ഭൈമീകാമുകൻ‌മാർ – 1

ഹേമാമോദസമാ – 7

ഡോ. ഏവൂർ മോഹൻദാസ്

September 27, 2012

കഴിഞ്ഞ ഭാഗത്തിൽ പരാമർശിച്ച കണ്ടുമുട്ടലിനു ശേഷം ഇന്ദ്രാദികളും നളനുമായുള്ള അടുത്ത കൂടിക്കാഴ്ച നടക്കുന്നത്‌ ഒന്നാം ദിവസം ഒമ്പതാം രംഗത്തിലാണ്‌. ഇതിനുള്ളിൽ നളൻ ദമയന്തിയെ ചെന്ന്‌ കണ്ടു ഇന്ദ്രാഭിലാഷം അറിയിക്കുകയും അതിനു സമ്മതിക്കാനായി ആവുന്നത്ര ദമയന്തിയെ നിർബന്ധിക്കുകയും ചെയ്തു. ‘ലോകം ചമയ്ക്കുമീശന്മാർ, അവരുടെ കാൽപ്പൊടിക്ക്‌ പോലും സമമല്ലാത്ത’ തന്നെ വിട്ടു അവരെ സ്വീകരിച്ചു സ്വർഗ്ഗസുഖങ്ങൾ നേടാൻ പലവുരു പറഞ്ഞു നോക്കി. എന്നാൽ താൻ നളനെ മനസ്സാൽ വരിച്ചുകഴിഞ്ഞതാണെന്നും അതിനാൽ ദേവാഭിലാഷം മാനിക്കാൻ കഴിയില്ലെന്നും ദമയന്തി തറപ്പിച്ചു പറഞ്ഞു. ‘ നീ അവരെ നിന്ദിച്ചാൽ അവർ മറ്റൊരാളെ വിട്ടു നിന്നെ പിടിച്ചു കൊണ്ടുപോകാം’ എന്നും

‘വൃന്ദാരകവരരെ നിന്ദ ചെയ്തോരു നിന-
ക്കിന്നാരൊരുവൻ ബന്ധു? എന്നാലതറിയേണം’

എന്നുവരെ നളൻ ദമയന്തിയെ ഭീഷണിപ്പെടുത്തി നോക്കി.

പക്ഷെ ഇതൊന്നും ദമയന്തിയുടെ ദൃഢചിത്തതയെ തെല്ലും ഇളക്കിയില്ല. അതിനാൽ, തന്നെ നിയോഗിച്ച കാര്യം നടപ്പാക്കാൻ കഴിയാഞ്ഞതിലുള്ള വിഷമത്തോടെ നളൻ ദേവകളോട്‌ പറഞ്ഞു.

‘ആകുന്ന ഭേദമൊഴി കേട്ടിട്ടുമവൾ-
ക്കാകുലമുള്ളിലുണ്ടായീലൊട്ടും
ലോകപാലന്മാരെ! നാകസുഖമാർക്ക്‌
ഭാഗധേയമില്ലെന്നാകിൽ കിട്ടും?’

(ഞാനവളോട്‌ ആവതു പറഞ്ഞു നോക്കി. പക്ഷെ അവൾക്കു താത്പര്യം ഇല്ലത്രെ. സ്വർഗ്ഗസുഖം അനുഭവിക്കാനും തലയിലെഴുത്തു വേണമല്ലോ?).

അരുളിച്ചെയ്തപ്പോളതെല്ലാം കേട്ടേൻ, എന്തി-
ന്നഗതിക്കെനിക്കിനിയാവതിപ്പോൾ ?
അപരനെയങ്ങു നിയോഗിച്ചാലും, ദ്രുത-
മപഹരിച്ചാലുമവളെ വേഗാൽ

ലാളനേന വശീകരിച്ചു ര-
മിച്ചു കൊള്ളുക, നല്ലൂ വേണ്ടുകിൽ.

(അവളെ ആരെയെങ്കിലും വിട്ടു പിടിച്ചുകൊണ്ടുവന്നു, സ്നേഹപൂർവ്വം വശീകരിച്ചു രമിച്ചു കൊള്ളൂ!).

എങ്ങിനെയുണ്ട്‌ കഥ? ഒന്നുകിൽ ദമയന്തിയെ കെട്ടിപ്പിടിച്ചു കഴിയണം, അല്ലെങ്കിൽ സന്യസിക്കുക തന്നെ ( ‘മുദിരതതികബരി’ എന്ന ഒന്നാംദിവസ പദം ഓർക്കുക) എന്ന്‌ മനസ്സിലുറപ്പിച്ച നളനാണീപ്പറഞ്ഞത്‌. താൻ ജീവന്‌ തുല്യം സ്നേഹിക്കുന്ന പ്രേമഭാജനത്തിന്റെ കാര്യമാണീപ്പറഞ്ഞത്‌. അതാണ്‌ ഉണ്ണായിയുടെ നളൻ. വ്യാസന്റെ നളൻ ഇപ്പറഞ്ഞത്‌ പോയിട്ട്‌, ഇതുമായി പുലബന്ധം പോലുമുള്ള ഒരു ഭാഷ പോലും ഉപയോഗിച്ചിട്ടില്ല. ‘നിങ്ങളുടെ ആഗ്രഹം അവളോട്‌ ചെന്നു പറഞ്ഞപ്പോൾ അവൾ താത്പര്യം കാണിക്കാതെ എന്നെത്തന്നെ ചിന്തിച്ചു നിന്ന്‌, എന്നെ മാത്രമേ വരിക്കാനാഗ്രഹമുള്ളൂ എന്നും സ്വയംവരത്തിൽ വാനവർക്കൊപ്പം നിന്നാൽ അവരുടെ മുൻപിൽ വച്ചു എന്നെ അവൾ വരിച്ചു കൊള്ളാം’ എന്നും പറഞ്ഞത്‌ സത്യസന്ധമായി ദേവകളോട്‌ പറയുക മാത്രമേ ആ നളൻ ചെയ്തിട്ടുള്ളൂ. അപ്പോൾ പിന്നെ എന്തിനാണ്‌ ആട്ടക്കഥയിലെ നളൻ ഇത്ര കണ്ണിൽ ചോരയില്ലാത്ത വർത്തമാനം ദമയന്തിയോടു പറഞ്ഞത്‌? അതിലും കടുത്ത ഉപദേശം ഇന്ദ്രന്‌ നൽകുന്നത്‌?

ഇന്ദ്രാദികൾ നിഗ്രഹാനുഗ്രഹ ശക്തിയുള്ളവരാണ്‌. അവർക്ക്‌ ഈ ഭൂമിയിലോ സ്വർഗത്തിലോ ഉള്ള എന്തെങ്കിലും വേണമെന്ന്‌ തോന്നിയാൽ അത്‌ നേടാൻ ശക്തി ഉള്ളവരാണ്‌. അങ്ങിനെയുള്ളവർക്ക്‌ ദമയന്തിയിലുള്ള താത്പര്യം നളനു വലിയ ഒരു പ്രതിസന്ധി തന്നെയാണ്‌. അവരോടു എതിർത്തു നിൽക്കാൻ കഴിയില്ല. എന്നുതന്നെയല്ല, അവരുടെ ആഗ്രഹ നിവർത്തിക്കായി പ്രവർത്തിക്കാം എന്ന്‌ ആദ്യം തന്നെ വാക്ക്‌ കൊടുത്തതുമാണ്‌. ധർമ്മിഷ്ഠനായ നളനു അതിനു വേണ്ടി പ്രവർത്തിച്ചേ കഴിയൂ. ഈ ധർമ്മസങ്കടാവസ്ഥയിൽ നളന്റെ മുൻപിലുള്ള ഏക വഴി മാന്യമായി പെരുമാറുക എന്നുള്ളത്‌ മാത്രമേയുള്ളൂ. നന്മ മനസ്സിലുള്ളവർ തെറ്റ്‌ ചെയ്‌താൽ അവരെ തിരുത്താനുള്ള ഒരെളുപ്പവഴി അവരിലെ നന്മയെ ഉണർത്തി വിടുക എന്നതാണ്‌. ഇന്ദ്രാദിദേവകൾ നന്മയുള്ള ദേവതകൾ ആണ്‌. അവരിലെ സ്നേഹഭാവത്തെ ഉണർത്തുകയാണിപ്പോൾ ചെയ്യാൻ കഴിയുക. ‘വാങ്മനസാതിവിദൂരനായ’ നളന്റെ വ്യക്തിത്വത്തിനു പോറൽ ഏൽക്കാതെ വേണം ഉണ്ണായിക്ക്‌ ഇതെല്ലാം സാധിച്ചെടുക്കേണ്ടത്‌. അതുകൊണ്ടാണ്‌ നളന്റെ ധർമ്മനിഷ്ഠയെയും ദേവാദികളോടുള്ള ബഹുമാനത്തേയും മുകളിൽ പ്രതിഷ്ഠിച്ചുകൊണ്ട്‌ ആ ‘കണ്ണിൽ ചോരയില്ലാത്ത’ വർത്തമാനമെല്ലാം ഉണ്ണായി നളനെക്കൊണ്ട്‌ പറയിപ്പിക്കുന്നത്‌ . ഇന്ദ്രനല്ല, ഏതു ക്രൂരചിത്തനാണെങ്കിലും നളന്റെ ആ മാന്യതയുടെ കൊടുമുടിക്ക്‌ മുൻപിൽ കീഴടങ്ങാതെ തരമില്ല. അതുകൊണ്ട്‌ അൽപം ഇളിഭ്യതയോടെയാണെങ്കിലും ഇന്ദ്രൻ പറയുന്നു,

പോക ഭവാൻ, സ്വയംവരത്തിനെത്നം
ചെയ്ക നിനക്കവളെ ലഭിപ്പാൻ
സ്നേഹം കൊണ്ടൈവരുമോന്നല്ലോ, നാം നമ്മി-
ലേകനേ വേണമവൾക്കു വരൻ
അപരനെപ്പുനരവൾ വരിക്കി-
ലനർത്ഥമവനുമവൾക്കുമു, ണ്ടതി-
നെത്തുമേ വയമസ്തസംശയ-
മസ്ഥലത്തിലൊരത്തലെന്നിയെ’

(ശെരി, നീ പോയി സ്വയംവരത്തിൽ പങ്കെടുത്തു അവളെ കിട്ടാൻ ശ്രമിച്ചു കൊള്ളൂ. നമ്മളഞ്ചു പേരിൽ ആരെയെങ്കിലും ഒരാളെ അവൾ വരിച്ചോട്ടെ. പക്ഷെ നമ്മൾ അഞ്ചു പേരെയല്ലാതെ മറ്റൊരുവനെ അവൾ വരിച്ചാൽ അവനും അവൾക്കും അത്‌ അനർത്ഥമുണ്ടാക്കും).

ഇന്ദ്രന്റെ മനസ്സ്‌ നമുക്കിവിടെ ശെരിക്കും കാണാം നളനോടുള്ള സ്നേഹമല്ല, മറിച്ച്‌ അദ്ദേഹത്തിന്റെ മാന്യതയ്ക്ക്‌ പ്രത്യുപകാരമായി, സഹാനുഭൂതി കൊണ്ട്‌, താനും കൂടി ദമയന്തിയെ ലഭിക്കാൻ ശ്രമിച്ചോളൂ എന്നൊരുവിധം പറഞ്ഞെന്നേയുള്ളൂ. ‘നമ്മൾ അഞ്ചുപേരിൽ ഒരാളെയല്ലാതെ അപരനെ ദമയന്തി വരിച്ചാൽ അവർക്ക്‌ അനർത്ഥമുണ്ടാകും’ എന്ന്‌ പറയുന്ന ഇന്ദ്രന്റെ മനസ്സ്‌ നന്മയുടെതല്ല. സ്വതവേ വിഷയലമ്പടനായ ഇന്ദ്രന്‌ ഭൈമിയിലുള്ള മോഹം ഇപ്പോഴും ശക്തമായി തന്നെ ഉണ്ടെന്നതാണ്‌ ഇത്‌ കാണിക്കുന്നത്‌. പല പണ്ഡിതന്മാരും വ്യാഖ്യാനിച്ചതുപോലെ ദമയന്തീ സ്വയംവരത്തിന്റെ നിർവിഘ്നപരിസമാപ്തിക്ക്‌ മംഗളകാരകനായി വർത്തിക്കാനായിരുന്നു ഇന്ദ്രനെ ഉണ്ണായി കണ്ടതെങ്കിൽ ഇങ്ങനെയൊരു പദം ആട്ടക്കഥയിൽ എഴുതിച്ചേർക്കേണ്ട കാര്യമില്ലായിരുന്നു. ദേവനെങ്കിലും കളങ്ക സ്വഭാവമുള്ള ഇന്ദ്രന്‌ നേരേ മനുഷ്യനെങ്കിലും ‘മേഘവാഹനനേക്കാൾ ബലവാനും മോഹനാംഗനും അതിഗുണവാനും (ഒന്നാം ദിവസം ഹംസപദം)’ ആയ തന്റെ കഥാനായകനെ പിടിച്ചു നിർത്തുകയല്ലേ ഉണ്ണായി ഇവിടെ ചെയ്യുന്നത്‌?ഇന്ദ്രനൊഴികെ മറ്റു മൂന്നു ദേവന്മാരെയും ഈ സംഭാഷണങ്ങളിലേക്കൊന്നും കവി വലിച്ചിഴക്കുന്നില്ല എന്നുള്ളതും ശ്രദ്ധേയമാണ്‌ (ഇന്ദ്രനെ, മറ്റു മൂന്നുദേവതകളുടെ നിലവാരത്തിലല്ല ഉണ്ണായി കാണുന്നത്‌ എന്നതിന്‌ കൂടുതൽ തെളിവുകൾ നളചരിത സാഹിത്യത്തിലുള്ളത്‌ ഈ പരമ്പരയുടെ വരും ഭാഗങ്ങളിൽ വിശദീകരിക്കുന്നതാണ്‌). താൻ കാണുന്ന തെറ്റുകൾക്കെതിരെ, അത്‌ ആരുടേയും ആയിക്കൊള്ളട്ടെ, ഒരു ചെറിയ കല്ലെങ്കിലും എറിയുക എന്നത്‌ ഒരു ഉണ്ണായിശൈലിയായിരുന്നുവേന്നു വേണം കരുതാൻ. കവിയുടെ ഈ സമൂഹ്യപ്രതിബദ്ധത നളചരിതസാഹിത്യത്തിൽ പലയിടങ്ങളിലും നിഴലിക്കുന്നുണ്ട്‌.

ഇനി ഇന്ദ്രാദികളെ നാം കാണുന്നത്‌ ദമയന്തിയുടെ സ്വയംവര മണ്ഡപത്തിലാണ്‌. സരസ്വതീ ദേവിയാൽ ആനയിക്കപ്പെട്ട ദമയന്തി, സ്വയംവര മണ്ഡപത്തിൽ കാണുന്നത്‌ ഒരേ രൂപത്തിലുള്ള അഞ്ചു നളന്മാരെയാണ്‌.എന്തുചെയ്യണം എന്നറിയാതെ ഭൈമി വിഷമിച്ചു വിലപിക്കുകയാണ്‌ .

ചെറിയ നാളിൽ ത്തന്നെ തുടങ്ങി ഞാ-
നറിവൻ കണവൻ മമ നളനെന്നു
മറിവില്ലതിനിങ്ങേന്നു വരികിലോ
അറിയായ്‌ വരിക മമ രമണനെ
ഒരുനാളും ഞാൻ മനസാ വപുഷാ
വാചാ ന നളാദിതരം ജാനേ
അതിനാൽ ദേവാ മുദിതാ ദദതാം മേ തം രമണം
ഇത്തൊഴിൽ വെടിഞ്ഞെന്നുടെ
അത്തലൊഴിക്കേണമിപ്പോൾ
ഭക്തജനചിത്തമുണ്ടോ തപ്തമാക്കുമീശന്മാർ ?

(സ്വപ്നത്തിൽ പോലും ഞാൻ ദിക്പാലന്മാരെ ധിക്കരിച്ചിട്ടില്ല. കുട്ടിക്കാലം മുതൽക്കേ നളനാണെന്റെ ഭർത്താവെന്നു ഞാൻ മനസ്സിൽ കരുതിയതാണ്‌. മനസ്സുകൊണ്ടും ശരീരം കൊണ്ടും വാക്ക്‌ കൊണ്ടും നളനൊഴികെ മറ്റൊരാളെ ഞാൻ അറിയുകയില്ല. അങ്ങിനെയുള്ള എനിക്ക്‌ എന്റെ നളനെ നിങ്ങൾ ഭർത്താവായി നൽകേണമേ). പദങ്ങൾ ഇനിയുമുണ്ട്‌ വേറെ, വിസ്തരഭയത്താൽ എല്ലാം ഇവിടെ എഴുതുന്നില്ല.

ഏതു ശിലാഹൃദയമാണ്‌ ഈ അപേക്ഷയിൽ അലിയാത്തത്‌?. ഇന്ദ്രനും അലിവു തോന്നി. ദേവന്മാർ സ്വചിഹ്നങ്ങൾ കാട്ടി നളനെ ദമയന്തിക്ക്‌ കാട്ടിക്കൊടുത്തു. നളനെ ദമയന്തി മാലയിട്ടു വരിച്ചു. ഉണ്ണായി വാരിയർ പറയുന്നു,

അഥ ബത! ദമയന്തീ ചിന്തയാ ദൈവഗത്യാ
സപദി ഹരിദധീഷാ ഭേജിരേ സ്വസ്വചിഹ്നം

(ദമയന്തിയുടെ പ്രാർത്ഥനകാരണം, വിധിയുടെ ആനുകൂല്യം കൊണ്ട്‌ , ദിക്‌ പാലകന്മാർ താന്താങ്ങളുടെ ചിഹ്നത്തെ സ്വീകരിച്ചു).

‘ഏവം കരുണമായ്‌ ഭൈമി വിലപിച്ചതു കേട്ടുടൻ
പരമാം നിശ്ചയം സത്യം നളങ്കലനുരാഗവും
മന:ശുദ്ധി പരം ബുദ്ധി ഭക്തി നൈഷധരാഗവും
പറഞ്ഞവണ്ണമരുളീ ചിഹ്നം കാണേണ്ട വൈഭവം’

എന്ന്‌ ‘നളോപാഖ്യാന’ ത്തിലും കാണുന്നു.

ഇങ്ങനെ കാര്യങ്ങൾ മംഗളകരമായി പര്യവസാനിച്ചപ്പോൾ ദിക്‌ പാലകന്മാർക്കും സന്തോഷമുണ്ടായി. ഇങ്ങനെയൊരു ‘പ്രേമത്താമര’ അവരും ഇതിനു മുൻപ്‌ കണ്ടിട്ടില്ല. ഇനി അനുയോജ്യമായിട്ടുള്ളത്‌ അവർക്ക്‌ മംഗളം ആശംസിക്കുകയും വരങ്ങൾ നൽകുകയുമാണ്‌. കളങ്കമറ്റ ഹൃദയത്തിന്റെ ശുദ്ധികൊണ്ട്‌ പാപങ്ങളെ നശിപ്പിച്ചവരായ ആ ദമ്പതികളെ അനുഗ്രഹിക്കുക തന്നെ ഒരനുഗ്രഹമായി ദേവകൾ കരുതിയിരിക്കണം. അതുകൊണ്ടായിരിക്കണമല്ലോ നളചരിതം ‘രണ്ടാം ദിവസ’ത്തിൽ ദമയന്തിയെ വേൾക്കാനായി സ്വർഗ്ഗത്തിലേക്ക്‌ പോകുന്ന കലിദ്വാപരന്മാരോട്‌ ഇന്ദ്രൻ പറയുന്നത്‌

‘പ്രവണനങ്ങളിൽ ഭക്തിമാൻ നളൻ,
പ്രണതപാലനാം വൃതമവേഹി നോ,
ഗുണഗണൈകനിലയമായ മിഥുനമിത-
നൃണരായിതനുഖടയ്യ ഞങ്ങളുമിന്നധുനാ’

(നളൻ ഗുണശാലിയും വിനയമുളളവനുമാണ്‌. വണങ്ങുന്നവരെ രക്ഷിക്കുക ഞങ്ങളുടെ കർത്തവ്യമാണ്‌. ഗുണഗണങ്ങൾക്കിരിപ്പിടമായ ഈ മിഥുനങ്ങളെ യോജിപ്പിക്കുക വഴി ഞങ്ങൾ അവരോടുള്ള കടം വീട്ടിയിരിക്കുകയാണ്‌.)

എന്താണ്‌ ഇന്ദ്രാദിദേവകൾക്ക്‌ നളനോടുള്ള കട ബാധ്യത? (വ്യക്തമായ ഒരു ഉത്തരം ഈ ചോദ്യത്തിന്‌ ആരെങ്കിലും നൽകിയതായി എനിക്കറിയില്ല).തങ്ങളുടെ ആഗ്രഹസാഫല്യത്തിനായി നളനെ ദമയന്തിയുടെ അടുക്കലേക്കു നിർബന്ധിച്ചയച്ചതു അനുചിതമായിപ്പോയി. പക്ഷെ ഇന്ദ്രാദികളുടെ ദൂതനായി, സ്വഹിതം വെടിഞ്ഞു, തന്റെ പ്രേമഭാജനത്തിനെ ദേവകൾക്ക്‌ ലഭിപ്പാൻ നളൻ അത്മാർത്ഥമായി പരിശ്രമിച്ചു. നളന്റെ ആ തുല്യതയില്ലാത്ത മാന്യത, ദേവകൾക്ക്‌ ഒരു കടം തന്നെയായിരുന്നു. സ്വയംവരമണ്ഡപത്തിൽ വച്ചു സ്വചിഹ്നങ്ങൾ പ്രദർശിപ്പിച്ചു, അവരെ യോജിക്കാൻ സഹായിച്ചു വരങ്ങൾ നൽകി അനുഗ്രഹിച്ചതിലൂടെ ദേവകൾ നളനോടുള്ള കടം വീട്ടുകയായിരുന്നു. അതെ, ദേവന്മാരെപ്പോലും തന്റെ ധാർമ്മികനിഷ്ഠ കൊണ്ട്‌ കടക്കാരാക്കിയ അതുല്യ പ്രതിഭാശാലിയാണ്‌ ഉണ്ണായിവാരിയരുടെ നളൻ. ‘വാങ്മനസാതി വിദൂരനാ’ണ്‌ നളനെന്ന പ്രസ്താവം (പുറപ്പാടുപദം) അന്വർത്ഥമാകുകയാണിവിടെ.

ലോകപാലന്മാരുടെ മുൻപിൽ കേവലരായ മനുഷ്യർ മാത്രമാണ്‌ നളദമയന്തിമാർ എന്നിരിക്കെ, അവർ ആഗ്രഹിച്ചതുപോലെ കാര്യങ്ങൾ മംഗളമായി ഭവിച്ചതു ലോകപാലന്മാരുടെ കൃപകൊണ്ടുകൂടിയാണെന്നതിൽ സന്ദേഹമില്ല. അതുകൊണ്ട്‌ ‘പ്രതിയോഗികളെ അനുഗ്രഹദാതാക്കളാക്കി’ എന്ന വ്യാഖ്യാനത്തിലെ (‘രസികകൗതുകം’, പ്രോഫ. എം.എച്‌ .ശാസ്ത്രികൾ, 1943) ‘പ്രതിയോഗി’ എന്ന പ്രയോഗത്തോട്‌ എനിക്ക്‌ യോജിപ്പില്ല. എന്നാൽ ‘അനുഗ്രഹദാതാക്കളാക്കി’ എന്ന പ്രയോഗത്തോട്‌ വളരെ യോജിപ്പാണ്‌ താനും. വ്യാസഭാരതത്തിലും നളചരിതം ആട്ടക്കഥയിലും ഇന്ദ്രാദിദേവകൾ ഭൈമീകാമുകർ തന്നെയാണ്‌. ദമയന്തിയുടെ ഈശ്വരഭക്തിയും നളനോടുള്ള നിഷ്കളങ്കപ്രേമവും നളന്റെ തങ്ങളോടുള്ള ഭക്തിയും അതുല്യ ധർമ്മനിഷ്ഠയും മാന്യതയും കണ്ടു ദേവകളുടെ മനസ്സ്‌ മാറിയതാണ്‌. നാടകീയമായ രംഗങ്ങളും പദങ്ങളും കൊണ്ട്‌ ഉണ്ണായിവാരിയർ ഇത്‌ സ്പഷ്ടമാക്കിയിരിക്കുകയാണ്‌. ലോകപാലന്മാരുടെ പരാജയമല്ല മറിച്ച്‌ , അവരുടെ നന്മയും നളചരിത നായികാനായകന്മാരുടെ ശ്രേഷ്ഠതയുമാണ്‌ കവി ഇവിടെ ഉയർത്തിക്കാണിക്കാൻ ശ്രമിച്ചിട്ടുള്ളത്‌. ലോകപാലന്മാരുടെ പോലും മനംകവരാൻ പോന്ന ഗുണമഹിമകൾ ഉള്ളവരായിരുന്നു നളചരിത നായികാനായകന്മാർ. ഇത്‌ തന്നെയാണ്‌ നളചരിതം കഥയുടെ കാതലും.

(തുടരും)

Similar Posts

  • |

    ഒരു നാളും നിരൂപിതമല്ലേ….

    ജയരാജന്‍. സി.എന്‍ October 20, 2014 ആമുഖം     ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്ഥത്തില്‍ കേരളത്തിലെ കഥകളിഭ്രാന്തന്മാര്‍ വടക്കേ ഇന്ത്യയില്‍  നിന്ന് ഒരാള്‍ അവധിയ്ക്ക് വരുന്നതിനും കഥകളിയരങ്ങുകള്‍ ഭാവസംഗീതം കൊണ്ടു നിറയുന്നതിനും വേണ്ടി ആവേശത്തോടെ കാത്തിരിക്കുമായിരുന്നു.  നീലകണ്ഠന്‍ നമ്പീശനെ പോലുള്ള മഹാഗായകര്‍ സംഗീതത്തിന്റെ ശുദ്ധി കൊണ്ടും ലയഭംഗി കൊണ്ടും സഹൃദയ മനസ്സുകള്‍ കീഴടക്കിയിരുന്നിട്ടു പോലും ഈ ഗായകന്റെ അരങ്ങിന് കീഴെ ഇടം പിടിയ്ക്കാന്‍ യുവാക്കളടക്കമുള്ള ആസ്വാദകര്‍ ക്ഷേത്രാങ്കണങ്ങളിലേയ്ക്ക് അദ്ദേഹത്തെ തേടി ദൂരദേശങ്ങളില്‍ നിന്നു വരെ എത്തിക്കൊണ്ടിരുന്നു.  തിരശ്ശീലയ്ക്ക് പിന്നില്‍…

  • |

    ശിൽപശാലയും ആധാരശിലയും

    ഓർമകൾക്കൊരു കാറ്റോട്ടം – 22 December 24, 2017 ശ്രീവത്സൻ തീയ്യാടി നീണ്ട യാത്രയ്ക്കിടെ പീശപ്പിള്ളി ഇല്ലത്തെ ഇത്തിരിയിടവേളയിൽ ചായ കുടിക്കുമ്പോൾ നേരം വെളുക്കുന്നതേയുണ്ടായിരുന്നുള്ളൂ. ഇരുവശം ഓട് ചെരിച്ചുമേഞ്ഞ പൂമുഖത്തെ വെളിച്ചം അരണ്ടതാണ്; കറണ്ട് പോയിരിക്കുന്നു. അതിനാലെന്തുള്ളൂ, പുറത്തെ കമുകിൻതോപ്പിലൂടെ അരിച്ചെത്തുന്ന ചാരനിറത്തിന്  ചെറിയൊരു തിളക്കം. ഇരിക്കുന്ന തവിട്ടുതിണ്ണയ്ക്ക് നല്ല മിനുമിനുപ്പ്. പ്ര്യത്യേകം പറഞ്ഞുകിട്ടിയതിനാൽ തേയിലക്ക് മതിയായ കയ്പ്പുണ്ട്. മേലെയാകാശത്തിനു പ്രതീക്ഷയുടെ മുഖമാണ്. വൃശ്ചികത്തണുപ്പുണ്ടെങ്കിങ്കിലും കാറ്റില്ലതെല്ലും. കാക്കകൾക്ക് കരയാനുമില്ല താൽപര്യം.  ഏറ്റവുമടുത്ത ചെറുപട്ടണം പെരുമ്പിലാവാണ്‌. അച്ഛൻറെ നാട്….

  • ഓർമ്മയുടെ ഉത്ഭവം

    എം.വി നാരായണൻ June 19, 2013 മലയാളത്തിൽ ഇത്തരമൊരു സാസ്മ്കാരിക പഠനം ആദ്യമാണെന്നു തോന്നുന്നു. കലയും കാലവും കൂട്ടിക്കുഴയ്ക്കുകയും അത് കേരളത്തിന്റെ ഭാഗധേയനിർണ്ണയ ശ്രേണികളില്‍  കണ്ണികളാകുകയും ചെയ്യുന്നത് അസാധാരണ പാടവത്തോടെ ലേഖകൻ പരിശോധിക്കുന്നു –സമകാലീന മലയാളം സെപ്റ്റംബർ 2005 (പത്രാധിപർ) ഭൂതകാലത്തിന്റെ ചരിത്രപരമായ ആവിഷ്കാരം ‘അതു യഥാർത്ഥത്തിൽ എങ്ങനെ ആയിരുന്നു’ എന്ന് കണ്ടെത്തലല്ല, മറിച്ച് ഘോരമായ ഒരാപത്തിന്റെ നിമിഷത്തിൽ മിന്നിമറയുന്ന ഓരോർമ്മയെ കൈയ്യെത്തിപ്പിടിക്കലാണ്. -വാൾട്ടർ ബൻമിയൻ,തീസിസ് ഓൺ ദ് ഫിലോസഫി ഓ ഹിസ്റ്ററി ദ്രാവിഡമനസ്സിന്റെ ഇരുണ്ട അകത്തളങ്ങളിൽ…

  • |

    കഥകളി മോരിലെ വെണ്ണ : ശ്രീ.കലാമണ്ഡലം കൃഷ്ണൻ നായ‍‍ർ

    Mohandas April 11, 2014  ‘മോരിലെ  വെണ്ണ പോലെ നീ എന്നും കഥകളിയുടെ മുകളിൽ തന്നെ കിടക്കും’ എന്ന തന്റെ ആദ്യഗുരുനാഥന്റെ ആശീർവാദം നേടി അത് അക്ഷരാർഥത്തിൽ സാർഥകമാക്കി വിശ്വകലാരംഗം വിട്ടൊഴിഞ്ഞ അനുഗ്രഹീത കലാകാരനാണ്  ശ്രീ. കലാമണ്ഡലം കൃഷ്ണൻ  നായർ.  കഥകളിയെന്ന കലാസൌകുമാര്യത്തിന്റെ സർവാതിശായിയായ എല്ലാ സാങ്കേതിക-ലാവണ്യ ഭംഗികളിലേക്കും ഒരു  യാഗാശ്വത്തെപ്പോലെ കടന്നുചെല്ലുകയും തന്റെ അനിതരസാധാരണമായ സർഗ്ഗപ്രതിഭ കൊണ്ട് കണ്ടതെല്ലാം വെട്ടിപ്പിടിച്ചു തന്റേതാക്കി വിജശ്രീലാളിതനായി കഥകളി അരങ്ങു വാഴുകയും ചെയ്ത  അനശ്വര കലാചക്രവർത്തിയായിരുന്നു കലാമണ്ഡലം എന്ന ഓമനപ്പേരിൽ…

  • |

    ശങ്കരപ്രഭാവം

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 15 ശ്രീവത്സൻ തീയ്യാടി November 14, 2013 പുറപ്പാട് ആടിത്തീർത്ത് കൃഷ്ണവേഷങ്ങൾ പോയി. പൂർണത്രയീശക്ഷേത്രത്തിലെ നെടുങ്കൻ ഊട്ടുപുരയിൽ വീണ്ടും തിരശീലമറ. പാതിര പിന്നിട്ട നേരം; പൂഴിയിട്ടാൽ തറയിൽ വീഴാത്ത തിരക്ക്. കഥ തുടങ്ങുകയായി. നളചരിതം രണ്ടാം ദിവസം. ആദ്യ രംഗത്തിനുള്ള രാഗാലാപനം തുടങ്ങി. തൽക്കാലം ശങ്കിടിയേ പാടുന്നുള്ളൂ. എന്തോ, എന്റെ കൗമാരമനസ്സിന് ഒരൂർജം കിട്ടുന്നില്ല. സംഗീതം നന്ന്, അല്ലെന്നല്ല. മുമ്പ് പുറപ്പാടിന് പാടിയ ചെറുപ്പക്കാരേക്കാൾ എന്തുകൊണ്ടും മെച്ചം; പക്ഷെ ഒരു ഗുമ്മില്ല….

  • നാട്ടമ്പലവും നാട്യഗൃഹവും

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 14 ശ്രീവത്സൻ തീയ്യാടി October 12, 2013 കാൽ നൂറ്റാണ്ടെങ്കിലും മുമ്പാവണം. പെരുമഴക്കാലം. ബസ്സിലെ പിൻസീറ്റിൽ ‘കിളി’യുടെ സ്വന്തമിടത്തിന് ചേർന്നുള്ള ചില്ലുചീളിലൂടെ കിട്ടി ഒരീറൻ ദർശനം. തുള്ളിയിളകി പോവുന്ന തൂതപ്പുഴ. പാലത്തിനു മീതെ കടാകുടു ഓടിക്കൊണ്ടിരുന്ന ശകടം ലേശനേരം പുറത്തേക്ക് എറിഞ്ഞിട്ടുതന്ന കാഴ്ച. ആകെ നനഞ്ഞിരുന്ന ഇരിപ്പിൽ അക്കരപറ്റിയപ്പോൾ പെട്ടെന്ന് തോന്നി: ഒരുനാൾ വാഴേങ്കട പോവണം. പെരിന്തൽമണ്ണ-ചെർപ്ലശ്ശേരി യാത്രാമദ്ധ്യേ മലപ്പുറം, പാലക്കാട് ജില്ലകളെ വകഞ്ഞുപുളയുന്ന നദി മനസ്സിലയച്ച കളിത്തോണി. രണ്ടു കൊല്ലം…

മറുപടി രേഖപ്പെടുത്തുക