|

ഉള്ളിൽ നിന്നും സംഗീതം വരും

ഡി. വിനയചന്ദ്രൻ

August 20, 2017 

വെണ്മണി ഹരിദാസ് സ്മരണ – 8
(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്)

ഞാൻ നിരന്തരം കളികാണുന്ന ഒരു കാലമുണ്ടായിരുന്നു, അന്നു മുതൽക്കേ ഹരിദാസനുമായി വളരെ സൌഹൃദത്തിലാണ്. ഇവിടെ മാർഗീല് അദ്ദേഹം അധ്യാപകനായിരിക്കുമ്പം, യൂണിവേഴ്സിറ്റി കോളേജിൽ ഞാൻ പഠിപ്പിക്കുമ്പം, പിന്നെ കോട്ടയത്ത് വരുമ്പം കളിയരങ്ങിന്റെ വേദികളിലൊക്കെ… കോട്ടയത്ത് പുള്ളി നേരത്തേ വരികയാണെങ്കിൽ കാണും, കളികഴിഞ്ഞ് കാണും… അനൌപചാരികമായ സംഗമങ്ങൾ, സംസാരവും സംഗീതവുമൊക്കെയായിട്ട്. അത് വലിയൊരു സൌഹൃദമാണ്.

ഹരിദാസ് ഒരു പക്ഷെ അതിപ്രശസ്തനാകുന്നതിനു മുൻപ്, എനിക്ക് ആലാപനം ഹൃദ്യമായി തോന്നിയതുകൊണ്ട് ലെനിൻ രാജേന്ദ്രൻ ‘സ്വാതിതിരുനാൾ‘ എടുക്കുമ്പോൾ ഹരിദാസനെക്കൊണ്ട് പാടിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. എം.ബി. ശ്രീനിവാസന്റെയടുത്തുവന്ന് ഒന്ന് പാടിക്കേൾപ്പിക്കണം. അദ്ദേഹം ജോൺ എബ്രഹാമിന്റെ സുഹൃത്താണ്. വല്യ തലക്കനമുള്ളയാളല്ല. അപ്പോ ഹരിദാസന് ലജ്ജ, ശ്രീനിവാസന്റെ മുമ്പിൽ പാടാൻ. അതുകൊണ്ട് കാസറ്റിൽ പാടി റെക്കോഡ് ചെയ്ത് എന്റെ കയ്യിൽ തന്നു. അതുകേട്ടിട്ട് ‘അയ്യോ ഞങ്ങളുടെ തേവാരപ്പാട്ട് പോലെയുണ്ടല്ലോ! വളരെ വിശുദ്ധമായ സംഗീതം’ എന്ന് ശ്രീനിവാസൻ പറഞ്ഞു. പക്ഷെ അന്നു പാടിക്കാൻ പറ്റിയില്ല. ലെനിൻ രാജേന്ദ്രൻ പറഞ്ഞു: ‘ഹരിദാസിന്റെ പാട്ടിനേ പറ്റി എനിക്ക് എതിരഭിപ്രായമില്ല. പക്ഷെ എന്റെ സിനിമ വിൽക്കണമെങ്കിൽ യേശുദാസ് പാടണം’. പിന്നീട് ഹരിദാസനെ വെച്ച് ഷാജി കരുൺ സിനിമയൊക്കെ എടുത്തല്ലോ.

ജന്മനാ കലാകാരനാണ്. സംഗീതമപി സാഹിത്യം, അവരുടെ കുടുംബത്തില് സാഹിത്യത്തിന്റെയും ഹരികഥാകാലക്ഷേപത്തിന്റെയും വലിയൊരു പാരമ്പര്യം, അതിന്റെ രണ്ടിന്റെയും ഒരു സമന്വയം, അഭിനയസംഗീതമാണെങ്കിലും അതിന്റെ പരിമിതിയെ അതിനു നാശമുണ്ടാകാത്തരീതിയിൽ അതിജീവിക്കുന്ന ഒരു ഹൃദ്യമായ ആലാപനമാണ്. ഭാവപ്രധാനമായിട്ട്.. ഉള്ളിൽ നിന്നും സംഗീതം വരും. ഇപ്പൊ എല്ലാവർക്കും പാടുമ്പോ ഉള്ളിൽനിന്നൊരു സംഗീതം വരണമെന്നില്ല. മാത്രവുമല്ല വടക്കേ ഇന്ത്യയിലൊക്കെ പോയി ഹിന്ദുസ്ഥാനി സംഗീതവും പഠിച്ചിട്ടുണ്ട്. അതിന്റെയൊരു സംസ്കാരവുമുണ്ടായിരുന്നു.

വെള്ളാരപ്പള്ളിയിൽ ഒരിക്കൽ ഹരിദാസ് അനുസ്മരണ പ്രഭാഷണത്തിന് ഞാനായിരുന്നു. അന്ന് അദ്ദേഹത്തിന്റെ കുടുംബത്തിലെ ആരോ പറഞ്ഞു, ഏതോ യാത്ര കഴിഞ്ഞ് അവിടെയെത്തി ഒരു തയാറെടുപ്പുമില്ലാതെ ഗീതഗോവിന്ദം മുഴുവനും, എല്ലാ ഖണ്ഡങ്ങളും, അവിടിരുന്ന് അസാമാന്യമായി പാടിയത്രെ. വടക്കേ ഇന്ത്യയിലെ പ്രശസ്തരായ നർത്തകർക്കു വേണ്ടി പിന്നണി പാടിയിട്ടുണ്ട്. ആ ഒരു സംസ്കാരവും കൂടി തീർച്ചയായും ആലാപനത്തിൽ വന്നിട്ടുണ്ട്. സംഗീത സംവിധാനത്തിനും മിടുക്കനായിരുന്നു. നൃത്തത്തിനുവേണ്ടി ഹരിദാസൻ പല പാട്ടുകളും സംവിധാനം ചെയ്തിട്ടുണ്ട്. ആ ഒരു മേഖല വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല.

എമ്പ്രാന്തിരിയുടെ ശങ്കിടിയായിട്ട് പാടുമ്പം ഹരിദാസൻ പാടാൻ സമ്മതിക്കാത്ത ഒരവസ്ഥയുണ്ടായിരുന്നു. അത് ഹരിദാസന് വളരെയധികം നൊമ്പരമുണ്ടാക്കിയ കാര്യമാണ്. പിന്നെ അതിൽനിന്ന് സ്വാതന്ത്ര്യം പ്രാപിക്കാൻ കുറേക്കാലമെടുത്തു. ഹരിദാസ് തന്നെ പൊന്നാനിയായിട്ട് പാടി വരുമ്പഴാണ് പിന്നെ… ഏത് പദമാണെങ്കിലും ശ്ലോകമാണെങ്കിലും അസാമാന്യമായ ഭാവപ്പൊലിമയോടുകൂടി ശ്രുതിഭദ്രമായിട്ട്, സംഗീതത്തിന്റെ ഭാഷയിൽ ആലപിക്കുന്നത് അസാധാരണമായ ഒരനുഭവമായിരുന്നു. അനുഭൂതിപ്രധാനമായ സംഗീതത്തിന്റെ ഒരനുഭവമായിരുന്നു, ഭാവസംക്രമണമായിരുന്നു.

അതൊക്കെ ഒരസാധാരണ ജന്മമാണ്. ജീവിതത്തിന്റെ ചിലതരം വേഗങ്ങൾ കൊണ്ട്, ഒരു തരം വേഗം കൊണ്ടാണ് വേഗം മരിച്ചുപോയത്… ചില ഓർമകൾ പറയുമ്പോൾ, കൃഷ്ണന്റെ അമ്പാടിക്കും മഥുരയ്ക്കുമിടയിലെ വൃന്ദാവനത്തിന്റെ സ്വപ്നതുല്യമായ ഒരവസ്ഥ, അങ്ങനെ കഥകളിസംഗീതത്തിലെന്തോ ഹരിദാസന് ഉണ്ട്.  കേവലം ആട്ടപ്പാട്ട് പാടി നടക്കുക മാത്രമല്ല, സാഹിത്യം നന്നായിട്ട് വായിക്കുമായിരുന്നു. കാവ്യവായനയുടെ, സാഹിത്യവായനയുടെ, ആട്ടക്കഥകൾ തന്നെ മനസ്സിരുത്തി വായിച്ചതിന്റെയൊക്കെ ഒരു സംസ്കാരമുണ്ടായിരുന്നു. അതൊക്കെ കൊണ്ടാണ് ഒരു കല്ലുകടിയില്ലാതെ, അല്ലെങ്കിൽ കേൾക്കുന്നവർക്ക് വാക്ക് മുറുഞ്ഞുപോയി എന്നു തോന്നാത്ത രീതിയിൽ, നമ്മൾ പണ്ടുകാലത്ത് പറയുന്നതുപോലെ ആപാദമധുരമായിട്ട്, ഭാവപ്രധാനമായിട്ട്, സാഹിത്യത്തിന്റെ, പ്രബന്ധത്തിന്റെ അർത്ഥ തലത്തിന് ഒരിക്കലും വീഴ്ചയില്ലാതെ…

ഹൈദരലിയും ഹരിദാസും, അവരു തമ്മിൽ ഒരടുപ്പം ഉണ്ടായിരുന്നു. ഹരിദാസൻ മരിച്ചതറിഞ്ഞു വന്നപ്പോൾ ഞങ്ങളൊരുമിച്ചാണ് വീട്ടിലേക്കു പോയത്.

ഹരിദാസനായിട്ട് ഞാനൊരു കവിത സമർപ്പിച്ചിട്ടുണ്ട്. ഹരിദാസിന്റെ കുടുംബം ചോദിക്കുമായിരുന്നു ഇങ്ങനെ സമർപ്പിക്കുവാനുള്ള കാര്യം എന്താണെന്ന്. വലിയൊരു ഗായകനെ ഇങ്ങനെ മനസ്സിൽ കാണുമ്പം… നാട്ടുകാര് കേൾക്കുന്നതിനപ്പുറമുള്ള സ്വകാര്യമായിട്ടുള്ള പാട്ട് പാടണം. ആ അഭിമുഖത്തിനു വന്ന സ്ത്രീ പാടാൻ പറഞ്ഞ പാട്ടുകളല്ല പ്രധാനമായിട്ട് പാടുന്നത്. അവര് പൊയിക്കഴിഞ്ഞ് ഒറ്റയ്ക്കിരുന്ന് ഇഷ്ടമുള്ള പാട്ട് പാടുന്നു.

Similar Posts

  • |

    അവസാനത്തെ ആശുപത്രിയുടെ സവിശേഷതകൾ

    ശ്രീചിത്രൻ എം ജെ June 20, 2014 സമൂഹത്തിന്റെഅവസാന ആശുപത്രിയാണ് കല. രോഗാതുരവും കലാപകലുഷിതവുമായ സമൂഹങ്ങൾ മിക്കപ്പോഴുംവിസ്മയകരമാം വിധം മനോഹരമായ കലാവിഷ്കരണങ്ങൾ നടത്തുന്നത് അതുകൊണ്ടാണ്.ഇറാനിൽ നിന്നു മികച്ച സിനിമകൾ, ലാറ്റിനമേരിക്കയിൽ നിന്ന് മികച്ച സാഹിത്യം, ആഫ്രിക്കയിൽ നിന്നും അമേരിക്കയിൽ നിന്നും കറുത്തവരുടെ ഉയിർപ്പുസംഗീതം –ഇവയൊന്നും യാദൃശ്ചികതകളല്ല. കല സാന്ത്വനം മുതൽ പ്രതിരോധം വരെഏറ്റെടുക്കുന്ന ഔഷധങ്ങൾ കൊണ്ടു സമ്പന്നമായ ആശുപത്രിയാണ്. സമൂർത്തമായചരിത്രസാഹചര്യം എന്താണോ ആവശ്യപ്പെടുന്നത്, അത് കല നൽകുന്നു. സമൂഹത്തിന്റെഘടനാപരമായ സവിശേഷതകൾ ഏറ്റവും സൂക്ഷ്മമായി കലയിൽ പ്രതിഫലിക്കുന്നു. പാരമ്പര്യകലകളെനാം…

  • ദുരന്തജനനം – വെണ്മണിച്ചേങ്ങിലയിൽ കേട്ടത്‌ 

    ശ്രീചിത്രൻ എം. ജെ. September 18, 2012 ഏഴുവർഷം! വിശ്വസിയ്ക്കാനാവുന്നില്ല. എത്ര വേഗമാണ്‌ കാലം കടന്നു പോകുന്നത്‌! വെണ്മണി ഹരിദാസ്‌ ഇല്ലാതെ ഏഴു വർഷം പൂർത്തിയാകുന്നു. അപ്രതീക്ഷിതങ്ങളുടെ തുടർക്കണികൾ സമ്മാനിച്ചുകൊണ്ട്‌, ഇത്രമേൽ വിസ്മയിപ്പിയ്ക്കുകയും മനസ്സുപിടിച്ചുവാങ്ങുകയും ചെയ്ത മറ്റൊരു കഥകളി സംഗീതജ്ഞൻ എന്റെ അനുഭവത്തിൽ ഇല്ല. പ്രവചനാതീതമായിരുന്നു എന്നും വെണ്മണിസംഗീതം. നന്നാവുക എന്നാൽ ആർക്കുമൊപ്പമെത്താനാവാത്ത വിധം ഉയരത്തിൽ പറക്കുക എന്നാണ്‌. ചീത്തയാവുക എന്നാൽ ഓരോ നിമിഷവും ഈ കളിയ്ക്കു വന്നതിൽ നമ്മേക്കൊണ്ട്‌ സ്വയം ശപിയ്ക്കാൻ പ്രേരിപ്പിയ്ക്കുക എന്നും. അനിശ്ചിതങ്ങളുടെ…

  • ഏഷണി(ഏഷണ)ക്ക് നടപ്പവൻ

    ഹേമാമോദസമാ – ഭാഗം 4 ഡോ. ഏവൂർ മോഹൻദാസ് August 3, 2012 ‘നളചരിതത്തിലെ പ്രേമത്താമര’ (ഹേമാമോദസമാ ഭാഗം ഒന്ന്, ഭാഗം രണ്ട്) തേടി പോയ വഴിയിൽ, ഈ കഥാതല്ലജത്തിന്റെ വിവിധ വിഷയങ്ങളെക്കുറിച്ച്‌ പ്രശസ്തരായ പല സാഹിത്യ പണ്ഡിതന്മാരും എഴുതിയിട്ടുള്ള ലേഖനങ്ങൾ വായിക്കാൻ ഇടയായി. ഇങ്ങനെ ശ്രദ്ധയിൽ പെട്ട ചില ലേഖനങ്ങളിൽ നളചരിത സാഹിത്യത്തിൽ കവി ഉദ്ദേശിച്ചിട്ടുള്ളതിൽ നിന്നും വ്യത്യസ്തമെന്നു തോന്നാവുന്ന ചില പരാമർശങ്ങൾ ഉണ്ടെന്നു തോന്നി. നാരദന്റെ ഏഷണ- ഏഷണി സ്വഭാവത്തെക്കുറിച്ചുള്ള വിഷയത്തെ ഗൗരവപൂർവ്വം ഒന്നപഗ്രഥിക്കേണ്ടതുണ്ടെന്ന്‌ തോന്നുന്നു. ‘നളനെയാർ…

  • തുടക്കക്കാർക്കായി കഥകളിയെ പറ്റി ചില ചോദ്യങ്ങളും ഉത്തരങ്ങളും

    സുനിൽ April 9, 2012  എന്താണ് കഥകളി? തികച്ചും വ്യക്തിപരമായ ചോദ്യം. കുറഞ്ഞത് പത്ത് കളിയെങ്കിലും കണ്ടതിനുശേഷം സ്വയം ഉത്തരം കണ്ടെത്താന്‍ ശ്രമിക്കൂ. ശാസ്ത്രീയ/പാരമ്പര്യ നൃത്ത നാടക കലാ രൂപങ്ങളിലേക്ക് കേരളത്തിന്റെ സംഭാവനയാണ് കഥകളി. സാഹിത്യം, സംഗീതം, മേളം, ചിത്രകല, അഭിനയം, നൃത്തം എന്നീ കലാരൂപങ്ങള്‍ കഥകളിയില്‍ സമ്മേളിക്കുന്നതിനാല്‍ ഇത് ഫ്യൂഷന്‍ കലാരൂപത്തില്‍ പെടുന്നു. മെയ് വഴക്കത്തിനും അഭിനയത്തിനും ഒരു പോലെ പ്രാധാന്യം കഥകളിയില്‍ ഉണ്ട്. വിവിധ തലങ്ങളില്‍/നിലവാരങ്ങളില്‍ ആസ്വദിക്കാവുന്ന ബഹുമുഖമാര്‍ന്നയ ഒരു കലാരൂപമാണിത്. കഥകളി ഒരേ…

  • ഒരു വള്ളി, രണ്ടു പൂക്കൾ

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 4 ശ്രീവത്സൻ തീയ്യാടി July 25, 2012  കമന്ററി പറയാൻ പുറപ്പെട്ട കെ.പി.സി നാരായണൻ ഭട്ടതിരിപ്പാടിന് കണ്ഠം ഇടറി. മൈക്ക് കൈയിലേന്തിയ മുതിർന്ന പണ്ഡിതന് വാചകങ്ങൾ പലയിടത്തും മുഴുമിക്കാനായില്ല. അതല്ലെങ്കിൽക്കൂടി അന്നത്തെ ആട്ടം കണ്ട് പലരുടെയും കണ്ണുകൾ ഈറനണിഞ്ഞു തുടങ്ങിയിരുന്നു. കഥകളി കാണെ അതിലെ കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളുമായി ഈവിധം താദാത്മ്യം പ്രാപിക്കുകയോ? എന്ത്? ‘ഉത്ഭവ’ത്തിലെ രാവണൻ സ്വന്തം തലകൾ ഒന്നൊന്നായി അറുക്കുമ്പോൾ മേളത്തിന്റെ തിമർപ്പിൽ നാമും അറിയാതെ (മനമുറഞ്ഞ്‌) തുള്ളിയെന്നു വരാം….

  • അരങ്ങേറ്റം

    നന്ദകുമാർ ചെറമംഗലത്ത് June 4, 2011 കഥകളി അതിസങ്കീര്‍ണവും കഠിനവുമെന്ന വാദം നിരത്തി ദുരെ മാറി നില്‍ക്കുന്നവര്‍ക്ക്‌ അരങ്ങത്തേയ്ക്ക്‌ ഒന്നെത്തിനോക്കാനെങ്കിലും പ്രചോദനമാവട്ടെ എന്ന സദുദേശത്തിന്റെ പരിണാമ ഫലമാണ്‌ ഈ അരങ്ങേറ്റം. അതിപ്രഗല്‍ഭരായ പലരും തങ്ങളുടെ രചനകളിലൂടെ ഉല്‍ഘോഷിച്ചത്‌ വായിക്കാന്‍ തെല്ലും സമയം ലഭിക്കാത്ത ഏതെങ്കിലും ഒരു ‘കളിഅരസികന്‍’ ഇതുവായിച്ച്‌ കളികാണാന്‍ താല്‍പര്യപ്പെടുമെന്ന ആത്യാഗ്രഹവും ഇല്ലാതില്ല. ‘കഥ’യും ‘കളി’യും ഇഴപിരിയാതെ കിടക്കുന്ന കഥകളിയിലെ കഥകള്‍ ഏതൊരു മലയാളിക്കും സുപരിതങ്ങളാവേണ്ടതാണ്‌. ഇനി ‘കാല വിഷമം കൊണ്ട’ു‍ അത്‌ സാധിക്കാത്തവര്‍ കഥയറിഞ്ഞ്‌…

മറുപടി രേഖപ്പെടുത്തുക