അരങ്ങൊഴിഞ്ഞത്‌ സവിശേഷമായ ഒരു പാട്ടുകാലം

കുറൂർ ചെറിയ വാസുദേവൻ നമ്പൂതിരി

September 13, 2012 

പള്ളം മാധവൻ

കഥകളിസംഗീതത്തിലെ ഒരു കാലഘട്ടമാണ്‌ പള്ളം മാധവനാശാന്റെ മരണത്തോടെ കടന്നുപോയത്‌. ആധുനികമായ കഥകളിസംഗീതത്തിന്റെ ഈ കാലത്തും പരമ്പരാഗത ശൈലിയിൽത്തന്നെ പാടിവന്നവരിലെ അവസാനകണ്ണിയായിരുന്നു അദ്ദേഹം. എനിക്ക്‌ അദ്ദേഹം ഗുരുതുല്യനാണ്‌. 1962 മുതൽ ആശാനുമായി അടുത്തു പരിചയമുണ്ട്‌.

ആയാംകുടി കുട്ടപ്പമാരാരാശാന്റെ കീഴിൽ ഞാൻ ചെണ്ട പഠിച്ചുകൊണ്ടിരിക്കുമ്പോൾ ചൊല്ലിയാട്ടത്തിനും അരങ്ങേറ്റത്തിനും ആശാനും തണ്ണീർമുക്കം വിശ്വംഭരനും ചേർന്നാണു പാടിയത്‌. അങ്ങനെ എന്റെ കലാജീവിതത്തിൽ വലിയൊരു സ്ഥാനം അദ്ദേഹത്തിനുണ്ട്‌. അന്നു തിരുവിതാംകൂറിലെ കഥകളിയരങ്ങുകളിൽ പ്രധാനമായും ഇവരാണു പാടിയിരുന്നത്‌.

അരങ്ങത്തു നടപ്പുള്ളതും അല്ലാത്തതുമായ ഏതു കഥയായാലും അതു സ്വയം ചിട്ടപ്പെടുത്തുന്നതിനും കാണാപ്പാഠം പഠിച്ചു പാടുന്നതിനും പള്ളം ആശാനു പ്രത്യേക സിദ്ധിയുണ്ടായിരുന്നു. അപൂർവമായ കഥകളും നടപ്പുള്ള കഥകളിലെ അപൂർവപദങ്ങളും അവതരിപ്പിക്കേണ്ടിവരുമ്പോൾ മറ്റു ഗായകർ പുസ്തകം നോക്കി പാടുമ്പോൾ മാധവനാശാന്റെ ഓർമശക്തി അദ്ദേഹത്തിനു വലിയ തുണയായി.

നാലു ദിവസമായി അവതരിപ്പിക്കാനുദ്ദേശിച്ചു രചിക്കപ്പെട്ട ‘ഹരിശ്ചന്ദ്രചരിതം’ ഒരു ദിവസത്തെ അവതരണത്തിനായി ചുരുക്കി ചിട്ടപ്പെടുത്തുന്നതിൽ പ്രധാനപങ്കു വഹിച്ചതു പള്ളം മാധവനാശാനാണ്‌. അപ്പോഴും കഥയുടെ മർമപ്രധാനമായ ഭാഗങ്ങളോ വൈകാരികതീവ്രതയോ നഷ്ടപ്പെട്ടില്ല എന്നതാണു വിസ്മയകരമായ കാര്യം. അതുകൊണ്ടുതന്നെ ആ കഥയ്ക്ക്‌ ഇന്നുള്ള ജനപ്രീതിയിൽ വലിയൊരു സ്ഥാനം ഈ ഗായകനുണ്ട്‌.

പ്രാഥമിക വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന, ഓടുപണിക്കാരനായി ജീവിതം ആരംഭിച്ച ഈ ഗായകൻ സ്വന്തം പ്രയത്നംകൊണ്ടു മാത്രമാണ്‌ കഥകളിരംഗത്ത്‌ ഉയർച്ച നേടിയത്‌. കേരള കലാമണ്ഡലത്തിന്റെ വൈസ്‌ പ്രിൻസിപ്പൽ സ്ഥാനംവരെ അലങ്കരിച്ചു. കലാമണ്ഡലത്തിലായിരിക്കുമ്പോഴും അതിനുശേഷവും ചിട്ടപ്രധാനമായ കഥകളും അദ്ദേഹം സമർഥമായി പാടിയിരുന്നു. തെക്കൻ കളരിയിലെ ആശാനായാണു കലാമണ്ഡലത്തിൽ എത്തിയതെങ്കിലും വടക്കൻ സമ്പ്രദായത്തിലുള്ള കഥകൾക്കും അദ്ദേഹം അരങ്ങിൽ പാടി. കലാമണ്ഡലം പാഠ്യപദ്ധതിയിൽ ഉണ്ടായിരുന്ന ചില അപാകതകൾ അദ്ദേഹം ചൂണ്ടിക്കാണിച്ചപ്പോൾ കലാമണ്ഡലം പത്മനാഭൻ നായർ അവ തിരുത്തിയത്‌ എടുത്തുപറയേണ്ട കാര്യമാണ്‌.

1960-70 കാലത്ത്‌ ആയാംകുടി ആശാനോടൊപ്പം ഞാൻ കഥകളികൾക്കു പങ്കെടുത്തുവരുന്ന കാലത്താണ്‌ മാധവനാശാനുമായി കൂടുതൽ അടുക്കുന്നത്‌. അന്നൊക്കെ അരങ്ങിൽ ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ എന്നോടു കാണിച്ചിരുന്ന സ്‌നേഹവാത്സല്യങ്ങളും സഹകരണവും പ്രത്യേകം ഓർക്കുന്നു. അരങ്ങിൽ പാടുന്ന കാര്യത്തിലെന്നപോലെ പെരുമാറ്റത്തിലും അദ്ദേഹം വലുപ്പച്ചെറുപ്പം കാണിച്ചില്ല. ചില രംഗങ്ങളുടെ അവതരണ കാര്യങ്ങളിൽ അന്നു ചെറുപ്പമായിരുന്ന എന്നോടും അഭിപ്രായം ചോദിക്കുകയും അതു മാനിച്ചു പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്‌.

കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള കളിയരങ്ങുകളിൽ എത്രയോ ദശാബ്ദങ്ങൾ അദ്ദേഹം പാടി. പ്രായം ആ ശബ്ദത്തെ ബാധിച്ചില്ല. മൂന്നു വർഷം മുൻപ്‌ എന്റെ ഷഷ്ട്യബ്ദപൂർത്തിയോടനുബന്ധിച്ചു നടന്ന കഥകളിയിൽ ബാണയുദ്ധം കഥ അദ്ദേഹമാണു പാടിയത്‌. അടുത്തകാലത്തു പനച്ചിക്കാട്‌ ക്ഷേത്രത്തിൽ പാടിക്കേൾക്കുമ്പോഴും ആ ശബ്ദത്തിന്‌ ഇടർച്ചയുണ്ടായിരുന്നില്ല.

ഫലിതപ്രിയനായിരുന്ന ആശാൻ പെരുമാറ്റത്തിൽ എന്നും സൂക്ഷിച്ച ചെറുപ്പം എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്‌. അദ്ദേഹത്തിന്‌ എന്തെങ്കിലും രോഗം വന്നതായോ കിടപ്പിലായതായോ ഒരിക്കലും കേൾക്കേണ്ടിവന്നിട്ടില്ല. അതുകൊണ്ടാവാം ഈ വേർപാട്‌ അപ്രതീക്ഷിതമായി അനുഭവപ്പെടുന്നു. ഗുരുസ്മരണയ്ക്കു മുന്നിൽ എന്റെ പ്രണാമം.

Similar Posts

  • |

    കഥകളി മോരിലെ വെണ്ണ : ശ്രീ.കലാമണ്ഡലം കൃഷ്ണൻ നായ‍‍ർ

    Mohandas April 11, 2014  ‘മോരിലെ  വെണ്ണ പോലെ നീ എന്നും കഥകളിയുടെ മുകളിൽ തന്നെ കിടക്കും’ എന്ന തന്റെ ആദ്യഗുരുനാഥന്റെ ആശീർവാദം നേടി അത് അക്ഷരാർഥത്തിൽ സാർഥകമാക്കി വിശ്വകലാരംഗം വിട്ടൊഴിഞ്ഞ അനുഗ്രഹീത കലാകാരനാണ്  ശ്രീ. കലാമണ്ഡലം കൃഷ്ണൻ  നായർ.  കഥകളിയെന്ന കലാസൌകുമാര്യത്തിന്റെ സർവാതിശായിയായ എല്ലാ സാങ്കേതിക-ലാവണ്യ ഭംഗികളിലേക്കും ഒരു  യാഗാശ്വത്തെപ്പോലെ കടന്നുചെല്ലുകയും തന്റെ അനിതരസാധാരണമായ സർഗ്ഗപ്രതിഭ കൊണ്ട് കണ്ടതെല്ലാം വെട്ടിപ്പിടിച്ചു തന്റേതാക്കി വിജശ്രീലാളിതനായി കഥകളി അരങ്ങു വാഴുകയും ചെയ്ത  അനശ്വര കലാചക്രവർത്തിയായിരുന്നു കലാമണ്ഡലം എന്ന ഓമനപ്പേരിൽ…

  • ദുരന്തജനനം – വെണ്മണിച്ചേങ്ങിലയിൽ കേട്ടത്‌ 

    ശ്രീചിത്രൻ എം. ജെ. September 18, 2012 ഏഴുവർഷം! വിശ്വസിയ്ക്കാനാവുന്നില്ല. എത്ര വേഗമാണ്‌ കാലം കടന്നു പോകുന്നത്‌! വെണ്മണി ഹരിദാസ്‌ ഇല്ലാതെ ഏഴു വർഷം പൂർത്തിയാകുന്നു. അപ്രതീക്ഷിതങ്ങളുടെ തുടർക്കണികൾ സമ്മാനിച്ചുകൊണ്ട്‌, ഇത്രമേൽ വിസ്മയിപ്പിയ്ക്കുകയും മനസ്സുപിടിച്ചുവാങ്ങുകയും ചെയ്ത മറ്റൊരു കഥകളി സംഗീതജ്ഞൻ എന്റെ അനുഭവത്തിൽ ഇല്ല. പ്രവചനാതീതമായിരുന്നു എന്നും വെണ്മണിസംഗീതം. നന്നാവുക എന്നാൽ ആർക്കുമൊപ്പമെത്താനാവാത്ത വിധം ഉയരത്തിൽ പറക്കുക എന്നാണ്‌. ചീത്തയാവുക എന്നാൽ ഓരോ നിമിഷവും ഈ കളിയ്ക്കു വന്നതിൽ നമ്മേക്കൊണ്ട്‌ സ്വയം ശപിയ്ക്കാൻ പ്രേരിപ്പിയ്ക്കുക എന്നും. അനിശ്ചിതങ്ങളുടെ…

  • ഹാഹന്ത ഹവേലീചരിതം

    ശ്രീവല്‍സന്‍ തീയ്യാടി May 30, 2012 (ഓര്‍മ്മകള്‍ക്കൊരു കാറ്റോട്ടം – ഭാഗം 2) പതിവിലും വൈകി എഴുന്നേറ്റ അവധി ദിവസം. ഫ്ലാറ്റില്‍ മടിച്ച് കൂടുകയായിരുന്നു. ഉച്ച തിരിഞ്ഞു. സായംകാലത്തും ഒടുങ്ങാത്ത ചൂട്. ദല്‍ഹിയിലെ തീക്ഷ്ണവേനല്‍ അങ്ങനെയാണ്. അസ്തമന സമയത്തും സൂര്യന്‍ പ്രതാപി തന്നെ. ഒന്ന് പുറത്തെ ബാല്‍ക്കണിയില്‍ പോയിരിക്കാമെന്നു വിചാരിച്ചാല്‍‍, തിണ്ണയും കസേരയുമൊക്കെ പൊള്ളുന്നപോലെയാണ് കിടപ്പ്. പൊടുന്നനെയാണ് ശബ്ദം കേട്ടത്. ആകാശത്ത് ഇടി വെട്ടിയതാണ്. ക്ഷണനേരം കൊണ്ട് പുറത്തെ അന്തരീക്ഷം മാറി. ആര്‍ത്തടിക്കുന്ന പൊടിക്കാറ്റ്. ആന്ധി എന്ന്…

  • |

    കോട്ടയ്ക്കൽ ശിവരാമൻ – വ്യക്തിയും നടനും

    രാജശേഖർ പി. വൈക്കം July 22, 2011 ശ്രീ കോട്ടയ്ക്കല്‍ ശിവരാമന്‍…..  – കഥകളിയെക്കുറിച്ച്‌, കഥാപാത്രത്തെക്കുറിച്ച്‌, പാത്രാവിഷ്ക്കാരത്തെക്കുറിച്ച്‌, പ്രത്യേകിച്ചും കഥകളിയിലെ ‘സ്ത്രീ’ യെക്കുറിച്ച്‌, – ആലോചിച്ചുറച്ച ചില തീരുമാനങ്ങളുമായി അരങ്ങിലെത്തിയ അസമാന്യപ്രതിഭയാണ്‌. ആശാന്‍ പഠിപ്പിച്ചതില്‍ നിന്നും  അല്‍പം മാറ്റം വരുത്തിയാല്‍ പോലും, അത്‌ അധികപ്രസംഗമോ ധിക്കാരമോ ആയി വിലയിരുത്തുന്ന യാഥാസ്ഥിതികത തൃണവല്‍ഗണിച്ചാണ്‌ , ശ്രീ കോട്ടയ്ക്കല്‍ ശിവരാമന്‍, അരങ്ങില്‍ തന്റെ ദമയന്തിയും, മോഹിനിയും,സീതയും, ദേവയാനിയും, കുന്തിയും മറ്റുമായി ദൃഢനിശ്ചയത്തോടെ നിന്നത്‌. ‘ചിട്ട‘ക്കാരുടെ പൊന്നും പണ്ടവും ഒന്നും അദ്ദേഹത്തെ…

  • |

    കനക്കുമര്‍ത്ഥങ്ങളുള്ള മുദ്രകളുടെ കവിത

    മനോജ് കുറൂർ July 20, 2011  നന്നേ ചെറുപ്പത്തില്‍ മധ്യോത്തര തിരുവിതാംകൂര്‍ പ്രദേശത്ത് ഞാന്‍ കണ്ട കഥകളികള്‍ക്ക് ശൈലീപരമായ വൈവിധ്യമുണ്ടായിരുന്നു. കൃഷ്ണന്‍ നായര്‍, മാങ്കുളം, പള്ളിപ്പുറം, രാമന്‍‌കുട്ടി നായര്‍, ഹരിപ്പാട് രാമകൃഷ്ണപിള്ള, ഗോപി, മങ്കൊമ്പ്, സദനം കൃഷ്ണന്‍‌കുട്ടി, വാസു പിഷാരടി എന്നിങ്ങനെയുള്ള പുരുഷവേഷക്കാര്‍. അവര്‍ക്കൊപ്പം അന്നു സ്ത്രീവേഷങ്ങളവതരിപ്പിച്ചിരുന്നത് പ്രധാനമായും കുടമാളൂര്‍ കരുണാകരന്‍ നായര്‍, കോട്ടയ്ക്കല്‍ ശിവരാമന്‍, മാത്തൂര്‍ ഗോവിന്ദന്‍‌കുട്ടി എന്നീ നടന്മാരാണ്. കുടമാളൂരിന്റെ കാലത്തുതന്നെ സ്ത്രീവേഷങ്ങള്‍ക്ക് പുരുഷവേഷങ്ങള്‍ക്കു തുല്യമായ പരിഗണന കിട്ടിയിരുന്നുവെന്നോര്‍ക്കുന്നു‌. കാഴ്ചയിലുള്ള സൌന്ദര്യം, ഭാവാഭിനയം, ഔചിത്യം,…

  • ശിവരാമസ്മരണ

    അംബുജാക്ഷൻ നായർ July 8, 2011 കഥകളി അരങ്ങുകളില്‍ താന്‍ ചെയ്യേണ്ടുന്ന  കഥാപാത്രത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടു അവതരിപ്പിക്കുന്നതിലാണ് ശ്രീ. കോട്ടയ്ക്കല്‍ ശിവരാമന്‍ ശ്രദ്ധിച്ചിരുന്നത്.  അതുകൊണ്ട്‌  അദ്ദേഹം ചെയ്തിരുന്ന വേഷങ്ങളില്‍ കഥാപാത്രത്തെ  ഔചിത്യ ബോധത്തോടെ  അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.   കഥകളി ചിട്ടയുടെ സ്വാധീനം കൂടുതലൊന്നും അരങ്ങുകളില്‍ പ്രകടിപ്പിക്കുന്ന രീതി അദ്ദേഹത്തില്‍ ഉണ്ടായിരുന്നതായി എനിക്ക് അനുഭവപ്പെട്ടിട്ടില്ല. “കലാമണ്ഡലം” എന്ന സ്ഥാപനത്തിന്റെ പേരു  പറഞ്ഞാല്‍ കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാനെ കഥകളി ലോകം  സ്മരിക്കുന്ന ഒരു കാലഘട്ടം  ഉണ്ടായിരുന്നു. അതേ…

മറുപടി രേഖപ്പെടുത്തുക