ജയരാജന്‍. സി.എന്‍

October 20, 2014

ആമുഖം    

ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്ഥത്തില്‍ കേരളത്തിലെ കഥകളിഭ്രാന്തന്മാര്‍ വടക്കേ ഇന്ത്യയില്‍  നിന്ന് ഒരാള്‍ അവധിയ്ക്ക് വരുന്നതിനും കഥകളിയരങ്ങുകള്‍ ഭാവസംഗീതം കൊണ്ടു നിറയുന്നതിനും വേണ്ടി ആവേശത്തോടെ കാത്തിരിക്കുമായിരുന്നു.  നീലകണ്ഠന്‍ നമ്പീശനെ പോലുള്ള മഹാഗായകര്‍ സംഗീതത്തിന്റെ ശുദ്ധി കൊണ്ടും ലയഭംഗി കൊണ്ടും സഹൃദയ മനസ്സുകള്‍ കീഴടക്കിയിരുന്നിട്ടു പോലും ഈ ഗായകന്റെ അരങ്ങിന് കീഴെ ഇടം പിടിയ്ക്കാന്‍ യുവാക്കളടക്കമുള്ള ആസ്വാദകര്‍ ക്ഷേത്രാങ്കണങ്ങളിലേയ്ക്ക് അദ്ദേഹത്തെ തേടി ദൂരദേശങ്ങളില്‍ നിന്നു വരെ എത്തിക്കൊണ്ടിരുന്നു.

 
തിരശ്ശീലയ്ക്ക് പിന്നില്‍ ഒരു ഗായകന്റെ ശബ്ദം ഉയരുമ്പോള്‍ കഥകളിയുടെ പരമ്പരാഗത പ്രേക്ഷക സമൂഹത്തിന്റെ ഇടയിലിരിക്കുന്ന പുതു തലമുറക്കാരില്‍ നിന്ന് കരഘോഷം ഉയരുമ്പോഴും അക്കാലത്തെ തലമുറയ്ക്ക് അതൊരു നിഷേധമായി തോന്നിയില്ല.  കാരണം, കഥകളി സംഗീതലോകത്ത് നവോത്ഥാനം സൃഷ്ടിച്ച ഈ ബൊഹീമിയന്‍ ജീവിതത്തെ കേരളത്തിലെയെന്നല്ല ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് അറിയാം. അതു പോലൊരു ഗായകന്‍ കഥകളി സംഗീതരംഗത്ത് അദ്ദേഹത്തിന് മുമ്പുമുണ്ടായിട്ടില്ല, പിമ്പുമുണ്ടായിട്ടില്ല.  
ആ അവധൂതജന്മമായിരുന്നു കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്. കഥകളി സംഗീതത്തില്‍ മായാജാലം തീര്‍ത്ത അനശ്വരഗായകന്‍.  


കഥകളി സംഗീതസാഗരത്തിന്റെ ഓരം പറ്റി നടക്കുമ്പോള്‍ ഇദ്ദേഹത്തില്‍ നിന്നു നേരിട്ടും അതു പോലെ മറ്റു പലരിലും നിന്ന് ഇദ്ദേഹത്തെ കുറിച്ചും അനുഭവിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ ഒരു പിടി അനുഭവങ്ങള്‍ ലേഖകനുണ്ട്. അതിന്റെ പേരില്‍ ഈ മഹാഗായകനെ വിലയിരുത്താനുള്ള ആര്‍ജവമുണ്ടായിട്ടല്ല ഇതെഴുതുന്നത്.  മുദ്രയോ രാഗമോ മാറിയാല്‍ രണ്ടാംമുണ്ട് തോളത്തേയ്ക്കിട്ട് സദസ്സില്‍ നിന്ന് എഴുന്നേറ്റു പോകുന്ന യാഥാസ്ഥിതിക ബോധത്തിന്റെ തടവറയില്‍ നിന്ന് കഥകളി സംഗീതത്തെ കാലികമായ മാറ്റങ്ങളുടെ നവോന്മേഷം പകര്‍ന്നു നല്‍കി വിഹായസ്സിലേയ്ക്കു തുറന്ന വിട്ട ഇദ്ദേഹത്തിന്റെ ചരിത്രം സമയമെടുത്ത് വിശകലനം ചെയ്യേണ്ട ഒന്നാണെന്നും കേവല രചനകളില്‍ അതൊതുങ്ങില്ല  എന്നുമറിയാഞ്ഞിട്ടുമല്ല. എന്നാല്‍ സ്വകാര്യസംഭാഷണങ്ങളുടെയോ  പ്രാദേശികമായ വേദികളുടെയോ അതിരുകള്‍ക്കപ്പുറം ഇദ്ദേഹത്തിന്റെ വിഖ്യാതി എത്തിയ്ക്കുന്നതില്‍ ഇവിടത്തെ സഹൃദയപക്ഷവും സംഗീതപ്രേമികളും ഗവേഷകരും ഉദാസീനത കാണിച്ചു എന്നിരിക്കെ ഈ കുത്തിയ്ക്കുറിക്കലുകളിലൂടെ വായനക്കാരിലേയ്ക്ക് അദ്ദേഹത്തെ അല്‍പ്പമെങ്കിലും എത്തിയ്ക്കാനോ നിരൂപകര്‍ക്കും സംഗീതപ്രേമികള്‍ക്കും ഒരു മിന്നായമായി വഴി കാട്ടാനോ കഴിഞ്ഞാല്‍ അത്രയും മതി ഈ ശ്രമം സാര്‍ത്ഥകമാകാന്‍.

ജീവചരിത്രം – ലഘു പ്രതിപാദ്യം

ചിട്ടകളുടെ കലാരൂപം കൂടിയാണ് കഥകളിയെങ്കിലും അതുപോലെ ക്രമബദ്ധമായിരുന്നില്ല സഞ്ചാരിയായിരുന്ന ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ ജീവിതം. അതു കൊണ്ടു തന്നെ ജീവചരിത്ര വിവരണവും പൂര്‍ണ്ണതയുള്‍ക്കൊള്ളുന്ന സാമ്പ്രദായിക രീതിയില്‍ സമഗ്രമാക്കുക ദുഷ്‌ക്കരം തന്നെയാണ്. എങ്കിലും ചിലതൊക്കെ പെറുക്കിയെടുത്തു ചേര്‍ത്തു വെച്ചു നോക്കാവുന്നതാണ്.  


പാലക്കാട് ജില്ലയിലെ വെള്ളിനേഴി എന്ന ഗ്രാമത്തില്‍ പരപ്പാട്ടില്‍ രാമക്കുറുപ്പിന്റെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും ഏഴു മക്കളില്‍ മൂത്ത മകനായി 1931ല്‍ ഉണ്ണിക്കൃഷ്ണക്കുറുപ്പ് ജനിച്ചു. കളമെഴുതുന്നതിലും കളമെഴുത്ത് പാട്ടിലും അഗ്രഗണ്യനായിരുന്ന രാമക്കുറുപ്പിനോടൊപ്പം എഴുതാനും പാടാനും അദ്ദേഹം കുട്ടിക്കാലത്ത് പോകുമായിരുന്നു. നാലാം തരം വരെ വെള്ളിനേഴിയില്‍ പഠിച്ച അദ്ദേഹം പതിമൂന്നു വയസ്സു വരെ മാത്രമേ ആ നാട്ടില്‍ നിന്നിട്ടുള്ളൂ.  
ചൊവ്വൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് ഇദ്ദേഹത്തിന്റെ സംഗീതാഭിരുചി തിരിച്ചറിയുകയും അദ്ദേഹത്തെ കലാമണ്ഡലത്തില്‍ ചേര്‍ക്കുകയും ചെയ്തു. ശിവരാമന്‍ ഭാഗവതരായിരുന്നു കലാമണ്ഡലത്തില്‍ വെച്ച് ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ പ്രധാന കളരി ഗുരു. നീലകണ്ഠന്‍ നമ്പീശനും അദ്ദേഹത്തിന്റെ അദ്ധ്യാപകനായിരുന്നു. കുട്ടിക്കാലം മുതലേ ഏകാന്തത ഇഷ്ടപ്പെട്ടിരുന്ന ഉണ്ണിക്കൃഷ്ണക്കുറുപ്പ് കുസൃതിക്കാരന്‍ കൂടിയായിരുന്നു. അതു കൊണ്ടു തന്നെ കലാമണ്ഡലത്തിലെ ചിട്ടയാര്‍ന്ന പരിശീലനം അദ്ദേഹത്തിന് അസഹ്യമായി തോന്നി. കലാമണ്ഡലത്തില്‍ നിന്ന് പുറത്തു കടക്കാന്‍ അദ്ദേഹം സ്വീകരിച്ച വഴിയാവട്ടെ അദ്ദേഹത്തിന്റെ കുസൃതിയെ വിളിച്ചോതുന്നതായിരുന്നു. അച്ഛന്‍ രാമക്കുറുപ്പിന് അല്‍പ്പം മാനസിക വിഭ്രാന്തികളുണ്ടായിരുന്നു. അത് തന്നിലേയ്ക്ക് പകര്‍ന്നിരിക്കുന്നുവെന്ന് അഭിനയിച്ചു കാണിച്ചു കൊണ്ടാണ് അദ്ദേഹം കലാമണ്ഡലത്തില്‍ നിന്ന് കോഴ്‌സ് മുഴുവനാക്കാതെ പുറത്തു ചാടിയത്!


പിന്നീട് കുറച്ചു കാലം അദ്ദേഹം നീലകണ്ഠന്‍ നമ്പീശന്റെ വീട്ടില്‍ പോയി അഭ്യസനം നടത്തി. ഏറെത്താമസിയാതെ അദ്ദേഹം അറിയപ്പെടുന്ന യുവഗായകനായി മാറുകയും ചെയ്തു. കോട്ടയ്ക്കല്‍ പിഎസ്‌വി നാട്യസംഘത്തിലാണ് ഉണ്ണിക്കൃഷ്ണക്കുറുപ്പ് ആദ്യമായി അദ്ധ്യാപകനാകുന്നത്. അവിടെ ഏറെ നാള്‍ തുടര്‍ന്നില്ല. പിന്നീട് ഗാന്ധി സേവാസദനത്തില്‍ അദ്ധ്യാപകനായി. അതിന് ശേഷം മൃണാളിനി സാരാഭായിയുടെ കീഴിലുണ്ടായിരുന്ന ദര്‍പ്പണയില്‍ കാവുങ്കല്‍ ശങ്കരപ്പണിക്കരുടെ നിര്‍ദ്ദേശപ്രകാരം അദ്ധ്യാപകനായി ആറു വര്‍ഷം ജോലി ചെയ്തു. അതിനിടെ നീലകണ്ഠന്‍ നമ്പീശന്‍ എഴുതിയ കത്തനുസരിച്ച് അദ്ദേഹം നാട്ടിലേയ്ക്ക് തിരിച്ചു വന്നു. കലാമണ്ഡലം ഗംഗാധരന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി കിടക്കുകയായിരുന്നതിനാല്‍ ആ താല്‍ക്കാലിക ഒഴിവില്‍ കലാമണ്ഡലത്തില്‍ അദ്ധ്യാപകനായെങ്കിലും അവിടത്തെ ശമ്പളം തനിയ്ക്ക് വണ്ടിക്കൂലിയ്ക്കും മുറുക്കിത്തുപ്പാനും പോലും തികയില്ലെന്നു പറഞ്ഞു കൊണ്ട് അവിടെ നിന്ന് പോകുകയാണുണ്ടായത്.  
വീണ്ടും അദ്ദേഹം കോട്ടയ്ക്കല്‍ പിഎസ്‌വി നാട്യസംഘത്തിലേയ്ക്ക് തിരിച്ചു വരികയും അവിടെ കുറച്ചു കാലം ജോലി നോക്കുകയും ചെയ്തു. അതിനിടയില്‍ ആലിപ്പറമ്പ് ശിവരാമപ്പൊതുവാളുടെ ക്ഷണപ്രകാരം കല്‍ക്കത്തയിലെ ശാന്തിനികേതനത്തില്‍ അദ്ധ്യാപകനായി. അവിടെ ആറു വര്‍ഷം ജോലി ചെയ്തു.  
പി എസ് വാരിയരുടെ ക്ഷണപ്രകാരം കുറുപ്പ് കോട്ടയ്ക്കലേയ്ക്ക് വീണ്ടും തിരിച്ചു വന്നു. എന്നാല്‍ പ്രൊബേഷന്‍ തീരും മുമ്പ് അച്ചടക്ക നടപടികള്‍ക്ക് വിധേയമാവുകയും അവിടം വിടുകയും ചെയ്തു. അതിന് ശേഷം കലാമണ്ഡലത്തില്‍ വിസിറ്റിങ്ങ് പ്രൊഫസര്‍ ആയി നിയമിതനായി. ആഴ്ചയില്‍ കുറുപ്പിന് ഇഷ്ടമുള്ള മൂന്നു ദിവസം പോയാല്‍ മതിയായിരുന്നു. ഇങ്ങിനെ 5 വര്‍ഷം ജോലി ചെയ്തു.  ഇരുപത്തി ഒമ്പതാമത്തെ വയസ്സില്‍ കുറുപ്പ് ലക്ഷ്മിക്കുട്ടിയമ്മയെ വിവാഹം ചെയ്തു.  


ഉണ്ണിക്കൃഷ്ണക്കുറുപ്പിന് ഉണ്ടായിരുന്ന ശിഷ്യരില്‍ പി.ഡി.നമ്പൂതിരി, കലാനിലയം ഉണ്ണിക്കൃഷ്ണന്‍, പാലനാട് ദിവാകരന്‍, കോട്ടയ്ക്കല്‍ നാരായണന്‍, കോട്ടയ്ക്കല്‍ മധു, അത്തിപ്പറ്റ രവി തുടങ്ങിയവര്‍ പ്രമുഖരാണ്.          
വെറ്റിലമുറുക്കും മദ്യപാനവും കുറുപ്പിന്റെ ബലഹീനതയായിരുന്നതിന് പിന്നില്‍ ആരാധകരുടെ പങ്ക് ഗണനീയമായിരുന്നു. ഇത് ശാരീരികമായ അവശതയിലേയ്ക്ക് നയിച്ചു. ആമാശയ വ്രണം  കലശലായതിനെ തുടര്‍ന്ന് 1988 മാര്‍ച്ച് 4ന് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ചാരിറ്റബിള്‍ ആശുപത്രിയില്‍ വെച്ച് അദ്ദേഹം അന്തരിച്ചു.

സാമൂഹ്യ-രാഷ്ട്രീയ കേരള പശ്ചാത്തലം

കളമെഴുത്തു പാട്ടിന്റെ കാലം മുതല്‍ ആരംഭിയ്ക്കുകയും ഒടുവില്‍ കോട്ടയ്ക്കല്‍ ശിവരാമനും കലാമണ്ഡലം ഗോപിയും ചേര്‍ന്ന് തിരശ്ശീല പുതപ്പിച്ച് മണ്ണിലേയ്ക്ക് മടക്കി അയയ്ക്കുന്ന കരളലിയിക്കുന്ന കാഴ്ചയില്‍ അവസാനിക്കുകയും ചെയ്ത കാലഘട്ടം പിന്നിട്ട് 26 വര്‍ഷങ്ങളായിരിക്കെ എന്താണ് ഇനിയും ബാക്കി നില്‍ക്കുന്നതെന്ന സന്ദേഹം സംഗീതമടക്കം സമസ്തവും കമ്പോളവല്‍ക്കരിക്കപ്പെടുന്ന വര്‍ത്തമാനകാലത്ത് വായനക്കാരില്‍ ഉടലെടുക്കുന്നുണ്ടാവാം. അതു മനസ്സിലാവണമെങ്കില്‍ എഴുപതുകളും എണ്‍പതുകളും നമുക്ക് തന്നതെത്ര വിലപ്പെട്ടതാണെന്ന് ഓര്‍ത്തെടുക്കേണ്ടതുണ്ട്.  


ദേശീയ ഭരണതലത്തില്‍  ജനാധിപത്യ പ്രക്രിയകള്‍ ഫാസിസത്തിന് വഴിമാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ കേരളത്തിലെ ജനത മുഖ്യധാരാ രാഷ്ട്രീയത്തില്‍ മനം മടുത്തു അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കയായിരുന്നു. ഈ അവസരത്തിലാണ് രാഷ്ട്രീയ രംഗത്തെ വ്യവസ്ഥാനിഷേധങ്ങള്‍ക്ക് ചുവടുപിടിച്ചു കൊണ്ട് കേരളീയ സാംസ്‌കാരിക മണ്ഡലത്തില്‍  പുതിയ പാതകള്‍ വെട്ടിത്തുറന്നത്. സിനിമയിലും കവിതയിലും സാഹിത്യത്തിലും അത് പ്രകടമായിരുന്നു. സാഹിത്യത്തില്‍ ഒ.വി.വിജയന്‍, ആനന്ദ്, എം.മുകുന്ദന്‍ തുടങ്ങിയവരും കവിതയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്, കടമ്മനിട്ട തുടങ്ങിയ കവികളും സിനിമയില്‍ അടൂരിനെയും അരവിന്ദനെയും പോലുള്ള പ്രതിഭകളും ശക്തമായ സ്വാധീനമാണ് സാംസ്‌കാരിക മണ്ഡലത്തില്‍ ചെലുത്തിയത്.  
അതേ സമയം, സംഗീത രംഗമാകട്ടെ, അത്തരത്തിലുള്ള വലിയ മാറ്റങ്ങള്‍ക്ക് വിധേയമാകാതെ യാഥാസ്ഥിതികത്വത്തിന്റെ നിലപാടുയര്‍ത്തിപ്പിടിക്കുകയായിരുന്നു. അതിന്റെ ഫലമായി ശാസ്ത്രീയ-ലളിതസംഗീത രംഗം താരതമ്യേന സ്തംഭിച്ചു നിലകൊള്ളുന്നതു പോലെയായിരുന്നു. കഥകളിയും തങ്ങളുടെ പരമ്പരാഗത രീതികളില്‍ നിന്ന് അല്‍പ്പം പോലും മാറുകയുണ്ടായില്ല. വള്ളത്തോളിന്റെ നേതൃത്വത്തില്‍ കലാമണ്ഡലം രൂപപ്പെട്ടപ്പോഴും എല്ലാ പരിഷ്‌കാരങ്ങളും മുമ്പേ തന്നെ കഴിഞ്ഞുവെന്നും കഥകളി അതിന്റെ പൂര്‍ണ്ണരൂപത്തില്‍ എത്തിക്കഴിഞ്ഞുവെന്നും ഉള്ള ജഡത്വപൂര്‍ണ്ണമായ അഭിപ്രായമാണ് നിര്‍ഭാഗ്യവശാല്‍ ഉണ്ടായത്. കഥകളി സംഗീതത്തിനെ സോപാനസംഗീതത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ തളച്ചിടാതെ കര്‍ണ്ണാടക സംഗീതവുമായി ബന്ധപ്പെടുത്തുകയും പല പാട്ടുകളുടെയും രാഗങ്ങള്‍ ഇത്തരത്തില്‍ പുനരാവിഷ്‌ക്കരിക്കുകയും ഹാര്‍മ്മോണിയം ശ്രുതിപ്പെട്ടിയായി ഉപയോഗിക്കുകയും ചെയ്തടക്കമുള്ള വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയ വെങ്കിടകൃഷ്ണ ഭാഗതവര്‍ക്കു ശേഷം എല്ലാം പൂര്‍ത്തിയായി എന്ന സംതൃപ്തിയില്‍ ഉദാസീനമാവുകയായിരുന്നു കഥകളി സംഗീതകാരന്മാര്‍.   പക്ഷേ, അത്തരമൊരു ഘട്ടത്തില്‍ പോലും ശ്രവ്യസൗകുമാര്യം നിഷ്ഠകളുള്‍ക്കുള്ളില്‍ നിന്ന് ജനങ്ങളിലേയ്‌ക്കെത്തിച്ച മഹാഗായകനായിരുന്ന നീലകണ്ഠന്‍ നമ്പീശന്‍ വൈകാരികവും കാല്‍പ്പനികവുമായ സംഗീതാവതരണത്തിലൂടെ ആധുനിക കഥകളി സംഗീതത്തിന്റെ ശില്‍പ്പിയായി മാറുകയും അതിനെ ജനപ്രിയമാക്കുകയും ചെയ്തു.  


ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ സംഗീതലോകം ആരംഭിയ്ക്കുന്നത് ഗുരുവായ നമ്പീശനോട് എല്ലാം കൊണ്ടും പൊരുത്തപ്പെട്ടായിരുന്നു. ശബ്ദം പോലും വേര്‍തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലായിരുന്നു അവര്‍ രണ്ടും ചേര്‍ന്ന് പാടിക്കൊണ്ടിരുന്നത്. ഒരു ദിവസം കലാമണ്ഡലം ഗോപി ഇവര്‍ രണ്ടു പേരും കൂടി പാടുന്നത് ദൂരെ നിന്ന് കേട്ടിട്ട് ശിങ്കിടിയില്ലാതെ പൊന്നാനി മാത്രം പാടുന്നുവോ എന്നാശ്ചര്യപ്പെട്ട് സ്ഥലത്തു വന്നു നോക്കിയതായി പറഞ്ഞിട്ടുണ്ട്. (അതേ സമയം വെങ്കലനാദമാണ് കുറുപ്പിന്റേതെന്നാണ് നമ്പീശന്റെ അഭിപ്രായം!)


 70-80 കാലഘട്ടത്തില്‍ കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷത്തില്‍ ഉണ്ടായ അഭൂതപൂര്‍വ്വവും സത്വരവുമായ മാറ്റങ്ങളെ ശ്രദ്ധയോടെ നോക്കിക്കാണേണ്ടതുണ്ട്. ദേശീയ ഭരണകൂടം കൂടുതല്‍ ജനാധിപത്യവിരുദ്ധമായിത്തീരുകയും ഫാസിസ്റ്റ് പ്രവണതകള്‍ കാണിക്കുകയും ചെയ്തപ്പോള്‍ സംസ്ഥാന മുഖ്യധാരാ രാഷ്ട്രീയം അവയുമായി സമവായങ്ങളിലേര്‍പ്പെടുന്നതിനെതിരെ വിക്ഷുബ്ധമായ യൗവനങ്ങളുടെ പ്രതികരണം ശക്തമായിത്തീരുകയും വിപ്ലവ സ്വപ്നങ്ങളുടെ നിറച്ചാര്‍ത്തോടെ അവയെങ്ങും അലയടിയ്ക്കുകയും ചെയ്തു. സ്വാഭാവികമായും സാംസ്‌കാരിക രംഗം അടിമുടി പൊളിച്ചെഴുത്തുകളിലേയ്ക്ക് വഴിമാറുകയായിരുന്നു. സിനിമയില്‍ ജോണ്‍ എബ്രഹാമും കവിതയില്‍ എ.അയ്യപ്പനും വ്യവസ്ഥകളെയും പാരമ്പര്യങ്ങളെയും നിഷേധിച്ചു കൊണ്ട് പുതിയ ഒരു സൗന്ദര്യാവബോധം സൃഷ്ടിച്ചപ്പോള്‍ സാംസ്‌കാരിക രംഗം ഉന്മാദത്തിന്റെ വക്കിലേക്കെത്തുകയായിരുന്നു. കഥകളിസംഗീതത്തില്‍ ഉണ്ണിക്കൃഷ്ണക്കുറുപ്പിലൂടെ ഇത് പ്രകടമാവുകയായിരുന്നു. ക്രമ നിരാസങ്ങളും ഹിന്ദുസ്ഥാനി സംഗീതഛായകളും രാഗമാറ്റങ്ങളും ഒക്കെ വിവാദങ്ങളെ പിന്തള്ളിക്കൊണ്ട് ജനകീയമായിത്തീര്‍ന്നു. ഒടുവില്‍ സംശയിച്ചു നിന്നവര്‍ പോലും കുറുപ്പിന്റെ ആരാധകരായി. ഓരോ അരങ്ങുകളിലും കുറുപ്പ് പാടാന്‍ തുടങ്ങുമ്പോള്‍ യുവാക്കള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുക മാത്രമല്ല ചെയ്തത്, കുറുപ്പിന്റെ കൂടെ അരങ്ങില്‍ നിന്ന് അരങ്ങിലേയ്ക്ക് അവര്‍ പിന്തുടരുകയും ചെയ്തു. ഒരു കാലത്തും ഉണ്ടാവാത്ത സംഗതികളാണിതെന്ന് വായനക്കാര്‍ മനസ്സിലാക്കേണ്ടതുണ്ട്.

സംഗീതവസന്തം പൂത്തുലഞ്ഞ നാളുകള്‍

കേരളീയ സംഗീതത്തിന്റെ സവിശേഷതകളുടെ നിറകുടമായിരുന്നു ഉണ്ണിക്കൃഷ്ണക്കുറുപ്പ്. തുറന്ന ശാരീരം, ഏതു ശ്രുതിയിലും പാടാനുള്ള കഴിവ്, അക്ഷര സ്ഫുടത, ഔചിത്യബോധം, സംഗതികളുടെ മായിക പ്രപഞ്ചം തീര്‍ക്കാനുള്ള മനോധര്‍മ്മം, ഭക്തിയും ദുഃഖവും അനുഭൂതിദായക രസങ്ങളാക്കി സഹൃദയരില്‍ പെയ്യിക്കാനുള്ള പാടവം ഇതെല്ലാം സമഞ്ജസമായ അനുഗൃഹീത കലാകാരനായിരുന്നു അദ്ദേഹം. അച്ഛനില്‍ നിന്ന് സ്വായത്തമാക്കിയ കളമെഴുത്തു പാട്ടിന്റെ സവിശേഷ പ്രയോഗങ്ങളും അദ്ദേഹത്തിന്റെ സംഗീതത്തില്‍ നിന്ന് സംഗീത നിരൂപകര്‍ക്ക് കണ്ടെടുക്കാന്‍ കഴിയുന്നുണ്ട്. കേരളീയമെന്ന് വിശേഷിപ്പിക്കുന്ന പാടി, നവരസം, ഘണ്ടാരം, പുറനീര തുടങ്ങിയ രാഗങ്ങള്‍ പാടാന്‍ അനന്യമായ കഴിവ് ഉണ്ണിക്കൃഷ്ണക്കുറുപ്പിന് സാദ്ധ്യമായതിന് ഈ പരിചയ സമ്പന്നത സഹായകമായിട്ടുണ്ട്.


ഒരു രാഗത്തെ വിസ്തരിക്കാന്‍ അദ്ദേഹം തുടങ്ങുമ്പോഴേ തന്നെ ജനം അതു തിരിച്ചറിയുന്നത് അവരുടെ മുഖത്തു നിറയുന്ന സന്തോഷത്തില്‍ നിന്ന് വായിച്ചെടുക്കാമായിരുന്നുവെന്ന് ലേഖകന് അനുഭവമുണ്ട്. കീചകവധം കഥകളിയിലെ സഭാജനവിലോചനേ എന്നു തുടങ്ങുന്ന ശ്ലോകത്തിന് മുമ്പേ അദ്ദേഹം കാംബോജി വിസ്തരിക്കാന്‍ തുടങ്ങുമ്പോഴേ തന്നെ കേരളത്തിലങ്ങോളമിങ്ങോളമുള്ള സദസ്സുകളില്‍ കയ്യടികള്‍ ഉയരുക സാധാരണയായിരുന്നു. ഇന്നും അത് അനശ്വര സ്മരണയായി കഥകളി സംഗീതപ്രേമികള്‍ നെഞ്ചിലേറ്റി ലാളിയ്ക്കുന്നതിനാല്‍ ഇത് യുട്യൂബില്‍ അടക്കം ഇപ്പോഴും ലഭ്യമാണ്.

 രാഗവിസ്താരമായാലും മനോധര്‍മ്മമായാലും ഓരോ അരങ്ങിലും അല്‍പ്പ സ്വല്‍പ്പം മാറ്റങ്ങളോടെയായിരുന്നു അദ്ദേഹം അവതരിപ്പിച്ചിരുന്നത്. ഇത് ബോധപൂര്‍വ്വം തയ്യാറെടുപ്പോടെ നടത്തുന്നതായിരുന്നില്ല എന്നതു കൊണ്ട് ഓരോ അരങ്ങും പകരം വെയ്ക്കാനാവാത്ത വിധം സംഗീതപ്രേമികള്‍ക്ക് അമൂല്യമായിരുന്നു. പ്രയുക്തസംഗീതമെന്ന നിലയ്ക്കായിട്ടു പോലും അദ്ദേഹം ചേതോഹരങ്ങളായ മാര്‍ഗ്ഗങ്ങളിലൂടെ ഭാവസംഗീതം തീര്‍ത്തു ജനങ്ങളെ ആനന്ദത്തിലാറാടിച്ചു. അതേ സമയം തന്നെ കൂടെപ്പാടുന്നയാള്‍ക്ക് അംഗീകാരം നല്‍കുകയും അഭിനയിക്കുന്ന കലാകാരന് ആദരവ് നല്‍കിയും തന്നെയായിരുന്നു ആ സംഗീതപ്രകടനങ്ങള്‍ എന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വവൈശിഷ്ട്യത്തെയാണ് എടുത്തു കാണിക്കുന്നത്. പല കഥകളി ഗായകര്‍ക്കുമില്ലാത്ത മേന്മയാണിത് എന്നത് ശ്രദ്ധേയമാണ്.


ചില നിരീക്ഷണങ്ങള്‍ മാത്രമേ ലേഖകന് ഇക്കാര്യത്തില്‍ സാധിക്കുകയൂള്ളൂ. അതു കൊണ്ട് പലരുടെയും അനുഭവങ്ങളും ഓര്‍മ്മകളും ആനുഷാംഗികമായി അവതരിപ്പിക്കുക മാത്രമാണിവിടെ ചെയ്യുന്നത്. അദ്ദേഹത്തിന്റെ സംഗീതത്തെ വിലയിരുത്തുന്ന ദൗത്യം വിദഗ്ദ്ധരായ നിരൂപകര്‍ നിര്‍വ്വഹിക്കട്ടെ.  
കീചകവധം കഥകളിയിലെ പാട്ടുകള്‍ കുറുപ്പിനെ പോലെ അനശ്വരമാക്കിയ മറ്റൊരു ഗായകനില്ല. പാണ്ഡവരോടൊത്തു വിരാടരാജസന്നിധിയിലെത്തിയ പാഞ്ചാലി താന്‍ ആരാണെന്ന പറയുന്ന രാജ്ഞി ഞാനിന്ദ്രപ്രസ്ഥത്തില്‍ എന്ന പദം കോട്ടയ്ക്കല്‍ ശിവരാമന്‍ മാലിനിയുടെ വേഷത്തില്‍ ഹൃദയസ്പൃക്കായി അവതരിപ്പിക്കുന്നതിനോടൊപ്പം ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ പാട്ടില്‍ അതിന്റെ വൈകാരികഭാവം മൂര്‍ത്തമായപ്പോള്‍ സദസ്യരുടെ കണ്ണു നിറഞ്ഞൊഴുകുയായിരുന്നുവെന്നുള്ള അനുഭവങ്ങള്‍ ഇന്റര്‍നെറ്റിലൂടെ നമുക്ക് വായിച്ചറിയാനാവുന്നുണ്ട്. മാലിനി! രുചിര ഗുണശാലിനി! കേള്‍ക്ക നീ എന്ന പല്ലവിയില്‍ തുടങ്ങുന്ന പാട്ടില്‍ പാടി രാഗത്തിന്റെ സവിശേഷത അനന്യമായ രീതിയില്‍ മനോഹരമായി എടുത്തു കാണിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. ചിട്ടകളെ വെല്ലുവിളിച്ചു കൊണ്ട് ചെമ്പട താളത്തില്‍ മാലിനീ എന്നു പാടി കീചകന്റെ ശ്രേഷ്ഠത സ്ഥാപിച്ചെടുക്കുകയാണ് ഉണ്ണിക്കൃഷ്ണക്കുറുപ്പ് ചെയ്യുന്നത്. കഥകളിച്ചെണ്ടയിലെ മുടിചൂടാമന്നനായിരുന്ന കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍ വൈദ്യംമഠത്തില്‍ വെച്ചു നടന്ന ഒരു കളിയില്‍ മാലിനീ പാടുന്നതില്‍ ലയിച്ചു എല്ലാം മറന്നു നിന്നു കൊട്ടിയത് കുറുപ്പിന്റെ അരുമ ശിഷ്യനായ പാലനാട് ദിവാകരന്‍ ഓര്‍മ്മിക്കുന്നുണ്ട്. ഒറ്റ ശ്വാസത്തില്‍ ഒരു താളവട്ടം മുഴുവന്‍ മാലിനീ എന്നു പാടും. അതേ സമയം രുചിര ഗുണശാലിനീ എന്നത് ചെമ്പടയിലെ ഏഴാമത്തെ അക്ഷരത്തില്‍ കൃത്യമായി തീരുകയും ചെയ്യും.  ചില്ലീലതകൊണ്ടെന്നെ തല്ലീടായ്ക എന്ന് ശൃംഗാരത്തോടെ കീചകന്‍ പറയുമ്പോള്‍ തല്ലുന്നതിനെ ചിത്രീകരിക്കാന്‍ വേണ്ടി മേളക്കാരുമായി ചേര്‍ന്നു കുറുപ്പിന്റെ സ്വരസുധ  സൃഷ്ടിക്കുന്ന ലയഭംഗി ഒന്നു വേറെ തന്നെയാണ്. കഥകളിയിലെ മഹാനടനായിരുന്ന കലാമണ്ഡലം രാമന്‍കുട്ടി നായര്‍ ഒരിക്കല്‍ കീചകന്റെ വേഷം കെട്ടുന്നതിന് മുമ്പ് ഇപ്രകാരം പറയുകയുണ്ടായി: കുറുപ്പാണ് പാടുന്നത്. അയാളെന്നെ ഈ വേഷം കളിപ്പിക്കും. എന്താ കളിക്കേണ്ടതെന്ന് നിശ്ചയമില്ലാതെ വന്നാലും കളിക്കേണ്ടി വരുന്നുണ്ട്. ലോകത്തെമ്പാടുമുള്ള കഥകളിപ്രേമികളുടെ ഓര്‍മ്മച്ചെപ്പിലെ മുത്തായി നിലകൊള്ളുന്ന ഹരിണാക്ഷീ ജനമൗലീ എന്ന പാട്ടിന്റെ പേരില്‍ ഉണ്ണിക്കൃഷ്ണക്കുറുപ്പ് പില്‍ക്കാലത്ത് ഹരിണാക്ഷിക്കുറുപ്പ് എന്ന പേരിലും അറിയപ്പെട്ടു. ഇതില്‍  മൗലീ എന്നു പാടുന്നതിന് മുമ്പ് കുറുപ്പ് താളവട്ടത്തിലെ ബാക്കി സമയത്ത് പാലിയ്ക്കുന്ന നിശ്ശബ്ദതയിലൂടെ അഭിനേതാവിന് നല്‍കുന്ന മൗനാനുവാദം എക്കാലത്തേയും കഥകളിഗായകര്‍ക്ക് പാഠമാണ്. എന്നരികില്‍ വരിക മാലിനീ….എന്നു കീചക വേഷത്തിന് വേണ്ടി ഉണ്ണിക്കൃഷ്ണക്കുറുപ്പ് പാടുമ്പോള്‍ അതിന്റെ വശ്യതയില്‍ മയങ്ങി അടുത്തേയ്ക്ക് ചെന്നാലോയെന്ന് മാലിനിയുടെ വേഷം കെട്ടുന്ന വേളയില്‍ ഇടയ്ക്ക് തനിക്ക് തോന്നാറുണ്ടെന്നായിരുന്നു സ്ത്രീവേഷങ്ങളില്‍ അതുല്യത പുലര്‍ത്തിയ കോട്ടയ്ക്കല്‍ ശിവരാമന്‍ ഒരിയ്ക്കല്‍ അഭിപ്രായപ്പെട്ടത്. ഈ പാട്ടില്‍ ധന്യേ മാലിനീ എന്ന ഭാഗം ഭാവാത്മകമായി അവതരിപ്പിക്കുന്നതിനൊടൊപ്പം കൂടെ പാടുന്നയാള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത രീതിയില്‍ നാല് സ്വരസ്ഥാനങ്ങള്‍ കയറ്റിപ്പാടുകയും ചെയ്യുമായിരുന്നു.


 കലാമണ്ഡലം ഗോപിയുടെ നളനും കോട്ടയ്ക്കല്‍ ശിവരാമന്റെ ദമയന്തിയും നളചരിതം ആട്ടക്കഥകളെ അരങ്ങത്ത് അവതരിപ്പിച്ചു ആധിപത്യം നേടിക്കഴിഞ്ഞിരുന്ന വേദിയിലെത്തിയ ഉണ്ണിക്കൃഷ്ണക്കുറുപ്പ് അവരുമായി ചേര്‍ന്ന് ഒരു ത്രിത്വത്തിന്റെ അവാച്യാനുഭൂതി സദസ്യര്‍ക്ക് പ്രദാനം ചെയ്യുകയായിരുന്നു. അതു കേള്‍ക്കാന്‍ ജനങ്ങള്‍ ദേശവും കാലവും മറന്നു ഒഴുകിയെത്തി. ഉണ്ണിക്കൃഷ്ണക്കുറുപ്പാകട്ടെ ഓരോ വേദിയിലും ഒരേ പാട്ടില്‍ തന്നെ പുതിയ പുതിയ പ്രയോഗങ്ങള്‍ തീര്‍ത്തു. നളചരിതം രണ്ടാം ദിവസം കഥകളി തെക്കന്‍ ചിറ്റൂരില്‍ ഒരിക്കല്‍ നടന്നപ്പോള്‍ കലാണ്ഡലം  രാമന്‍ കുട്ടിനായരായിരുന്നു കാട്ടാളന്റെ വേഷത്തില്‍. കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍ ചെണ്ടയിലും അപ്പുക്കുട്ടിപ്പൊതുവാള്‍ മദ്ദളത്തിലും മേളം കൊഴുപ്പിക്കാന്‍ അരങ്ങത്തെത്തിക്കൊണ്ട് കഥകളിയിലെ എക്കാലത്തെയും പ്രഗത്ഭമതികളുടെ സമ്മേളനം കൂടിയായി ആ വേദി മാറിത്തീര്‍ന്ന സമയത്താണ് എടുത്തു വില്ലും അമ്പും വാളും എന്നു 21 തവണ നാഥനാമക്രിയ രാഗത്തില്‍ കുറുപ്പാശാന്‍ വിസ്തരിച്ചു അവിസ്മരണീയമാക്കിയത്. ആ രംഗം ചിറ്റൂരിലും പരിസരപ്രദേശങ്ങളിലുമുള്ളവര്‍ ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്. പെരുമ്പാവൂരില്‍ നടന്നതായി കേട്ടിട്ടുള്ള മറ്റൊരു കഥയുണ്ട്. അവിടെയും നളചരിതം രണ്ടാം ദിവസത്തിലെ കാട്ടാളന്റെ വേഷം പതിവുകളൊക്കെ തെറ്റിച്ചു കൊണ്ട് ചത്ത പാമ്പിനെ എടുത്ത് ദമയന്തിയുടെ കഴുത്തിലിടാന്‍ നടത്തുന്ന ശ്രമം ആവര്‍ത്തന വിരസതയുളവാക്കുകയും കാണികളുടെ ഇടയില്‍ നിന്ന് പ്രതിഷേധ ശബ്ദം ഉയരാന്‍ തുടങ്ങുകയും ചെയ്തു. ആ സമയത്താണ് ഉണ്ണിക്കൃഷ്ണക്കുറുപ്പ് അംഗനേ നീയങ്ങു പോവതെങ്ങിനെ എന്ന പദം മദ്ധ്യമാവതിയില്‍ നിന്ന് മാറ്റി ആഭേരിയില്‍ പാടാന്‍ തുടങ്ങിയത്. സഹൃദയര്‍ അതില്‍ മതിമറക്കുകയും അടങ്ങിയിരിക്കയും ചെയ്തു പോലും. മഞ്ഞുമ്മല്‍ അമ്പലത്തില്‍ ക്രിക്കറ്റു കളിയുടെ ലോകത്ത് തര്‍ക്കവുമായി അമ്പലപ്പറമ്പില്‍ ഇരുന്നിരുന്ന ഒരു പറ്റം കുട്ടികള്‍ ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ മറിമാന്‍കണ്ണി എന്നതിന്റെ വൈകാരിക തീവ്രതയാര്‍ന്ന അപാരമായ ശൈലിയിലുള്ള ദിജാവന്തി രാഗ ഗാനാലാപനം കേട്ട്  അത്ഭുതപ്പെട്ടു നിശ്ശബ്ദമായിരുന്നത് ലേഖകന് അനുഭവമുള്ള കാര്യമാണ്.  


 മേല്‍പ്പറഞ്ഞതൊക്കെ എഴുതിക്കൂട്ടിയത് എന്തിനെയങ്കിലും സമഗ്രമായി ചിത്രീകരിക്കാന്‍ വേണ്ടിയല്ല. തീര്‍ച്ചയായും ലോകത്തെമ്പാടുമുള്ള മലയാളിമനസ്സുകള്‍ ഇതു പോലെ നിരവധി കഥകള്‍ കുറുപ്പിനെ കുറിച്ച് പറയാന്‍ വെമ്പുന്നുണ്ട്. അതിലേയ്ക്ക് ഒന്നു വിരല്‍ ചൂണ്ടുക മാത്രമാണിപ്പോള്‍ ചെയ്തത്. പാടിയ പാട്ടുകള്‍ നാടിന്റെ ഐതിഹ്യമായി ജനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന തലത്തിലേയ്ക്കുയര്‍ന്ന മഹാഗായകനായിരുന്നു ഉണ്ണിക്കൃഷ്ണക്കുറുപ്പ്. നേരത്തെ ചിറ്റൂരിലെ കാര്യം പറഞ്ഞതു പോലെ ശ്രീകൃഷ്ണപുരത്തു നടന്ന ഒരു കിരാതം കഥകളിയില്‍ ഉണ്ണിക്കൃഷ്ണക്കുറുപ്പ് വാഗീശ്വരി രാഗം പാടിത്തകര്‍ത്തത് ഇതിഹാസമായി നിലകൊള്ളുന്നു എന്നതു മറ്റൊരുദാഹരണം മാത്രം.

 
കഥകളിയിലെ പല പ്രഗത്ഭ അഭിനേതാക്കള്‍ക്കും അക്കാലത്ത് ഉണ്ണിക്കൃഷ്ണക്കുറുപ്പ് പാടണമെന്ന ആഭിമുഖ്യം പ്രത്യേകിച്ചുണ്ടായിരുന്നു. കലാമണ്ഡലം ഗോപിയ്ക്ക് ഈ നിര്‍ബന്ധമുണ്ടായിരുന്നെന്ന് കുറുപ്പിന്റെ അരുമ ശിഷ്യനായ പാലനാട് ദിവാകരന്‍ പറയുന്നുണ്ട്. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ഒരിക്കല്‍ ഉണ്ണിക്കൃഷ്ണക്കുറുപ്പിനെ പാടാന്‍ കിട്ടാഞ്ഞിട്ട് തനിക്കെന്റെ വേഷത്തിന് പാടാന്‍ അലോഹ്യാണോ? എന്നു പരിഭവിച്ചിട്ടുണ്ട്. കലാമണ്ഡലം രാമന്‍കുട്ടി നായരുടെ കാര്യം നേരത്തെ സൂചിപ്പിച്ചു കഴിഞ്ഞതാണല്ലോ.  
ചില പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞര്‍ ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ പാട്ട് കേട്ട് സ്തുതിച്ചു പറഞ്ഞിട്ടുണ്ട്. കുറുപ്പിന്റെ കാംബോജി രാഗത്തിലുള്ള പ്രയോഗങ്ങളും മനോധര്‍മ്മങ്ങളും കേട്ടിട്ട് ഇതാണ് കാംബോജിയുടെ സാക്ഷാല്‍ നാടന്‍ സ്വരൂപം എന്ന് ഡോ.എസ്. രാമനാഥന്‍ അഭിപ്രായപ്പെടുകയുണ്ടായി. ഉത്തരാസ്വയംവരത്തിലെ ജയജയനാഗകേതനാ എന്ന പദം ആലപിയ്ക്കുന്നത് കേട്ടിട്ട് മറ്റൊരു കര്‍ണ്ണാടക സംഗീത വിദുഷിയായ ടി.കെ.ഗോവിന്ദറാവു അതിശയിച്ചു പോയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.  

രാഗമാറ്റങ്ങളും ഹിന്ദുസ്ഥാനിശൈലികളും

ഓരോ വേദികളിലും രാഗവൈവിദ്ധ്യങ്ങളുടെ വിസ്മയപ്പൂക്കള്‍ വിടര്‍ത്തിയ ചരിത്രമാണ് കുറുപ്പിന്റേത്. ഓരോ വേദികളിലും കുറുപ്പ് ഒഴുക്കിയിരുന്ന സംഗീതധാരകള്‍ മറ്റു വേദികളിലില്ലാത്ത പുതുമകളുള്‍ക്കൊള്ളുന്നുണ്ടായിരുന്നു. അതിന്റെ ഭാഗം മാത്രമായിരുന്നു രാഗമാറ്റങ്ങള്‍. വെങ്കിടകൃഷ്ണഭാഗവതര്‍ക്ക് ശേഷം ഇത്രത്തോളം പരീക്ഷണങ്ങള്‍ നടത്തിയ മറ്റൊരു കലാകാരന്‍ കഥകളി സംഗീതത്തില്‍ ഉണ്ടായിട്ടില്ല. എന്നാല്‍ അതിനുള്ള ഗൃഹപാഠം ചെയ്തിട്ടല്ല കുറുപ്പ് ഒരോ വേദികളിലും സംഗീതശില്‍പ്പ സൃഷ്ടി നടത്തിയിരുന്നത്. വേദിയ്ക്ക് പുറത്ത് മൂളിപ്പാട്ടു പോലും പാടാറില്ല അദ്ദേഹം.  
ചിലപ്പോഴൊക്കെ നിരൂപകര്‍ക്കിടയില്‍ വിവാദങ്ങള്‍ക്ക് തിരി കൊളുത്താറുള്ള രാഗമാറ്റ പരീക്ഷണങ്ങള്‍ ജനങ്ങള്‍ ആവേശത്തോടെയായിരുന്നു സ്വീകരിച്ചിരുന്നതെന്ന് നേരത്തേ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. രാഗമാറ്റങ്ങളുടെ അനുബന്ധമെന്ന നിലയ്ക്ക് മറ്റു ചില സംഭവങ്ങളും ഉണ്ടാവുക പതിവാണ്. അംഗനേ നീയങ്ങു പോവതെങ്ങിനെ എന്നത് മദ്ധ്യമാവതി രാഗത്തില്‍ നിന്ന് ആഭേരിയിലേയ്ക്ക് മാറ്റിയതിന് ശേഷമുള്ള കാര്യം മുമ്പ് പരാമര്‍ശിച്ചു കഴിഞ്ഞതാണ്. ശ്രീകൃഷ്ണപുരത്തു വെച്ചാണ് കിരാതത്തിലെ അന്തകാന്തക പോരും എന്നത് വാഗീശ്വരിയിലേയ്ക്കും മാനസ സവ്യസാചി ഞാന്‍ എന്നത് കാനഡ രാഗത്തിലേയ്ക്കും രാഗമാറ്റം നടത്തി പ്രശസ്തമാക്കിയത്. മറ്റുള്ളവര്‍ പറഞ്ഞിട്ടു രാഗമാറ്റം നടത്തിയാല്‍ ചിലപ്പോള്‍ അത് ശരിയാവാറുമില്ലെന്നത് കൃഷ്ണന്‍കുട്ടിപ്പൊതുവാളിന്റെ നിര്‍ദ്ദേശ പ്രകാരം ദുര്യോധനവധം കഥകളിയിലെ പരിപാഹിയില്‍ ഒരു ഭാഗം നവരസ രാഗത്തില്‍ നിന്ന് കാനഡയിലേയ്ക്ക് മാറ്റി പരീക്ഷിച്ചു നോക്കി പരാജയപ്പെട്ടതില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്ന് പാലനാട് ദിവാകരന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഓരോ രാഗമാറ്റങ്ങളും അദ്ദേഹത്തിന്റെ മനോധര്‍മ്മമായി സ്വയമേവ അവതരിക്കപ്പെടുമ്പോള്‍ അവയെ ജനങ്ങള്‍ ഹൃദയത്തിലേറ്റുകയായിരുന്നു. നളചരിതം നാലാം ദിവസത്തിലെ പര്‍ണ്ണാദന്‍ സാകേതത്തില്‍ എന്ന പദം പലരും കുന്തളവരാളി, ശഹാന രാഗങ്ങളിലുമൊക്കെ ഇപ്പോള്‍ പാടിവരുന്നുണ്ടെങ്കിലും അത് സരസ്വതി രാഗത്തില്‍ കുറുപ്പ് പാടിയത് പരീക്ഷണങ്ങളുടെയും പാരമ്പര്യനിഷേധങ്ങളുടെയും കാലഘട്ടത്തിലായിരുന്നു. ഇതില്‍  അതിശയിച്ചു രാഗത്ത കുറിച്ചന്വേഷിച്ച ആരാധകരോട് സരസ്വതീയാമം കഴിഞ്ഞു എന്ന സിനിമാപ്പാട്ട് കേട്ടിട്ടില്ലേ? ആ പാട്ടിന്റെ രാഗമാണ് എന്ന നിഷ്‌ക്കളങ്കമായ മറുപടിയായിരുന്നു കുറുപ്പില്‍ നിന്നുണ്ടായത്. നളചരിതം നാലാം ദിവസത്തിലെ ഒളിവില്‍ ഉണ്ടോ ഇല്ലയോ, രുഗ്മാംഗദ ചരിതത്തിലെ അംബ, തൊഴുതേന്‍, കിര്‍മ്മീരവധത്തിലെ കുരവകതരു നിരകളില്‍ എന്നിവ കാനഡ രാഗത്തിലേയ്ക്ക് മാറ്റി വിവിധ അരങ്ങുകളില്‍ വിവിധ രീതികളില്‍ പാടി. നളചരിതം ഒന്നാം ദിവസത്തിലെ നാളില്‍ നാളില്‍ എന്നത് ആനന്ദഭൈരവിയില്‍ നിന്നു മാറ്റി നാട്ടക്കുറിഞ്ഞിയിലും യമുനാകല്ല്യാണിയിലുമൊക്കെ പാടിയപ്പോള്‍ പഴയ ആളുകള്‍ക്ക് പോലും അതംഗീകരിക്കേണ്ടി വന്നു. പുഷ്‌കര നീ പഴുതേ എന്നത് പാടുന്നത് പതിവ് രാഗം വിട്ട് ശുഭപന്തുവരാളിയായി പാടിപ്പോയതും പൂമകനും മൊഴിമാതും എന്ന പുന്നാഗവരാളിപ്പാട്ടില്‍ സിന്ധുഭൈരവി കലര്‍ത്തിയതും ഒക്കെ നല്ല രീതിയില്‍ സ്വീകരിക്കപ്പെട്ടെന്ന് വെണ്മണി ഹരിദാസും പാലനാട് ദിവാകരനും പറയുന്നുണ്ട്. ഇങ്ങിനെ നിഷ്ഠകളൊക്കെ തെറ്റിയ്ക്കുന്ന ഉണ്ണിക്കൃഷ്ണക്കുറുപ്പ് സാമ്യമകന്നോരുദ്യാനം എന്നത് പന്തുവരാളിയില്‍ നിന്ന് രാഗം മാറ്റി പൂര്‍വ്വികല്ല്യാണിയില്‍ പാടുന്നതിന് കാരണം പറയുന്നത് അതാണ് പുസ്തകത്തില്‍ എഴുതിവെച്ചിരിക്കുന്നതെന്നാണ്!


 നളചരിതം നാലാം ദിവസത്തിലെ ആരെടോ നീ നിന്റെ പേരെന്ത് എന്ന പന്തുവരാളി പദത്തില്‍ ഹിന്ദുസ്ഥാനി ശൈലി വരുന്നുണ്ടെന്നും അതിന്റെ തുടര്‍ച്ചയായി വരുന്ന വരികളിലുള്ള പ്രയോഗങ്ങള്‍ അഹമ്മദാബാദ് ശൈലിയെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും പാലനാട് ദിവാകരന്‍ പറഞ്ഞിട്ടുണ്ട്. യോഗീന്ദ്രാണാം എന്നത് പന്തുവരാളയില്‍ നിന്ന് മാറ്റി സിന്ധുഭൈരവിയാക്കി കുറുപ്പ് പാടുമ്പോള്‍ ഭീംസേന്‍ജോഷിയെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഉഷാ-ചിത്രലേഖ ആട്ടത്തിലെ കിം കിം അഹോ സഖീ എന്ന പാട്ടിലെ ജോണ്‍പുരി രാഗത്തില്‍ ഹിന്ദുസ്ഥാനിയുടെ ഛായ ചില വരികളിലുണ്ടെന്നാണ് ലേഖകന്റെ പരിമിത ജ്ഞാനത്തില്‍ തോന്നിയിട്ടുള്ളത്.  പരമ്പരാഗതമായതും ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്നതുമായ അന്തംകുത്തിപ്പാടല്‍ ശൈലി മുതല്‍ ഹിന്ദുസ്ഥാനി ശൈലിയിലുള്ള ഗമകരഹിതമായ പരന്ന സ്വരപ്രയോഗങ്ങള്‍ വരെ വ്യാപരിച്ചു കിടക്കുന്നതയിരുന്നു കുറുപ്പിന്റെ സംഗീതം.

ഗായക സംയമനം  

വേഷക്കാരനു വേണ്ടിയാണ് പാടേണ്ടതെന്ന ബോദ്ധ്യം കുറുപ്പിനുണ്ടായിരുന്നു. ഏതു പദം വിസ്തരിച്ചാലും ഈ പരിധി വിട്ട് സ്വന്തം പ്രാഗത്ഭ്യം കാണിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല. അതു പോലെ തന്നെ കൂടെപ്പാടുന്ന ഗായകന് സ്വാതന്ത്ര്യം നല്‍കിക്കൊണ്ടു തന്നെയായിരുന്നു എന്നും അദ്ദേഹം പാടിയിരുന്നത്. ചില നേരങ്ങളില്‍ കൂടെ പാടുന്നയാളെ കുറിച്ച് ചില ആവശ്യങ്ങളൊക്കെ ഉന്നയിച്ചിട്ടുള്ളതില്‍ ചിലത് ആരാധകരെ നിരാശപ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊക്കെ അദ്ദേഹത്തിന്റെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയല്ല മറിച്ച് കൂടുതല്‍ നല്ല പാട്ടുണ്ടാവാന്‍ വേണ്ടി മാത്രമായിരുന്നുവെന്ന് അവര്‍ക്കറിയുകയും ചെയ്യുമായിരുന്നു. പലപ്പോഴും വരികള്‍ക്കും വാക്കുകള്‍ക്കും ഭാവങ്ങള്‍ക്കും ഊന്നല്‍ കൊടുത്തു കൊണ്ട് ചില പ്രത്യേക പ്രയോഗങ്ങള്‍ നല്‍കിക്കൊണ്ട് പാടുന്നുണ്ടെങ്കിലും അവയ്ക്ക് മുന്നൊരുക്കങ്ങളൊന്നുമുണ്ടായിരുന്നില്ല. പ്രശംസയോ ആരോപണമോ ഒരിക്കലും അദ്ദേഹത്തെ ഏശിയിരുന്നില്ല. ആയിരം പേരുടെ സദസ്സായാലും പത്തു പേരുടേതായാലും അഭിനയിക്കുന്നത് മഹാവേഷക്കാരനായാലും കുട്ടിവേഷക്കാരനായാലും അദ്ദേഹം സ്വന്തം പദ്ധതികളനുസരിച്ച് മാത്രമായിരുന്നു പാടിയിരുന്നതും ചേങ്ങിലയില്‍ താളം പിടിച്ചിരുന്നതും. ഒരിക്കല്‍ ചേരാനെല്ലൂര്‍ കാര്‍ത്തിക വിളക്കിന് കഥകളിയിലെ അഭിനയ ചക്രവര്‍ത്തിയായ കലാമണ്ഡലം വാസുപിഷാരടി ബാഹുകന്‍ ആയഭിനയിക്കുന്ന നളചരിതം മൂന്നാം ദിവസം നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ രാത്രി 10 മണി കഴിഞ്ഞിട്ടും കോരിച്ചൊരിയുന്ന മഴ നിലയ്ക്കാഞ്ഞതിനാല്‍ കാണികള്‍ 10-15 പേരായി ചുരുങ്ങി. നടപ്പുരയില്‍ വെച്ച് ഒടുവില്‍ നടത്താന്‍ നിര്‍ബന്ധിതമായ ആ കഥകളിയ്ക്ക് പാടാന്‍ വന്ന ഉണ്ണിക്കൃഷ്ണക്കുറുപ്പിന് അതൊന്നും വിഷയമായിരുന്നില്ല. പൊന്നായിയായി തുടക്കം മുതല്‍ ഒടുക്കം വരെ അദ്ദേഹം അസാമാന്യമായ ഊര്‍ജം പ്രകടിപ്പിച്ചു കൊണ്ട് നിലകൊണ്ടപ്പോള്‍ ശിങ്കിടികള്‍ മാറിക്കൊണ്ടേയിരിക്കയായിരുന്നു. അദ്ദേഹം ചടങ്ങിന് പാടിത്തീര്‍ക്കുകയായിരുന്നില്ലെന്നാണ് സദസ്യരായിരുന്നവരുടെ അനുഭവം.


ലാളിത്യം അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. വേദികളില്‍ നിന്ന് വേദികളിലേയക്ക് നിശ്ശബ്ദനായി അദ്ദേഹം കടന്നു ചെന്നിരുന്നു. ഒരിയ്ക്കല്‍ ചാലക്കുടിയിലെ ഒരു വിദ്യാലയത്തില്‍ ഇരുട്ടത്ത് ഒരു ഡസ്‌കിന്റെ പുറത്തു കയറിയിരുന്നു മുറുക്കിക്കൊണ്ട് അവിടെയുള്ള സ്റ്റേജിലേയ്ക്ക് തന്നെ വിളിയ്ക്കുന്നതിനായി കാത്തിരിക്കുന്ന ഉണ്ണിക്കൃഷ്ണക്കുറുപ്പിനെ ലേഖകന്‍ ഓര്‍ക്കുന്നുണ്ട്.  തൃപ്പൂണിത്തുറയിലെ ഒരു വേദിയില്‍ ബാഗും മുണ്ടുമെടുത്ത് പോകാനിറങ്ങിയ ഉണ്ണിക്കൃഷ്ണക്കുറുപ്പ് പാടാനുദ്ദേശിച്ചിരുന്ന മറ്റൊരു പാട്ടുകാരന്‍ മുങ്ങിയെന്നും സഹായിക്കണമെന്നും ഉള്ള സംഘാടകരുടെ അഭ്യര്‍ത്ഥന പ്രകാരം വീണ്ടും അരങ്ങത്ത് വന്നു പാടുകയുണ്ടായിട്ടുണ്ട്.  
 ഇതിനര്‍ത്ഥം ഉണ്ണിക്കൃഷ്ണക്കുറുപ്പ് സകലതും തികഞ്ഞ കലാകാരനായിരുന്നു എന്നല്ല. ദൗര്‍ബ്ബല്യങ്ങള്‍ അദ്ദേഹത്തിനുമുണ്ടായിരുന്നു. എല്ലാ വേദികളിലും അദ്ദേഹം മനസ്സറിഞ്ഞു പാടാറില്ല. അറുവഷളായി പാടിയ സന്ദര്‍ഭങ്ങളും അദ്ദേഹത്തിന്റെ കാര്യത്തില്‍ നിരവധി ഉണ്ടായിട്ടുണ്ട്. മദ്യലഹരി പൂണ്ട അദ്ദേഹത്തെ സ്റ്റേജില്‍ നിന്ന് പിടിച്ചിറക്കിക്കൊണ്ടു പോയിട്ടുണ്ട്. ജോണ്‍എബ്രഹാമിനും അയ്യപ്പനും സമാനമായ സ്വഭാവ വൈചിത്ര്യങ്ങള്‍ അദ്ദേഹവും പ്രകടിപ്പിച്ചിരുന്നു. കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരിയുടേതു പോലെയോ വെണ്മണി ഹരിദാസിനെ പോലെയോ പാട്ടിന് ചുരുങ്ങിയ ഗുണമേന്മ പോലും ഉറപ്പാക്കാന്‍ ഉണ്ണിക്കൃഷ്ണ്ക്കുറുപ്പിന്റെ കാര്യത്തില്‍ സാധിക്കില്ലായിരുന്നു. എന്നാലും ആരാധകര്‍ ആവേശത്തോടെ കയ്യടിച്ചു കൊണ്ട്, വിസ്മയങ്ങള്‍ക്കായി കാതോര്‍ത്തു കൊണ്ട്, പാടിയ പാട്ടുകള്‍ മധുരം പാടാനിരിക്കുന്നത് അതിമധുരം എന്ന മന്ത്രമുരുവിട്ടു
കൊണ്ട്  അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്നു കൊണ്ടേയിരുന്നു.  

അംഗീകാരങ്ങളും അവഗണനകളും

കേരളത്തില്‍ നിന്ന് ശാസ്ത്രീയ സംഗീത രംഗത്ത് ദേശീയ തലത്തില്‍ പ്രശസ്തി നേടിയ സംഗീതജ്ഞരുടെ എണ്ണം ചെമ്പൈ, എം.ഡി.രാമനാഥന്‍, പാലക്കാട് മണിഅയ്യര്‍, എം.എസ്.ഗോപാലകൃഷ്ണന്‍  തുടങ്ങിയ കുറച്ചു പേരില്‍ ഒതുങ്ങിപ്പോവുകയാണ്. അതേ സമയം, കേരളം ലോകത്തിന് മുന്നില്‍ സംഭാവന ചെയ്ത മഹത്തായ കലാരൂപമാണ് കഥകളിയും അതിന്റെ പ്രയുക്തസംഗീതമെന്ന നിലയ്ക്കുള്ള കഥകളി സംഗീതവും. അത്തരത്തില്‍ കേരളത്തിന്റെ ഏറ്റവും വിശിഷ്ട സംഭാവനയായ കഥകളിസംഗീതത്തിലെ ഏറ്റവും പ്രഗത്ഭനായിരുന്ന ഉണ്ണിക്കൃഷ്ണക്കുറുപ്പിന് ഔപചാരികമായ അംഗീകാരം നല്‍കുന്നതിലും അത് നേടിക്കൊടുക്കുന്നതിലും അങ്ങേയറ്റത്തെ അനാസ്ഥയാണ് കേരളീയര്‍ കാണിച്ചത്.  


1984ല്‍ കേരളകലാമണ്ഡലം അവാര്‍ഡ്, 1987ല്‍ കെ.എന്‍.പിഷാരടി അവാര്‍ഡ് എന്നീ അവാര്‍ഡുകളാണ് അദ്ദേഹത്തിന് ആകെ ലഭിച്ചത്. വെള്ളിനേഴി പൗരാവലി അദ്ദേഹത്തെ ആദരിച്ച് മണിഹാരം നല്‍കിയതാണ് മറ്റൊരംഗീകാരം. ഇതിനപ്പുറത്തേയ്ക്ക് കാര്യമായൊന്നും എത്താതിരുന്നതിന് കുറ്റക്കാര്‍ ആസ്വാദകര്‍ തന്നെയാണ്. അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പോലും ശ്രദ്ധിക്കാതെ തങ്ങള്‍ക്കാവുന്നത്ര സംഗീതം ലഭിയ്ക്കാന്‍ മദ്യം വാരിക്കോരി വിളമ്പിയിരുന്ന ആരാധകര്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ കൃത്യമായി റെക്കോര്‍ഡ് ചെയ്തു വെയ്ക്കാനോ വിതരണം ചെയ്യാനോ വേണ്ടത്ര ശ്രമിച്ചില്ല. ജോണിനെയും അയ്യപ്പനെയും പോലെ തന്നെ കുരുതി കൊടുക്കപ്പെട്ട ജന്മമായിരുന്നു ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെയും.  

ഉപസംഹാരം

കഥകളി സംഗീതവേദിയില്‍ അകാലത്തില്‍ പടുതിരി കത്തിയമര്‍ന്ന ഭദ്രദീപമായിരുന്നു കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് എന്നാണ് കലാമണ്ഡലം രാമന്‍ കുട്ടിനായര്‍ തന്റെ ആത്മകഥയില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ആനയ്ക്ക് ആനയുടെ വലിപ്പമറിയില്ലെന്ന് ഇദ്ദേഹത്തെ കുറിച്ച് ശങ്കരന്‍ എമ്പ്രാന്തിരിയും കുറുപ്പ് പാടാനുണ്ടെങ്കില്‍ ഒഴുകുന്ന വെള്ളത്തിലെ ആലില പോലെ അഭിനയം അനായാസമാകുന്നുവെന്ന് കോട്ടയ്ക്കല്‍ ശിവരാമനും  അഭിപ്രായപ്പെട്ടിട്ടുണ്ട്.  വിശ്രുത കഥകളി ചെണ്ട വാദകന്‍ കൃഷ്ണന്‍ കുട്ടിപ്പൊതുവാള്‍ പറഞ്ഞത് കുറുപ്പ് ഉയര്‍ന്നുയര്‍ന്നു പാടി. പാടിപ്പാടി ഉയര്‍ന്നു. ആ ഉയര്‍ന്ന നിലയില്‍ തന്നെ ഉയിര്‍ വെടിഞ്ഞു എന്നായിരുന്നു. ഷഷ്ടിപൂര്‍ത്തി ആഘോഷിക്കുന്ന അരുമശിഷ്യന്‍ പാലനാട് ദിവാകരന്‍ പറഞ്ഞതാകട്ടെ തനിയ്ക്ക് അദ്ദേഹത്തോളം എത്താന്‍ ഒരിക്കലും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്നാല്‍ മാത്രം മതിയെന്നുമായിരുന്നു.  
ഈ മഹാഗായകന്‍ വിടവാങ്ങിയിട്ട് കാല്‍ നൂറ്റാണ്ട് തികഞ്ഞ കഴിഞ്ഞ വര്‍ഷം അദ്ദേഹത്തെ അനുസ്മരിച്ച് നിരവധി പരിപാടികള്‍ നടക്കുകയുണ്ടായി. ശ്രീ.സി.എം.നാരായണന്‍ ഉണ്ണിക്കൃഷ്ണക്കുറുപ്പിനെ കുറിച്ച് ഗ്രന്ഥമെഴുതിയതു മാത്രമാണ് ലിഖിത ചരിത്രമായി നമ്മുടെ മുന്നിലുള്ളത്.  


1987 ഒക്‌ടോബര്‍ 9ന് ഗുരുവായൂര്‍ കുലചേതനയുടെ അരങ്ങില്‍ ഒരു നാളും നിരൂപിതമല്ലേ എന്ന് പാടിയവസാനിപ്പിച്ച് അദ്ദേഹം എന്നത്തേയ്ക്കുമായി താഴത്ത് വെച്ച ചേങ്ങില നമ്മളോട് ആവശ്യപ്പെടുന്നത് ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ സംഗീതവഴികളെ കുറിച്ചുള്ള കൂടുതല്‍ ആഴത്തിലും പരപ്പിലുമുള്ള അന്വേഷണങ്ങളും സംഗീതസംഭാവനകളെ കുറിച്ചുുള്ള ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ പഠനങ്ങളുമാണ്.

 


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder