എം. ടി. വാസുദേവൻ നായർ

January 4, 2013

ഓര്‍ത്താല്‍ വിസ്മയം തന്നെ. കേരളത്തില്‍ വരേണ്യവര്‍ഗ്ഗക്കാര്‍ മേധാവിത്തം പുലര്‍ത്തിയിരുന്ന കഥകളിയുടെ പ്രഖ്യാത വിദ്യാലയത്തിലേക്ക് ഒരു മുസ്ലീം ബാലന്‍ കടന്നു ചെല്ലുന്നു. ആശങ്കകളോടെ, അധൈര്യത്തോടെ, എങ്കിലും പ്രതീക്ഷകളോടെ. 1957ല്‍ വെങ്കിടകൃഷ്ണ ഭാഗവതരുടെ ഛായാചിത്രത്തിന്‌ ചുവട്ടില്‍, നീലകണ്ഠന്‍ നമ്പീശന്‍റെ കാല്‍ക്കല്‍ ദക്ഷിണവെച്ച് കഥകളി സംഗീതം പഠിക്കാന്‍ ആരംഭിക്കുന്നു. വാത്സല്യം വാരിക്കോരിക്കൊടുക്കുമെങ്കിലും പഠിപ്പില്‍ വിട്ടുവീഴ്ച്ചയോ അശ്രദ്ധയോ കാട്ടിയാല്‍ നിര്‍ദ്ദയം ശിക്ഷിക്കുന്ന ഗുരു. ആ ഗുരുവിന്‍റെ പ്രതീക്ഷക്കൊത്ത് ശിഷ്യന്‍ വളരുന്നു. അരങ്ങേറ്റത്തില്‍ ഹൈദരാലി പൊന്നാനിയും പില്‍ക്കാലത്ത് വിഖ്യാതനായ ശങ്കര എമ്പ്രാന്തിരി ശിങ്കിടിയുമാബണമെന്നും നമ്പീശന്‍ നിശ്ചയിച്ചപ്പോള്‍ അദ്ദേഹമൊരു ശിഷ്യനിലുള്ള വിശ്വാസം നിശ്ശബ്ദമായി പ്രഖ്യാപിക്കുകയായിരുന്നു.

ക്രമത്തില്‍ ഹൈദരാലി പ്രശസ്തനായി. കഥകളി ആസ്വാദകരുടെ മുഴുവന്‍ അഭിനന്ദനങ്ങള്‍ക്ക് പാത്രമായി. കലാമണ്ഡലം ഹൈദരാലിയുടെ ആത്മകഥയ്ക്ക് “ഓര്‍ത്താല്‍ വിസ്മയം” എന്ന ശീര്‍ഷകം തികച്ചും യോജിക്കും. പറയുന്നത് ആത്മകഥയല്ല, കഥകളി ജീവിതത്തിലെ അവിസ്മരണീയമായ ചില അനുഭവങ്ങള്‍ വിവരിക്കുന്ന ചില ലേഖനങ്ങളുടെ സമാഹാരമാണ്‌. കൂട്ടത്തില്‍ കഥകളി അവതരണത്തേയും സംഗീതത്തെയും പറ്റിയുള്ള ചില വീണ്ടുവിചാരങ്ങളും.

ഈ ലേഖനങ്ങളിലൂടെ പ്രശസ്തരായ പലരുടേയും ചിത്രങ്ങള്‍ നമുക്ക് കിട്ടുന്നു. കൃഷ്ണന്‍ നായര്‍ ആശാന്‍, നമ്പീശന്‍, കൃഷ്ണന്‍ കുട്ടി പൊതുവാള്‍, ഉണ്ണിക്കൃഷ്ണക്കുറുപ്പ്, എം.കെ.കെ. നായര്‍, യേശുദാസ് തുടങ്ങിയവരെ പറ്റി വിദഗ്ദ്ധമായി വരച്ച ചില രേഖാചിത്രങ്ങള്‍.

കഥകളിസംഘത്തിന്‍റെ കൂടെ വിദേശത്തുപോയ അനുഭവങ്ങള്‍ ഹൈദരാലി വിവരിക്കുന്നു. അവിടത്തെ നിറഞ്ഞ സദസ്സുകളും തണുത്ത കാലാവസ്ഥയില്‍ ക്യൂ നില്‍ക്കുന്ന ആസ്വാദകരും നാട്ടില്‍ ആസ്വാദകര്‍ കുറഞ്ഞുവരുന്ന ദയനീയാവസ്ഥയെപ്പറ്റിയാണ്‌ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. കൈലാസമെടുത്ത് അമ്മാനമാടിയവരും സമുദ്രലംഘനം ചെയ്തവരും, സ്വര്‍ഗ്ഗാധിപതികളായി അരങ്ങത്ത് വരുന്നവരും ജീവിക്കാന്‍ വേണ്ടി പടുപണികള്‍ ചെയ്യുന്ന അവസ്ഥയെപ്പറ്റി ഹൈദരാലി ദു:ഖത്തോടെ പറയുന്നു.

രണ്ടുവര്‍ഷം മുമ്പ് പാരീസില്‍ വെച്ച് ഞാന്‍ മാര്‍ട്ടൈന്‍ ഷെമാനയെ കണ്ടു. യാദൃച്ഛികമായി ഞാനവിടെ ഉണ്ടെന്ന് അറിഞ്ഞ് തേടിപ്പിടിച്ച് വന്നതായിരുന്നു. കേരളത്തില്‍ വന്ന് താമസിക്കുകയും പ്രൊഫ. വി.ആര്‍. പ്രബോധനചന്ദ്രന്‍ നായരുടെ കീഴില്‍ മലയാളം പഠിക്കുകയും, പല ഗുരുക്കാന്മാരില്‍ നിന്നുമായി കഥകളി അഭ്യസിക്കുകയും ചെയ്ത ഒരു ഫ്രഞ്ചുകാരി മുമ്പ് കോഴിക്കോട് മാതൃഭൂമി ആപ്പീസില്‍ എന്നെ കാണാന്‍ വന്നിരുന്നു. അവര്‍ മലയാളത്തില്‍ മറുപടി പറഞ്ഞ് എന്നെ അത്ഭുതപ്പെടുത്തി. അവര്‍ പറഞ്ഞു: പാരീസിലെ ഏറ്റവും വലിയ തീയേറ്ററുകളിലൊന്നാണ്‌ കഥകളിയും കൂടിയാട്ടവും മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ തായമ്പകയും നടത്താറ്‌. ടിക്കറ്റ് മാസങ്ങള്‍ക്ക് മുമ്പേ റിസര്‍വ്വ് ചെയ്ത്പോകും. ഹൈദരാലിയുടെ കഥകളിപ്പാട്ടിന്‍റെ മാധുര്യത്തേയും ഗാംഭീര്യത്തേയും പറ്റിയും അവര്‍ പറഞ്ഞു.

എന്നെ കാണാന്‍ വന്ന ഒരു മലയാളി അടുത്തുണ്ട്. അയാള്‍ എല്ലാം കേട്ടുകൊണ്ടിരുന്നു.

“ശങ്കരന്‍കുട്ടിയുടെ തായമ്പകയ്ക്കും നിറഞ്ഞ സദസ്സായിരുന്നു. അടുത്ത ഇടയ്ക്കാണ്‌ ശങ്കരന്‍കുട്ടി വന്നുപോയത്.”

മലയാളി സുഹൃത്ത് പതുക്കെ:

“എം.ടി.സാര്‍, ആരെപ്പറ്റിയാണ്‌ അവര്‍ പറയുന്നത്?”

ശങ്കരന്‍കുട്ടി. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ചെണ്ട.”

“അടിച്ചു പൊളിക്ക്ണ്ടാവും അല്ലെ?”

എന്നോടാണ്‌!

ഞാന്‍ ഒന്നും മിണ്ടിയില്ല.

കഥകളി അവതരണത്തിലെ ചില പാകപ്പിഴകളെപ്പറ്റി താന്‍ ചിന്തിച്ചുപോയത് ഹൈദരാലി എഴുതിയപ്പോള്‍ ഉണ്ടായ വാദകോലാഹലങ്ങള്‍ ഞാനോര്‍ക്കുന്നു. എനിക്ക് വലിയ അറിവുള്ള വിഷയങ്ങളല്ലെങ്കിലും ഞാന്‍ ആ ലേഖനങ്ങള്‍ ശ്രദ്ധിച്ചിരുന്നു. സംഗീതാലാപനത്തിലെ അക്ഷരവൈകല്യങ്ങളെപ്പറ്റി ഹൈദരാലി എഴുതിയപ്പോള്‍ ഞാന്‍ വിചാരിച്ചു: എനിക്കും തോന്നിയതാണല്ലൊ ഈ കാര്യങ്ങള്‍ ‘പനിമതി മുഖി ബാലേ’യെ ‘പാനിമതി’യാക്കുന്നത് ഞാനും എത്രതവണ കേട്ടിരിക്കുന്നു. കഥകളി സംഗീതത്തിലെ മാത്രമല്ല, ശാസ്ത്രീയസംഗീതത്തിലേയും സിനിമാ നാടകഗാനങ്ങളിലേയും സ്ഥിര അക്ഷരവൈകല്യങ്ങള്‍ ഹൈദരാലി അക്കമിട്ട് നിരത്തുന്നു.

കളിയരങ്ങിലേയും സംഗീതത്തിലേയും വൈകല്യങ്ങളെപ്പറ്റി ഹൈദരാലി പറയുമ്പോള്‍ പാരമ്പര്യവാദികള്‍ക്ക് അസ്വാസ്ഥ്യമുണ്ടാവുന്നത് സ്വാഭാവികമാണ്‌. പക്ഷെ, വാദകോലാഹലത്തിലൂടെ ഒച്ചപ്പാടുണ്ടാക്കി ശ്രദ്ധപിടിച്ച് പറ്റാനല്ല ഹൈദരാലി ശ്രമിക്കുന്നത് എന്ന് എനിക്കും തോന്നിയിട്ടുണ്ട്. യോജിച്ചാലും വിയോജിച്ചാലും വേണ്ടില്ല, നിസ്സാരമായി തള്ളിക്കളയാവുന്നതല്ല ഈ അഭിപ്രായപ്രകടനങ്ങള്‍ എന്ന് വ്യക്തമാക്കുന്നു.

കഥകളിയോടും സംഗീതത്തോടുമുള്ള ഹൈദരാലിയുടെ പ്രതിബദ്ധതയെ നമുക്ക് നിഷേധിക്കാനാവില്ല. അതാണ്‌ ഹൈദരാലിക്ക് ജീവിതം തന്നെ.

അനുഗ്രഹീതനായ ഈ കലാകാരനില്‍ നിന്ന് ഇനിയും പല വിസ്മയങ്ങളും ആസ്വാദകര്‍ക്ക് ലഭിക്കുമെന്ന് നാം പ്രത്യാശിക്കുക.

(പ്രണത ബുക്ക്സ് 2004 ഡിസംബറില്‍ പ്രസിദ്ധീകരിച്ച “ഓര്‍ത്താല്‍ വിസ്മയം” എന്ന കലാമണ്ഡലം ഹൈദരാലിയുടെ ലേഖനസമാഹാരത്തിന്‌ എം.ടി വാസുദേവന്‍ നായര്‍ എഴുതിയ ആമുഖം. പുസ്തകത്തിന്‍റെ വില 60 രൂപ. പ്രണത ബുക്സ്, കൊച്ചിയുടെ ഫോണ്‍: 0484-2390179. ഇ-മെയില്‍ വിലാസം:[email protected])


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder