|

അന്തരീക്ഷം, അത് താനെയുണ്ടാവും

വെണ്മണി ഹരിദാസ് സ്മരണ – 4
(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്)

കോട്ടക്കൽ പി.ഡി. നമ്പൂതിരി

July 3, 2017

ഹരിദാസേട്ടന്റെ കൂടെ പാടുമ്പം വേറൊന്നും ശ്രദ്ധിക്കാൻ തോന്നില്ല. സ്റ്റേജില് വേഷക്കാരൻ ചെയ്യുന്നതെന്താണെന്ന് നോക്കുകല്ലാണ്ട് വേറൊന്നും ശ്രദ്ധിക്കാൻ പറ്റില്ല. ഈ പാട്ടിങ്ങനെ ഞാനാസ്വദിക്കും. പിന്നെയത് പാടാൻ ശ്രമിക്കും. ഇതു മാത്രമാണ് പാട്ടുകഴിയുന്നതു വരെ. വേറൊരു ചിന്തയില്ലാന്നുള്ളതാ. വേറാരു പാടുകാണെങ്കിലും ഒന്നങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ നോക്കാം. ഇതതു പറ്റില്ല. പുള്ളീടെ പാട്ടിന്റെ കേമത്തരമതാ. നമുക്കതു മാത്രേ ശ്രദ്ധിക്കാൻ തോന്നൂ. അത്ര… ഒരു കുഴമ്പിങ്ങനെ വരുന്നപോലാണ്. അതുമാത്രമിങ്ങനെ കേട്ടു കേട്ട് പിന്നെ അതുപോലെ പാടാൻ ശ്രമിക്കുക. അത് വല്ലാത്ത ഒരനുഭവമാണ്.

പാടുന്ന കേട്ടാൽ പുള്ളി വല്യ സംസ്കൃതജ്ഞാനിയാണെന്നു തോന്നും. ഒരക്ഷരത്തിനും ഒരപകടവുമില്ല. വേറെ ആർക്കുമില്ലാത്ത ഒരു കഴിവാണത്. സാഹിത്യം പുള്ളി കണ്ടമാനം ശ്രദ്ധിക്കും. പദങ്ങളായാലും ശ്ലോകങ്ങളായാലും എന്തായാലും സാഹിത്യം നല്ലോണം ശ്രദ്ധിക്കുന്ന പാർട്ടിയാ. പുള്ളിക്ക് എഴുത്തുണ്ടോ എന്നെനിക്കറിയില്ല. എന്തു പാടിയാലും, ഹിന്ദുസ്ഥാനി രാഗമായാലും കഥകളിക്കാ പാടുന്നതെങ്കിൽ ആ ഒരു സ്റ്റൈലേ വരൂ. ഡാൻസിന്റെ ഒരു ജയ്‌ജയ്വന്തി കേട്ടിട്ടുണ്ട് ഞാൻ. അതു കേട്ടാൽ ഒരു കഥകളിപ്പാട്ടുകാരനാ പാടുന്നേന്ന് പറയാൻ പറ്റില്ല. കഥകളിക്കാണെങ്കിൽ അതിന്റെ ഒരു സ്റ്റൈൽ അല്ലാണ്ടേ ഞാൻ കേട്ടിട്ടില്ല, ഏതു രാഗം പാടിയാലും. ‘ഗുരുപ്രിയ’ കേട്ടിട്ടില്ലേ? അതൊക്കെ ഭയങ്കര touching ഉള്ള രാഗമാ. പക്ഷെ പുള്ളി പാടുമ്പം അതിന്റെയൊരു കഥകളിത്തം ഒട്ടും മാറാതെയേ പാടൂ. വല്ലാത്ത ഒരു കഴിവാ. എന്തെങ്കിലും  ഒരു രാഗം അങ്ങനെ പ്രത്യേകം പറയാനില്ല. ഒരു സ്വാദുണ്ട് എന്തു ചെയ്താലും. ആ ‘നവരസ’മൊക്കെ ഭയങ്കര സുഖാണേ. അസാധ്യ സാധനമാ. പുള്ളിയാണ് ‘കല്യാണവസന്തം‘ കഥകളിയിലേക്കിറക്കിയത്.

കഥകളിക്ക് അവനവന്റെ മനസ്സിൽ തോന്നുന്നത് രംഗത്തുള്ള ഭാവത്തിന് പറ്റുന്ന രീതിയിൽ എങ്ങനെ വേണമെങ്കിൽ പാടാം. ആ രംഗത്തിനു പറ്റാത്ത രീതിയിൽ പാടിയാലേ കുറ്റം പറയൂ. ‘കുണ്ഡിനനായക’ എന്നു വേണമെങ്കിൽ മൂന്നു രീതിയിൽ തുടങ്ങാം. ‘വതാപി ഗണപതിം’ അങ്ങനെ പറ്റില്ല. അത് കഥകളിസംഗീതത്തിന്റെ ഒരു പ്രത്യേകതയാണ്. ഇല്ലെങ്കിൽ എല്ലാവരുടേയും പാട്ട് ഒരുപോലാവില്ലേ? നളചരിതം നാലാം ദിവസമാണ് ഹരിദാസേട്ടന്റെ കഥ. അതിലുള്ളതു മുഴുവൻ പുള്ളിക്ക് പറ്റിയ സംഗീതമാണ്. തോടി, പന്തുവരാളി, ഭൈരവി അതൊക്കെ പുള്ളീടെ കുത്തകയായിട്ടുള്ള സാധനങ്ങളാണ്. പുള്ളീടെ ചീത്തപ്പാട്ട് ഞാൻ കേട്ടിട്ടില്ല. ‘ഏയ് അവിടെ ഹരിദാസിന്റെ പാട്ട് കുളമായി’, എനിക്കങ്ങനെ തോന്നിയിട്ടേയില്ല. ചീത്തപ്പാട്ട് പാടാൻ പറ്റില്ല പുള്ളിക്ക്. നല്ല സംഗീതമുള്ളവന് ചീത്തപ്പാട്ട് പാടാൻ പറ്റില്ല. ഉള്ളിലുള്ളതല്ലേ പുറത്തേക്ക് വരൂ.

സന്താനഗോപാലത്തിലെ ആ ശങ്കരാഭരണമുണ്ടല്ലോ, വല്ലാത്ത ഒരു സാധനമാ. അതുപോലെ ആ ദേവഗാന്ധാരവും. പിന്നെ സാവേരി, സാവേരി കേട്ടാൽ തനി ഒരു ശെമ്മാങ്കുടി ശൈലി തോന്നും. അസാധ്യമാണ്. ഒന്നാമതെ പുള്ളി ഇവിടുന്നൊക്കെ പോയി. തിരിച്ചുവന്നപ്പോൾ ഈ ‘കഥ’യൊക്കെ മറന്നു. കഥ പഠിക്കണ കാര്യത്തിൽ പഠിക്കുന്ന കാലത്തേ പ്രശ്നക്കാരനാ. അതുകൊണ്ട് ഒറ്റയ്ക്കു കേറി നിൽക്കാനുള്ള ഒരു ചങ്കൂറ്റക്കുറവ്. അതുകൊണ്ടാണ് എമ്പ്രാന്തിരിയുടെ കൂടെ അത്രയും കാലം നിൽക്കേണ്ടിവന്നത്. പുള്ളി തിരിച്ചുവന്നപ്പം തന്നെ പ്രധാനിയായിട്ടു നിന്നിരുന്നെങ്കിൽ ഈ പ്രശ്നം വരില്ലായിരുന്നു. എമ്പ്രാന്തിരി ശബ്ദം കൊണ്ടാണ് ഭാവമുണ്ടാക്കിയത്. ശബ്ദത്തിന്റെ variation കൊണ്ടുമാത്രമാണ്, അല്ലാതെ വേറൊന്നുമല്ല. ഹരിദാസ് അങ്ങനല്ല, സംഗീതം കൊണ്ടാണ് ഭാവമുണ്ടാക്കിയത്. രണ്ടിന്റേയും വ്യത്യാസമതാണ്. ശബ്ദം കൊണ്ട് ഭാവം വരുത്തുന്നതിൽ എമ്പ്രാന്തിരി പൂർണമായും വിജയിച്ചു. കഥകളിസംഗീതത്തിന് ഇങ്ങനെയൊക്കെ വേണമെന്ന് വരുത്തിയത് എമ്പ്രാന്തിരിയേട്ടനാണ്. അതൊരു വലിയ കാര്യമാ. എന്തോ ഒന്ന് സംഭവിക്കുന്നു എന്ന് കാണികൾക്കും തോന്നി. അദ്ദേഹത്തിന്റെ ശബ്ദവും അങ്ങനെയാണല്ലോ. അതുകൊണ്ട് ഒരന്തരീക്ഷം ഉണ്ടാക്കിയെടുക്കുമായിരുന്നു.

ഹരിദാസേട്ടനെ സംബന്ധിച്ച് അങ്ങനല്ല, അന്തരീക്ഷം, അത് താനെയുണ്ടാവും. ഇന്നും മരിക്കാതെ നിൽക്കുന്ന സംഗീതം ഹരിദാസിന്റെയാ. ബാക്കിയൊക്കെ പോയി. കുറുപ്പാശാന്റെ സംഗീതോ ഹൈദരലിയുടെ സംഗീതോ എമ്പ്രാന്തിരിയുടെ സംഗീതോ ഒന്നും ഇപ്പം നിലവിലില്ല. ഹരിദാസേട്ടന്റെതായ ഒരു ശൈലി വന്നില്ലേ? അതാണ്. വേറൊരാളെടുത്താലും അതു നല്ലതാണ്. അതുകോണ്ടാണ് ഇതിങ്ങനെ നിൽക്കുന്നത്. പുള്ളീടെ കൂടെ പാടിയാൽ ശരിയാവില്ലെന്നേയുള്ളൂ. ഇപ്പളത്തെ ചെറുപ്പക്കാരുടെയൊക്കെ പാട്ടു കേട്ടാൽ ഹരിദാസിന്റെ പാട്ടാണ് അവർക്കിഷ്ടം എന്നു തോന്നില്ലേ? അത് വലിയൊരു സ്വാധീനമാണ്. വലിയൊരു വലിപ്പമാ അത്. ഹരിദാസേട്ടൻ പാടുമ്പോൾ അരങ്ങത്തു നിൽക്കുന്ന വേഷക്കാരന് എന്തു ഭാവമാണോ വേണ്ടത് അതുണ്ടാവും. ഈ സംഗീതത്തീക്കൂടി ആ ഭാവം കിട്ടും. അതിനു പറ്റിയ ശബ്ദം.

ശബ്ദം ഒതുക്കേണ്ടിടത്ത് ഒതുക്കിയും വലുതാക്കേണ്ടിടത്ത് വലുതാക്കിയും, എന്തു ചെയ്താലും അതൊരു സുഖമാണ്. മേൽ ഷഡ്ജമൊക്കെ പോകണമെങ്കിൽ ഈസിയാ പുള്ളിക്ക്. ശബ്ദം ഇങ്ങനെ അനായാസമുള്ളത് അപൂർവമാണ്. പുള്ളിയെ ഗംഗാധരാശാൻ പഠിപ്പിക്കുന്നത് കുറേ കണ്ടിട്ടുണ്ട് ഞാൻ. ശരിക്കും പഠിപ്പീര് തന്നെയാണ്. അതിന്റെ ഗുണവും കിട്ടീട്ടുണ്ട്. ഗംഗാധരാശാന്റെ കയ്യിലുള്ള ആ വലിയ സംഗീതമുണ്ടല്ലോ അത് അതുപോലെ പുള്ളിയിലേക്ക് വന്നു കൂടി എന്നുള്ളതാണ്. ആശാന്റെ ഗമകത്തിന്റെയൊരു സ്റ്റൈലുണ്ടല്ലോ, അതു കുറച്ചുകൂടി സ്വാദായാലെങ്ങനാ, അതാണു ഹരിദാസേട്ടന്റെ പാട്ട്. 

 

Similar Posts

  • ‘കാലം കുറഞ്ഞെങ്കിലുമെത്ര ദീര്‍ഘം!’: തിരനോട്ടത്തിന്റെ തൌര്യത്രികം ശില്പശാല

    മനോജ് കുറൂര്‍ April 5, 2012  തിരനോട്ടം ദുബായില്‍ സംഘടിപ്പിക്കുന്ന ത്രിദിന ശില്പശാലയില്‍ ഞാനും കൂടണം എന്ന് ഇരിങ്ങാലക്കുട അനിയേട്ടന്‍ പറഞ്ഞപ്പോള്‍ സന്തോഷത്തോടെ സമ്മതിച്ചെങ്കിലും പരിപാടിയുടെ വിശദാംശങ്ങള്‍ അറിഞ്ഞപ്പോള്‍ അല്പം പരിഭ്രമമായി. ഒന്നാമത് വിദേശം. എനിക്കാണെങ്കില്‍ വേണു വി. ദേശം എന്ന കവിയെയല്ലാതെ മറ്റു പരിചയമില്ല. ഓരോ കഥകളി അവതരണത്തിനും‌മുന്‍പ്  ആമുഖമായി സംസാരിക്കുക, കളി നടക്കുമ്പോള്‍ത്തന്നെ വിവരണം നല്‍കുക, അവതരണത്തിനു ശേഷമുള്ള ചര്‍ച്ചയ്ക്ക് മോഡറേറ്റര്‍ ആയി പ്രവര്‍ത്തിക്കുക എന്നിവയാണ് എന്റെ ചുമതലകള്‍. പിന്നെ പീശപ്പിള്ളി രാജീവന്‍, ഏറ്റുമാനൂര്‍…

  • മുരിങ്ങൂരിന്റെ കുചേലമാർഗത്തിലൂടെ

    ഏ. ആർ. ശ്രീകൃഷ്ണൻ January 26, 2014 കുചേലവൃത്തം എന്ന ആട്ടക്കഥയുടെ സാഹിത്യത്തെ മുൻനിർത്തി മുരിങ്ങൂർ ശങ്കരൻ പോറ്റിയുടെ രചനാശൈലിയേയും ഇതിവൃത്തസമീപനത്തേയും പഠിയ്ക്കാനുള്ള ഒരു ശ്രമമാണ് ഈ ലേഖനത്തിൽ. ആട്ടക്കഥയുടെ രംഗവിജയവും സാഹിത്യമൂല്യവും പരസ്പരാശ്രിതമല്ല എന്നത് പരിചിതമായ ഒരു നിരീക്ഷണമാണ്. ‘കല’യും ‘കഥ’യും തമ്മിലുള്ള ഈ വ്യതിരിക്തത സ്വീകരിയ്ക്കുകയാണെങ്കിൽ രംഗപ്രചാരമുള്ള കഥകളുടെ മുൻനിരയിൽത്തന്നെയുള്ള “കുചേലവൃത്തം” രചിച്ച മുരിങ്ങൂർ ശങ്കരൻ പോറ്റിയുടെ സാഹിത്യശൈലിയെ വിശകലനം ചെയ്യുന്നത് ഇക്കഥയുടെ രംഗപ്രചാരസമ്പന്നതയിൽനിന്ന് വിട്ടുനിന്നുകൊണ്ടുതന്നെ വേണം. രജോഗുണത്തിന്റെ രംഗവിജയം കളിയരങ്ങുകൾ പൂർണ്ണമായും അനുഭവിച്ചുകൊണ്ടിരുന്ന…

  • നിലാവ് സാധകം

    ഹരികുമാരൻ സദനം, ദിവാകര വാര്യർ, ശ്രീവൽസൻ തിയ്യടി Friday, August 5, 2011 ചെണ്ടവാദനം ചെയ്യുന്ന കലാകാരന്മാരും പഠിക്കുന്ന വിദ്യാർത്ഥികൾക്കുമുള്ള ഒരു സാധക രീതിയാണ് നിലാവ് സാധകം അഥവാ നിലാസാധകം. മിഥുനം കർക്കിടകം മാസങ്ങളിൽ മഴ പെയ്ത് അന്തരീക്ഷം നല്ലപോലെ തണുത്ത കാലാവസ്ഥയിലാണ് സാധാരണ നിലാസാധകം ചെയ്ത് വരുന്നത്. വെളുത്ത പക്ഷത്തെ കറുത്ത വാവ് കഴിഞ്ഞതിന്റെ പിറ്റേദിവസം ചന്ദ്രൻ ഉദിക്കുന്ന സമയം മുതൽ ആണ് സാധകം ആരംഭിക്കുന്നത്. തുടർന്നുള്ള ഓരോ ദിവസവും ചന്ദ്രന്റെ വൃദ്ധിക്കനുസരിച്ച് സാധകത്തിന്റെ സമയവും…

  • ചില ആട്ടശ്ലോകങ്ങളും അവയുടെ തര്‍ജ്ജമകളും.

    അത്തിപ്പറ്റ രവി April 11, 2012 01. ശിഖിനിശലഭോ ജ്വാലാചക്രൈർന്ന വിക്രിയതേ പതൻപിബതി ബഹുശശ്ശാർദ്ദൂലീനാം സ്തനം മൃഗശാബകഃസ്പൃശതികളഭസ്സിംഹീം ദംഷ്ട്രാം മൃണാളധിയാ മുഹുർ –ന്നയതിനകുലം നിദ്രാതന്ദ്രീം ലിഹന്നഹിപോതകഃ(കുലശേഖരവർമ്മന്റെ സുഭദ്രാധനഞ്ജയം) കരിവതണുവില്ലാ തീയിൽ പാറ്റതൻ ചിറ,കദ്ഭുതം!ഹരിണശിശുവിന്നല്ലോ പാലൂട്ടിടുന്നിതു പെൺപുലിഉരഗശിശു കീരിപ്പൂമെയ് നക്കിടുന്നു, മൃണാളമായ് –ക്കരുതി ഗജപോതം സിംഹദ്ദംഷ്ട്ര മെല്ലെ വലിപ്പു  ഹാ! 02.ഹിമകര! ഹിമഗര്‍ഭാരശ്മയേ താവകീനാമയിമദനവിധേയേ യേനവഹ്നിം വമന്തിന തവബലമനംഗസ്യാപി വാ ദുഃഖഭാജോജനകദുഹിതുരേഷാ ശര്‍വ്വരീനാഥശക്തി ഹിമകര ! കിരണത്താലെന്തു നീയെന്നെയേവംസുമശരശരപീഡാധീനനായ് മാറ്റിടുന്നു ?സമരബലമിദംനീ കാട്ടിടാ, കാമനും, ഹൃത് –കമലരുജവഹിയ്ക്കും സീതതന്‍…

  • കീഴ്പ്പടം കുമാരൻ നായർ

    ഒ. എം. അനുജൻ August 13, 2012 1916ൽ കലാഗ്രാമമായ വെള്ളിനേഴിയിൽ ഒരു സാധാരണകുടുംബത്തിലാണ് കുമാരൻ നായർ ജനിച്ചത്. ബാല്യത്തിൽ അവിടുത്തുകാർക്ക് രണ്ട് വഴികളാണ് തുറന്ന് കിടന്നിരുന്നത്. ഒന്നുകിൽ അടുത്തുള്ള ഗവണ്മെന്റ് വിദ്യാലയത്തിൽ ചേരുക, അല്ലെങ്കിൽ അടുത്തുള്ള കാന്തള്ളൂരമ്പലത്തിൽ വെച്ചുള്ള കഥകളി കളരിയിൽ ചേരുക. പൊതുവാളാണെങ്കിൽ കാരണവന്മാരുടെ കീഴിൽ ചെണ്ടകൊട്ട് പഠിക്കാം. ബാലനായ കുമാരൻ കഥകളിക്കാരനാകാനാണ് വിധിക്കപ്പെട്ടത്. കഥകളിയുടെ സർവ്വാംഗീണ സൌന്ദര്യത്തിന്റേയും പൂർണ്ണതയുടേയും പര്യായമായ കല്ലുവഴി ചിട്ടയുടെ ഗുരുവും പ്രയോക്താവുമായ പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ കീഴിൽ നിശിതവും നിഷ്കൃഷ്ടവുമായ…

  • കഥകളിപ്രവർത്തനം – ഫലവും പ്രസക്തിയും

    ഏറ്റുമാനൂര്‍ പി. കണ്ണന്‍ June 7, 2012 2012 മാര്‍ച്ച് 29, 30, 31 ദിവസങ്ങളില്‍ ദുബായില്‍വച്ച് തിരനോട്ടം സംഘടിപ്പിച്ച തൗര്യത്രികത്തില്‍ പങ്കെടുത്ത് നാട്ടിലെത്തിയിട്ട് ഇന്ന് 25 ദിവസങ്ങള്‍ പിന്നിട്ടു. (ഏപ്രില്‍ 27 ന് എഴുതിയത്) ആ യാത്രയെക്കുറിച്ച് എഴുതണം എന്ന് ഞാന്‍ കരുതിയിരുന്നു. കാരണം, അതിലൂടെ ചില പ്രത്യേകതകള്‍ ഞങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞു. എന്നാല്‍ നാട്ടിലെത്തിയ ഉടന്‍ എഴുതാനുള്ള സാവകാശം കിട്ടിയില്ല. നാട്ടില്‍ ഇറങ്ങിയ ദിവസംതന്നെ കൊല്ലം പുതിയകാവില്‍ കളിക്കു പോയി. തൊട്ടടുത്ത ദിവസം കോഴിക്കോട്…

മറുപടി രേഖപ്പെടുത്തുക