ശ്രീവത്സൻ തീയ്യാടി

April 26, 2015

എന്നാണ് ആശാനെ ഒടുവിൽ കാണുന്നത്? കണ്ണട ധരിച്ചുള്ള പണ്ടത്തെ തുടുത്ത മുഖത്തിന് ആ കറുത്തഫ്രെയിമുള്ള ചില്ലകം ഇടയിലെന്നോ ഏറെയും ഇല്ലാതായിത്തുടങ്ങിയിരുന്നത് ശ്രദ്ധിച്ചിട്ടുണ്ട്; പക്ഷെ ഓർമച്ചെപ്പിലേക്ക് സൂക്ഷ്മം ലെൻസ്‌ പിടിച്ചുനോക്കിയിട്ടും ഇക്കാര്യം തെളിഞ്ഞുകിട്ടുന്നില്ല. 

എന്നാൽ ആദ്യം ദർശിച്ചത് എന്നു വിശ്വസിക്കുന്ന അരങ്ങ് ഇന്നും വ്യക്തം! 

നാലോളം ദശാബ്ദം മുമ്പാവണം. 1970കളുടെ രണ്ടാംപാതി. ഏഴെട്ടു വയസ്സേ എനിക്ക് പ്രായം കാണൂ. തൃപ്പൂണിത്തുറ കഥകളി ക്ലബ്ബിന്റെ വാർഷികമാണ്. കലാമണ്ഡലം മേജർ സെറ്റ്. പട്ടണത്തിലെ പൂർണത്രയീശക്ഷേത്രത്തിലെ ഊട്ടുപുരയാണ് വേദി. അന്നേ രാത്രിയിലെ കഥകൾ? നിശ്ചയം പോര. നളചരിതം മൂന്നാം ദിവസം ആയിരുന്നു ആദ്യം എന്ന് സംശയം. പാട്ടിനു പ്രമുഖർ  നിരവധി. വടവൃക്ഷം പോലെ നീലകണ്ഠൻ നമ്പീശൻ, ഉവ്വ് ഉണ്ടായിരുന്നിരിക്കണം. താരഗായകൻ ഉണ്ണികൃഷ്ണക്കുറുപ്പ് — ഇല്ലാതെ തരമില്ല. 

എനിക്കെന്തോ അന്നത്തെ മനച്ചിത്രങ്ങളിൽ ആകെ പതിഞ്ഞു കിട്ടിയത് തക്കിടിമുണ്ടൻ ഒരു ഭാഗവതരെ ആണ്. ചേങ്ങിലക്കോൽ ചെങ്കോല് പോലെ സപ്രതാപം പിടിച്ചു നിൽക്കുന്ന പൊന്നാനി. മുടി വെടിപ്പായി വകഞ്ഞ് വേഷ്ടി ലേശം കുംഭയുള്ള അരയിൽ മുറുക്കിയ താൻപോരിമക്കാരൻ.  

തകർപ്പൻ അംഗവിക്ഷേപങ്ങൾ. ആകപ്പാടെ രസം. എന്നിരിക്കിലും ഉറക്കം അവിടിവിടെ വേണ്ടുവോളം കിട്ടി. 

പിറ്റേന്ന് സായാഹ്നത്തിലെ ചായനേരത്തെ കുടുംബചർച്ചയിൽ അമ്മ പാതി തമാശയായി ചോദിച്ചു: “നെനക്ക് ആരടെ പാട്ടാ ഇഷ്ടായ്യേ?” 

“അതൊന്നും അറിയില്ല. പക്ഷെ ആ ഉയരം കുറഞ്ഞ അമ്മാമൻ രസമുണ്ടായിരുന്നു.” 

അമ്മ സൂക്ഷ്മവിവരങ്ങൾ തിരക്കി. ചേർത്തുവായിച്ച് ആളെ കണ്ടെത്തി. എന്നിട്ട് പറഞ്ഞു: “അത് ഗംഗാധരൻ. കലാമണ്ഡലം ഗംഗാധരൻ. കേമനല്ലേ!” 

അക്കാലത്തും തുടർന്നൊരു ഒന്നൊന്നര പതിറ്റാണ്ട് വരേക്കും മലയാളക്കരയിൽ കോട്ടയംകഥകൾ അത്രയധികം അരങ്ങു കണ്ടിരുന്നില്ല. അതിനാൽ “രണ്ടാമത്തെ കഥയ്ക്ക് പാടാൻ ഗംഗാധരാശാൻ” എന്നൊരു യോഗ്യതയാണ് ആശാന് മിക്കവാറും ചാർത്തിക്കിട്ടിയിരുന്നത്. പാതിര കഴിഞ്ഞു കത്തിവേഷം വന്നാലത്തെ ഘനശബ്ദം.

സംഗീതത്തിന്റെ ഗന്ധം ഭേദപ്പെട്ടു കിട്ടിത്തുടങ്ങിയ ടീനേജ് കാലത്തുതന്നെ ഈ പൊതുസങ്കൽപ്പത്തിനോട് എനിക്ക് മുഴുവനായി ഒത്തുപോവാൻ സാധിച്ചിട്ടി ല്ല. ഭാഗ്യമെന്നു പറയട്ടെ, കലാമണ്ഡലം ട്രൂപ്പ് കളികൾതന്നെ ഇക്കാര്യത്തിൽ രക്ഷയായി. ഗംഗാധരാശാൻ ആദ്യകഥകൾക്ക് പാടേണ്ടുന്നവിധം പ്രോട്ടോകോൾ ഉള്ള കാലത്ത് അനവധി തരപ്പെട്ടു ആ സംഗീതം. 

ഏറ്റവും തെളിഞ്ഞ സ്മരണ ‘നളചരിതം രണ്ടാം ദിവസം’ പാടുമ്പോഴത്തെ ചില സംഗതികളാണ്. നായകവേഷം നിത്യം കലാമണ്ഡലം ഗോപി. ആദ്യ രംഗത്തെ ശൃംഗാരപദമായ “കുവലയ വിലോചനേ”ക്കിടയിലെ “കളയോല്ലാ വൃഥാ കാലം നീ” എന്നതിലെ ആദ്യ വാക്കിന് നിത്യഹരിതൻ കൈകൾ മാറുചേർത്തു പിടിച്ച് കണ്ണുകൾ വലത്തോട്ടെറിയുമ്പോൾ എന്റെയും നെഞ്ചു പിടയ്ക്കും. “യോ” എന്ന് വിബ്രാറ്റോ കൊടുത്ത് ആശാൻ തോഡി തകർത്തുപാടുമ്പോൾ ഈ നിമിഷങ്ങൾ “കഴിയരുതേ” എന്നും “ഒന്ന് കഴിഞ്ഞുകിട്ടിയാൽ ശ്വാസംവിടാമായിരുന്നു” എന്നും ഒരേസമയം അനുഭവപ്പെട്ടിരുന്നു. ഓരോ പ്രാവശ്യവും ട്രൂപ്പിന്റെ ‘രണ്ടാം ദിവസം’ കാണാൻ പോവുമ്പോൾ ദമയന്തിയും കലിയും പുഷ്കരനും കാട്ടാളനും കെട്ടുന്നവർ മാറും, പക്ഷെ പിന്നിൽ ഗംഗാധരാശാൻ കാലം വൃഥാവിലാകാതെ അമരംനിൽക്കും. ആ മുഹൂർത്തങ്ങൾക്കായി  ഞാനും ചങ്ങാതിമാരും വീണ്ടുംവീണ്ടും കാക്കും.

ഇന്നും, ആ കഥയിൽ “ദയിതേ നീ കേൾ” എന്ന നളപ്പദത്തിനൊടുവിൽ “കൈവന്നു കാമിതവും”  എന്ന വരിയവസാനം “കാമിനിമാർകുലമൌലിമണേ” എന്നിടത്ത് ആശാൻ ഡിജിറ്റൈസ് ചെയ്തു പാടുന്ന സംഗതികൾ കേട്ടാലത്തെ തൃപ്തി വേറെ ആരിൽനിന്നും അനുഭവപ്പെട്ടിട്ടില്ല. അന്നുമതെ.

അങ്ങനെയിരിക്കെ ചോറ്റാനിക്കര നവരാത്രിക്കളി. മുഴുരാത്രി. ആദ്യകഥ ‘നളചരിതം നാലാം ദിവസം’. വാസു പിഷാരോടിയുടെ ബാഹുകൻ. ശോകം പേറുന്ന നായകന് തിരശ്ശീലക്കു പിന്നിൽ സ്തോഭസാന്ദ്രമായ പന്തുവരാളി ആലപിച്ച് അത്യുഗ്രൻ വരവേൽപ്പ്. ചോപ്പുറുമാൽ കേശിനിയും നീലാകാരവേഷവും തമ്മിലുള്ള സംവാദങ്ങൾക്ക് എന്തെല്ലാം നിറങ്ങൾ!  സ്ത്രീവേഷപ്പദങ്ങൾക്ക് കൊടുത്ത രാഗങ്ങളിൽ ചിന്തയും കുറുമ്പും ഒരുപോലെ ഉണ്ടായിരുന്നു. സ്വതേ ‘ദേശി’ൽ കേൾക്കുന്ന “മന്ദിരേ ചെന്നാലെങ്ങും” ‘മോഹന’ത്തിൽ, തുടർന്നുള്ള “അക്കഥ” ‘ദേശി’ൽ. ബാഹുകന്റെ മുഴുവൻ നീലിമയും ഗംഗാധരന്റെ കണ്ഠത്തിലേക്ക് ചേക്കേറി. ആ കളിയിൽ പിന്നെ ബാക്കി നാദചൈതന്യം മാത്രം. 

അതിനു മുമ്പാവണം, 1987 മഴക്കാലത്ത് എറണാകുളം ക്ലബ്ബ് കളി. ടിഡിഎം ഹാളിൽ ബാലിവിജയം. കീഴ്പടം കുമാരൻനായരുടെ രാവണൻ. നാരദനുമായുള്ള സംഭാഷണത്തിലെ പദങ്ങളിലെ ഒരു ചരണം ആശാൻ രാഗം മാറ്റിയത് ശിഷ്യൻകൂടിയായ ശങ്കിടിക്ക് പിടികിട്ടിയില്ല. രണ്ടാമത് പാടിയിട്ടും. “മദ്ധ്യമാവതിയാടാ കഴുതേ!” എന്ന് മൈക്കിലൂടെ ഉറക്കെ! 

അതേ ഗംഗാധരാശാൻതന്നെ പ്രായം ചെന്നപ്പോൾ ക്ഷമിച്ചു തുടങ്ങിയിരുന്നു. 2009 വേനലിൽ ചെർപ്പുളശ്ശേരിയിൽ വലിയ കഥകളിസന്നാഹം. ലോഹപുരുഷൻ കലാമണ്ഡലം രാമൻകുട്ടിനായരുടെ ശതാഭിഷേകം. രണ്ടാമത്തെ രാത്രിയിൽ പുറപ്പാട്, മേളപ്പദം. ചരണങ്ങളിൽ ഒന്ന് സ്വതേ പതിവില്ലാത്ത രാഗത്തിൽ. ഇക്കുറിയും ശങ്കിടി ശിഷ്യൻ, വേറൊരാൾ. രാഗമാറ്റം മനസ്സിലാക്കിക്കാൻ എന്നവണ്ണം ആശാൻ ഒന്നുകൂടി ഇടത്തോട്ടു തിരിഞ്ഞു പാടിക്കൊടുത്തു. ഫലം കണ്ടില്ല. ആശാന്റെ മുഖത്ത് ഇക്കുറി വിരിഞ്ഞത് ഒരു ചെറുപുഞ്ചിരി. ഒരുതരം സ്വയംപഴി സാരസ്യം.

മദ്ധ്യമാവതി എന്ന നട്ടുച്ചരാഗം എത്രയോ രാവുകളിൽ ആശാന്റെ തൊണ്ടയിൽ ശ്വാസംകിട്ടാതെ പിടഞ്ഞു! അതോ ആ ഈണം നായാടി തന്നെ പ്രാപിച്ച് നിത്യമെന്നവണ്ണം ഞെരിക്കാൻ ആശാൻ നിന്നുകൊടുക്കുകയായിരുന്നോ! രണ്ടായാലും അങ്ങോട്ടുമിങ്ങോട്ടും മംഗളം പാടാതെ ഒടുക്കം വരെയും ഇരുവരും സ്നേഹയുദ്ധം ചെയ്തുപോന്നു. ഇരുപക്ഷവും പുച്ഛത്തോടെയും പുന്നാരത്തോടെയും ജയം പങ്കിട്ടു. 

“കുത്രവദ കുത്രവദ” എന്ന് ആശാൻ ‘സുഭദ്രാഹരണ’ത്തിൽ പാടുന്നതിനു മുമ്പിൽ ബലഭദ്രരുടെ ആക്രോശം എത്ര നിസ്സാരം! “സീതാപതേ രാമാ” എന്ന് ആ തൊണ്ടയിലെ ഭക്തിപ്രവാഹത്തിനിടെ ‘കല്യാണസൌഗന്ധിക’ത്തിൽ ഹനുമാൻ എന്തു മുദ്ര കാട്ടാൻ! മേളപ്പദത്തിനൊടുവിൽ മംഗളം പാടുന്നത് ആശാനെങ്കിൽ അവിടെ പിന്നെ എന്ത് കഥകളിയുണ്ട് ശേഷിപ്പ്! നാദസ്വരബാണിയിൽ ഇഴുകിവിളക്കിയ ആ ശബ്ദത്തിൽ കഥകളിപ്പദക്കച്ചേരി കേൾക്കുമ്പോൾ തോന്നും: ആശാന് പിന്നണി ചെണ്ടയല്ല വേണ്ടത്, തകിലാണ്. കനപ്പടി ‘കാലകേയവധ’ത്തിൽ “സലജ്ജോഹം” പാടുമ്പോൾ തൊട്ടുമുന്നിലെ അർജുനനെക്കാൾ വീര്യമുള്ള ശങ്കരാഭരണം സ്വർഗത്തിലെത്തിക്കുമിപ്പൊഴെന്ന പോലെ വാറ്റുന്ന ആശാൻ ‘നിഴൽക്കുത്തി’ൽ “തന്വികൾ അണിമണി മാലികേ” എന്ന് മൊഞ്ചുള്ള ‘സിന്ധുഭൈരവി’യിൽ പാടി മലയനെക്കാൾ മികച്ച ഗൃഹസ്ഥൻ ചമയും. 

പിന്നെ വെറുതെയായിരുന്നുവോ കലാമണ്ഡലം ഹൈദരാലി ഒരിക്കൽ പറഞ്ഞത്: “ഇനിപ്പോ ന്ന്വ്ടെ ആര് പാടീട്ടും കാര്യല്ല്യ.” ആദ്യഭാഗം ആശാൻ പാടി വെച്ചുപോന്ന ചേങ്ങില എടുക്കാൻ അരങ്ങത്തേക്ക് പോവുംവഴി തന്റെയൊരു വിശറിയോട് ഇങ്ങനെയൊന്ന് നിസ്സങ്കോചം പറഞ്ഞുപോൽ അദ്ദേഹം. 

പ്രിയശിഷ്യൻ വെണ്മണി ഹരിദാസോ? “നിയ്ക്കൊന്നേ മോഹള്ളൂ. ഗംഗാരാശാന്റെ മാതിരി പാടാറാവണം.” എങ്കിൽ ഗുരുവിന്റെ മൊഴിയോ? “ഓ ഹരി! അവനെപ്പോലെ ആരൊണ്ടിപ്പം?” എന്നിട്ട് പരിഹാസവാത്സല്യത്തോടെ ഇത്രയും: “പക്ഷെ എന്തുവാ? അവനെന്നെ പേടിയാ. യിപ്പഴും!” ഹരിദാസിനെ കുറിച്ചുള്ള “ചിത്തരഞ്ജിനി” എന്ന ഡോക്യുമെന്ററിയിൽ ശിഷ്യന്റെ മരണത്തെ പരാമർശിക്കുന്ന ഭാഗത്ത് വാക്കുതടഞ്ഞ് മൂക്കുചുവക്കുന്നുണ്ട് ആശാന്റെ. സ്വന്തം മകന് ഹരിദാസ് എന്ന് പേരിട്ടത് ഇഷ്ടശിഷ്യനോടുള്ള വീർപ്പുമുട്ടൽ കൊണ്ടായിരുന്നു. 

മീതെപ്പാടുന്നയാളെ അതുപടി അനുകരിക്കാൻ ശ്രമിക്കുന്ന പി.ഡി. നാരായണൻ നമ്പൂതിരി ഗംഗാധരാശാന്റെ മുമ്പിൽ അടിയറ പറയുമ്പോൾ ഉള്ളാലെ അദ്ദേഹത്തെ നമിക്കും; അതിനു തെളിവായി കാണികളെ നോക്കി പരാജിതച്ചിരി പായിക്കും. 

സ്വയംവിശ്വാസത്തിൽ ഉറച്ച അസാമാന്യ ഹുങ്കായിരുന്നു ആശാനെന്നും. അതിൽപ്പക്ഷേ ബാക്കിയുള്ളവരെ അധിക്ഷേപിക്കാൻ ത്വരയേതും ഉണ്ടായിരുന്നില്ല. മാത്രമോ, ഗംഭീരനാദങ്ങളെ വണങ്ങിയിരുന്നു അദ്ദേഹം. “നമ്പിയാശാൻ! നല്ല കാലത്തെ പാട്ടൊന്ന് കേട്ട് നോക്ക്. അപ്പൊ വെവരവറിയാം,” എന്ന് ഗുരുനാഥൻ നീലകണ്ഠൻ നമ്പീശനെ കുറിച്ച് തരംകിട്ടുമ്പോൾ പറയും.

ശ്ലോകങ്ങൾ ചൊല്ലുമ്പോൾ രംഗാനുസരണം കഴിവതും വിസ്തരിച്ചുതന്നെ വേണം എന്ന പക്ഷക്കാരനായിരുന്നു. “അയളാ ച്ചാ രണ്ടാമത്തെ വരിയങ്ങ്ട് കൊടുത്ത് ഒരു ചായ കുടിച്ചുവരാൻ നേരം ണ്ട്,” എന്ന് നേരമ്പോക്ക് പറയുമായിരുന്നത്രേ ഗംഗാധരനെ വലിയ മതിപ്പുണ്ടായിരുന്ന കുറുപ്പാശാൻ. ഇരുവരും ചേർന്നു 1980കളിൽ പാടിയിട്ടുള്ള ഒരു “കുണ്ഡിനനായക” റെക്കോർഡ്‌ ഇന്നും കിട്ടും. “ഏവം ശ്രുത്വാ ഭാരതീം നാരദീയം” എന്ന് ശ്ലോകം ആദ്യവരി കുറുക്കുകാളൻ പോലെയാണെങ്കിൽ കല്യാണിയുടെ രസകാളസ്വാദ് “പൂർവ്വം തസ്യാം” എന്നുതുടങ്ങി വിശേഷ നൈപുണ്യത്തോടെ വീശിവിളമ്പിയാണ് ശങ്കിടി. തമിഴരെ കേൾപ്പിച്ചാൽ “ഉങ്കയൂരിലും ഇറ്ക്കാ മദുരൈ സോമു?” എന്ന് ചോദിക്കും. 

പശ്ചിമഘട്ടത്തിന് കിഴക്ക് മാത്രമല്ല, രാജ്യത്തിന്റെ വടക്കൻ പ്രവിശ്യകളിലും ഗംഗാധരാശാന്റെ സംഗീതം കേട്ട് തരിച്ചിട്ടുള്ള ചിലരെ നേരിൽ കണ്ടിട്ടുണ്ട്. കേന്ദ്ര സംഗീതനാടക അക്കാദമി 2006ൽ ആദ്യമായി ഒരു കഥകളിസംഗീതജ്ഞന് പുരസ്കാരം പ്രഖ്യാപിച്ച് അരങ്ങു കൊടുത്തപ്പോൾ തലസ്ഥാനത്ത് നടന്ന ‘കർണശപഥം’ കലക്കിപ്പൊടിച്ചു അദ്ദേഹം. അതേ വർഷംതന്നെ വേഷം അവാർഡിനർഹനായ കോട്ടക്കൽ ചന്ദ്രശേഖരവാരിയർ കുന്തീപുത്രനായി അടിയപ്പോൾ ഹിന്ദോളത്തിൽ നൊന്തുപാടിയ “എന്തിഹ മൻമാനസേ” കേട്ട് നിയന്ത്രണം വിട്ടുപോയ ഒരു ഉത്തരേന്ത്യക്കാരൻ അന്തിച്ചു: “ബാപ് രേ! യേ ക്യാ മാൽകോൻസ് ഹേ, യാർ!” ഒന്നാം നിരയിലിരുന്നു കളി കണ്ടിരുന്ന ഭരതനാട്യനർത്തകി ഗീതാ ചന്ദ്രൻ കണ്ണിനെക്കാൾ കാതുകൂർപ്പിച്ചു. 

കൊല്ലം 2000ത്തിൽ എഴുപതാം വാർഷികം തകൃതിയായി കൊണ്ടാടിയുരുന്ന കലാമണ്ഡലത്തിന്റെ മുറ്റത്തെ പന്തലിൽ ഒരു സന്ധ്യക്ക് ടി.എൻ. ശേഷഗോപാലൻ മനംനിറഞ്ഞ് കച്ചേരി നടത്തി. പാടുന്നതിലെ ശാസ്ത്രീയതയും സൌഖ്യവും മതിവരുവോളം ആസ്വദിച്ച ഗംഗാധരാശാൻ ചുറ്റും കൂടിയ സ്വന്തം ഫാൻസിനോട് പറഞ്ഞു: “പാടുവാന്നേ, ദോണ്ടെ  അയടെകൂട്ട് പാടണം. അതാ സംഗീതം.” തെക്കൻതിരുവിതാംകൂറിലെ കോട്ടാരക്കരക്ക് സമീപം വെളിനെല്ലൂർ എന്നൊരു കുഗ്രാമത്തിൽനിന്ന് 1950 കാലത്ത് വള്ളവും ശകടവും പിടിച്ചേച്ച് ഭാരതപ്പുഴവക്കിലെ സ്ഥാപനത്തിൽ വന്ന് ‘കല്ലുവഴി’ മുഴുവൻ മടിശ്ശീലയിലാക്കിയ ആശാനെ കുറിച്ച് വള്ളുവനാട്ടുകാരും ഇതുതന്നെ പറഞ്ഞെങ്കിൽ! 

അതൊന്നും തന്റെ പത്രാസിനു വിഘാതമാവാൻ സമ്മതിച്ചില്ല ആശാൻ. പൊതുജീവിതത്തിലോ അണിയറയിലോ, എന്തിന്, അരങ്ങിൽത്തന്നെ ആരെയും കൂസിയില്ല. പാട്ടിൽ എന്തോ പിഴച്ചു എന്ന മട്ടിൽ തിരിഞ്ഞു നോക്കിയ ഒരു താളപ്രഭുവിനോട്‌ അദ്ദേഹം അതേ ചൂടോടെ ചേങ്ങിലക്കോൽ ചൂണ്ടി പറഞ്ഞു: “ദോണ്ടെ… അവിടാ ആളിരിക്കുന്നെ. നേരെ നോക്കിക്കളി.” അതേ ആശാനെതന്നെ ചിലപ്പോൾ വളരെ ലാഘവത്തിൽ കാണാം. ഒരിടത്തെ സന്താനഗോപാലം കഥയുടെ ഒടുവിൽ അരങ്ങിലെത്തിയ ബാലകരിൽ ഒരുത്തന് കഥകളിവേഷങ്ങൾ നിരന്നു കണ്ടപ്പോൾ തലചുറ്റി. ബ്രാഹ്മണൻ മുഖത്തു തട്ടിയിട്ടും ചുമലിൽ കൊട്ടിയിട്ടും ബോധം നല്ലവണ്ണം തെളിയുന്നില്ല ഇത്തിരിപ്പോന്നൊരുവന്. “നിഷ്കളങ്കൻ ചതുർത്ഥൻ” എന്ന വരി ഓരോ വട്ടവും മുഴുവൻ പാടാനാവാതെ അദ്ദേഹം പൊട്ടിച്ചിരിച്ചു. ആ നാദവും കാണികളിൽ രസം പടർത്തി. 

ആദ്യം നന്നായി പഠിച്ചത് കർണാടകസംഗീതം ആയതുതുകൂടിക്കൊണ്ടാവണം, കുറേക്കൂടി സ്വതന്ത്രമായ സഞ്ചാരങ്ങൾക്ക് സാദ്ധ്യത കിട്ടുന്ന കഥകളിപ്പദക്കച്ചേരി അദ്ദേഹത്തിന് എന്നും ആവേശമായിരുന്നു. രണ്ടു ദശാബ്ദം മുമ്പ്, 1995 മെയ് മാസത്തിൽ അങ്കമാലി ആര്യമ്പിള്ളി മനയ്ക്കൽ ഒരു ഷഷ്ടിപൂർത്തിത്തലേന്ന് അദ്ദേഹം പി.ഡി.യും പാലനാട് ദിവാകരനും കൂടി സന്ധ്യക്ക് ഇരുന്നുപാടി. തകർപ്പൻ പ്രകടനം കഴിഞ്ഞ്‌ നന്നേ വൈകിയുള്ള അത്താഴശേഷം മേലത്തെ തളത്തിൽ ഉറക്കംപിടിച്ചിരുന്ന അദ്ദേഹം ഒരു ഭയങ്കര ബഹളം കേട്ട് ഉണർന്നു. താഴെ, പന്തലിൽ, ചീട്ടു കളിച്ചിരുന്ന ചെറുപ്പക്കാരുടെ ഉറക്കെയുറക്കെയുള്ള വാഗ്വാദം. ആരോ കള്ളത്തരം കാട്ടിയതത്രെ. അന്തംവിട്ട് കാഴ്ച്ച കണ്ടിരുന്ന എനിക്കടക്കം പലർക്കും ഗംഗാധരാശാൻ രക്ഷകനായി. ഒന്നാംനിലയിലെ കോലായിൽ ഒറ്റമുണ്ടുമായി പ്രത്യക്ഷപ്പെട്ട കാരണവർ ഉറക്കെ ശാസിച്ചു: “ഇതെന്തോന്നാഡേയ്? ചുമ്മാ മനുഷ്യനെ മെനക്കെടുത്താൻ?” പെട്ടെന്ന് തണുത്തു അന്തരീക്ഷം. “ഇത് പാതിരായാ, ഇവടെ മനുഷ്യമ്മാർക്കേ, ദേ ഞ്ഞോട്ട് നോക്കിക്കേ, ഒറങ്ങണം. മനസ്സിലായോ?” എല്ലാം ശാന്തമായി. പലരും പായ തട്ടിക്കുടഞ്ഞ് ഉറങ്ങാൻ കിടന്നു. ലേശം ചെന്നപ്പോൾ ഒരു നമ്പൂതിരി മാത്രം ഒന്നുകൂടി ചുരുണ്ടുകൂടി ഇങ്ങനെ ശബ്ദിച്ചു കേട്ടു: “ഞാനേയ്… അയള് ബാഗവതരാവ്വോണ്ടേ…. ല്ല്യെങ്കെണ്ടലോ…. പോയി രണ്ടാ പൊട്ടിച്ചേർന്നു…. ഹല്ലാ പിന്നെ.” 

വ്യക്തിസൗഹൃദം പങ്കിടുമ്പോഴും അരങ്ങിൽ ആരും തന്നെ ഇകഴ്ത്താൻ അനുവദിച്ചില്ല. പൊന്നാനി പാടിയ അരങ്ങിൽ ഒരിടത്ത് ചെറുതായി അതൃപ്തി പ്രകടിപ്പിച്ച ഗോപിയാശാനെ അദ്ദേഹം തീക്ഷ്ണമായി തിരിച്ചു നോക്കി. കളി കഴിഞ്ഞ് ആ കൊച്ചുവെളുപ്പാൻകാലത്ത് അണിയറയിൽ മുഖം തുടയ്ക്കുന്ന സൂപ്പർസ്റ്റാറിനോട് രണ്ടാലൊന്ന് ഇന്നിപ്പോൾ അറിഞ്ഞേയുള്ളൂ എന്ന മട്ടിൽ അടുത്തുചെന്നു. കോപ്പുപെട്ടിക്കു പിന്നിലെ അനക്കം ആരുടേതാണെന്ന് മനസ്സിലാക്കിയപ്പോൾ ക്ഷിപ്രപ്രസാദികൂടിയായ ഗോപിയാശാൻ തല മേലോട്ടെറിയാതെ കണ്ണുമിഴിച്ച് വെളുക്കെ ചിരിച്ചു: “ങ-ങ്ഹാ, ഗംഗാരൻ ബട ണ്ടായിരുന്ന്വൊ!” നീരസം മറയ്ക്കാതെ ഭാഗവതർ മറുപടിച്ചു: “ങാ, ഞാനിവിടൊക്കെത്തന്നെയൊണ്ട്…” ധ്വനി മനസ്സിലാവാഞ്ഞ ഗോപിയാശാൻ തുടർന്നു: “ങാ, അവ് നന്നായി… അല്ലാ യെപ്ലാ പോണ് ഗംഗാരൻ?” ഇത്രയുമായപ്പോൾ, ഉള്ളു തണുപ്പിച്ച്, ഇതെല്ലാം നിരർത്ഥകമെന്ന  മട്ടിൽ ആശാൻ പറഞ്ഞു: “ങാ, ഞാൻ പതിയെയങ്ങ് പോവും…” 

തുടർന്നിടത്തോളം പ്രതാപിയായിത്തന്നെ ജീവിച്ചു ഗംഗാധരാശാൻ.


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder