കലാമണ്ഡലം രാമൻകുട്ടി നായർ

December 24, 2012

ആശാന് കലാപാരമ്പര്യം ഉണ്ടോ?

അങ്ങനെ വലിയ പാരമ്പര്യമൊന്നും പറയാനില്ല. ഒരു കാരണവർ മദ്ദളക്കാരനായിരുന്നു എന്ന് വേണമെങ്കിൽ പറയാം. അതും അടിയന്തരക്കൊട്ടുകാരനായിരുന്നു. ഇരുനൂറുവർഷം പഴക്കമുള്ള ഒരകന്ന കലാപാരമ്പര്യമാണിത്.

അച്ഛനമ്മമ്മാർക്ക് കലകളിൽ താൽ‌പ്പര്യമുണ്ടായിരുന്നിരിക്കണമല്ലൊ.?

അമ്മയ്ക്ക് വളരെ ഇഷ്ടമായിരുന്നു കഥകളിയും മറ്റ് കലകളും. ധാരാളം പുരാണങ്ങളും വായിച്ചിട്ടുണ്ട്. മുത്തശ്ശി ഒരിക്കൽ എന്റെ തലയിൽ നോക്കിപ്പറഞ്ഞു ‘മൂന്ന് ചുഴിയുണ്ട്, മുടി ചൂടും’. മുത്തശ്ശിയുടെ വാക്കുകൾ ഒരു നിലക്ക് വളരെ ശരിയാണ് എന്ന് ഇപ്പോൾ തോന്നുന്നു. അച്ഛൻ ആനക്കാരനായിരുന്നു. ചെണ്ടകൊട്ടും  കുരേശെ അറിയാമായിരുന്നു. നാടകാഭിനയവുമുണ്ടായിരുന്നു. നൈഷധം സംഗീതനാടകത്തിൽ അച്ഛന്റെ കലിയും കാട്ടാളനും സ്ഥിരം വേഷങ്ങളായിരുന്നു. എനിക്ക് പന്ത്രണ്ട്‌ വയസ്സുള്ളപ്പോൾ അച്ഛന്റെ നാടകാഭിനയം കണ്ട ഓർമ്മയുണ്ട്.

ആശാന് ബാല്യകാലത്തെ പറ്റി പലതും ഓർക്കാനുണ്ടാവില്ല്ലേ?

ഉവ്വ്. സ്കൂളിൽ പഠിയ്ക്കുന്ന സമയത്ത് ചുറ്റിയമുണ്ട് ഉത്തരീയം പോലെ തോളിലിട്ട് “തോടയം പുറപ്പാടെ’ടുക്കാൻ വലിയ കമ്പമായിരുന്നു. അന്നൊക്കെ അമ്മയോട് പറയുമായിരുന്നു. ‘എനിക്ക് രാവുണ്ണിമേനോന്റെ കളരിയിൽച്ചേർന്ന് കഥകളി പഠിയ്ക്കണം”. കുട്ടിക്കാലത്തെന്നെ ഏറ്റവും ആകർഷിച്ച വേഷം ഹനൂമാന്റേതാണ്. ഹനൂമാനെക്കുറിച്ച് ഒന്നുമറിഞ്ഞിട്ടല്ല. തോരണയുദ്ധത്തിൽ പട്ടിയ്ക്കാം‌തൊടി രാവുണ്ണിമേനോന്റെ സതീർത്ഥ്യനും വെള്ളിനേഴി നാണുനായരുടെ പിതാവുമായിരുന്നു കരിയാട്ടിൽ കോപ്പൻ നായരുടെ ഹനുമാനാണ് ആദ്യം കണ്ടത്. രാക്ഷസന്മാരുമായിട്ടുള്ള ഹനുമാന്റെ ചാപല്യം വളരെ പിടിച്ചു. പിന്നെ പ്രത്യേകിച്ച് രസമൊന്നും തോന്നിയതുമില്ല.

അരങ്ങേറ്റം എവിടെ വെച്ചായിരുന്നു?

കാന്തള്ളൂർ ക്ഷേത്രത്തിൽ വെച്ച്, മൂന്നുമാസത്തെ അഭ്യാസം കഴിഞ്ഞശേഷം സുഭദ്രാഹരണത്തിൽ കൃഷ്ണനായിരുന്നു വേഷം. അരങ്ങത്തേക്ക് കയറുന്നതിനു മുൻപ് സ്കൂളിൽ ഒപ്പം പഠിച്ചിരുന്ന കുട്ടികൾ ഉശിരുപിടിപ്പിച്ചു. “ചാടിത്തകർക്കണ ട്ട്വോ രാമൻ കുട്ടീ”.

കലാമണ്ഡലത്തിൽ അഭ്യാസത്തിന് ഒരു നിശ്ചിത സമയക്രമം ഉണ്ടായിരുന്നോ?

അങ്ങിനെയൊന്നും ഇല്ല. രാവുണ്ണിമേനോനാശാന് തോന്നുമ്പോഴൊക്കെ അഭ്യാസമുണ്ടാകും. അദ്ദേഹത്തിന് ഉറക്കം കഷ്ടിയായിരുന്നു. രാത്രി ലേശം മയങ്ങിക്കഴിഞ്ഞാൽ ഞങ്ങളെ വിളിച്ചുണർത്തി അഭ്യാസം തുടങ്ങും. ആശാൻ കളിയ്ക്കുകയും കഞ്ഞികുട്യിക്കുകയും ചെയ്യുന്ന സമയം മാത്രമാണ് ഞങ്ങൾക്ക് വിശ്രമം.

രാവുണ്ണിമേനോന്റെ അല്ലാതെ മറ്റാരുടേയെങ്കിലും കീഴിൽ പഠിച്ചിട്ടുണ്ടോ?

ഇല്ല. കവളപ്പാറയും നാരായണൻ നായരും കടമ്പൂർ ഗോപാലൻ നായരും കലാമണ്ഡലത്തിൽ പഠിപ്പിച്ചിരുന്നെങ്കിലും എന്നെ ചൊല്ലിയാടിച്ചിട്ടില്ല.

അന്നത്തെ അഭ്യാസസമ്പ്രദായം എങ്ങിനെ ആയിരുന്നു?

ഒരു പദം ചൊല്ലിയാടിക്കുകയാണെങ്കിൽ എത്ര പ്രാവശ്യം ആവർത്തിച്ചാലും ആശാന് മതി വരില്ല. “ഭവദീനിയോഗ” ത്തിലെ “വിടകൊള്ളാം അടിയനും” (ആ ഇരുത്തല്) എത്ര ആവർത്തിച്ചാലും ആശാൻ നിർത്താൻ പറയുകയില്ല. കുട്ടൻ ഭാഗവതർ സമ്മതിച്ചാൽ നിർത്താം. അതുവരെ തുടർന്നുകൊണ്ടേയിരിക്കണം.

വള്ളത്തോളും കളരിയും വള്ളത്തോളും ആശാനും – കലാമണ്ഡലത്തിന്റെ ആദ്യ കാലങ്ങളിൽ ഈ ബന്ധങ്ങൾ ഉണ്ടാകാതെ വയ്യല്ലൊ.

തീർച്ചയായും ഉണ്ടായിരുന്നു. പക്ഷെ ഞാൻ പഠിയ്ക്കുന്ന കാലത്ത് ആശാന്റെ കളരിയിൽ ചൊല്ലിയാട്ടം കാണാൻ വള്ളത്തോൾ നിയമേന വരിക പതിവില്ലായിരുന്നു. ഒരിക്കൽ ഒരു തമാശയുണ്ടായി. പദങ്ങളും മുദ്രകളും തമ്മിൽ ബന്ധമില്ലാതേയും മുദ്രകൾ തെറ്റിച്ചും കുട്ടികൾ വല്ലപ്പോഴും കാണിച്ചാ‍ൽ അത് മഹാകവിക്ക് സഹിക്കില്ല. ഒരു ദിവസം കളരിയിൽ വന്ന് ഏതോ ഒരു വാക്കിനു മുദ്രകാണിച്ചത് ശരിയായില്ലെന്ന് വള്ളത്തോൾ പറഞ്ഞത് ആശാന് തീരെ രസിച്ചില്ല. ആശാൻ കളരിയിൽ നിന്ന് ദേഷ്യപ്പെട്ട് പോവാനൊരുങ്ങി. അത് വള്ളത്തോളിനു വിഷമം ആയി. പിന്നീടദ്ദേഹം കളരിയിൽ കയറി വരുന്നത് നിർത്തി. ആശാൻ കലാമണ്ഡലത്തിൽ നിന്നും വിട്ടതിനുശേഷം വള്ളത്തോൾ കളരിയിൽ സ്ഥിരമായി വന്നു തുടങ്ങി. വാക്കുകളുടെയെല്ലാം അർത്ഥം പറഞ്ഞ് തരും. അക്കാലത്തൊരു ദിവസം ഞാൻ “ശേഷേശയാനം” വിക്കിവിക്കി ചൊല്ലി അദ്ദേഹത്തെ കേൾപ്പിച്ചു. അദ്ദേഹത്തിനു വലിയ സന്തോഷമായി.

വള്ളത്തോൾ മുദ്രകളിൽ വ്യത്യാസം വരുത്തിയിട്ടുണ്ടോ?

ഉണ്ട്. അപൂർവ്വം ചിലത്. ‘ൽ’ നിന്ന് എന്നുള്ള വിഭക്തി മുദ്ര, സോദരൻ സോദരി എന്നിവക്ക് വ്യത്യസ്ത മുദ്രകൾ ഇതൊക്കെ അദ്ദേഹം നടപ്പാക്കിയതാണ്. പൂതനാമോക്ഷത്തിൽ ‘മുത്തണിമുലമാർ’ എന്നതിനു പദാർത്ഥമുദ്ര കാണിക്കുന്നത് വള്ളത്തോളിന് ഒട്ടും പ്രിയമായിരുന്നില്ല. അദ്ദേഹമതിന് സുന്ദരി എന്ന മുദ്രകാണിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. അതുപോലെ കുട്ടിയെ തൊട്ടിലിലാട്ടൽ അദ്ദേഹത്തിന്റെ വകയാണ്.

വള്ളത്തോൾ നിർദ്ദേശിച്ചിട്ടുള്ള മനോധർമ്മശ്ലോകങ്ങളെ പറ്റി ആശാന്റെ അഭിപ്രായമെന്താണ്?

ചിലതൊക്കെ ആടാൻ അസ്സലാണ്. മറ്റ് ചിലത് അത്ര തന്നെ പറ്റില്ല. നളചരിതം രണ്ടാം ദിവസത്തിൽ നളനുവേണ്ടി അദ്ദേഹം നിർദ്ദേശിച്ച “പാലാണിന്ന് നിലാവ്‌..” എന്ന വിലാസലതികയിലെ മനോഹരമായ വർണ്ണന ആടിഫലിപ്പിക്കാൻ ബുദ്ധിമുട്ടാണ്. മുദ്രകളില്ല, കാണിച്ചാൽ അനുഭവവും കഷ്ടിയാണ്. രംഭാപ്രവേശത്തിൽ രാവണന്റെ ചന്ദ്രനോടുള്ള ആജ്ഞ അദ്ദേഹം നിർദ്ദേശിച്ചതാണ്. ഒരിക്കൽ രംഭാപ്രവേശത്തിൽ എന്റെ രാവണൻ കണ്ടിട്ട് അദ്ദേഹം ചോദിച്ചു. ‘രാവണനും കീചകനും ഒരു പോലെയാണോ? രാവണൻ ചോദിക്കും. സമ്മതിച്ചില്ലെങ്കിൽ പിടിച്ചുവലിക്കും. അത്രേ ഉള്ളൂ’. കീചകനുവേണ്ടി അദ്ദേഹം തെരഞ്ഞെടുത്ത ‘ലാവണ്യക്കടലിൽ കളങ്കമിയലാതുണ്ടാ‍യ വാർതിങ്കളോ’ എന്ന് തുടങ്ങുന്ന ശ്ലോകം മുഴുവൻ ആടിഫലിപ്പിക്കാൻ പ്രയാസമാണ്. പക്ഷെ ഒന്നുണ്ട്, വന വർണ്ണനക്കുള്ളാ ശ്ലോകങ്ങൾ എല്ലാം ഒന്നാം തരമാണ്. കാലകേയവധത്തിൽ അർജ്ജുനന്റെ സ്വർഗ്ഗവർണ്ണന ദേവസ്ത്രീകളുടെ കളി-ഇതൊക്കെ മഹാകവിയുടെ ആശയങ്ങളാണ്. ഇന്ദ്രാണിയും അർജ്ജുനനുമായിട്ടുള്ള സംവാദമൊക്കെ വളരെ കേമമാണ്. അതൊക്കെ അദ്ദേഹത്തിന്റെ ഭാവനയിൽ നിന്നുമുണ്ടായിട്ടുള്ളതാണ്. – ‘സുഭദ്ര പ്രസവിച്ചോ’ എന്നുള്ള ഇന്ദ്രാണിയുടെ ചോദ്യം ഔചിത്യത്തിന് മകുടോദാഹരണമാണ്.

രംഭാപ്രവേശത്തിന് കളരിയിൽ ഒരാട്ടസമ്പ്രദായം ഇല്ലേ?

ഇല്ല. കളരിയിൽ ഇല്ല. അരങ്ങത്തേ ഉള്ളൂ.

പരശുരാമന്റെ ഇപ്പോഴത്തെ സമ്പ്രദായം പണ്ടുമുതൽക്കേ ഉള്ളതാണോ?

അല്ല. ഞാനായിട്ടാണ് ഇങ്ങനെയൊക്കെ ആക്കിയത്.

അതിനു മുൻപോ?

അതിനു മുൻപ് പരശുരാമന് പഴുപ്പുമനയോലയും ഉടുത്തുകെട്ടുമായിരുന്നു. അതത്ര ഉള്ളിൽ തട്ടുന്നതായി എനിക്ക് തോന്നിയില്ല. ഇപ്പോഴത്തെ ആഹാര്യസമ്പ്രദായം വള്ളത്തോളിനോടു ചോദിക്കാതെ ഞാൻ സ്വയം സംവിധാനം ചെയ്തവതരിപ്പിച്ചതാണ്.

പരശുരാമൻ അക്കാലത്ത് കുറെ ഉണ്ടായി, ഇല്ലേ?

എത്രയാണെന്നു കണക്കില്ല. കടുത്തുരുത്തിയിൽ മൂന്നുദിവസം അടുപ്പിച്ച് പരശുരാമൻ ഉണ്ടായി. ഇത് പത്രത്തിൽ നിന്ന് വള്ളത്തോളറിഞ്ഞു. ‘ഇതിങ്ങനെയായാൽ പറ്റില്ല. ഒരു ഫീസ് നിശ്ചയിക്കണം’. അങ്ങനെ അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം കലാമണ്ഡലം ഭരണസമിതി പരശുരാമന്റെ വേഷത്തിന് നൂറ്റിഒന്നുറുപ്പിക പ്രത്യേക ഫീസ് നിശ്ചയിച്ചു. ആയിടയ്ക്ക് വടക്കേ മലബാറിൽ നിന്ന് പരശുരാമന്റെ വേഷത്തെ കുറിച്ച് ഒരാക്ഷേപം വന്നു. നാടകത്തിലെ വേഷമാണ് സ്വീകരിച്ചിരിക്കുന്നതെന്നായിരുന്നു ആക്ഷേപം. ഇത് പത്രത്തിൽ വന്നപ്പോൾ വള്ളത്തോൾ പരീക്ഷിത്ത് തമ്പുരാന് എഴുതി ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി വന്നു. ‘രവി വർമ്മ ചിത്രത്തിന്റെ രൂപത്തിലാണ് നമ്മുടെ മനസ്സിൽ പരശുരാമന്റെ വേഷം. ആ ഛായയിൽ തന്നെ ആണ് കഥകളിയിലും വേണ്ടത്. ഈ വേഷത്തിൽ ഒരപാകതയും ഇല്ല’.

അതിൽ ആശാൻ ആട്ടങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ടോ?

പരശുരാമന്റെ ആട്ടത്തിന് ഒമ്പത് വട്ടം വെച്ചുകലാശം എടുക്കണമെന്നുവെച്ചു. പെട്ടെന്ന് ചാടി മാർഗ്ഗമദ്ധ്യേ വരണം. അതുള്ളിൽ തോന്നിയതാണ്. പരശുരാമന്റെ ചൊല്ലിയാട്ടമൊക്കെ ഞാൻ തന്നെയാണ് ചിട്ടപ്പെടുത്തിയത്. അന്നേക്ക് രാവുണ്ണിമേനോനാശാൻ കലാമണ്ഡലത്തിലില്ലാത്ത കാലമായി കഴിഞ്ഞിരിക്കുന്നു.

രാമായണം ചൊല്ലിയാടിയത് വള്ളത്തോളിന്റെ നിർദ്ദേശപ്രകാരമാണോ?

അതെ, സേതുബന്ധമായപ്പോൾ നിർത്തി. വേഷക്കാരെത്രയായാലും മതിയാവില്ല. മഹാകവി വാല്മീകി രാമായണം പരിഭാഷപ്പെടുത്തി കഴിഞ്ഞപ്പോൾ തോന്നിയ മോഹമായിരുന്നു അത്.

‘ക്ഷത്രിയവംശം’ എന്ന ഭാഗത്തുള്ള ആട്ടം നേരത്തെ ഉണ്ടോ?

ഇല്ല. അത് ഞാൻ സംവിധാനം ചെയ്തെടുത്തതാണ്.

പരശുരാമന്റെ വേഷത്തിൽ ആശാൻ വരുത്തിയ പരിഷ്കാരങ്ങൾ സമഗ്രമായി അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.

പുത്രകാമേഷ്ടിയാഗം, നാലുപുത്രന്മാർ നാശത്തിനായുണ്ടായി എന്നിങ്ങനെ ദശരഥനോടുള്ള ചില്ലറ ആട്ടങ്ങൾ കൂടാതെ ‘ക്ഷത്രിയവംശമശേഷം’ എന്ന് തുടങ്ങുന്ന പദത്തിന് മഴു എടുത്ത് നോക്കി ഒരു പൂർവ്വകഥ അനുസ്മരിക്കും. ‘ശിവന്റെ വില്ലാണ് ത്രയ്യമ്പകം’. ഒരിക്കൽ ഞാൻ ശിവനെ കാണാൻ പോയി. ഗോപുരകവാടത്തിൽ വെച്ച് ഗണപതി എന്നെ തടഞ്ഞു. മഴുകൊണ്ട് ഞാനൊറ്റ വെട്ട്. ഗണപതി അലമുറയിട്ട് രക്തത്തിൽ കുളിച്ച് രക്തത്തിൽ കിടന്നുരുണ്ടു. ശിവപാർവ്വതിമാർ നിലവിളി കേട്ട് വന്നുനോക്കിനിന്നതല്ലാതെ ഒരക്ഷരം പറഞ്ഞില്ല. ഞങ്ങളെ മാറിമാറി നോക്കി മൌനം പൂണ്ടു. അത്ര ശിഷ്യവാത്സല്യമുള്ള ഗുരുവിന്റെ വില്ലാണ് ഇവനൊടിച്ചത്. ഇങ്ങനെയാണ് സന്ദർഭവുമായി ബന്ധപ്പെടുത്തിയത്.

ലവണാസുരവധത്തിലെ ഹനൂമാൻ ആശാനിലൂടെ പുതിയ ഒരു ഭാവം കൈക്കൊള്ളുന്നുണ്ടല്ലൊ.

അതിൽ ഞാനൊരു പുതിയ മനോധർമ്മം ആടാറുണ്ട്. ലവകുശന്മാരെ കാണുമ്പോൾ ഹനൂമാന് പഴയ ഓർമ്മ ഉണ്ടാകുന്നു. ശ്രീരാമലക്ഷ്മണന്മാരെ രണ്ട് ചുമലിലിരുത്തി സുഗ്രീവസവിധത്തിൽ കൊണ്ടുവന്ന ഓർമ്മ. ഈ കുട്ടികളെ കാണുമ്പോൾ അവരുടെ (ശ്രീരാമലക്ഷ്മണന്മാരുടെ) ഛായ എന്റെ മനസ്സിൽ തെളിഞ്ഞു വരുന്നു. അപ്പോൾ തന്നെ കൂടെ സംശയവും. പക്ഷെ ഇവർ മുനികുമാരന്മാരാണല്ലൊ.

ഹനൂമാന്റെ വേഷം ആശാനെ ചൊല്ലിയാടിച്ചിട്ടുണ്ടോ?

ഇല്ല. ഏട്ടന്റെ (പിണ്ടാലി കുമാരൻ നായർ) വെള്ളത്താടിയേ നന്നാവൂ എന്ന് ആശാന് തോന്നിയിരുന്നു. അതുകൊണ്ട് എന്നെ ചൊല്ലിയാടിച്ചിട്ടില്ല. ചൊല്ലിയാടിക്കുന്നത് കണ്ട ഓർമ്മയേ ഉള്ളൂ.

ചെറിയ നരകാസുരന്റെ ആട്ടത്തിൽ കളരി സമ്പ്രദായത്തിൽ നിന്നും പലതും വുപുലീകരിച്ചു കാണുന്നുണ്ടല്ലൊ.

അഹല്യാമോക്ഷം വളരെ വിസ്തരിച്ച് ഞാനാടാറുണ്ട്. പൈങ്കുളം രാമച്ചാക്യാർ ഒരിക്കൽ കാന്തള്ളൂരമ്പലത്തിൽ വെച്ച് കൂത്ത് നടത്തിയപ്പോൾ അദ്ദേഹത്തിൽ നിന്ന് കിട്ടിയ ചിത്രമാണ് ഞാൻ മുഴുവനായും ആട്ടത്തിൽ പകർത്തിയിരിക്കുന്നത്. ഐരാവതവുമായുള്ള ഏറ്റുമുട്ടലും വളരെ വിശദമായി കാണിക്കാറുണ്ട്. അതൊക്കെ പലപ്പോഴായി ചിട്ടപ്പെടുത്തിയതാണ്.

കവളപ്പാറ നാരായണൻ നായരുടെ സ്വാധീനം ആശാനുണ്ടായിട്ടുണ്ടോ?

പറയത്തക്കതായിട്ടൊന്നുമില്ല. കൂട്ടുവേഷങ്ങൾ ധാരാളമുണ്ടായിട്ടുള്ളതുകൊണ്ട് എന്തെങ്കിലും സ്വാധീനമുണ്ടായിട്ടുണ്ടാവാം. നാരായണൻ നായർ രാജസൂയത്തിൽ ശിശുപാലൻ കെട്ടി കൃഷ്ണലീല ആടുമ്പോൾ വെണ്ണ മോഷ്ടിച്ചതും മറ്റും ആടാറുണ്ടായിരുന്നു. അതിനുപകരം ഞാൻ രുക്മിണീസ്വയംവരം ആണ് ആടാറുള്ളത്. മറ്റേത് ബാലചാപല്യം പറയലാണ്. ചീത്തപറയാനും പരിഹസിക്കാനും കൂടുതൽ യോജിപ്പ് രുക്മിണീസ്വയം‌വരം ആടുമ്പോഴാണെന്ന് എനിക്ക് തോന്നിയതുകൊണ്ടാണ് അത് സ്വീകരിച്ചത്.

മുദ്രകൾ, ചിട്ട, ചടങ്ങുകൾ എന്നിവയിൽ ആശാൻ വരുത്തിയ പരിഷ്കാരങ്ങൾ എന്തൊക്കെയാണ്?

പ്രധനം അഷ്ടകലാശം. സുഭദ്രാഹരണത്തിൽ ബലഭദ്രനും കൃഷ്ണനും എടുക്കുന്നത്. ചങ്ങനാശ്ശേരിയിൽ വെച്ചാണ് ഇതാദ്യമുണ്ടായത്. ആളുകൾക്ക് നിർബന്ധം. കരുണാകരന്റെ കൃഷ്ണനായിരുന്നു. കളികഴിഞ്ഞ് കലാമണ്ഡലത്തിൽ വന്നപ്പോൾ കുഞ്ചുനായരോട്‌ ഇതിന്റെ ഔചിത്യത്തെ പറ്റി ചോദിച്ചു. അദ്ദേഹം പറഞ്ഞു, ‘തെറ്റില്ല, പക്ഷെ ക്റ്റുർഹവദ കഴിഞ്ഞേടത്ത് ആകെ ക്ഷീണമാവും. അതിനുശേഷം ബലഭദ്രന് അഷ്ടകലാശമെടുക്കാൻ ബുദ്ധിമുട്ടല്ലേ?’. പിന്നീടൊരിക്കൽ കുഞ്ചുനായർ തന്നെ എറണാകുളത്ത് വെച്ച് അഷ്ടകലാശമെടുക്കുകയുണ്ടായിട്ടുണ്ട്. ഇപ്പോളിത് കലാമണ്ഡലത്തിൽ കളരിച്ചിട്ടയാക്കിയിട്ടുണ്ട്. ‘പൂഞ്ചോല’ എന്നുള്ളതിന് ‘ഉദ്യാന’ത്തിന് പകരം ‘പൂവ്’ എന്ന് കാണിച്ച് ‘ചോല’ എന്ന മുദ്രകൂടി കാണിക്കുകയാണ് ഞാൻ ചെയ്യാറുള്ളത്. വനത്തിൽ ഉദ്യാനമുണ്ടാവാൻ വയ്യല്ലൊ. അതുകൊണ്ട് ഇങ്ങനെയൊരു മാറ്റമായാൽ കൂടുതൽ നന്നാവുമെന്ന് എനിക്ക് തോന്നി.

രാവുണ്ണി മേനോനുള്ളപ്പോൾ തന്നെ ആദ്യവസാന വേഷങ്ങൾ കെട്ടിത്തുടങ്ങിയോ?

അധികമില്ല, ഇടയ്ക്കൊക്കെ.

ഒപ്പമുള്ള വേഷക്കാരാരൊക്കെ ആയിരുന്നു?

ബാലകൃഷ്ണനും ഗംഗാധരനും

കുഞ്ചുക്കുറുപ്പിന്റെ കൂടെ കൂട്ടുവേഷം ഉണ്ടായിട്ടുണ്ടോ?

ഉവ്വ്. ധർമ്മാംഗദൻ പലപ്രാവശ്യം ഉണ്ടായിട്ടുണ്ട്.

ആദ്യവസാനവേഷങ്ങൾ സർവ്വസാധാരണയായി കെട്ടി തുടങ്ങിയത് എപ്പോൾ മുതൽക്കാണ്?

വലിയ ആശാന്മാരുടെ കാലശേഷം.

‘യുദ്ധാങ്കണമതിൽ’ എന്നതിന്റെ ചൊല്ലിയാട്ടച്ചിട്ടയിൽ വ്യത്യാസം വരുത്തിയിട്ടുണ്ടോ?

കെട്ടിച്ചാടൽ മൂന്നാക്കി. മറ്റുവ്യത്യാസങ്ങൾ ഒന്നുമില്ല.

‘ആരിഹ വരുന്നു’ എന്ന പദത്തിലെ ശബ്ദവർണ്ണനയിൽ വല്ല വ്യത്യാസവും വരുത്തിയിട്ടുണ്ടോ?

ചിലത് കുറച്ചിട്ടുണ്ട്. ചിലത് കൂട്ടിയിട്ടുണ്ട്. ശബ്ദവർണ്ണനയിൽ പർവ്വതങ്ങൾ കൂട്ടിമുട്ടൽ കാണിച്ചുകഴിഞ്ഞാൽ സാധാരണ പതിവ്‌ ചുറ്റും നോക്കിക്കാണലാണ്. ‘ലോകനാശം വന്നുവോ?’ (ആലോചിച്ച്) ‘വൃക്ഷങ്ങൾ പൂത്തും തളിർത്തും നിൽക്കുന്നുണ്ട്’, അതുകൊണ്ട് ഇല്ല, വന്നിട്ടില്ല’ എന്നാടുകയാണ് പതിവ്‌. ആ സ്ഥാനത്ത് ഞാൻ രാമായണം ചുരുക്കിയാടാറുണ്ട്. പട്ടാഭിഷേകം കഴിഞ്ഞ് സീത എല്ലാവർക്കും സമ്മാനം കൊടുത്തു. ഹനൂമാന് മാലയും കൊടുത്തു.ശ്രീരാമൻ ഹനൂമാനോട് എന്താ വേണ്ടത് എന്ന് ചോദിച്ചു. ‘എനിക്കൊന്നും വേണ്ട. അങ്ങയോടുള്ള ഭക്തിക്ക് ഇളക്കം തട്ടാ‍ാതിരിക്കാനുള്ള അനുഗ്രഹം മാത്രം മതി.’ ശ്രീരാമന്റെ അനുഗ്രഹത്തോടുകൂടി അങ്ങനെ തപസ്സ് ചെയ്യുന്ന എന്റെ തപസ്സിന് ഭംഗം വരാൻ കാരണമെന്ത് എന്ന് ആടും.

ഭക്തിയും ശാന്തവും വ്യത്യാസപ്പെടുത്തി കാണിക്കാൻ പറ്റുമോ?

ഇല്ല. മനസ്സിൽ വിചാരിക്കാം. മനസ്സിൽ ഇതു വെവ്വേറെ കാണാൻ കഴിഞ്ഞാൽ പ്രകടിപ്പിക്കുമ്പോൾ കുറച്ച് മാറ്റമുണ്ടായെന്ന് വരാം. കാണുന്ന ആൾ അത്ര ശ്രദ്ധിക്കുകയും വേണം.

തോരണയുദ്ധത്തിലെ ആട്ടക്രമങ്ങൾ?

സമുദ്രവർണ്ണനയും മറ്റും ഞാൻ വാൽമീകി രാമായണം വായിച്ചുണ്ടാക്കിയതാണ്. ചിലതൊന്നും ആടാൻ പറ്റില്ല. ഹനൂമാൻ ചാടിയപ്പോൾ വൃക്ഷങ്ങളും പൂക്കളും മറ്റും കാറ്റിൽ ഹനൂമാനെ അനുഗമിച്ചു. ഇത് കണ്ടാൽ ഹനൂമാനെ യാത്രയയക്കുകയാണെന്നും തോന്നും. അവ പിന്നീട് തിരിച്ച് പോന്നു.-കാറ്റുനിലച്ചപ്പോൾ കടലിൽ വീണു എന്ന അർത്ഥത്തിൽ. ഈ കവി ഭാവന ആടാനൊന്നും പറ്റില്ല. എന്നാൽ ഫലിപ്പിക്കാവുൻ ചിലതൊക്കെ സ്വീകരിച്ചിട്ടുണ്ട്.

തോരണയുദ്ധത്തിൽ ഹനൂമാന് വള്ളത്തോൾ നിർദ്ദേശിച്ചിട്ടുള്ള ആട്ടങ്ങൾ ഉണ്ടോ?

ഇല്ല.

കല്യാണസൌഗന്ധികത്തിൽ ഹനൂമാന്റെ തപസ്സിന് വ്യത്യാസം വല്ലതും വന്നിട്ടുണ്ടോ?

ഇല്ല. പണ്ടേ ഇങ്ങനെയാണ്.

ഹനൂമാന്റെ ചടങ്ങിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ?

തപസ്സുറപ്പിക്കുമ്പോഴത്തെ നാഡീബന്ധനം താഴത്തും മുകളിലും കാണിക്കുന്നത് ഞാനായിട്ട് തുടങ്ങിയതാണ്. ഇടയിൽ വെച്ച് ബന്ധിക്കലും എന്റെ സ്വന്തം വകയാണ്. കുഞ്ചുനായർ മുകളിൽ മാത്രമേ കാണിച്ചിരുന്നുള്ളൂ. കളരിയിലും അത്രയേ പതിവുള്ളൂ.

കീചകവധത്തിൽ ‘കണ്ടിവാർ കുഴലീ’ എന്ന അവസാനരംഗത്തിൽ കീചകന്റെ പ്രവേശം ആശാൻ കളരിച്ചിട്ടയിൽ നിന്ന് മാറ്റിയിട്ടുണ്ടോ?

ആശാന്റെ സമ്പ്രദായപ്രകാരം ‘കിടതികധിംതാം‘ വെച്ചുകൊണ്ടുള്ളാ വരവാണ്. ഇരുട്ടത്തെന്നപോലെ തപ്പിത്തടഞ്ഞുകൊണ്ട് പതുക്കെ കയറി വരുന്നത് ഞാൻ തുടങ്ങിവെച്ചതാണ്.

മുമ്പുചെയ്യാതിരുന്ന ചിലത് ആശാൻ തുടങ്ങിയിട്ടുണ്ടെന്ന് കേൾക്കുന്നു. അഷ്ടകലാശത്തിന്റെ കാര്യമാണ് ചോദിക്കുന്നത്.

ശരിയാണ്. വടക്കൻ സമ്പ്രദായത്തിൽ കല്യാണസൌഗന്ധികത്തിലെ ഹനൂമാന് അഷ്ടകലാശമെടുക്കാറില്ല. തെക്കോട്ടത് പതിവുണ്ടുതാനും. പണ്ട് ആരുപറഞ്ഞാലും ഞാൻ ചെയ്യാറില്ലായിരുന്നു. എന്നാൽ പിന്നീട് തെക്കരുടെ ഭാഷയിൽ പറഞ്ഞാൽ ‘കരക്കാർ’ ആവശ്യപ്പെട്ട് തുടങ്ങി എന്ന് മാത്രമല്ല നിർബന്ധം പിടിക്കാനും തുടങ്ങി. വട്ടമുടി വെച്ചാൽ അഷ്ടകലാശമെടുക്കണമെന്ന് തെക്കോട്ടൊരു ധാരണ ഉണ്ടെന്ന് തോന്നും ചിലപ്പോൾ. കൊല്ലത്ത് വെച്ച് കുറച്ച് കാലം മുൻപ് ഇങ്ങനെയൊരു പ്രശ്നംവന്നപ്പോൾ ഒരാൾ പറഞ്ഞു. ‘വടക്കർക്കൊരതിർ‌വരമ്പുണ്ട്, അവരതിനപ്പുറത്ത് പോവില്ല. രാമൻ കുട്ടി നായരെ നിർബന്ധിക്കണ്ട’ അന്നൊക്കെ അഷ്ടകലാശം എടുക്കയില്ലെന്ന് വാശിയായിരുന്നു എനിക്ക്.

കീചകന്റെ ചോരയൊലിപ്പിച്ച് കൊണ്ടുള്ള മരണം ഇപ്പോൾ കാണാറില്ലല്ലൊ.

അത് തുടങ്ങിയത് ഞാൻ ആണ്. പിന്നെ വേണ്ടെന്ന് വെച്ചു. എം.കെ.കെ. നായരും പറഞ്ഞു. ‘രാമൻ കുട്ടി അത് വേണ്ട, ഔചിത്യമില്ല’,

വെള്ളത്താടി ആദ്യം എവിടെയാണ് കെട്ടിയത്?

പള്ളിക്കുറുപ്പിൽ വെച്ച്. ബാലിവധത്തിൽ കുട്ടിഹനൂമാൻ. കൃഷ്ൺൻ നായരുടെ ബാലിയും കുഞ്ചുനായരുടെ സുഗ്രീവനുമായിരുന്നു.

പച്ചവേഷത്തിനു പലരും താടിയിൽ ചുവപ്പുതേച്ചു കാണാറുണ്ടല്ലൊ.

ഞാൻ ഒരിക്കലും പതിവില്ല. നന്നല്ലതാനും. പുതിയസമ്പ്രദായങ്ങളാണതെല്ലാം.

പുറപ്പാടി’ൽ മാറ്റങ്ങൾ വല്ലതും വരുത്തിയിട്ടുണ്ടോ?

ഇല്ല. അതുപാടില്ല. പകുതിപ്പുറപ്പാടിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്. ‘തകത’ ഏറ്റിച്ചുരുക്കുന്നതിലും മറ്റും രാവുണ്ണിമേനോനാശാൻ ‘പകുതിപ്പുറപ്പാട്‌‘ കണ്ടിട്ടില്ല. കണ്ടാൽ പിടിക്കുകയുമില്ല. തീർച്ചയാണ്.

മുഖത്തെഴുത്തിലും മറ്റും ആശാൻ മാറ്റം വരുത്തിയിട്ടുണ്ടോ?

ഹനൂമാന്റെ മുഖത്തെഴുത്തിൽ ചില ചില്ലറ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ആഹാര്യത്തിലെ പുതിയ പരീക്ഷണങ്ങളോട് ആശാന് അനുഭാവം തോന്നിയിട്ടുണ്ടോ?

ഇല്ല.

കല്ലുവഴിച്ചിട്ടയുടെ വളർച്ച കണ്ടും അറിഞ്ഞു മനസ്സിലാക്കിയ ആശാൻ അതിനെക്കുറിച്ചൊന്ന് വിശദീകരിച്ചാൽ കൊള്ളാം.

ഇട്ടിരാരിച്ചമേനോനിൽ നിന്ന് തുടങ്ങിയ ചിട്ട രാവുണ്ണി മേനോനാശാനാണ് പരിപുഷ്ടമാക്കിയത്. മാറ്റങ്ങൾ പലതും വരുത്തിയിട്ടുണ്ട്. മുഖം കാലുകൊണ്ട് ഉഴിഞ്ഞിരുന്നത് കൈകൊണ്ടാക്കി. കണ്ണുസാധകത്തിന്റെ സമയം മാറ്റി. അങ്ങനെ അഭ്യാസക്രമത്തിൽ പ്രത്യക്ഷത്തിൽ ചെറുചെറുതെങ്കിലും സുപ്രധാനമായ പരിഷ്കാരങ്ങൾ വരുത്തിയത് രാവുണ്ണി മേനോനാശാനാണ്.

ചിട്ടയുടെ പ്രാധാന്യം ആശാന്റെ അഭിനയസമ്പ്രദായത്തിൽ നിന്ന് തന്നെ ബോദ്ധ്യമാവും. എങ്കിലും വ്യാഖ്യാനിക്കാമോ?

രാവുണ്ണിമേനോനാശാൻ പറയാറുണ്ടായിരുന്നു. ‘കട്ടുകൊണ്ട് പോവാൻ കഥകളിയിലെ ചിട്ട സമ്മതിക്കില്ല’ കാൽമുട്ടുകറ്റുക. കാലിന്റെ വക്കുകൊണ്ട് ചവിട്ടുക. കൈമുട്ടുകൾ പൊന്തിക്കുക ഇങ്ങനെയുള്ള അസാധാരണ സംവിധാനക്രമങ്ങൾ കൂടിച്ചേരുമ്പോൾ ചിട്ട വരികയായി. രണ്ടുപ്രാവശ്യം പദം പാടിയാൽ മുദ്രകഴിയണമെന്നുണ്ട്. ചിട്ട നിലനിർത്തണമെങ്കിൽ നല്ല അഭ്യാസം വേണം. ചൊല്ലിയാടിയുറപ്പിക്കണം.

പുതിയ കഥകൾ ചിട്ടപ്പെടുത്തിയിട്ടില്ലേ?

അംബ, ഭട്ടാരകവിജയം, ശിഷ്യനും മകനും, അയ്യപ്പചരിതം ഇവയൊക്കെ ഞാൻ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഭട്ടാരകവിജയത്തിൽ കുറത്തി നൃത്തം, അംബയിൽ നാലുസ്ത്രീകൾ കൂടിപുറപ്പാട് ഇതൊക്കെ ഞാൻ ചിട്ടപ്പെടുത്തിയതാണ്.

കഥകളി ഡെമോൺ‌സ്റ്റ്രേഷൻ എന്ന സമ്പ്രദായവുമായി ആശാൻ ആദ്യം ബന്ധപ്പെട്ടതെന്നാണ്?

ബോംബേയിൽ വെച്ചാണ് ആദ്യം അതുണ്ടായത്. വാഴേങ്കട കുഞ്ചുനായരുടെ ഏർപ്പാടിൽ അദ്ദേഹത്തെ കൂടാതെ ശിവരാമൻ നായർ, കൃഷ്ണൻകുട്ടി പൊതുവാൾ, ഞാൻ എന്നിവരെല്ലാമുണ്ടായിരുന്നു. നരകാസുരവധത്തിലേ ലളിതയുടെ പദമാണ് ഞാൻ ഡമോൺസ്റ്റ്രേഷൻ ചെയ്തത്. ഒരാൾ പ്രസംഗിക്കും ഞാൻ കാണിക്കും. കുഞ്ചുനായർ അജഗരകബളിതം വിശദീകരണത്തോടെ അവതരിപ്പിച്ചിരുന്നു.

പ്രേക്ഷകർ ആശാന്റെ വേഷങ്ങൾക്ക് ക്രിയാത്മകമായി പ്രതികരിച്ചിട്ടുണ്ടോ?

കാണിക്കുന്നതിൽ കുറ്റം ആരും പറഞ്ഞ് കേട്ടിട്ടില്ല. വേഷത്തിന്റെ ഗുണദോഷത്തെ പറ്റി നേരിട്ടധികമാരും പറഞ്ഞിട്ടുമില്ല.

കാണികളിൽ നിന്നൊരാവേശമുണ്ടാവുക. ആശാനിൽ വളരെ പ്രകടമായി കണ്ടിട്ടുള്ള പ്രത്യേകതയാണ്.

അതുവ്വ്. അത് വേണംതാനും. ഓഡിറ്റോറിയം ഇരുട്ടാക്കുന്നത് എനിക്കിഷ്ടമല്ല. സ്റ്റേജ് ഉയരം കൂടിയാലും നന്നല്ല. നടനും പ്രേക്ഷകനും തമ്മിൽ എപ്പോഴും ബന്ധപ്പെട്ടുകൊണ്ടിരിക്കണം. എന്നാലേ കളി നന്നാവൂ.

പൊതുജനങ്ങളുടെ ആസ്വാദനവും വളർച്ചയും പണ്ടത്തേക്കാളിപ്പോൾ വളരെ കൂടിയിട്ടുണ്ടെന്ന് തോന്നാറുണ്ട്. ആശാനെന്ത് പറയുന്നു?

പാട്ടിലും മേളത്തിലും ആസ്വാദനം കൂടിയുട്ടുണ്ടെന്ന് പറയാം. പക്ഷെ പണ്ടത്തെ നിഷ്കർഷ ഇപ്പോഴത്തെ ആസ്വാകർക്കില്ല. ഒളപ്പമണ്ണ മനക്കൽ പണ്ട് ചൊല്ലിയാട്ടം കഴിഞ്ഞപ്പോൾ ഇട്ടിരാരിച്ചമേനോനോട് തമ്പുരാൻ പറഞ്ഞതായി കേട്ടിട്ടുണ്ട്. ‘രാമന്റെ കാലിന്റെ പെരുവിരലിന്മേൽ അടിച്ചത് പോരാ’ ആസ്വാദകരിൽ ആ നിഷ്കർഷ ഇപ്പോഴില്ല. പണ്ട് പൊന്നാനിപ്പാട്ടുകാരനും വേഷക്കാരനും തമ്മിൽ അരങ്ങത്ത് കൂടുതൽ ബന്ധമുണ്ടായിരുന്നു. പാട്ടിന് ശ്രുതിയൊന്നും പതിവില്ല. കുഞ്ചുപൊതുവാളും കേശവൻ നായരും വെങ്കിടകൃഷ്ണഭാ‍ഗവതരും ഒക്കെ വേഷക്കാരുടെ ചെവിട്ടിൽ ചെന്ന് പാടുമായിരുന്നു. നല്ല അദ്ധ്വാനമാണ്. ഒരുവിധം ‘കലാശങ്ങളെല്ലാം’ പാട്ടുകാരനും എടുക്കണം. വേഷക്കാരൻ മാറുമ്പോൾ പാട്ടുകാരൻ ചുവടുമാറുന്നത് കാണാൻ നല്ല രസമായിരുന്നു. മൈക്കുവന്നതിൽ പിന്നെ പാട്ടുകാരൻ അതിന്റെ മുൻപിൽ നിന്ന് മാറുകയില്ല. ആനക്കുവെടി വെച്ചതുമാതിരിയാണ് പണ്ട് ചെണ്ടയും മദ്ദളവും ഇത്രതന്നെ മൂപ്പിച്ചിരുന്നില്ല. അതിലൊന്നും ഇത്ര ശ്രദ്ധയുണ്ടായിരുന്നില്ല.

അഭ്യസനനിലവാരം താരതമ്മ്യേന താണിട്ടുണ്ടോ?

വളരെ താണിട്ടുണ്ട്. വാസനയും താൽ‌പ്പര്യവുമിള്ളാ കുട്ടികളുടെ കുറവാണ് പ്രധാന കാരണം. ആസ്വാദർക്കാണെങ്കിൽ ഒരു കുട്ടിവേഷം കെട്ടിക്കണ്ട് വേഷംഭംഗിയുണ്ടെങ്കിൽ പിന്നെ എന്തുകാണിച്ചാലും കേമമായെന്ന മട്ടാണ്. യാതൊരു നിവൃത്തിയുമില്ല.

ചൊല്ലിയാടിക്കുന്ന ആൾ തന്നെ ചവിട്ടി ഉഴിയുമ്പോൾ ഉള്ള പ്രത്യേക ഗുണം എന്താണ്?

ശരീരത്തിന്റെ ചലനക്രമത്തിൽ വരുന്ന കോട്ടങ്ങൾ അറിയാൻ കഴിയും. അതനുസരിച്ച് ഉഴിച്ചിലിൽ വ്യത്യാസം വരുത്തി കോട്ടം തീർക്കാം. ഉഴിയുന്ന ആളും പഠിപ്പിക്കുന്ന ആളും രണ്ടാളായാൽ ഇതൊന്നും പറ്റില്ല.

അഭ്യാസം ഒരാശാന്റെ കീഴിൽ മാത്രമാക്കുന്നതാണോ അഭ്യുദയത്തിനു നല്ലത്?

കുറച്ചുകാലമെങ്കിലും അങ്ങനെ വേണം. ആശാനും കുട്ടിക്കും തമ്മിൽ അടുപ്പവും ആത്മാർത്ഥതയും കൂടും. കലർപ്പില്ലാത്ത ഒരു ചിട്ടയും ശൈലിയും കുട്ടിക്കാലത്ത് തന്നെ ഉറപ്പിക്കാൻ അങ്ങനെ ആയാലേ കഴിയൂ.

തെക്കൻ ദിക്കിലേക്ക് പോയിത്തുടങ്ങിയിട്ട് കുറച്ച് കാലമായോ?

ഉവ്വ്. പക്ഷെ ഈ അടുത്തകാലത്താണ് കൂടുതലായി പോയി തുടങ്ങിയത്.

അരങ്ങത്ത് ആത്മാർത്ഥമായി പണിയെടുക്കുക ആശാന്റെ ഒരു സവിശേഷതായി തന്നെ കാണുന്നു. എന്തൊക്കെ ബുദ്ധിമുട്ടുണ്ടായാലും ഉള്ള സൌകര്യം കൊണ്ട് കേമമാക്കുമല്ലൊ.

ഉവ്വ്. അങ്ങനെയല്ലാതെ എനിക്ക് പറ്റില്ല. ചിലതൊന്നും കുറക്കാൻ തോന്നാറേയില്ല. തെക്കായാലും വടക്കായാലും പതിഞ്ഞ പദം നാലുതാളവട്ടം നോക്കിക്കാണുന്നത് കുറക്കാറില്ല. പാട്ടിനേക്കാളും മേളം നന്നാവണമെന്നാണ് എനിക്ക് നിർബന്ധം. ആട്ടങ്ങൾ ദുർല്ലഭമായി കുറയ്ക്കാറുണ്ട്. പലപ്പോഴും ഇത് മേളത്തിന്റെ പോരായ്മ കൊണ്ടായിരിക്കും.

പൊതുവാൾമാരുടെ മേളം ആശാന് വളരെ പ്രചോദനമായിട്ടുണ്ടല്ലൊ. ഞങ്ങളെപ്പോലുള്ളവർക്ക് നിങ്ങൾ തമ്മിലുള്ള യോജിപ്പ് പ്രകടമായി അനുഭവപ്പെടുന്നുണ്ട്.

എനിക്കുമുണ്ട്. അവരുണ്ടെങ്കിൽ ഒരു പ്രത്യേക ഉത്സാഹം എനിക്കുണ്ടാവാറുണ്ട്. ചില ദിവസം അരങ്ങത്തു വരുമ്പോൾ വളരെ ക്ഷീണം തോന്നും. വയ്യ, എന്തെങ്കിലും കാട്ടുക്കൂട്ടാം എന്ന് വിചാരിക്കും. പക്ഷെ അപ്പോൾത്തന്നെ തോന്നും പൊതുവാളാണ് കൊട്ടാൻ. ചുരുക്കിയാടിയാൽ പറ്റില്ല. അപ്പോൾ “ബഡവാഗ്നിയും” “അഹല്യാശാപവും” മറ്റും വിസ്തരിച്ചാടും. പൊതുവാളല്ലേ പിന്നിൽ ആടാതെ വയ്യ. ആ മേളം കേൾക്കുമ്പോൾ തനിയേ ഒരു ഉൾപ്രേരണയുണ്ടാവുകയാണ്.

മേളം പോരാതെ വന്ന് അതൃപ്തിയാകാറുണ്ടോ?

ഉണ്ട്.

അദ്യവസാന വേഷം കെട്ടിത്തുടങ്ങിയപ്പോൾ തന്നെ പൊതുവാൾമാർ കൂടെ ഇല്ലേ?

ഉവ്വ്. രാവുണ്ണിമേനോനാശാന്റെ കളരിയിൽ വെച്ചാണ് ഞങ്ങളുടെ യോജിപ്പിന് അടിത്തറയുണ്ടായത്.

ആശാന്റെ വേഷങ്ങൾക്ക് മൂത്തമനയും വെങ്കിച്ചസ്വാമിയും കൊട്ടിയിട്ടുണ്ടോ?

ഉവ്വ്. ഒരു സംഭവം ഓർമ്മ വരുന്നു. ഒരിക്കൽ നെല്ലുവായിൽ വെച്ച് എന്റെ ചെറിയനരകാസുരന് മൂത്തമന കൊട്ടി. ആശാന്റെ വേഷത്തിനുകൊട്ടുന്ന അനുഭവം ഉണ്ടായെന്നാണ് കളി കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിനാകെ തൃപ്തിയായെന്ന് എനിക്ക് തോന്നി. എന്നാൽ അലർച്ച വേണ്ടാത്തിടത്തും ഉണ്ട് എന്നൊരാക്ഷേപം പിന്നീട് പറഞ്ഞു. എന്താണ് കാരണം എന്നറിഞ്ഞ് കൂടാ, പണ്ട് ഇത്ര ഉണ്ടാവില്ലായിരിക്കാം.

മേളത്തിന് കൃഷ്ണകുട്ടി പൊതുവാളിലൂടെയുള്ള വളർച്ച  ശരിക്കും വ്യക്ത്യമായിട്ടുണ്ടാവുമല്ലൊ.

കൈയ്ക്കുകൂടലും മറ്റും ഇതുപോലെ മറ്റാർക്കുമില്ല. വേഷക്കാരൻ പണിയെടുക്കാത്ത സമയത്തും പൊതുവാൾ പണിയെടുക്കുന്നുണ്ട്. ഉദാഹരണത്തിന് ഉത്ഭവത്തിൽ രാവണൻ വൈശ്രവണന്റെ വിമാനം കാണുന്ന ഭാഗത്ത് വേഷക്കാരന് നോക്കുകയേ വേണ്ടൂ. പൊതുവാളണെങ്കിൽ ത്രിപുടയിൽ ചമ്പനടയാണ് കൊട്ടുന്നത്. അയാളുടെ കൈ മറിഞ്ഞുകൊണ്ടേയിരിക്കും. പണ്ടുള്ളവർക്കൊന്നും കയ്യിന് ഇത്രയും ഉരുളലില്ല.

മുൻ‌കൂട്ടി പൊതുവാളുമായി ഒരു ധാരണ ഉണ്ടാക്കാറുണ്ടോ? ഏപ്പോഴെങ്കിലും അരങ്ങത്ത് മനോധർമ്മമായി പെട്ടെന്നെങ്കിലും ആടിയിട്ടുണ്ടോ?

പൊതുവാളുമായി ഞാൻ കുറച്ചുകാലം അലോഹ്യത്തിലായിരുന്നു. അക്കാലത്തൊരിക്കൽ ഞാൻ അയാളെ ഒന്ന് പറ്റിക്കണമെന്ന് വിചാരിച്ച് മുടിക്ക് കിടക്കുമ്പോൾ മാറത്ത് താളം പിടിച്ചുണ്ടാക്കിയതാണ് ‘ആരിഹ വരുന്നു’ എന്നതിലെ ഏറ്റിച്ചുരുക്കിയുള്ള കലാശം. അതരങ്ങത്ത് പെട്ടെന്ന് കാണിച്ചു. പൊതുവാൾ ഒട്ടും വിചാരിച്ചിരുന്നില്ല അത്. എങ്ങനേയോ തപ്പിപ്പിടിച്ച് അയാൾ ഒപ്പിച്ച് മാറി. പിന്നെ അയാൾ ആരോടോ പറഞ്ഞതായി കേട്ടു. ‘ഇയാളെന്തൊക്കെയാണ് അരങ്ങത്ത് കാണിക്കുന്നത്. ആരും അറിയുകയുമില്ല. മുൻ കൂട്ടി പറയുകയുമില്ല. കുറച്ച് ദിവസം പിന്നേയും അലോഹ്യമായിട്ടുണ്ടായി.

ഒറ്റപ്പെട്ട ഒരു ചോദ്യം ചോദിക്കട്ടെ? ആശാൻ ചുവന്നതാടി കെട്ടിയിട്ടുണ്ടോ?

ഉണ്ട്. അകവൂർ മനക്കൽ വെച്ച് ഒരു പ്രാവശ്യം. ബാലിയായിരുന്നു വേഷം.

സുഗ്രീവനാരായിരുന്നു?

കൃഷ്ണൻകുട്ടി പൊതുവാൾ. അല്ലാതാരാ?

കളരിയിൽ നളചരിതം ചൊല്ലൊയാടിക്കാതിരിക്കാൻ എന്താണ് കാരണം?

തീരെ ചൊല്ലിയാടിക്കാറില്ലെന്ന് പറയാൻ വയ്യ. രണ്ടാം ദിവസത്തെ വളാരെച്ചിട്ടയുള്ള പതിഞ്ഞപദം “കുവലയ വിലോചനേ” വിസ്തരിച്ച് ചൊല്ലിയാടിക്കും. മറ്റുഭാഗങ്ങൾ ചൊല്ലിയാട്ടപ്രധാനമല്ലാത്തതിനാൽ സാധാരണം കളരിയിൽ പതിവില്ല.

വള്ളത്തോളിന് നളചരിതത്തെ പറ്റി എന്തായിരുന്നു അഭിപ്രായം?

നാലാംദിവസം അദ്ദേഹത്തിനൊട്ടും ഇഷ്ടമായിരുന്നില്ല. എന്നോടൊരിക്കൽ പറഞ്ഞു ‘നളനെ കള്ളുകുടിയനാക്കി’. ഭ്രാന്തനാക്കി’. അതിന്റെ സംബ്രദായം -ചിലപ്പോൾ സന്തോഷവും ഇടയ്ക്ക് ദേഷ്യവും-ഇതൊന്നും അദ്ദേഹത്തിന് ഇഷ്ടമല്ല. ഞാൻ ഒരിക്കൽ ചോദിച്ചു. ഈ നാലാം ദിവസം ഒന്നുമാറ്റി എഴുതിക്കൂടെ? അദ്ദേഹമതുപാടില്ല എന്ന് പറഞ്ഞു. സീതാസ്വയംവരത്തിൽ പരശുരാമൻ ദശരഥനെ ചവിട്ടുന്നത് കാണുമ്പോൾ മഹാകവി മൂക്കത്ത് വിരൽ വെച്ചിരുന്നു. എന്നാൽ അതുമാറ്റാനദ്ദേഹം വിസമ്മതിച്ചു. കവിവാക്യമാണ് അത് മാറ്റാൻ പാടില്ല.

നളചരിതത്തെ പറ്റി ആശാന് കൂടുതലെന്തെങ്കിലും പറയാനുണ്ടോ?

നളചരിതം ചിട്ടപ്രധാനമായ കഥയല്ല. അതു ഭാവപ്രധാനമാണ്.

ആദ്യത്തെ വിദേശയാത്ര എങ്ങോട്ടായിരുന്നു?
 
മഹകവിയുടെ കൂടെ ചൈനയിലേക്ക്. 1952 ആഗസ്ലായിരുന്നു അത്. 42 ദിവസത്തെ പര്യടനമായിരുന്നു. പിന്നെ 1956 റഷ്യയിൽ പോയി. കപിലാവാത്സ്യായനുണ്ടായിരുന്നു ആ യാത്രയിൽ. ഇന്നത്തെ വിദേശകാര്യ സെക്രട്ടറി രമേഷ് ഭണ്ഡാരി ട്രൂപ്പിന്റെ സെക്രട്ടറിയായിരുന്നു. എ. കെ ചന്ദ മാനേജരും. അന്നാണ് വിദേശത്താദ്യം കഥകളി ഡെമോൺസ്റ്റ്രേഷനുണ്ടായത്. പല സ്ഥലത്തും ആളുകൾക്ക് കഥകളി ഇഷ്ടപ്പെടാതെ വന്നപ്പോൾ തുടങ്ങിയതാണ് ഡെമോൺ‌സ്റ്റ്രേഷൻ. കളി തുടങ്ങുന്നതിനു മുമ്പ് അഞ്ചുമിനുട്ട് നേരം ഉണ്ടാവും. ഫണ്ടമെന്റൽ കഥകളി ഡെമോൺസ്റ്റ്രേഷൻ എന്നു പേരും കൊടുത്തു. ഉദ്യാനവർണ്ണനയാണ് ഇതിനു വേണ്ടി ചിട്ടപ്പെടുത്തിയത്. റഷ്യക്കാരനായ ബോറിസ് എന്നൊരാളാണ് വിശദീകരിച്ച് കൊടുത്തത്. ഞാൻ മുദ്രകാണിക്കുമ്പോൾ അയാൾ റഷ്യൻ ഭാഷയിൽ പറഞ്ഞുകൊടുക്കും. ഇതുകൊണ്ട് വളരെ ഗുണമുണ്ടായി. പിന്നീടുള്ള പരിപാടികളെല്ലാം വലിയ വിജയമായിരുന്നു.

വിദേശയാത്ര എത്ര പ്രാവശ്യമുണ്ടായിട്ടുണ്ട്?

ഇരുപത്തിമൂന്നാമത്തെ ആണ് കഴിഞ്ഞത്. ഇതിനിടയിൽ ഫിലിമെടുപ്പും ടെലിവിഷൻ പരിപാടികളുമൊക്കെ ധാരാളമുണ്ടായിരുന്നു. ആദ്യം ഫിലിം എടുത്തത് കോയമ്പത്തൂർ വെച്ചാണ്. കൃഷ്ണൻ നായരുടെ രൌദ്രഭീമനും എന്റെ കൃഷ്ണനുമായിരുന്നു. പിന്നെ ബോംബെയിൽ വെച്ച് വിസ്തരിച്ച് ഫിലിം എടുക്കുകയുണ്ടായി.

ധാരാളം ബഹുമതികൾ കിട്ടിയിട്ടുണ്ടല്ലൊ. അതിൽ പ്രധാനമായവ ഏതൊക്കെയാണ്?

ആദ്യം അങ്കമാലിയിൽ നിന്ന് നമ്പൂതിരിമാരുടെ വകയുണ്ടായി വീരശൃംഖല. അന്ന് കിർമ്മീരവധത്തിൽ ധർമ്മപുത്രരായിരുന്നു വേഷം. പിന്നെ ഡൽഹിയിൽ വെച്ചും വീരശൃംഖല കിട്ടി. 1975ൽ കേന്ദ്രസംഗീതനാടക അക്കാദമി അവാർഡും 1984ൽ കലാമണ്ഡലത്തിന്റെ സ്പെഷ്യൽ അവാർഡും കിട്ടി. 1994 കാളിദാസസമ്മാനം കിട്ടി.

പഴയകാല അഭ്യസനരീതികളെ കുറിച്ച് അൽ‌പ്പം കൂടെ പറയാമോ?

കച്ചകെട്ടി മൂന്നുവർഷം വരെ ഉഴിച്ചിലുള്ളവർക്ക് ചുമർക്കിടുക എന്ന അഭ്യാസമുണ്ട്. രണ്ടുതെരികയിൽ മുട്ടുവെച്ച് മാറും വയറും ചുമരിലേക്ക് ഒതുക്കി പതിഞ്ഞു കിടക്കുന്നു. ആശാൻ മുളപിടിച്ച് അരയിൽ കയറി ചവുട്ടി ഉഴിയുന്നു. ഇങ്ങനെ ഉഴിഞ്ഞ് അരഭാഗം ചുമരിൽ പറ്റിക്കണം. ആശാൻ  അരഭാഗത്തും മാത്രമേ ഉഴിയുകയുള്ളൂ. അരയിൽ വായുകിട്ടുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതു കഴിഞ്ഞാൽ കൈകോർത്ത് പിടിച്ച് ആശാൻ ചുമർക്കിടുന്നയാളെ പതുക്കെ എണീപ്പിക്കും. കണ്ണുമഞ്ഞളിച്ച് തലചുറ്റുന്ന ഒരവസ്ഥയിലായിരുന്നും അപ്പോൾ അയാൾ. ആശാൻ കുറേ നേരം താങ്ങി നിൽക്കും/ മുമ്പ് നിത്യേന ഇതുചെയ്യുമായിരുന്നു. 90 ദിഗ്രിയിൽ വളച്ചുനിരുത്തുന്ന രീതിയാണിത്. ഇപ്പോൾ ഒരു കളാരിയിലും ഈ പരിശീലനമില്ല. കഥകളി നടന്മാർക്ക് അരയിൽ വായുകിട്ടുക എന്നത് പ്രധാനമാണ്. ഇതില്ലെങ്കിൽ ഉടുത്തുകെട്ട് അഴിയാനിടയാകുന്നു.

ചാട്ടങ്ങളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടോ?

മുമ്പ് 25 ചാട്ടം വരെ ഉണ്ടായിരുന്നു. ഒരു സ്ഥലത്തുനിന്നാരംഭിച്ച് വട്ടംചുറ്റി തുടങ്ങിയിടത്ത് എത്തുക. തിരിച്ചും ചെയ്യുക. ഇതായിരുന്നു രീതി. മറ്റു ചിലെടുത്തും വ്യത്യാസം വന്നിട്ടുണ്ട് നാലായിരട്ടി രണ്ട്കാലും പൊങ്ങിച്ചു ചാടി തിരിയണം എന്നതാണ് ചിട്ട. ഇപ്പോൾ ഒരു കാൽ കൊണ്ടാണ് പലരും ഇത് സാധിക്കുന്നത്. ഇത് പരിശീലിക്കുന്ന സമയത്ത് രണ്ട് കാലിന്റേയും പെരുവിരലിൽ ചുണ്ണാമ്പ് തേച്ചിരുന്നു. ചാടിക്കഴിഞ്ഞശേഷം നെറ്റിയിൽ ചുണ്ണാമ്പിന്റെ അടയാളം വരണം എന്നാണ്. മാത്രമല്ല. ചാടിവീഴുമ്പോൾ ശബ്ദം കേൾക്കുകയും അരുത്. വേണ്ടത്ര വായുനിയന്ത്രണത്തിന് ആണ് ഇങ്ങനെ ചെയ്യുന്നത്..

പരുന്തുകാൽ എന്നൊരു രീതിയെക്കുറിച്ച് കേട്ടിട്ടുണ്ട്?

അത് സാധകമായി ചെയ്യുന്നതാണ്. തക്കിട വേഗത്തിൽ ചെയ്യുന്നതുതന്നെ. ഉത്ഭവം, പടപ്പുറപ്പാട് തുടങ്ങിയ ഭാഗത്ത് അവസാനം താളം മുറുകുമ്പോൾ ഇത് അനുഭവത്തിൽ വരും. കാൽ സാധകത്തിൽ നാല് ഇരട്ടി പരിശീലനം. ഇപ്പോൾ ആരും ഇത്തരത്തിൽ ചെയ്ത് കാണുന്നില്ല.

വായുനിയന്ത്രണം എന്ന സാധകമുറ കൂടിയാട്ടത്തിലും മറ്റും കാണുന്നില്ല. എന്തുകൊണ്ടാവാം അത്?

പട്ടിക്കാം‌തൊടി ആശാൻ കൊടുങ്ങല്ലൂരിൽ നിന്ന് രസാഭിനയം പഠിച്ചതിനു ശേഷമാണ് ഇത് കൂടുതൽ പ്രചാരത്തിൽ വന്നത്. വായുനിയന്ത്രണം വേഷമില്ലാതെ കാണുമ്പോഴാണ് ഭീകരത തോന്നിക്കുന്നത്. ഇത് നേരെ നിന്ന് കാണുകതന്നെ പ്രയാസം. ആശാൻ കാനിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. വെളുത്ത ദേഹപ്രകൃതിയായിരുന്ന അദ്ദേഹം ഇത് കാണിക്കുമ്പോൾ ആകെ തുടുക്കും. വേഷം കെട്ടുമ്പോൾ ഇത്ര അനുഭവത്തിൽ വരില്ല. അദ്ധ്വാനമുള്ള ഒന്നാണിത്. വായുപിടിച്ചു പരിശീലിക്കുമ്പോൾ മുഖക്കുരു പൊട്ടിപ്പോകും. കീചകന്റെ മരണം, പോരിനുവിളിയുടെ അവസാനചരണം വട്ടം തട്ടുമ്പോഴും വായുനിയന്ത്രണം പതിവുണ്ട്. വട്ടം തട്ടി നാലുചാട്ടം ചാടി നിൽക്ക്പോഴാണ് ശ്വാസം സ്തംഭിപ്പിക്കുന്നത്.

കീചകന്റെ ചൊല്ലിയാട്ടം?

മുമ്പൊക്കെ ഹരിണാക്ഷി കഴിഞ്ഞാൽ നടൻ വേഷംഴിക്കും. പിന്നെ മരണമാണല്ലൊ. ആരും മരിക്കാൻ ഇഷ്ടപ്പെടുന്നില്ല.  തുടർന്ന് കഥ ആടാറില്ല. ദക്ഷയാഗത്തിലും ഇതുതന്നെ സ്ഥിതി. ആട്ടിൻ‌തലയുള്ള ദക്ഷനായി ഒന്നാംകിട നടന്മാർ രംഗത്ത് വരാറില്ല. ഓരോരോ വിശ്വാസങ്ങൾ ഇപ്പോൾ ‘കണ്ടിവാർ കുഴലി’ എന്ന പദമില്ലാതെ കീചകവധവുമില്ല.

കണ്ടിവാർ കുഴലി എന്ന ഭാഗത്ത് അഭിനയരീതിയെ കുറിച്ച്?

ആരുറ്റേയും അവലംബമാക്കിയിട്ടല്ല ഞാൻ ആടുന്നത്. കീചകൻ ഇരുട്ടത്ത് വരുന്ന രീതി ഞാനായിട്ട് തുടങ്ങിയതാണ്. അതുവരെ ആരുടേയും വേഷം ഞാൻ മുൻപ് കണ്ടിട്ടുമുണ്ടായിരുന്നില്ല.
കവളപ്പാ‍റ നാരായണൻ നായരും കുഞ്ചുക്കുറുപ്പും കീചകൻ കെട്ടിയിരുന്നു. കീചകന്റെ മരണരംഗത്തിന് തെക്കൻ ഭാഗങ്ങളിലാണ് ആസ്വാദകരുള്ളത്. എന്റെ കീചകനും കൃഷ്ണൻ നായരുടെ വലലനുമായി ഈ കഥ ധാരാളം ഉണ്ടായിട്ടുണ്ട്. വലലൻ കീചകനെ ഉരുളപരുവത്തിലാക്കണമെന്നാണ് കൃഷ്ണൻ നായരുടെ സിദ്ധാന്തം. അതനുസരിച്ച് അദ്ദേഹം മുറക്കു പ്രയോഗിച്ചിരുന്നു.

അലർച്ചയിൽ പുതുതായി വല്ലതും?

നരകാസുരവധം, ബാലിവിജയം ഇവയിൽ എന്റെ സമ്പ്രദായത്തിലുള്ള അലർച്ച നടപ്പാക്കി. കൃഷ്ണൻ കുട്ടി പൊതുവാൾ പിന്നണിയിലുള്ളപ്പോൾ അദ്ദേഹവും കൂടെ അലറുമായിരുന്നു.

സ്വന്തമായ ആട്ടക്രമങ്ങൾ?

അഹല്യാമോക്ഷത്തിൽ, നീ പണ്ട്‌ അഹല്യയെ മോഹിച്ചില്ലേ എന്നിങ്ങനെ ഇന്ദ്രനോടുള്ള പദം ആടിയിരുന്നു. പിന്നീട് രാമചാക്യാരുടെ നിർദ്ദേശപ്രകാരം മാറി ആടാൻ തുറ്റങ്ങി. പാർവ്വതി വിരഹത്തിൽ ഇപ്പോഴത്തെ ആട്ടത്തിന്റെ ഭാഷ ഞാനുണ്ടാ‍ക്കിയതാണ്. കല്യാണസൌഗന്ധികത്തിൽ ഹനൂമാന്റെ ആട്ടം വാൽമീകി രാമായണം വായിച്ച് അതിന്റെ അടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തിയതാണ്. അതിലെ വർണ്ണനകളുടെ ഒരംശം‌പോലും അരങ്ങത്ത് ആടി ഫലിപ്പിക്കാൻ വയ്യ. വായുവിന്റെ ശക്തികാരണം വൃക്ഷങ്ങൾ ഹനൂമാനോടൊപ്പം പറക്കുന്നു. ഹനൂമാനെ യാത്രയയക്കുകയോ എന്ന് തോന്നുമാറ്‌ എന്നിങ്ങനെയുള്ള ഭാഗങ്ങൾ വിസ്തരിക്കാൻ പ്രയാസമാണ്. കല്യാണസൌഗന്ധികത്തിൽ ലോകാവസാനം വന്നുവോ എന്ന്ത് ചിലപ്പോൾ ആടാറുണ്ട്. ശബ്ദവർണ്ണന ആവർത്തനമാണെന്ന് തോന്നിയപ്പോൾ വേണ്ടെന്നുവെച്ചു. തോരണയുദ്ധത്തിൽ മൈനാകത്തോട് മാറാൻ പറയാറുണ്ട്. പക്ഷെ പർവ്വതം പറയുന്നത് കേൾക്കാൻ ഹനൂമാൻ സന്നദ്ധനാവും. എന്നാൽ അർഘ്യപാദ്യാദികൾ സ്വീകരിക്കാൻ നിർവ്വാഹമില്ലെന്ന് പറയുന്നു. സുരസയുടെ വായ് വഴി കടന്ന് പുറത്ത് കടക്കുന്നതോടെ വന്ദിച്ച് അനുഗ്രഹവും വാങ്ങുന്നരീതിയിലാണ് ഞാൻ ആടാറുള്ളത്. കിങ്കരന്മാരായും ലവകുശന്മാരായും ധാരാളം ഉണ്ടായിട്ടുണ്ടെങ്കിലും ആരുടേയും ഹനൂമാൻ വേഷം കണ്ടിട്ടില്ല.

മറ്റുള്ള ആട്ടങ്ങളെക്കുറിച്ച്…?

ബാലിവിജയത്തിൽ രാവണന്റെ കൈലാസം നോക്കിക്കാണൽ ഏറെ വിസ്തരിച്ചിരുന്നു. നോക്കിക്കാണൽ തന്നെ മുക്കാൽ മണിക്കൂറിലധികം വരും. വാച്ചിന്റെ മൊട്ടുസൂചി നടക്കുന്നതുപോലെ മാത്രമേ കണ്ണ്‌ പോകാവൂ എന്നാണ് ആശാൻ പറഞ്ഞിട്ടുള്ളത്. കൈലാസോദ്ധാരണം ചുരുക്കി പാർവ്വതീവിരഹം വിസ്തരിക്കണമെന്നായിരുന്നു കൃഷ്ണൻ കുട്ടി പൊതുവാളുടെ പക്ഷം.

നവരസാഭിനയത്തിന് മാണിമാധവചാക്യാരുടെ സംഭാവനയെന്താണ്?

രാവിലെയാണ് കണ്ണ് സാധകം. കണ്ണിൽ ഉരുക്കുനെയ്യിടും. ആദ്യം  ചതുരരൂപത്തിൽ കണ്ണിളക്കണം. പിന്നെ അതിനെ നാലാക്കി വിഭജിക്കണം. ചാക്യാർ അടുത്ത് വന്ന് കൈവരൽ ചൂണ്ടിക്കാണിക്കും. അതുനോക്കിയാണ് സാധകം. വിരലിലേക്ക് നോക്കുക എന്ന പ്രക്രിയ ആയതിനാൽ സർപ്പദൃഷ്ടിവരാൻ ഇറ്റയുണ്ട്. മാധവചാക്യാർക്ക് അൽ‌പ്പം സർപ്പദൃഷ്ടിയുണ്ടോ എന്ന് വള്ളത്തോളിന് സംശയം തോന്നു. അത് അദ്ദേഹം ചാക്യാരോട് ചോദിക്കുകയും ചെയ്തു.

തളിപ്പറമ്പിൽ വെച്ച് നവരസം കാണിക്കുന്ന സമയത്ത് ഒരു സ്ത്രീ ‘എന്തൊരു കണ്ണാണിത്’ എന്ന് അത്ഭുതപ്പെട്ടു പറഞ്ഞു. അന്നുമുതൽക്കാണത്രെ ചാക്യാർക്ക് സർപ്പദൃഷ്ടി വന്നത്..

ആശാന്റെ വേഷത്തിന് പൊതുവാൾമാരുടെ മേളം പൂരകഘടകമായിരുന്നുവല്ലൊ. തെക്കൻ ഭാഗങ്ങളിൽ എങ്ങിനെയാണ്?

മറ്റുവേഷക്കാർക്കില്ലാത്ത, ഒരു ശാഠ്യം ഇക്കാര്യത്തിൽ എനിക്കുണ്ട്. പൊതുവാൾമാർ പിന്നിലുണ്ടെങ്കിലേ വേഷം തൃപ്തിയാവൂ. അദ്ധ്വാനം ലഘുവാണെന്ന തോന്നൽ. തെക്കൻ ഭാഗങ്ങളിൽ ഗൌരവമുള്ള വേഷങ്ങൾ മുമ്പ് കെട്ടിയിരുന്നില്ല. അഥവാ അങ്ങിനെയുള്ള സന്ദർഭങ്ങളിൽ കൃഷ്ണകുട്ടി പൊതുവാളും മറ്റും കൂടെ ഉണ്ടാവുകയും ചെയ്യും. ഇപ്പോഴും പിന്നണി ന്നാവണമെന്നാണ് വാശി തന്നെയാണ്. അത് ശരിയാവുന്നില്ല എനിൽ തിരിഞ്ഞ് നോക്കാറുണ്ട്. പാട്ടുകാരേയും വെറുതെ വിടാറില്ല. കാലപ്രമാണം പോലും ദീക്ഷിക്കാനറിയാത്തവർ പാടാൻ വരരുത്. എന്റെ തിരിഞ്ഞ് നോട്ടം പലർക്കും ചർച്ചാവിഷയമത്രെ. തെക്കുള്ളാ പാട്ടുകാർക്ക് അരങ്ങ് ബോധമില്ല. എന്നാൽ കലാമണ്ഡലത്തിൽ പാട്ടുപഠിച്ചവർ കേരളത്തിന്റെ പലഭാഗങ്ങളിലും ഉണ്ട്. അത് ഒരാശ്വാസമാണ്. പാഞ്ചാലരാജതനയേ എന്ന പദമില്ലാത്ത ഒരു കല്യാണസൌഗന്ധികം നമുക്ക് ആലോചിക്കാൻ കൂടി വയ്യ. എൻ‌കണവാ  മുതൽക്കേ തെക്കുള്ളവർക്ക് വേണ്ടൂ. വിചത്രമെന്ന് തോന്നാം. പതിഞ്ഞ പദമില്ലാത്ത ഒരു പച്ചവേഷം സങ്കൽ‌പ്പിക്കാമോ? അരതാളവട്ടത്തിലുള്ള കരവിംശതിയും തെക്കോട്ട് പതിവുണ്ട്. എന്താ കാരണം? സമയക്കുറവ്.

മുമ്പ് പകൽ കഥകളി പതിവുണ്ടായിരുന്നുവോ?

അത്തിപ്പറ്റ മനക്കൽ നമ്പൂതിരി പകൽ ചൂട്ടുകത്തിച്ച് വരുന്നു. കാണുന്നവരെല്ലാം അമ്പരന്നു. മനക്കൽ കളിയാണ്? ചൂട്ടുകത്തിച്ച് കളി കാണാൻ പോവുക എന്നതാണ് പതിവ്‌. അങ്ങനെ അപൂർവ്വം അവസരങ്ങളിൽ പകൽ കഥകളി പതിവുണ്ടായിരുന്നു. ഇരിക്കുന്ന ഭാഗം അടച്ച് ഇരുട്ടാക്കും. പക്ഷെ അന്നുള്ളാവർക്ക് ഇത് പുച്ഛമായിരുന്നു എന്നതിന് ഉദാഹരണമാണ് പകൽ ചൂട്ടുകത്തിച്ച് കളിക്ക് പോയ നമ്പൂതിരിയുടെ കഥ.

പുതിയ കഥകളെ കുറിച്ച്, ചിട്ടപ്പെടുത്തിയവയെ കുറിച്ച് അഭിപ്രായമെന്താണ്?

തിരനോക്കും പതിഞ്ഞപദവും പൊന്നാനി-ശിങ്കിടി രാഗം പാടലുമൊക്കെ കഥകളിയുടെ ഒഴുക്കാണ്. പുതിയ കഥകളിൽ ഇതിനൊന്നും വ്യവസ്ഥയില്ല. ഒളപ്പമണ്ണയുടെ അംബ, ആർ. രാമചന്ദ്രൻ നായരുടെ പരമഭട്ടാരക വിജയം, വള്ളത്തോളിന്റെ ശിഷ്യനും മകനും, അച്ഛനും മകളും (കൃഷ്ണം കുട്ടി പൊതുവാ‍ളുമൊത്ത്) വിശ്വാമിത്രൻ, എൻ.വിയുടെ കാളിദാസന്റെ സിംഹാസനം, ഇവ ചിട്ടപ്പെടുത്തി. ഇതിൽ ശിഷ്യനും മകനും കഥയിൽ പരശുരാമന് കുറെ ആട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞു. കാർത്തവീര്യാർജ്ജുനനുമായി ബന്ധപ്പെടുന്ന ഭാഗം. സ്ത്രീവേഷങ്ങളുടെ പുറപ്പാട്‌ അംബയുടെ സൌന്ദര്യമാണ്.

പുതിയ കഥകളുടെ അരങ്ങുസൌഭാഗ്യത്തെ കുറിച്ച് എന്തുപറയുന്നു?

തിരശ്ശീല പിടിക്കാറില്ല, ശ്ലോകങ്ങളില്ല എന്നിവയൊക്കെ കർണ്ണശപഥത്തെ നിലനിർത്തി. ഭീഷ്മപ്രതിജ്ഞക്ക് സാങ്കേതികതകളും.

തെക്കും വടക്കും തമ്മിൽ അരങ്ങത്ത് വരുമ്പോഴുള്ള മാനസികവ്യത്യാസത്തെ കുറിച്ച് പറയാമോ?

തെക്ക് കളിക്കുമ്പോൾ ധൈര്യം കൂടുന്നു. ഒരു ലാഘവത്വം. ആടുമ്പോൾ തൃപ്തി തോന്നുക തെക്കല്ല നിശ്ചയം.

അലർച്ചയിൽ മറ്റൊരു ഭാഷ സൃഷ്ടിക്കുകയുണ്ടായി എന്നു പറയുന്നതിനെ കുറിച്ച് അഭിപ്രായം എന്താണ്?

ഓരോ കഥാപാത്രത്തിന്റേയും സ്വഭാവം, സന്ദർഭം എന്നിവയിൽ അലർച്ചക്ക് വ്യത്യാസം വരാറുണ്ട്. എനിക്ക് ശ്രുതി വേണ്ടത്രയില്ല എന്നാണ് എന്റെ വിശ്വാസം. ഇത് എന്റെ വിനയമാണെന്ന് ചിലർ പറയുന്നു. പാലനാട് ദിവാകരൻ എന്റെ ശ്രുതിയിൽ സംബോധനപിടിക്കാറുള്ളതായി തോന്നിയിട്ടുണ്ട്.

നളചരിതം രണ്ടാം ദിവസത്തിൽ അപൂർവ്വമായി ചിലത് ആശാൻ ആടാറുണ്ടല്ലൊ.

ഉപവനതലേ എന്ന ഭാഗമാവും ഉദ്ദേശിച്ചത്. നളരാജധാനിയിൽ നളൻ ദമയന്തിയോടൊത്ത് ചിത്രങ്ങൾ കണ്ട് ആസ്വദിക്കുന്നു. കൂട്ടത്തിൽ ദമയന്തിയുടെ ചിത്രവുമുണ്ട്. ഇതാര് തന്നു എന്ന് അവൾ നളനോട് ചോദിക്കുന്നു. എന്നെ കാണാൻ വന്ന ഒരാൾ കാഴ്ച്ച തന്നതാണ് എന്ന നളൻ മറുപടി. മഹാകവി പറഞ്ഞു തന്ന മറ്റൊരു ഗദ്യഭാഗം വേർപാടിന്റെ സമയത്ത് ആടുക പതിവാണ്.
‘അയ്യോ ഇവൾ കിട്ടക്കും മുമ്പേ ഉറങ്ങിയല്ലൊ. കഷ്ടം. ഹിമവൽ പാർശ്വങ്ങളിലെ ഹംസങ്ങളുടെ തൂവലാൽ തീർത്ത മെത്തയിൽ നാലുസ്ത്രീകൾ ചാമരം വീശിയിട്ടും ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നുഴലുമായിരുന്ന ഇവൾ ഈ കൊടും വനത്തിൽ ചരൽമണ്ണിൽ കിടന്നപാടെ ഉറങ്ങി.’ – എന്നിങ്ങനെ പോകുന്നു അത്. എന്നിട്ട് നളൻ വീണ്ടും ചിന്തിക്കുകയാണ്. “സ്വയംവരമണ്ഡപത്തിൽ വെച്ച് രണ്ടുവരം തന്ന യമരാജാവേ എനിക്കിന്ന് മരിക്കാൻ വരം തരണേ” എന്ന്.
കുറിച്ചുവച്ച ചിലഭാഗങ്ങൾ പരിശോധിച്ച് കളിക്ക് പോകുകയും പതിവാണ്.

കഥകളിയുടെ ഇന്നത്തെ അവസ്ഥയെ കുറിച്ച് ആശാൻ, നടൻ എന്ന നിലക്കുള്ളാ അഭിപ്രായമെന്താണ്?

പച്ചായിൽ ഒരു കഥകളി, പറമ്പിൽ വെച്ചാണ് കളി. മഴക്കാലമാണ്. കളിക്കിടയിൽ പെരുമഴ പെയ്തു. പട്ടിക്കാംതൊടി ആശാന്റെ വേഷമാണ്. അദ്ദേഹം അണിയറയിലേക്ക് ചെന്നു. കത്തിച്ച് വെച്ചിരുന്ന നിലവിളക്കിനെ സാക്ഷിയാക്കി മുഴുവൻ ആടിത്തീർത്തു. മുന്നിൽ ആളുകളുണ്ടോ എന്നൊന്നും വിഷയമല്ല. ഇങ്ങനെ ഭക്തിപൂർവ്വം കഥകളിയെ സമീപിക്കുന്നവർ ഇന്ന് എത്രപേരുണ്ട്? ഈ ചിന്ത എല്ലാവർക്കുമായി വിടുന്നു.

(കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട്, എം.പി.എസ്സ് നമ്പൂതിരി, വി. കലാധരൻ, കെ. ബി രാജാനന്ദ്, ആർ. വി ഉണ്ണികൃഷ്ണൻ, എളുമ്പിലാശേരി നാരായണൻ, എൻ. പി. വിജയകൃഷ്ണൻ എന്നിവർ ചേർന്നാണ് ഈ അഭിമുഖം തയ്യാറാക്കിയത്. പദ്മഭൂഷൺ കലാമണ്ഡലം രാമൻ കുട്ടി നായരുടെ സപ്തതി ഉപഹാരമായി വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റ് (1995 മേയ് മാസം) പ്രസിദ്ധീകരിച്ച “മുദ്ര” എന്ന പുസ്തകത്തിൽ നിന്നുള്ള പുനഃപ്രസിദ്ധീകരണം)


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder