ശ്രീചിത്രന്‍ എം ജെ, എം ബി സുനില്‍ കുമാര്‍
August 16, 2011
അന്നത്തെ കാലത്ത്, കൃഷ്ണന്‍ നായരാശാന്‍ പൂതനകൃഷ്ണന്‍ ഒക്കെ ആയിരുന്ന കാലത്ത്, ഈ തെക്കന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്ന കഥകള്‍ ഏതെല്ലാമായിരുന്നു? ഈ കോട്ടയം കഥകളൊക്കെ ഉണ്ടായിരുന്നോ?
ധാരാളം. പിന്നെ ഈ ഉല്‍സവക്കളികള്‍ക്ക് സ്വതേ തന്നെ ദുര്യോധനവധം, സുന്ദരീസ്വയംവരം, ഉത്തരാസ്വയംവരം ഇങ്ങനെ കുറേ കഥകള്‍ ….
പട്ടാഭിഷേകം?
പട്ടാഭിഷേകവും – ഇടയ്ക്കിടയ്ക്കൊക്കെ പട്ടാഭിഷേകവും ഉണ്ടാവും. കംസവധം… അതൊക്കെ ഇവിടെയൊക്കെ വലിയ പ്രാധാന്യമായി ഈ ഭാഗങ്ങളില്‍. പിന്നെ കൃഷ്ണന്‍ നായരു ചേട്ടന്‍റെയൊക്കെ വരവ്‍കാലം മുതല്‍ രുഗ്മാംഗദചരിതം…
നളചരിതം…
നളചരിതങ്ങള്‍… നളചരിതം ഇവിടെ ധാരാളം നടന്നിട്ടുണ്ട്. തോട്ടത്തിന്‍റെ രണ്ടാംദിവസമൊക്കെ വലിയ പ്രസിദ്ധമായിരുന്നല്ലോ.
വടക്ക് നളചരിതം…
വടക്ക് പിന്നെ അടുത്ത കാലത്തല്യോ വടക്കോട്ട് വന്നതുതന്നെ. കുഞ്ചുക്കുറുപ്പാശാന്‍ വന്നതില്‍പിന്നല്യോ നളചരിതം അങ്ങോട്ട് വന്നത്. ഇവിടെയല്യോ അതിന്‍റെ സംവിധാനവും… എല്ലാം നടന്നിരുന്നത് കൊട്ടാരത്തിലാണ്. ഇവിടെ കൊട്ടാരം കഥകളിയുണ്ടായിരുന്നല്ലോ. ഇവിടെവെച്ചുതന്നെയാണ് നളനുണ്ണി എന്ന കിടങ്ങൂര് നിന്നൊരാള്‍, നളനുണ്ണിയുണ്ടായിരുന്നു – ഇവരൊക്കെത്തന്നെയാണ് ഈ കഥയിലെ കഥാപാത്രങ്ങളെയെല്ലാം കൈകാര്യം ചെയ്തിരുന്നത്. അത് ചൊല്ലിയാടിയതിന്‍റെ രേഖകളൊക്കെ അവിടെയുണ്ട്. രണ്ടാം ദിവസം അവിടെ അരങ്ങേറിയെന്നും ഒക്കെ കൊട്ടാരത്തിലെ പഴയ ചരിത്രത്തിലൊക്കെ ഒള്ളതാ. അത് ഇവിടെയൊരു സമ്പ്രദായം ഒണ്ടായിരുന്നു നളചരിതത്തിന്. കുഞ്ചുക്കുറുപ്പാശാന്‍ അവിടെ ആശാനായിട്ടു ചെന്നുകഴിഞ്ഞപ്പോള്‍ നളചരിതം അവിടെ അവതരിപ്പിക്കണമെന്നു വന്നിട്ട് വെങ്കിടകൃഷ്ണഭാഗവതരും ഇവരുമൊക്കെ കൂടിയിരുന്ന് ഒരു സമ്പ്രദായം അവര് ഉണ്ടാക്കിയെടുത്തു. അങ്ങനെയാണ് അവിടെ നളചരിതം തുടങ്ങുന്നതുതന്നെ. അതു വളരെ കഴിഞ്ഞാ. ഇവിടെ അതിനു മുന്‍പേ നളചരിതം ധാരാളം പ്രചാരത്തിലുണ്ട്.
ആ സമ്പ്രദായത്തില്‍ മാറ്റങ്ങളുണ്ടായിരുന്നോ? ഇവിടെ മുന്‍പേ ഉണ്ടായിരുന്ന സമ്പ്രദായത്തിന്‍റെ അതേ പോലെ അല്ലായിരുന്നോ?
അല്ലല്ല. പാടുന്നതൊക്കെത്തന്നെ… സമ്പ്രദായത്തിലൊരുപാട് മാറ്റമുണ്ട്, കുറച്ച് മാറ്റങ്ങളൊക്കെയുണ്ട്. അതുപിന്നെ ഓരോ സ്ഥലത്തിന്‍റെ രീതിയും അവരുടെ സംഗീതരൂപവും ഒക്കെ വെച്ചോണ്ട് അവര്‍ രൂപപ്പെടുത്തുന്നതാ. കാര്യമെന്തൊക്കെയായാലും ഇതൊക്കെത്തന്നെയല്ലേ ഉള്ളൂ.
എന്താ ചോദിക്കാന്‍ കാരണമെന്നുവെച്ചാല്‍, തുടര്‍ന്ന് തെക്കന്‍ വശത്തൊക്കെ ഈ കോട്ടയം കഥകളുടെ ഒക്കെ രംഗം കുറഞ്ഞുവന്നുവല്ലോ. കുറച്ചുകാലത്തിനു ശേഷം അത്രകണ്ട് പ്രചാരത്തിലില്ലാതെയായി. എന്തുതോന്നുന്നു, അത്രകണ്ട് ഇപ്പോഴിവിടെ കളിക്കുന്നുണ്ടോ ആശാന്‍? താരതമ്യേന കുറവല്ലേ?
വളരെ കുറവാണ്. കോട്ടയം കഥകള്… കല്യാണസൌഗന്ധികം നടക്കും. അതുപിന്നെ നാടകീയരൂപവും ആണല്ലോ. ഭീമനും ഹനുമാനും ഒക്കെ ആയതുകൊണ്ട് അതങ്ങു നടക്കും. ബകവധത്തിലെ ആശാരിയുടെ രംഗമൊക്കെയേ നടക്കൂ. ജനങ്ങള്‍ക്കു പ്രിയമുള്ളതല്ലേ നടക്കൂ. അല്ലെങ്കില്‍ ബകനും… അവസാനഭാഗം. അല്ലാതെ മുഴുക്കെ നടക്കുന്ന സമ്പ്രദായം അങ്ങുപോയി.
അപ്പോള്‍ ഈ കാലകേയവധമൊക്കെ…
കാലകേയവധം നടക്കും. നടന്നോണ്ടിരുന്നു ഒരുപാട്. കൃഷ്ണന്‍ നായരുടെ കാലകേയവധവും ഒരുകാലത്ത് ഒരുപാടിവിടെ ഉണ്ടായിരുന്നില്ലേ. അല്ലെങ്കില്‍ മാങ്കുളം. പച്ചവേഷക്കാര്‍ക്കാണല്ലോ ആ കഥ.
ആശാനൊക്കെ കെട്ടിയിട്ടില്ലേ ആ കാലത്ത്?
പിന്നേ. പിന്നേ.അടുത്തകാലത്ത് ഒരു കാലകേയവധം അര്‍ജ്ജുനന്‍ ഒണ്ടായിരുന്നല്ലോ. ഉണ്ണിത്താന്‍ വടക്കൊക്കെ ചെന്നുകെടന്ന് ഒരുപാട് പ്രസംഗിച്ചെന്നു കേട്ടു. ഞങ്ങടെ ഒരു സമ്പ്രദായം. ഇന്നാളൊണ്ടായിരുന്നല്ലോ അവിടെ… രാജശേഖരന്‍ ആവശ്യമില്ലാത്ത ഒരെടപാടിന് ഒക്കെ കേറിയല്ലോ – കലാമണ്ഡലം പ്രിന്‍സിപ്പാളായിരുന്ന രാജശേഖരന്‍ എന്‍റെ ശിഷ്യനാ. വാസുപ്പിഷാരടിയും ഞാനും വിജയനുമാണ്.. അങ്ങനെ ഒരു കാലകേയവധത്തിലെ അര്‍ജ്ജുനന്‍റെ സലജ്ജോഹമുണ്ടായി. വാസു എത്രയാ അഭിനന്ദിച്ചേന്ന് അറിയാന്‍ മേല. ആ സമ്പ്രദായത്തിനൊരു സമ്പ്രദായം, ഈ സമ്പ്രദായത്തിനു വേറൊരു സമ്പ്രദായം. ‘ഇങ്ങനെയൊക്കെ ണ്ട് ന്ന് അറിഞ്ഞിരുന്നില്യ” എന്നൊക്കെയാ വാസു എന്നോടു പറയുന്നേ. ഞാന്‍ പറഞ്ഞു അങ്ങനൊക്കെ ധരിക്കരുത്. എല്ലായിടത്തും ഓരോ സമ്പ്രദായമുണ്ട്; അതിനൊരു രൂപവുമുണ്ട്.
ഞങ്ങള്‍ മുന്‍പ് സി വി രാമന്‍പിള്ളയുടെ നോവലൊക്കെ വായിക്കുമ്പോ അതിനകത്ത് തെക്കുള്ള നടന്മാര്‍ കാലകേയവധം അര്‍ജ്ജുനന്‍ ചെയ്തതിന്‍റെ വിവരണങ്ങളുണ്ട്, പണ്ടു മുതലേ. പക്ഷേ…
അല്ല, കുറിച്ചി കൃഷ്ണപിള്ള എന്നൊരാള്‍ ഇങ്ങനങ്ങ് നിവരും. പുറകീക്കൊടെ ഒരാള്‍ക്ക് പോകാം, ചാമരത്തിന്‍റെ കീഴേക്കൂടെ. അഭ്യാസം കാണിക്കുകയാ. കാലിന്മേല്‍ കാലും വെച്ചാ പീഠത്തേലിരിക്കുന്നേ. അല്ലാതെ കാലു തറേലിട്ടല്ല. ആ ഇരിപ്പാ.. അന്നേരം മുഖം കാണാന്‍ വേണ്ടി ആരാണ്ട് തൂണീക്കേറി എന്നൊരു കഥയുമുണ്ട് ( ചിരി) അങ്ങനെയൊക്കെ അഭ്യാസം കാണിച്ചിരുന്നവരൊക്കെ ഇവിടെയൊക്കെ ധാരാളം ഒണ്ടായിരുന്നു.
ഇത്രയും ഗംഭീരമായിട്ടുള്ള മെയ്യിനുള്ള പ്രാധാന്യം ഒരുകാലത്തിവിടെ ഉണ്ടായിരുന്നു?
ഒണ്ടായിരുന്നു, ഒണ്ടായിരുന്നു. മെയ്യിന്‍റെ സ്വാധീനം അന്നും ഇന്നും ഒണ്ടല്ലോ. ഈ കലാശങ്ങളും ബഹളങ്ങളും കുറച്ച് ശരീരഭാഗങ്ങള്‍ കൊണ്ടാണ്. അതിന്‍റെ, മെയ്യിന്‍റെ കാര്യം തന്നെ എടുക്കുമ്പൊ, ഇവിടേം അവിടേം ഒക്കെ ഒരുപോലെ തന്നെയാ മെയ്യിന്‍റെ അഭ്യാസത്തിനുള്ള ശക്തി. വലിയ വ്യത്യാസമൊന്നുമില്ല. കലാശങ്ങള്‍ക്ക് അവര്‍ കൂടുതല്‍ പ്രാധാന്യം രംഗത്ത് കൊടുക്കുന്നു എന്നേയുള്ളൂ. കളരീല് എല്ലാര്‍ക്കും കലാശമുണ്ട്, അതിനു ചടങ്ങുണ്ട്, നിയമമുള്ള ഒരുപാട് കലാശങ്ങള്‍ ഞങ്ങള്‍ക്കു കൂടുതലും ഉണ്ട്. ഇരട്ടിക്കൊക്കെ ഒരുപാട് നീളം കൂടുതല്‍…വ്യത്യാസങ്ങളൊക്കെ ഉണ്ട്. അഷ്ടകലാശമൊക്കെ, അഷ്ടകലാശം ഉപയോഗിക്കുന്നത് അവിടുത്തേതിന്‍റെ ഇരട്ടി എണ്ണമാ. അത്ര വലിപ്പത്തിലാ എണ്ണങ്ങള് കിടക്കുന്നേ.
കേകിയൊക്കെ, പതിനാറ് അല്ല, മുപ്പത്തിരണ്ട് താളവട്ടം…
മുപ്പത്തിരണ്ട് താളവട്ടമാ. അങ്ങനെ ഓരോന്നിനും. പതിഞ്ഞ ഇരട്ടിക്ക്, അതും അതുപോലെ തന്നെയാ, എട്ട് താളവട്ടം.
ഈ സൌഗന്ധികത്തിലെ ഭീമസേനന് വലിയ ഇരട്ടിയുണ്ടോ ആശാന്‍?
ഹേയ്, ഇല്ല.
അത് വടക്കോട്ടേ ഉള്ളൂ, ഇങ്ങോട്ടില്ല?
ഭീമന് ഏത്? പതിഞ്ഞപദത്തിനോ?
അതെ, ‘പാഞ്ചാലരാജതനയേ’ ക്ക്?
ആ, ‘പാഞ്ചാലരാജതനയേ’ക്ക് ഇരട്ടിയുണ്ട്. ഞങ്ങള്‍ക്ക് അതിനിടക്ക് കാലം കയറുകയില്ല. കാലം കേറുകയല്ല, അതിന്‍റെ കൂടെ ഇരട്ടി അല്ല. പദം തീര്‍ന്നു കഴിഞ്ഞാല്‍ കലാശം. അതിനെല്ലാറ്റിനും ഒരു രൂപമേയുള്ളൂ. പതിഞ്ഞപദം – അതിന്‍റെ അവസാനം കലാശം. അതോടു കൂടി ഇരട്ടി. ഇരട്ടി ആ കണക്കിനുള്ള ഇരട്ടി. അല്ലാതെ പദത്തിന്‍റെ കൂടെ ഇരട്ടി ഇല്ല. അതവിടെ ഒരു സമ്പ്രദായം ഒണ്ടാക്കിയതാ.
ഈ ഉര്‍വ്വശിയിലും വടക്ക് അങ്ങനെ കണ്ടിട്ടുണ്ട്, ആശാന്‍. ഉര്‍വ്വശി ഇവിടെ ചൊല്ലിയാടുമ്പോള്‍ അങ്ങനെയുണ്ടോ?
അതുതന്നെയാണല്ലോ. ഉര്‍വ്വശിയുടെ ചൊല്ലിയാട്ടം അതുതന്നെയാണല്ലോ.
അല്ല, അതിലും പദം കഴിഞ്ഞാണോ ഇരട്ടിവരുന്നത്? ‘തൊണ്ടിപവിഴം’ എന്ന ഭാഗം മുതല്‍ തന്നെ വടക്കോട്ട് ഇരട്ടി കണ്ടിട്ടുണ്ട്. ‘പാണ്ഡവന്‍റെ രൂപം എന്ന പദത്തില്.. അങ്ങനെ ഇടയ്ക്ക് ഇരട്ടി ഉണ്ടോ?
ആദ്യത്തിനു മുഴുവന്‍ കലാശം. അടുത്ത ചരണങ്ങള്‍ മുതല്‍ ഇരട്ടി. അതേതിനായാലും. ഉര്‍വ്വശിയായാലും വേണ്ടില്ല, ലളിതയായാലും വേണ്ടില്ല – ഏതായാലും . താളങ്ങള്‍ മാറുമ്പോള്‍ അതിന്‍റെ വ്യത്യാസം കാണും. പക്ഷേ, ഒരു കലാശം കഴിഞ്ഞാല്‍, അടുത്ത കലാശത്തിനുള്ളില്‍ ഇരട്ടി. പിന്നെ അടന്തയ്ക്കൊക്കെ ഉള്ള ഇരട്ടി – ചമ്പക്കും അടന്തയ്ക്കും ഒക്കെ ഉള്ള ഇരട്ടി പറഞ്ഞാല്‍ ശരിയല്ലാന്നുള്ള ധാരണക്കാരനും കൂടാ ഞാന്‍.
അതെന്താ?
അതീ പതിഞ്ഞകാലത്തില്‍ ഇരട്ടിക്ക് സ്ഥാനമില്ലെന്നാ.
ഈ ചമ്പയിലും അടന്തയിലും ഒക്കെ?
അതെ. പിന്നെ നമ്മളിതെല്ലാം ചെയ്യുന്നു, അതിനെ രൂപപ്പെടുത്തിയെടുക്കുന്നു. അത്രയേ ഉള്ളൂ.
മുന്‍പേ ആശാന്‍ പറഞ്ഞതുപോലെ, കളരിയില്‍ ഉള്ളതെല്ലാം രംഗത്തു വേണ്ട എന്നാശാന്‍ പറഞ്ഞല്ലോ.
കളരിയിലുള്ളത് അതുപോലെ രംഗത്തായാല്‍ ആ കഥ വിജയിക്കയില്ല. ഏതു കഥാപാത്രമായാലും ആ കഥാപാത്രത്തിനനുയോജ്യമായിട്ടുള്ളത്… കളരിയിലുള്ളതിനെ നമുക്ക് അത്യാവശ്യമായിട്ടുള്ളതിനെ ഉപേക്ഷിക്കാതെ, മറ്റ് ഗുണങ്ങള്‍ കൂടി വരുത്തി രംഗത്ത് ചെയ്യണം. കളരിയില്‍ ചൊല്ലിയാട്ടത്തിനു മാത്രം പ്രാധാന്യമാ. ആ ചൊല്ലിയാട്ടം മാത്രം പ്രാധാന്യമായാല്‍ കഥാപാത്രമാകാതെ വരും, രംഗത്ത്. അതാ പറയാന്‍ കാരണം.
ഇനി, ഒന്നുകൂടി പിന്നിലേക്കു പോയാല്‍, ചെങ്ങന്നൂരാശാന്‍റെ കാലത്ത് ഒരുപാട് കൂട്ടുവേഷങ്ങളൊക്കെ ആശാന്‍ ചെയ്തിട്ടുണ്ടല്ലോ. അതായിരുന്നല്ലോ അശാന്‍റെ ഒക്കെ ഒരു മഹാഭാഗ്യം, ആ മഹാനടന്മാരുടെ ഒക്കെ ഒപ്പം രംഗത്ത് – അന്നത്തെ കാലത്ത് ഇവരുടെ കൂട്ടുവേഷക്കാരോടുള്ള പെരുമാറ്റമൊക്കെ എങ്ങനെയായിരുന്നു? വളരെ സൌഹാര്‍ദ്ദപരമായിരുന്നോ?
വളരെ സൌഹൃദമായിരുന്നു. പിന്നെ, ഒരുപക്ഷേ അവര്‍ക്കെന്തെങ്കിലും പോരായ്കയുണ്ടെങ്കില്‍ അവര്‍ പറയും. നമ്മളെന്തെങ്കിലും ചെയ്താല്‍ അവര്‍ അംഗീകരിക്കും. ഔചിത്യം മുതലായ… അങ്ങനെയൊക്കെയാ.
അക്കാലത്തെ, കൃഷ്ണന്‍ നായരാശാന്‍റെ ഒക്കെ ഒപ്പമുള്ള കാലത്തെ എന്തെങ്കിലും അനുഭവമൊക്കെ ഓര്‍ത്തെടുക്കാമോ? ഒന്നിച്ചു വേഷം കെട്ടുന്ന കാലത്തുള്ള…
അതെല്ലാം അനുഭവം തന്നെയാ. പച്ചവേഷത്തിന്‍റെ അഭിനയത്തില്‍ കൃഷ്ണന്‍ നായര്‍ എന്‍റെ ഉള്ളിലെ ഒരു ഗുരുനാഥനാ. അഭിനയസമ്പ്രദായത്തിന്‍റെ കാര്യത്തില്‍. ഒരു പച്ചവേഷം കെട്ടിയാല്‍ ഞാന്‍ അതിന്‍റെ അംശങ്ങളാവും ഉപയോഗിക്കുക. അത്ര അപാരമായിരുന്നു അദ്ദേഹത്തിന്‍റെ അഭിനയസമ്പ്രദായം. അത് അദ്ദേഹം അറിയാതെ തന്നെ വരുന്നതാണത്. അദ്ദേഹത്തിന്‍റെ ഉള്ളില്‍ തട്ടുന്നതിന്‍റെ നാലിരട്ടി വെളിയില്‍ വരും. സാധാരണ, നാടകശാസ്ത്രത്തില്‍ ഉള്ളില്‍ കൊള്ളുന്നതിന്‍റെ നാലിലൊന്നേ പുറത്തുവരൂന്നാ ശാസ്ത്രം. ഇതു തിരിച്ചാണ്. അത് അദ്ദേഹത്തിന്‍റെ പേശികളുടെ ഗുണമാ. ഉള്ളില്‍ തട്ടുന്നതിന്‍റെ നാലിരട്ടി പുറത്തുകാണും. അതായിരുന്നു കൃഷ്ണന്‍ നായര്‍. ഒടുക്കം പ്രായാമായേപ്പിന്നെ കണ്ടവര്‍ക്കൊക്കെ തോന്നും ഗോഷ്ടിയൊക്കെ ആണെന്ന്. അത് മാണിമാധവചാക്യാരുടെ അഭിനയം കണ്ടാലും തോന്നിയിരുന്നു. വയസ്സായപ്പൊള്‍ . തുടിയ്ക്കുന്നതൊക്കെ ഗോഷ്ടിയാവും. അത് കൃഷ്ണന്‍ നായര്‍ക്കും ഉണ്ടായിരുന്നു. പ്രായമായാല്‍ അഭിനയത്തിന്‍റെ ശക്തി, കണ്ണഒക്കെ നില്‍ക്കില്ല അവിടെയേ. അതെല്ലാവര്‍ക്കും ഉണ്ടാകാവുന്നതാണ്. പക്ഷേ അദ്ദേഹത്തിന്‍റെ നല്ല കാലത്തെ വേഷം കണ്ടവര്‍ക്കാര്‍ക്കും അദ്ദേഹത്തെപ്പറ്റി രണ്ടാലൊന്ന് പറയാനൊക്കില്ല. അത്ര അപാരമായിരുന്നു.
പിന്നീട് ആശാന്‍ കത്തിവേഷങ്ങളിലേക്കും, കത്തിവേഷത്തിന്‍റെ ആദ്യാവസാനവേഷങ്ങളിലേക്കും ഒക്കെ തിരിഞ്ഞത് എപ്പൊഴാ?
ആദ്യം മുതലേ ഞാന്‍ പറഞ്ഞില്ലേ, ഞാന്‍ കചനും ഒന്നാം ദിവസം നളനും ഒക്കെ ധാരാളം ഈ സ്ത്രീവേഷം കെട്ടിക്കൊണ്ടിരുന്ന കാലത്തേ കെട്ടിക്കൊണ്ടിരുന്ന വേഷങ്ങളാ. മാങ്കുളം അല്ലെങ്കില്‍ എന്‍റേത് എന്നൊരു കാലമുണ്ടായിരുന്നു. കൃഷ്ണനോ, കചനോ, ഒന്നാം ദിവസം നളനോ ഇങ്ങനെയൊക്കെയുള്ള വേഷങ്ങള്‍ – കല്യാണസൌഗന്ധികം ഭീമസേനനോ, ഇങ്ങനെ ഒരു കാലമുണ്ടായിരുന്നു. ആ കൂട്ടത്തില്‍ തിരുവല്ലായില്‍ വെച്ചാണ്, ഒരു ബാലിവിജയത്തില്‍ ഇന്ദ്രജിത്ത് – അന്നു ഞാന്‍ കുട്ടിയാ, സ്ത്രീവേഷമൊക്കെ കെട്ടിനടക്കുന്ന കാലമാ. അങ്ങനെ ആദ്യമൊരു കത്തിവേഷം കെട്ടുന്നത് തിരുവല്ലാ ശ്രീവല്ലഭക്ഷേത്രത്തില്‍ വെച്ചാ. അന്ന് രാവണനും ഇന്ദ്രജിത്തും ഉണ്ട്. ബലിവിജയം ഇന്നു നമ്മള്‍ കാണുന്നതല്ല അതിനു മുന്‍പേ ഉള്ള ഭാഗം. ഇവര്‍ സ്വര്‍ഗ്ഗജയത്തിനു പോകുന്നതും ഇന്ദ്രനെ പിടിച്ചുകെട്ടിക്കൊണ്ടു വരുന്നതും…
അതൊക്കെ അവതരിപ്പിച്ചിരുന്നോ?
പിന്നേ, ധാരാളം. എന്‍റെ രണ്ടും ഉണ്ടായിട്ടുണ്ട്. രാവണനും ഉണ്ടായി. ഇന്ദ്രജിത്താ ആദ്യം ഉണ്ടായേ. ആശാന്‍റെയാ രാവണന്‍. ഇന്ദ്രജിത്തിനാണു കൂടുതല്‍ ജോലി. പടപ്പുറപ്പാടും ഒക്കെ അയാളുടെയാ. അയാളാ എല്ലാവരേയും പിടിച്ചുകെട്ടിക്കൊണ്ടു വരുന്നതും. രണ്ടാം തരം ഒരു കത്തിവേഷമാ അത്.
അതിനു പ്രതികാരമായിട്ടാണല്ലോ ഈ നാരദനും…
ആ, പിന്നെയാണ്, അതിനു പിന്നെതൊട്ടുള്ള ഭാഗമാണ് നമ്മളീ കാണുന്നേ. നാരദന്‍ വന്ന് ഇന്ദ്രനോടു പറയുന്നതും, കാര്യമുണ്ട്, ഇങ്ങനെ കുരുക്കിയിട്ടു തരാം, നീ വിഷമിക്കണ്ട എന്നു പറയുന്നതും ഒക്കെ… ബ്രഹ്മാവ് വന്നു വിടുവിക്കയാണല്ലോ. ആ ബ്രഹ്മാവിന്‍റെ ഭാഗം വരെ അങ്ങനങ്ങ് ഒരു പ്ലോട്ടായിട്ടു പോകും. പിന്നെ രാവണനും നാരദനും മുതലിങ്ങോട്ട് രാവണന്‍റെ പതിഞ്ഞപദം മുതല്‍ക്ക്.
ഇതൊക്കെ കളരിയില്‍ പഠിപ്പിച്ചിരുന്നോ?
കളരീല്‍ ഇതൊക്കെ ഒള്ളതല്യോ. കളരീല്‍ ഇതെല്ലാം ഉണ്ടായിരുന്നല്ലോ. കഥ മുഴുക്കെത്തന്നെ – ഒരു കഥയേ നടക്കുകയുള്ളൂ കൊട്ടാരത്തിലെ കളി. ഏതു കഥയായാലും ഒന്ന്. അത് അതിന്‍റെ ഉടനീളം ഉണ്ടാവണം. അത് ചൊല്ലിയാടുകയും ചെയ്യും രാവിലെ. രാത്രി കളി. അങ്ങനെയുള്ള കളി. ഇന്നിപ്പം വേഷക്കാരോടു ചോദിച്ചാലും ആ കഥയില്‍ , ബാലിവിജയം? ബാലിവിജയം രാവണന്‍, നാരദന്‍, ബാലി. ഇത് അവര്‍ക്കറിഞ്ഞുകൂടാ. വേഷക്കാര്‍ക്കും അറിഞ്ഞുകൂടാ. പുസ്തകം വായിക്കത്തില്ലല്ലോ. അതിന്‍റെ അപ്പുറത്തോട്ട് എന്തൊണ്ടെന്നോ ഇപ്പുറത്ത് എന്തൊണ്ടെന്നോ നോക്കുകേല. അത്രയുമാണ് അതിനകത്തുള്ളത്. അതായത് ഞാന്‍ പഠിച്ചതേ ഉള്ളൂ എന്നര്‍ത്ഥം.
ഈ രാമനാട്ടകഥകള്‍ മുഴുവനും, തോരണയുദ്ധം മുന്‍പുള്ള രംഗങ്ങളൊക്കെ അവതരിപ്പിച്ചിരുന്നോ?
ഉണ്ടായിരുന്നു. രാമനാട്ടം പൂര്‍ണ്ണമായും തന്നെ നടത്തിക്കൊണ്ടിരുന്നു ഒരുപാട്.
ഈ എട്ട് കഥകളും?
എട്ട് കഥകളും. ഒരു ദിവസം കൊണ്ടും, പലദിവസം കൊണ്ടും. തിരുവല്ലായിലൊക്കെ ഇപ്പം പത്ത് ദിവസം കൊണ്ട് നടക്കുകയാണ്. ഒരോ ദിവസം ഒരോ കഥ.
ഈ ആദ്യകഥകളൊക്കെ, ഖരവധം – ഒക്കെ ഉണ്ടായിരുന്നോ?
പിന്നേ, ഖരവധമൊക്കെ പ്രധാനപ്പെട്ട കഥകളല്ലേ.
അതെന്തുകൊണ്ടാ ഇപ്പൊ ഖരവധം അരങ്ങില്‍ നിന്ന് അപ്രത്യക്ഷമായത്?
അതുപിന്നെ ഓരോ സാഹചര്യമാ. പാട്ടുകാരില്ല പ്രധാനമായും. കാണാതെ പാടാന്‍ കഴിവുള്ളവരല്ല ഇപ്പോഴത്തെ പാട്ടുകാരാരും. കുറേ കഥകള്‍ രൂപപ്പെടുത്തിവെച്ചിട്ടുണ്ട്, കുറേ സ്ഥലങ്ങളുമുണ്ട്. പണ്ടൊക്കെ പാട്ടുകാര്‍ക്ക് ഈ കഥയേഴും കാണാതെ അറിയാമായിരുന്നു. ആ ശക്തി ഇപ്പോഴത്തെ ആളുകള്‍ക്കില്ല. അവര്‍ പുസ്തകം വെച്ചുവായിച്ചു പഠിച്ചുപോയാല്‍ അതവിടെ നില്‍ക്കില്ലല്ലോ. പാട്ടുകാരുടെ അഭാവമാണ് പല കഥകളും പുറകോട്ടു പോയത്.
ഈ ഖരവധത്തിലെ നിണമൊക്കെ ഉണ്ടാകാറുണ്ടായിരുന്നോ?
നിണമൊക്കെ ഉണ്ടാകാറുണ്ടായിരുന്നു. നിണമില്ലാതെ വന്നിട്ടാണ് ‘ശൂര്‍പ്പണാങ്ക’മെന്നൊരു ആട്ടം ഉണ്ടാക്കിയെടുത്തത്, കൂടിയാട്ടത്തില്‍. അതു ഞങ്ങളും പകര്‍ന്നു. അതാണ്‍, നരകാസുരനും ചെയ്യാറുണ്ട്. ശൂര്‍പ്പണാങ്കമെന്നാ പറയാറ്, നക്രതുണ്ഡിയാ ചെയ്യുന്നേ.
ആ പേര് ഈ ഖരവധത്തില്‍ നിന്നു വന്നതാണ്…
ആ, ഖരവധത്തീന്നാ. ആ ആട്ടം ഉണ്ടായത് അതിലാ.
ഈ നരകാസുരന്‍ പകര്‍ന്നാടുന്നതിനെപ്പറ്റി ചോദിക്കട്ടെ, അത് വടക്കോട്ട് നക്രതുണ്ഡി വന്നിരിക്കുന്നത് കേട്ടിട്ടാണല്ലോ ആടാറ്. ഇവിടെ അതു വ്യത്യാസമുണ്ടോ?
ഇവിടെ നക്രതുണ്ഡി ആകും. പകര്‍ന്നാട്ടം ആയിട്ട് പോകും. ശൂര്‍പ്പണാങ്കം തന്നെ ആടും.
അത് കഴിഞ്ഞ് വിസ്തരിച്ച് പടപ്പുറപ്പാടൊക്കെ ഉണ്ട്…
ആ പിന്നത്…. വിസ്തരിച്ചു തന്നെ. സ്വതവേ തന്നെ നരകാസുരന്‍ മുഴുക്കെ പകര്‍ന്നാട്ടങ്ങളാ. തുടക്കം തന്നെ കേകി – പകര്‍ന്നാട്ടമല്യോ. പിന്നെ ഇങ്ങോട്ടു വന്നാല്‍ ശബ്ദവര്‍ണ്ണന കഴിഞ്ഞാല്‍ ഈ ശൂര്‍പ്പണാങ്കം പകര്‍ന്നാട്ടം. ഞങ്ങള്‍ക്ക് പടപൊറപ്പാടിനും പകര്‍ന്നാട്ടമാ. തന്നത്താന്‍ ചെയ്യുകയല്ല. യോദ്ധാക്കളൊന്നും അപ്പഴൊന്നും കിടന്ന് പയറ്റാന്‍ പോവുകയില്ല. എന്നാണ് ഞങ്ങടെ കളരി. അതായത്, നരകാസുരനായിട്ട് അപ്പൊഴങ്ങോട്ട് പോയിട്ട് ആയുധമെടുത്തു… അവര്‍ നേരത്തേ സ്വാധീനം ചെയ്തു വെച്ചിരിക്കുന്നതാ. അപ്പം സൈന്യങ്ങളൊരുങ്ങുന്നത് കണ്ടിട്ട്, ഓരോ ഭാഗങ്ങളേയും കണ്ടിട്ട്, അവരുടെ പ്രയോഗങ്ങള്‍ പകര്‍ന്നാടുകയാ. അങ്ങനെയൊരുത്തന്‍, അവന്‍റെ പ്രധാനിയുടെ മുന്‍പില്‍ ചെന്നു നില്‍ക്കുന്നു. അടുത്തത് ഇതാ, വേറൊരുത്തന്‍, അവന്‍ അവന്‍റെ ആയുധമെടുത്തു, പയറ്റി, വെച്ചുകെട്ടി അവന്‍റെ പ്രധാനീടെ മുന്‍പില്‍ ചെന്നു വന്ദിച്ചു നില്‍ക്കുന്നു. അങ്ങനെ ഓരോരുത്തരെ ആയിട്ട് കാണുകാ. അതാണ്. അല്ലാതെ ഈ തേരിലേക്ക് ഇടുന്ന സമ്പ്രദായമൊന്നും ഇല്ല.
ഈ സമ്പ്രദായം ഇപ്പൊ പതിവുണ്ടോ?
ഇതിപ്പോഴും ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതാ. ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് അതല്ലേ. അത് വേറൊന്നും ചെയ്യാനൊക്കത്തില്ലല്ലോ. ആയുധമൊണ്ടാക്കി തേരിലിടാന്‍ ഈ നരകാസുരന് എന്തൊരു ഗതികേടാ, അവനു കിങ്കരന്മാരില്യോ. ഇതാണ് ഞങ്ങടെ ക്ലാസ്. തന്നത്താനേ അല്ലെന്നര്‍ത്ഥം. പടപുറപ്പാട് എന്നു പറഞ്ഞാല്‍ പടകള് പുറപ്പെടുന്നതാണ്. ആ പടകള് പുറപ്പെടുന്നത് കണ്ടിട്ട് അതിനെ നമ്മള്‍ പകര്‍ന്നാടുകയാ. അപ്പൊ ഓരോ ദൂതനും, ഓരോ സൈന്യാധിപന്മാരും – കുന്തക്കാര്, വാളും പരിചയും ഉള്ളവര്, വാളും കഴുത്തിലയായിട്ട് ഉള്ളവര്, വാളും കഠാരയും… ഇങ്ങനെ ഓരോ ഐറ്റങ്ങളൊണ്ടല്ലോ. ത്രിശൂലം – ഇതൊക്കെ എടുത്ത് അവരുടെ പരിപാടിയെല്ലാം കഴിഞ്ഞ് ശരീരത്തില്‍ വെച്ചുകെട്ടിയോ, തോളില്‍ വെച്ചോ പ്രധാനിയെ വന്ദിച്ചിരിക്കുന്നത്, അത് ഓരോന്നോരോന്നായിട്ടിങ്ങനെ കാണുക. അതാണ് ഞങ്ങടെ പടപുറപ്പാട്.
അതിനുശേഷം ഈ അഹല്യാമോക്ഷം കഥയൊക്കെ ആടുന്നുണ്ടോ?
അതു പിന്നെയുണ്ട്. ഇന്ദ്രന്‍ വരുമ്പൊ പിന്നെ അതുവേണ്ടേ. അത് ആടാതിരിക്കാനും ഒക്കൂല. ചെറിയ വളിപ്പാന്നു തോന്നാറുണ്ടെങ്കിലും ആ കഥ അവിടൊന്നു രൂപപ്പെടുത്താതെ പോകാനൊക്കുമോ. വളരെ നീളാതിരിക്കണമെന്നുള്ളതേ ഉള്ളൂ. ഇന്ദ്രന്‍ വന്നാലാദ്യം കണ്ണെല്ലാം ഒന്നു കാണണ്ടേ. കളിയാക്കലാണു പ്രധാനം. എവിടുന്നു കിട്ടിയെടാ നിനക്കീ കണ്ണൊക്കെ എന്നു ചോദിച്ചോണ്ടാണല്ലോ തുടങ്ങുന്നേ. .എനിക്കറിയാം, നീ… അതീ അഹല്യയെ അന്നേ തന്നെ ഭ്രമിച്ചിരുന്നു, ഇന്ദ്രന്‍. പാലാഴീന്നു വന്നപ്പൊഴേ തന്നെ ഇയാള് ഭ്രമിച്ചിരുന്നു. അന്ന് സകലരും വെള്ളത്തീച്ചാടിയൊടുക്കം ഇദ്ദേഹം- ഗൌതമന് കൊടുക്കാമെന്നു വന്നതുകൊണ്ട് ഇയാള്‍ക്കു തന്നെ കിട്ടിയല്ലോ. ആ മോഹം അന്നേ കെടന്നതാ. ഇയാള് ഇന്ദ്രനല്യോ. അങ്ങനെ വന്ന് വീണതാണല്ലോ. അഹല്യാമോക്ഷം പിന്നങ്ങനെ ആടാറുണ്ട്.
അതിനു ശേഷമുള്ള സ്വര്‍ഗ്ഗജയമോ?
സ്വര്‍ഗ്ഗജയമാണല്ലോ, അത് കഴിഞ്ഞാല്‍ യുദ്ധം, യുദ്ധം കഴിഞ്ഞാല്‍ തോറ്റ് ഓടി, അത് കഴിഞ്ഞാല്‍ അങ്ങനെ ചെല്ലുമ്പോള്‍ ഐരാവതത്തിന്‍റെ വരവാണ്. ഐരാവതം, അതിനെ എടുത്ത് എറിയുക, ഒടുക്കം അവന്‍ സൌഹൃദം ഭാവിച്ച് ഒരു കുട്ടിയാനയെ ഇയാള്‍ക്ക് സംഭാവന ചെയ്യുക. അതിനെ മേടിച്ചിട്ട് നില്‍ക്കുമ്പൊ അദിതി, കുണ്ഡലം – അദിതിയെ കാണുക.
ഈ ഐരാവതത്തിന്‍റെ കൊമ്പ് താഴ്ത്തിയുള്ള.. മരണം ഒന്നുമില്ല …
കൊമ്പു കുത്തിവീഴുന്നത് മരണമല്ല. കിടന്ന് നിലവിളിക്കുന്നു. അവിടെ നിന്ന് എഴുന്നേറ്റ് നിന്നോട് ഞാന്‍ പറഞ്ഞില്യോ വരണ്ടാന്ന് എന്നു പറഞ്ഞ് മാറുമ്പൊഴേക്ക് അയാളിങ്ങോട്ടു വിളിക്കുന്നു. “എന്താ ഇനിയും മതിയായില്ലേ” എന്ന്. ഈ ബലവാന്മാര്‍ക്ക് ഈ തുല്യബലവാന്മാര്‍ക്ക്, ഇതു കഴിഞ്ഞാല്‍ കൈകൊടുക്കുമല്ലോ. എന്നു പറഞ്ഞപോലെ ഇയാള് പ്രീതിയായിട്ട് ഒരാനയെ സംഭാവന ചെയ്യുകയാ നരകാസുരന്. ആ ആനയാ ഭാരതയുദ്ധത്തില്‍ – നരകാസുരന്‍റെ മകനാ ഭഗദത്തനേ. അവന്‍ ആ ആനയുടെ പുറത്തുകേറിയാ വരുന്നേ ഈ യുദ്ധത്തിന്. പിടിച്ചോണ്ടു വന്നതെല്ലാം തിരികെ കൊടുത്തു. ഇത് ദാനം ചെയ്തതല്ലേ. ഈ ആനയെ തിരികെ കൊടുക്കാനൊക്കുകയില്ലല്ലോ. അങ്ങനെ നരകാസുരന്‍റെ അവിടെ നിന്നതാണ് ഈ ആന. ഈ ആനയാ ഭീമനെ എറിഞ്ഞേച്ച് കൊല്ലാന്‍ നില്‍ക്കുമ്പം അര്‍ജ്ജുനന്‍ – പാഞ്ഞ് കൃഷ്ണന്‍ അവിടെ എത്തി. അല്ലെങ്കില്‍ ഭീമനെ കൊന്നേനേ ആ ആന. അത്രേം ബലമുള്ളവനാ, ഭീമന്‍റെ അത്രേം ബലമാ ഈ ആനയ്ക്കും. അതും ആനയങ്ങോട്ട് എടുത്ത് മേലേയ്ക്ക് അങ്ങോട്ട് എറിഞ്ഞേച്ച് കൊമ്പുമായി ഇങ്ങനെ നില്‍ക്കുമ്പൊഴാ അര്‍ജ്ജുനന്‍റെ ഒരു അസ്ത്രം. “വാരണവീരന്‍ തന്‍റെ തലയറ്റു വില്ലറ്റു, വീരന്‍ ഭഗദത്തന്‍ തന്‍റെ തലയറ്റു നാലാമതാന തന്‍ വാലുമരിഞ്ഞിട്ടു കോലാഹലത്തൊടു പോയിതു ബാണവും ” എന്നാ. അര്‍ജ്ജുനന്‍റെ ഒരു ബാണം. വല്ലാത്തൊരു ചിത്രമാ അത്. ആ ആനയാ അത്. ആ ആനയെ ഞാനവിടുന്നിങ്ങോട്ടു വാങ്ങിക്കൊണ്ടു വരും. അതു കഴിഞ്ഞാല്‍ അദിതി കുണ്ഡലം പറിയ്ക്കും. പിന്നെ വെണ്‍കൊറ്റക്കുട, കല്‍പ്പവൃക്ഷം, ദേവസ്ത്രീകളെയും കുറേ പിടിച്ചിട്ടേ അവിടുന്നിങ്ങോട്ടു പോരികയുള്ളൂ. അത്രയും പരിപാടികള് നടത്തും. അത് ഇവിടുത്തെ ഒരു സമ്പ്രദായമാ. അതിപ്പൊ അവിടേം അങ്ങനൊക്കെത്തന്നെ ആവും.
ഈ ഐരാവതം വീഴുന്ന സമയത്ത് ഈ മേളമൊക്കെ നിര്‍ത്തി.. അങ്ങനെ ഒരു സമ്പ്രദായമുണ്ടോ?
അതങ്ങനയല്ലേ. അങ്ങനെയല്ലേ ഒക്കൂ. മേളം നിര്‍ത്തുമല്ലോ. വീണാ ഒറ്റനേ നിര്‍ത്തും. മേളം നിര്‍ത്തേണ്ട… ശൂര്‍പ്പണാങ്കത്തിനും മേളം നിര്‍ത്തുമല്ലോ. പിന്നെ ആ ചലനങ്ങള്‍ക്ക് കൂടുകയല്ലേ ഉള്ളൂ.
പിന്നീട്, നമുക്ക് രാവണവിജയത്തിലേക്കു വന്നാല്‍, വടക്കുള്ള രാവണവിജയത്തില്‍ നിന്നു വ്യത്യസ്തമായിട്ടാണല്ലോ തെക്കോട്ടുള്ള രാവണവിജയത്തിന്‍റെ അവതരണം പലതും – ആട്ടമൊക്കെ. അതിനെപ്പറ്റി ഒന്നു പറയാമോ? ഇവിടെ വിസ്തരിച്ച് ഈ കൈലാസോദ്ധാരണവും പാര്‍വ്വതീവിരഹവുമൊക്കെ ആടുന്നതിന്‍റെ ഔചിത്യം…
അത്..അവിടെ രംഭാപ്രവേശം മാത്രമല്ലേ ഉള്ളൂ. രാവണവിജയം എന്നുപറഞ്ഞാല്‍ അങ്ങോട്ടു പോണം. രാവണവിജയത്തില്‍ ഇപ്പൊ ഈ രംഭയും രാവണനുമായിട്ടുള്ള ഇത് മാത്രമായിട്ടല്ലേ ചുരുക്കിവെച്ചിരിക്കുന്നേ. രാവണവിജയം കഥയില്‍ വൈശ്രവണനും നാരദനും രാവണനും ഇവരൊക്കെ ഇല്യോ. ആ കൂട്ടത്തില്‍ കഥ മുഴുവനെ കളിച്ച് അനുഭവമുണ്ടെനിക്ക്. മാരീചനും വൈശ്രവണനും പ്രഹസ്തനും നന്ദികേശ്വരനും ഒക്കെ കഥാപാത്രങ്ങളോടു കൂടി, ഒടുക്കം കൈലാസത്തിന്‍റെ മുകളില്‍ ഇങ്ങനെ പീഠമൊക്കെ ഇട്ട് ശിവനും പാര്‍വ്വതിയും അവിടെ ഇരിക്കുകയാ. അപ്പോള്‍ ആ കൈലാസമെടുത്തുപൊക്കുമ്പോള്‍ തള്ളവിരലിട്ട് അമര്‍ത്തി അവിടെ വീണിട്ട് സാമഗാനവും – ഇതൊക്കെ രംഗത്ത്, കഥയായിട്ടു തന്നെ അവതരിപ്പിച്ചിരുന്നു. രാവണവിജയം അവിടുത്തുകാര് കണ്ടുകാണത്തില്ല. രാവണവിജയം ഇവിടാണല്ലോ ഒണ്ടായതും, സ്വതേ ഇവിടെത്തന്നെയാണ് സംവിധാനം ഒക്കെ നടന്നിരുന്നേ.
ഇതിന്‍റെ അവസാനം ആശാന്‍ ചെയ്യുന്ന പ്രത്യേകരീതിയിലുള്ള രാഗം പാടലൊക്കെ ഉണ്ടല്ലോ… അത് ആശാന്‍ വികസിപ്പിച്ചെടുത്ത…
അത് എന്‍റെ രൂപമാ. അത് എല്ലാം ഉണ്ടായതാ. സാമഗാനപരിലോലിത – സാമഗാനം കേട്ടിട്ട് ഇറങ്ങിവന്നു എന്നുതന്നെയാണ് അതിനകത്തെഴുതി വെച്ചിരിക്കുന്നേ. ആ സാമഗാനം ചെയ്യുകയാണ്. ശങ്കരാഭരണം ആണ് ഞാന്‍ പാടുന്നതെന്നേ ഉള്ളൂ. രണ്ടു മൂന്നു രാഗം കാണണം രാവണന്‍റെ. രാവണന്‍ വലിയ സംഗീതജ്ഞനായിരുന്നല്ലോ. ശാസ്ത്രീയമായിട്ടു തന്നെ. ഇവരുടെ പഴയ് ഏതോ ശാസ്ത്രത്തിലുണ്ടത്. രാവണന്‍റെ രാഗങ്ങള്‍ – രാവണന്‍ സൃഷ്ടിച്ച രാഗങ്ങള്‍ . അതില്‍ പ്രധാനമാണ് ശങ്കരാഭരണം. അതുകൊണ്ടു ഞാനത് ഉപയോഗിക്കുന്നെന്നേ ഉള്ളൂ.
പക്ഷേ സാധാരണ പിന്‍പാട്ടുകാരന്‍ പാടുന്നതിനു പകരം അത് വേഷക്കാരന്‍ പാടുന്ന…അതെന്താ അങ്ങനെ ആയത്?
വേഷക്കാരന്‍ പാടുന്നെന്ന് തോന്നാറുണ്ടോ? ഞാന്‍ പാടുന്നെന്ന് തോന്നാറുണ്ടോ? അത് ആ സ്തുതി… അദ്ദേഹത്തെ സ്മരിക്കുന്ന ഒരു രാഗഭാവം മാത്രമല്ലേ ഉണ്ടാവൂ. അല്ലാതെ അക്ഷരമൊന്നും പറയുന്നില്ലല്ലോ. അത് വേറൊരാള്‍ പാടിയാല്‍ അതിന്‍റെ ഫലമാവൂല്ല. ഞാനിപ്പൊ, ആദ്യം തന്നെ കോട്ടക്കലാ സംഭവം രൂപപ്പെടുത്തിയതു തന്നെ. അതിനു കാരണവും ഉണ്ടായിരുന്നു. എന്‍റെയൊരു ബാലിവിജയത്തിലെ രാവണന്‍ എന്നു പറഞ്ഞാ അവരാദ്യം വിളിക്കുന്നേ. ഞാനാദ്യം പോകുകാ. മുന്‍പ് ആശാന്‍റെ കൂടെ പോയി ദൂതന്‍ കെട്ടിയിട്ടുണ്ട് രാവണവിജയത്തില്‍ . കുട്ടിക്കാലത്ത്. പിന്നെ എന്നെ ആദ്യമേ വിളിക്കുന്നൊരു കളിയാ. അപ്പൊ പത്മനാഭന്‍ നായരുടെ നാരദനും എന്‍റെ രാവണനും ആണെന്നു പറഞ്ഞിട്ടാ വിളിച്ചിരുന്നേ. ഗോപിയുടെ എന്തോ ആദ്യത്തെ ഒരു വേഷവും. ഗോപിയ്ക്ക് ആ വേഷം എന്തോ വയ്യെന്നു പറഞ്ഞിട്ട് കഥ മാറി. ഒന്നാം ദിവസമാക്കി. അപ്പൊ പത്മനാഭന്‍ നായരുടെ ഹംസമാക്കി. അപ്പൊ ബാലിവിജയം മാറേണ്ടി വന്നു. ഒടനേതന്നെ രാജഖരനോടു വിളിച്ചിട്ട് എന്‍റെ രാവണവിജയമെന്നു പറഞ്ഞു. ശിവരാമനും ഗോപിയും പത്മനാഭനും കൂടിയാണ് ഒന്നാം ദിവസം. അവരുടെ ഓരോ രംഗം കഴിയുമ്പോഴും അപ്ലാസൊക്കെ കേള്‍ക്കുന്നൊണ്ട്. ഒരു രംഭേം കെട്ടിപ്പിടിച്ചേച്ചു പോന്നാല്‍ ഒരു രാവണന് ആരാ കയ്യടിക്കുക? ഒരു ബലാല്‍സംഗോം കഴിഞ്ഞുപോരുന്ന കഥാപാത്രത്തിന് ആരു കയ്യടിക്കും? ആ മനോഭാവം എന്‍റെ ഉള്ളില്‍ വന്നിട്ട് ഞാന്‍ രാജശേഖരനെ വിളിച്ചുപറഞ്ഞു, ചെണ്ടയാരാന്ന് അന്വേഷിക്കാന്‍ പറഞ്ഞു. അപ്പൊ നമ്മടെ.. കലാമണ്ഡലത്തിലുള്ള.. എന്താ അവന്‍റെ പേരു മറന്നുപോയി… നമ്മടെ.. ബലരാമന്‍. ബലരാമനാണ് എനിക്കു ചെണ്ടക്കു വെച്ചിരുന്നേ. ഞാന്‍ ബലരാമനേം വിളിച്ചോണ്ടുപോയി, രംഭാപ്രവേശം കഴിഞ്ഞാല്‍ ഞാനിങ്ങനെ ഒന്നു സഞ്ചരിക്കും, വൈശ്രവണന്‍റെ അടുത്തേക്ക് യുദ്ധത്തിനു ചെല്ലും, വൈശ്രവണനെ മോഹാലസ്യപ്പെട്ടുവീണ് ഭൃത്യന്മാര്‍ എടുത്തോണ്ടു പോയിക്കഴിഞ്ഞാല്‍ ആ പുഷ്പകവിമാനം കാണും, അതിനെ സ്വീകരിക്കും, പുഷ്പകവിമാനത്തില്‍ കയറിക്കഴിഞ്ഞാല്‍, ഉല്‍ഭവത്തില്‍ പുഷ്പകവിമാനത്തില്‍ കയറിക്കഴിഞ്ഞാല്‍ കൊട്ടുമല്ലോ, അതുപോലെ ആകാശത്തേക്ക് ഒന്നുയര്‍ത്തി വിമാനം ഒന്നു യാത്ര ചെയ്തേക്കണം എന്നു പറഞ്ഞു. ചെന്ന് കൈലാസത്തില്‍ ചെന്നു മുട്ടി അങ്ങു നില്‍ക്കണം. അവിടുന്നു താഴെയിറങ്ങി കൈലാസം നോക്കിക്കണ്ട് കൈലാസത്തോട് മാറാന്‍ പറഞ്ഞു, ഉടനേ നന്ദികേശ്വരന്‍ വന്ന് ഇത് ഇന്നിടമാ, നീ വന്ന വഴിയേ പോ എന്ന് പറയും, അവനെ ആക്ഷേപിക്കും, നീ കുരങ്ങന്മാരെക്കൊണ്ട് നശിക്കട്ടെ എന്നു പറഞ്ഞ് അദ്ദേഹം അദ്ദേഹത്തിന്‍റെ പാട്ടിനു പോകും, അതുകഴിഞ്ഞാല്‍ കൈലാസമെടുത്ത് ഉയര്‍ത്തി, കുറേ ഉയര്‍ത്തിക്കൊണ്ടുങ്ങനെ നടക്കും. മേലോട്ടു തട്ടിക്കൊണ്ട്. ആ കൂട്ടത്തില് ഒരു വീളിയോടു കൂടിയങ്ങ് വീഴുകാ. ഭഗവാന്‍ കാലുകൊണ്ട് ഊന്നിയതെന്നാണു സങ്കല്‍പ്പം. അവിടെ കിടന്ന് നിലവിളിച്ചിട്ട് അവിടെ നിന്ന് എണീച്ച്, ഓരോ കൈയ്യും പര്‍വതത്തിന്‍റെ കീഴില്‍ നിന്ന് വലിച്ചെടുത്ത് – അപ്പോള്‍ ചക്കിനകത്തു പെട്ട കരിമ്പിന്‍ചണ്ടി പോലെ ആയി എന്നാണ് കവി എഴുതിയിരിക്കുന്നേ. അത്ര ചതഞ്ഞു, കയ്യേ. ആ കൈയ്യിന്‍റെ ഞരമ്പ് വലിച്ചെടുത്തിട്ട് കാലിന്‍റെ തള്ളവെരലേല്‍ കെട്ടി, വലിച്ചുപിടിച്ച് ശ്രുതിയിട്ടിട്ടാണ് സാമഗാനം ചെയ്യുന്നത്. ആ ശ്രുതിക്കാണ് ശങ്കരാഭരണരാഗം… അത് കണ്ണൊന്നും തുറന്നിരിക്കുകയല്ലല്ലൊ. ആ തളര്‍ന്നുകിടക്കുന്ന ആ .. കുറേ നേരം കഴിഞ്ഞേ ഇതു തന്നെ വരികയുള്ളൂ. അതു കഴിഞ്ഞ് ആ ശങ്കരാഭരണരാഗം ശകലം… ( രാഗം മൂളുന്നു) എന്നങ്ങോട്ട് സ്ഥായിയൊക്കെ പിടിച്ച്, ശങ്കരാഭരണം കുറേ നേരം… കുറച്ച് ഒക്കുന്നിടത്തോളം, കുറച്ച് ഭാഗങ്ങളൊക്കെ…
അത് കോട്ടക്കലാണ്…
കോട്ടക്കലാണ് തുടങ്ങുന്നേ.
കൊല്ലം ഏതാണെന്ന് ഓര്‍മ്മയുണ്ടോ?
ഒരു പത്തുപന്ത്രണ്ട് കൊല്ലമാവും. പന്ത്രണ്ടോ പതിനാലോ വര്‍ഷമാവണം. അവിടുന്ന് ഈ അവസാനിക്കുന്നിടത്ത് ഈ മംഗളധ്വനി, ചെണ്ടയുടെ … ഒന്നു കൊട്ടും. അപ്പൊ ശോഭ കാണും. ഭഗവാന്‍ വന്നതായിട്ട് കണ്ട്, ഈ വാള് നേരത്തേ തന്നെ പീഠത്തിന്‍റെ കീഴേ ഇട്ടിരിക്കും. ഞാന്‍ രംഭയുടെ അടുത്ത് വാളുമായിട്ട് പോകാറില്ല. അതുകഴിഞ്ഞാല്‍ അങ്ങോട്ടെഴുന്നേറ്റു ഭഗവാനെ കണ്ട് തൊഴുതു, ചന്ദ്രഹാസം വാള് തരുന്നതായിട്ട് വാങ്ങിച്ചു. അത് ഇതുതന്നെ കയ്യിലെടുക്കും. അത് കഴിഞ്ഞ് ഭഗവാന്‍ പോയി മറഞ്ഞു കഴിഞ്ഞാല്‍ ഉദ്ധതനായി… പിന്നെ കിട്ടിയില്ലേ… ശരിക്കു പറഞ്ഞാല്‍ ഭഗവാന്‍ ശപിക്കേണ്ടതാ, അപമാനിക്കാന്‍ വന്നവനാ – സാമഗാനത്തിലദ്ദേഹം വീണു. അവിടെ അതാണല്ലോ. അദ്ദേഹത്തിന്‍റെ സംഗീതത്തിലദ്ദേഹം വീണു. അവിടുന്നു പിന്നെയൊരു എടുത്തുകലാശമെന്നിവിടെ, അവിടെ നാലാമിരട്ടിയെന്നു പറയുന്നത് – എടുത്തു ഞാനിങ്ങു പോന്ന് ഉടുത്തുകെട്ടഴിച്ചിട്ടും അവിടെ കയ്യടി തീര്‍ന്നിട്ടില്ലായിരുന്നു. അന്ന് ഞാനാ രാവണന്‍ രംഭേം കെട്ടിപ്പിടിച്ചുവന്നാല്‍ ആരേലും കയ്യടിക്കുവോ? ( ചിരി) കഥയ്ക്കൊരു പൂര്‍ണ്ണതയില്ല. ഒരു ഗുണപാഠമില്ല, ഒരു സുഖവുമില്ല. രാവണവിജയമെന്നു പറയുമ്പൊ അവിടെ വരെ എത്തിയാ അതിനു ഭംഗിയുണ്ട്. ഒരിക്കല്‍ ഞാന്‍ ഹൈദരാലിയോടു ചോദിച്ചു ” എടാ കൂവേ, എന്നാ താനാ രാഗവങ്ങ് അവിടെയങ്ങ് പാടിയാ…” . ” വേണ്ട, ആശാന്‍ തന്നെ പാടുന്നതാ അതിന്‍റെ ഫലം” . രംഗത്ത് അങ്ങനെതന്നെ മതിയെന്ന് .
(തുടരും)
0 Comments