|

അന്തരീക്ഷം, അത് താനെയുണ്ടാവും

വെണ്മണി ഹരിദാസ് സ്മരണ – 4
(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്)

കോട്ടക്കൽ പി.ഡി. നമ്പൂതിരി

July 3, 2017

ഹരിദാസേട്ടന്റെ കൂടെ പാടുമ്പം വേറൊന്നും ശ്രദ്ധിക്കാൻ തോന്നില്ല. സ്റ്റേജില് വേഷക്കാരൻ ചെയ്യുന്നതെന്താണെന്ന് നോക്കുകല്ലാണ്ട് വേറൊന്നും ശ്രദ്ധിക്കാൻ പറ്റില്ല. ഈ പാട്ടിങ്ങനെ ഞാനാസ്വദിക്കും. പിന്നെയത് പാടാൻ ശ്രമിക്കും. ഇതു മാത്രമാണ് പാട്ടുകഴിയുന്നതു വരെ. വേറൊരു ചിന്തയില്ലാന്നുള്ളതാ. വേറാരു പാടുകാണെങ്കിലും ഒന്നങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ നോക്കാം. ഇതതു പറ്റില്ല. പുള്ളീടെ പാട്ടിന്റെ കേമത്തരമതാ. നമുക്കതു മാത്രേ ശ്രദ്ധിക്കാൻ തോന്നൂ. അത്ര… ഒരു കുഴമ്പിങ്ങനെ വരുന്നപോലാണ്. അതുമാത്രമിങ്ങനെ കേട്ടു കേട്ട് പിന്നെ അതുപോലെ പാടാൻ ശ്രമിക്കുക. അത് വല്ലാത്ത ഒരനുഭവമാണ്.

പാടുന്ന കേട്ടാൽ പുള്ളി വല്യ സംസ്കൃതജ്ഞാനിയാണെന്നു തോന്നും. ഒരക്ഷരത്തിനും ഒരപകടവുമില്ല. വേറെ ആർക്കുമില്ലാത്ത ഒരു കഴിവാണത്. സാഹിത്യം പുള്ളി കണ്ടമാനം ശ്രദ്ധിക്കും. പദങ്ങളായാലും ശ്ലോകങ്ങളായാലും എന്തായാലും സാഹിത്യം നല്ലോണം ശ്രദ്ധിക്കുന്ന പാർട്ടിയാ. പുള്ളിക്ക് എഴുത്തുണ്ടോ എന്നെനിക്കറിയില്ല. എന്തു പാടിയാലും, ഹിന്ദുസ്ഥാനി രാഗമായാലും കഥകളിക്കാ പാടുന്നതെങ്കിൽ ആ ഒരു സ്റ്റൈലേ വരൂ. ഡാൻസിന്റെ ഒരു ജയ്‌ജയ്വന്തി കേട്ടിട്ടുണ്ട് ഞാൻ. അതു കേട്ടാൽ ഒരു കഥകളിപ്പാട്ടുകാരനാ പാടുന്നേന്ന് പറയാൻ പറ്റില്ല. കഥകളിക്കാണെങ്കിൽ അതിന്റെ ഒരു സ്റ്റൈൽ അല്ലാണ്ടേ ഞാൻ കേട്ടിട്ടില്ല, ഏതു രാഗം പാടിയാലും. ‘ഗുരുപ്രിയ’ കേട്ടിട്ടില്ലേ? അതൊക്കെ ഭയങ്കര touching ഉള്ള രാഗമാ. പക്ഷെ പുള്ളി പാടുമ്പം അതിന്റെയൊരു കഥകളിത്തം ഒട്ടും മാറാതെയേ പാടൂ. വല്ലാത്ത ഒരു കഴിവാ. എന്തെങ്കിലും  ഒരു രാഗം അങ്ങനെ പ്രത്യേകം പറയാനില്ല. ഒരു സ്വാദുണ്ട് എന്തു ചെയ്താലും. ആ ‘നവരസ’മൊക്കെ ഭയങ്കര സുഖാണേ. അസാധ്യ സാധനമാ. പുള്ളിയാണ് ‘കല്യാണവസന്തം‘ കഥകളിയിലേക്കിറക്കിയത്.

കഥകളിക്ക് അവനവന്റെ മനസ്സിൽ തോന്നുന്നത് രംഗത്തുള്ള ഭാവത്തിന് പറ്റുന്ന രീതിയിൽ എങ്ങനെ വേണമെങ്കിൽ പാടാം. ആ രംഗത്തിനു പറ്റാത്ത രീതിയിൽ പാടിയാലേ കുറ്റം പറയൂ. ‘കുണ്ഡിനനായക’ എന്നു വേണമെങ്കിൽ മൂന്നു രീതിയിൽ തുടങ്ങാം. ‘വതാപി ഗണപതിം’ അങ്ങനെ പറ്റില്ല. അത് കഥകളിസംഗീതത്തിന്റെ ഒരു പ്രത്യേകതയാണ്. ഇല്ലെങ്കിൽ എല്ലാവരുടേയും പാട്ട് ഒരുപോലാവില്ലേ? നളചരിതം നാലാം ദിവസമാണ് ഹരിദാസേട്ടന്റെ കഥ. അതിലുള്ളതു മുഴുവൻ പുള്ളിക്ക് പറ്റിയ സംഗീതമാണ്. തോടി, പന്തുവരാളി, ഭൈരവി അതൊക്കെ പുള്ളീടെ കുത്തകയായിട്ടുള്ള സാധനങ്ങളാണ്. പുള്ളീടെ ചീത്തപ്പാട്ട് ഞാൻ കേട്ടിട്ടില്ല. ‘ഏയ് അവിടെ ഹരിദാസിന്റെ പാട്ട് കുളമായി’, എനിക്കങ്ങനെ തോന്നിയിട്ടേയില്ല. ചീത്തപ്പാട്ട് പാടാൻ പറ്റില്ല പുള്ളിക്ക്. നല്ല സംഗീതമുള്ളവന് ചീത്തപ്പാട്ട് പാടാൻ പറ്റില്ല. ഉള്ളിലുള്ളതല്ലേ പുറത്തേക്ക് വരൂ.

സന്താനഗോപാലത്തിലെ ആ ശങ്കരാഭരണമുണ്ടല്ലോ, വല്ലാത്ത ഒരു സാധനമാ. അതുപോലെ ആ ദേവഗാന്ധാരവും. പിന്നെ സാവേരി, സാവേരി കേട്ടാൽ തനി ഒരു ശെമ്മാങ്കുടി ശൈലി തോന്നും. അസാധ്യമാണ്. ഒന്നാമതെ പുള്ളി ഇവിടുന്നൊക്കെ പോയി. തിരിച്ചുവന്നപ്പോൾ ഈ ‘കഥ’യൊക്കെ മറന്നു. കഥ പഠിക്കണ കാര്യത്തിൽ പഠിക്കുന്ന കാലത്തേ പ്രശ്നക്കാരനാ. അതുകൊണ്ട് ഒറ്റയ്ക്കു കേറി നിൽക്കാനുള്ള ഒരു ചങ്കൂറ്റക്കുറവ്. അതുകൊണ്ടാണ് എമ്പ്രാന്തിരിയുടെ കൂടെ അത്രയും കാലം നിൽക്കേണ്ടിവന്നത്. പുള്ളി തിരിച്ചുവന്നപ്പം തന്നെ പ്രധാനിയായിട്ടു നിന്നിരുന്നെങ്കിൽ ഈ പ്രശ്നം വരില്ലായിരുന്നു. എമ്പ്രാന്തിരി ശബ്ദം കൊണ്ടാണ് ഭാവമുണ്ടാക്കിയത്. ശബ്ദത്തിന്റെ variation കൊണ്ടുമാത്രമാണ്, അല്ലാതെ വേറൊന്നുമല്ല. ഹരിദാസ് അങ്ങനല്ല, സംഗീതം കൊണ്ടാണ് ഭാവമുണ്ടാക്കിയത്. രണ്ടിന്റേയും വ്യത്യാസമതാണ്. ശബ്ദം കൊണ്ട് ഭാവം വരുത്തുന്നതിൽ എമ്പ്രാന്തിരി പൂർണമായും വിജയിച്ചു. കഥകളിസംഗീതത്തിന് ഇങ്ങനെയൊക്കെ വേണമെന്ന് വരുത്തിയത് എമ്പ്രാന്തിരിയേട്ടനാണ്. അതൊരു വലിയ കാര്യമാ. എന്തോ ഒന്ന് സംഭവിക്കുന്നു എന്ന് കാണികൾക്കും തോന്നി. അദ്ദേഹത്തിന്റെ ശബ്ദവും അങ്ങനെയാണല്ലോ. അതുകൊണ്ട് ഒരന്തരീക്ഷം ഉണ്ടാക്കിയെടുക്കുമായിരുന്നു.

ഹരിദാസേട്ടനെ സംബന്ധിച്ച് അങ്ങനല്ല, അന്തരീക്ഷം, അത് താനെയുണ്ടാവും. ഇന്നും മരിക്കാതെ നിൽക്കുന്ന സംഗീതം ഹരിദാസിന്റെയാ. ബാക്കിയൊക്കെ പോയി. കുറുപ്പാശാന്റെ സംഗീതോ ഹൈദരലിയുടെ സംഗീതോ എമ്പ്രാന്തിരിയുടെ സംഗീതോ ഒന്നും ഇപ്പം നിലവിലില്ല. ഹരിദാസേട്ടന്റെതായ ഒരു ശൈലി വന്നില്ലേ? അതാണ്. വേറൊരാളെടുത്താലും അതു നല്ലതാണ്. അതുകോണ്ടാണ് ഇതിങ്ങനെ നിൽക്കുന്നത്. പുള്ളീടെ കൂടെ പാടിയാൽ ശരിയാവില്ലെന്നേയുള്ളൂ. ഇപ്പളത്തെ ചെറുപ്പക്കാരുടെയൊക്കെ പാട്ടു കേട്ടാൽ ഹരിദാസിന്റെ പാട്ടാണ് അവർക്കിഷ്ടം എന്നു തോന്നില്ലേ? അത് വലിയൊരു സ്വാധീനമാണ്. വലിയൊരു വലിപ്പമാ അത്. ഹരിദാസേട്ടൻ പാടുമ്പോൾ അരങ്ങത്തു നിൽക്കുന്ന വേഷക്കാരന് എന്തു ഭാവമാണോ വേണ്ടത് അതുണ്ടാവും. ഈ സംഗീതത്തീക്കൂടി ആ ഭാവം കിട്ടും. അതിനു പറ്റിയ ശബ്ദം.

ശബ്ദം ഒതുക്കേണ്ടിടത്ത് ഒതുക്കിയും വലുതാക്കേണ്ടിടത്ത് വലുതാക്കിയും, എന്തു ചെയ്താലും അതൊരു സുഖമാണ്. മേൽ ഷഡ്ജമൊക്കെ പോകണമെങ്കിൽ ഈസിയാ പുള്ളിക്ക്. ശബ്ദം ഇങ്ങനെ അനായാസമുള്ളത് അപൂർവമാണ്. പുള്ളിയെ ഗംഗാധരാശാൻ പഠിപ്പിക്കുന്നത് കുറേ കണ്ടിട്ടുണ്ട് ഞാൻ. ശരിക്കും പഠിപ്പീര് തന്നെയാണ്. അതിന്റെ ഗുണവും കിട്ടീട്ടുണ്ട്. ഗംഗാധരാശാന്റെ കയ്യിലുള്ള ആ വലിയ സംഗീതമുണ്ടല്ലോ അത് അതുപോലെ പുള്ളിയിലേക്ക് വന്നു കൂടി എന്നുള്ളതാണ്. ആശാന്റെ ഗമകത്തിന്റെയൊരു സ്റ്റൈലുണ്ടല്ലോ, അതു കുറച്ചുകൂടി സ്വാദായാലെങ്ങനാ, അതാണു ഹരിദാസേട്ടന്റെ പാട്ട്. 

 

Similar Posts

  • |

    ആ പുഴയുടെ വക്കത്തിരുന്ന്…

    വെണ്മണി ഹരിദാസ് സ്മരണ – 1(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) കോട്ടക്കൽ ശശിധരൻ May 30, 2017  ഹരിദാസേട്ടനെ ആദ്യം കാണുകയല്ല, കേൾക്കുകയാണുണ്ടായത്. അന്ന് ടേപ് റിക്കോർഡർ വന്നുതുടങ്ങുന്ന സമയമാണ്. നളചരിതം ഒന്നാം ദിവസത്തിൽ നളൻ ദൂതിനു പോകുന്ന ഭാഗത്തെ ‘ഹേ മഹാനുഭാവ’ എന്ന പദം. ആ ശബ്ദം കേട്ടപ്പോൾ തന്നെ എന്നെ എവിടെയോ പിടിച്ചെടുക്കുന്ന ഒരനുഭവം. അന്ന് ഞാൻ  ഡൽഹിയിലാണ്. മൃണാളിനി സാരാഭായി എന്നെ ‘ദർപ്പണ’യിലേക്ക് ക്ഷണിച്ചപ്പോൾ എന്റെ ഏറ്റവും വലിയ സന്തോഷം ഹരിദാസേട്ടനും ബലരാമനുമൊക്കെയുള്ള ഒരു…

  • | |

    കഥകളിപ്പാട്ടിലെ കാലാതീതഗായകൻ

    പി.എം. നാരായണൻ & കെ.ശശി, മുദ്രാഖ്യ March 4, 2015 “ഈയിടെ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ വായനശാലയിൽവെച്ച്‌ ഒരു കളിയുണ്ടായി. കഥകളിയിലെ പ്രഥമസ്ഥാനീയരായവരെ മാത്രമേ ആ കളിയിൽ പങ്കെടുപ്പിച്ചുള്ളൂ. എന്നാൽ നമ്പീശൻ മാത്രം തൃക്കുലശേഖരപുരത്തെ കളിക്കു പോയി. അദ്ദേഹമൊഴിച്ച്‌ പിന്നെ എല്ലാവരും ഉണ്ടായിരുന്നു. നമ്പീശൻ ഭാഗവതർ ഇല്ലാത്ത കുറവ്‌ അറിയരുതെന്ന്‌ ഞാൻ ഉണ്ണിക്കൃഷ്ണനെ വിളിച്ച്‌ സ്വകാര്യത്തിൽ പറഞ്ഞു. അന്ന്‌ അയാൾ പാടിയതുപോലൊരു പാട്ട്‌ അടുത്ത കാലത്തൊന്നും കേൾക്കുകതന്നെ ഉണ്ടായിട്ടില്ല. എനിക്കേറ്റവും ഇഷ്ടപ്പെട്ട കറുത്ത നളനായിരുന്നു അന്നത്തെ വേഷം….

  • ചില പ്രശസ്ത പദങ്ങളും രാഗങ്ങളും

    നന്ദകുമാർ ചെറമംഗലത്ത് June 5, 2011 പ്രധാന പദങ്ങളും രാഗവും. 1.0    ശങ്കരാഭരണം 1.        പ്രീതിപുണ്ടരുളുകയേ                                നളചരിതം ഒന്നാം ദിവസം 2.        കത്തുന്ന വനശിഖി മദ്ധ്യഗനാരെടോ       നളചരിതം മൂന്നാം ദിവസം 3.        സൂതകുലാധമ നിന്നൊടിദാനീം             കീചകവധം 4.        പുണ്ടരീക നയന                 കിർമ്മീരവധം 5.        പാഞ്ചാലരാജ തനയേ                 കല്ല്യാണസൗഗധികം 6.  …

  • ഓർമ്മയുടെ ഉത്ഭവം

    എം.വി നാരായണൻ June 19, 2013 മലയാളത്തിൽ ഇത്തരമൊരു സാസ്മ്കാരിക പഠനം ആദ്യമാണെന്നു തോന്നുന്നു. കലയും കാലവും കൂട്ടിക്കുഴയ്ക്കുകയും അത് കേരളത്തിന്റെ ഭാഗധേയനിർണ്ണയ ശ്രേണികളില്‍  കണ്ണികളാകുകയും ചെയ്യുന്നത് അസാധാരണ പാടവത്തോടെ ലേഖകൻ പരിശോധിക്കുന്നു –സമകാലീന മലയാളം സെപ്റ്റംബർ 2005 (പത്രാധിപർ) ഭൂതകാലത്തിന്റെ ചരിത്രപരമായ ആവിഷ്കാരം ‘അതു യഥാർത്ഥത്തിൽ എങ്ങനെ ആയിരുന്നു’ എന്ന് കണ്ടെത്തലല്ല, മറിച്ച് ഘോരമായ ഒരാപത്തിന്റെ നിമിഷത്തിൽ മിന്നിമറയുന്ന ഓരോർമ്മയെ കൈയ്യെത്തിപ്പിടിക്കലാണ്. -വാൾട്ടർ ബൻമിയൻ,തീസിസ് ഓൺ ദ് ഫിലോസഫി ഓ ഹിസ്റ്ററി ദ്രാവിഡമനസ്സിന്റെ ഇരുണ്ട അകത്തളങ്ങളിൽ…

  • നാട്ടമ്പലവും നാട്യഗൃഹവും

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 14 ശ്രീവത്സൻ തീയ്യാടി October 12, 2013 കാൽ നൂറ്റാണ്ടെങ്കിലും മുമ്പാവണം. പെരുമഴക്കാലം. ബസ്സിലെ പിൻസീറ്റിൽ ‘കിളി’യുടെ സ്വന്തമിടത്തിന് ചേർന്നുള്ള ചില്ലുചീളിലൂടെ കിട്ടി ഒരീറൻ ദർശനം. തുള്ളിയിളകി പോവുന്ന തൂതപ്പുഴ. പാലത്തിനു മീതെ കടാകുടു ഓടിക്കൊണ്ടിരുന്ന ശകടം ലേശനേരം പുറത്തേക്ക് എറിഞ്ഞിട്ടുതന്ന കാഴ്ച. ആകെ നനഞ്ഞിരുന്ന ഇരിപ്പിൽ അക്കരപറ്റിയപ്പോൾ പെട്ടെന്ന് തോന്നി: ഒരുനാൾ വാഴേങ്കട പോവണം. പെരിന്തൽമണ്ണ-ചെർപ്ലശ്ശേരി യാത്രാമദ്ധ്യേ മലപ്പുറം, പാലക്കാട് ജില്ലകളെ വകഞ്ഞുപുളയുന്ന നദി മനസ്സിലയച്ച കളിത്തോണി. രണ്ടു കൊല്ലം…

  • ചില പരിഭാഷകള്‍

    അത്തിപ്പറ്റ രവി & കൈതയ്ക്കല്‍ ജാതവേദന്‍ March 11, 2014 01.    ബാലിവധം രാവണന്‍ (സീതയെക്കണ്ടിട്ട്) 01.    ഇന്ദ്രാണീമഹമപ്‌സരോഭിരനയം കാരാഗൃഹേ ഗണ്യതാംസംഹാരോ ജയതാ ദിശോദശ മയാ സ്ത്രീണാം കൃതഃ പുഷ്പകേകൈലാസോദ്ധരണേപി വേപഥുമതീമദ്രാക്ഷമദ്രേസ്സുതാംദൃഷ്ടംതാസുനരൂപമീദൃശമഹോ! ചക്ഷുശ്ചിരാല്‍സാര്‍ത്ഥകം  (സാരം : ഞാന്‍ ഇന്ദ്രാണിയെയും മറ്റപ്‌സരസ്ത്രീകളെയും ഓരോന്നായി ഗണിച്ച് കാരാഗൃഹത്തിലടച്ചു. പിന്നെ പത്തു ദിക്കുകളും ജയിച്ച് അവിടങ്ങളിലുള്ള സുന്ദരികളെ മുഴുവന്‍ പുഷ്പകവിമാനത്തില്‍ കയറ്റിക്കൊണ്ടുവന്നു. കൈലാസോദ്ധാരണസമയത്ത് വിറപൂണ്ട മലമകളെയും കണ്ടു. എന്നാല്‍ അവര്‍ക്കാര്‍ക്കും ഇവളെപ്പോലെ സൗന്ദര്യം കണ്ടില്ല. അഹോ! വളരെക്കാലത്തിനു ശേഷം ഇന്നെന്റെ കണ്ണുകള്‍ക്കു…

മറുപടി രേഖപ്പെടുത്തുക