ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 9
ശ്രീവത്സൻ തീയ്യാടി
April 22, 2013
ചിരട്ടക്കുള്ളിൽ പെട്ട വണ്ടിനെപ്പോലെ മദ്ധ്യമശ്രുതി അരങ്ങിൽ ഏങ്ങി. ആരുമില്ലേ എന്നെ രക്ഷിക്കാൻ എന്ന മട്ടിൽ അതിന്റെമാത്രം അലകൾ അഞ്ചെട്ടു നിമിഷം പുറത്തേക്ക് കേട്ടു. തറയിൽ ദമയന്തി ഏകയായി കിടന്നു.
ശ്രുതിപ്പെട്ടിക്ക് ചേർന്ന് ആരും നിൽപ്പില്ലെന്നല്ല. മീശ ലേശം കിളിർത്തിട്ടുണ്ട് എന്നതൊഴികെ വേറെ വിശേഷമൊന്നുമില്ല എന്ന് തോന്നിക്കുന്ന ഒരു പയ്യനെ കാണാനുണ്ട്. കലാമണ്ഡലത്തിലെത്തന്നെ ഏതെങ്കിലും വിദ്യാർത്ഥിയാവണം. ആ സ്ഥാപനത്തിന്റെ ട്രൂപ്പ് കളിയാണല്ലോ ഇവിടെയിപ്പോൾ.
ഏതായാലും രണ്ടും കൽപ്പിച്ചെന്നപോലെ പുതുമുഖം ശ്ലോകം ചൊല്ലാൻ തുടങ്ങി: “വേർപെട്ടീടുകയില്ല വല്ലഭനെ….”
ഭേഷ്! എന്തൊരു തെളിച്ചം! ഭാവഗരിമ! ശബ്ദസൗകുമാര്യം! നവരാത്രിക്കളിക്ക് കൂടിയിട്ടുള്ള കാണികൾക്കപ്പുറം നാഴികകളോളം അകലെ കണ്ണുനട്ടാണ് പാട്ട്. സൂക്ഷ്മം എവിടേക്ക് നോക്കുന്നു എന്ന് പിടിതരാത്ത ദൃഷ്‌ടി. പോരാത്തതിന് തലക്ക് ഇടംവലം ഒരയഞ്ഞ ആട്ടം.
മനോഹരിയായി ഫണം വിരിച്ച പുന്നാഗവരാളി. കുടുക്കയിൽനിന്ന് രക്ഷപ്പെട്ടെന്ന പോലെ ദമയന്തി കുടഞ്ഞെഴുന്നേറ്റു. കാന്തനെ കാണാഞ്ഞ് നാലുപുറം തിടുക്കപ്പെട്ടോടി. പിന്നെ ഒന്നടങ്ങിയതുപോലെ നിന്നു. ഏതോ ഭൂതത്തിന്റെ പിടിയിലായിരിക്കുന്ന നളൻ തന്നെ കൊടുംകാട്ടിൽ പാതിരപിന്നിട്ട നേരത്ത് ഉപേക്ഷിച്ചു പോയിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞു.
പാടാൻ അപ്പോഴെക്കുമൊക്കെ മുതിർന്ന ഭാഗവതർ എത്തിയിരുന്നു. മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി. ചേങ്ങിലയുടെ മൂളക്കം തൊണ്ടയിൽ മുഴക്കുന്ന മാന്ത്രികൻ. പൊന്നാനിക്ക് അകമ്പടി സേവിച്ച് ശിഷ്യൻ.
“കൊച്ചൻ കൊള്ളാവല്ലോടാ,” എന്ന് അടുത്തിരുന്ന ഏതോ മദ്ധ്യവയസ്കൻ. “എന്താണാവോ പേര്???”
“ബാബു.”
ആ പറഞ്ഞത് അയാൾക്കും പരിചയംപോരാത്ത ഒരു ചെറുക്കാനാണ്. “വെയ്ക്കത്തൊള്ളതാ…. ഉദയനാപുരം. ഞാനറിയും. നമ്പൂതിരിയാ..”
“അയ് … അത് പിന്നെ പൂണൂല് കണ്ടാ അറിഞ്ഞൂടേ…” സരസനൊരു മൂന്നാമൻ. ചെറുപ്പക്കാരൻ. ചാലക്കുടിപ്പുഴക്കപ്പുറം നാട്ടിലെ ചുവയുള്ള മലയാളം. “ബാബ്വോ? ന്നാലും ഒരു പേര്ണ്ടാവ് ല്ല്യെടോ!”
വൈകാതെ വിദർഭനന്ദിനിക്ക് തുണയേകാനെന്നപോലെ കാട്ടാളൻ പ്രവേശിച്ചു. ശേഷിച്ചനേരം ബാബുവിനെ അന്നേനാൾ കണ്ടതുമില്ല.
നളചരിതത്തിലെ നായകവേഷം കെട്ടിയ വാസു പിഷാരോടി അണിയറയിൽ മുഖത്തെ പച്ച തുടച്ചിരിക്കണം. അമ്പലത്തിലെ ശ്രീലകത്ത് ഭഗവതി കുളിച്ചൊരുങ്ങിയിരിക്കണം. ഏറെ താമസിയാതെ ചോറ്റാനിക്കരക്ക് ചുറ്റുമുള്ള കുന്നുകൾക്ക് മീതെ ആകാശം ഇരുട്ടുവിട്ട് നീലവെളിച്ചം പരത്തിത്തുടങ്ങിയിരുന്നു.
പിന്നത്തെ കഥ അരങ്ങേറിയത് ഏതായിരുന്നു? ഓർമ പോര. കൊല്ലംതന്നെ തികഞ്ഞ ഉറപ്പില്ല — 1987 അല്ലെങ്കിൽ ’88.
തിരിച്ച് തൃപ്പൂണിത്തുറക്ക് പോരുമ്പോൾ ബസ്സിൽ ഇരിക്കാൻ ഇടം കിട്ടി. ടിക്കറ്റിന്റെ തുണ്ടും ബാക്കി ചില്ലറയും കൈപ്പറ്റിയപ്പോൾ വെറുതെ ഒരു വരി മൂളാൻ തോന്നി: “വേർപെട്ടീടുകയില്ല വല്ലഭനെ….” കഴുത്തിന്റെ ഉലച്ചിൽ കിട്ടിയില്ലെങ്കിലും തലക്ക് ഇളക്കം തട്ടിയിരുന്നു.
പിറ്റത്തെ വർഷവും കണ്ടു ബാബു നമ്പൂതിരിയെ ചോറ്റാനിക്കരയിൽ. ഇക്കുറി നളചരിതം മൂന്നാം ദിവസം. ബാഹുകനായി കലാമണ്ഡലം ഗോപി.
ആദ്യകഥ കഴിഞ്ഞ് ചായ കുടിക്കാൻ പുറത്തേക്കിറങ്ങി. കീഴ്ക്കാവിലേക്കുള്ള പരന്ന ഇറക്കത്തിനിടയിലെ പരപ്പൻപറമ്പിന് ഓരംചേർന്നാണ് പന്തൽപ്പീടിക. യുവാക്കളുടെ ഒരു ചെറിയ കൂട്ടത്തിനിടെ നില്ക്കുന്നത് ബാബു നമ്പൂതിരിയല്ലേ? അതെ.
അരിമുറുക്കിന്റെ കഷ്ണം വായിലേക്ക് തിരുകുന്നതിനിടെ അയാൾ എന്തോ പറയാൻ പുറപ്പെട്ടു. രസമുള്ള കഥയേതോ വരാനിരിക്കുന്നു എന്ന് മുഖഭാവത്തിൽനിന്ന് തോന്നി. ചെവിയോർക്കാൻ ഞാനും ഉറപ്പിച്ചു.
“ഇന്നിപ്പോ ‘വിജനേ ബത മഹതി’ കേട്ടില്ലേ? ഇത് ഗോപിയാശാനായതു കൊണ്ടാ ഇങ്ങനെ. ഷാരടിയാശാനാണെങ്കി (ചരണത്തിൽ) പദം മുറിക്കുന്നേല് വെത്യാസം വരും. ‘അരുതേശി വാസു’ എന്നാക്കും.” താൻ ചൊല്ലിയതിലെ കുസൃതി മുഴുവൻ വരുത്താൻ മുഖം ഒരു വശത്തേക്ക് കോട്ടി ചിരി. “ഹാ, ഈ പാട്ടുകാരിലുവൊണ്ടേ ശൈലീഭേദവേ…”
രസംപിടിച്ച ശ്രോതാക്കളിൽ ഒരാൾക്ക് തന്റെ പക്കിലുള്ള ഉരുപ്പടിയിൽ ഒരെണ്ണമിറക്കാൻ തിടുക്കമായി. “ഈയിടെ ആരോ പറയുന്ന കെട്ടു. എവിടെയോ ദക്ഷയാഗം. ‘കല്യാണി’യിലെ ശ്രുംഗാരപദം. ‘കണ്ണിണക്കാനന്ദം’. ശ്ലോകം ചൊല്ലി പദം പാടാൻ തുടങ്ങിയപ്പോ പൊന്നാനി അറിയാതെ (‘നളചരിതം ഒന്നാം ദിവസ’ത്തിൽ ഇതേ രാഗത്തിലുള്ള) ‘കുണ്ഡിന നായക’ക്ക് പുറപ്പെട്ടു. അബദ്ധം മനസ്സിലാക്കി പുള്ളി വേഗം തിരുത്തി. ഫലം, പക്ഷെ, ഇങ്ങനാരുന്നു: കുണ്ടിണക്കാനന്ദം നൽകീടുന്നു പാരം….’ എങ്ങനെ?”
കൌണ്ടറിൽ കാശ് കൊടുക്കുന്നതിനിടെ ബാബു: “ആഹാ, ഇതിപ്പോഴേ കേക്കുന്നൊള്ളോ?” എന്നിട്ട് കൂട്ടുകാരനെ നോക്കി, “ഇനി ഞാൻതന്നെ വല്ലെടത്തും പാടിയതാണോ!”
പിന്നെയും മൂന്നാല് സീസണ്‍ പിന്നിട്ടു. എറണാകുളത്ത് തെക്കൻ ചിറ്റൂര് കളി. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ. ഒരേയൊരു കഥ. നളചരിതം നാലാം ദിവസം. കലാമണ്ഡലം കൃഷ്ണകുമാർ നടാടെ ഇക്കഥയിൽ ബാഹുകൻ കെട്ടുന്നു എന്ന് സുഹൃത്തൊരുവൻ അറിയിക്കുന്നു. കൂട്ടത്തിൽ ഇങ്ങനെയും പറയുന്നു: “അത്താഴപൂജ കഴിഞ്ഞ് രാത്രിയെ തുടങ്ങൂ. എനിക്ക് വയ്യ. ഞാനില്ല.”
ഒറ്റയ്ക്കായാലും പോവാൻ തീരുമാനിച്ചു. മടക്കയാത്ര? അതപ്പോൾ കാണാം എന്നുമുറപ്പിച്ചു.
സന്ധ്യ കഴിഞ്ഞ് മതിൽക്കകം കടന്നപ്പോൾ കണി കണ്ടത് രണ്ടു പേരെയാണ്. കഥകളിഗായകൻ പി ഡി നാരായണൻ നമ്പൂതിരി, നിരൂപകൻ വി കലാധരൻ. നിന്നനിൽപ്പിൽ സൊറ പറയുകയാണ് ഇരുവരും. “ഇനി ഇവര് രണ്ടുപേരും ചേർന്നാവുമൊ ഇന്നത്തെ പാട്ട്?” ഒരു ബാബുസ്റ്റൈൽ നർമത്തിൽ വെറുതെ ആലോചിച്ചു. “എങ്കി കലക്കി.”
നടയടഞ്ഞു. അരങ്ങുണർന്നു. പാട്ടിന് പാലനാട് ദിവാകരൻ. വന്ദനശ്ലോകം കഴിഞ്ഞു.
വീണ്ടും പുന്നാഗവരാളി! രാഗാലാപനം വെടിപ്പായി. ശ്ലോകവും. തിരശ്ശീല നീങ്ങിയതോടെ എന്റെയും ‘തീർന്നു സന്ദേഹം’. ശങ്കിടി ബാബു നമ്പൂതിരിതന്നെ.
കളി കഴിഞ്ഞപ്പോൾ ടേപ്പ് റെക്കോർഡറും രണ്ടുമൂന്നു കാസറ്റുമായി ഒരു യുവസുഹൃത്ത്. കളിയുടെ സംഘാടകരിൽ ഒരാളാണ്. രാജേഷ് നന്ദകുമാർ. അമ്പലവട്ടത്തു താമസം.
ബാറ്ററിയുള്ള ഉപകരണം അവിടെ വച്ചുതന്നെ പ്രവൃത്തിച്ച് അപ്പോൾ ഒലിയടങ്ങിയ പാട്ട് കേൾക്കാനും കേൾപ്പിക്കാനും ധൃതി: “ദിവാകരേട്ടാ, രണ്ടു മിനിട്ട്. ഇതൊന്നു ശ്രദ്ധിക്കൂ…” ഊട്ടുപുരക്ക് പുറത്തെ തിണ്ണക്കടുത്തേക്ക് പാലനാട് നടന്നെത്തി. പിന്നാലെ ബാബുവും.
നളദമയന്തീ പുന:സമാഗമ രംഗത്തെ തോടിരാഗ പദശകലമാണ് കേട്ടത്. “പ്രേമാനുരാഗിണി” നാലുവരി കഴിഞ്ഞതും ദിവാകരേട്ടൻ പറഞ്ഞു: “ഇതിന്റെ (മുഴുവൻ) കോപ്പി വേണം. കാലം ചെന്നാ ഒരിക്കെ ആരേയ്ങ്കില്വൊക്കെ കേപ്പിച്ച് പറയാലോ, പണ്ട് ന്റെ കൂടെ (വെണ്മണി) ഹരിദാസേട്ടൻ ശിങ്കിടി പാടീട്ട്ണ്ട് ന്ന്….”
“ദേ ചുമ്മാ….. വെറുതെയോരോന്ന് പറഞ്ഞാലൊണ്ടല്ലോ….” ബാബുവിന് നാണം, സന്തോഷം…
മാസങ്ങൾക്കകം സദനം കഥകളി അക്കാദമിയിൽ ജോലിക്കാരനായി — ബാബുവല്ല, ഞാൻ.
പാലക്കാടിന് പടിഞ്ഞാറ് സ്ഥാപനം സ്ഥിതിചെയ്യുന്ന പേരൂര് അതിർക്കാട് ഗ്രാമത്തിനടുത്ത പത്തിരിപ്പാല എന്ന മഹാമുക്കവലയിൽ പൽപ്പൊടി വാങ്ങാൻ വന്നതായിരുന്നു ഒരു ദിവസം രാവിലെ ഞാൻ. കോങ്ങാട് റോട്ടിലെ ഒരു കടയിൽനിന്ന് സാമഗ്രി കൈപ്പറ്റി മടങ്ങുമ്പോഴുണ്ട് എതിരെ നിന്ന് സദനം അദ്ധ്യാപകൻ ഹരികുമാരൻ എന്ന ഏട്ടൻ. മദിരാശിയിൽ ഏതോ കച്ചേരി പാടി രണ്ടുനാളത്തെ ഇട കഴിഞ്ഞ് ഒറ്റപ്പാലത്ത് തീവണ്ടിയിറങ്ങി ബസ്സിൽ മാറിക്കയറി നഗരിപ്പുറം ചേർന്നുള്ള വീട്ടിലേക്ക് നടന്നുപോകുന്ന വഴിയാണ്.
“പോയ പോക്കിൽ ഒരു കഥകളിപ്പരിപാടിയും തരപ്പെട്ടു,” എന്ന് ഹരിയേട്ടൻ. “ഡെമോണ്‍സ്റ്റ്റേഷൻ. കണ്ടിരിക്കണ്ട ചുമതല മാത്രം. പാട്ട് നന്നായി തോന്നി. ഒരു ബാബു നമ്പൂതിരി. കൊള്ളാം. വെരി നീറ്റ്.”
എത്ര ശരി! നല്ല നീറ്റിനീറ്റിയുള്ള പാട്ട് എന്നും മലയാളത്തിൽ പറയാം.
സദനത്തിൽ അങ്ങനെ കൂടിയ കാലത്താണ് 1994ലെ പട്ടിക്കാംതൊടി ജയന്തി. കന്നി 12.
വിശേഷദിവസം മുഴുരാത്രിക്കളിയുണ്ട്. പകലാകട്ടെ മത്സരങ്ങൾ അടക്കം വേറെ പരിപാടികളും.
ഉച്ച തിരിഞ്ഞുള്ള കഥകളിസംഗീതം കോമ്പറ്റീഷന് പാടാൻ കുട്ടികൾ വന്നുതുടങ്ങി. “ടോ ശ്രീവൽസാ, ദ ഇയൾടെ കാര്യം ഒന്ന് നോക്കണട്ടോ,” എന്ന് പറഞ്ഞ് സഹപ്രവർത്തകൻ വേഷക്കാരൻ കലാനിലയം ബാലകൃഷ്ണൻ എന്ന ബാലാശാൻ എന്നെ ഒരാളെ ഏല്പിച്ചു. “രാജീവൻ. ഇരിഞ്ഞാലക്കുടേന്ന്ള്ള കുട്ട്യാ. പാട്ടിന് വന്ന്ട്ട്ള്ളതാ…”
മുമ്പെവിടെയോക്കെയോ കണ്ടിട്ടുണ്ട്. അങ്ങോട്ടുമിങ്ങോട്ടും. അപരിചിതത്വം തോന്നിയില്ല, രണ്ടുപേർക്കും.
“ഊണ്?” ഞാൻ ചോദിച്ചു. സമപ്രായക്കാരൻ സുഹൃത്ത് കഴിച്ചിട്ടില്ലെന്നു മുഖത്ത് വ്യക്തം. ഇരുവരും സദനം പടിയിറങ്ങി താഴെ കല്ലനിടവഴി താണ്ടി മെസ്സിലേക്ക് പോയി.
ശാപ്പാടൊക്കെ കഴിഞ്ഞപ്പോഴാണ് മനസ്സിലാവുന്നത്; പാട്ട് മത്സരത്തിന് ജഡ്ജിമാർ തികഞ്ഞിട്ടില്ല. “ഒരു കാര്യം ചീയ്യാ…” വെള്ളിനേഴി കുറുവട്ടൂർക്കാരൻ ബാലാശാന്റെ നേർബുദ്ധി. “താൻരിക്ക്യാ ഒരാളായിട്ട്; എന്തായ്യാലും പ്രഭാകരേട്ടനൂണ്ടല്ലൊ.”
ചെണ്ടകലാകാരൻ കലാമണ്ഡലം പ്രഭാകര പൊതുവാൾക്ക് നല്ല സംഗീതമുണ്ടെന്ന് അറിയാത്തവരില്ല സദനത്തിൽ. അന്നത്തെ കളിക്ക് കൊട്ടാൻ വന്നതായിരുന്നു തായമ്പകയുടെ തായ് വേരുള്ള മലമക്കാവിൽനിന്ന് അദ്ദേഹം.
പറഞ്ഞുവന്നാൽ, എന്റെതന്നെ മുത്തശ്ശിയുടെ നാട്. അവിടത്തെ അയ്യപ്പൻകാവിനു ചേർന്ന മാരാത്തെ വീട്ടിലെ പ്രഭാകരേട്ടനെയടക്കം പലരെയും അറിയായ്കയുമല്ല. കഥകളിപ്പാട്ട് കേൾക്കായ്കയുമില്ല. പക്ഷെ ഒരാളുടെ സമ്മാനം തീരുമാനിക്കലൊക്കെ…..
“അങ്ങ്ട് ര്യ്ക്കുടോ…” എന്ന് പ്രഭാകരേട്ടൻ. “വെറ്‌തെ കൊറച്ച് പാട്ട് കേൾക്കാലോ….”
അത് ഓക്കേ.
സമ്മാനകാര്യത്തിൽ തീരുമാനത്തിന് പ്രയാസം ഉണ്ടായില്ല. പാനലിൽ അഭിപ്രായവ്യത്യാസവും നഹി. ഫസ്റ്റ്: കലാനിലയം രാജീവൻ.
വെയിലാറി പുറത്തേക്ക് ചായ കുടിക്കാൻ ഇറങ്ങിയപ്പോൾ വള്ളുവനാടൻ സിനിസിസത്തിൽ പ്രഭാകരേട്ടന്റെ കാച്ച്: “(രാജീവന്റെ) പാട്ടിന് ഒട്ടും അപകടല്ല്യ. ന്നത്തെ കാലത്ത് അതന്നെ വല്ല്യ കാര്യല്ലേ….”
ആ കൊല്ലം ഇരിഞ്ഞാലക്കുടയിൽ പൊയി. ഒക്ടോബർ ഒൻപതിന് പതിവുള്ള കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് അനുസ്മരണം ആയിരുന്നു അവസരം എന്ന് സംശയിക്കുന്നു. കലാമണ്ഡലം ഗോപിയും കെ ജി വാസു മാഷും ചേർന്നൊരു കർണ്ണശപഥം. കളി കഴിഞ്ഞ് നട്ടപ്പാതിരക്ക് എവിടെപ്പോവാൻ? തെക്കൻചിറ്റൂർ മട്ടിൽ വീണ്ടും അനിശ്ചിതാവസ്ഥ.
“ഇവട കെടക്കാം ന്നേ…” രാജീവന്റെ ക്ഷണം. ഉണ്ണായി വാരിയർ ഹാളിൽ കിടന്ന ഇരുമ്പുകസേരകളുടെ ഒരു നിരയിൽ ഞാൻ. തൊട്ടടുത്തിൽ രാജീവൻ. കുറെ നേരം എന്തെല്ലാമോ മിണ്ടിയിങ്ങനെ ഇരുന്നു. ഒരു കാര്യം കൗതുകപൂർവ്വം മനസ്സിലാക്കി: ഇയാളുടെ ആശാന്മാർ മിക്കവാറും കലാമണ്ഡലക്കാർ — രാജേന്ദ്രൻ, നാരായണൻ എമ്പ്രാന്തിരി. പിന്നെ ബാലചന്ദ്രൻ. പലതും പറഞ്ഞു; പിന്നെയെപ്പോഴോ മയക്കം കിട്ടി.
മൊത്തം ഒന്നരക്കൊല്ലത്തെ സദനവാസം കഴിഞ്ഞ് പശ്ചിമഘട്ടവും പിന്നിട്ട് അന്യനാട്ടിൽ ജോലി നോക്കവേ ഒരിക്കൽ ഒരു ടിവി ഫീച്ചർ. കേരളയീയ കലാകാരന്മാരെ കുറിച്ചുള്ള പരമ്പരയാണ്. ‘സൂര്യ’യിൽ. ചില എപ്പിസോഡുകൾ മുമ്പും തരപ്പെട്ടിട്ടുണ്ട്. ആ വാരം ബാബു നമ്പൂതിരി ആയിരുന്നു.
ബലേ! ഇദ്ദേഹമിപ്പോൾ എന്തുചെയ്യുന്നു? അറിയാൻ ജിജ്ഞാസയായി.
ബാബുവിന്റെ സിനിസിസത്തിന് മാറ്റം കണ്ടില്ല. ഷോയ്ക്കൊടുവിൽ കേട്ട വാചകത്തിന് പണ്ടത്തേതിനേക്കാൾ അഗ്രംകൂർപ്പിച്ച gallows humour ക്വാളിറ്റി: “ഞാനിപ്പോൾ ആറുവർഷമായി കലാമണ്ഡലത്തിൽ ടെമ്പററിയായി ജോലി ചെയ്യുവാ…”
പണ്ട് ചോറ്റാനിക്കര കണ്ട അതേ ചുണ്ടുകോട്ടിച്ചിരി. ഇപ്പോൾ എന്തെന്നാൽ, മീശക്ക് നല്ല കനം; ആളും ഒന്ന് കൊഴുത്തിരിക്കുന്നു. അത്രയും നല്ലത്.
പാടിക്കേട്ട സംഗീതത്തിന് ഹരിദാസ് സമ്പ്രദായം എന്നുമെന്ന പോലെയുണ്ട്; പക്ഷെ അതിന് ധാരാളമായി സ്വന്തം വ്യക്തിത്വം വന്നുതുടങ്ങിയിരിക്കുന്നു. വെണ്മണിക്കുതന്നെ ഏറെ ആവേശം കുലഗുരു നീലകണ്ഠൻ നമ്പീശനെക്കാൾ ആവേശം നേരിട്ട് പഠിപ്പിച്ച ഗംഗാധരനെയും അങ്ങനെയല്ലാഞ്ഞ ഉണ്ണിക്കൃഷ്ണക്കുറുപ്പിനെയും ആയിരുന്നല്ലോ.
ബാബുവിനും രാജീവനും തുടക്കകാലങ്ങളിൽ ധാരാളമായി ഉണ്ടായിരുന്ന വെണ്മണിപ്പകർപ്പ് അവരേക്കാൾ വേഗം സ്വന്തം തൊണ്ടയുമായി ഇണക്കാൻ സാധിച്ച ഗായകനാണ് കലാമണ്ഡലം ഹരീഷ്. 1990കളുടെ തുടക്കത്തിലാവണം ഗുരുവായൂര് ഒരു കഥകളി. സ്റ്റാന്റിൽ ബസ്സിറങ്ങി അമ്പലനടക്കൽ എത്തുംമുമ്പ് വന്ദനശ്ലോകത്തിന്റെ കേദാരഗൌളം തെല്ലകലെനിന്ന് കേൾക്കാൻ കഴിഞ്ഞിരുന്നു.
“ദാ ആ പാടണത് ആരാശണ്ടോ?” കമ്പക്കാരൻ കുഴിക്കാട്ട് പ്രദീപിന്റെ ചോദ്യം കൂടെയുള്ള എന്നോട്.
“ബാബ്വാണോ സംശയം,” എന്ന് ഞാൻ.
“അല്ല,” എന്ന് കുന്നംകുളം പോർക്കുളത്തുകാരൻ കൂട്ടുകാരൻ. “അതാ രാജീവനാ…”
രണ്ടു പേർക്കും പിഴച്ചിരുന്നു എന്ന് ചെന്ന് നോക്കിയപ്പോൾ തെളിഞ്ഞു. ഹരീഷായിരുന്നു.
പിറ്റത്തെ കൊല്ലത്തെ കളിക്ക് ഗുരുവായൂര് ഹരീഷിനെ വീണ്ടും കണ്ടു. കാണികളുടെ അറ്റംചേർന്ന് മുന്നിൽനിന്ന് അരങ്ങിലെ പാട്ട് ആസ്വദിക്കുകയാണ്. അവസാനത്തെ കഥയ്ക്ക് പാടുന്ന മാടമ്പിയാശാന്റെ ഓരോ സംഗതിക്കും ആഞ്ഞു തലകുലുക്കുന്നുണ്ട്.
കർമഭൂമിയാവാൻ ഇടയായ ഡൽഹിയിൽനിന്ന് അങ്ങനെയിരിക്കെ ഒരവധിക്ക് നാട്ടിൽ വന്നു. തൃപ്പൂണിത്തുറ വൃശ്ചികോത്സവം. പൂർണത്രയീശ ക്ഷേത്രത്തിൽ കൊടിയേറ്റപ്പിറ്റേന്നുള്ള ഏതോ ദിവസത്തെ കഥകളി. (ഇത് മുഴുരാത്രിതന്നെ.) കലാനിലയം ഉണ്ണിക്കൃഷ്ണനാണ് പ്രധാന ഗായകൻ. പാതിരാവടുക്കെ കച്ചേരിക്കിടെ ഊട്ടുപുരയുടെ അതേ തട്ടിലെ പടിഞ്ഞാറേ അറ്റത്തുള്ള അണിയറയിൽ ഒന്നെത്തിച്ചുനോക്കി.
മനയോലയരപ്പും തേപ്പും വെച്ചുമുറുക്കലും വെറ്റിലചവക്കലും…. ഒക്കെ പതിവിൻപടി നടക്കുന്നു. പെട്ടെന്നുണ്ട്, പിന്നിൽനിന്ന് കാൽപ്പെരുമാറ്റം. നല്ല ചുണയുള്ളവന്റെ നടത്തം. അടുത്തടുത്തു വരുന്നു. ഇത്രയും നിസ്സംശയം ഇങ്ങനെ കയറിവരുന്നത് പാട്ടുണ്ണിക്കൃഷ്ണണേട്ടൻ ആവാനേ തരമുള്ളൂ. ആവട്ടെ. നേരിൽ കാണുമ്പോൾ തട്ടിവിളിക്കാം.
“പ്പ്ടെ പ്പ്ടെ!” കൃത്യം രണ്ടു ശബ്ദം. ചങ്ങാതി ചെരിപ്പൂരിയതാണ്. ഇപ്പോൾ കൈയിൽ കയറിപ്പിടിച്ചാലോ…. ഏറെക്കുറെ ഓങ്ങിയതാണ്. അപ്പോഴാണ് സംഗതി തിരിഞ്ഞത്. ഇത് കക്ഷി വേറെ: കലാമണ്ഡലം വിനോദ്.
അപ്പോൾ അരങ്ങിലെ പാട്ടിനു മാത്രമല്ല ഉണ്ണികൃഷ്ണേട്ടനുമായി സാമ്യം, ല്ലേ…. ഇരുവരും തിരുവിതാംകൂർകാരെന്നത് ശരി. പക്ഷെ, കഥകളിഗായകൻ തകഴി മാധവക്കുറുപ്പിന്റെ മകൻ മലനാടിന്റെ മുഴുവൻ ആവേശമായിരുന്ന കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരിയുടെ കീഴിൽ പഠിക്കുംമുമ്പ് ചേർത്തല കുട്ടപ്പക്കുറുപ്പ് തുടങ്ങി തെക്കൻനാട്ടിലെ പല പ്രമുഖർക്കും ശിഷ്യനായിരുന്നു.
അങ്ങനെ ഓർക്കാൻ തുടങ്ങിയാൽ കുഴയും. ബാബുവിനെത്തന്നെ ഉണ്ണിക്കൃഷ്ണേട്ടൻ പഠിപ്പിച്ചിട്ടുണ്ട്. കലാമണ്ഡലം സുബ്രഹ്മണ്യനും. വിട്ടുപിടി.
ഏതായാലും ഉത്സവം കൊടിയിറങ്ങി. മടക്കവണ്ടി കയറി. കഥകളി പോലുള്ള കലകൾ വീണ്ടും മിക്കവാറും ടീവി കാഴ്ചയുടെ ചട്ടക്കൂടിൽ ഒതുങ്ങിത്തുടണ്ടി.
അങ്ങനെയൊരു ദിവസം വീണ്ടും ഉമ്മറപ്പെട്ടിയിൽ ഉണ്ണായിമാഹാത്മ്യം. ദൂരദർശനിൽ നളചരിതം. മൂന്നാം ദിവസമാണ്. ഷാരോടി വാസുവേട്ടന്റെ ബാഹുകൻ. പാട്ടിനു ശങ്കിടി വിനോദ്. അസ്സലായി ഫോളോ ചെയ്യുന്നു ഹൈദരാലി മാഷെ. “കൊച്ചൻ കൊള്ളാവല്ലോടാ” എന്ന് പറഞ്ഞുകേൾക്കാനായി കൂടെ ആരും ഇല്ലാതെ വന്നെന്നുമാത്രം.
കാലം പിന്നെയും പോയി. 2007 മാർച്ച്. ഉത്തരേന്ത്യയിൽ വസന്തം. കേന്ദ്ര സംഗീതനാടക അക്കാദമിയുടെ പ്രഥമ ബിസ്മില്ലാ ഖാൻ യുവ പുരസ്കാരം വാങ്ങാൻ ഡൽഹിയിൽ എത്തിയവരിൽ രണ്ടു ചെറുപ്പക്കാർ കഥകളിക്കാർ.രാജ്യത്തിന്റെ പല ഭാഗത്തുനിന്ന് വിവധ രംഗകലാ മേഖലകളിലെ മികവിന് അർഹരായവരിൽ വേഷക്കാരൻ കലാമണ്ഡലം പ്രദീപും പാട്ട് വിനോദും.
2006ലെ അവാർഡ് വാങ്ങിപ്പോയി എന്ന് മാത്രംപോര മാദ്ധ്യമവാർത്ത എന്നൊരു മോഹം. ഇന്ദ്രപ്രസ്ഥത്തിലും എഡിഷൻ ഉള്ള ‘മാതൃഭൂമി’യിൽ വരുത്തണം. പത്രത്തിലെ സുഹൃത്തിനെ ഫോണ്‍ വിളിച്ചു. സ്പെഷ്യൽ ഫീച്ചർ ചെയ്യണം എന്ന് പറഞ്ഞു. “വരാം,” പട്ടാമ്പി പള്ളിപ്പുറംകാരൻ പയ്യൻ പി കെ മണികണ്ഠൻ. ആ വർഷത്തെ ജേതാക്കളിൽ കേരളീയരായ മറ്റു രണ്ടുപേരെയും കുറിച്ചുകൂടി എഴുതുന്നുണ്ട്: നങ്ങ്യാർകൂത്ത് കപിലാ വേണു (ഇരിഞ്ഞാലക്കുട), ഭരതനാട്യം ഷീജിത് കൃഷ്ണ (കണ്ണൂർ). നന്നായി.
പ്രദീപ് പതിവുപോലെ കാര്യമാത്രപ്രസക്തമായാണ് ലേഖകനോട് സംസാരിച്ചത്. “ഇവ്ട്ന്ന് നേരെ പാരീസ്സ്പ്പോണം. അവടെ കളിണ്ട്,” എന്ന് കേട്ടത് ചുറ്റിനുനിന്നവർക്ക് കഷ്ടി ബോധിച്ചു.
വിനോദ് വിസ്തരിച്ചായിരുന്നു. കൊല്ലം ജില്ലയിലെ അഞ്ചലിനടുത്തുള്ള അഗസ്തികോട് നാടിന്റെ ഭംഗിയെയും അച്ഛൻ സാധുദാസിന് സംഗീതത്തോടുള്ള ഭക്തിയും (“സിനിമ പുള്ളിക്ക് കലിപ്പാ; ആകെ ‘ശങ്കരാഭരണം’ പടം മാത്രവേ കണ്ടിട്ടൊള്ളൂ.”) ആശാൻ കലാമണ്ഡലം ഗംഗാധരനോടുള്ള ബഹുമാനവും അരങ്ങുപാട്ടിൽ തെളിയാനുള്ള പ്രയാസങ്ങളും…. അങ്ങനെയങ്ങനെ.
എല്ലാവരെയും പറ്റിയുള്ള കുറിപ്പുകൾ നന്നായി അച്ചടിച്ചുവന്നു. വിനോദ് പത്രക്കാരനോട് പറഞ്ഞ ഒരു വിഷമത്തിന് മാത്രം, അല്ലെങ്കിലും, പരിഹാരമുണ്ടായിരുന്നില്ല: “അവാർഡ് കിട്ടുന്നവർക്കെല്ലാം പെർഫൊമൻസും ഒള്ളതാ…. പക്ഷെ പ്രദീപിന് ഫോറിൻ ടൂറൊണ്ട്; വേഷവില്ലാതെ പാടാനൊക്കില്ലല്ലോ….”
മൂന്നു വർഷം കടന്നു. 2010 മാർച്ച്. തൃശൂര് ക്ലബ്ബിന്റെ വാർഷികം. ആ മാസം 20ന്. ഗോപിയാശാന്റെ ‘ഒന്നാം ദിവസം’ നളൻ. ദമയന്തി വേറൊരു ബിസ്മില്ലാ ഖാൻ പുരസ്‌കാരം ജേതാവ്: കലാമണ്ഡലം ഷണ്മുഖൻ. പാട്ടിന് ഉണ്ണിക്കൃഷ്ണൻ, വിനോദ്. പാറമേക്കാവ് ക്ഷേത്രത്തിന് ചേർന്നുള്ള ഹാളിനു പുറത്ത് ആദ്യംതന്നെ വിനോദിനെ കണ്ടിരുന്നു. എന്നെ നോക്കിയുള്ള ചിരിയിൽ ഉറപ്പില്ലായ്മ നിഴലിച്ചതുമാതിരി തോന്നി. ഇപ്പോൾ മദ്രാസിലാണ് പണിയെന്നും, മുമ്പ് ഡൽഹിയിൽ അക്കാദമി ആഡിറ്റോറിയത്തിൽ കണ്ടിട്ടുണ്ടെന്നും…. വേണ്ട, ഇപ്പോൾ ഒന്നും ഓർമിപ്പിക്കേണ്ട.
കളി അന്നും നന്നായി.
നാലുമാസം മുമ്പ്, ഔദ്യോഗിക പര്യടനമായി കൊച്ചിയിൽ തമ്പ്. തൃപ്പൂണിത്തുറ കളി. മുഴുരാത്രി. പത്തു പച്ചകൾ. അത്രതന്നെ ആട്ടക്കഥകളിൽ നിന്ന്. ഓരോ വേഷത്തിനും ഓരോ രംഗം.
ഹാളിനു ചേർന്നുള്ള നീളൻ ഊണുചായ്പ്പിൽ പല കഥകളിക്കാർ. ഏറെയും പരിചയക്കാർ. ഒരേ പോലത്തെ ഷർട്ടിട്ട് രണ്ട് ഗായകരെ കണ്ടു. പിന്നെ, ലേശം നീങ്ങി വേറൊരു പാട്ടുകാരനെക്കൂടി. ബാബുവും വിനോദും രാജീവനും വന്നിട്ടുണ്ട്. മൂവരുമായി ലോഹ്യം പുതുക്കി.
അതിനുമപ്പുറമുള്ള ചെറിയ മൈതാനം. അവിടെയിപ്പോൾ കളിക്ക് വന്നവരുടെ വാഹനം പാർക്ക് ചെയ്യാൻ ഒഴിച്ചിട്ടിരിക്കുന്നു. അങ്ങോട്ട് നടന്നു — വെറുതെ.
ആളൊഴിഞ്ഞിടം എത്തിയപ്പോൾ ഓർത്തുപോയി: ഹരീഷ് എവിടെ? വേറെ തിരക്കിലാവണം.
ഗ്രൌണ്ടിന് വലിയ അകലെയല്ലാതെ തെക്കുപടിഞ്ഞാറ് കളിക്കൊട്ടാ പാലസുണ്ട്. ക്ലബ്ബിന്റെതാണെങ്കിൽ അവിടെയാണ് കളി നടക്കുക പതിവ്. രണ്ടുരണ്ടേകാൽ പതിറ്റാണ്ടിനപ്പുറം അവിടെയാണ് ഹരീഷിനെ ആദ്യം കാണുന്നത്. ഒരു ക്രിസ്തുമസ് പകൽ. കെ കെ രാജാ സ്മാരക ചൊല്ലിയാട്ട മത്സരത്തിന്റെ സംഗീത വിഭാഗത്തിൽ പങ്കെടുക്കാൻ വന്ന കലാമണ്ഡലം വിദ്യാർത്ഥി.
കുപ്പായമിട്ട് കൈയിലൊരു ചേങ്ങിലയും തൂക്കി ചുമ്മാ നിന്നങ്ങു പാടാൻ തുടങ്ങി. “ഹന്ത ഹന്താ ഹനുമാനേ….” ഓ, അതെ. അതും പുന്നാഗവരാളി തന്നെ!!
അമച്ച്വർ സംഗീതത്തിനിടയിലും വാസനക്കാരനെന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നു. അവിടെ നിന്നൊക്കെ എത്ര മുന്നാക്കം പോന്നിരിക്കുന്നു!
നേരിട്ട് ശിഷ്യത്വമില്ലെങ്കിലും വെണ്മണിസംഗീതം ഹരീഷിനെയും വൈകാതെ സ്വാധീനിച്ചത് വ്യക്തം. എന്നാൽ, ഇപ്പോൾ അതെല്ലാം പഴങ്കഥ പോലെ.
2010 വർഷക്കാലത്ത് കോട്ടക്കൽ ശിവരാമൻ ഒന്നാം ചരമവാർഷികത്തിന് ആശാന്റെ നാടായ കാറൽമണ്ണയിലെ മൂന്ന് ദിവസത്തെ ആചരണത്തിന്റെ തുടക്കരാത്രിയിൽ കണ്ടത് നളചരിതം രണ്ടാം ദിവസം.
മഞ്ഞും മഴയും മാറിമാറി വന്ന് താന്നിമരത്തിനുമേൽ കലി വിറച്ചും വഴുക്കിയും പ്രകൃതിയുടെ പരീക്ഷണങ്ങൾ നേരിടുന്നത് നെല്ലിയോട് വാസുദേവൻ നമ്പൂതിരി ആടിയപ്പോൾ വാഴേങ്കട കുഞ്ചു നായർ സ്മാരക ട്രസ്റ്റിന്റെ പുരയ്ക്ക് പുറത്ത് ചരലെറിയും പോലെ ശബ്ദമുണ്ടാക്കി പേമാരി. അതിനൊക്കെ കുറച്ചു മുമ്പ് “കാമക്രോധലോഭമോഹസൈന്യമുണ്ട്” എന്ന് ഹരീഷ് പാടിക്കേട്ടപ്പോൾ പണ്ട് ചോറ്റാനിക്കരയിൽ ബാബുവിനെ ശ്രദ്ധിച്ച കളിയിൽ പാടിയ മാടമ്പിയാശാനെ ഓർമിച്ചുപോയി.
കളരിയിൽ ഗുരുശിഷ്യപരമ്പരയുടെ പിണച്ചിലും അരങ്ങിൽ സഹഗായകപ്പകർച്ചയുടെ ഋതുഭേദങ്ങളും എണ്ണിപ്പെറുക്കുവോളം സങ്കീർണം വേറെന്തുള്ളൂ! അങ്ങോട്ടുമിങ്ങോട്ടും പരാഗം പകരുന്ന അനാദിയായ പ്രക്രിയ!
ആ ചിന്തക്ക് തൽക്കാലം വിട. ഇപ്പോഴിവിടെ കളിക്ക് വിളക്കുവച്ചു കഴിഞ്ഞെന്നു തോന്നുന്നു. വൈകാതെ ആദ്യത്തെ പച്ചവേഷം രംഗപ്രവേശം ചെയ്യും. അടുത്ത അരങ്ങനുഭവം പോരട്ടെ. തല്ക്കാലം അതുമതി.
0 Comments