ഹേമാമോദസമാ – 13

ഡോ. ഏവൂർ മോഹൻദാസ്

September 22, 2013 

(മണ്മറഞ്ഞ പ്രശസ്ത നടൻ ഡോ. നരേന്ദ്രപ്രസാദിന്റെ അഞ്ചാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി 3-11-2008ൽ മാവേലിക്കര പല്ലാരിമംഗലത്ത് നരേന്ദ്രപ്രസാദ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘കേരള കലാമണ്ഡലം-കഥകളി നൂറരങ്ങു’ പരിപാടിയുടെ ഉത്ഘാടന വേളയിൽ ഞാൻ ചെയ്ത പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ)

കലാസ്നേഹികളേ,

കേരളത്തിന്റെ സാഹിത്യ-വിദ്യാഭ്യാസ-നാടക-ചലച്ചിത്ര രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്ന പ്രൊഫ. (ഡോ) നരേന്ദ്രപ്രസാദ് അരങ്ങൊഴിഞ്ഞിട്ടു ഇന്ന് അഞ്ചാണ്ടുകൾ തികയുന്നു. പ്രതിഭാധനനായ ഒരദ്ധ്യാപകനും അതുല്യ നിരൂപകനും നടനും ആയിരുന്ന പ്രൊഫ. നരേന്ദ്രപ്രസാദ്, അക്ഷരങ്ങളെ പ്രണയിച്ച അപൂർവ്വം ചില അഭിനയ പ്രതിഭകളിൽ ഒരാളായിരുന്നു. ഈ വർഷത്തെ ചരമദിനാചരണത്തിന്റെ ഭാഗമായി കേരള കലാമണ്ഡലം ട്രൂപ്പിന്റെ  കഥകളി ഇവിടെ നടത്തപ്പെടുന്നു എന്നത് സവിശേഷ പ്രാധാന്യമുള്ള ഒരു കാര്യമായിട്ടാണെനിക്കു തോന്നുന്നത്. കഥകളിയുമായി നേരിട്ട് ബന്ധമുള്ള കലാകാരന്മാരെ അനുസ്മരിക്കുന്ന വേളകളിൽ കഥകളി നടത്തുന്ന പതിവുണ്ടെങ്കിലും മറ്റു കലാകാരന്മാരുടെയോ സാഹിത്യപ്രതിഭകളുടെയോ കാര്യത്തിൽ സാധാരണ ഉണ്ടാകാറുള്ള ഒന്നല്ല കഥകളി. അഭിനയ കലയെ ആത്മാവിലേറ്റി നടന്ന ഒരു വലിയ കലാകാരന് സ്നേഹാർച്ചന ചെയ്യാൻ നൃത്ത-വാദ്യ-സംഗീതാദി സമ്മോഹനകലകളുടെ സമജ്ജസസമ്മേളന കലയായ കഥകളിയേക്കാൾ വലിയ ഏതു കലാപുഷ്പമാണ് മലയാള മണ്ണിൽ ഉള്ളത്? സംഘാടകരുടെ ഈ തീരുമാനം തികച്ചും അന്വർഥം തന്നെ. നളചരിതം ഒന്നാം ദിവസം പഠന ക്ലാസും കഥകളിയുമാണ് ഇന്നിവിടെ നടക്കാൻ പോകുന്നത്.

നളചരിതം ആട്ടക്കഥാ കർത്താവിനും പ്രൊഫ. നരേന്ദ്രപ്രസാദിനും തമ്മിൽ ചില സാമ്യങ്ങൾ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അതിമാനുഷവും അസാധാരണവും ചിട്ടപ്രധാനവുമായ കഥകളിയെ രംഗത്ത് വിജയിക്കൂ എന്ന അടിയുറച്ച വിശ്വാസം നിലനിൽക്കുന്ന ഒരു കാലഘട്ടത്തിലാണ് അതിൽ നിന്നെല്ലാം വ്യത്യസ്തമായി മനുഷ്യകഥാനുഗായിയായ, ജീവിതഗന്ധിയായ  ‘നളചരിതം ആട്ടക്കഥ’  രചിച്ച്‌  ഉണ്ണായി വാര്യർ കഥകളിലോകത്ത് അക്ഷരാർഥത്തിൽ വിപ്ലവം സൃഷ്ട്ടിച്ചത്. ആട്ടക്കഥകളുടെ ശ്രേണിയിൽ പ്രഥമ ഗണനീയ സ്ഥാനം അലങ്കരിക്കുന്ന  കലാതല്ലജമാകുന്നു നളചരിതം. വേറിട്ട ചിന്തയുടെ, സർഗ്ഗശക്തിയുടെ ഈ നിഷേധ പ്രകൃതി തന്നെയല്ലേ  പ്രൊഫ. നരേന്ദ്രപ്രസാദ് എന്ന ബഹുമുഖപ്രതിഭയിലും എന്നും നാം കണ്ടിട്ടുള്ളത്? താൻ പ്രതിനിധാനം ചെയ്യുന്ന ബൌദ്ധിക മണ്ഡലങ്ങളുടെ ഉച്ചകോടിയിൽ വിലസുമ്പോഴും അഭിനയസിദ്ധി ഒന്ന് കൊണ്ട്‌ സാധാരണക്കാരിൽ സാധാരണക്കാരായ മലയാളികളുടെ മനസ്സുകളിൽ പോലും സ്ഥാനം പിടിക്കാൻ കഴിഞ്ഞ അതുല്യ കലാപ്രതിഭയാണ് ഡോ. പ്രാസാദ്. ഓണാട്ടുകരയുടെ കലാപാരമ്പര്യത്തിന്റെ ബലവത്തായ കണ്ണികളിൽ ഒന്നായ ഈ  കലാതിലകത്തിനു  സ്നേഹാർച്ചന ചെയ്യാൻ, മദ്ധ്യതിരുവിതാംകൂർ നിസ്തുലമായ സംഭാവനകൾ നല്കി വികസിപ്പിച്ചെടുത്ത നളചരിതം കഥകളി തന്നെ തിരഞ്ഞെടുക്കപ്പെട്ടു എന്നതു യാദൃച്ഛികമാകാനിടയില്ല .

ഇരിങ്ങാലക്കുടക്കാരനായിരുന്ന ഉണ്ണായി വാര്യരാൽ വിരചിതം എന്ന് പൊതുവെ കരുതപ്പെടുന്ന നളചരിതം ആട്ടക്കഥയെ ഇന്ന് കാണുന്ന വിധത്തിൽ സഹൃദയാഹ്ലാദകരമായ നിലയിലേക്ക് വികസിപ്പിച്ചെടുത്തത് മദ്ധ്യതിരുവിതാംകൂറിലെ പ്രതിഭാധനന്മാരായിരുന്ന കുറെ കലാകാരന്മാരും തിരുവിതാംകൂർ രാജവംശവുമായിരുന്നു. നളനുണ്ണി, ഈശ്വരപിള്ള വിചാരിപ്പുകാർ, മാത്തൂർ കുഞ്ഞുപിള്ള പണിക്കർ, തിരുവല്ല (ബ്രഹ്മസ്വം) കുഞ്ഞുപിള്ള, തോട്ടം ശങ്കരൻ നമ്പൂതിരി, ഗുരു കുഞ്ചുക്കുകറുപ്പ് തുടങ്ങിയ അനുഗ്രഹീത കലാകാരന്മാരാണ്, രചിച്ചിട്ടു ഏതാണ്ട് രണ്ടു നൂറ്റാണ്ടുകൾ വെളിച്ചം കാണാതെ കിടന്നിരുന്ന നളചരിതം ആട്ടക്കഥയെയും അതിന്റെ ആത്മാവിനെയും  കണ്ടെത്തിയത്. ഇവരെ തുടർന്ന് യശശ്ശരീരരായ കാവുങ്ങൽ ശങ്കരപ്പണിക്കർ, കുറിച്ചി കുഞ്ഞൻ പണിക്കർ, കലാമണ്ഡലം കൃഷ്ണൻ നായർ, കുടമാളൂർ കരുണാകരൻ നായർ, വാഴേങ്കട കുഞ്ചു നായർ, മാങ്കുളം വിഷ്ണു നമ്പൂതിരി, ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള, ചെന്നിത്തല ചെല്ലപ്പൻ പിള്ള, കോട്ടക്കൽ ശിവരാമൻ തുടങ്ങി ഇന്ന് ജീവിച്ചിരിക്കുന്ന അനുഗ്രഹീത കലാകാരൻ കലാമണ്ഡലം ഗോപി ഉൾപ്പെടുന്ന അംഗുലീപരിമിതരായ രസാഭിനയപ്രതിഭകളാണ്, സാത്വികാഭിനയം അനിവാര്യമാകുന്ന നളചരിതം ആട്ടക്കഥയുടെ സമസ്തസൌന്ദര്യങ്ങളും അനാവരണം ചെയ്തു സഹൃദയലോകത്തിന്  കാഴ്ചവച്ചത്. മുകളിൽ ഉദ്ധരിച്ച പല പേരുകളിൽ നിന്നും നളചരിതവും മദ്ധ്യതിരുവിതാംകൂറുമായുള്ള അഭേദ്യബന്ധം സ്പഷ്ടമാണ്.

മഹാഭാരതം വനപർവത്തിൽ 52 മുതൽ 79 വരെയുള്ള 27 അദ്ധ്യായങ്ങളായി വിവരിക്കപ്പെടുന്ന ‘നളോപാഖ്യാന’മാണ് നളചരിതം ആട്ടക്കഥക്ക് ഇതിവൃത്തം. വളരെ ബൃഹത്തായ ഈ ആട്ടക്കഥയുടെ വളരെ കുറച്ചു ഭാഗങ്ങൾ മാത്രമേ ഇന്ന് കഥകളി അരങ്ങുകളിൽ അവതരിപ്പിച്ചു കാണുന്നുള്ളൂ. കള്ളച്ചൂതിൽ തോറ്റു കാമ്യകവനത്തിൽ കഴിയുന്ന പാണ്ഡവരെ പല മുനിമാരും സന്ദർശിച്ചു കഥകൾ പറഞ്ഞാശ്വസിപ്പിക്കുന്ന കൂട്ടത്തിൽ ബൃഹദശ്വൻ എന്ന മുനി പറഞ്ഞു കേൾപ്പിക്കുന്ന കഥയാണ് ‘നളോപാഖ്യാന’ത്തിൽ അടങ്ങിയിരിക്കുന്നത്. ‘പാരിലെങ്ങാനും എന്നോളം ഭാഗ്യം കെട്ടോരു മന്നനെ കണ്ടിട്ടോ കേട്ടിട്ടോ ഉണ്ടോ’ എന്ന ധർമ്മപുത്രരുടെ ചോദ്യത്തിന് ഉത്തരമായി നളദമയന്തിമാരുടെ കഥ മുനി പറഞ്ഞു കേൾപ്പിക്കുന്നു. ധർമ്മപുത്രർക്ക് സ്വന്തം വ്യഥകൾ പങ്കുവയ്ക്കാൻ സഹോദരങ്ങളും ഭാര്യയും കൂടെയുള്ള ബ്രാഹ്മണവൃന്ദവും കുലഗുരുവും തങ്ങളെപ്പോലെ വല്ലപ്പോഴുമെങ്കിലും വന്നുപോകുന്ന  മഹർഷിമാരും ഉണ്ട്. എന്നാൽ ഇതൊന്നുമില്ലാതെ സർവഗുണസമ്പന്നനും ആദർശശാലിയുമായ ഒരു രാജാവ് (നളൻ) സഹോദരനോട് കള്ളച്ചൂതിൽ തോറ്റു ഉടുതുണിക്ക്‌ മറുതുണി പോലും ഇല്ലാതെ ഏകാകിയായി ഘോരകാനനത്തിലും പിന്നെ സ്വന്തം ഭാര്യക്ക് പോലും തിരിച്ചറിയാൻ കഴിയാത്ത വിധം വിരൂപനായ ഒരു രാജസേവകനായി നാട്ടിലും അലഞ്ഞു ജീവിച്ച ഒരു കഥയുണ്ട്. പക്ഷെ അചഞ്ചലമായ ഈശ്വരഭക്തിയും സ്വധർമ്മാചരണവും കൊണ്ട് നഷ്ടപ്പെട്ട സൌഭാഗ്യങ്ങൾ ഒന്നൊന്നായി തിരികെപ്പിടിച്ചു, ആ മന്നവൻ വീണ്ടും ഐശ്വര്യത്തോടെ രാജ്യം വാണു. അതിനാൽ ധർമ്മപുത്രർ ഒന്നുകൊണ്ടും ദു:ഖിക്കേണ്ടതില്ലെന്നും ഒരു നല്ല നാളേക്ക് വേണ്ടി സമചിത്തതയോടെ, ക്ഷമയോടെ കാത്തിരുന്നാൽ മാത്രം മതി എന്നും ബൃഹദശ്വൻ ഉപദേശിക്കുന്നു. ഇതാണ് നളോപാഖ്യാനം.

പുരാണകഥകളെ ഇതിവൃത്തമാക്കി കഥകളെഴുതുന്ന കവികൾ സാധാരണ പ്രാചീന മാതൃകകളെ അതേപടി അനുകരിക്കുകയാണ് പതിവ്. പക്ഷെ പ്രതിഭാധനരായ ചിലർ, പ്രാചീനസരണികൾ തങ്ങളുടെ ലക്ഷ്യപ്രാപ്തിക്ക് അപര്യാപ്തമാണെന്ന് കണ്ട് , അവയിൽ അവശ്യം മാറ്റം വരുത്തി മാതൃകകൾ സൃഷ്ടിക്കാറുണ്ട്. സാഹിത്യത്തിലായാലും മറ്റിതര കലാരൂപങ്ങളിലായാലും അനശ്വരകലാസൃഷ്ടികൾക്ക് രൂപം നൽകിയിട്ടുള്ളവർ ഇവ്വിധം സ്വതന്ത്രമാർഗ്ഗത്തെ അവലംബിച്ചിരുന്നതായി കാണാം. ഉണ്ണായി വാരിയരും ചെയ്തത് ഇത് തന്നെയാണ്. നളോപാഖ്യാനം ഇതിവൃത്തമായിരിക്കെ തന്നെ, കഥകളിയെപ്പോലെ ദൃശ്യപരമായ ഒരു കലാരൂപത്തിന് യോജിച്ച നാടകീയമായ അവതരണസാദ്ധ്യതകളെ  മുൻനിർത്തി, മൂലകഥയിൽ അവശ്യം മാറ്റം വരുത്തിക്കൊണ്ടാണ്‌ ഉണ്ണായി വാരിയർ തികച്ചും മൌലികമായ ഈ ആട്ടക്കഥ രചിച്ചിട്ടുള്ളത്. അന്നുവരെ നിലനിന്നിരുന്ന കഥകളി സങ്കൽപ്പങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായിരുന്ന ഒരു രചനാരീതിയായിരുന്നു നളചരിതം ആട്ടക്കഥക്കായി ഉണ്ണായി സ്വീകരിച്ചത്. ഇക്കാരണത്താൽ തന്നെ യാഥാസ്ഥിതികരുടെ പ്രതിഷേധശരങ്ങൾക്ക് ‘നളചരിതം’ എക്കാലത്തും പാത്രമായിട്ടുണ്ട്. പക്ഷെ ‘ഫലമുള്ള വൃക്ഷത്തിലേക്കേ കല്ലുകൾ എറിയപ്പെടൂ’ എന്ന സത്യം മനസ്സിലാക്കുമ്പോഴും ഇന്ന് കഥകളിയിൽ നളചരിതം അലങ്കരിക്കുന്ന പ്രഥമസ്ഥാനം കാണുമ്പോഴും ഇതിന്റെ വിമർശകർക്കുള്ള മറുപടിയല്ലേ ഇതെല്ലാം എന്നാർക്കും തോന്നിപ്പോകും.

‘കേരളത്തിന്റെ ശാകുന്തളം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നളചരിതം ആട്ടക്കഥയെ ഇത്രമാത്രം ജനപ്രിയമാക്കിയത് അതിന്റെ ജീവിതഗന്ധിയായ ഇതിവൃത്തവും ആട്ടക്കഥാകാരന്റെ അനിതരസാധാരണമായ രചനാപാടവും ആണ്. നളചരിതം കഥയുടെ സന്ദേശവും ഇതിനെ അനശ്വരമാക്കുന്നതിൽ പങ്കു വഹിക്കുന്നു. ധാർമ്മികമൂല്യങ്ങളുടെ മഹത്വത്തെയും ധർമ്മച്യുതിയിലൂടെ മനുഷ്യന് സംഭവിക്കാവുന്ന അധ:പതനത്തെയുമാണ് നളകഥയിലൂടെ ഇതിഹാസകാരൻ വെളിപ്പെടുത്തുന്നത്. സമസ്ത സൌഭാഗ്യങ്ങളോടും രാജ്യം വാണിരുന്ന ആദർശശാലിയായ ഒരു മഹാരാജാവ് (നളൻ) ഒരു സ്ത്രീയിൽ (ദമയന്തി) മോഹിതനായി കർമ്മവിമുഖനാകുന്നു. തന്റെ മോഹം പൂവണിയുന്നതോടെ അദ്ദേഹം അതിൽ മതിമറന്നു സ്വധർമ്മാചരണത്തിൽ പിഴവ് വരുത്തുന്നു. തക്കം പാർത്തിരുന്ന അസൂയാലുക്കളായ ദുഷ്ടബുദ്ധികൾ (കലിദ്വാപരന്മാർ) ആ രാജാവിനെ ദുരന്തത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടുന്നു. നളനിൽ കടന്നു കൂടാൻ നീണ്ട പന്ത്രണ്ടു വർഷങ്ങൾ കാത്തിരുന്ന കലി, ഒരു നാൾ നളൻ ‘മൂത്രം വീഴ്ത്തി കാൽ കഴുകാതെ’ സന്ധ്യാവന്ദനത്തിനു പോകുന്ന വേളയിൽ അദ്ദേഹത്തിൽ  ആവേശിച്ചു എന്നാണു കഥ. നളൻ ചെയ്തത് അത്രമാത്രം വലിയ ഒരപരാധം ആയിരുന്നോ? അതും അറിഞ്ഞും കൊണ്ട് ചെയ്തതും അല്ല. സമൂഹത്തിന്റെ ഉന്നതശ്രേണികളിൽ വിഹരിക്കുന്ന ഒരാൾ, പ്രത്യേകിച്ചും സത്യസന്ധനായ ഒരാൾ, വളരെ ശ്രദ്ധാപൂർവം ജീവിതം നയിക്കേണ്ടതാണെന്നും ഒരു നിസ്സാര തെറ്റു  പോലും തന്റെ മാനഹാനിക്കും അധ:പതനത്തിനും കാരണമാകാം എന്നുമാണീ കഥ നമ്മെ പഠിപ്പിക്കുന്നത്. എങ്കിൽപ്പോലും അചഞ്ചലമായ ഈശ്വരവിശ്വാസത്തിലൂന്നിയ ജീവിതചര്യയിലൂടെ ദുർദ്ദശകൾ താണ്ടി നഷ്ടപ്പെട്ടതെല്ലാം തിരികെ നേടി നല്ലൊരു നാളെയിലേക്ക് തിരികെപ്പോകാൻ കഴിയും എന്ന് ഈ കഥ ഉദ്ഘോഷിക്കുന്നു.

കഥകളി, ദന്തഗോപുരവാസിയായ ഒരു കലയല്ലെന്നും, അതിൽ താത്പര്യമുള്ള ഏതൊരാൾക്കും കണ്ടാസ്വദിക്കാൻ സാധിക്കുന്ന ഒരു കല തന്നെയാണെന്നും പൊതുജനങ്ങളെ മനസ്സിലാക്കിക്കുവാനും അങ്ങിനെ വിശ്വോത്തരമായ ഈ കലയുടെ ഭാവിയിലേക്കായി ഒരു സഹൃദയപ്രേക്ഷകവൃന്ദത്തെ സൃഷ്ടിക്കാം എന്നുമുള്ള സദുദ്ദേശത്തോടെ കേരളകലാമണ്ഡലം നാടൊട്ടുക്കും നടത്തുന്ന ‘കഥകളി ‘നൂറരങ്ങു’ എന്ന ജനപ്രിയ പരിപാടിക്ക് സകല ഭാവുകങ്ങളും നേരാൻ ഞാൻ ഈ അവസരം വിനിയോഗിക്കട്ടെ. ഇന്നിവിടെ നടക്കാൻ പോകുന്ന കഥകളി പഠന ക്ലാസ്സും കഥകളി അവതരണവും ഈ ലക്ഷ്യത്തെ സാധൂകരിക്കുന്നതാകട്ടെ എന്നാശംസിച്ചു കൊണ്ട് എന്റെ വാക്കുകൾ ഉപസംഹരിക്കുന്നു. നന്ദി. നമസ്കാരം.


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder