|

കനക്കുമര്‍ത്ഥങ്ങളുള്ള മുദ്രകളുടെ കവിത

മനോജ് കുറൂർ

July 20, 2011 

നന്നേ ചെറുപ്പത്തില്‍ മധ്യോത്തര തിരുവിതാംകൂര്‍ പ്രദേശത്ത് ഞാന്‍ കണ്ട കഥകളികള്‍ക്ക് ശൈലീപരമായ വൈവിധ്യമുണ്ടായിരുന്നു. കൃഷ്ണന്‍ നായര്‍, മാങ്കുളം, പള്ളിപ്പുറം, രാമന്‍‌കുട്ടി നായര്‍, ഹരിപ്പാട് രാമകൃഷ്ണപിള്ള, ഗോപി, മങ്കൊമ്പ്, സദനം കൃഷ്ണന്‍‌കുട്ടി, വാസു പിഷാരടി എന്നിങ്ങനെയുള്ള പുരുഷവേഷക്കാര്‍. അവര്‍ക്കൊപ്പം അന്നു സ്ത്രീവേഷങ്ങളവതരിപ്പിച്ചിരുന്നത് പ്രധാനമായും കുടമാളൂര്‍ കരുണാകരന്‍ നായര്‍, കോട്ടയ്ക്കല്‍ ശിവരാമന്‍, മാത്തൂര്‍ ഗോവിന്ദന്‍‌കുട്ടി എന്നീ നടന്മാരാണ്. കുടമാളൂരിന്റെ കാലത്തുതന്നെ സ്ത്രീവേഷങ്ങള്‍ക്ക് പുരുഷവേഷങ്ങള്‍ക്കു തുല്യമായ പരിഗണന കിട്ടിയിരുന്നുവെന്നോര്‍ക്കുന്നു‌. കാഴ്ചയിലുള്ള സൌന്ദര്യം, ഭാവാഭിനയം, ഔചിത്യം, മുദ്രകളുടെയും ശരീരചലനങ്ങളുടെയും ലാസ്യഭംഗി എന്നിവ കുടമാളൂരിന്റെ വേഷങ്ങള്‍ക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വഴി പിന്തുടര്‍ന്ന മാത്തൂരിലും ഈ ഗുണങ്ങളുടെ സാന്നിധ്യമുണ്ട്. സമാനശൈലിയിലുള്ള ഈ നടന്മാരില്‍‌നിന്നെന്നു മാത്രമല്ല, മറ്റെല്ലാ നടന്മാരില്‍‌നിന്നുതന്നെ വ്യത്യസ്തനായിരുന്നു കോട്ടയ്ക്കല്‍ ശിവരാമന്‍. അതുകൊണ്ടുതന്നെ കുടമാളൂരുമായി ശിവരാമനെ താരതമ്യം ചെയ്യുക എന്ന സ്ഥിരം ഏര്‍പ്പാടില്‍ എനിക്കു വിശ്വാസമില്ല.

ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ കളി കാണുക മാത്രമല്ല, അച്ഛനൊപ്പമിരുന്ന് ആട്ടക്കഥകള്‍ വായിക്കുക എന്നൊരു ശീലം‌കൂടി ഉണ്ടായിരുന്നു. പ്രധാനമായും നളചരിതം. അരങ്ങത്തു നടപ്പില്ലാത്ത ഭാഗങ്ങളുള്‍പ്പെടെ പൂര്‍ണമായ വായന. നളചരിതത്തിലെ ഓരോ കഥാപാത്രത്തിനും സ്വന്തമായ പെരുമാറ്റരീതികളുണ്ട്. അവരവരുടേതായ വ്യക്തിത്വമുണ്ട്. ഇതൊക്കെ ശരിയാണെങ്കിലും നളചരിതത്തിന്റെ കഥാഗതിയെത്തന്നെ നിയന്ത്രിക്കുന്ന ദമയന്തി എന്ന അപൂര്‍വമായ സ്ത്രീവ്യക്തിത്വത്തിന് ആ കാലഘട്ടത്തിലെ സാഹിത്യത്തിലോ കലയിലോ സമാനതകളില്ല. നളചരിതവായനതന്നെ പിന്നെ ദമയന്തിയെ കേന്ദ്രീകരിച്ചായി. ഇതിനു പ്രധാന കാരണം കോട്ടയ്ക്കല്‍ ശിവരാമാശാന്റെ അവതരണങ്ങള്‍തന്നെ. അരങ്ങില്‍ കണ്ട ദമയന്തിയെ വ്യാഖ്യാനങ്ങളില്‍ വായിച്ചു. വായിച്ചറിഞ്ഞ ദമയന്തിയെ അരങ്ങില്‍ കണ്ടു. അദ്ദേഹത്തിന്റെ ഓരോ അവതരണവും ദമയന്തിയുടെ ഓരോ ജീവിതമായിരുന്നല്ലൊ.

ഹംസത്തെ തൊടാനാഞ്ഞ് താടിയില്‍ കൈചേര്‍ത്ത് കൌതുകപൂര്‍വം അതിനെ നോക്കുന്ന ശിവരാമന്റെ ദമയന്തിയില്‍ ‘യൌവനം വന്നുദിച്ചിട്ടും ചെറുതാകാത്ത ചെറുപ്പം’ കണ്ടു. കരുത്തുറ്റ മുഖഭാവത്തില്‍ ‘കടലില്‍ച്ചേരേണ്ട പുഴ അവിടെത്തന്നെ ചെന്നുചേരും’ എന്ന പ്രണയസ്ഥിരതയറിഞ്ഞു. ദേവകളുടെ പ്രണയപ്രാര്‍ത്ഥനയുമായി എത്തിച്ചേരുന്ന നളനുമായുള്ള ഒന്നാം ദിവസത്തിലെ രംഗത്തില്‍ ശിവരാമന്റെ ദമയന്തിക്കു പകരം വയ്ക്കാന്‍ മറ്റൊന്നില്ല. നളചരിതം ഒന്നും രണ്ടും ദിവസങ്ങളിലെ ദമയന്തീപ്രധാനമായ ഉത്തരഭാഗങ്ങള്‍ക്ക് അക്കാലത്തു വന്നുചേര്‍ന്ന പ്രചാരത്തിനും ശിവരാമന്റെ അവതരണങ്ങളല്ലാതെ മറ്റൊരു കാരണമില്ല. ഒന്നാം ദിവസത്തില്‍ താനാരെന്നു വെളിപ്പെടുത്താതെ മുന്നില്‍‌ പ്രത്യക്ഷപ്പെട്ട നളനെക്കണ്ട് ‘ഹേ, മഹാനുഭാവ’ എന്നു സംബോധന ചെയ്യുന്നതു മുതല്‍ നളനെക്കുറിച്ചറിയാന്‍ ആകാംക്ഷയും നളന്റെ ദൌത്യത്തിലുള്ള അശ്രദ്ധയും തുടര്‍ന്നും ദേവകളിലൊന്നിനെ വരിക്കാനാവശ്യപ്പെടുമ്പോഴുള്ള അസഹിഷ്ണുതയും ഭീഷണികളോട് ‘ചതി ദേവതകള്‍ തുടര്‍ന്നിടുകിലോ ഗതിയാരവനിതലേ’ എന്ന മറുപടിയിലെ ധൈര്യവും തുടങ്ങി ‘പതിസമനെന്നോര്‍ത്താണു നിന്നോട് ഇത്രയെങ്കിലും പറഞ്ഞത്, മറ്റൊരാളോടായിരുന്നെങ്കില്‍ അതും ഉണ്ടാവില്ലായിരുന്നു’ എന്ന ഓര്‍മ്മപ്പെടുത്തലും വരെ അരങ്ങില്‍ കാണുമ്പോള്‍ ദമയന്തിയാരെന്നും ശിവരാമനാരെന്നും ഒരുപോലെയറിഞ്ഞിരുന്നു. നളചരിതം തുടര്‍ന്നുള്ള ദിവസങ്ങളുടെ അവതരണത്തിലും ഇതേ സ്ഥൈര്യത്തിന്റെ തുടര്‍ച്ചകളുണ്ട്. രണ്ടാം ദിവസത്തില്‍ നളെന്റെ ഗൂഢമായ രതിപ്രാര്‍ത്ഥനയ്ക്ക് അതേ മട്ടില്‍ മറുപടി പറയുന്ന ദമയന്തി, വനവാസസമയത്ത് ‘പയ്യോ പൊറുക്കാമേ’ എന്നിടത്തു സഹനത്തിന്റെ ആള്‍‌രൂപമായ ദമയന്തി, മൂന്നാം ദിവസത്തില്‍ നളനെ കണ്ടുപിടിക്കുവാന്‍ ആവുന്നതെല്ലാം ചെയ്യുന്ന പ്രായോഗികമതിയായ ദമയന്തി, നാലാം ദിവസത്തില്‍ നളനോടു ‘നേരേ നിന്നു നേരുചൊല്ലുന്ന ദമയന്തി…. ശിവരാമന്‍ അനശ്വരമാക്കിയ നളചരിതഭാഗങ്ങള്‍ നിരവധി.

ഇതേ ഔചിത്യം പ്രകടിപ്പിക്കുന്ന ഇതരകഥകളുമുണ്ട്. കെ. എം. മുന്‍ഷിയുടെ ‘മായാമുരളി’ എന്ന നോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന കാലത്താണ് ആ കൃതിയിലേതുപോലെ പൂതനാമോക്ഷത്തിലെ കൃഷ്ണനെ ഓടിനടക്കുന്ന കുട്ടിയായി ശിവരാമന്‍ അവതരിപ്പിച്ചത്. രംഗോപകരണമായ പാവയെ ഒഴിവാക്കാന്‍ മാത്രമല്ല, അരങ്ങുപെരുമാറ്റത്തില്‍ ചടുലതയും വൈവിദ്ധ്യവും കൊണ്ടുവരാനും ഈ മാറ്റം സഹായിച്ചു. രുഗ്മാംഗദചരിതത്തിലെ മോഹിനിയ്ക്ക് ദൈവികമായ നിയോഗവും മാനുഷികമായ പ്രണയവും ചേര്‍ന്ന സംഘര്‍ഷത്തിന്റെ പുതിയ വ്യാഖ്യാനം നല്‍കുക, ലവണാസുരവധത്തിലെ സീതയുടെ ഓരോ ചലനത്തിലും രാമായണകഥയിലെ പിന്നിട്ടുപോന്ന ജീവിതം മുഴുവന്‍ ആവാഹിക്കുക, കചദേവയാനിയിലെ ഉപരിപ്ലവമായ പ്രണയത്തിന് ആവുന്നത്ര ആഴം നല്‍കുക തുടങ്ങിയ സ്വന്തം വഴികളിലൂടെ ശിവരാമന്‍ ഓരോ കഥാപാത്രത്തെയും നവീനമായ ഉള്‍ക്കാഴ്ചയ്ക്കു വിധേയമാക്കി. അദ്ദേഹം ഇത്തരത്തില്‍ അവതരിപ്പിച്ച ഓരോ സ്ത്രീകഥാപാത്രത്തിന്റെയും മുന്നില്‍ സ്വാഭാവികമായിത്തന്നെ ഇതരകഥാപാത്രങ്ങളുടെ തിളക്കം മങ്ങിപ്പോയി. കിര്‍മ്മീരവധത്തില്‍ ലളിത, കീചകവധത്തില്‍ സൈരന്ധ്രി, കാലകേയവധത്തില്‍ ഉര്‍വശി എന്നിങ്ങനെയുള്ള കഥാപാത്രങ്ങള്‍ക്കും ഈ ശിവരാമമുദ്രകളുണ്ട്.

എന്തായിരുന്നു ഇക്കാര്യങ്ങളില്‍ ശിവരാമന്റെ കലാതന്ത്രം എന്നാലോചിക്കുന്നതു കൌതുകകരമാണ്. ആട്ടക്കഥയിലെ പദങ്ങളില്‍ത്തന്നെ വിവിധ അര്‍ത്ഥ-ഭാവതലങ്ങളുണ്ട്. നളചരിതത്തില്‍ പ്രത്യേകിച്ചും. അരങ്ങത്ത് സംഗീതരൂപത്തിലാവുമ്പോള്‍ത്തന്നെ ഈ അര്‍ത്ഥ-ഭാവതലങ്ങള്‍ അനുവാചകനിലേക്കെത്തുന്നു. അതാവിഷ്കരിക്കുന്നതിനു മൂര്‍ത്തമായ മുദ്രകളെത്തന്നെ അപ്രസക്തമാക്കിക്കൊണ്ട് മുദ്രയുടെ ധ്വനിസാധ്യതകളാണ് ശിവരാമന്‍ അന്വേഷിച്ചത് എന്നു തോന്നും. മുദ്രാവിഷ്കാരത്തെ ആത്മാംശവും ധ്വനിമൂല്യവുമുള്ള കവിതയാക്കുക എന്നതാണ് അദ്ദേഹം സ്വീകരിച്ച വഴി. മുദ്ര പൂര്‍ണമാക്കാതിരിക്കുക, ഒരു മുദ്രയുടെ തുടര്‍ച്ചയില്‍ത്തന്നെ കണ്ണിചേര്‍ത്തുകൊണ്ട് അടുത്ത മുദ്രയിലേക്കെത്തുക, മുദ്രകളെ അമൂര്‍ത്തമാക്കുക എന്നിങ്ങനെ കഥകളിയുടെ കലയില്‍ അസാധ്യമെന്നു കരുതാവുന്ന സംഗതികള്‍ ശിവരാമന്‍ പരീക്ഷിച്ചു. ഓരോ പദവും അവതരിപ്പിക്കുമ്പോള്‍ അതുവരെക്കഴിഞ്ഞ കഥാഭാഗങ്ങളെ മുഴുവന്‍ അനുഭവതലത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ട് ആ അവസ്ഥയെ മുഖഭാവത്തിലേക്കുകൂടി ഉള്‍ച്ചേര്‍ക്കുന്ന ശിവരാമന്റെ കലയ്ക്ക് സമാനതകളില്ല.

മികച്ച കലാകാരന്മാര്‍ രണ്ടു തരമുണ്ട്. ചിലര്‍ ഒരു കലയുടെ സ്വത്വമുള്‍ക്കൊള്ളുകയും ആ കലയുടെ നിയമങ്ങളെ മാനിക്കുകയും ചെയ്തുകൊണ്ട് അതതു കലയുടെ സമഗ്രഭംഗി ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നു. മറ്റു ചിലര്‍ അതതുകലയുടെ നിയമങ്ങളെക്കുറിച്ചുതന്നെ അധികം ആധികൊള്ളാതെ അവരവരുടെ ആത്മാവിഷ്കാരത്തിനു കലയെ ഉപാധിയാക്കി മാറ്റുന്നു. രണ്ടാമതു പറഞ്ഞ തരത്തിലുള്ളവര്‍ തങ്ങളുടെ ആവിഷ്കാരരീതികളുടെ സവിശേഷതകള്‍കൂടി സ്വീകരിക്കാന്‍ ആദ്യരീതി പുലര്‍ത്തുന്നവരെ നിര്‍ബന്ധിതരാക്കുന്നു. സര്‍ഗാത്മകമായ അവരുടെ ധിക്കാരം യാഥാസ്ഥിതികരെ ആധികൊള്ളിച്ചേക്കാം. കോട്ടയ്ക്കല്‍ ശിവരാമന്‍ അത്തരത്തിലൊരു കലാകാരനാണ്. ഇനിയുള്ള സ്ത്രീവേഷാവതരണങ്ങള്‍ക്ക് ശിവരാമനില്‍‌നിന്നു മോചനമില്ല; അതേ മട്ടില്‍ ജീനിയസ്സ് ആയ മറ്റൊരാള്‍ എത്തുംവരെയെങ്കിലും.

Similar Posts

  • ഭൈമീകാമുകൻ‌മാർ – 2

    ഹേമാമോദസമാ – 8 ഡോ. ഏവൂർ മോഹൻദാസ് December 15, 2012  ‘കന്യകാരത്നമവളിൽ വൃന്ദാരകന്മാർക്ക്‌ മോഹം’ എന്ന്‌ നാരദനെക്കൊണ്ടും ‘ഇന്ദ്രാദികൾ വന്നു വലച്ചു നമ്മെ’ എന്ന്‌ നളനെക്കൊണ്ടും അർത്ഥശങ്കക്കിടയില്ലാത്തവിധം ഉണ്ണായിവാരിയർ പറയിപ്പിച്ചിട്ടും അത്‌ സമ്മതിച്ചു കൊടുക്കാൻ നളചരിതവ്യാഖ്യാതാക്കളിൽ പലർക്കും താത്പര്യമില്ലായിരുന്നു എന്ന്‌ കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞുവല്ലോ? ദേവപരിവേഷത്തെ പശ്ചാത്തലമാക്കിയ ഈ വ്യാഖ്യാനങ്ങൾക്ക്‌ സ്വാഭാവികമായും നളചരിതത്തിലെ മുൻപ്‌ സൂചിപ്പിച്ച പല പദങ്ങളെയും ഉൾക്കൊള്ളാൻ കഴിയാതെ വരികയും അങ്ങിനെ പിണങ്ങിനിന്ന പദങ്ങളെ തങ്ങളുടെ വ്യാഖ്യാനവഴിയിലേക്ക്‌ കൊണ്ടുവരാൻ കഷ്ടപ്പെടേണ്ടിവരികയും ചെയ്തിട്ടുണ്ട്‌. ‘ഇന്ദ്രാദികൾ…

  • ശിഷ്യന്‍റെ പ്രണാമം

    പാലനാട് ദിവാകരന്‍ March 3, 2013 ഇത് വിട പറഞ്ഞ ദിവ്യഗായകൻ എന്ന പുസ്തകത്തിൽ നിന്നും എടുത്തതാണ്.കുറുപ്പാശാന്‍റെ സംഗീതമാര്‍ഗ്ഗങ്ങളെക്കുറിച്ച് പറയുമ്പോള്‍ അതിന്‍റെ അതുല്യതയും അനന്യതയും പ്രകീര്‍ത്തിക്കേണ്ടിവരുന്നു.  ശിഷ്യന്‍, ആരാധകന്‍, ആസ്വാദകന്‍ എന്നീ നിലകളില്‍ ബഹുമാനിതനാണ്‌, ആദരണീയനാണ്‌ എനിക്ക് കുറുപ്പാശാന്‍. ഈ നിലയ്ക്ക് അദ്ദേഹത്തിന്‍റെ പാട്ടിനെ വിലയിരുത്തി എഴുതുക അപരാധമാണ്‌. ശിഷ്യന്‍ ആശാനെ വിലയിരുത്താന്‍ പാടില്ല. ഇതൊരു നിരീക്ഷണം മാത്രമാണ്‌. ഒപ്പം പാടിയതിന്‍റെ, കേട്ടതിന്‍റെ അനുഭവവിചാരങ്ങള്‍ മാത്രം. ആരാധന കലര്‍ന്ന ആദരവോടേയാണ്‌ ആശാന്‍റെ പാട്ടുകളെ പറ്റി പറയുന്നത്. കുറുപ്പാശാന്‍…

  • |

    മേളായനം – ഒരു ആസ്വാദന കുറിപ്പ്

    സ്മിതേഷ് നമ്പൂതിരിപ്പാട് Friday, September 28, 2012 കാറല്‍മണ്ണയില്‍ ശ്രീ. കോട്ടക്കല്‍ ശിവരാമാശാന്റ്റെ അനുസ്മരണ ദിവസം ആണ് ഞാന്‍ ശ്രീ. കലാമണ്ഡലം ബലരാമാശാന്റ്റെ 60 ആം പിറന്നാള്‍  വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നുണ്ടെന്ന വിവരം ശ്രീ. വെള്ളിനേഴി ആനന്ദ്‌ പറഞ്ഞ് അറിഞ്ഞത്. “മേളായാനം” എന്ന പേരില്‍ ഷോര്‍ണ്ണൂര്‍, മയില്‍ വാഹനം കമ്മ്യൂണിറ്റി ഹാളില്‍ സെപ്തംബര്‍ 23 നു ഞായറാഴ്ച എന്നും പറഞ്ഞു. പരിപാടികളുടെ മറ്റു വിവരങ്ങള്‍ ഒന്നും അറിഞ്ഞില്ലെങ്കിലും, ഇത് മിസ്സ്‌ ചെയ്യരുത് എന്ന് ഞാന്‍ മനസ്സാല്‍ തീരുമാനം…

  • അഷ്ടകലാശം, കളരി, അരങ്ങ് കീഴ്പ്പടം വഴിയില്‍

    നരിപ്പറ്റ നാരായണന്‍ നമ്പൂതിരി July 19, 2012 കുമാരൻ നായാരാശാനെ സ്മരിച്ച് കൊണ്ട് എന്ത് ചെയ്യാനും സന്തോഷമുണ്ട്. ഇതിപ്പോൾ കുമാരൻ നായരാശാൻ ചിട്ടപ്പെടുത്തിയ അഷ്ടകലാശം എന്ന നിലക്കാണ് ഞങ്ങളിപ്പോൾ ചെയ്യാറുള്ളത്. ഇത് വളരെ ശാ‍സ്ത്രീയമായി അനലൈസ് ചെയ്ത് രേഖപ്പെടുത്തിയിട്ടുള്ളത് സദനം ഹരികുമാറാണ്. ഞാൻ ഒരു പ്രയോക്താവാണ്. ഹരികുമാരൻ ഇതിനെ അനലൈസ് ചെയ്ത് ഒരു പക്ഷെ വീഡിയോ തന്നെ തയ്യാറാക്കിയിട്ടുണ്ട് എന്നാണ് എന്റെ അറിവ്. അതിന്റെ ഇടയിൽ കൂടെ എന്റെ പ്രയോഗിത്തിലൂടെ.. പരിചയത്തിലൂടെ ഉള്ള കാര്യങ്ങൾ ഞാൻ പറയാൻ…

  • ഹേമാമോദസമാ – ഭാഗം ഒന്ന്

    ഡോ. ഏവൂർ മോഹൻദാസ്‌ June 19, 2012 (കഥകളി.ഇന്‍ഫോയില്‍ നളചരിതം ആട്ടക്കഥയും, അതിലെ കഥാപാത്രങ്ങളെക്കുറിച്ചും ഒരു പരമ്പര ആരംഭിക്കുന്നു.) ലേഖകനെക്കുറിച്ച് ഔദ്യോഗിക നാമം ഡോ. കെ. എസ്‌ . മോഹന്‍ദാസ്‌ . ഔദ്യോഗികേതര രംഗങ്ങളില്‍ ഡോ. ഏവൂര്‍ മോഹന്‍ദാസ്‌ എന്നറിയപ്പെടാന്‍ ആഗ്രഹം. മദ്ധ്യതിരുവിതാംകൂറിലെ ഓണാട്ടുകര പ്രദേശത്തെ ഏവൂര്‍ ഗ്രാമത്തില്‍ 1959ല്‍ ജനനം. ബിരുദതലം വരെ നാട്ടില്‍ പഠിച്ചു. ഇരുപതാം വയസ്സു മുതല്‍ പഠനവും ജോലിയുമായി കേരളത്തിന്‌ വെളിയില്‍ താമസം. ബനാറസ്‌ ഹിന്ദു സര്‍വ്വകലാശാല, മദ്രാസ്‌ സര്‍വകലാശാല, കേംബ്രിഡ്ജ്‌…

  • തസ്മൈ ശ്രീ ഗുരവേ നമഃ

    ഡോ. സദനം കെ. ഹരികുമാരൻ July 29, 2012 കീഴ്പ്പടം കുമാരൻ നായരാശാനെക്കുറിച്ച് ഞാൻ എന്തെഴുതാനാണ്? എഴുതേണ്ടി വരുമ്പോൾ എഴുതേണ്ട ആളെക്കുറിച്ച് അറിയേണ്ടി വരുന്നു. അറിയുക എന്നാൽ ആയിത്തീരുക എന്നാണ് അർത്ഥം കല്പിക്കുന്നതെങ്കിൽ ഞാൻ ഇതിനു തുനിയുന്നത് മൌഢ്യമായിരിക്കും. അനുസ്മരണത്തിനു വേണ്ടി മാത്രമാണെങ്കിൽ ചില ശ്ലഥമായ ഓർമ്മകളെ ഇവിടെ അനാവരണം ചെയ്യാമെന്ന് മാത്രം. പൂച്ചയുടേതു പോലെ മാർദ്ദവമേറിയ പാദങ്ങളായിരുന്നു ആശാന്റേത്. അതിൽ നിറച്ച് ഊർജ്ജമുണ്ടായിരുന്നു. ആശാന്റെ കാൽ‌ചുവട്ടിൽ ഉഴിച്ചിലിന് കിടക്കുമ്പോൾ അനുഭവിക്കുന്നത് വേദനായിരുന്നില്ല. സംരക്ഷണത്തിന്റെയും വാത്സല്യത്തിന്റേയും നിറവ്…

മറുപടി രേഖപ്പെടുത്തുക