എനിക്കു പ്രിയപ്പെട്ട വേഷം

വാഴേങ്കട കുഞ്ചു നായർ

December 25, 2012 

പുരാണേതിഹാസാദികഥകളിൽ, അഥവാ കഥകളിയിൽ, പലപല കഥാനായകന്മാരും നായികമാരുമുണ്ട്. എന്നാൽ അതാതു കഥാപാത്രങ്ങളെക്കുറിച്ചുള്ള ഒരു ബോധം മനസ്സിലുദിക്കുന്നതോടു കൂടി നമ്മളിൽ പലർക്കും അവരവരുടെ ആസ്വാദനരീതിയനുസരിച്ച് ചിലചില കഥാപാത്രങ്ങളോട് എന്തോ ഒരു പ്രത്യേക പ്രതിപത്തിയുണ്ടായിത്തീരുന്നത് സാധാരണയാണ്‌. അക്കൂട്ടത്തിൽ കുട്ടിക്കാലം മുതല്ക്കേ എന്റെ പ്രത്യേക പ്രതിപത്തിയ്ക്ക് പാത്രീഭവിച്ച ഒരു കഥാപാത്രമാണ്‌ നിഷധേശ്വരനായ നളമഹരാജാവ്‌. അതിൽ പ്രത്യേകിച്ചും കാർക്കോടക ദംശനത്താൽ സ്വബോധം (സുബോധം) ഉദിച്ച ശേഷം വീണ്ടും തന്റെ ജീവിതേശ്വരിയോട് ചേരുന്നതു വരെയുള്ള കാലഘട്ടം ആലോചിക്കുമ്പോൾ എന്തെന്നില്ലാത്ത ബഹുമാനാദരമാണ്‌ എനിക്കദ്ദേഹത്തോട് തോന്നുന്നത്. അതായത്, കഥകളിയിൽ കാണാറുള്ള ആ ‘ബാഹുക’നോടു തന്നെ. ഈ ഘട്ടത്തിൽ ഞാൻ ഓർക്കുകയാണ്‌: നാട്യാചാര്യൻ ശ്രീ രാമുണ്ണിമേനോനാശാൻ എന്നെ അഭ്യസിപ്പിക്കുന്ന കാലത്ത് ബാഹുകനോടുള്ള പ്രതിപത്തി കാരണമായി ഞാൻ ഒരിയ്ക്കൽ “ഋതുപർണ്ണ ധരണീപാല” എന്നു തുടങ്ങുന്ന ഒരു പദം സ്വയം മൂളിപ്പാട്ടിന്നുവേണ്ടി തോന്നിക്കുകയുണ്ടായി. അശാൻ അതെങ്ങിനെയോ മനസ്സിലാക്കി. ശിവ ശിവ ! അതിന്നൊരു ശകാരമുണ്ടായിട്ടുണ്ട് ! താൻ പഠിപ്പിക്കുന്ന ഭാഗങ്ങൾ വല്ലതും തോന്നിക്കുവാനല്ല, “മറ്റു ചിലതി”ന്നാണ്‌ വാസന എന്നാണദ്ദേഹത്തിന്റെ കുറ്റാരോപണം ! ഏതായാലും ഞാൻ അതിന്നുപകരമായി അദ്ദേഹത്തിന്നേറ്റവും പ്രിയപ്പെട്ട കിർമ്മീരവധത്തിൽ അതേരാഗത്തിലും താളത്തിലുമുള്ള “മാധവജയശൗരേ” എന്ന സുദർശനത്തിന്റെ പദം പഠിക്കുക കൂടി ഉണ്ടായിട്ടുണ്ട് !

അതുകൊണ്ട്, ഈ ‘ബാഹുകൻ’ അഭ്യാസക്കളരികളുമായി അത്ര ബന്ധപ്പെട്ടിട്ടുണ്ടെന്ന് പറവാൻ ഞാൻ തയ്യാറുമില്ല.

നായകനിഷ്ഠമായ രസഭാവനയെമാത്രം അടിസ്ഥാനപ്പെടുത്തിയിട്ടാണ്‌ ഞാൻ പറയുന്നത്. അടിസ്ഥാനത്തിന്റെ വെളിച്ചത്തിൽ കുലമഹത്വം, വിദ്യ, ഐശ്വര്യം, സൗന്ദര്യം, സഹനശക്തി, ദൈവഭക്തി, ധർമ്മാചരണം, ധൈര്യം, ദൃഢാനുരാഗം മുതലായ ഉത്തമഗുണങ്ങളുടെ വിളഭൂമികളായ പ്രശസ്ത, പ്രൗഢ, പ്രഗല്ഭ, നായികാനായകന്മാരാണ്‌, ദമയന്തീനളന്മാർ. അവിചാരിതമായി, ഈശ്വരകല്പിതത്താൽ, വന്നുചേർന്ന ആ ആപത്തുകളിൽ അവരുടെ സഹനശക്തി അന്യാദൃശമാണ്‌. അവരുടെ ഉദാത്തവും പരിപാവനവുമായ ആ പ്രേമശൃംഖലാബന്ധം വജ്രായുധത്താൽ പോലും ഭേദിപ്പാനാവാത്തതാണ്‌ ; വാസ്തവത്തിൽ തങ്ങളുടെ സമാശ്ലേഷാവസ്ഥയിൽ നിന്നും തികച്ചും അപ്രതീക്ഷിതമായി, വിധിവൈപരീത്യത്താൽ വന്നുചേരുന്ന വിശ്ലേഷണത്തിന്നുശേഷമാണ്‌ യഥാർത്ഥാനുരാഗികളായ നായികാനായകന്മാരുടെ ആത്മീയമായ ആ അനുരാഗാമൃതം തികച്ചും ആസ്വാദ്യമാകുന്നത്. അപ്പോഴാണ്‌ പരമാനന്ദകരമായ തങ്ങളുടെ അനുരാഗസുധ അവർ അന്യോന്യം പകർന്നുകൊടുത്താസ്വദിച്ച് ആത്മസംതൃത്പി നേടുന്നത്. പ്രസ്തുത തത്വങ്ങൾ പരിപൂർണ്ണമായി കാണിക്കപ്പെടുന്ന രണ്ടു കഥാപാത്രങ്ങളാണ്‌ നളനും ദമയന്തിയും.

മേൽപ്പറഞ്ഞ ലക്ഷണങ്ങളൊക്കെത്തന്നെയാണ്‌ എനിക്ക് ബാഹുകനോട് ഒരു പ്രത്യേക പ്രതിപത്തിയുണ്ടാകാനുള്ള കാരണം.

ഇത്രയൊക്കെപ്പറഞ്ഞാലും ആ കഥാപാത്രത്തോട് നീതി പുലർത്തുന്നതിൽ ഇതുവരേയും ഞാൻ കൃതാർത്ഥനായിട്ടുമില്ല !

(22-11-1965)

Similar Posts

  • അശ്വതിതിരുനാളിന്റെ ആട്ടക്കഥാസാഹിത്യം

    ശ്രീകൃഷ്ണൻ എ. ആർ. June 17, 2013 ആട്ടക്കഥാസാഹിത്യം പൊതുവേ പിൻതുടരുന്ന ഒരു രചനാശൈലിയുണ്ട് – സാഹിത്യചമൽകാരത്തിന് വലിയ സ്ഥാനം നൽകാതെ അഭിനയത്തിനുള്ള വാചികതന്തു ആയിരിയ്ക്കുക  എന്ന നില. ഈ നിലയിൽ ഉറച്ചുനിന്നു കൊണ്ടുതന്നെ രംഗവിജയം നേടിയ കഥകൾ ധാരാളം; ഇതിൽ നിന്ന് വ്യത്യസ്തമായി സാഹിത്യമെന്ന നിലയിൽ തന്നെ ആസ്വാദ്യമാവുകയും ആ ആസ്വാദ്യതകൊണ്ട് രംഗവിജയത്തിന് കൂടുതൽ ദീപ്തി കൈവരിയ്ക്കുകയും ചെയ്ത കുറച്ചു രചനകളുമുണ്ട്.  ഈ രണ്ടു വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നിൽ അശ്വതിതിരുനാളിന്റെ ആട്ടക്കഥകളെ ഉൾപ്പെടുത്തുന്നത് അപൂർണ്ണവും അതിലളിതവുമായ…

  • വാങ്മനസാതിവിദൂരൻ

    ഹേമാമോദസമാ – ഭാഗം രണ്ട് ഡോ. ഏവൂര്‍ മോഹന്‍‌ദാസ് June 20, 2012 നമുക്ക്‌ നളചരിതത്തിലെ പ്രേമത്താമരയിലേക്ക്‌ തിരിച്ചുപോകാം. ഈ അനുരാഗകഥയിലെ നായകനായ നളന്‍ ആരായിരുന്നു ? ‘നളചരിതം’ പുറപ്പാട്‌ പദത്തില്‍ നളനെ അവതരിപ്പിക്കുന്നത്‌ ‘ആസീല്‍ പുരാ പരമപാവനകീര്‍ത്തിഭൂമാനാകോപമേ നിഷധനിവൃതി നീതിശാലീരാജോ രതീശസുഭഗോ ജഗദേകവീരഃശ്രീ വീരസേനതനയോ നളനാമധേയഃ’ (സകലരേയും പരിശുദ്ധരാക്കുന്ന കീര്‍ത്ത്യതിശയമുള്ളവനും നീതിമാനും കാമദേവനെപ്പോലെ സുന്ദരനും ലോകത്തിലെ മികച്ച വീരനുമായി വീരസേനന്റെ പുത്രനായി നളന്‍ എന്നു പേരുള്ള ഒരു രാജാവ്‌ പണ്ട്‌ സ്വര്‍ഗ്ഗത്തിനൊത്ത നിഷധരാജ്യം വാണിരുന്നു) എന്നാണ്‌….

  • |

    കോതച്ചിറി

    ശ്രീവത്സൻ തീയ്യാടി May 23, 2017  ഓർമകൾക്കൊരു കാറ്റോട്ടം – 20  കാൽ നൂറ്റാണ്ടൊക്കെ മുമ്പ് കീഴ്പടം തറവാട് ലക്ഷ്യമാക്കി ഇടയ്ക്കിടെ പോവുമ്പോൾ വെള്ളിനേഴിയിൽ ഇത്രയൊന്നും റബ്ബർക്കാടുകളില്ല. പലനില കളിമൺതിട്ടകളിൽ തീർത്ത ഉൾവള്ളുവനാടൻ ഗ്രാമത്തിൽ പാതവശങ്ങളിലും പാടത്തേക്കുള്ള ഇറക്കങ്ങളിലും വീട്ടുതൊടികളിലും ഒക്കെയായി അവിടിവിടെ കരിമ്പനകൾ നിന്നനിൽപ്പിൽ ഉലയും. ഇരുണ്ടയുടലിനു മീതെ നീലമനയോല തേച്ച കൂറ്റൻ കുറ്റിച്ചാമരങ്ങൾ. തപസ്സുചെയ്യും പോലെ കാണേ അടുത്തനിമിഷം കാറ്റത്തു അലറുന്ന വല്ലാത്തതരം താടിവേഷങ്ങൾ. സമീപപട്ടണമായ ചെർപ്പുളശേരിനിന്ന് പട്ടാമ്പിക്ക് യാത്രചെയ്താലും വഴിപ്പെടും ഇതുപോലെ നെട്ടനെരൂപങ്ങൾ. ലേശംകൂടി…

  • ഏഷണി(ഏഷണ)ക്ക് നടപ്പവൻ

    ഹേമാമോദസമാ – ഭാഗം 4 ഡോ. ഏവൂർ മോഹൻദാസ് August 3, 2012 ‘നളചരിതത്തിലെ പ്രേമത്താമര’ (ഹേമാമോദസമാ ഭാഗം ഒന്ന്, ഭാഗം രണ്ട്) തേടി പോയ വഴിയിൽ, ഈ കഥാതല്ലജത്തിന്റെ വിവിധ വിഷയങ്ങളെക്കുറിച്ച്‌ പ്രശസ്തരായ പല സാഹിത്യ പണ്ഡിതന്മാരും എഴുതിയിട്ടുള്ള ലേഖനങ്ങൾ വായിക്കാൻ ഇടയായി. ഇങ്ങനെ ശ്രദ്ധയിൽ പെട്ട ചില ലേഖനങ്ങളിൽ നളചരിത സാഹിത്യത്തിൽ കവി ഉദ്ദേശിച്ചിട്ടുള്ളതിൽ നിന്നും വ്യത്യസ്തമെന്നു തോന്നാവുന്ന ചില പരാമർശങ്ങൾ ഉണ്ടെന്നു തോന്നി. നാരദന്റെ ഏഷണ- ഏഷണി സ്വഭാവത്തെക്കുറിച്ചുള്ള വിഷയത്തെ ഗൗരവപൂർവ്വം ഒന്നപഗ്രഥിക്കേണ്ടതുണ്ടെന്ന്‌ തോന്നുന്നു. ‘നളനെയാർ…

  • ഭസ്മീകരിക്കപ്പെടുന്ന കാട്ടാളൻ

    ഹേമാമോദസമാ – 15 ഡോ. ഏവൂർ മോഹൻദാസ് January 12, 2014  നളചരിതം  രണ്ടാം  ദിവസം  കഥയുടെ  എട്ടാം  രംഗത്തിന്റെ അവസാനഭാഗത്ത് കാണുന്ന ദമയന്തിയുടെ വിചാരപദമാണ് ഇവിടെ പ്രതിപാദ്യവിഷയം. തന്നെ പെരുമ്പാമ്പിന്റെ വായിൽ നിന്നും രക്ഷപ്പെടുത്തിയ കാട്ടാളൻ പ്രണയാഭ്യർത്ഥനയുമായി പിറകെ കൂടിയപ്പോൾ ദമയന്തി ചിന്തിക്കുന്ന പദമാണ്, അതിമൂഢനിവനോടെന്തനുസരിച്ചുരപ്പൂഅത് കേട്ടിട്ടിവനുണ്ടോ അടങ്ങിപ്പോയിരിപ്പൂഅബലേ! നിൻ വ്രതലോപോദ്യതൻ ഭസ്മീഭവിപ്പൂ എ-ന്നമരേന്ദ്ര വരമുന്നൊണ്ടതിന്നുപകരിപ്പൂ ‘നിന്റെ പാതിവ്രത്യവൃതഭഞ്ജനം ചെയ്യാനൊരുമ്പെടുന്നവൻ ഭസ്മമായിപ്പോകട്ടെ’ എന്ന ഇന്ദ്രദേവവരം ദമയന്തി ഓർത്തതും കാട്ടാളൻ ഭസ്മമായി തീർന്നു (ശക്തിയായടിച്ച കാറ്റിൽ ആ…

  • ഒരു കഥകളി യാത്രയുടെ ഓർമ്മ

    ഓർമ്മയിലെ കളി അരങ്ങുകൾ – ഭാഗം 2 വി. പി. നാരായണൻ നമ്പൂതിരി June 28, 2012  വർഷം 1975-76. കളി കണ്ട ഓർമ്മയല്ല. കളി കാണാൻ ഉള്ള യാത്രയാണ്‌ ഓർമ്മയിൽ. വൈക്കത്ത്‌ അടുത്ത്‌ വെള്ളൂർ (കേരള ന്യൂസ്‌ പ്രിന്റ്‌ ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം) എന്ന സ്ഥലത്തോട്‌ ചേർന്ന്‌ തോന്നല്ലുർ എന്നൊരു ഗ്രാമം. അവിടെ ആക്യക്കാവ്‌ എന്ന ക്ഷേത്രത്തിൽ കളിയുണ്ട്‌ എന്ന്‌ കേട്ട്‌ ഒരു സുഹൃത്തിനോടൊപ്പം യാത്ര തുടങ്ങി. എന്റെ സ്ഥലത്ത്‌ നിന്നും ഏതാണ്ട്‌ 15-16…

മറുപടി രേഖപ്പെടുത്തുക