചധികം പ്രദക്ഷിണം വച്ച് സംസാരിച്ചു നടന്നു. വർത്തമാനം അണമുറിക്കാനെന്നവണ്ണം കേശവേട്ടനെ പത്തടി കൂടുമ്പോൾ പരിചയക്കാർ ലോഗ്യം ചോദിച്ചുകൂടി. അക്കുറി, ഊട്ടുപുരയിൽ കഥകളിക്ക് മുമ്പുള്ള സംഗീതക്കച്ചേരിയുടെ ഗംഭീര മൃദംഗതനിയാവർത്തനവും ഞങ്ങൾ അടുത്തടുത്തിരുന്നാണ് ആസ്വദിച്ചത്.

തൃപ്പൂണിത്തുറ അക്കൊല്ലത്തെ വൃശ്ചികോത്സവത്തിന് കേശവപ്പൊതുവാളാശാനും പതിവുപോലെ കഥകളിക്ക് കൊട്ടാനുണ്ടായിരുന്നു. വാസ്തവത്തിൽ, ഇന്ദ്രപ്രസ്ഥത്തിലെ എൻറെ കന്നിയങ്കത്തിൻറെ തുടക്കകാലത്ത് — 1996 ആരംഭത്തിൽ — ആശാനെ ഒരുനോക്ക് കണ്ടിരുന്നതാണ്. കൊടുംമഞ്ഞത്ത്, പട്ടാപ്പകല്. ഉത്തരദില്ലിയിൽ ഒരു കഥകളിക്ക്. സപിക് മാക്കെയുടെ പരിപാടി. കലാമണ്ഡലം രാമന്‍കുട്ടിനായരുടെ നേതൃത്വത്തിൽ ‘ലവണാസുരവധം’. ആശാൻറെ ഹനൂമാന്‍. കൊട്ടാൻ ചെണ്ടയിൽ കേശവപ്പൊതുവാളാശാൻ. 

കളി നടക്കുന്ന വനിതാ കോളേജില്‍ ആണ്‍തരിയായി സദസ്യര്‍ക്കിടയില്‍ ഞാന്‍ മാത്രം. പെണ്‍കുട്ടികള്‍ക്ക് നേരമ്പോക്ക്. അസ്വസ്ഥയായ പ്രിന്‍സിപ്പല്‍ മാഡം വന്നുചോദിച്ചു: “Where are you from?” പൊടിക്ക് വിട്ടുകൊടുത്തില്ല: “Kerala”. എങ്കില്‍ മുന്നിലെ നിരയില്‍ (പ്രൊഫസര്‍മാര്‍ക്കൊപ്പം) പോയിരിക്കൂ എന്നായി. അതൊക്കെ VIPകള്‍ക്കുള്ളതല്ലേ എന്നായി ശങ്ക. അതിനു വേഗം നിവാരണമുണ്ടായി : “You are from Kerala; so you are a VIP.” 

അങ്ങനെ നാട്ടില്‍ കിട്ടാത്ത പത്രാസില്‍ രാമുട്ട്യാശാൻറെ പ്രകടനം മുഴുവന്‍ അടുത്തിരുന്നു കണ്ടു. 

പരിപാടിശേഷം കേശവപ്പൊതുവാളാശാനെ പോയിക്കണ്ടു. കുറച്ചു നേരം സംസാരിച്ചു. രണ്ടുവാരം കഴിഞ്ഞ് നാട്ടിൽനിന്നുള്ള കത്തിൽ അമ്മ എഴുതിക്കണ്ടു: നീ നന്നായിരിക്കുന്നുണ്ട് എന്ന് പറഞ്ഞു കേശവപ്പൊതുവാളാശാൻ. (തണുപ്പത്ത് രണ്ടട്ടി കമ്പിളി കാരണം തോന്നിയതാണ് എന്നും ജീവിതം പൊതുവെ പരുങ്ങലാണ് എന്നും തിരുത്താൻ പോയില്ല.) 

ഉത്തരേന്ത്യയിലെ ഉദ്യോഗപർവം 1997 ജനുവരി 1 തുടങ്ങി ആദ്യഘട്ടം കഴിയുന്നത് 2000 ഒക്ടോബറിൽ മദിരാശിക്ക് സ്ഥലംമാറ്റമായതോടെയാണ്. പിറ്റത്തെ സപ്തംബറിൽ വിവാഹം നടന്നപ്പോൾ റിസപ്‌ഷന് ഹാജറായി കേശവപ്പൊതുവാളാശാനും കേശവേട്ടനും. 

തൃപ്പൂണിത്തുറ കളിക്കോട്ടാ പാലസ്സിൽ നടന്ന ചടങ്ങ് പറഞ്ഞതിനേക്കാൾ അര മണിക്കൂറോളം വൈകിയാണ് തുടങ്ങിയത്. സന്ധ്യക്ക് ആറു മണിക്ക് വേദിയിൽ വധൂവരന്മാർ എത്തിയപ്പോഴേക്കും കേശവേട്ടൻ വേറെ തിരക്കിൽ പുറപ്പെട്ടുപോവാൻ തയ്യാറായിരുന്നു. 

“വേളി കഴിഞ്ഞേന്റെയാവും ത്ര അമാന്തം, ല്ലേ…. ഹ ഹ്ഹാ ഹ്ഹ്ഹാ,” എന്ന് കാതിൽ പറഞ്ഞ് ആളെഴുതിയ ഒരു കഥകളിയാസ്വാദന പുസ്തകം സമ്മാനമായിത്തന്നു. “ഒരു കളിക്ക് പൂവാൻണ്ട്, ഇനി താമസല്ല്യ,” എന്ന് പറഞ്ഞു മറഞ്ഞു സഖൻ. 

ഇത്രയൊന്നും നിറപ്പകിട്ടുള്ള പ്രഭാവമായിരുന്നില്ല കേശവപ്പൊതുവാളാശാൻറെത്. 

മധുവിധു കാലത്ത് ഭാര്യയുടെ ചില ബന്ധുഗൃഹങ്ങളിൽ വിരുന്നിനു പോക്കുണ്ടായി. അങ്ങനെ എത്തിയതാണ് കുന്നംകുളത്തിനടുത്ത് അരിയന്നൂര്. തൊട്ടപ്പുറത്തെ വീടിൻറെ പൂമുഖത്തിണ്ണയിൽ ദീക്ഷ നീട്ടിയ ചെറുപ്പക്കാരനൊരാളെ കണ്ടു. രണ്ടാംനോട്ടത്തിൽ പിടികിട്ടി. ആശാൻറെ മകൻ. കലാമണ്ഡലം ശശികുമാർ. ആളുടെ ഭാര്യാവസതിയാണ്. കടിഞ്ഞൂൽ പ്രസവത്തിൽ കുട്ടി മരിച്ച ദുഃഖത്തിലാണ് മദ്ദളകലാകാരൻ.

പതിനാറ് കൊല്ലം മുമ്പ് ചെണ്ട പഠിക്കാൻ പോവുമ്പോൾ ശശിയെ ഇടയ്ക്കൊക്കെ ആശാൻറെ തൃപ്പൂണിത്തുറ വീട്ടിൽ കാണും. പട്ടണത്തിലെ സംസ്കൃത പാഠശാല സ്‌കൂളിൽ ക്രിക്കറ്റുകളിട്ടീമിലെ പ്രമുഖ പെയ്സ് ബൗളറായി പേരുണ്ടായിരുന്നു. താമസിയാതെ മദ്ദള വാദനത്തിൽ കാര്യപ്പെട്ട പേരായി; കളിക്കൊട്ടിനൊപ്പം പഞ്ചവാദ്യത്തിന് ധാരാളം കാണാം. പൂർണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് രാപ്പഞ്ചാരിക്ക് മുമ്പുള്ള മദ്ദളപ്പറ്റിന് സ്ഥിരമാണ്.

https://www.facebook.com/rvunnikrishnan.wadakkanchery/videos/87298154944…

എത്ര വേഗമാണ് കാലം മറിയുന്നത്! 

അരിയന്നൂരിന് വളരെ അകലെയല്ലാതെ ഗുരുവായൂരാണ് കേശവേട്ടനെ പിന്നെ കാണുന്നത്. ഏറെ നാളുകൾക്കു ശേഷം 2007ൽ. ഗോപിയാശാൻറെ സപ്തതിക്ക്. മടക്കിക്കുത്താത്ത മുണ്ടിനു കീഴെ ഇരുകാലിലും സോക്സ്. ബ്ലഡ്ഷുഗർ മൂർച്ഛിച്ച ലക്ഷണം മുഖത്തെ നീരിലും കാണാം. 

വേനൽപ്പുഴുക്കത്തിൽ പുറത്തെ പന്തലിൽ ഒന്നിച്ചിരുന്നാണ് ഞാനും കേശവേട്ടനും പന്തിച്ചായ കുടിച്ചത്. പഴയ പ്രസരിപ്പില്ല, എങ്കിലും കാര്യങ്ങൾ അന്വേഷിക്കാൻ കൗതുകമുണ്ട്. “വൽസൻ സ്ഥലം വാങ്ങ്യോ ദൽഹീല്?” അത്രയൊന്നും ആയിട്ടില്ല, എന്ന് മറുപടി പറഞ്ഞപ്പോഴും ആ ചോദ്യം ഇഷ്ടമായി. “ഫ്‌ളാറ്റ്” എന്നല്ലല്ലോ വാക്കുപയോഗിച്ചത്. 

“വൈകാതെ ഇറങ്ങും ഞാന്,” എന്ന് വ്യക്താമാക്കി കേശവേട്ടൻ. “കളിക്കൊന്നും ണ്ടാവില്ല. കാണാനുംകൂടി.” 

അന്നങ്ങനെ പിരിഞ്ഞതാണ്. 

രണ്ടു വർഷത്തിനുശേഷം, 2009 ഏപ്രിലിൽ, മരണവാർത്ത അറിഞ്ഞു. ഞാനന്ന് നാട്ടിലുണ്ട്; വേറെ തിരക്കിൽ പോവാൻപോലും ഒത്തില്ല. 

കേശവേട്ടൻറെയും കേശവപ്പൊതുവാളാശാൻറെയും ഗുരുനാഥനായ കൃഷ്ണൻകുട്ടിപ്പൊതുവാളുടെ അനുസ്മരണ പരിപാടിക്ക് പിറ്റത്തെ കൊല്ലം കലാമണ്ഡലത്തിൽ പോയപ്പോൾ ശശിയെ കണ്ടു. കൂത്തമ്പലത്തിനു ചേർന്ന് സായാഹ്നത്തിൽ. നിർത്തിയിട്ട ബൈക്കിനു മേലിരുന്ന് വിവരങ്ങൾ പുതുക്കി. മുഴുരാത്രിക്കളിക്ക് ശശി കൊട്ടിയും കണ്ടു. 

രണ്ടാഴ്ച്ച കഴിഞ്ഞറിയുന്ന വിവരം ഞെട്ടിച്ചു: വാഹനാപകടത്തിൽ ശശി ഗുരുതര നിലയിലാണ്. അതേ ഇരുചക്രത്തിൽ അന്നാട്ടിലെ റോട്ടിലൂടെ പോവുമ്പോൾ ഉണ്ടായതാണ്  അത്യാഹിതം. രണ്ടോളം മാസം അങ്ങനെ കിടന്നു, ആസ്പത്രിയിൽ. ഒടുവിൽ, 2010 ആഗസ്ത് 16ന് അന്ത്യശ്വാസം വലിച്ചു. ചിങ്ങം ഒന്നായിരുന്നുപോലും മലയാളത്തിൽ തിയ്യതി. 

കേശവപ്പൊതുവാളാശാനെ പിന്നീട് നല്ല പ്രസരിപ്പിൽ കണ്ടിട്ടില്ല. സൗമ്യനെങ്കിലും ഇടയ്ക്ക് കാച്ചുന്ന തമാശകളും ആ വായിൽനിന്നു കേട്ടിട്ടില്ല. 

കൊല്ലം 2014ലെ ഉത്സവത്തിന് തൃപ്പൂണിത്തുറ ചെന്നപ്പോഴും ഊട്ടുപുര മുകളിലെ മുഴുരാത്രി കഥകളിക്ക് ഒരുനാൾ ആദ്യഭാഗം കൊട്ടിക്കണ്ടു. കുചേലവൃത്തം കഥയ്ക്ക്. ആശാൻറെ മകള് ആ ചിത്രങ്ങളത്രയും പിടിക്കുന്നുണ്ട്. ഈയടുത്ത്, 2016 ജൂലായിൽ, പട്ടണത്തിലെ കളിക്കോട്ടയിൽ ഒരു സായാഹ്‌നച്ചടങ്ങിന് കണ്ടു. കലാമണ്ഡലം രാജൻമാസ്റ്റർ നാലാം ചരമവാർഷികമനുബന്ധിച്ച് നടന്ന സമാദരവേദിയിൽ. നിശ്ശബ്ദസാന്നിദ്ധ്യം. 

അതേയിടത്ത് പതിനഞ്ചിലധികം കൊല്ലം മുമ്പ് ഒരു ഡബിൾ സപ്തതി കൊണ്ടാടുകയുണ്ടായി. രാജൻമാസ്റ്ററുടെയും കേശവപ്പൊതുവാളാശാൻറെയും. 

അത്തരം തിമർകാലങ്ങൾ ഒരുവിധത്തിലും കേശവപ്പൊതുവാളാശാനെ അലട്ടുന്നതായി കണ്ടില്ല. പത്നിയുമൊത്ത് പൂർണത്രയീശനെ പ്രദക്ഷിണം വെക്കുമ്പോഴത്തെ നിർവൃതിയിൽ ദിനങ്ങൾ പോക്കുന്നു. 

പിന്നെ, അടുത്തുവരുന്ന വൃശ്ചികോത്സവത്തിന് ആട്ടവിളക്കിന് ഓരംചേർന്ന് പിന്നണിമേളം സേവിക്കുമ്പോഴുന്നതിൻറെ പ്രസാദത്തിലും. 

അങ്ങ്ട്‌ കൊട്ടു, ആശാൻ!


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder