രവി കവനാട്
July 8, 2011
ആടിക്കാറ്റിന്‍റെ താളത്തില്‍
കലാശംവച്ചു കാലവും
കൂടുവിട്ടു പറന്നേപോയ്
മിനുക്കിന്‍ ശിവപക്ഷിയും
മനയോല മിഴിത്തുമ്പു
തുടയ്ക്കുന്നുണ്ടു മൂകമായ്
മൊഴിമുട്ടി വിതുമ്പുന്നു
മിഴിവിന്‍റെ ചിലങ്കകള്‍
ഭാവപൂര്‍ണ്ണിമയുള്‍ക്കൊണ്ട
പാതിമുദ്ര നിലയ്ക്കവേ
വിജനേബത യെന്നെങ്ങും
നളവിഹ്വലവീചികള്‍
കലതന്‍ വസ്ത്രമാണിന്നു
കൊണ്ടുപോയതു പത്രികള്‍
കാണികള്‍ക്കു തിരുത്തീടാ-
നാവുമോ കഥയല്‍പവും
രുക്മാംഗദനകക്കാമ്പി-
ലുണ്ടാകില്ലിനി മോഹിനി
സുഖമോദേവി എന്നാരോ –
ടിനിചൊല്ലുമരങ്ങുകള്‍
തെക്കോട്ടേയ്ക്കു പുറപ്പെട്ട
വണ്ടി കൈകാട്ടിനിര്‍ത്തിയും
ഒരുസീറ്റിനു കെഞ്ചുന്നു –
ണ്ടാവാം ഉര്‍വ്വശിരംഭമാര്‍.
നക്ഷത്രക്കണ്ണുകള്‍പ്പൂട്ടി
നിദ്രതേടുന്നു കൈരളി
ഇനിയൊന്നുണരാനെത്ര
യുഗം നാം കാത്തിരിയ്ക്കണം
0 Comments