ഭൈമീകാമുകൻ‌മാർ – 2

ഹേമാമോദസമാ – 8

ഡോ. ഏവൂർ മോഹൻദാസ്

December 15, 2012 

‘കന്യകാരത്നമവളിൽ വൃന്ദാരകന്മാർക്ക്‌ മോഹം’ എന്ന്‌ നാരദനെക്കൊണ്ടും ‘ഇന്ദ്രാദികൾ വന്നു വലച്ചു നമ്മെ’ എന്ന്‌ നളനെക്കൊണ്ടും അർത്ഥശങ്കക്കിടയില്ലാത്തവിധം ഉണ്ണായിവാരിയർ പറയിപ്പിച്ചിട്ടും അത്‌ സമ്മതിച്ചു കൊടുക്കാൻ നളചരിതവ്യാഖ്യാതാക്കളിൽ പലർക്കും താത്പര്യമില്ലായിരുന്നു എന്ന്‌ കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞുവല്ലോ? ദേവപരിവേഷത്തെ പശ്ചാത്തലമാക്കിയ ഈ വ്യാഖ്യാനങ്ങൾക്ക്‌ സ്വാഭാവികമായും നളചരിതത്തിലെ മുൻപ്‌ സൂചിപ്പിച്ച പല പദങ്ങളെയും ഉൾക്കൊള്ളാൻ കഴിയാതെ വരികയും അങ്ങിനെ പിണങ്ങിനിന്ന പദങ്ങളെ തങ്ങളുടെ വ്യാഖ്യാനവഴിയിലേക്ക്‌ കൊണ്ടുവരാൻ കഷ്ടപ്പെടേണ്ടിവരികയും ചെയ്തിട്ടുണ്ട്‌. ‘ഇന്ദ്രാദികൾ ഭൈമീകാമുകരല്ല’ എന്ന്‌ സ്ഥാപിക്കാൻ ശ്രമിച്ചിട്ടുള്ള, 2001ൽ പ്രസിദ്ധീകരിച്ച ‘നളചരിതം ആട്ടക്കഥ:കൈരളീവ്യാഖ്യാനം’ (പ്രൊഫ. പന്മന രാമചന്ദ്രൻ നായർ, കറന്റ് ബുക്സ്‌) വരെയുള്ള പഠനങ്ങളിൽ ഇത്‌ സ്പഷ്ടമാണ്‌. ‘കൈരളീവ്യാഖ്യാനത്തി’ ൽ നിന്ന്‌ ചില ഉദാഹരണങ്ങൾ എടുത്തു പറയാം.

1. ‘കന്യകാരത്നമവളിൽ വൃന്ദാരകന്മാർക്ക്‌ മോഹം’: ദേവന്മാർക്കുപോലും മോഹമുദിക്കത്തക്ക കന്യകാരത്നമാണവൾ എന്ന ദമയന്തീപ്രശംസ മാത്രമാണത്‌.

2. ‘എന്ന്‌ പൂണ്മനിന്ദ്രകാമ്യമുടലഹം’ (മൂന്നാം ദിവസം, പദം 10): ഇന്ദ്രനും കാമുക വേഷം ധരിച്ചു എന്നത്‌ വാസ്തവമാണല്ലൊ!

3. ‘ഇന്ദ്രാദികൾ വന്നു വലച്ചു നമ്മെ’: സ്വയംവരം നിർവിഘ്നം നടത്തിക്കൊടുക്കാനും വരങ്ങൾ നൽകി അനുഗ്രഹിക്കാനും വേണ്ടി ഇന്ദ്രാദികൾ കാമുകവേഷം അഭിനയിക്കുകയായിരുന്നു.

4. ‘നമ്മിലേകനെ വേണമവൾക്ക്‌ വരൻ, അപരനെപ്പുനരവൾ വരിച്ചാൽ അവനും അവൾക്കും അനർത്ഥമുണ്ടാകും’: നിന്നെ വരിച്ചാലും ഞങ്ങൾ സന്തുഷ്ടരാണ്‌ എന്ന്‌ സൂചന.

ഇതുപോലെയുള്ള പദങ്ങൾ ഇനിയുമുണ്ട്‌ വേറെ. ഈ പദങ്ങൾക്ക്‌ വ്യാഖ്യാതാവ്‌ കൊടുത്തിരിക്കുന്ന അർത്ഥം മലയാള ഭാഷയിലും നളചരിത സാഹിത്യത്തിലും സാമാന്യബോധമെങ്കിലും ഉള്ള ഒരാളിനും അംഗീകരിക്കാൻ കഴിയുന്നതല്ല. ഈ ഗ്രന്ഥത്തിലെ ‘ഇന്ദ്രാദികൾ ഭൈമീകാമുകരല്ല’ എന്ന ഭാഗത്തോടും എനിക്ക്‌ ഒട്ടും തന്നെ യോജിക്കാൻ കഴിയുന്നില്ല. ജീവിതഗന്ധിയായ നളകഥയിൽ ആട്ടക്കഥാകാരൻ ഉദ്ദേശിച്ചിരുന്നതിൽ അധികം പുരാണഭക്തി കലർത്തി വ്യാഖ്യാനിക്കുന്ന ഈ ഭാഗം കാവ്യരചനയുടെ ഭംഗി ചോർത്തിക്കളയുന്നതായിട്ടാണ്‌ എനിക്കനുഭവപ്പെടുന്നത്‌. “ഇന്ദ്രാദികൾ വന്നു വലച്ചു നമ്മെ” എന്ന വരികൾക്ക്‌ താൻ നൽകിയ വ്യാഖ്യാനം പ്രശസ്തരായ പത്തിരുപതു കഥകളി കലാകാരന്മാർക്ക്‌ ഗ്രന്ഥകർത്താവ്‌ അയച്ചുകൊടുത്തിരുന്നുവെന്നും അവരിൽ മിക്കവാറും പേരും ആ വ്യാഖ്യാനത്തോട്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചു കത്തയച്ചെന്നും പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇത്‌ വളരെ ആശ്വാസകരം തന്നെ.

ശ്രീ. കുട്ടിക്കൃഷ്ണമാരാരടക്കമുള്ള നമ്മുടെ നളചരിതഗവേഷകർ ഇന്ദ്രവിഷയത്തെ വ്യാഖ്യാനിച്ചതിനനുസരിച്ചാണ്‌ ഈ രംഗങ്ങളുടെ ആട്ടപ്രകാരങ്ങളും ഉണ്ടായിട്ടുള്ളത്‌ എന്ന്‌ കാണാം. ഇതിനായി ദമയന്തീ സ്വയംവരത്തിൽ പങ്കെടുക്കാനായി സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക്‌ പോകുന്ന രംഗത്തെ ഇന്ദ്രാദികളുടെ പദത്തെ ശ്രീ. കെ.പി.എസ്‌. മേനോന്റെ ‘കഥകളി ആട്ടപ്രകാര’ത്തിൽ(1966)കൈകാര്യം ചെയ്തിരിക്കുന്ന വിധം ഒന്ന്‌ പരിശോധിക്കാം.

ഒന്നാം ദിവസം രംഗം: എട്ട്‌
നളൻ, അഗ്നി, യമൻ, വരുണൻ

ശ്ലോകം: ‘ദിക്ക്ചക്രേ മുഖരീകൃതേ നൃപതതി-

തോഷാമേഷ ജഗാത കുതുകീ
തത്പ്രേഷണേ താം പ്രതി’

ശ്ലോകം ചൊല്ലിയാൽ യമന്റെ തിരനോക്ക്‌.(പിന്നെ തിര താഴ്ത്തി) ദമയന്തിയുടെ സ്വയംവരദിനമായി. ദിക്പാലകന്മാരോടുകൂടി ഞാനും പുറപ്പെടുക തന്നെ (ഇന്ദ്രാഗ്നി വരുണന്മാരെ കണ്ടു) നന്നായി. നാമും സ്വയംവരമണ്ഡപത്തിലെത്തുക. ദമയന്തി മുൻപ്‌ തന്നെ നളനെ മനസ്സാൽ വരിച്ചിരിക്കുന്നു. അവളുടെ പാതിവ്രത്യം നമുക്ക്‌ പരിശോധിക്കാം. നളന്റെ സത്യനിഷ്ഠയും പരീക്ഷിക്കാം. അങ്ങിനെയല്ലേ?

എന്നാൽ പുറപ്പെടുക (എന്ന്‌ കാട്ടി തിര പൊക്കുക). പിന്നെ തിരയെടുക്കുമ്പോൾ നളൻ വലതുവശം – നളൻ ദേവന്മാരുടെ പ്രഭ കണ്ടു നോക്കി ദേവന്മാരാണെന്നറിയുന്നു. നളൻ അവരെ ആദരിച്ചു വലതു വശത്തിരുത്തി വന്ദിക്കുന്നു.

ഈ ആട്ടപ്രകാരത്തെക്കുറിച്ചു ഗൌരവമായി ചിലത്‌ ചിന്തിക്കേണ്ടതുണ്ട്‌. സൌന്ദര്യസൌശീല്യഗുണങ്ങൾ ‘ഹേമാമോദസമ’ യായി പരിലസിക്കുന്ന ദമയന്തിയുടെ പാതിവ്രത്യം പരീക്ഷിക്കപ്പെടേണ്ടതാണോ? ‘വാങ്മനസാതിവിദൂര’നും ‘മേഘവാഹനനേക്കാൾ ബലവാനും അതിഗുണവാനും’ ആയ നള സത്യനിഷ്ഠ പരീക്ഷിക്കപ്പെടേണ്ടതാണോ? വ്യാസനോ ഉണ്ണായിവാരിയരോ ഇങ്ങിനെ എന്തെങ്കിലും ചിന്തിച്ചിരുന്നതായി എങ്ങും കാണുന്നില്ല. ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന വിധം നളനും ദമയന്തിയും എന്തെങ്കിലും തെറ്റ്‌ ചെയ്തതായി ഇതിഹാസത്തിലോ ആട്ടക്കഥയിലോ ഒന്നും കാണാനും ഇല്ല. അല്ലെങ്കിൽ തന്നെ ദമയന്തിയെപ്പോലൊരു കുലസ്ത്രീയുടെ പാതിവ്രത്യം പരീക്ഷിക്കാൻ കൂടെകൊണ്ടുപോകാൻ തക്ക യോഗ്യതയുള്ള ആളാണോ പുരാണത്തിലെ ഇന്ദ്രൻ? ഭൂമിയിലുള്ള മനുഷ്യരെ സ്ഥാനത്തും അസ്ഥാനത്തും പരീക്ഷിച്ചു സർട്ടിഫിക്കറ്റ്‌ നൽകുന്ന ക്വാളിറ്റി കണ്ട്രോൾ ഏജൻസി ആണ്‌ ദേവന്മാർ എന്ന വിചിത്രചിന്തയിൽ നിന്നും ഉടലെടുക്കുന്ന ഈ പരീക്ഷണങ്ങൾക്കൊക്കെ എന്ത്‌ പ്രസക്തിയാണ്‌ ഉള്ളത്‌? കവി ഉദ്ദേശിച്ചിരുന്നതിലും വലുതായി ഭയഭക്തിബഹുമാനങ്ങളോടെ ഇന്ദ്രാദികളെ അവതരിപ്പിക്കുന്ന നളചരിതവ്യാഖ്യാനങ്ങൾ ആട്ടപ്രകാരകർത്താവിനെ വളരെയധികം സ്വാധീനിച്ചിരുന്നു എന്നത്‌ വ്യക്തമാണ്‌. ഈ വിശ്വാസങ്ങളുടെയും പരീക്ഷണങ്ങളുടെയും ഒക്കെ പിറകെ പോകാതെ, നളചരിതപദങ്ങളുടെ പിറകെ പോയിരുന്നെങ്കിൽ ആട്ടപ്രകാരം മറ്റൊരു വിധത്തിൽ ആകുമായിരുന്നു. അതെത്ര ഉചിതമായേനെ? ഈ ആട്ടപ്രകാരം ഇപ്പോൾ പ്രയോഗത്തിലുണ്ടോ എന്നെനിക്കറിയില്ല. പ്രയോഗത്തിലുണ്ടെങ്കിൽ ഇത്‌ നളചരിതസാഹിത്യത്തിനു ചേർന്നതല്ല. ഈ ആട്ടപ്രകാരത്തിന്റെ അനൌചിത്യം മനസ്സിലാക്കിയിട്ടാവാം കലാകോവിദനായ കലാമണ്ഡലം കൃഷ്ണൻ നായർ തന്റെ ‘നളചരിതം ആട്ടപ്രകാര’ ത്തിൽ ഇങ്ങനെയൊന്നും പറയാതിരുന്നത്‌. നളചരിതത്തിന്റെ സമഗ്രമായ ഈ ആട്ടപ്രകാരത്തിൽ ധർമ്മദേവന്‌ തിരനോക്ക്‌ പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്‌.

സ്വയംവരം കഴിഞ്ഞു നളദമയന്തിമാരെ അനുഗ്രഹിചുകൊണ്ട്‌ ദിക്ക്പാലകന്മാർ പറയുന്ന വാക്കുകളിലും അവരുടെ (ഇന്ദ്രന്റെ എന്ന്‌ പറയുന്നതാകും കൂടുതൽ ശെരി) ഭൈമീമോഹം പ്രകടമാകുന്നുണ്ട്‌. കളങ്ക സ്വഭാവമുള്ള ഇന്ദ്രനെ, ആ ദോഷങ്ങളൊന്നുമില്ലാത്ത മറ്റു ദേവതകളിൽ നിന്നും വ്യത്യസ്തനായിട്ടാണ്‌ ഉണ്ണായി കണ്ടിരുന്നത്‌ എന്നതിനും ചില തെളിവുകൾ നളചരിതസാഹിത്യം നൽകുന്നുണ്ട്‌.

ഇതിനായി നളചരിതം ഒന്നാം ദിവസം ഏഴാം രംഗത്തിൽ ഇന്ദ്രാദികൾ ആദ്യമായി നളനെ കണ്ടുമുട്ടുന്ന രംഗം ഒന്ന്‌ പരിശോധിക്കാം.

ഇന്ദ്രൻ: നളനല്ലേ നീ? സർവാഭീഷ്ട്ടപ്രദമായ കല്പവൃക്ഷത്തെപ്പോലും വെടിഞ്ഞു, ഒരു കാര്യം ഞങ്ങൾക്ക്‌ സാധിച്ചുതരാൻ നിന്നോട്‌ യാചിക്കാൻ വന്നിരിക്കയാണ്‌ ഞങ്ങൾ.

നളൻ: പറഞ്ഞരുളിയാട്ടെ. ഈ ബാലനായ ഞാൻ നിങ്ങൾക്കെന്തു സഹായം ചെയ്യാൻ? എന്നാലും പറഞ്ഞാട്ടെ. പറയുന്നതെന്താണെങ്കിലും അടിയൻ അതമ്പോട്‌ ചെയ്യാം.

ഇന്ദ്രൻ: സൌന്ദര്യധാമമായ ദമയന്തിയെ വരിക്കാൻ ഞങ്ങൾക്കാഗ്രഹമുണ്ട്‌. അതിനു നീ ഞങ്ങളെ സഹായിക്കണം.

നളൻ: അയ്യോ! ഈശ്വരന്മാരെ! അടിയനും ഒരു ഭൈമീ കാമുകനാണേ. നിങ്ങൾ പറഞ്ഞ കാര്യം അവളോട്‌ ചെന്ന്‌ പറയാനുള്ള കെല്പ്പെനിക്കുണ്ടാകില്ല.

യമൻ: ഒരു കാര്യം ചെയ്യാം എന്നേറ്റിട്ടു, പിന്നെ മറുത്തു പറയുന്നത്‌ അധർമ്മമാകും. കാമബാണങ്ങളേറ്റ്‌ ബുദ്ധികെട്ടവനായി നീ നിന്റെ വംശത്തിനു കളങ്കം ഉണ്ടാക്കരുത്‌.

നളൻ: ഭഗവാന്മാരെ! കോപിക്കരുതേ! ഞാൻ പോയി എന്നാലാവും വിധം നിങ്ങൾ പറഞ്ഞത്‌ സാധിക്കാൻ ശ്രമിക്കാം.

ഇന്ദ്രൻ: നീ ദമയന്തിയുടെ അടുത്തു പോയി ഞങ്ങൾ നാൽവരിൽ ഒരാളെ അവൾ വരിക്കണമെന്നു പറയുക.

ഇവിടെ ഇന്ദ്രനും നളനുമായുള്ള സംഭാഷണത്തിനിടയിൽ കയറി എന്തിനാണ്‌ ധർമ്മദേവൻ ഒരഭിപ്രായം പറയുന്നത്‌? അത്‌ കൂടി ഇന്ദ്രനു പറയാമായിരുന്നില്ലേ? ഇനി വ്യാസൻ അങ്ങിനെ ചെയതതുകൊണ്ട്‌ ഉണ്ണായിയും അങ്ങനെ ചെയ്തതാണെന്ന്‌ വിചാരിയ്ക്കാമോ? പക്ഷെ ഇപ്പറഞ്ഞ വാക്കുകൾ വ്യാസൻ പറയിച്ചിരിക്കുന്നത്‌ ദേവകളെക്കൊണ്ടാണ്‌, യമധർമ്മനെ മാത്രം കൊണ്ടല്ല. അവിടെ രചന ഇപ്രകാരമാണ്‌ :

ദേവകൾ പറഞ്ഞു:

‘ചെയ്‌വേനെന്നായി നമ്മോടങ്ങാദ്യമേറ്റിട്ടു നൈഷധ!
ചെയ്യില്ലെന്നെന്തെടോ ചൊൽവാൻ ചെല്ലൂ’ നൈഷധാ, വൈകൊലാ‘

അപ്പോൾ യമധർമ്മനെക്കൊണ്ട്‌ ആ അഭിപ്രായം ഉണ്ണായി പറയിച്ചതെന്തിനായിരിക്കണം? ആ അഭിപ്രായം ഒന്ന്‌ ശ്രദ്ധിച്ചാൽ അത്‌ മനസ്സിലാക്കാവുന്നതാണ്‌. അത്‌ ധർമ്മാധർമ്മങ്ങളെക്കുറിച്ചുള്ളതാണ്‌. അത്‌ പറയാൻ യോഗ്യനല്ല ഇന്ദ്രനെന്നു ഉണ്ണായി ശെരിക്കും ധരിച്ചിരിക്കണം. ‘ മേഘവാഹനനെക്കാൾ ബലവാനായ’ തന്റെ നായകനോട്‌ അങ്ങിനെയൊരു കാര്യം പറയാൻ അർഹതയുള്ളത്‌ ധർമ്മദേവനു മാത്രമാണെന്നും ഉണ്ണായി സ്വാഭാവികമായും ചിന്തിച്ചിരിക്കാം. ഇന്ദ്രദേവനോടൊപ്പം യമധർമ്മനും സ്വയംവരത്തിൽ പങ്കെടുക്കാൻ ഭൂമിയിലേക്ക്‌ വന്നുവെങ്കിലും അത്‌ ഭൈമീമോഹം കൊണ്ടല്ല, മറിച്ചു ‘ദമയന്തിയെ നളന്റെ ദയിതയാക്കുവാനായിരുന്നു’ എന്ന്‌ കവി സംശയത്തിനിടനൽകാത്ത വിധം ആട്ടക്കഥയിൽ പറഞ്ഞിട്ടുണ്ട്‌. വരുണനും ഭൈമിയെ മോഹിച്ചു വന്നതായി കവി പറയുന്നില്ല. എന്നാൽ ഇന്ദ്രനും അഗ്നിക്കും ആ ആഗ്രഹം വേണ്ടുവോളം ഉണ്ടായിരുന്നുവെന്നും അർത്ഥശങ്കക്കിടയില്ലാത്ത വിധം കവി പറഞ്ഞു വെച്ചിട്ടുണ്ട്‌.

സ്വയംവരാനന്തരം വരങ്ങൾ നൽകി ആശീർവദിച്ചുകൊണ്ടു ഇന്ദ്രനും അഗ്നിയും പറയുന്ന വാക്കുകൾ ഇങ്ങിനെയാണ്‌.

ഇന്ദ്രൻ: ഭൈമിയെ ലഭിക്കാത്തതുകൊണ്ട്‌ എനിക്ക്‌ ബുദ്ധിക്ഷയമോ ഇച്ഛാഭംഗമോ ഇല്ല. മംഗളപൂർണമായ മന:ശുദ്ധികൊണ്ട്‌ ദോഷങ്ങളെ നശിപ്പിച്ചവനായ നൈഷധാ! നീ നടത്തുന്ന യാഗങ്ങളിൽ ഞാൻ നേരിട്ട്‌ വന്നു ഹവ്യഭാഗം ഭുജിക്കുന്നതായിരിക്കും. നിനക്ക്‌ ശിവസായൂജ്യം ലഭിക്കട്ടെ.

അഗ്നി: ഞാൻ ഏറെ ആഗ്രഹിച്ച ദമയന്തി നിന്നെ വരനായി സ്വീകരിച്ചു. എനിക്ക്‌ അതിൽ അല്പവും കോപമില്ല; സന്തോഷമുണ്ടുതാനും. പാചകത്തിലും ദഹനത്തിലും ഞാൻ ഭവാന്‌ സ്വാധീനനായിരിക്കും. നീ പാകം ചെയ്യുന്ന കറികൾ അമൃത്‌ പോലുള്ളവയാകട്ടെ!

ഇവിടെ ഒരു കാര്യം പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്‌. വ്യാസമഹാഭാരതത്തിലും നളചരിതം അട്ടക്കഥയിലും ഇന്ദ്രാദികൾ ഭൈമീമോഹിതർ തന്നെ എങ്കിലും അവതരണ രീതിയിൽ രണ്ടിനും സാരമായ വ്യത്യാസം ഉണ്ട്‌. സുന്ദരീരത്നമായ ദമയന്തിയുടെ സ്വയംവരം നടക്കാൻ പോകുന്നു എന്ന വാർത്ത സംസാരമദ്ധ്യേ നാരദരിൽ നിന്നും കേട്ടറിഞ്ഞ ഇന്ദ്രാദികൾ ഒരു കൌതുകപൂർവ്വം ഭൂമിയിലേക്ക്‌ യാത്രതിരിക്കുകയും വഴിമദ്ധ്യേകണ്ട നളനോട്‌ തങ്ങളുടെ ഇംഗിതം അറിയിക്കുകയും ചെയ്തു. സ്വയംവരമണ്ഡപത്തിൽ അവർ നളവേഷം പൂണ്ടു നില്ക്കുകയും ദമയന്തിയുടെ അപേക്ഷപ്രകാരം സ്വചിഹ്നങ്ങൾ കാട്ടി നളനെ കാണിച്ചുകൊടുക്കുകയും ചെയ്തു. ഭൈമീവിഷയത്തിൽ ഇതിൽ കൂടുതലായൊന്നും വ്യാസഭാരതത്തിൽ ഇല്ല. പക്ഷെ ആട്ടക്കഥയിൽ അങ്ങിനെയല്ല. ഭൈമീവിഷയത്തിൽ ദേവകൾക്ക്‌, പ്രത്യേകിച്ചും ഇന്ദ്രന്‌, അതിരുകവിഞ്ഞ താത്പര്യം ഉണ്ടെന്നു കാണിക്കുംവണ്ണമാണ്‌ കാവ്യരചന. ‘നമ്മൾ അഞ്ചുപേരെയല്ലാതെ മറ്റൊരുവനെ അവൾ വരിച്ചാൽ അവനും അവൾക്കും അനർത്ഥമുണ്ടാകും’ എന്നും മറ്റുമുള്ള ഇന്ദ്രന്റെ വാക്കുകൾ ഭൈമീവിഷയത്തിലുള്ള ഈ തീവ്രതയെയാണ്‌ കാണിക്കുന്നത്‌. ഇന്ദ്രന്റെ പ്രകൃത്യാ ഉള്ള സ്ത്രീലമ്പടസ്വഭാവത്തെ കഥയുടെ നാടകീയമായ പൂർണ്ണതക്ക്‌ കവി ഉപയോഗിക്കുന്നതാകാം ഇതിനു കാരണം. വ്യാസന്റെ നിർദ്ദോഷിയായ നാരദമുനിയെ ‘ഏഷണി’ക്കാരനായ നാരദനായി ചിത്രീകരിക്കുന്നതിന്റെ പിന്നിലെ പൊരുളും ഇത്‌ തന്നെയാകാം.

‘കാന്താരതാരക’ കർത്താവ്‌ പ്രൊഫ. രാജാരാജവർമ്മ കോയിത്തമ്പുരാന്റെ വാക്കുകൾ ഇത്തരുണത്തിൽ പ്രസക്തമാണ്‌. “പുരാണവിഷയത്തിൽ ആട്ടക്കഥാകൃത്ത്‌ യാതൊരു വ്യത്യാസവും വരുത്തിയിട്ടില്ല. ബാഹ്യവേഷത്തിൽ വ്യത്യാസങ്ങൾ കാണാം. അതിലേക്കു കാരണം രണ്ടുപേരുടെയും (വ്യാസന്റെയും ഉണ്ണായിയുടെയും) ഉദ്ദേശത്തിലുള്ള അന്തരമാകുന്നു – മഹർഷി ദ്യുതദോഷങ്ങളെ ദൃഷ്ട്ടാന്തപ്പെടുത്തുന്നതിനായിട്ടാണ്‌ നളകഥ നിബന്ധിക്കുന്നത്‌; സരസവാസ്തവകഥയെ സംവാദരൂപേണ നിർമ്മിച്ചു രംഗത്തിൽ പ്രയോഗിച്ചു രസജ്ഞന്മാരെ വിനോദിപ്പിക്കുന്നതിലാണ്‌ കവിയുടെ സംരംഭം”. ശാന്തമായി ഒഴുകുന്ന വ്യാസഭാരതകഥാനദിയുടെ ലക്‌ഷ്യം ഒട്ടും തന്നെ തെറ്റിക്കാതെ അതിന്റെ പ്രയാണമാർഗ്ഗത്തിൽ മനപൂർവമായി ചില തടസ്സങ്ങൾ സൃഷ്ട്ടിച്ചു കുഞ്ഞോളങ്ങളും ചുഴിയും നുരയും പതയും ഉണ്ടാക്കി ആ ഒഴുക്കിന്റെ ദൃശ്യഭംഗി കൂട്ടുകയാണ്‌ ആട്ടക്കഥാകൃത്ത്‌ ചെയ്യുന്നതെന്ന്‌ സാരം. ഈ വ്യത്യാസം തിരിച്ചറിയാതെ വ്യാസകഥാപാത്രങ്ങളെ അതേപടി ആട്ടക്കഥയിലേക്ക്‌ പകർത്താൻ ശ്രമിക്കുന്നതാണ്‌ സാഹിത്യപണ്ഡിതന്മാർക്കിടയിൽ ഈ വിഷയത്തെക്കുറിച്ചുള്ള ആശയക്കുഴപ്പത്തിന്‌ കാരണം എന്ന്‌ ഞാൻ കരുതുന്നു. മഹാഭാരതത്തിലേയും ആട്ടക്കഥയിലേയും ഈ ‘ബാഹ്യവേഷവ്യത്യാസം’ കാരണം ‘കേവല ഭൈമീതത്പരരും മംഗളകാരകരുമായി’ കരുതാവുന്ന വ്യാസന്റെ ദിക്ക്പാലകന്മാർ ആട്ടക്കഥയിൽ ‘തീവ്ര ഭൈമീമോഹിതരായ മംഗളദായകരും’, ‘ഏഷണ’ ക്കാരനായ നാരദമുനി ‘ഏഷണി’ ക്കാരനും ആയി ഭവിക്കുന്നു എന്നതാണ്‌ വാസ്തവം. എന്തുതന്നെയായാലും ആട്ടക്കഥയിൽ കവി എഴുതിയിരിക്കുന്നതാണ്‌ കഥകളിക്കു പ്രമാണം; അപ്പോൾ വ്യാഖ്യാനങ്ങളും ആട്ടപ്രകാരവും അതിനനുസരിച്ചാകുന്നതാകും അതിന്റെ ശെരിയും.

Similar Posts

  • സീതാസ്വയംവരത്തിലെ പരശുരാമൻ

    വാഴേങ്കട കുഞ്ചു നായർ August 31, 2012 ഈയിടെ ‘ദേശബന്ധു’ മുതലായ ചില പത്രങ്ങളുടെ ലക്കങ്ങളിൽ സീതാസ്വയംവരത്തിലെ പരശുരാമനെ പറ്റി പക്ഷാന്തരങ്ങളായ പലപല ഖണ്ഡിതാഭിപ്രായഘോഷങ്ങൾ നിയന്ത്രണമന്യെ ഉയരപ്പെട്ടതായി കാണുകയുണ്ടായി. പരശുരാമൻ ശ്രീരാമാദികളോടു നേരിടുന്നതിന്നുമുൻപ്‌ അവതാരികയായ ആട്ടം കഥകളിച്ചിട്ടയിൽ പെടാത്തതും കേവലം അനാവശ്യവുമാണെന്നൊരു പക്ഷം; അവതാരിക അവശ്യം യുക്തമാണെന്നും മിഥിലയിൽ നിന്ന്‌ ശ്രീരാമൻ ശൈവചാപം ഭഞ്ജിക്കുന്നശബ്ദം കേട്ട്‌ പരശുരാമന്റെ ധ്യാനം ഭംഗം വന്നു എന്നും, ഉടനെ വിവരം ദേവകളുടെ സംഭാഷണത്തിൽ നിന്നും മനസ്സിലായെന്നും, തത്സമയം പെട്ടെന്ന്‌ രാമാദികളെ അന്വേഷിച്ച്‌…

  • |

    ശിഷ്യന്‍റെ പ്രണാമം

    പാലനാട് ദിവാകരന്‍ March 3, 2013 കുറുപ്പാശാന്‍റെ സംഗീതമാര്‍ഗ്ഗങ്ങളെക്കുറിച്ച് പറയുമ്പോള്‍ അതിന്‍റെ അതുല്യതയും അനന്യതയും പ്രകീര്‍ത്തിക്കേണ്ടിവരുന്നു.  ശിഷ്യന്‍, ആരാധകന്‍, ആസ്വാദകന്‍ എന്നീ നിലകളില്‍ ബഹുമാനിതനാണ്‌, ആദരണീയനാണ്‌ എനിക്ക് കുറുപ്പാശാന്‍. ഈ നിലയ്ക്ക് അദ്ദേഹത്തിന്‍റെ പാട്ടിനെ വിലയിരുത്തി എഴുതുക അപരാധമാണ്‌. ശിഷ്യന്‍ ആശാനെ വിലയിരുത്താന്‍ പാടില്ല. ഇതൊരു നിരീക്ഷണം മാത്രമാണ്‌. ഒപ്പം പാടിയതിന്‍റെ, കേട്ടതിന്‍റെ അനുഭവവിചാരങ്ങള്‍ മാത്രം. ആരാധന കലര്‍ന്ന ആദരവോടേയാണ്‌ ആശാന്‍റെ പാട്ടുകളെ പറ്റി പറയുന്നത്. കുറുപ്പാശാന്‍ പാടുമ്പോള്‍ ഒട്ടും ബുദ്ധിമുട്ടുന്നില്ല. സംഗീതത്തിന്‍റെ ധര്‍മ്മം അനുസരിയ്ക്കുകയാണ്‌ ചെയ്യുന്നത്….

  • | |

    കഥകളിപ്പാട്ടിലെ കാലാതീതഗായകൻ

    പി.എം. നാരായണൻ & കെ.ശശി, മുദ്രാഖ്യ March 4, 2015 “ഈയിടെ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ വായനശാലയിൽവെച്ച്‌ ഒരു കളിയുണ്ടായി. കഥകളിയിലെ പ്രഥമസ്ഥാനീയരായവരെ മാത്രമേ ആ കളിയിൽ പങ്കെടുപ്പിച്ചുള്ളൂ. എന്നാൽ നമ്പീശൻ മാത്രം തൃക്കുലശേഖരപുരത്തെ കളിക്കു പോയി. അദ്ദേഹമൊഴിച്ച്‌ പിന്നെ എല്ലാവരും ഉണ്ടായിരുന്നു. നമ്പീശൻ ഭാഗവതർ ഇല്ലാത്ത കുറവ്‌ അറിയരുതെന്ന്‌ ഞാൻ ഉണ്ണിക്കൃഷ്ണനെ വിളിച്ച്‌ സ്വകാര്യത്തിൽ പറഞ്ഞു. അന്ന്‌ അയാൾ പാടിയതുപോലൊരു പാട്ട്‌ അടുത്ത കാലത്തൊന്നും കേൾക്കുകതന്നെ ഉണ്ടായിട്ടില്ല. എനിക്കേറ്റവും ഇഷ്ടപ്പെട്ട കറുത്ത നളനായിരുന്നു അന്നത്തെ വേഷം….

  • കീഴ്പ്പടം അഷ്ടകലാശം – ഒരു വിശകലനം

    ഡോ. സദനം കെ. ഹരികുമാരൻ July 27, 2012 കാലകേയ വധത്തില്‍ “സുകൃതികളില്‍ മുന്‍പനായി വന്നേന്‍ ദേവി“ എന്നു ഇന്ദ്രാണിയോടു പറയുന്ന  സന്ദര്‍ഭത്തില്‍ ആനന്ദാതിരേകത്തിന്റെ പ്രതീകമെന്നോണം അര്‍ജ്ജുനന്‍ അഷ്ട കലാശമെന്നു പറഞ്ഞ് വടക്കന്‍ ദിക്കുകളില്‍ നാലുകലാശം മാത്രം എടുക്കുന്നതിലെ യുക്തിയെ തെക്കുള്ള ചില കഥകളി നിരൂപകര്‍ ചോദ്യം ചെയ്തപ്പോള്‍ കുഞ്ചുനായരാശാനും കുമാരനാശാനും ചേര്‍ന്ന് അതിന് ഒരു ബദല്‍ സംവിധാനം വേണമെന്ന് ചര്‍ച്ച ചെയ്യുകയുണ്ടായത്രേ. കുമാരനാശാന്‍ അത് അനുസ്യൂതം തുടരുകയും കുഞ്ചു‍ നായരാശാന്‍ അത് ഉപേക്ഷിക്കുകയും ചെയ്തത്രേ. എന്നാല്‍…

  • തെക്കന്‍ ചിട്ടയിലെ കത്തിവേഷങ്ങള്‍

    മനോജ് കുറൂര്‍ March 12, 2012 (08. 11. 2011 ല്‍ കേരള കലാമണ്ഡലത്തില്‍ നടന്ന സെമിനാറില്‍ അവതരിപ്പിച്ചത്) തെക്കന്‍- വടക്കന്‍ എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ക്ക്‌ വാസ്തവത്തില്‍ ശൈലീപരമായ പ്രസക്തിയാണുള്ളത്‌. എന്നാല്‍ ദേശപരമായ മിഥ്യാഭിമാനങ്ങളിലൂന്നിയാണ്‌ പലപ്പോഴും ഈ വിഷയത്തെപ്പറ്റി ചര്‍ച്ച ചെയ്യാറുള്ളത്‌. അതുകൊണ്ടുതന്നെ ഒരു സ്ഥലത്ത്‌ അന്യമെന്ന നിലയിലുള്ള പരിചരണവും മറുവശത്ത്‌ അന്ധമായ അഭിമാനബോധവും പുലര്‍ത്തിക്കൊണ്ടുള്ള ചര്‍ച്ചകള്‍ക്ക്‌ സൂക്ഷ്മമായ വിശകലനം സാധ്യമാകാതെ വരുന്നു. കഥകളിയുടെ ചരിത്രവും ഇവയെ ദേശഭേദങ്ങളെന്ന നിലയില്‍ കാണാനല്ല, ശൈലീഭേദങ്ങളായി കാണാനാണ്‌ പ്രേരിപ്പിക്കുന്നത്‌. കഥകളിയുടെ ആദ്യരൂപങ്ങളെന്നു…

  • |

    ശ്രുതിയിൽനിന്ന് അണുവിട മാറാതെ

    വെണ്മണി ഹരിദാസ് സ്മരണ – 2(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) മാവേലിക്കര പി. സുബ്രഹ്മണ്യം June 12, 2017  തിരുവനന്തപുരം സ്വാതിതിരുനാൾ കോളേജിലായിരുന്നു എന്റെ സംഗീത പഠനം. കോളേജിൽ പഠിച്ചിരുന്ന കാലത്താണ് കഥകളിയിലുള്ള സംഗീതപരമായ കാര്യങ്ങളും താ‍ളസംബന്ധിയായ കാര്യങ്ങളും അഭിനയ പ്രധാനമായ കാര്യങ്ങളുമൊക്കെ കുറച്ചു ശ്രദ്ധിച്ചു തുടങ്ങിയത്. അന്നവിടെ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ഒരു കഥകളി. മൂന്നു കഥകളാണ്. കോട്ടയ്ക്കൽ ശിവരാമന്റെ പൂതനാമോക്ഷം, കൃഷ്ണൻ നായരാശാനും സദനം കൃഷ്ണൻകുട്ടിയും ചേർന്നുള്ള സുഭദ്രാഹരണം, പിന്നെ ദുര്യോധനവധം. അന്നു പാട്ട് ഗംഗാധരാശാനായിരുന്നു. കളികണ്ടുകൊണ്ടിരിക്കുമ്പോൾ…

മറുപടി രേഖപ്പെടുത്തുക