കഥാപാത്രത്തിന്റെ അവസ്ഥാനുസരണം

കലാമണ്ഡലം വാസു പിഷാരോടി

June 27, 2017

വെണ്മണി ഹരിദാസ് സ്മരണ – 3
(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്)

വളരെയധികം കഥകളിയുടെ ഉള്ളിലേക്കിറങ്ങിച്ചെന്നിട്ടുള്ള ഒരു ഗായകനാ‍ണ് ഹരിദാസൻ. അതിന്റെ എല്ലാ അംശങ്ങളിലും. പിന്നെ അഭിനയത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധയും താല്പര്യവുമുള്ളയാളാണ്. ഓരോ കഥാപാത്രത്തിനേയും നല്ലോണം ഉൾക്കൊണ്ടിട്ടുണ്ട് ഹരിദാസൻ. നല്ല സാഹിത്യവാസനയുണ്ട്, പുറമേ സംഗീതവും. ഭാവത്തിന്റെ പരമാവധി, അത് വേണ്ടതരത്തിൽ ഉപയോഗിക്കാൻ ഹരിദാസന് മറ്റു പലരേക്കാളും മിടുക്കുണ്ട് എന്നെനിക്ക് തോന്നിയിട്ടുണ്ട്. പലരും ഭാവംന്ന് പറഞ്ഞ് വളരെയങ്ങ് പോവും. ശോക ഭാവം തന്നെയെടുത്താൽ, ഇപ്പം പലരും പാടുമ്പോൾ കാലമൊക്കെ കിഴിഞ്ഞ് ആകെയൊരു ശോകഗാനത്തിന്റെ ഛായ വരും. എല്ലാ ശോകങ്ങളും ഒരുപോലെയല്ല. രുഗ്മാംഗദന്റെ ദുഃഖവും ബ്രാഹ്മണന്റെ ദുഃഖവും ഹംസത്തിന്റെ ദുഃഖവും, ഇതിനൊക്കെ തമ്മിൽ ചെറിയ ചെറിയ തരതമഭേദങ്ങളുണ്ട്. അതൊക്കെ ഉൾക്കൊണ്ട്, ആ കഥാപാത്രത്തിന്റെ അവസ്ഥ മനസ്സിലാക്കി, എല്ലാം ഒരുപോലെയല്ലാണ്ട് ഓരോന്നിനുമുള്ള അതിന്റേതായ വ്യത്യാസം ഹരിദാസിന്റെ പാട്ടിൽ പ്രത്യേകം തോന്നാറുണ്ട്.

പിന്നെ പൊതുവിൽ നമുക്ക് എന്തെന്നില്ലാത്ത ഒരുത്സാഹം ഉണ്ടാക്കിത്തീർക്കും. ഹരിദാസനതിത്തിരി അധികമുണ്ടെന്നു തോന്നാറുണ്ട്. ഉള്ളിൽ തട്ടല്, എല്ലാത്തിനും മീതെ ഉള്ളിൽ തട്ടലാണ്. പിന്നെ എല്ലാത്തിന്റേയും മർമമറിയല്. നളചരിതം മൂന്നാം ദിവസത്തിലെ ദമയന്തിയുടെ പദം… അതില് വേണ്ടതേ വിടാറുള്ളൂ. ‘നമുക്കൊന്നുണ്ടു കാര്യം നൈഷധ ദർശനം പാരം’ എന്നൊരു വരിയുണ്ട്, അത് വളരെ പ്രധാനപ്പെട്ടതാണ്. സ്വതേ വിട്ടുപോവുകാ പതിവ്, ഹരിദാസൻ അതെടുത്തു ചൊല്ലും. അങ്ങനെയൊക്കെ മർമമറിഞ്ഞ് ചെയ്യുന്നതിന് ഹരിദാസന് അതിവാസനയായിരുന്നു. ഹരിദാസൻ കുഞ്ചുനായരാശാന്റെ കളരിയിൽ ഒരുപാട്, ഞങ്ങളൊക്കെ ചൊല്ലിയാടുമ്പോ, ഗംഗാധരേട്ടന്റെയൊപ്പം ശങ്കിടിപാടീട്ടുണ്ട്. ആശാൻ ഓരോന്ന് കളരിയിൽ പറയുന്നതുമൊക്കെ ഹരിദാസൻ വളരെയധികം ഉൾക്കൊണ്ടിട്ടുണ്ട്. അതുംകൂടിയുണ്ട് ഞങ്ങളൊക്കെ തമ്മിലുള്ള ആ ഒരു യോജിപ്പില്. നാല്പത്തെണ്ണീശ്വരത്ത് ശിവരാമന്റെ ദമയന്തിയും എന്റെ നളനുമൊക്കെയായിട്ട് ഒരു കളിയുണ്ടായി. അതു കഴിഞ്ഞപ്പോ, ആശാന്റെ സ്ക്കൂളിന്റെയൊരു കോമ്പിനേഷൻ വളരെയുണ്ടെന്ന് അന്നത്തെ ആളുകളൊക്കെ പ്രത്യേകം പറയുകയുണ്ടായി. ഈ കളരിയുമായുള്ള ഒരു ബന്ധവും ഒക്കെയാണത്. അത് ഹരിദാസൻ വളരെയധികം ഉൾക്കൊണ്ടിട്ടുണ്ട്. ഞങ്ങളൊക്കെ തമ്മിലുള്ള ഒരു മാനസികപ്പൊരുത്തം അതാണ്. ഒപ്പം പഠിച്ചതുമാണ്. കുട്ടികളാണ് വേഷക്കാരെങ്കിലും അതു കേമാക്കാനുള്ള ഒരു വാസനയുണ്ട്. ഗ്രഹപ്പിഴക്ക് മഹാന്മാരാച്ചാലും ചിലപ്പം ഹരിദാസന്റെ ഭാഗത്തുനിന്നു വീഴ്ച വരാറുണ്ട്, എത്ര ചെറിയ കഥയാണെങ്കിലും. അതെന്തു കാരണം കൊണ്ടാണെന്നു നിശ്ചയമില്ല. മനഃപൂർവം ചെയ്യുന്നതല്ല. ജീനിയസ്സായിട്ടുള്ള ചിലർക്ക് അങ്ങനെയുണ്ടല്ലോ.     ഒരിക്കൽ തൃപ്പൂണിത്തുറെ, അതു ശിവരാമന്റെയാ വച്ചിരുന്നത് പക്ഷെ മൂപ്പര് വരാഞ്ഞിട്ട്, ഹരിദാസന്റെ നിർബന്ധത്തിന് എന്നേക്കൊണ്ട് കിർമ്മീരവധത്തിലെ ‘ലളിത’ കെട്ടിച്ചു. അന്നത്തെ ഹരിദാസിന്റെ ആ ‘നവരസ‘വും ആ ലളിതയുടെ പദവും എന്തെന്നില്ലാത്ത ഒരനുഭവം ഉണ്ടാക്കീന്നുള്ളത്…ച്ചാൽ…ലളിത നേരെയായത് ഹരിദാസിന്റെ പാട്ടുകൊണ്ടാണ്. ഞാൻ സ്ത്രീ വേഷമൊന്നും അങ്ങനെ കെട്ടാറില്ല. ശിവരാമൻ വരില്ലാന്നു പറഞ്ഞപ്പോ ഹരിദാസനാണതു പറഞ്ഞുണ്ടാക്കിയത്. എന്നാ ഹരിദാസൻ തന്നെ പാടുകാണെങ്കിൽ നോക്കാമെന്നു പറഞ്ഞു. ഞാൻ വിചാരിച്ചതിനേക്കാൾ അതു നന്നായി. അതാ പാട്ടിന്റെ ശക്തി തന്നെയാണ്. ‘നവരസം’ അങ്ങനെ മറക്കാനാവാത്തത് നമ്പീശാശാനും ഉണ്ണിക്കൃഷ്ണക്കുറുപ്പും ഒക്കെ പാടുമ്പളാ. ആ ശ്രുതിയും ശബ്ദവും കൂടീട്ടുള്ളൊരു ഇഴക്കമുണ്ടല്ലോ, ചേർച്ച, അത് അത്യത്ഭുതമാണ്. ഹരിദാസൻ കഥകളിസംഗീതവും കർണാടകസംഗീതവുമൊക്കെ പഠിച്ച്, പിന്നെ ഗുജറാത്തിലുമൊക്കെ പോയിട്ട് പല സംഗീതങ്ങളും സ്വയം മനസ്സിലാക്കീട്ടുണ്ട്. അതുകഴിഞ്ഞു എമ്പ്രാന്തിരീടൊപ്പം നടന്നുവെങ്കിലും ഇതൊന്നുമല്ലാത്ത ഒരു പ്രത്യേകശൈലി ഹരിദാസനുണ്ടായിരുന്നു. അഭിനയത്തിനു വേണ്ടത്രയുള്ള പാകത്തിനു പാടാനും അതല്ലാ‍തെ പാടാനും രണ്ട് ശൈലിയുണ്ട് ഹരിദാസന്. അരങ്ങത്തു പാടുമ്പഴത്തെ ഒരനുഭവമുണ്ടല്ലോ, അത് അതിനുതന്നെയാ പാടുക. അവിടെ വേണ്ടാത്തതൊന്നും കൂട്ടിച്ചേർക്കില്ല. തനിക്ക് പല രാഗവും നിശ്ചയമുണ്ട്, തനിക്ക് ഇന്നതൊക്കെ പറ്റും, അങ്ങനുള്ള സർക്കസൊന്നും അവിടെ കാണിക്കില്ല. കഥാപാത്രത്തെ പിന്തുടർന്നുംകൊണ്ടാ പോവുക. കഥാപാത്രത്തിന്റെ അപ്പോളത്തെ അവസ്ഥകളും കൂടി മനസ്സിലാക്കുന്നുണ്ട്. അതായത്, ‘വിജനേ ബത‘യും അല്ലെങ്കിൽ ‘മറിമാൻ കണ്ണി’ എന്നൊക്കെയുള്ള ദുഃഖവിചാരത്തിന്റെ പദങ്ങളും, അതുപോലെ ദ്വിജാവന്തിയിലുള്ള മറ്റു ദുഃഖവിചാരത്തിന്റെ പദങ്ങളും ഒക്കെ തമ്മിൽ, സ്വതേ ദുഃഖച്ചുവയാണെങ്കിലും ഓരോന്നിന്റെയും കാരണങ്ങൾക്ക് വ്യത്യാസമുണ്ട്. അത് പ്രകടിപ്പിക്കുന്ന കഥാപാത്രത്തിനും വ്യത്യാസമുണ്ട്. ആ കഥാപാത്രത്തിന്റെ മാനസികാവസ്ഥകൾക്കും മാറ്റമുണ്ട്. നളന്റെ വേർപാടിന്റവിടുത്തെ ദുഃഖമല്ല അതിനേക്കുറിച്ച് പിന്നീട് വിചാരിച്ചിരിക്കുമ്പോൾ. ഇതൊക്കെ തമ്മിൽ സൂക്ഷ്മമായിട്ടുള്ള കുറേ തരതമ ഭേദങ്ങളുണ്ട്. അതൊക്കെ ഇത്രയധികം ഉൾക്കൊള്ളുന്നത് ഹരിദാസിന്റെ പാട്ടിലാണ്. കലാമർമജ്ഞത എന്നൊക്കെ പറയില്ലേ, അങ്ങനെ കഥകളിസംഗീതത്തിന്റെ മർമജ്ഞത ഹരിദാസിന്റെ പാട്ടിൽ കുറച്ചുകൂടും. ഇപ്പം പുതിയ കുട്ടികളൊക്കെ പാടുമ്പോ, വെറുതേ കുറേ രാഗമാറ്റങ്ങള്, ഇതിന്റെയൊക്കെ അടിസ്ഥാനമെന്താ? അതുവരെ മറ്റുള്ളവര് ഉപയോഗിച്ചിരുന്ന രാഗത്തിനെ വേണ്ടപോലെ ഉപയോഗിക്കാനുള്ള ധൈര്യം പോരായ്ക, അല്ലെങ്കിൽ അതുകൊണ്ടുമാത്രം താൻ വിജയിക്കില്ലെന്ന പരാധീനത. ജൂബ്ബയിട്ടാൽ ഭംഗിയില്ലാന്ന് തോന്നി ടി-ഷർട്ട് വാങ്ങിയിടുകാണ്. ആ ഒരു രീതി വരികാണ്. ഹരിദാസന് അതുണ്ടായിരുന്നില്ല. ഏതാച്ചാൽ അതിൽത്തന്നെ അങ്ങനെ ഉറപ്പിച്ച് ഉണ്ടാക്കുന്ന രീതി. കഥാപാത്രത്തിന്റെ അവസ്ഥ നോക്കി അനവധി പൂർവസൂരികള് ചെയ്ത് സിദ്ധി വരുത്തീട്ടുള്ള രാഗങ്ങളാണ്. അത് പിന്നൊന്ന് മാറ്റിയെടുക്കാൻ വളരെ ബുദ്ധിമുട്ടാ. ഹരിദാസൻ ചിലത് മാറ്റീട്ടുണ്ട്. ആ സന്താനഗോപാലത്തിലെ ‘കല്യാണാലയേ ചെറ്റും’, അത് ഹരിദാസൻ പാടുമ്പം, ‘ബലേ, അങ്ങനെതന്നെയാ വേണ്ടത്’ എന്നുതോന്നും. ഇങ്ങനെ സമാധാനിപ്പിക്കുന്ന ഒരു പദം. മാറ്റങ്ങൾ അപൂർവമായിട്ടേ ഹരിദാസൻ ചെയ്യാറുള്ളൂ. അല്ലാതെ ഓരോ ദിവസവും ഓരോന്ന്, അങ്ങനില്ല. വേണ്ടാത്തിടത്തൊന്നും മാറ്റില്ല. ഉള്ളതിന്റെ ആ ഊന്നലും മൂർച്ഛയും, പിന്നെയാ കഥാപാത്രത്തിന്റെ അവസ്ഥാനുസരണം. പഠിക്കണകാലത്ത് ഒരു ദിവസം ഹരിദാസിന്റെ അച്ഛൻ കലാമണ്ഡലത്തിൽ വന്നു. അന്ന് ഗംഗാധരേട്ടനില്ല, ഇയാളാ പൊന്നാനി പാടിയിരുന്നേ. ഒരു ‘നീലാംബരി’…എന്നിട്ട് ആശാൻ അദ്ദേഹത്തെ വിളിച്ചു പറഞ്ഞു. ‘മകന്റെ ആ നീലാംബരി കേട്ടില്ലേ?’ ചൊല്ലിയാട്ടത്തിനു പാടുന്നത് കേട്ടിട്ട്. അന്നതു തോന്നണമെങ്കിൽ! കലാമണ്ഡലത്തിൽ വിദ്യാർത്ഥിസമാജത്തിന്റെ വാർഷികത്തിന് ഒരിക്കൽ വിക്ടർ ഹ്യൂഗോവിന്റെ ‘പാവങ്ങൾ’ നാടകമായിട്ട് ചെയ്തു. ഹരിദാസൻ അഭിനയിക്കുന്നില്ല. ഞാനായിരുന്നു ബിഷപ്പായിട്ട്. അവിടെ നാടകത്തെപ്പറ്റി പറഞ്ഞ് ഉണ്ടാക്കിത്തീർക്കാനുള്ള ആ ഒരു കഴിവ്, അവസാനം ഹരിദാസനായി അതിന്റെ സംവിധായകൻ. സംഭാഷണം പറയുന്നതിനേപ്പറ്റിയൊക്കെ അയാളുടെ അഭിപ്രായങ്ങൾക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. എല്ലാ സിനിമകളും ഞങ്ങൾ പോയി കണ്ടിരുന്നു. അതിനേക്കുറിച്ചുള്ള ഹരിദാസിന്റെ കാഴ്ചപ്പാടുകൾ, അതെല്ലാം ഏറെ ചർച്ചകൾക്ക് വിഷയമായിരുന്നു. വായന അതികലശലായിട്ടുണ്ടായിരുന്നു. ആധുനിക നോവലുകളുമൊക്കെ ഞങ്ങൾ ഒരുമിച്ചിരുന്നു വായിച്ചിരുന്നു. പിന്നെ ചില പാട്ടുകൾ കേട്ടിട്ട് അതുപോലെ സംഗീതം ചെയ്യുക. ഒരുത്സാഹിയായിരുന്നു. ഉറക്കംതൂങ്ങിയായിരുന്നില്ല. പിന്നെ അനുഭവങ്ങള് ഒരുപാടുണ്ടല്ലോ. കലാമണ്ഡലത്തിലുള്ളത്, ഇവരുടെയൊക്കെ ഒപ്പം നടന്നു പാടിയതിന്റെ, മൃണാളിനി സാരാഭായിയുടെ അടുത്ത് കുറേക്കാലം നിന്ന് അവിടുന്ന് പലതും നേടിയത്; അതിൽ വേണ്ടതെടുത്ത് വേണ്ടാത്തത് കളഞ്ഞ്… അത് ഹരിദാസന്റെ ഒരു പ്രത്യേകത തന്നെയാ. പരിഭ്രമിക്കാതെ വേണ്ടതെടുക്കും. മാറ്റത്തിനുവേണ്ടി മാറ്റങ്ങൾ ചെയ്യില്ല. എന്തോ…ഒരപൂർവ സിദ്ധിയുള്ള ആളായിരുന്നു. നേർത്തേ ദൈവം കൊണ്ടുപോയി. അതാണ് കുഴപ്പമായത്.വാക്കിനു കൊടുക്കുന്ന പ്രാധാന്യം, അതായത് കഥാപാത്രമായിക്കൊണ്ട് തന്നെയാ ഹരിദാസൻ പാടുന്നത്. അതിന്റെയൊരു വ്യത്യാസം ഹരിദാസന് കുറച്ചധികമുണ്ട്. ഗംഗാധരേട്ടൻ അതികലശലായിട്ട് പഠിപ്പിച്ചിട്ടുമുണ്ട്. അടിയൊക്കെ കൊണ്ട് വെളുത്ത ശരീരത്തിൽ ചുവന്ന പാടുകളുമൊക്കെയായിട്ട്…പക്ഷെ അത്രയും ഇഷ്ടവുമായിരുന്നു ഗംഗാധരേട്ടന് ഹരിദാസനെ. ഗംഗാധരേട്ടൻ അതികലശലായിട്ട് ജ്ഞാനമുള്ളയാളാണ്. അദ്ദേഹത്തിന്റെ ആ ജ്ഞാനവും സംഗതികളും മുഴുവൻ ഹരിദാസിന്റെ കയ്യിലുണ്ട്. പിന്നെ ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ പല വഴികളും. ഉണ്ണിക്കൃഷ്ണക്കുറുപ്പും അഹമ്മദാബാദിലൊക്കെ പോയി വന്നിട്ടുള്ളയാളാ. അവരു തമ്മിലുള്ള സംഗീതത്തിന്റെയൊരു ചേർച്ച! നമ്പീശാശാന്റെ കീഴിൽ പഠിച്ചതിന്റെ, എമ്പ്രാന്തിരിയുടെ ഒപ്പം പാടിയതിന്റെ പല പാണികളും… പക്ഷെ ഹരിദാസൻ പൊന്നാനി പാടുമ്പം ഇതൊന്നുമല്ലാത്ത ഒരു പ്രത്യേക അനുഭവമാണ്. അതാണ് ഹരിദാസന്റെ കേമത്തം. ഹരിദാസനു പക്ഷെ അങ്ങനെ പൊന്നാനിക്കാരനാവണമെന്നോ ഒന്നിനും മോഹമില്ലാത്ത വ്യക്തിത്വം ആവുകകൊണ്ട്… അതല്ലെങ്കിൽ ആ കാലഘട്ടത്തിൽ തന്നെ പലതും നേടേണ്ട ആളായിരുന്നു. ഹരിദാസനും ഹൈദരലിയും തമ്മിൽ കാഴ്ചപ്പാടുകൾക്ക് വളരെ വ്യത്യാസമുണ്ടായിരുന്നു. പക്ഷെ അവർ ഒപ്പം പാടിയാൽ കേമമാണുതാനും. സന്താനഗോപാലത്തിൽ, എന്തെന്നില്ലാത്ത ആ ബ്രാഹ്മണന്റെ ദുഃഖവും കൃഷ്ണനിൽ അമിതമായ വിശ്വാസവും ഭക്തിയുമുണ്ടായിട്ടും, താൻ ഇത്രയും ഭജിച്ചിട്ടും നൂറ്റൊന്നു ശതമാനം കൃഷ്ണനിൽ സമർപ്പിച്ചിട്ടും, ആ കൃഷ്ണനിൽ നിന്നും തനിക്ക് കിട്ടേണ്ടതു കിട്ടിയില്ലല്ലോ എന്ന സങ്കടവും അതുകൊണ്ടുള്ള അതികലശലായിട്ടുള്ള പരിഭവോ ദേഷ്യോ… പറയാൻ പാടില്ലെങ്കിലും അതങ്ങ് പറഞ്ഞു പോവുകയാണ്. അതു തോന്നും… ആ പൊട്ടിത്തെറിക്കല് നല്ലോണമുണ്ട് ഹരിദാസൻ പാടുമ്പം. അവിടെയൊക്കെ ഹരിദാസൻ ഹരിദാസനല്ലാണ്ടെയാവും, അതിപ്പം അയാളുടെ പ്രത്യേക വ്യക്തിത്വം തന്നെയാണ്. പാടുമ്പഴുള്ള ആ അനുഭൂതി, അത് കാണികൾക്കും അഭിനയിക്കുന്നവർക്കും എല്ലാം കിട്ടിയിരുന്നു. അത് ഹരിദാസന്റെ മാത്രം ഒരു പ്രത്യേകതയാണ്. ദൈവം നമുക്കത് അനവധികാലം ഉപയോഗിക്കാൻ തന്നില്ല. വളരെ ചെറുപ്പത്തിലേ പോയി. വളരെ നല്ലതൊക്കെ ദൈവം സ്വാർത്ഥമായിട്ടങ്ങ് കൊണ്ടുപോവുമല്ലോ. സ്വാതിതിരുനാള് മുപ്പത് വയസ്സാവുമ്പഴേക്കും ഇത്രയൊക്കെ ചെയ്തിട്ട് മരിച്ചൂന്നാ കേട്ടിരിക്കുന്നത്. അങ്ങനെ അനവധിയാളുകളുണ്ട്. അതിവാസനക്കാരൊക്കെ നേരത്തേ പോയവരാ. ഉണ്ണിക്കൃഷ്ണക്കുറുപ്പ്, തൃത്താല കേശവൻ, മദ്ദളത്തിലെ ഒരു മണിയൻ പണിക്കരുണ്ടായിരുന്നു. ഈ പല്ലാവൂർക്കാര്, ഇവരൊക്കെ പെട്ടന്നങ്ങ് പോവുകയല്ലേ ചെയ്തത്. എല്ലാത്തിന്റേയും അങ്ങേയറ്റത്തെത്തിയവരാ, പക്ഷെ അവരെ ജനങ്ങൾക്ക് ദൈവം അധികം കൊടുക്കില്ല. ഹരിദാസനും ആ ലിസ്റ്റിൽ പെട്ടു. അതാണ് ഏറ്റവും കുഴപ്പമായത്. 

Similar Posts

  • ശിവമയം

    ഇന്ദിരാ ബാലന്‍ July 7, 2011 അന്തരിച്ച കോട്ടക്കൽ ശിവരാമൻ(ശിവരാമേട്ടൻ) എന്റെ അച്ഛന്റെ (“പത്മശ്രീ”വാഴേങ്കട കുഞ്ചു നായർ ) പ്രിയ ശിഷ്യനും മരുമകനുമാണ്‌. കുട്ടിക്കാലം മുതലേ ആ അഭിനയ പാടവം കണ്ടു വളർന്നവളാണ്‌ ഞാനും. ഞങ്ങളുടെ കുടുംബത്തിൽ നിന്നും അദ്ദേഹം എന്നേക്കുമായി വിട പറഞ്ഞു. ഈ നിമിഷങ്ങളിൽ നിങ്ങളോടൊപ്പം എന്റെ കണ്ണീരിന്റെ അക്ഷരങ്ങളും ഇവിടെ കുറിക്കട്ടെ.) ഭാവങ്ങൾ തൻ മഴവില്ലു തീർത്തുനടനവൈഭവ കാന്തി പരത്തിഅഭിനയ ലാവണ്യത്തിൻ തങ്ക-ത്തിടമ്പഴിച്ചു വെച്ചു യാത്രയായി……………. അടർന്നു വീഴുന്നു ശിവമയമാംസൗഗന്ധിക നിമിഷങ്ങൾ, ഹന്തതേങ്ങുന്നു…

  • ദുരന്തജനനം – വെണ്മണിച്ചേങ്ങിലയിൽ കേട്ടത്‌ 

    ശ്രീചിത്രൻ എം. ജെ. September 18, 2012 ഏഴുവർഷം! വിശ്വസിയ്ക്കാനാവുന്നില്ല. എത്ര വേഗമാണ്‌ കാലം കടന്നു പോകുന്നത്‌! വെണ്മണി ഹരിദാസ്‌ ഇല്ലാതെ ഏഴു വർഷം പൂർത്തിയാകുന്നു. അപ്രതീക്ഷിതങ്ങളുടെ തുടർക്കണികൾ സമ്മാനിച്ചുകൊണ്ട്‌, ഇത്രമേൽ വിസ്മയിപ്പിയ്ക്കുകയും മനസ്സുപിടിച്ചുവാങ്ങുകയും ചെയ്ത മറ്റൊരു കഥകളി സംഗീതജ്ഞൻ എന്റെ അനുഭവത്തിൽ ഇല്ല. പ്രവചനാതീതമായിരുന്നു എന്നും വെണ്മണിസംഗീതം. നന്നാവുക എന്നാൽ ആർക്കുമൊപ്പമെത്താനാവാത്ത വിധം ഉയരത്തിൽ പറക്കുക എന്നാണ്‌. ചീത്തയാവുക എന്നാൽ ഓരോ നിമിഷവും ഈ കളിയ്ക്കു വന്നതിൽ നമ്മേക്കൊണ്ട്‌ സ്വയം ശപിയ്ക്കാൻ പ്രേരിപ്പിയ്ക്കുക എന്നും. അനിശ്ചിതങ്ങളുടെ…

  • ഏതാകിലും വരുമോ ബാധ

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 10 ശ്രീവത്സൻ തീയ്യാടി June 9, 2013  സന്താനഗോപാലം കഥയുടെ സഡൻ ടെയ്ക്കൊഫ് അക്കാലത്തും രസകരമായി തോന്നാറുണ്ട്. തുടക്കത്തിലെ സാവേരിക്ക് എന്തോരോജസ്സാണ്! രാഗമാലപിച്ചു കേട്ടാൽത്തന്നെ പ്രത്യേക ഇമ്പമാണ്. ആ രാഗത്തിൽ പാടുന്ന “ശ്രീമൻ സഖേ”ക്ക് മുഴുവനും ആവിധം തിമർപ്പുള്ളതുപോലെ സ്വതേ അനുഭവപ്പെടും. അതിനന്നും വിഘ്നമുണ്ടായതായി ഓർമയില്ല. ശ്രീകൃഷ്ണന്റെ പദത്തിന് ശേഷമാണല്ലോ മറുപടിയായി അർജുനന്റെ “നാഥാ ഭവച്ചരണ”. പുകഴ്പെറ്റ ദേവഗാന്ധാരി പദം തുടങ്ങി. അർജുനന്റെ ആട്ടത്തിൽ മൂന്നാമത്തെ വരിയായ “ഏതാകിലും വരുമോ….” എന്നിടത്ത് “ആകിലും” എന്ന് കുറഞ്ഞത്‌ മൂന്നു വിധത്തിൽ ആടിക്കാണാം…

  • പാതിമുദ്ര

    രവി കവനാട് July 8, 2011 ആടിക്കാറ്റിന്‍റെ താളത്തില്‍കലാശംവച്ചു കാലവുംകൂടുവിട്ടു പറന്നേപോയ്‌മിനുക്കിന്‍ ശിവപക്ഷിയും മനയോല മിഴിത്തുമ്പുതുടയ്ക്കുന്നുണ്ടു മൂകമായ്മൊഴിമുട്ടി വിതുമ്പുന്നുമിഴിവിന്‍റെ ചിലങ്കകള്‍ ഭാവപൂര്‍ണ്ണിമയുള്‍ക്കൊണ്ടപാതിമുദ്ര നിലയ്ക്കവേവിജനേബത യെന്നെങ്ങുംനളവിഹ്വലവീചികള്‍ കലതന്‍ വസ്ത്രമാണിന്നുകൊണ്ടുപോയതു പത്രികള്‍കാണികള്‍ക്കു തിരുത്തീടാ-നാവുമോ കഥയല്‍പവും രുക്മാംഗദനകക്കാമ്പി-ലുണ്ടാകില്ലിനി മോഹിനിസുഖമോദേവി എന്നാരോ –ടിനിചൊല്ലുമരങ്ങുകള്‍ തെക്കോട്ടേയ്ക്കു പുറപ്പെട്ടവണ്ടി കൈകാട്ടിനിര്‍ത്തിയുംഒരുസീറ്റിനു കെഞ്ചുന്നു –ണ്ടാവാം ഉര്‍വ്വശിരംഭമാര്‍. നക്ഷത്രക്കണ്ണുകള്‍പ്പൂട്ടിനിദ്രതേടുന്നു കൈരളിഇനിയൊന്നുണരാനെത്രയുഗം നാം കാത്തിരിയ്ക്കണം

  • നാദം ചുറ്റിയ കണ്ഠം

    ശ്രീവത്സൻ തീയ്യാടി April 26, 2015 എന്നാണ് ആശാനെ ഒടുവിൽ കാണുന്നത്? കണ്ണട ധരിച്ചുള്ള പണ്ടത്തെ തുടുത്ത മുഖത്തിന് ആ കറുത്തഫ്രെയിമുള്ള ചില്ലകം ഇടയിലെന്നോ ഏറെയും ഇല്ലാതായിത്തുടങ്ങിയിരുന്നത് ശ്രദ്ധിച്ചിട്ടുണ്ട്; പക്ഷെ ഓർമച്ചെപ്പിലേക്ക് സൂക്ഷ്മം ലെൻസ്‌ പിടിച്ചുനോക്കിയിട്ടും ഇക്കാര്യം തെളിഞ്ഞുകിട്ടുന്നില്ല.  എന്നാൽ ആദ്യം ദർശിച്ചത് എന്നു വിശ്വസിക്കുന്ന അരങ്ങ് ഇന്നും വ്യക്തം!  നാലോളം ദശാബ്ദം മുമ്പാവണം. 1970കളുടെ രണ്ടാംപാതി. ഏഴെട്ടു വയസ്സേ എനിക്ക് പ്രായം കാണൂ. തൃപ്പൂണിത്തുറ കഥകളി ക്ലബ്ബിന്റെ വാർഷികമാണ്. കലാമണ്ഡലം മേജർ സെറ്റ്. പട്ടണത്തിലെ പൂർണത്രയീശക്ഷേത്രത്തിലെ…

  • ശിവരാമസ്മരണ

    വി. എം. ഗിരിജ July 26, 2011 കോട്ടയ്ക്കൽ ശിവരാമൻ എന്നാൽ കഥകളിപ്രേമികൾക്ക്‌ സ്ത്രീവേഷം തന്നെയാണ്‌. പ്രത്യേകിച്ചും കുടമാളൂരിന്റേയും കൃഷ്ണൻ നായരുടേയും വളരെ അധികം കീർത്തിപ്പെട്ട സ്ത്രീവേഷങ്ങൾ ഒക്കെ കാണാതെ കേൾക്കുക മാത്രം ചെയ്തവർക്ക്‌… എന്നേപ്പോലുള്ളവർക്ക്‌. ശിവരാമൻ അന്തസ്സത്തയിൽ സ്വന്തം അമ്മാമനായ വാഴേങ്കട കുഞ്ചുനായരുടെ ശൈലി തന്നെയാണ്‌ പിന്തുടർന്നത്‌. അമിതാഭിനയമോ കഥാപാത്രത്തിന്റെ സ്വഭാവഗതിക്ക്‌ അനുയോജ്യമല്ലാത്ത ഭാവസ്ഫുരണമോ ശിവരാമൻ സ്വീകരിച്ചിട്ടേ ഇല്ല. കഥകളി ആസ്വാദകർക്കിടയിൽ വെള്ളം പോലെ തെളിഞ്ഞ, കല മുൻപ്‌ എന്ന ആസ്വാദനരീതി ദുർല്ലഭമാണ്‌. ഒരു പാട്‌…

മറുപടി രേഖപ്പെടുത്തുക