എനിക്കു പ്രിയപ്പെട്ട വേഷം

വാഴേങ്കട കുഞ്ചു നായർ

December 25, 2012 

പുരാണേതിഹാസാദികഥകളിൽ, അഥവാ കഥകളിയിൽ, പലപല കഥാനായകന്മാരും നായികമാരുമുണ്ട്. എന്നാൽ അതാതു കഥാപാത്രങ്ങളെക്കുറിച്ചുള്ള ഒരു ബോധം മനസ്സിലുദിക്കുന്നതോടു കൂടി നമ്മളിൽ പലർക്കും അവരവരുടെ ആസ്വാദനരീതിയനുസരിച്ച് ചിലചില കഥാപാത്രങ്ങളോട് എന്തോ ഒരു പ്രത്യേക പ്രതിപത്തിയുണ്ടായിത്തീരുന്നത് സാധാരണയാണ്‌. അക്കൂട്ടത്തിൽ കുട്ടിക്കാലം മുതല്ക്കേ എന്റെ പ്രത്യേക പ്രതിപത്തിയ്ക്ക് പാത്രീഭവിച്ച ഒരു കഥാപാത്രമാണ്‌ നിഷധേശ്വരനായ നളമഹരാജാവ്‌. അതിൽ പ്രത്യേകിച്ചും കാർക്കോടക ദംശനത്താൽ സ്വബോധം (സുബോധം) ഉദിച്ച ശേഷം വീണ്ടും തന്റെ ജീവിതേശ്വരിയോട് ചേരുന്നതു വരെയുള്ള കാലഘട്ടം ആലോചിക്കുമ്പോൾ എന്തെന്നില്ലാത്ത ബഹുമാനാദരമാണ്‌ എനിക്കദ്ദേഹത്തോട് തോന്നുന്നത്. അതായത്, കഥകളിയിൽ കാണാറുള്ള ആ ‘ബാഹുക’നോടു തന്നെ. ഈ ഘട്ടത്തിൽ ഞാൻ ഓർക്കുകയാണ്‌: നാട്യാചാര്യൻ ശ്രീ രാമുണ്ണിമേനോനാശാൻ എന്നെ അഭ്യസിപ്പിക്കുന്ന കാലത്ത് ബാഹുകനോടുള്ള പ്രതിപത്തി കാരണമായി ഞാൻ ഒരിയ്ക്കൽ “ഋതുപർണ്ണ ധരണീപാല” എന്നു തുടങ്ങുന്ന ഒരു പദം സ്വയം മൂളിപ്പാട്ടിന്നുവേണ്ടി തോന്നിക്കുകയുണ്ടായി. അശാൻ അതെങ്ങിനെയോ മനസ്സിലാക്കി. ശിവ ശിവ ! അതിന്നൊരു ശകാരമുണ്ടായിട്ടുണ്ട് ! താൻ പഠിപ്പിക്കുന്ന ഭാഗങ്ങൾ വല്ലതും തോന്നിക്കുവാനല്ല, “മറ്റു ചിലതി”ന്നാണ്‌ വാസന എന്നാണദ്ദേഹത്തിന്റെ കുറ്റാരോപണം ! ഏതായാലും ഞാൻ അതിന്നുപകരമായി അദ്ദേഹത്തിന്നേറ്റവും പ്രിയപ്പെട്ട കിർമ്മീരവധത്തിൽ അതേരാഗത്തിലും താളത്തിലുമുള്ള “മാധവജയശൗരേ” എന്ന സുദർശനത്തിന്റെ പദം പഠിക്കുക കൂടി ഉണ്ടായിട്ടുണ്ട് !

അതുകൊണ്ട്, ഈ ‘ബാഹുകൻ’ അഭ്യാസക്കളരികളുമായി അത്ര ബന്ധപ്പെട്ടിട്ടുണ്ടെന്ന് പറവാൻ ഞാൻ തയ്യാറുമില്ല.

നായകനിഷ്ഠമായ രസഭാവനയെമാത്രം അടിസ്ഥാനപ്പെടുത്തിയിട്ടാണ്‌ ഞാൻ പറയുന്നത്. അടിസ്ഥാനത്തിന്റെ വെളിച്ചത്തിൽ കുലമഹത്വം, വിദ്യ, ഐശ്വര്യം, സൗന്ദര്യം, സഹനശക്തി, ദൈവഭക്തി, ധർമ്മാചരണം, ധൈര്യം, ദൃഢാനുരാഗം മുതലായ ഉത്തമഗുണങ്ങളുടെ വിളഭൂമികളായ പ്രശസ്ത, പ്രൗഢ, പ്രഗല്ഭ, നായികാനായകന്മാരാണ്‌, ദമയന്തീനളന്മാർ. അവിചാരിതമായി, ഈശ്വരകല്പിതത്താൽ, വന്നുചേർന്ന ആ ആപത്തുകളിൽ അവരുടെ സഹനശക്തി അന്യാദൃശമാണ്‌. അവരുടെ ഉദാത്തവും പരിപാവനവുമായ ആ പ്രേമശൃംഖലാബന്ധം വജ്രായുധത്താൽ പോലും ഭേദിപ്പാനാവാത്തതാണ്‌ ; വാസ്തവത്തിൽ തങ്ങളുടെ സമാശ്ലേഷാവസ്ഥയിൽ നിന്നും തികച്ചും അപ്രതീക്ഷിതമായി, വിധിവൈപരീത്യത്താൽ വന്നുചേരുന്ന വിശ്ലേഷണത്തിന്നുശേഷമാണ്‌ യഥാർത്ഥാനുരാഗികളായ നായികാനായകന്മാരുടെ ആത്മീയമായ ആ അനുരാഗാമൃതം തികച്ചും ആസ്വാദ്യമാകുന്നത്. അപ്പോഴാണ്‌ പരമാനന്ദകരമായ തങ്ങളുടെ അനുരാഗസുധ അവർ അന്യോന്യം പകർന്നുകൊടുത്താസ്വദിച്ച് ആത്മസംതൃത്പി നേടുന്നത്. പ്രസ്തുത തത്വങ്ങൾ പരിപൂർണ്ണമായി കാണിക്കപ്പെടുന്ന രണ്ടു കഥാപാത്രങ്ങളാണ്‌ നളനും ദമയന്തിയും.

മേൽപ്പറഞ്ഞ ലക്ഷണങ്ങളൊക്കെത്തന്നെയാണ്‌ എനിക്ക് ബാഹുകനോട് ഒരു പ്രത്യേക പ്രതിപത്തിയുണ്ടാകാനുള്ള കാരണം.

ഇത്രയൊക്കെപ്പറഞ്ഞാലും ആ കഥാപാത്രത്തോട് നീതി പുലർത്തുന്നതിൽ ഇതുവരേയും ഞാൻ കൃതാർത്ഥനായിട്ടുമില്ല !

(22-11-1965)

Similar Posts

  • |

    കോതച്ചിറി

    ശ്രീവത്സൻ തീയ്യാടി May 23, 2017  ഓർമകൾക്കൊരു കാറ്റോട്ടം – 20  കാൽ നൂറ്റാണ്ടൊക്കെ മുമ്പ് കീഴ്പടം തറവാട് ലക്ഷ്യമാക്കി ഇടയ്ക്കിടെ പോവുമ്പോൾ വെള്ളിനേഴിയിൽ ഇത്രയൊന്നും റബ്ബർക്കാടുകളില്ല. പലനില കളിമൺതിട്ടകളിൽ തീർത്ത ഉൾവള്ളുവനാടൻ ഗ്രാമത്തിൽ പാതവശങ്ങളിലും പാടത്തേക്കുള്ള ഇറക്കങ്ങളിലും വീട്ടുതൊടികളിലും ഒക്കെയായി അവിടിവിടെ കരിമ്പനകൾ നിന്നനിൽപ്പിൽ ഉലയും. ഇരുണ്ടയുടലിനു മീതെ നീലമനയോല തേച്ച കൂറ്റൻ കുറ്റിച്ചാമരങ്ങൾ. തപസ്സുചെയ്യും പോലെ കാണേ അടുത്തനിമിഷം കാറ്റത്തു അലറുന്ന വല്ലാത്തതരം താടിവേഷങ്ങൾ. സമീപപട്ടണമായ ചെർപ്പുളശേരിനിന്ന് പട്ടാമ്പിക്ക് യാത്രചെയ്താലും വഴിപ്പെടും ഇതുപോലെ നെട്ടനെരൂപങ്ങൾ. ലേശംകൂടി…

  • |

    ശിൽപശാലയും ആധാരശിലയും

    ഓർമകൾക്കൊരു കാറ്റോട്ടം – 22 December 24, 2017 ശ്രീവത്സൻ തീയ്യാടി നീണ്ട യാത്രയ്ക്കിടെ പീശപ്പിള്ളി ഇല്ലത്തെ ഇത്തിരിയിടവേളയിൽ ചായ കുടിക്കുമ്പോൾ നേരം വെളുക്കുന്നതേയുണ്ടായിരുന്നുള്ളൂ. ഇരുവശം ഓട് ചെരിച്ചുമേഞ്ഞ പൂമുഖത്തെ വെളിച്ചം അരണ്ടതാണ്; കറണ്ട് പോയിരിക്കുന്നു. അതിനാലെന്തുള്ളൂ, പുറത്തെ കമുകിൻതോപ്പിലൂടെ അരിച്ചെത്തുന്ന ചാരനിറത്തിന്  ചെറിയൊരു തിളക്കം. ഇരിക്കുന്ന തവിട്ടുതിണ്ണയ്ക്ക് നല്ല മിനുമിനുപ്പ്. പ്ര്യത്യേകം പറഞ്ഞുകിട്ടിയതിനാൽ തേയിലക്ക് മതിയായ കയ്പ്പുണ്ട്. മേലെയാകാശത്തിനു പ്രതീക്ഷയുടെ മുഖമാണ്. വൃശ്ചികത്തണുപ്പുണ്ടെങ്കിങ്കിലും കാറ്റില്ലതെല്ലും. കാക്കകൾക്ക് കരയാനുമില്ല താൽപര്യം.  ഏറ്റവുമടുത്ത ചെറുപട്ടണം പെരുമ്പിലാവാണ്‌. അച്ഛൻറെ നാട്….

  • |

    ശങ്കരപ്രഭാവം

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 15 ശ്രീവത്സൻ തീയ്യാടി November 14, 2013 പുറപ്പാട് ആടിത്തീർത്ത് കൃഷ്ണവേഷങ്ങൾ പോയി. പൂർണത്രയീശക്ഷേത്രത്തിലെ നെടുങ്കൻ ഊട്ടുപുരയിൽ വീണ്ടും തിരശീലമറ. പാതിര പിന്നിട്ട നേരം; പൂഴിയിട്ടാൽ തറയിൽ വീഴാത്ത തിരക്ക്. കഥ തുടങ്ങുകയായി. നളചരിതം രണ്ടാം ദിവസം. ആദ്യ രംഗത്തിനുള്ള രാഗാലാപനം തുടങ്ങി. തൽക്കാലം ശങ്കിടിയേ പാടുന്നുള്ളൂ. എന്തോ, എന്റെ കൗമാരമനസ്സിന് ഒരൂർജം കിട്ടുന്നില്ല. സംഗീതം നന്ന്, അല്ലെന്നല്ല. മുമ്പ് പുറപ്പാടിന് പാടിയ ചെറുപ്പക്കാരേക്കാൾ എന്തുകൊണ്ടും മെച്ചം; പക്ഷെ ഒരു ഗുമ്മില്ല….

  • കുഞ്ചുനായരുടെ കലാചിന്ത

    വി. സുരേഷ്‌, കൊളത്തൂർ August 25, 2012 ഇന്നലെ (24 ആഗസ്റ്റ് 2012) ഈ ലോകം വിട്ടു പിരിഞ്ഞ, പ്രിയപ്പെട്ട ശ്രീ കുളത്തൂർ വി. സുരേഷ് കഥകളി.ഇൻഫോയ്ക്കായി നൽകിയ ഒരു ലേഖനം പ്രസിദ്ധീകരിയ്ക്കുന്നു. പ്രവൃത്തിയാണ് യഥാർത്ഥസ്നേഹം എന്നു ജീവിതം കൊണ്ടു സമർത്ഥിച്ച സഹൃദയനായിരുന്നു വി.സുരേഷ്. നാടകമായാലും കവിതയായാലും കഥകളിയായാലും തികഞ്ഞ സഹൃദയത്വം. കലാകാരന്മാരുമായി സ്നേഹോഷ്മളബന്ധം. കളിയരങ്ങിനു മുന്നിൽ നിലത്തു പടിഞ്ഞിരുന്ന് കുട്ടികളേപ്പോലെ നിഷ്കളങ്കമായി കളിയാസ്വദിയ്ക്കുന്ന സുരേഷേട്ടന്റെ ചിത്രം ഒരുപാടുപേർക്ക് ഓർക്കാനാവും. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ‘ക്രസന്റ്മൂണ്‍’ എന്ന…

  • ഒരു കഥകളി യാത്രയുടെ ഓർമ്മ

    ഓർമ്മയിലെ കളി അരങ്ങുകൾ – ഭാഗം 2 വി. പി. നാരായണൻ നമ്പൂതിരി June 28, 2012  വർഷം 1975-76. കളി കണ്ട ഓർമ്മയല്ല. കളി കാണാൻ ഉള്ള യാത്രയാണ്‌ ഓർമ്മയിൽ. വൈക്കത്ത്‌ അടുത്ത്‌ വെള്ളൂർ (കേരള ന്യൂസ്‌ പ്രിന്റ്‌ ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം) എന്ന സ്ഥലത്തോട്‌ ചേർന്ന്‌ തോന്നല്ലുർ എന്നൊരു ഗ്രാമം. അവിടെ ആക്യക്കാവ്‌ എന്ന ക്ഷേത്രത്തിൽ കളിയുണ്ട്‌ എന്ന്‌ കേട്ട്‌ ഒരു സുഹൃത്തിനോടൊപ്പം യാത്ര തുടങ്ങി. എന്റെ സ്ഥലത്ത്‌ നിന്നും ഏതാണ്ട്‌ 15-16…

  • |

    കഥകളിയുടെ സൌന്ദര്യസാരം വെളിപ്പെട്ട നളചരിതത്തിന്റെ അരങ്ങൊരുക്കം

    ഡോ. ഏറ്റുമാനൂര്‍ പി. കണ്ണന്‍ August 30, 2013 ഒരു കാവ്യമെന്ന നിലയില്‍ കഥകളിയരങ്ങിനോട് എന്നും കയര്‍ത്തുനില്‍ക്കുന്ന നളചരിതം ആട്ടക്കഥ, പക്ഷെ, അതിന്‍റെ രംഗസംവിധാനവേളയില്‍ മറ്റൊരു ആട്ടക്കഥയ്ക്കും കഴിയാത്ത വിധത്തില്‍ അത്ഭുതാനുഭവങ്ങള്‍ നല്‍കുന്നെവെന്നുള്ളത് വീണ്ടും ബോധ്യമായിരിക്കുന്നു. അരങ്ങത്ത് പതിവില്ലാത്ത രംഗങ്ങള്‍ ഗായകരും മേളക്കാരുമായി ചര്‍ച്ച ചെയ്ത് ഇതിനു മുമ്പും രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. എട്ടുവര്‍ഷം മുമ്പ് കോട്ടയം കളിയരങ്ങില്‍ നളചരിതം ഒന്നാം ദിവസം ഒന്നാം രംഗം മുതല്‍ നാലാം ദിവസം അവസാനരംഗം വരെ പത്തുദിവസത്തെ അരങ്ങുകളായി നടത്തിയപ്പോള്‍ പത്തുദിവസവും…

മറുപടി രേഖപ്പെടുത്തുക