സുരേഷ്കുമാര്‍ ഇ.ബി

August 26, 2014

കലാമണ്ഡലം ജയപ്രകാശ് സദനം ജ്യോതിഷ്‌ബാബുവിന്റെ കൂടെ

അകസ്മികമായിട്ടാണ് ശ്രീ. കലാമണ്ഡലം ജയപ്രകാശുമായി കുറച്ചു നീണ്ടുനിന്ന ഒരു സംഭാഷണത്തിന് അവസരം കിട്ടിയത്. സന്ധ്യക്ക്‌ തുടങ്ങുമെന്നറിയിച്ചിരുന്ന ബാലിവിജയംകളി രണ്ടു മണിക്കൂറോളം വൈകുമെന്നറിഞ്ഞപ്പോഴാണ് കെ. എന്‍. വിശ്വനാഥന്‍ നായരും , മനോജ്‌ കുറൂരും, ഞാനുമടങ്ങുന്ന സംഘം ജയപ്രകാശുമായി ഒരു സൊറപറച്ചിലിനു തുടക്കമിട്ടത്. ആ സംഭാഷണത്തിന്‍റെ ഒരു ചെറുവിവരണം ഇതോടൊപ്പം. 

കലാരംഗത്തേക്ക് എത്തപ്പെടുവാനുള്ള സാഹചര്യം??. 

അച്ഛന്‍ കുറുംകുഴല്‍ വാദകനായിരുന്നു. (ശ്രീ. ചേലക്കര നാരായണന്‍നായര്‍, അമ്മ ശ്രീമതി രാധമ്മ) കുറുംകുഴലിനോട് സ്വാഭാവികമായും താത്പര്യം ഉണ്ടായിരുന്നു. പക്ഷേ ശാസ്ത്രീയമായി ആദ്യം അഭ്യസിച്ചത്‌ കര്‍ണാടകസംഗീതമാണ്. പഴയന്നൂര്‍ എന്‍. പരശുരാമയ്യരുടെ കീഴിലായിരുന്നു നാലു വര്‍ഷക്കാലത്തെ കര്‍ണാടകസംഗീതപഠനം. ഒപ്പം കുറേക്കാലം അച്ഛനോടൊപ്പം കുറുംകുഴല്‍ വായിക്കാനും പോയിരുന്നു.

കഥകളിസംഗീത പഠനം എന്ന് തുടങ്ങി?? 

1986ല്‍ കലാമണ്ഡലത്തില്‍ ആറുവര്‍ഷക്കാലത്തെ കഥകളിസംഗീതം ഡിപ്ലോമ കോഴ്സ്സിനു ചേര്‍ന്നു . കലാമണ്ഡലം രാമവാര്യരാശാനായിരുന്നു ആദ്യഗുരു. പിന്നീട് മാടമ്പി സുബ്രമണ്യനാശാനും, കലാമണ്ഡലം ഗംഗാധരനാശാനും ഗുരുക്കന്മാരായി. കലാനിലയം ഉണ്ണികൃഷ്ണനാശാന്‍റെ കീഴില്‍ തെക്കന്‍കഥകളില്‍ പരിശീലനം നേടി. തുടര്‍ന്നു രണ്ടു വര്‍ഷത്തെ പോസ്റ്റ്‌ ഡിപ്ലോമ കോഴ്സും പൂര്‍ത്തിയാക്കി. 1994ല്‍ പുറത്തിറങ്ങി.

കഥകളിസംഗീതത്തിലേക്ക് പൂര്‍ണമായും മുഴുകുവാന്‍ പിന്നെയും സമയമെടുത്തല്ലോ??.

കുറുംകുഴലിന്‍റെ ആകര്‍ഷണം അപ്പോഴും വല്ലാതെ പിന്തുടര്‍ന്നിരുന്നു. പോഴക്കണ്ടത്തു രാമന്‍നായരുടെ കീഴില്‍ കുറുംക്കുഴലില്‍ പരിശീലനം നേടി. പല്ലാവൂര്‍ അപ്പുമാരാര്‍, പെരുവനം കുട്ടന്‍മാരാര്‍ എന്നിവരോടൊപ്പം കുരുംക്കുഴല്‍പ്പറ്റു അവതരിപ്പിക്കാനുള്ള ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചു. തൃശൂര്‍പ്പൂ രത്തിലെ കുറുംക്കുഴല്‍ വാദകരില്‍ രണ്ടാമന്‍വരെയായി. പലവിദേശ രാജ്യങ്ങളിലും കൊമ്പു/കുഴല്‍ വാദകനായും, ശാസ്ത്രിയനൃത്തങ്ങള്‍ക്ക് പിന്നണിഗായകനായും പിന്നെയും കുറെനാള്‍. ഇതിനിടെ തൃശൂര്‍ ഗോവിന്ദന്‍കുട്ടിയുടെ കീഴില്‍ ആറുമാസക്കാലം നാദസ്വരം പഠിച്ചു. അങ്ങിനെ പലകറക്കങ്ങളും പൂര്‍ത്തിയാക്കി 2005 മുതല്‍ കഥകളി സംഗീതത്തില്‍ സജീവമായി. 

ശാസ്ത്രിയസംഗീതം അഭ്യസിച്ചത്‌ കഥകളിസംഗീതത്തിനു എങ്ങിനെ അനുഭവപ്പെട്ടു??

രണ്ടും തമ്മില്‍ താരതമ്യം ആവശ്യമില്ലല്ലോ. എങ്കിലും കലാകാരനെന്ന നിലയില്‍ രണ്ടിന്‍റെയും രീതികള്‍ രണ്ടുതരം എന്ന് ഞാന്‍ പറയും. ശാസ്ത്രിയസംഗീതംപോലെ സ്വതന്ത്രസംഗീതമല്ലല്ലോ കഥകളിയുടെത്?. ഇവിടെ പിന്നണി സംഗീതമല്ലേ?. 

കഥകളിസംഗീതം ഉപജീവനത്തിന് ഗുണപ്പെടുന്നുണ്ടോ??

ഒരു സംശയവും വേണ്ട. ഉണ്ട്. ഇതാണ് എന്‍റെ ഇപ്പോഴത്തെ ഉപജീവനമാര്‍ഗം. തികച്ചും തൃപ്തികരമായ ജീവിതത്തിനു കഥകളി എന്നെ സഹായിക്കുന്നുണ്ട്. കഥകളിപ്പാട്ടുകാര്‍ക്ക് ഇന്നത്തെ സമൂഹം മെച്ചപ്പെട്ട അംഗീകാരം നല്‍കുന്നുണ്ട് എന്നാണ് എന്‍റെ അഭിപ്രായം. ഇപ്പോള്‍ അമ്പലപ്പുഴ സന്ദര്‍ശന്‍ കഥകളി വിദ്യാലയത്തില്‍ സേവനം അനുഷ്ടിക്കുവാനുള്ള അവസരം കിട്ടിയതും കഥകളിസംഗീതം കാരണമാണ് 

മുന്‍കാല കഥകളി ഗായകരെയും ഇന്നത്തെ തലമുറയെയും ഒന്ന് താരതമ്യം ചെയ്യാമോ ? ഒപ്പം കഥകളി സംഗീതത്തിന്‍റെ ഭാവിയെപ്പറ്റി എന്ത് തോന്നുന്നു ??

കഥകളിസംഗീതത്തിനു ശക്തമായ അടിത്തറ വാര്‍ത്തെടുത്ത ഒട്ടേറെ ഗുരുശ്രേഷ്ടന്മാര് ഇവിടെ ഉണ്ടായിരുന്നു. അവരെയും ഇന്നത്തെ തലമുറയെയും താരതമ്യം ചെയ്യുക ശ്രമകരമാണ്. ഈ തലമുറ തിരിക്കല്‍ എത്രത്തോളം പ്രായോഗികമാണെന്ന് എനിക്കറിയില്ല. എങ്കിലും കഥകളി മനകളുടെയും, കൊട്ടാരങ്ങളുടെയും അകത്തളങ്ങളില്‍ മാത്രമായി ഒതുങ്ങിനിന്നിരുന്ന കാലവും, അതിനുശേഷമുള്ള കാലവും എന്നൊരു തരംതിരിവ് സ്വീകരിക്കുകയാണെങ്കില്‍ പ്രകടമായി തോന്നിയ വ്യത്യാസം പറയാം. പഴയതലമുറ സാഹിത്യത്തെക്കാള്‍ സംഗീതത്തിനു പ്രാധാന്യം നല്‍കി. പുതിയതലമുറ രണ്ടിനും തുല്യപ്രാധാന്യം നല്‍കുന്നു. മാത്രമല്ല മെച്ചപ്പെട്ട ഉച്ചാരണശ്രദ്ധയും പുതിയ തലമുറ നല്‍കുന്നുണ്ട്. 

കഥകളി സംഗീതത്തിന്‍റെ ഭാവിയെപ്പറ്റി എന്ത് തോന്നുന്നു ??

അരങ്ങു സമ്പ്രദായത്തിന്‍റെ പൂര്‍ണതയാണല്ലോ കഥകളിക്കു ലോകമെമ്പാടും ആസ്വാദകരുണ്ടാകാനുള്ള കാരണം. നാളെകളിലും കഥകളിക്കു ശോഭനമായ ഭാവിയുണ്ടാകാതെ തരമില്ല. കഥകളിസംഗീതത്തിന്‍റെ ഭാവിയും തീര്‍ച്ചയായും പ്രതീക്ഷ നല്‍കുന്നതാണ്. ഇപ്പോള്‍ പഠിച്ചിറങ്ങുന്ന കുട്ടികള്‍ നല്ല സംഗീതബോധവും, സാഹിത്യപരിചയവും ഉള്ളവരാണ്. അവര്‍ പഴയ തലമുറയുടെ ആലാപന സവിശേഷതകള്‍ കുറച്ചുകൂടി ശ്രദ്ധയോടെ പിന്തുടരുവാനുള്ള ശ്രമം നടത്തിയാല്‍ നന്നായിരിക്കും എന്നൊരഭിപ്രായം എനിക്കുണ്ട്. ഞങ്ങളൊക്കെ അടിസ്ഥാനപരമായി പഴയതലമുറയുടെ ആലാപനശൈലി കഴിയുന്നിടത്തോളം പിന്തുടരുന്നവരാണ്. 

പദം മുറിക്കുന്നതില്‍ അശാസ്ത്രിയവും സാഹിത്യവിരുദ്ധവുമായ ചില രീതികള്‍ ഇപ്പോഴത്തെ തലമുറയും പിന്തുടരുന്നുണ്ടല്ലോ ?

ഇല്ലെന്നു ഞാന്‍ പറയില്ല. പക്ഷേ. കഥകളിപ്പാട്ടുകാര്‍ക്ക് പലപ്പോഴും താളത്തിനെ അടിസ്ഥാനപ്പെടുത്തി ചില ക്രമീകരണങ്ങള്‍ പിന്തുടരേണ്ടിവരുമല്ലോ.. ആ പഴയഘടന പാടെ ഉപേക്ഷിക്കുവാന്‍ കഴിയാത്തതിന്‍റെ കാരണവും മറ്റൊന്നല്ല. സാഹിത്യ ആസ്വാദകര്‍ക്ക് ആരോചകമെന്നു തോന്നാമെങ്കിലും സംഗീതാസ്വാദകര്‍ക്ക് ഈ രീതിയാണ്‌ പഥ്യം. കഥാസന്ദര്‍ഭങ്ങള്‍ക്ക്‌ അനുസൃതമായി ചില പൊടികൈകള്‍ ആവശ്യമായി വരുന്നുണ്ട്. ഉദാഹരണം പറഞ്ഞാല്‍ നളചരിതം രണ്ടാം ദിവസത്തിലെ “ദയിതേ കേള്‍നീ” എന്ന പതിഞ്ഞപദത്തിനു ധന്യാസി രാഗമാണ് പ്രയോഗിക്കേണ്ടത്. എന്നാല്‍ അപ്പോഴത്തെ സന്ദര്‍ഭത്തിന് ഭാവം ലഭിക്കാനായി “മങ്ങീ” എന്ന് തുടങ്ങുന്ന ഭാഗത്ത്‌ ഇത്തിരി അന്യസ്വരം കലര്‍ത്തി അവതരിപ്പിക്കാറുണ്ട്. വേഷത്തിനുള്ള പിന്നണിയാണല്ലോ കഥകളി സംഗീതം. ആ നിലക്ക് അതിനു സ്വതന്ത്ര നിലനില്‍പ്പില്ലല്ലോ. 

ഈ രംഗത്ത് പിടിച്ചുനില്‍ക്കുവാന്‍ കഴിയുമെന്നുള്ള ആത്മവിശ്വാസം എങ്ങിനെ കിട്ടി??

ആത്മവിശ്വാസം അല്ലെങ്കില്‍ ആത്മധൈര്യം തുടക്കംമുതലേ നന്നായിട്ടുണ്ടായിരുന്നു. എങ്കിലും ഹൈദെരാലിയാശാന്‍റെയും, വെണ്മണി ഹരിദാസേട്ടന്‍റെയും സംഗീതശൈലി ഒട്ടേറെ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ശ്രദ്ധേയരായ പല പാട്ടുകാരുടെയും ശൈലി സമ്പ്രദായങ്ങള്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട് എന്നു പറയുവാന്‍ ഒരു മടിയുമില്ല.

സുഷിരവാദ്യങ്ങളിലും പ്രാവിണ്യം നേടിയിട്ടുട്ടെങ്കിലും ആ വഴി ഇപ്പോള്‍ ഉപേക്ഷിച്ച മട്ടാണല്ലോ ??

ഞാന്‍ നേരത്തെ സൂചിപ്പിച്ചല്ലോ, കുറുംകുഴല്‍ എനിക്ക് വളരെ പ്രിയങ്കരമാണ്. നാദസ്വരവും പഠിച്ചിട്ടുണ്ട്. എങ്കിലും ഇപ്പോള്‍ ഞാന്‍ പൂര്‍ണമായും കഥകളി സംഗീതത്തില്‍ ശ്രദ്ധിക്കുകയാണ്. സുഷിരവാദ്യങ്ങളും, വായ്പ്പാട്ടും ഒരുമിച്ചു കൊണ്ടുപോകുന്നത് ബുദ്ധിമുട്ടാണ്. 

ഇതുവരെ ലഭിച്ച അവാര്‍ഡുകള്‍, അംഗീകാരങ്ങള്‍??

2008ലെ നാട്യപ്രിയ അവാര്‍ഡ്‌ എനിക്ക് നല്‍കിയത് കലാമണ്ഡലം രാമന്‍കുട്ടിനായരാശാനാണ്. എന്‍റെ ജീവിതത്തിലെ ഏറ്റവും സ്വപ്നതുല്യമായ ഒരനുഭവമായിരുന്നു അത്. 2011ലെ വെണ്മണി ഹരിദാസ് പുരസ്‌കാരം, 2013ലെ കോണ്ടൂര്‍ കഥകളി ക്ലബ്‌ അവാര്‍ഡ്‌എന്നിവയാണ് എനിക്ക് ലഭിച്ച പ്രധാന ബഹുമതികള്‍. 

കുടുബം? 
കലാമണ്ഡലത്തിനു സമീപം ചേലക്കരയിലാണ് ഇപ്പോള്‍ താമസം. ഭാര്യ അനിത, മക്കള്‍ ശ്യാം പ്രകാശ്‌, ആരാധിക..

അവസാനകുറിപ്പ്:-ജയപ്രകാശുമായി ഈ സംഭാഷണം നടത്തുമ്പോള്‍ ശ്രദ്ധയില്‍പെട്ട ചില കാര്യങ്ങള്‍ കൂട്ടിചെര്‍ക്കട്ടെ …. കാര്യമായ ഒരു മുന്നൊരുക്കവും ഇല്ലായിരുന്നെങ്കിലും ജയപ്രകാശ് തികഞ്ഞ അത്മാവിശ്വസത്തോടെയാണ് ഈ ചര്‍ച്ചയില്‍ പങ്കെടുത്തത്. അരങ്ങില്‍ തെളിയുന്ന പ്രതിഭ നാളുകള്‍ നീണ്ട കഠിനാധ്വാത്തിന്‍റെ ഫലം എന്ന് തന്നെ ഞങ്ങള്‍ക്ക് ബോദ്ധ്യമായി.


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder