ഏറ്റുമാനൂര്‍ പി കണ്ണന്‍ / ശ്രീചിത്രൻ എം ജെ
May 19, 2011
കഥകളി വെറും ശുദ്ധകലാരൂപമായി നിലവിലുള്ള രൂപത്തില്‍ അവതരിപ്പിക്കുക എന്നത്, കേരളത്തില്‍ ഉടനീളം ഇന്ന് നിലവിലുള്ളത് -അതിനപ്പുറത്തേക്ക് കഥകളിയുടെ തീയറ്റര്‍ രൂപത്തെ മറ്റ് സാധ്യതകളിലേക്ക് കൂടി ഉപയോഗിക്കാനുള്ള ഒരു പാട് പരീക്ഷണങ്ങള്‍ കണ്ണേട്ടന്‍ നടത്തിയിട്ടുണ്ട്, ചൊല്ലിയാട്ടം ആയിട്ടും മറ്റ് അനേകം പ്രദര്‍ശനങ്ങള്‍ ആയിട്ടും. വാസ്തവത്തില്‍ കഥകളി ഈ രൂപത്തില്‍ അല്ലാതെ മറ്റേതെങ്കിലും രൂപത്തില്‍ അവതരിപ്പിക്കുന്നതിന് തടസ്സം നില്‍ക്കുന്ന ഒരു വ്യവസ്ഥാപിത സമൂഹം ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍, കഥകളി എന്ന കലാരൂപത്തില്‍ ഇത്തരത്തില്‍ ഉള്ള പരീക്ഷണങ്ങളുടെ സാംഗത്യമെന്താണ് ?
ഒരു സമൂഹത്തിന്റെ തീയറ്റര്‍ ആണ് കഥകളി, നമ്മള്‍ നേരത്തെ പറഞ്ഞു. അപ്പോള്‍ ഓരോരുത്തര്‍ക്കും കഥകളി എന്താണ് എന്നുള്ള ഒരു വിഷയം ഇതിനകത്ത് വരുന്നുണ്ട്. ശ്രീചിത്രന്‍ കാണുന്ന കഥകളി അല്ല ഞാന്‍ കാണുന്നത്. ഓരോരുത്തരും കഥകളി ഓരോ തരത്തില്‍ ആണ് വായന. ഇത് എന്ന് പറയുന്നത് ഏറ്റവും ആധുനീകവും ഏറ്റവും പൗരാണികവും ആയിട്ടുള്ള ചിന്തയാണ്. ഇപ്പോള്‍ ഓരോരുത്തരും നമ്മളുടേതായിട്ടുള്ള കാഴ്ച്ചയിലാണ് , അതുകൊണ്ട് ഞാന്‍ കാണുന്ന കഥകളി എന്ന് പറയുന്നത്, ഒരേസമയം അത് പാരമ്പര്യവും ഒരേ സമയം അത്യന്താധുനീകവും ആണ്. ഞാന്‍ എന്ന് പറയുന്ന വ്യക്തി, കണ്ണന്‍ എന്ന് പറയുന്ന വ്യക്തി, ജീനുകളുടേയും കോശങ്ങളുടേയും അതുപോലെ ഈ പഞ്ചഭൂതങ്ങളുടേയും ഒരു കോടാനുകോടി വര്‍ഷങ്ങള്‍ മുതലുള്ള ഒരു പാരമ്പര്യമാണ്. പക്ഷെ ഈ നിമിഷം എന്റെ ശരീരം നടന്നു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഒരേസമയത്തു തന്നെ ഞാന്‍ പാരമ്പര്യത്തിന്റെ ഒരു കണ്ണിയുമാണ്, അത്യന്താധുനീകവും വര്‍ത്തമാനകാലത്തില്‍ ഉള്ള ആളുമാണ്. ഇതാണ് ഒരു ക്ലാസ്സിക്കല്‍ കലയുടെ സ്വഭാവം എന്ന് പറയുന്നത്. ഒരു ക്ലാസ്സിക്കല്‍ കല എന്നാണോ stagnant ആയി നില്‍ക്കുന്നത്, അന്ന് ആ ക്ലാസ്സിക്കല്‍ കല ഇല്ലാതെയായി തീരും. എല്ലാ സമയത്തും അതിനകത്ത് അന്വേഷണങ്ങള്‍ നടക്കണം. ഈ അന്വേഷണങ്ങള്‍ നടക്കുമ്പോള്‍ നമ്മള്‍ ചെയ്യുന്ന പത്ത് അന്വേഷണങ്ങളില്‍ ഒമ്പതെണ്ണവും തിരസ്കരിക്കപ്പെടും. പെടണം. എന്നിട്ടതില്‍ ഒന്ന് നിലനില്‍ക്കും. ആ ഒന്നാണ് ഈ പാരമ്പര്യത്തിന്റെ കണ്ണി.
വാസ്തവത്തില്‍ ഈ ചൊല്ലിയാട്ടം ആയിട്ട് കഥകളി അവതരിപ്പിക്കുന്നതിന്റെ ഒരു പുതിയ രൂപം കണ്ണേട്ടന്‍ അവതരിപ്പിച്ചുവല്ലൊ, ആ ഒരു വിഷയം എടുത്താല്‍, കഥകളിയുടെ ഏറ്റവും വലിയ ഗുണങ്ങളിലൊന്നായി ലോകം മുഴുവന്‍ വാഴ്‌ത്തുന്നത് കഥകളിയുടെ ആഹാര്യമാണ്. കഥകളിയുടെ ആ മനോഹരമായ ആഹാര്യശോഭയെ മുഴുവനായും തിരസ്കരിച്ചാണ്,കഥകളിയുടെ തീയറ്റര്‍ രൂപത്തെ മാത്രം എടുത്തു കൊണ്ട് -വാസ്തവത്തില്‍ ആ രംഗപ്രയോഗത്തിനുവേണ്ടിയാണല്ലൊ ആ ആഹാര്യത്തെ നിര്‍മ്മിച്ചത്. അത് തിരസ്കരിക്കുന്നതിന്റെ ഔചിത്യം എന്താണ് ?
ഒന്നാമത്തെ കാര്യം ഞാന്‍ ആഹാര്യം തിരസ്കരിക്കുന്നില്ല. കാരണം ഇന്നും എന്റെ മനസ്സിലെ ചിന്ത, നാളെ കാലകേയവധത്തിന് എങ്ങിനെ അര്‍ജ്ജുനന് കണ്ണും പുരികവും വൃത്തിയായിഎഴുതണം എന്നാണ് ഞാന്‍ ആലോചിച്ച് കൊണ്ടിരിക്കുന്നത്, ഇപ്പോള്‍. അതും ആലോചനയിലുണ്ടെന്നര്‍ഥം. ഞാന്‍ ആഹാര്യം തിരസ്കരിക്കുന്നില്ല. ആഹാര്യത്തോടെയുള്ള കഥകളിയുടെ അവതരണമാണ് കഥകളിയുടെ ഏറ്റവും സമ്പന്നമായിട്ടുള്ള അവതരണം എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. അതിനു തരാന്‍ കഴിയുന്ന സൌന്ദര്യാത്മകമായിട്ടുള്ള ഒരു അനുഭൂതി ഒരു പക്ഷെ ലോകത്തൊന്നിനും തരാന്‍ കഴിയില്ല. കാരണം അങ്ങനെയാണ് നമ്മള്‍ ചെറുപ്പം മുതലേ വളര്‍ന്ന് വരുകയും, നമ്മളുടെ schema ഇതിനോട് ട്യൂണ്‍ ചെയ്ത് നില്‍ക്കുന്നത്. ഇതു മുഴുവന്‍ നമ്മുടെ മനസ്സില്‍ രേഖപ്പെടുത്തി വെച്ചിരിക്കയാണ്, എവിടേയെങ്കിലും ഏറ്റവും മോശമായിട്ടുള്ള ഒരു കഥകളി രൂപം കണ്ടാലും നമ്മള്‍ അങ്ങോട്ട് നോക്കി പോവും. ഇത് പരമാര്‍ത്ഥമാണ്. പക്ഷെ ഈ പരമാര്‍ത്ഥം മാത്രമല്ല, ഇതിനേക്കാള്‍ വിശാലമായിട്ടുള്ള ലോകം exist ചെയ്യുന്നുണ്ടെന്നും ലോകത്തില്‍ കൂടുതല്‍ പരമാര്‍ത്ഥങ്ങള്‍ ഉണ്ടെന്നും മനസ്സിലാക്കാനുള്ള ഒരു ധാരണ എനിക്കുള്ളതുകൊണ്ടാണ് ഞാന്‍ പറയുന്നത്, കേരളത്തിനു പുറത്തുള്ളവര്‍ക്ക്, കേരളത്തിനകത്തു തന്നെ കഥകളി കണ്ട് ശീലിക്കാത്തവര്‍ക്ക് ഈ ആഹാര്യം എന്ന് പറയുന്നത് തടസ്സമാണ്. അതുകൊണ്ട് ആഹാര്യത്തെ തിരസ്കരിക്കുകയല്ല, ആഹാര്യത്തോടെയുള്ള പെര്‍ഫോര്‍മന്‍സ് ഈ ലോകാവസാനം വരെ, നമ്മള്‍ കഥകളിയില്‍ ആടുന്നത് പോലെ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും നിലനില്‍ക്കുന്നിടത്തോളം കാലം നിലനില്‍ക്കും എന്നുള്ളത് എന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. അതുകൊണ്ട് ഇതിനെ തിരസ്കരിക്കുകയല്ല, ഇത് നിലനില്‍ക്കുമ്പോള്‍ തന്നെ പാരലല്‍ ആയിട്ട് നമ്മള്‍ ഡെവലപ്പ് ചെയ്ത് കൊണ്ടുവരേണ്ട വേറൊന്നാണ് ആഹാര്യം ഇല്ലാത്ത അവതരണ രീതി. ഇത് പണ്ട് രാച്ചൊല്ലിയാട്ടം എന്നൊക്കെ ഉള്ള രീതിയില്‍ already exist ചെയ്തിരുന്നു.
കളരിയിലുള്ള കാര്യമായിട്ടല്ലേ exist ചെയ്തിരുന്നത്, ഒരു പ്രദര്‍ശനമായിട്ടല്ലല്ലൊ ?
കളരിയില്‍ ഉള്ളത് മാത്രല്ല, രാചൊല്ലിയാട്ടം പ്രദര്‍ശനം ആയിരുന്നു. ഇപ്പോള്‍ കലാമണ്ഡലത്തില്‍ തന്നെ രാചൊല്ലിയാട്ടം നടത്തുക കൂത്തമ്പലത്തില്‍ ആണ് കളരിയിലല്ല. അതായത് അത് വൈകുന്നേരങ്ങളില്‍.. പക്ഷെ അത് കഥകളി നടത്തുന്നതുപോലെ പ്രചരണം കൊടുത്ത് ആളുകളെ കൊണ്ട് വന്ന് അങ്ങിനെ ഒരു പരിപാടി ആയിരുന്നില്ല. അത് നമ്മള്‍ ചെയ്യുന്നു എന്ന് മാത്രമേ ഉള്ളൂ. ഇത് മാത്രമല്ല, ഇത് ഞാന്‍ ചെയ്യാന്‍ കാരണം എന്റെ അനുഭവത്തിന്റെ കൂടെ വെളിച്ചത്തിലാണ്. ഞാന്‍ ഒരേസ്ഥലത്ത് ചൊല്ലിയാട്ടവും ചെയ്തു പിറ്റേദിവസം വേഷത്തോടു കൂടിയുള്ള അവതരണവും നടത്തി. ഈ ചൊല്ലിയാട്ടത്തിന് കിട്ടിയ പ്രതികരണമല്ല വേഷത്തോടേയുള്ള അവതരണത്തിനു കിട്ടിയത്. ഇത് ഒരു സ്ഥലത്തല്ല കേരളത്തിനു പുറത്തുള്ള അനേകം സ്ഥലങ്ങളിലും നമ്മള്‍ അനുഭവിക്കുന്നുണ്ട്. അതായത്, തീയറ്ററുമായിട്ട് വളരെ ബന്ധമുള്ള, തീയറ്റര്‍ പഠിപ്പിക്കുന്ന ആള്‍ക്കാരുതന്നെ നമ്മോളോട് പറയുകയാണ്, വേഷത്തോടെയുള്ള പെര്‍ഫോര്‍മന്‍സ് ഒക്കെ കണ്ടു ഇഷ്ടപ്പെട്ടു, വേഷം വളരെ ഗംഭീരമാണ് , ഒക്കെ colourful ആണ്, വേഷം കെട്ടിയതിന് നല്ല ഭംഗി ഉണ്ട് – എന്നൊക്കെ എല്ലാം പറയും. അതേ സമയം തുടക്കം മുതല്‍ അവസാനം വരെ ഞങ്ങള്‍ ഹൃദയം കൊണ്ട് ബന്ധപ്പെട്ടു എന്ന് പറയുന്ന അനുഭവം ചൊല്ലിയാട്ടത്തിലെ നമുക്ക് ഉണ്ടാവൂ. വേഷത്തില്‍ ഉണ്ടാകുന്നില്ല എന്നല്ല, പക്ഷെ കഥകളി കണ്ട് ശീലിക്കാത്ത ഒരാള്‍ക്ക് ഈ വേഷവുമായി connect ചെയ്യാന്‍ കുറച്ച് സമയം എടുക്കും. ഇത് കണ്ട് ശീലിച്ച നമ്മളെ സംബന്ധിച്ചിടത്തോളം ഈ നടന്റെ ശരീരചലനങ്ങളെ enhance ചെയ്യുന്ന ഒന്നാണ് ഈ വേഷം. അതേസമയം ഇതിപ്പോള്‍ വേറെ തിരിച്ച് പറഞ്ഞാല്‍, എനിക്ക് ഒരു അനുഭവം ഉണ്ടായി. ഞാന്‍ ബാലിയില്‍ ചെന്നിട്ട് ബാലിയിലെ നൃത്തരൂപങ്ങള്‍ കണ്ടു. അപ്പോ ഈ ബാലിയിലെ നൃത്തരൂപങ്ങളുടെ നാട്യധര്‍മ്മിയായിട്ടുള്ള നില എന്ന് പറയുന്നത് ഇങ്ങനെയാണ് (കാണിക്കുന്നു), അതായത്, കാല്‍ ഇങ്ങനെ വെച്ചിട്ട് കാലിന്റെ ഉപ്പൂറ്റി പൊന്തി നിക്കണം. കഥകളിയിലെ നില എന്ന് പറയുന്നത് കാല് ബലത്തില്‍ പിടിച്ചിട്ട് (കാണിക്കുന്നു) – പക്ഷെ അവിടെ ഉപൂറ്റി ഇങ്ങനെ പിടിക്കണം മുന്നേ, എന്നിട്ട് തോള്‍ ഇങ്ങനെ ഇടുക്കി പൊക്കി (കാണിക്കുന്നു), നല്ല ആര്‍ട്ടിസ്റ്റ് ആണെങ്കില്‍ തോള്‍ ചെവിയില്‍ മുട്ടും എന്നാണ്. ഇങ്ങിനെ പിടിക്കണം (കാണിക്കുന്നു), എന്നിട്ട് കൈ പുറത്തേക്ക് പിടിച്ച് കണ്ണ് ഇങ്ങനെ വിറപ്പിക്കണം. പിന്നെയൊന്ന്, നമുക്ക് വളരെ അസാധാരണമായിട്ട് feel ചെയ്യുന്ന, ഈ ചെണ്ടയും മദ്ദളവും ചേര്‍ന്നിട്ടുള്ളൊരു combinationന്റെ ഒരു music ഉണ്ട്. ഈ ഒരു music ഇന്ത്യയിലെ വേറെ ഒരു വാദ്യത്തില്‍ നിന്നും കിട്ടുന്നില്ല.ഇതാണ് അവരുടെ നില എനിക്ക് ഇത് കണ്ടപ്പോ -നമുക്കറിയാലോ കഥകളിയില്‍ ഇത് ഭയങ്കര ഗോഷ്ടിയാണ്. ആദ്യദിവസം എനിക്ക് ഇത് ഭയങ്കര ഗോഷ്ടി ആയി തോന്നി. ഞാന്‍ അവിടെ രണ്ടരമാസം കഴിച്ചു, വര്‍ക്‌ഷോപ്പില്‍, ബാലിയില്‍. പക്ഷെ ഒരു പത്ത് ദിവസം കഴിഞ്ഞപ്പോ.. ഇത്, ഇവിട്ന്ന് ഇങ്ങനെ ആടയാഭരണങ്ങള്‍ ഒക്കെ തൂക്കിയിടും വലിയ ഒരു മാസ്കാണ്, തലയില്‍ വെച്ചിരിക്കുന്നത് (കാണിക്കുന്നു), ഈ മാസ്കിന്റെ ഇവിടെ നിന്നാണ് തോള്‍ ഇങ്ങനെ നില്‍ക്കുന്നത് (കാണിക്കുന്നു). അപ്പോ മാസ്കിനോട് ബന്ധപ്പെട്ട് ബോഡിയെ പിടിച്ചിരിക്കുകയാണ്, മനസ്സിലായില്ലെ? ഇവിട്ന്ന് ഇങ്ങനെ ധാരാളം ചില മുത്തുകളും മറ്റും ഒക്കെ തൂങ്ങി… (കാണിക്കുന്നു) ഒരു പത്ത് പതിനഞ്ച് ദിവസം കഴിഞ്ഞപ്പോ എനിക്ക് തോന്നി ഇത്.. ആദ്യദിവസം ഞാന്‍ എന്റെ ഡയറിയില്‍ എഴുതിവെച്ചിരുന്നു, ഇത് വളരെ ഗോഷ്ടിയുള്ള അവതരണം ആണ് എന്നൊക്കെ ഞാന്‍ എഴുതിവെച്ചിട്ടുണ്ട്. ഇതേ സാധനം എനിക്കൊരു പത്ത് പതിനഞ്ച് ദിവസം കഴിഞ്ഞപ്പോഴേക്കും എനിക്ക് വളരെ രുചിച്ചു. അപ്പോള്‍ ഞാന്‍ ആലോചിച്ചു, ഇതായിരിക്കില്ലേ കഥകളി കാണുന്ന ഒരാള്‍ക്കും തോന്നുക? അതായത് കഥകളി ഒരിക്കലും കാണാത്ത ഒരാളെ സംബന്ധിച്ച് , ആ ആള്‍ കഥകളി വേഷത്തിന്റെ ചില ഭാഗങ്ങള്‍ വിടര്‍ത്തിയിട്ടും, ചില ഭാഗങ്ങള്‍ ചെറുതാക്കിയിട്ടും, നമ്മള്‍ കൊടുത്തിരിക്കുന്ന ഈ താലഭംഗം ചെയ്യുക എന്ന് പറയും – താലം എന്ന് പറയുന്നത് ശരീരത്തിന്റെ അളവിനെ ആണ്. താളവുമായിട്ടും നമുക്ക് കണക്കാക്കാം. ശരീരത്തിന്റെ ഒരു താളം അതിനെ ഭംഗിക്കുക. അങ്ങനെ താളഭംഗം ചെയ്ത് ശരീരത്തിനെ നാട്യധര്‍മ്മിയാക്കി മാറ്റുന്ന ഈയൊരു പ്രക്രിയ, സാധാരണ ഒരു പുതിയ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം അതുമായി കണക്റ്റ് ചെയ്യാന്‍ വല്യേ പാടാണ്.
എനിക്ക് ഈയിടെ സിംഗപ്പൂരില്‍ ഒരു അനുഭവം ഉണ്ടായി. സിംഗപ്പൂരില്‍ ഞാന്‍ വളരെ പ്രാധാന്യത്തോടു കൂടി ചെയ്ത ഒന്നാണ് കൈലാസോദ്ധാരണവും പര്‍വ്വതീവിരഹവും. കൈലാസോദ്ധാരണവും പര്‍വ്വതീവിരഹവും ആണ് അവിടെ ഏറ്റവും അധികം ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെട്ടത്, ചൊല്ലിയാട്ടമായിട്ട്. വേഷമില്ലാതെ, ഒരു പ്രത്യേക തരത്തില്‍, പൈജാമ ഇട്ടു കൊണ്ട്, ചെറീയ ചില ആഭരണങ്ങളുമായിട്ട്, ചെറിയ കണ്‍പുരികമൊക്കെ വരച്ച്, ചെയ്യുന്ന ഒരു പരിപാടിയാണ്. ഇതിന്റെ ഒരു പ്രത്യേകത എന്ന് പറയുന്നത്, കഥകളിയുടെ ഒരു richness, തിയറ്ററിന്റെ richness എന്ന് പറയുന്നത്, ഏറ്റവും പ്രധാനപ്പെട്ട മൂന്നെണമാണ്. ഒന്ന്, നടന്റെ അഭിനയ രീതി. രണ്ട്, കഥകളിയുടെ സംഗീത രീതി, അതായത് ലോകത്തില്‍ എവിടെയും ഇല്ല, കഥകളിയിലെ പോലെ ഉള്ള സംഗീത രീതി. രാഗങ്ങളൊക്കെ തന്നെയാണ് കഥകളിയിലും ഉപയോഗിക്കുന്നതെങ്കിലും, അത് ഉപയോഗിക്കുന്ന രീതി കഥകളിയുടെ തനതായിട്ടുള്ള രീതിയാണ്. അത് കഥകളിയുടെ താളങ്ങള്‍ – അടന്ത, ചെമ്പ തുടങ്ങിയ താളങ്ങളില്‍ നിന്നൊക്കെയാണല്ലൊ ഈ സംഗീത രീതി ഉണ്ടായത്. പിന്നെയൊന്ന്, നമുക്ക് വളരെ അസാധാരണമായിട്ട് feel ചെയ്യുന്ന, ഈ ചെണ്ടയും മദ്ദളവും ചേര്‍ന്നിട്ടുള്ളൊരു combinationന്റെ ഒരു music ഉണ്ട്. ഈ ഒരു music ഇന്ത്യയിലെ വേറെ ഒരു വാദ്യത്തില്‍ നിന്നും കിട്ടുന്നില്ല. ഇത് ശ്രുതിഭംഗമാണെന്നൊക്കെ പല ആള്‍കാരും പറയും. കര്‍ണാടകസംഗീതത്തിന്റെ കേള്‍വി ജ്ഞാനം വെച്ചു കൊണ്ട്, ഇതിന് ശ്രുതിയില്ല എന്നൊക്കെ ആള്‍ക്കാര്‍ പറയും. പക്ഷേ ഞാന്‍ ഇന്നോളം, north indiaയിലോ, അല്ലെങ്കില്‍ കേരളത്തിനു പുറത്ത്, പല ഭാഗങ്ങളില്‍ ചെയ്ത ഒരു സ്ഥലത്തും ആള്‍ക്കാര്‍ ഇത് ശ്രുതി ഭംഗമാണ് എന്ന് പറഞ്ഞിട്ടില്ല. എപ്പോള്‍ ? നല്ല കലാകാരന്മാര്‍ ഇത് വായിക്കുമ്പോള്‍. ചെണ്ടയും മദ്ദളവും നല്ല കലാകാരന്മാര്‍ പ്രയോഗിക്കുമ്പോള്‍, ഒരാളും ഇത് ശ്രുതി ഭംഗമാണെന്ന് പറഞ്ഞിട്ടില്ല. അത് മാത്രമല്ല, ധാര്‍വാഡിലും മറ്റും ഉള്ള വളരെ പ്രായം ചെന്ന തിയറ്ററിന്റെ ആചാര്യന്മാര്‍ ഒരിക്കല്‍ എനിക്ക് ഒരു.. കിര്‍മ്മീരവധം പതിഞ്ഞ പദം ചൊല്ലിയാടി. ഈ ചൊല്ലിയാട്ടം കഴിഞ്ഞപ്പോള്‍ വളരെ പ്രായം ചെന്ന ഒരാള്‍, ഛത്തീസ്ഗഢിലെയോ മറ്റോ ആണ്. എഴുപത് വയസ്സോളമുള്ള പത്മശ്രീ കിട്ടിയ ഒരു തിയറ്ററിന്റെ ആചാര്യനാണ്. അദ്ദേഹം വന്നിട്ട് ഈ രണ്ട് കയ്യിലും ബലമായിട്ട് ഇങ്ങിനെ പിടിച്ചിട്ട് പറഞ്ഞു – It was a moving experience. അദ്ദേഹം പറഞ്ഞു, അദ്ദേഹം ധാരാളം സമയം കഥകളി കണ്ടിട്ടുണ്ട്, പക്ഷേ കഥകളിക്ക് ഇങ്ങിനെ ഒരു richness ഉണ്ടെന്ന് അദ്ദേഹത്തിന് feel ചെയ്യാന്‍ പറ്റിയിട്ടില്ല. കാരണം, കഥകളിയുടെ richness ഈ വേഷമാണെന്ന് തെറ്റിദ്ധരിച്ച് ആള്‍ക്കാര്‍ അത് നോക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനപ്പുറം ഇതിന് ഒരു richness ഉണ്ട് എന്ന് കഥകളി കണ്ടൂ ശീലിക്കാത്തവരെ ബോധ്യപ്പെടുത്താന്‍ നമുക്ക് ഈ ചൊല്ലിയാട്ടം ആവശ്യമാണ്.
മുന്‍പു തന്നെ ആചാര്യന്മാര്‍ പറഞ്ഞിരുന്നുവല്ലൊ, കഥകളി കാണാന്‍ ശീലിക്കുമ്പോള്‍ ഏറ്റവും വേണ്ടത്, ചൊല്ലിയാട്ടം പോയി കാണുകയാണ് എന്നത്. പക്ഷെ അത് മുഴുവന്‍ പ്രേക്ഷകര്‍ക്ക് സാധ്യമാകുന്ന ഒരു കാര്യമായിരുന്നില്ല. അപ്പോള്‍ ചൊല്ലിയാട്ടത്തെ പുറത്തിറക്കി കൊണ്ടൂ വരുന്നതിലൂടെ മുന്‍പു മുതലേ കഥകളി ..
ശരിയാണ്. നമുക്ക് മുന്‍പു നടന്നു പോയ കൂടിയാട്ടം നമുക്ക് വഴികാട്ടിയാണ്. കാരണം, ഈ കൂടിയാട്ടത്തിലെ ഒരു പ്രത്യേക ഭാഗമാണ് ഈ പുരുഷാര്‍ത്ഥക്കൂത്ത്. അത് മാത്രം ആടി, ഈ വിദൂഷകന്‍, നാടകത്തില്‍ നിന്ന് വേര്‍പെട്ട്, അതിനു വേണ്ടി പിന്നെ പ്രത്യേകം പ്രബന്ധങ്ങള്‍ എഴുതപ്പെട്ട്, ഒക്കെ. അല്ലെങ്കില്‍ തിരിച്ച് – ഇത് നേരെ തിരിച്ചും പറയുന്നുണ്ട്, ഇത് വേറൊരു കലാരൂപമായിരുന്നു എന്നും തിയറ്ററിലേക്ക് ഉള്‍ച്ചേര്‍ത്തപ്പെടുകയാണ് ഉണ്ടായത് എന്നും പറയുന്നുണ്ട്. രണ്ടായാലും, ഈ കൂടിയാട്ടം നില നില്‍ക്കുന്നതിന് parallel ആയിട്ട് ചാക്യാര്‍ കൂത്ത് നിലനില്‍ക്കുന്നു. ഇതിനേക്കാല്‍ വ്യക്തമായിട്ടുള്ളതാണ് നങ്ങ്യാര്‍ കൂത്ത് – കര്‍പ്പലതിക എന്ന് പറയുന്ന ഒരു കഥാപാത്രം ഇവിടെ നിന്ന് വേര്‍പെട്ട്, വേറൊരു കഥാപാത്രം ആയി, ഒരു നടി മാത്രമായി, ഈ നങ്ങ്യാര്‍ കൂത്ത് എന്നു പറയുന്ന ഒരു കലാരൂപം വികസിച്ചു വരികയും, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പുതിയ പുതിയ പ്രമേയങ്ങള്‍ കൊണ്ടു വരികയും ചെയ്ത്, ഇത് ഏറ്റവും അധികം പഴക്കമുള്ള ഈ നങ്ങ്യാര്‍ കൂത്ത്, ഒരു പക്ഷേ കൂടിയാട്ടത്തേക്കാള്‍ പഴക്കമുണ്ടായിരിക്കും എന്നാണ് പറയുന്നത് ഈ കാളിയങ്കം എന്നു പറയുന്ന ഈ നങ്ങ്യാര്‍കൂത്ത്, അതിനീ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പുതിയ ടെക്സ്റ്റുകള്‍ വരുന്നു. അത്, കൂടിയാട്ടത്തിന്റെ തന്നെ ഒരു branch ആയിട്ട് വികസിക്കുന്നു. കഥകളിപ്പദക്കച്ചേരി ഇല്ലായിരുന്നു എന്ന് തീര്‍ത്തു പറഞ്ഞു കൂടാ, പക്ഷേ ഇത്രയും formal ആയിട്ട് ഇല്ലായിരുന്നു. സി.വി.രാമന്‍ പിള്ളയുടെ നോവലില്‍ ഈ മാമാ വെങ്കിടന്‍ എന്നു പറയുന്ന കഥാപാത്രം ഒരു കുടുംബ സദസ്സില്‍ ഇരുന്ന് കച്ചേരി നടത്തുന്നുണ്ട്നമ്മളുടെ കഥകളിയില്‍ തന്നെ ഇരുപതാം നൂറ്റാണ്ടില്‍, ഉണ്ടായതാണ് കഥകളിപ്പദക്കച്ചേരി. കഥകളിപ്പദക്കച്ചേരി അതു വരെ ഇല്ലാത്തതാണ് – കഥകളിപ്പദക്കച്ചേരി ഇല്ലായിരുന്നു എന്ന് തീര്‍ത്തു പറഞ്ഞു കൂടാ, പക്ഷേ ഇത്രയും formal ആയിട്ട് ഇല്ലായിരുന്നു, കാരണം, ഈ സി.വി.രാമന്‍ പിള്ളയുടെ നോവലില്‍ ഈ മാമാ വെങ്കിടന്‍ എന്നു പറയുന്ന കഥാപാത്രം ഒരു കുടുംബ സദസ്സില്‍ ഇരുന്ന് കച്ചേരി നടത്തുന്ന – തംബുരു മീട്ടി – ഈ കച്ചേരി നടത്തുന്നതായിട്ട്, അദ്ദേഹം പാടുന്നത് നളചരിതത്തിലെ ഒരു പദമാണ്. തോടി രാഗത്തില്‍ “എങ്ങാനുമുണ്ടോ കണ്ടു” ആണ് പാടുന്നത്. അത് ആ കഥയിലെ സന്ദര്‍ഭമായിട്ട് വളരെ ചേര്‍ന്നതാണ്. അതിനകത്തെ ഒരു സ്ത്രീ കഥാപാത്രം ഭര്‍ത്താവിനെ കാണാതെ ഇരിക്കുകയാണ്, അപ്പോള്‍ ആ സമയത്താണ് ഇത് പാടുമ്പോള്‍ എല്ലാവരും കരയുകയും ഒക്കെയായിട്ടുള്ളൊരു വളരെ നാടകീയമായിട്ടുള്ള ഒരു രംഗമാണ്. അപ്പോള്‍ ഇത് നേരത്തെ ഉണ്ടായിരുന്നതാണ്, പക്ഷേ അതിനെ formal ആയിട്ട് കൊണ്ടൂ വരിക, അതേ പോലെ തന്നെ ചൊല്ലിയാട്ടവും നേരത്തെ ഉള്ളതാണ്, നമ്മള്‍ അതിനെ formal ആയി.. ഇതിനകത്ത് വേറെ ഒരു possibility ഉള്ളത്, എല്ലാവര്‍ക്കും പരിചയമുള്ള, അതായത്, കഥകളിയുടെ closed ആയിട്ടുള്ള audienceഇനു മാത്രമല്ലാതെ, മറ്റുള്ളവര്‍ക്കും പരിചിതമായിട്ടുള്ള സാഹിത്യം, കഥകളിയുടെ ഈ സംഗീതവും, ഈ മേളവും, ഈ അഭിനയ സമ്പ്രദായവും, പരിചയപ്പെടുത്താന്‍, നമുക്ക് വിനിയോഗിക്കാവുന്നതാണ്. ഇപ്പോള്‍ “ഗീതഗോവിന്ദം”, ചൊല്ലിയാട്ടത്തിന്റെ രൂപത്തില്‍ ചിട്ട ചെയ്താല്‍, എന്റെ ഒരു അനുഭവമാണ്, ചിട്ട ചെയ്ത് നമ്മള്‍ അവതരിപ്പിക്കുന്ന സമയത്ത്, ഗീതഗോവിന്ദത്തിന്റെ ടെക്സ്റ്റ് എല്ലാവര്‍ക്കും അറിയാവുന്നതാണ്, ഈ ടെക്സ്റ്റ് അടന്ത രണ്ടാം കാലത്തില്‍ പാടി, ആരും കേട്ടിട്ടുണ്ടാവില്ല. അത് കഥകളിയുടെ മാത്രം സ്വത്താണ്. അപ്പോള്‍ കഥകളിയുടെ മാത്രം ശൈലിയില്‍, എല്ലാവര്‍ക്കും പരിചയമായിട്ടുള്ള സാഹിത്യം പാടുന്ന സമയത്ത്, ഇതില്‍ വെറും ഒരു അക്കാദമിക് ആയിട്ടുള്ള ഒരു interest മാത്രമല്ല, ഇതിന് ഒരു entertainment value തന്നെയാണത്. കഥകളി വളരെ സീരിയസ് ആയിട്ട് ആസ്വദിക്കുന്നവര്‍ക്കാണ് ഈ ചൊല്ലിയാട്ടം, അതിനകത്ത്, ഞാന്‍ ഒരു നടനാണല്ലൊ, എപ്പോഴായാലും, ഞാന്‍ എന്റെ ആത്മാവു കൊണ്ടൂ ചെയ്യുന്ന അഭിനയം, അത് കൂടുതല്‍ പ്രേക്ഷകര്‍ താല്പര്യത്തോടു കൂടി കാണുക എന്നത് എനിക്ക് ആത്യന്തികമായിട്ടുള്ള ഒരു ആഗ്രഹമാണ്. ഇത് എഫെക്റ്റിവ് ആയിട്ട് നടക്കുന്നുണ്ട് ചൊല്ലിയാട്ടത്തില്‍. അതു കൊണ്ട് മറ്റു ചിന്തകളോ മറ്റു ചോദ്യങ്ങളോ എന്നെ സംബന്ധിച്ച് പ്രസക്തിയുള്ളതല്ല.
കഥകളിയുടെ സങ്കീര്‍ണ്ണമായ ആഹാര്യം ചൊല്ലിയാട്ടത്തെ മറക്കുന്നു എന്നാണല്ലോ കണ്ണേട്ടന്‍ വിശദീകരിച്ചത്. അങ്ങനെയെങ്കില്‍പ്പോലും, ഇത്രമേല്‍ സങ്കീര്‍ണ്ണമായ ഒരു ആഹാര്യപദ്ധതി രൂപപ്പെട്ടുവന്ന സാഹചര്യമെന്തായിരിക്കും?
അതിനുത്തരം പറയും മുന്‍പ്, ആദ്യത്തെ വാചകത്തോടുള്ള എന്റെ ഒരു പ്രതികരണം അറിയിക്കട്ടെ. ആഹാര്യം ചൊല്ലിയാട്ടത്തെ മറയ്ക്കുന്നു എന്നല്ല ഞാന്‍ പറഞ്ഞത്. ഇത്, കഥകളിവേഷം കണ്ടുശീലിച്ചിട്ടുള്ളവര്‍ക്ക് ഈ ആഹാര്യം ചൊല്ലിയാട്ടഭംഗിയെ അതിഭയങ്കരമായിട്ട് enhance ചെയ്യുകയാണ് ചെയ്യുക. അല്ലാത്ത ഒരാളുടെ മുന്നില്‍ ഇതു മറയ്ക്കുന്നു എന്നു മാത്രമേയുള്ളൂ. അതുകൊണ്ട് നമ്മുടെ ഈ വേഷത്തിന്റെ ഈ സ്വഭാവം, ഈ രീതി അതിന്റെ ആദ്യം മുതല്‍ തന്നെ അതില്‍ ഉണ്ടായിരിക്കണം. അതായത് , ഇപ്പോള്‍ ഇതിന്റെ ഈ നാട്യധര്‍മ്മി സ്വഭാവമുണ്ടല്ലോ, വേഷത്തിനെ നേരത്തേ പറഞ്ഞതുപോലെ താലഭംഗം ചെയ്ത്, സ്വാഭാവികമായ ശരീരഘടനയില്‍ നിന്നു മാറ്റി മറ്റൊന്നാണ് എന്നു നമുക്കു തോന്നുന്ന തരത്തില്‍ ഉള്ള ഇതിന്റെ ഈ ഘടന, ഇതു പണ്ടുതന്നെ ഉണ്ടായിരിക്കണം. ഒരു വിളക്കിന്റെ നിഴലും വെളിച്ചവും ആവശ്യപ്പെടുന്നത് വളരെ ചെറിയ രീതിയിലുള്ള ചില സംഗതികളാണ്. വിളക്കിന്റെ ഒരു വലിയ ധര്‍മ്മം അവിടെയുണ്ട്. ഒരു ചുട്ടിപ്പൂ വെയ്ക്കുക, ഒന്ന് അണിയുക ഒക്കെ ചെയ്താല്‍ തന്നെ വിളക്കിന്റെ വെളിച്ചത്തില്‍ ഇത് ആകെ മാറും. ഇലക്‍ട്രിക് വെളിച്ചം വന്നുകഴിഞ്ഞപ്പോള്‍ ഇതൊന്നും പോരാതെയായി. വെറും അണിയലൊന്നും പോരാതായി. അപ്പോള്‍ നമ്മള്‍ ഇവിടെ കടലാസ് വെച്ചു. ഇപ്പോള്‍ ഹനുമാന്റെ പോലും ഇവിടെ ഒരു കടലാസ് മൂക്കിനു മുകളില്‍ വെയ്ക്കും. കാരണം അല്ലാതെ ഒരു അണിയല്‍ കൊണ്ടൊന്നും ഇത് തോന്നില്ല. അപ്പോള്‍ ഈ വെളിച്ചം വന്നതോടുകൂടി, എല്ലാം വളരെ വിശദമായിട്ടും വ്യക്തമായിട്ടും കാണിക്കുന്ന ഈ വെളിച്ചം വന്നതോടുകൂടി, ഈ ശില്‍പ്പഘടന, കഥകളിയ്ക്ക് ഈ ത്രിമാനസ്വഭാവം കൊടുക്കുന്ന ഈ ശില്‍പ്പഘടനയുണ്ടല്ലോ, ചുട്ടി, ഉടുത്തുകെട്ട് പോലെയുള്ളവയെല്ലാം വലുതാക്കേണ്ട ആവശ്യംവന്നു. എന്നാലേ ആ പഴയ ഇഫക്ട് ഉണ്ടാവുകയുള്ളൂ. പണ്ട് ഈ ഇഫക്ട് ഉണ്ട്. അതുകൊണ്ടാണ് പകല്‍ സമയത്ത് കഥകളി നടത്താത്തത്. ഇന്നു നമുക്ക് പകല്‍ സമയത്ത് നടത്താം, കാരണം പകലായാലും രാത്രിയായാലും അങ്ങോട്ടുനോക്കിയാല്‍ ഒരുപോലെ തന്നെയാ. പണ്ടങ്ങനെയല്ല. പണ്ട് പകലീ സാധനം വെച്ചാല്‍ ഒന്നും ഇല്ല. കാരണം മുഖത്ത് ഇന്ന് നമ്മള്‍ ചെയ്യുന്നതെല്ലാം തീരെ ചെറിയതായേ ഉള്ളൂ. പഴയകാലത്ത് വളരെ ലഘുവായിട്ട് ചെയ്തിരുന്ന മുഖത്തെ അണിയലങ്ങളായാലും; ഇതൊക്കെ രാത്രിയുടെ ഇരുട്ടും അന്നത്തെ ഇളകുന്ന ദീപത്തിന്റെ പ്രകാശവും ചേര്‍ന്നുണ്ടാകുന്ന ഒരു… ഇതെല്ലാം ചേര്‍ന്നാണ് കഥകളിയുടെ ഒരു രൂപം പണ്ടുണ്ടായത്. അതിപ്പോള്‍ ഇങ്ങനെയായതുകൊണ്ടാണ് പുതിയതരത്തിലുള്ള വികാസമൊക്കെ ഇപ്പോഴുണ്ടാകുന്നത്. ഇപ്പോള്‍ നമ്മളെ സഹായിക്കുന്ന തരത്തില്‍ കടലാസുചുട്ടി ഉണ്ടായി. ഉടുത്തുകെട്ടുമതേ, നല്ലപോലെ കഞ്ഞിമുക്കിയ വാലല്ലെങ്കില്‍, ഇതിന്റെ ഭാരം കാരണം നടന് അനങ്ങാന്‍ പറ്റില്ല. ഇപ്പോള്‍ പ്ലാസ്റ്റിക് വന്നതോടു കൂടി വലിപ്പം നിലനിര്‍ത്താന്‍ സാധിക്കും, ഭാരം ഉണ്ടാവുന്നുമില്ല. ഇങ്ങനെ പുതിയ സൌകര്യങ്ങള്‍ നമുക്ക് ഉണ്ടാവുന്നതുകൊണ്ട് ഈ സൌകര്യങ്ങള്‍ നമ്മള്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. കഥകളിയുടെ നാട്യധര്‍മ്മിത ഇത് ആവശ്യപ്പെടുന്നുമുണ്ട്.
ഇതിനകത്തെ കാര്യം, കഥകളിയുടെ ആഹാര്യം സ്വരൂപിച്ചിട്ടുള്ളത് ഇതിന്റെ നാട്യധര്‍മ്മശരീരത്തിന് അനുയോജ്യമായിട്ടാണ്. ആഹാര്യം പൂര്‍ണ്ണമായി തിരസ്കരിക്കുന്നതോടുകൂടി, ആഹാര്യത്തിന്റെ നാട്യധര്‍മ്മിതാവസ്ഥ പൂര്‍ണ്ണമായും ഇല്ലാതാകുന്നു. തികച്ചും ലോകധര്‍മ്മിയായതോ, അല്ലെങ്കില്‍ ലൌകികമായ മനുഷ്യശരീരം തന്നെ പ്രേക്ഷകര്‍ക്കു മുന്നില്‍ അനാവൃതമാകുന്നു. അപ്പോള്‍ ആ തികച്ചും ലൌകികമായ ശരീരത്തില്‍ നിന്നിട്ട് അത്യന്തം നാട്യധര്‍മ്മിയായിട്ടുള്ള ഒരു തീയറ്റര്‍ രൂപത്തെ അവതരിപ്പിക്കയാണ് കലാകാരന്‍ ചെയ്യുന്നത്. നാട്യധര്‍മ്മിയായ രൂപത്തിനുണ്ടാക്കാവുന്ന ഇഫക്ട് ഈ രൂപത്തിനു ലഭിക്കുമോ എന്നതാണു ചോദ്യം.
ഒരു traditional ഓഡിയന്‍സിന്റെ മുന്നില്‍, ഇപ്പോള്‍ ഞാന്‍ കഥകളി കാണുകയാണെങ്കില്‍, അല്ലെങ്കില്‍ ഞാന്‍ ഗോപിയാശാന്റെ വേഷം കാണുകയാണെങ്കില്‍ , ഗോപിയാശാന്റെ ചൊല്ലിയാട്ടം കാണുന്നതിനേക്കാള്‍ എനിക്കിഷ്ടം ഗോപിയാശാന്റെ വേഷത്തോടെയുള്ള performance കാണുന്നതുതന്നെയായിരിക്കും. പക്ഷേ ഗോപിയാശാന്റെ ചൊല്ലിയാട്ടത്തിനു തരാന്‍ കഴിയുന്ന വേറെ ചില അനുഭൂതികളുണ്ട്. അതദ്ദേഹത്തിന്റെ വേഷത്തിന് തരാന്‍ കഴിയണമെന്നില്ല. അതായത് ലോകധര്‍മ്മിയായിട്ടുള്ള, വളരെ സാധാരണമായിട്ടുള്ള, ഗ്രാമ്യമായിട്ടുള്ള എന്റെ ഈ ശരീരം, ഈ ശരീരത്തെ നാട്യധര്‍മ്മിയായി ഞാന്‍ നില്‍ക്കുന്ന ആ നില്‍പ്പുണ്ടല്ലോ, ആ നില – ആ നില തന്നെ അതിനകത്ത് നാട്യധര്‍മ്മിത കൊണ്ടുവരികയാണ്. പിന്നെ എന്റെ ഈ ശരീരത്തിന്റെ ഓരോ പേശികളും ഉപയോഗിച്ച് സൂക്ഷ്മമായിട്ട് ഞാന്‍ ചെയ്യുന്ന അഭിനയക്രിയ, ഈ അഭിനയക്രിയയും – ശരീരം കൊണ്ട് നാട്യധര്‍മ്മിയായുള്ള ഒരവതരണം സാധിക്കുമോ എന്ന ചോദ്യത്തിനു പ്രസക്തിയില്ല. കാരണം, അത്തരത്തില്‍ കഥകളിയല്ലാത്ത മറ്റനേകം കലാരൂപങ്ങള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാ. കഥകളിയുടെ ഈ അഭിനയസമ്പ്രദായം മറ്റൊരു കലാരൂപത്തിനും ഉള്ളതല്ല. കൂടിയാട്ടത്തില്‍ നിന്ന് നമ്മള്‍ ഇതിന്റെ മുഖാഭിനയത്തിന്റെ രീതികളോ അല്ലെങ്കില്‍ മുദ്രാഭിനയത്തിന്റെ രീതികളോ ഒക്കെ എടുത്തിട്ടുണ്ടെങ്കില്‍ പോലും, കൂടിയാട്ടത്തിന്റേതുപോലെയല്ല നമ്മള്‍ ചെയ്യുന്നത്. കാരണം ഇവിടെ താളത്തിന്റേതായ പ്രത്യേകതകള്‍ , ഇളകിയാട്ടത്തിന്റേതായ പ്രത്യേകതകള്‍ , അങ്ങനെ നമ്മള്‍ കൂടിയാട്ടത്തില്‍ നിന്നു വളരെ വ്യത്യസ്തമാണ്. മറ്റേതെങ്കിലുമൊരു ക്ലാസിക്കല്‍ കലാരൂപത്തിന് നമ്മുടെ ചൊല്ലിയാട്ടവുമായി യാതൊരു സാദൃശ്യവുമില്ല. ഇങ്ങനെ വളരെ unique ആയി നില്‍ക്കുന്ന movementsന്റെ ഒരു ഭണ്ഡാഗാരമാണ് നമ്മുടെ ചൊല്ലിയാട്ടം. ഈ ഭണ്ഡാഗാരമുപയോഗിച്ച്, എങ്ങനെ ഒരു നടന്‍ എന്ന നിലയിലുള്ള ഒരു… തൃപ്തിക്കുവേണ്ടിയുള്ള ഒരന്വേഷണം. അതായത്, ഒരു കഥകളിവേഷത്തോടെ അരങ്ങില്‍ വന്നുനിന്ന് perform ചെയ്യുമ്പൊള്‍ അതെനിക്കു വലിയ അനുഭൂതിയാ. യാതൊരു സംശയവുമില്ല. കാരണം എന്റെ ശരീരം അതുവരെ ഞാന്‍ വളര്‍ത്തിയെടുത്തത് അതിനുവേണ്ടിയാണ്. അതിനേക്കാള്‍ വലിയ പല challengesഉം ഏറ്റെടുത്തുകൊണ്ടാണ് ആരെങ്കിലും വേഷം നന്നായി എന്നുപറയുന്നുണ്ടെങ്കില്‍ അവിടേക്ക് നാം എത്തുന്നത്. ഇവിടെ ഒരു ചൊല്ലിയാട്ടത്തില്‍ നമ്മള്‍ ഫെയ്സ് ചെയ്യുന്ന challenge വേറെയാണ്. ഇവിടെ എനിക്ക് വേഷത്തിന്റേതായിട്ടുള്ള added ആയിട്ടുള്ള effects ഒന്നുമില്ലാത്തതുകൊണ്ട് ഒരു നടന്‍ എന്നുള്ള നിലക്ക് എന്റെ ഉത്തരവാദിത്തങ്ങളും കൂടി. പിന്നെ, ചൊല്ലിയാട്ടം പലപ്പോഴും solo performance ആയിട്ടു ചെയ്യാനാണ് ഞാന്‍ പ്രാധാന്യം കൊടുക്കുന്നത്. ഇപ്പോള്‍, ഇതുവരെ. ഒന്നുരണ്ട് അവസരങ്ങളില്‍ അങ്ങനെയല്ലാതെ ചെയ്തിട്ടുണ്ട്. ഗ്രൂപ്പായിട്ടും ചെയ്യാവുന്നതാണ്. പക്ഷേ ഈ solo performance ആയിട്ടു ചെയ്യുമ്പോള്‍ , ഞാനും പാട്ടുകാരും മേളക്കാരും മാത്രമായിട്ട് അരങ്ങില്‍ വരുന്ന ഒരു പാരസ്പര്യമുണ്ട്. അവിടെ നമ്മള്‍ സൃഷ്ടിക്കുന്ന പ്രാണന്റെ ഒരു പ്രത്യേകചലനമുണ്ട്. ഈ ഒരു ചലനത്തിലൂടെ നമ്മള്‍ സൃഷ്ടിക്കുന്ന vibration, ഇത് ആസ്വദിക്കുന്ന ഓഡിയന്‍സ് – ഇത് ഈ ഒരു പാരസ്പര്യത്തിനു വേണ്ടി ആണ്. അതിനുവേണ്ടിത്തന്നെയാണ് അതു ചെയ്യുന്നത്.
ചൊല്ലിയാട്ടത്തെ പൂര്‍ണ്ണമായി വിശദീകരിക്കാന്‍ വേണ്ടി ചോദിക്കട്ടെ, കുറച്ചുകൂടി വ്യാകരണപരമായ ഒരു പ്രശ്നം, വാസ്തവത്തില്‍ നാട്യശാസ്ത്രമനുസരിച്ചുള്ള നാട്യസിദ്ധാന്തത്തില്‍ കഥകളിക്കുപയുക്തമായിട്ടുള്ളതു മാത്രമാണ് അവിടുന്നെടുത്തിട്ടുള്ളത് എന്നതുകൂടിയാണ്. ഇപ്പോള്‍ ഈ ആഹാര്യം, ആഹാര്യമാവപ്പെടുന്ന നാട്യനിയമങ്ങള്‍ ആണ് കഥകളി എടുത്തത് എന്നുമുണ്ടല്ലോ. ഇപ്പോള്‍ ശോകം എന്ന ഭാവത്തെ ഏതൊക്കെ ആലംബന-ഉദ്ദീപന വിഭാവങ്ങളിലൂടെ ആവിഷ്കരിക്കണം എന്നുള്ള നിയമത്തില്‍ കലാഗവേഷകര്‍ പറയാറുള്ള ഒരു കാര്യമാണ്, ‘അശൃ’ എന്നത് കഥകളി എടുക്കാത്തത് കഥകളിയുടെ ആഹാര്യനിയമങ്ങള്‍ അത് അനുവദിക്കായ്ക കൊണ്ടു കൂടിയാണ് എന്ന്. അപ്പോള്‍ ഇങ്ങനെ, ആഹാര്യം എന്നത് കഥകളിയുടെ അവതരണസ്വരൂപത്തെക്കൂടി നിര്‍ണയിക്കുന്ന ഒന്നായി മാറിയിട്ടുണ്ട് കഥകളിയില്‍ . ഇപ്പോള്‍ ശിരസ്സിന്റെ ചലനങ്ങള്‍ നിയന്ത്രിക്കുക എന്നത്… കലാമണ്ഡലം ഗോപിയെപ്പോലുള്ള പ്രതിഭാശാലികളായ നടന്മാര്‍ ആ പരിമിതിയെ ഒക്കെ തിരസ്കരിച്ചു വലിയ വിസ്മയങ്ങള്‍ തീര്‍ക്കാറുണ്ട് എന്നതു മറ്റൊരു വശം. പക്ഷേ കഥകളിയുടെ ചിട്ടക്രമം ശിരസ്സിന്റെ ചലനങ്ങളെ പരമാവധി ക്രമീകരിക്കുന്നതിന് ആ കിരീടം കൂടി ഒരു കാരണമായി നില്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ ആഹാര്യം കൂടി തീയറ്ററിന്റെ നിയമങ്ങളെ നിര്‍ണയിക്കുന്ന നിലയില്‍ നില്‍ക്കുന്ന ഒരു കലാരൂപം എന്ന നിലയില്‍ , ഈ ആഹാര്യത്തെ തിരസ്കരിക്കുമ്പോള്‍ വീണ്ടും കഥകളിയില്‍ ലൌകികമായ ചലനങ്ങള്‍ കടന്നുകയറാനുള്ള സാദ്ധ്യത വര്‍ദ്ധിക്കുകയില്ലേ?
കഥകളിയിലേക്ക് ഇത്തരത്തിലുള്ള ലൌകികമായ സംഗതികള്‍ വന്നുകയറാന്‍ ഇടയില്ല. അങ്ങനെ വന്നു കയറുമെങ്കില്‍ , അതു ചൊല്ലിയാട്ടം വഴി ആയിരിക്കില്ല. കാരണം ചൊല്ലിയാട്ടം ചെയ്യുന്ന ഒരു നടന്‍, ആ നടന്റെ ശരീരത്തെപ്പറ്റി ബോദ്ധ്യമുള്ളവനായിരിക്കും. ചൊല്ലിയാട്ടം ചെയ്യാത്ത ഒരു നടനാണ് ഈ പറയുന്ന പ്രശ്നങ്ങളെല്ലാം അഭിമുഖീകരിക്കേണ്ടി വരുന്നത്.
പക്ഷേ വ്യവസ്ഥാപിതമായ നിലയിലുള്ള ചൊല്ലിയാട്ടം മാത്രമല്ലല്ലോ കണ്ണേട്ടന്‍ ഇപ്പോള്‍ മനസ്സില്‍ വിഭാവനം ചെയ്യുകയും വിശദീകരിക്കുകയും ചെയ്തത്. വ്യവസ്ഥാപിതമായ പദാര്‍ത്ഥാഭിനയത്തിന്റെ പുറത്തേക്ക്, പിന്നില്‍ ഒരു വലിയ കാവ്യത്തിന്റെ, ഗീതാഗോവിന്ദം പോലുള്ള, അതിന്റെ വിശദീകരണം, പ്രസ്താരം കൂടി ഉള്‍ക്കൊള്ളുന്നു. അപ്പോള്‍ കുറേക്കൂടി വിപുലമായ രംഗചലനങ്ങള്‍ക്കുള്ള സാദ്ധ്യത കഥകളിനടന്റെ രംഗചലനങ്ങള്‍ക്കു കൈവരുന്നില്ലേ?
സാദ്ധ്യത ഉള്ളതുകൊണ്ട് വ്യവസ്ഥാപിതമായ കഥകളിഭാഷയ്ക്ക് ഭംഗം വരുന്നില്ല. ഒന്നാമതായി, വ്യവസ്ഥാപിതമായ കഥകളി ഭാഷ എന്ത് എന്ന ചോദ്യം വരും. കോട്ടയം കഥകളുടെ അവതരണമാണോ പറയുന്നത്, നളചരിതത്തിന്റെ അവതരണമാണോ പറയുന്നത്, ദുര്യോധനവധത്തിന്റെ അവതരണമാണോ പറയുന്നത്, കചദേവയാനിയുടെ അവതരണമാണോ പറയുന്നത്? നമ്മുടെ ആചാര്യന്മാര്‍ ഇതെല്ലാം ചെയ്യുന്നത് നമ്മള്‍ കാണുന്നുണ്ട്. ഇത് ഓരോന്നിനും ഓരോ തരത്തിലുള്ള possibilityയാണ് ഒരു നടന്‍ കൊടുക്കുന്നത്. സ്ത്രീവേഷം ചെയ്യുന്ന ഒരു നടന്‍ സ്ത്രീവേഷം ചെയ്യുന്നതിനുവേണ്ടി ശരീരം ഒരു പ്രത്യേകരീതിയില്‍ ഉപയോഗിക്കും. ഇതേ നടന്‍ സന്താനഗോപാലം ബ്രാഹ്മണന്‍ ചെയ്യുമ്പോള്‍ ആ നടന്റെ ശരീരഭാഷ മറ്റൊന്നായി മാറും, മാറണം. അല്ലെങ്കില്‍ ആ നടന്റെ സന്താനഗോപാലം ബ്രാഹ്മണന്‍ മോശമായി എന്നു പറയും. സ്ത്രീവേഷവും സന്താനഗോപാലവും നന്നായി ചെയ്യുന്ന ഒരു നടന്‍ ഉണ്ടെങ്കില്‍ ആ നടന്‍ രണ്ടു തരത്തിലുള്ള സാദ്ധ്യതകളാണ് ഉപയോഗിക്കുന്നത്. ഇങ്ങനെയുള്ള ഒരാള്‍ മൂന്നാമത് ഗീതാഗോവിന്ദം ചെയ്യുന്നെന്നിരിക്കട്ടെ. അപ്പോള്‍ ഗീതാഗോവിന്ദം മൂന്നാമതൊരു സാദ്ധ്യതയാണ്. ആ നടന്‍ തിരിച്ച് കോട്ടയം കഥയിലേക്കു വരുമ്പോഴേക്കും കോട്ടയം കഥകളിലെ possibility നഷ്ടപ്പെടുന്നു എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. ഇനി, ലോകം കാണാതെ കോട്ടയം കഥ മാത്രം ചെയ്യുകയും ഇതിനു പുറത്തേക്കുള്ള possibility അറിയാതിരിക്കുകയും ചെയ്യാതിരിക്കുകയും ചെയ്യുന്ന ഒരു നടന്‍ കോട്ടയം കഥ ചെയ്യുന്നത് ശുദ്ധമായാണു ചെയ്യുന്നത് എന്നാരെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് അയാള്‍ക്ക് തീയറ്ററിനെപ്പറ്റിയുള്ള അജ്ഞത എന്നേ പറയാനാവൂ. ലോകത്തുള്ള മുഴുവന്‍ തീയറ്ററും കാണുകയും, എല്ലാറ്റിനേയും ആഴത്തില്‍ മനസ്സിലാക്കുകയും ചെയ്ത്, കോട്ടയം കഥകളുടെ പ്രത്യേകതയെന്താണെന്ന് ശാസ്ത്രീയമായി മനസ്സിലാക്കി അത് ശരീരത്തില്‍ ആവിഷ്കരിക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ കോട്ടയം കഥയുണ്ടാകുന്നത്. ലോകം കാണാതെ കോട്ടയം കഥ മാത്രം ചെയ്യുകയും ഇതിനു പുറത്തേക്കുള്ള possibility അറിയാതിരിക്കുകയും ചെയ്യാതിരിക്കുകയും ചെയ്യുന്ന ഒരു നടന്‍ കോട്ടയം കഥ ചെയ്യുന്നത് ശുദ്ധമായാണു ചെയ്യുന്നത് എന്നാരെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് അയാള്‍ക്ക് തീയറ്ററിനെപ്പറ്റിയുള്ള അജ്ഞത എന്നേ പറയാനാവൂ.അപ്പൊഴേ അതിന്റെ purityയുണ്ടാവൂ. അതായത് ജ്ഞാനത്തില്‍നിന്നാണ് ഈ purityയുണ്ടാവുന്നത്. അജ്ഞതയില്‍ നിന്നല്ല. ഒരിക്കലും വീടിനകത്തുമാത്രം ഒതുക്കിയിട്ട ഒരാള്‍ , ഇപ്പൊള്‍ നമ്മുടെ പഴയ അന്തര്‍ജനങ്ങളുടെ കഥ പറയാറുണ്ടല്ലോ. വീടിനകത്തു ഒതുക്കിയിട്ട് സ്വഭാവശുദ്ധി സംരക്ഷിക്കുക എന്നത് വളരെ പ്രാകൃതമായിട്ടുള്ള ഒരു കാര്യമാണ്. അങ്ങനെയല്ല സ്വഭാവശുദ്ധി സംരക്ഷിക്കേണ്ടത്. ലോകത്തെവിടെയും പോകാനുള്ള സ്വാതന്ത്ര്യമുണ്ടാവുകയും അപ്പോഴും സ്വഭാവശുദ്ധി ശീലിക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥ സ്വഭാവശുദ്ധി ഉണ്ടാകുന്നത്. അതേപോലെ ലോകത്തെ ഏതു തീയറ്ററും കാണുകയും ഏതു തീയറ്ററിനേയും കുറിച്ച് അഭിപ്രായം പറയാന്‍ കഴിയുകയും അതേപോലെ കഥകളിയിലെ പല പല വേഷങ്ങള്‍ കെട്ടുകയും, പല പല ആട്ടക്കഥകള്‍ എടുത്തു ചെയ്യുകയും ഇതൊക്കെ ചെയ്യുന്നുണ്ടെങ്കിലും കിര്‍മീരവധം ധര്‍മ്മപുത്രര്‍ ചൊല്ലിയാടുമ്പോള്‍ അത് അതിന്റെ perfectionഇല്‍ ചെയ്യുന്നുണ്ടെങ്കില്‍ ആ ആള്‍ക്ക് കിര്‍മീരവധം ധര്‍മ്മപുത്രര്‍ അറിയാം എന്നു പറയാം. അതല്ലാതെ കിര്‍മീരവധം ധര്‍മ്മപുത്രര്‍ അല്ലാതെ യാതൊന്നും ജീവിതത്തില്‍ ചെയ്യുകയും കാണുകയും ചെയ്യാതിരുന്ന് അതു ചെയ്യുന്നതില്‍ എന്താ അത്ഭുതമുള്ളത്? അതല്ല പഠിത്തം. അതല്ല ചെയ്‌വന. ഇത് ഒരു വ്യക്തിയുടെയല്ല. ഇപ്പോള്‍ എന്റെ സ്വന്തമല്ല കഥകളി. പക്ഷേ എന്റേം കൂടിയാണ്. എന്റെ അന്വേഷണങ്ങളുടെയൊക്കെ ഫലമായിട്ട് ഞാന്‍ കൊണ്ടുവരുന്ന ഒന്ന് സമൂഹം അംഗീകരിക്കുന്നില്ലെങ്കില്‍ , പിന്നെ ഞാന്‍ അതു തുടരില്ല. അതാണു ഞാന്‍ നേരത്തേ പറഞ്ഞത്, ഒരു ക്ലാസിക്കല്‍ performerടെ കടമ എന്നു പറയുന്നത് പാരമ്പര്യത്തെ അതിന്റെ – ഇപ്പോള്‍ നമുക്ക് ഒരുപാട് പരിമിതികളുണ്ട്, മനുഷ്യന്റെ ഓര്‍മ്മശക്തി വളരെ പരിമിതപ്പെട്ടതാണ്. ശാരീരികശക്തി, വളരെ പരിമിതപ്പെട്ടതാണ്. മനസ്സിലാക്കാനുള്ള ശക്തി… ഇപ്പോള്‍ എന്റെ ഗുരുനാഥനെ എനിക്കിപ്പോഴും മനസ്സിലാക്കാന്‍ പറ്റിയിട്ടില്ല. ആശാന്‍ പറഞ്ഞ പലതും പിന്നീട് പലപ്പോഴും നമുക്ക് തെളിഞ്ഞുവരും. പക്ഷേ അതു പറഞ്ഞ സമയത്ത് അതു മനസ്സിലായിട്ടില്ല. പിന്നീട് എപ്പോഴെങ്കിലുമാവും അതു മനസ്സിലാവുന്നത്. ഈ പരിമിതികളെല്ലാം വെച്ച് ഈ പാരമ്പര്യത്തെ അങ്ങനെത്തന്നെ നിലനിര്‍ത്തുകയും, അതേസമയം പുതിയതു പുതിയത് അന്വേഷിച്ചു ചെയ്യാന്‍ ശ്രമിക്കയും ചെയ്യുന്ന – ഒരേസമയം ഇതു രണ്ടും നടക്കും. അതു രണ്ടും നടക്കുന്നത് ഞാന്‍ മുന്‍പ് പറഞ്ഞതുപോലെ പുതിയത് പത്തെണ്ണം ചെയ്താല്‍ അതില്‍ ഒമ്പതെണ്ണവും തിരസ്കരിക്കപ്പെട്ടേക്കും. അതില്‍ വിഷമമില്ല. തിരസ്കരിക്കപ്പെടുന്നത് വേണ്ട. നമ്മളതു രണ്ടാമതു ചെയ്യാന്‍ ശ്രമിക്കുന്നില്ല.
നടപക്ഷത്തുനിന്നിട്ട് ഈ ചിന്ത ഇങ്ങനെ പറയാനാകുമ്പോള്‍ ആസ്വാദകപപക്ഷത്ത്, കേരളത്തിലഭിമുഖീകരിക്കേണ്ടിവന്ന ആസ്വാദനശീലം രണ്ട് മേഖലകളെ പ്രതിനിധീകരിക്കുന്നു. അത് സമ്പ്രദായഭേദങ്ങളുടേതു മാത്രമായി ഒതുങ്ങിനില്‍ക്കുന്നതല്ല. ഒരുവശത്ത് മുദ്രകളുടെ വൃത്തി, കരണങ്ങളുടെ വൃത്തി, ശരീരത്തിന്റെ സൌന്ദര്യം, തീയറ്ററിന്റെ രംഗഘടന എന്നിവയില്‍ ഒതുങ്ങിനില്‍ക്കുകയും ആ വൃത്തികളുടെ ആവൃത്തികളെപ്പറ്റി മാത്രം ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ശൈലി ഒരു വശത്തും, പ്രമേയത്തിന്റെ അനേകം സാദ്ധ്യതകളിലേക്കു നിരന്തരം ചര്‍ച്ചകളെ develop ചെയ്തുകൊണ്ടുപോകുമ്പോള്‍തന്നെ, തീയറ്റര്‍ അംശത്തിനെ പരമാവധി ന്യൂനീകരിക്കയും ചെയ്യുന്ന ശൈലി മറ്റൊന്നും. രണ്ട് അപചയങ്ങള്‍ ഒരേ സമയത്തു സംഭവിക്കുന്നുണ്ട്. ഈ രണ്ട് അപചയങ്ങള്‍ക്കിടയ്ക്കാണ് കേരളത്തിന്റെ ആധുനിക കലാസ്വാദനബോധം വളര്‍ന്നുവരേണ്ടത്. വാസ്തവത്തില്‍ ആധുനികകഥകളി ആസ്വാദകനില്‍ നിന്ന് കഥകളിനടന്‍ എന്താണ് പ്രതീക്ഷിക്കുന്നത്?
സ്വാഭാവികമായിട്ടും ഇതിന്റെ രണ്ടിന്റേയും balanced ആയിട്ടുള്ള അവസ്ഥയായിരിക്കും ഒരു നല്ല നടന്‍ പ്രതീക്ഷിക്കുക. അതായത് കോട്ടയം കഥകള്‍ പോലുള്ള ഒരു സംഗതി… സഹൃദയന്‍ എന്നൊരു വാക്കുണ്ടല്ലോ, നമ്മുടെ പഴയ വാക്കാണ്, പക്ഷേ അതു പുതിയതാണ്. അതായത് നടന്‍ കോട്ടയം കഥ പോലൊരു സംഗതി ചെയ്യുമ്പോള്‍ ഉള്ള സമീപനം എന്താണ് എന്നു തിരിച്ചറിഞ്ഞു കൊണ്ടായിരിക്കണം കോട്ടയം കഥയെപ്പറ്റി അഭിപ്രായം പറയുകയും ആസ്വദിക്കുകയും ചെയ്യേണ്ടത്. അല്ലെങ്കില്‍, ഒരു നടനില്‍ നിന്ന് ആസ്വാദകന്‍ ഇതായിരിക്കണം പ്രതീക്ഷിക്കേണ്ടത്. അതേ സമയം നളചരിതം ചെയ്യുന്ന സമയത്ത് ഞാന്‍ കോട്ടയം കഥ ചെയ്യുന്നതുപോലെയാണ് ചെയ്യുന്നത് എന്നുണ്ടെങ്കില്‍ , അതും ശരിയല്ല. അപ്പോള്‍ എന്റെ സമീപനം എന്താണെന്നു തിരിച്ചറിഞ്ഞുകൊണ്ട് ആസ്വദിക്കുന്ന ഒരു ആസ്വാദകന്‍ സന്ദര്‍ഭത്തിനനുസരിച്ച് രണ്ടു കാര്യങ്ങളിലും മനസ്സുവെയ്ക്കും. ചില സമയത്ത് ആവിഷ്കരണത്തിനാണു പ്രാധാന്യം എന്നു മനസ്സിലാക്കി അതിനേക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചില സമയത്ത് പ്രമേയപരമായ അംശങ്ങള്‍ക്കാണു പ്രാധാന്യം എന്നു തിരിച്ചറിഞ്ഞ് അതിനേക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യുക – ഒരു balanced ആയിട്ടുള്ള സമീപനമാണ് വേണ്ടത്.
അവിടെ നിന്നുകൊണ്ട് നിലവിലെ സാമൂഹ്യസ്ഥിതിയെപ്പറ്റി ചിന്തിക്കുമ്പോള്‍ , കഥകളി നേരിട്ടുവന്ന സാമൂഹികപരിതോവസ്ഥ, കഥകളിയുടെ ആസ്വാദകസമൂഹത്തെയും ആസ്വാദകപാഠത്തെയും നിര്‍ണയിക്കാന്‍ പറ്റിയ ഒരു അധികാരവ്യവസ്ഥ ഉണ്ടായിരുന്നു. എന്നാല്‍ ആ അധികാരവ്യവസ്ഥ പൂര്‍ണ്ണമായും തകര്‍ക്കപ്പെടുകയും, ഒരു ആധുനികസമൂഹം രൂപപ്പെടകയും ചെയ്തതിനു ശേഷമുള്ള പുതിയ ആസ്വാദകരില്‍ എങ്ങനെയാവും ഇത്തരമൊരു ആസ്വാദനബോധം രൂപപ്പെടുക? അതിനുള്ള ബോധപൂര്‍വമായ ശ്രമം എങ്ങനെയാണ് നടത്താനാവുക?
അതൊരു പ്രധാനപ്പെട്ട വിഷയമാണ്. ഈ ഒരവസ്ഥ തെക്കന്‍ തിരുവിതാംകൂറിലും മലബാറിലും ഒരുപോലെയല്ല നിലനിന്നിരുന്നത്. നടന്മാര്‍ക്ക് തിരുവിതാംകൂറിലായും മലബാറിലായാലും എപ്പോഴും പ്രാധാന്യമുണ്ടായിരുന്നു. നമ്മള്‍ പലപ്പോഴും പറഞ്ഞുകേള്‍ക്കാറുണ്ട് നടന്മാര്‍ അവര്‍ സംരക്ഷിക്കുന്നവര്‍ പറഞ്ഞതുകേള്‍ക്കുന്നവരായിരുന്നു എന്ന്. അങ്ങനെയാണെങ്കില്‍ ഈ ശൈലീഭേദങ്ങളൊന്നും ഉണ്ടാവില്ലായിരുന്നു. നമ്മള്‍ വെള്ളാട്ടു ചാത്തുപ്പണിക്കര്‍ മുതലുള്ള വലിയ മഹാന്മാരായ നടന്മാരുടെ പേരുകള്‍ നമുക്കറിയാം. അവിടെയൊന്നും അവരെ promote ചെയ്ത ആളുകളുടെ പേരല്ല നാം കേള്‍ക്കുന്നത്. ഇവര്‍ നടത്തിയ മാറ്റത്തെക്കുറിച്ച് ഇവര്‍ക്ക് പൂര്‍ണമായും ബോധമുണ്ടായിരുന്നു. ആ മാറ്റം അവരുടെ അവതരണത്തില്‍ ഒക്കെ അവര്‍ ഒരു ചിട്ടയായിട്ട്, നിര്‍ബന്ധായിട്ട് ദീക്ഷിച്ചിരുന്നു. ഇത് നമ്മുടെ ഏറ്റവും പുതിയ ആചാര്യന്മാര്‍ വരെ എത്തിനില്‍ക്കുന്നുണ്ട്. ഈ ഒരവസ്ഥ ഉണ്ടാകുന്നത്, ഒരിക്കലും ഇവര്‍ മാത്രമല്ല. നേരത്തേ പറഞ്ഞതുപോലെ പാണ്ഡിത്യത്തിന്റെയോ ശാസ്ത്രബോധത്തിന്റെയോ ഒന്നും പിന്നിലല്ല ഇവര്‍ നില്‍ക്കുന്നത്. പക്ഷേ ശാസ്ത്രബോധമുള്ള ഒരു society ഇവര്‍ക്കു ചുറ്റും നിന്ന് നല്‍കുന്ന ഉള്‍ക്കാഴ്ച്ചകളില്‍ നിന്നാണ് ഇവരിത് സ്വാംശീകരിച്ചെടുക്കുന്നത്. കഥകളി വളര്‍ന്ന ഓരോ മേഖലകളും, ഇപ്പോള്‍ ഒളപ്പമണ്ണ മനയുമായി ബന്ധപ്പെട്ട ഒരു പരിസരം, നമ്മള്‍ നേരത്തേ ഒരു സംസാരത്തില്‍ പറയുകയുണ്ടായി, കുറേ ആളുകള്‍, അനവധി പണ്ഡിതന്മാരും മറ്റും വന്നു താമസിക്കുന്ന സ്ഥലമാണ് അന്ന് അത്. അപ്പോള്‍ പലരുടേയും കയ്യില്‍ നിന്നു കിട്ടുന്ന അറിവുകളുടെ ഒരു സ്ഥലമാണ് അത്. ഇതേപോലെയാണ് ഇവിടെ തിരുവിതാംകൂര്‍ രാജാവിന്റെ അടുത്ത് , അമ്പലപ്പുഴ രാജാവിന്റെ അടുത്ത്… അന്നത്തെ പാണ്ഡിത്യത്തിന്റെ കേന്ദ്രങ്ങളായിരുന്നു ഇതൊക്കെ. അപ്പോള്‍ നടന്മാരും ആസ്വദകരും തമ്മിലുള്ള പാരസ്പര്യത്തിന്റെ ഘടകം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇതു വളരെ സ്വാഭാവികമായി രൂപപ്പെടാനുള്ള സാദ്ധ്യത നമുക്കുണ്ടായിരുന്നു. ഇപ്പോള്‍ ക്ഷേത്രങ്ങള്‍. നമ്മള്‍ വെള്ളാട്ടു ചാത്തുപ്പണിക്കര്‍ മുതലുള്ള വലിയ മഹാന്മാരായ നടന്മാരുടെ പേരുകള്‍ നമുക്കറിയാം. അവിടെയൊന്നും അവരെ promote ചെയ്ത ആളുകളുടെ പേരല്ല നാം കേള്‍ക്കുന്നത്.ക്ഷേത്രങ്ങള്‍ മുന്‍പ് പലതരം കൊടുക്കല്‍ വാങ്ങലുകള്‍ നടന്നിരുന്ന സ്ഥലമായിരുന്നു. അറിവിന്റെ കൊടുക്കല്‍ വാങ്ങലുകള്‍ മാത്രമല്ല, സാധനങ്ങളും. കൊട്ടയും തുണിയും കയറും എല്ലാം ഒരുവര്‍ഷത്തേക്കുള്ളത് ജനങ്ങള്‍ വാങ്ങുന്നത് ഉല്‍സവക്കാലത്താണ്. ഇങ്ങനെ പലതരം കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്ന സ്ഥലത്ത് ഒരു വലിയ വിഭാഗം ക്ലാസിക്കല്‍ കലകളില്‍ താല്‍പര്യമുള്ളവരും ഉണ്ടാകും. അപ്പോള്‍ അവിടെ ക്ലാസിക്കല്‍ കലയെപ്പറ്റിയുള്ള അറിവ് പുതിയ തലമുറയ്ക്ക് പകര്‍ന്നു കൊടുത്തുകൊണ്ടിരുന്നു. അത് സ്വന്തം familyയില്‍ പെട്ടവരില്‍ നിന്നാവണം എന്നില്ല. മറ്റുള്ളവരില്‍ നിന്നും ആകാം. ഇതു കിട്ടാന്‍ തക്കവണ്ണമുള്ള ചില വര്‍ക്‍ഷോപ്പുകള്‍ തന്നെയാണ് സ്വാഭാവികമായി മുന്‍പ് നടന്നിരുന്നത്. ഇതൊരു സാമൂഹ്യപ്രക്രിയയായിരുന്നു പണ്ട്. ഇതുകൂടാതെ ചില വിശേഷദിവസങ്ങളില്‍ രണ്ടും മൂന്നും ദിവസം നീണ്ടുനില്‍ക്കുന്ന കഥകളികള്‍. ഇങ്ങനെ പണ്ടത്തെ സമൂഹത്തില്‍ സ്വാഭാവികമായി രൂപപ്പെടുന്ന ചില സാദ്ധ്യതകള്‍ ഉണ്ടായിരുന്നു. ഇത് പിന്നീട് നമുക്ക് നഷ്ടപ്പെട്ടു. നമ്മുടെ വിദ്യാഭ്യാസസമ്പ്രദായം, പണത്തിന്റെ വരവും ചെലവും … സമൂഹത്തിന്റെ system ഒന്നാകെ മാറിയതോടു കൂടി നമുക്കിത് സ്വാഭാവികമായി കിട്ടാനുള്ള സാഹചര്യം സമൂഹത്തില്‍ ഇല്ലാതായി. ഇനി മാര്‍ഗമെന്നു പറയുന്നത് നമ്മള്‍ ബോധപൂര്‍വ്വം ഉള്ള ഇടപെടലുകള്‍ – ശില്‍പ്പശാലകളും മറ്റും ഉണ്ടാവുക എന്നതാണ്. ഇപ്പോള്‍ എന്നെ സംബന്ധിച്ചു തന്നെ, എനിക്ക് കഥകളിയില്‍ അനേകം ഉള്‍ക്കാഴ്ച്ചകള്‍ തന്നതാണ് കാറല്‍മണ്ണയില്‍ കുറേ വര്‍ഷങ്ങളായി, തുടര്‍ച്ചയായി നടത്തിയ ശില്‍പ്പശാലകള്‍.
സാങ്കേതിക സഹായം: എം ബി സുനില്‍ കുമാര്‍, നിഖില്‍ കപ്ലിങ്ങാട്
(തുടരും)
0 Comments