ഡി. വിനയചന്ദ്രൻ

August 20, 2017 

വെണ്മണി ഹരിദാസ് സ്മരണ – 8
(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്)

ഞാൻ നിരന്തരം കളികാണുന്ന ഒരു കാലമുണ്ടായിരുന്നു, അന്നു മുതൽക്കേ ഹരിദാസനുമായി വളരെ സൌഹൃദത്തിലാണ്. ഇവിടെ മാർഗീല് അദ്ദേഹം അധ്യാപകനായിരിക്കുമ്പം, യൂണിവേഴ്സിറ്റി കോളേജിൽ ഞാൻ പഠിപ്പിക്കുമ്പം, പിന്നെ കോട്ടയത്ത് വരുമ്പം കളിയരങ്ങിന്റെ വേദികളിലൊക്കെ… കോട്ടയത്ത് പുള്ളി നേരത്തേ വരികയാണെങ്കിൽ കാണും, കളികഴിഞ്ഞ് കാണും… അനൌപചാരികമായ സംഗമങ്ങൾ, സംസാരവും സംഗീതവുമൊക്കെയായിട്ട്. അത് വലിയൊരു സൌഹൃദമാണ്.

ഹരിദാസ് ഒരു പക്ഷെ അതിപ്രശസ്തനാകുന്നതിനു മുൻപ്, എനിക്ക് ആലാപനം ഹൃദ്യമായി തോന്നിയതുകൊണ്ട് ലെനിൻ രാജേന്ദ്രൻ ‘സ്വാതിതിരുനാൾ‘ എടുക്കുമ്പോൾ ഹരിദാസനെക്കൊണ്ട് പാടിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. എം.ബി. ശ്രീനിവാസന്റെയടുത്തുവന്ന് ഒന്ന് പാടിക്കേൾപ്പിക്കണം. അദ്ദേഹം ജോൺ എബ്രഹാമിന്റെ സുഹൃത്താണ്. വല്യ തലക്കനമുള്ളയാളല്ല. അപ്പോ ഹരിദാസന് ലജ്ജ, ശ്രീനിവാസന്റെ മുമ്പിൽ പാടാൻ. അതുകൊണ്ട് കാസറ്റിൽ പാടി റെക്കോഡ് ചെയ്ത് എന്റെ കയ്യിൽ തന്നു. അതുകേട്ടിട്ട് ‘അയ്യോ ഞങ്ങളുടെ തേവാരപ്പാട്ട് പോലെയുണ്ടല്ലോ! വളരെ വിശുദ്ധമായ സംഗീതം’ എന്ന് ശ്രീനിവാസൻ പറഞ്ഞു. പക്ഷെ അന്നു പാടിക്കാൻ പറ്റിയില്ല. ലെനിൻ രാജേന്ദ്രൻ പറഞ്ഞു: ‘ഹരിദാസിന്റെ പാട്ടിനേ പറ്റി എനിക്ക് എതിരഭിപ്രായമില്ല. പക്ഷെ എന്റെ സിനിമ വിൽക്കണമെങ്കിൽ യേശുദാസ് പാടണം’. പിന്നീട് ഹരിദാസനെ വെച്ച് ഷാജി കരുൺ സിനിമയൊക്കെ എടുത്തല്ലോ.

ജന്മനാ കലാകാരനാണ്. സംഗീതമപി സാഹിത്യം, അവരുടെ കുടുംബത്തില് സാഹിത്യത്തിന്റെയും ഹരികഥാകാലക്ഷേപത്തിന്റെയും വലിയൊരു പാരമ്പര്യം, അതിന്റെ രണ്ടിന്റെയും ഒരു സമന്വയം, അഭിനയസംഗീതമാണെങ്കിലും അതിന്റെ പരിമിതിയെ അതിനു നാശമുണ്ടാകാത്തരീതിയിൽ അതിജീവിക്കുന്ന ഒരു ഹൃദ്യമായ ആലാപനമാണ്. ഭാവപ്രധാനമായിട്ട്.. ഉള്ളിൽ നിന്നും സംഗീതം വരും. ഇപ്പൊ എല്ലാവർക്കും പാടുമ്പോ ഉള്ളിൽനിന്നൊരു സംഗീതം വരണമെന്നില്ല. മാത്രവുമല്ല വടക്കേ ഇന്ത്യയിലൊക്കെ പോയി ഹിന്ദുസ്ഥാനി സംഗീതവും പഠിച്ചിട്ടുണ്ട്. അതിന്റെയൊരു സംസ്കാരവുമുണ്ടായിരുന്നു.

വെള്ളാരപ്പള്ളിയിൽ ഒരിക്കൽ ഹരിദാസ് അനുസ്മരണ പ്രഭാഷണത്തിന് ഞാനായിരുന്നു. അന്ന് അദ്ദേഹത്തിന്റെ കുടുംബത്തിലെ ആരോ പറഞ്ഞു, ഏതോ യാത്ര കഴിഞ്ഞ് അവിടെയെത്തി ഒരു തയാറെടുപ്പുമില്ലാതെ ഗീതഗോവിന്ദം മുഴുവനും, എല്ലാ ഖണ്ഡങ്ങളും, അവിടിരുന്ന് അസാമാന്യമായി പാടിയത്രെ. വടക്കേ ഇന്ത്യയിലെ പ്രശസ്തരായ നർത്തകർക്കു വേണ്ടി പിന്നണി പാടിയിട്ടുണ്ട്. ആ ഒരു സംസ്കാരവും കൂടി തീർച്ചയായും ആലാപനത്തിൽ വന്നിട്ടുണ്ട്. സംഗീത സംവിധാനത്തിനും മിടുക്കനായിരുന്നു. നൃത്തത്തിനുവേണ്ടി ഹരിദാസൻ പല പാട്ടുകളും സംവിധാനം ചെയ്തിട്ടുണ്ട്. ആ ഒരു മേഖല വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല.

എമ്പ്രാന്തിരിയുടെ ശങ്കിടിയായിട്ട് പാടുമ്പം ഹരിദാസൻ പാടാൻ സമ്മതിക്കാത്ത ഒരവസ്ഥയുണ്ടായിരുന്നു. അത് ഹരിദാസന് വളരെയധികം നൊമ്പരമുണ്ടാക്കിയ കാര്യമാണ്. പിന്നെ അതിൽനിന്ന് സ്വാതന്ത്ര്യം പ്രാപിക്കാൻ കുറേക്കാലമെടുത്തു. ഹരിദാസ് തന്നെ പൊന്നാനിയായിട്ട് പാടി വരുമ്പഴാണ് പിന്നെ… ഏത് പദമാണെങ്കിലും ശ്ലോകമാണെങ്കിലും അസാമാന്യമായ ഭാവപ്പൊലിമയോടുകൂടി ശ്രുതിഭദ്രമായിട്ട്, സംഗീതത്തിന്റെ ഭാഷയിൽ ആലപിക്കുന്നത് അസാധാരണമായ ഒരനുഭവമായിരുന്നു. അനുഭൂതിപ്രധാനമായ സംഗീതത്തിന്റെ ഒരനുഭവമായിരുന്നു, ഭാവസംക്രമണമായിരുന്നു.

അതൊക്കെ ഒരസാധാരണ ജന്മമാണ്. ജീവിതത്തിന്റെ ചിലതരം വേഗങ്ങൾ കൊണ്ട്, ഒരു തരം വേഗം കൊണ്ടാണ് വേഗം മരിച്ചുപോയത്… ചില ഓർമകൾ പറയുമ്പോൾ, കൃഷ്ണന്റെ അമ്പാടിക്കും മഥുരയ്ക്കുമിടയിലെ വൃന്ദാവനത്തിന്റെ സ്വപ്നതുല്യമായ ഒരവസ്ഥ, അങ്ങനെ കഥകളിസംഗീതത്തിലെന്തോ ഹരിദാസന് ഉണ്ട്.  കേവലം ആട്ടപ്പാട്ട് പാടി നടക്കുക മാത്രമല്ല, സാഹിത്യം നന്നായിട്ട് വായിക്കുമായിരുന്നു. കാവ്യവായനയുടെ, സാഹിത്യവായനയുടെ, ആട്ടക്കഥകൾ തന്നെ മനസ്സിരുത്തി വായിച്ചതിന്റെയൊക്കെ ഒരു സംസ്കാരമുണ്ടായിരുന്നു. അതൊക്കെ കൊണ്ടാണ് ഒരു കല്ലുകടിയില്ലാതെ, അല്ലെങ്കിൽ കേൾക്കുന്നവർക്ക് വാക്ക് മുറുഞ്ഞുപോയി എന്നു തോന്നാത്ത രീതിയിൽ, നമ്മൾ പണ്ടുകാലത്ത് പറയുന്നതുപോലെ ആപാദമധുരമായിട്ട്, ഭാവപ്രധാനമായിട്ട്, സാഹിത്യത്തിന്റെ, പ്രബന്ധത്തിന്റെ അർത്ഥ തലത്തിന് ഒരിക്കലും വീഴ്ചയില്ലാതെ…

ഹൈദരലിയും ഹരിദാസും, അവരു തമ്മിൽ ഒരടുപ്പം ഉണ്ടായിരുന്നു. ഹരിദാസൻ മരിച്ചതറിഞ്ഞു വന്നപ്പോൾ ഞങ്ങളൊരുമിച്ചാണ് വീട്ടിലേക്കു പോയത്.

ഹരിദാസനായിട്ട് ഞാനൊരു കവിത സമർപ്പിച്ചിട്ടുണ്ട്. ഹരിദാസിന്റെ കുടുംബം ചോദിക്കുമായിരുന്നു ഇങ്ങനെ സമർപ്പിക്കുവാനുള്ള കാര്യം എന്താണെന്ന്. വലിയൊരു ഗായകനെ ഇങ്ങനെ മനസ്സിൽ കാണുമ്പം… നാട്ടുകാര് കേൾക്കുന്നതിനപ്പുറമുള്ള സ്വകാര്യമായിട്ടുള്ള പാട്ട് പാടണം. ആ അഭിമുഖത്തിനു വന്ന സ്ത്രീ പാടാൻ പറഞ്ഞ പാട്ടുകളല്ല പ്രധാനമായിട്ട് പാടുന്നത്. അവര് പൊയിക്കഴിഞ്ഞ് ഒറ്റയ്ക്കിരുന്ന് ഇഷ്ടമുള്ള പാട്ട് പാടുന്നു.


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder