പി. രവീന്ദ്രനാഥ്

December 7, 2013

കേരളത്തിലെ കലകളുടേയും, സാഹിത്യത്തിന്റേയും പഴയകാല ചരിത്രം പഠിച്ചാൽ അതാതു കാലങ്ങളിൽ, ഓരോ രീതിയിലുള്ള ഗാന സമ്പ്രദായം ഇവിടെ നില നിന്നിരുന്നതായി കാണാൻ കഴിയും. ഇവയിൽ പലതും ദൃശ്യ കലകൾ അവതരിപ്പിക്കുവാൻ വേണ്ടി നിർമ്മിച്ചിട്ടുള്ളതായിരുന്നു. ഇതിൽ കേരളത്തിന്റെ തനതു കലയായ കഥകളിക്കു വേണ്ടിയുള്ള ഗാന ശാഖയാണ്‌ കഥകളി പാട്ട്. കൈകൊട്ടിക്കളി പാട്ട്, വഞ്ചിപ്പാട്ട്, തുള്ളൽപ്പാട്ട് എന്നിങ്ങനെ മറ്റു ഗാന ശാഖകളും ഉണ്ട്.

ഇപ്പോഴത്തെ സമ്പ്രദായത്തിലുള്ള കർണ്ണാടക സംഗീതത്തിന് പ്രചാരം കിട്ടുന്നതിന് മുമ്പാണ് കഥകളി സംഗീതം, സോപാന രീതിയിൽ ഇവിടെ പ്രചാരത്തിൽ വന്നത്. മുൻ കാലങ്ങളിൽ ശാസ്ത്രീയമായി കഥകളി സംഗീതം അഭ്യസിക്കുന്ന പതിവ് നിലവിലുണ്ടായിരുന്നില്ല. ഏതെങ്കിലും ഒരു ഭാഗവതരോടോപ്പം കുറേനാൾ താമസിച്ച് കുറച്ചു കഥകൾ ഹൃദിസ്ഥമാക്കുക. ഏറ്റവും ഉച്ചത്തിൽ എത്രത്തോളം ആട്ടക്കഥകൾ പാടാൻ കഴിയുക, അതായിരുന്നു ഒരു ഗായകന്റെ പ്രാഗൽഭ്യത്തെ വിലയിരുത്തുന്നതിന് സ്വീകരിച്ചിരുന്ന മാനദണ്ഡം. സ്വതസിദ്ധമായ സംഗീത വാസന ഉള്ളവരെ പോലെതന്നെ, സംഗീത സിദ്ധി തൊട്ടു തീണ്ടിയിട്ടില്ലാത്തവരും കഥകളി സംഗീത രംഗത്ത് ഉണ്ടായിരുന്നു.

ജന്മസിദ്ധമായി കിട്ടിയിട്ടുള്ള സംഗീത വാസന, ശാസ്ത്രീയമായ സംഗീത പഠനത്തിലൂടെ ഹൃദിസ്ഥമാക്കി പാടുന്നത്, ദൃശ്യ രസത്തിനും, ശ്രവ്യ സുഖത്തിനും പൂർണ്ണത നൽകാൻ സഹായിക്കുമെന്ന് കണ്ടെത്തിയ ഗായകരിൽ പ്രമുഖനായിരുന്നു ഇറവങ്കര നീലകണ്ഠൻ ഉണ്ണിത്താൻ.

കഥാപാത്രങ്ങളുടെ മനസ്സിൽ വന്നു നിറയുന്ന വിവിധ വിചാര വികാരങ്ങളെ ഹൃദയ സ്പർശിയായി പ്രതിഫലിപ്പിക്കാൻ സംഗീത ഗുണം കൂടിയേ തീരൂ എന്നദ്ദേഹം കാണിച്ചു കൊടുത്തു. നവരസങ്ങൾ മാറിമാറി പ്രത്യക്ഷപ്പെടുത്തുന്ന കഥകളും ഗാനങ്ങളും അക്ഷര സ്ഫുടതയോടെ സാഹിത്യാംശം ഒട്ടും ചോരാതെ, കച്ചേരി സംഗീതത്തിന്റെ പാരമ്പര്യ ശൈലിയിൽ നിന്ന് വേറിട്ട് – സംഗീതത്തിന്റെ നിലവാരം കാത്തു സൂക്ഷിച്ചു കൊണ്ടുള്ള ഒരു ആലാപന ശൈലി അവതരിപ്പിച്ചു എന്നതാണ് കഥകളി സംഗീതത്തിന് ഉണ്ണിത്താൻ നല്കിയ സംഭാവന.

തോഡി, ദ്വിജാവന്തി, പുന്നാഗവരാളി, നവരസം തുടങ്ങിയ ഹൃദയഹാരിയായ രാഗങ്ങൾ സാഹിത്യ ഗുണം അല്പം പോലും ചോരാതെ അവതരിപ്പിക്കാൻ ഉണ്ണിത്താനുണ്ടായിരുന്ന കഴിവ് അപാരമായിരുന്നു.

നളചരിതം ആട്ടക്കഥയുടെ സാഹിത്യ, സംഗീത മനോഹാരിത ശ്രോതാക്കൾ സമ്പൂർണ്ണമായി ഉൾക്കൊണ്ടത്‌ ഉണ്ണിത്താന്റെ ആലാപനത്തിലൂടെയാണെന്ന വസ്തുത പഴയ തലമുറ ഓർക്കുന്നുണ്ട്. തെക്കൻ കേരളത്തിൽ നളചരിതത്തിനു പ്രചുരപ്രചാരം കിട്ടിയതിൽ ഉണ്ണിത്താന്റെ പങ്ക് നിസാരമല്ലെന്നും അവർ വിലയിരുത്തിയിട്ടുണ്ട്.

കലാകുടുംബത്തിൽ ജനിച്ച ആളായിരുന്നില്ല അദ്ദേഹം. മാവേലിക്കര താലൂക്കിൽ, ഇറവങ്കര എന്ന ഗ്രാമത്തിൽ 1885ൽ ആണ് ജനിച്ചത്. നൂറനാട്, നൂറുകോടിയിൽ രാമൻ താങ്കളുടേയും, ഇറവങ്കര കൊട്ടക്കാട്ട് നാരായണി കുഞ്ഞമ്മയുടെയും രണ്ടാമത്തെ മകനായിരുന്നു അദ്ദേഹം. ഔദ്യോഗികമായി പ്രാഥമിക വിദ്യാഭ്യാസം മാത്രമേ നേടിയിരുന്നുള്ളൂ. പുരാണേതിഹാസങ്ങളും, സംസ്കൃതവും രക്ഷകർത്താക്കളിലൂടെ പകർന്നു കിട്ടിയതായിരുന്നു.

അക്കാലത്ത് വിനോദോപാധികൾ എന്ന നിലയിൽ നാടൻ കലാരൂപങ്ങളായ പടേണി, കാക്കാരശി, മുടിയേറ്റ് തുടങ്ങിയവ ഗ്രാമങ്ങളിൽ സജീവമായിരുന്നു. അധികം അഭ്യാസം അത്യന്താപേക്ഷിതാമല്ലാത്ത കാക്കാരശി നാടകത്തിലൂടെയാണ് ഉണ്ണിത്താൻ തന്റെ കലാജീവിതത്തിന് ഹരി:ശ്രീ കുറിച്ചത്. കാക്കാരശിയിലെ നായകനായ കാക്കാന്റെ വേഷം അവതരിപ്പിച്ചാണ് അദ്ദേഹം ആസ്വാദകരുടെ മുക്തകണ്ഠ പ്രശംസക്ക് പാത്രീഭൂതനായത്. നാടൻ പാട്ടുകൾ വളരെ ആകർഷകമായി പാടി, സംഭാഷണം സംയോജിപ്പിച്ച്, അഭിനയിച്ച് സദസ്സിനെ രസിപ്പിക്കാൻ ഉണ്ണിത്താന് പ്രത്യേക വൈഭവം തന്നെയുണ്ടായിരുന്നു.

കാക്കരശിയിലെ തമ്പുരാനും കാക്കാനുമായുള്ള സംഭാഷണം പലപ്പോഴും ആനുകാലിക സംഭവങ്ങൾ കോർത്തിണക്കി പരിഹാസത്തിലൂടെ അവതരിപ്പിക്കുന്നതാണ് പൊതുവേയുള്ള രീതി. അരങ്ങിലിരിക്കുന്നവരെത്തന്നെ സന്ദർഭോചിതമായി കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച് പരിഹസിക്കുന്നതും സാധാരണമായിരുന്നു. കാണികൾ ആസ്വദിക്കുകയല്ലാതെ പ്രതിഷേധിക്കുന്ന സംഭവം തുലോം വിരളമായിരുന്നു.

ഒരിക്കൽ മാവേലിക്കര ഭരണിക്കാവിൽ, പ്രതാപശാലിയായ ഒരു കാരണവരുടെ തറവാട്ടിൽ ഉണ്ണിത്താന്റെ നേതൃത്വത്തിൽ കാക്കാരശി നാടകം അവതരിപ്പിക്കുകയുണ്ടായി. ആ കുടുംബത്തിൽ ആയിടക്ക് നടന്ന ഒരു സംഭവവുമായി ബന്ധമുള്ള ചില പരാമർശങ്ങൾ, തന്നെ കരുതിക്കൂട്ടി ആക്ഷേപിക്കാൻ അവതരിപ്പിച്ചതാണെന്നു കാരണവർ ധരിച്ചു.നാടിന്റെ മുഴുവൻ ആദരവും, നെടുനായകത്വവും വഹിച്ചിരുന്ന മൂപ്പിലെ വെറുതെയിരിക്കുമോ – കിട്ടി ഉണ്ണിത്താന്, “ചപേടികാ താഡനം”, ചെകിട്ടത്തു തന്നെ! കലാസമിതിക്കാർക്ക് വളരെയേറെ വേദനയുണ്ടാക്കിയ സംഭവം ആയിരുന്നു അത്. ഇനി മേലിൽ കാക്കാരശിയിൽ ചായം തേക്കുകയില്ലെന്ന് ഉണ്ണിത്താൻ അന്ന് ശപഥം ചെയ്തു. അന്ന് അദ്ദേഹത്തിന് 23 വയസ്സാണ്.

ജന്മസിദ്ധമായി തനിക്കു കിട്ടിയ വരദാനം നിഷ്പ്രഭമാക്കി കളയാൻ ഉണ്ണിത്താന്റെ മനസ് അനുവദിച്ചില്ല. ഹരിപ്പാട് അമ്പക്കാട്ട് പരമേശ്വര അയ്യർ അക്കാലത്ത് അറിയപ്പെട്ട കഥകളി ഗായകൻ ആയിരുന്നു. ഉണ്ണിത്താൻ അയ്യരുടെ ശിഷ്യത്വം സ്വീകരിച്ചു. 5 വർഷം അദ്ദേഹത്തോടൊപ്പം താമസിച്ച് കഥകളി സംഗീതം അഭ്യസിച്ചു.

അരങ്ങേറ്റത്തിന് ശേഷം ശിങ്കിടിയായി ചില കളിയരങ്ങുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഒരു ദിവസത്തെ പ്രതിഫലം 21 ചക്രമായിരുന്നു. ( 75 പൈസ ) പൊന്നാനിക്കും ആദ്യാവസാന വേഷക്കാരനും ഒരു രൂപ മാത്രമായിരുന്നു അന്ന് പ്രതിഫലം.

തുടർന്ന് തെക്കൻ കേരളത്തിലെ പ്രമുഖ കഥകളി യോഗമായിരുന്ന കീരിക്കാട്ടെ തോപ്പിൽ കളിയോഗത്തിലെ പാട്ടുകാരനായി അംഗീകരിക്കപ്പെട്ടു. മാത്തൂർ കുഞ്ഞുപിള്ളപ്പണിക്കർ, തോട്ടം ശങ്കരൻ നമ്പൂതിരി, കീരിക്കാട്ട് വേലുപ്പിള്ള തുടങ്ങിയ പ്രമുഖ വേഷക്കാർ തോപ്പിൽ കളിയോഗത്തിലുണ്ട്.

അക്കാലത്ത് ഉത്തര കേരളത്തിലെ സമുന്നത ഗായകരായിരുന്നു നെന്മാറ മാധവമേനോനും കേശവമേനോനും. അവർ തിളങ്ങി നിന്നിരുന്ന ആ കാലത്ത് കഥകളി ആസ്വാദകരുടെ പ്രശംസക്ക് പാത്രമായ ഉണ്ണിത്താൻ, ഉത്തര കേരളത്തിലും അറിയപ്പെടുന്ന ഗായകനായി. മാധവമേനോൻ പാടിക്കൊണ്ടിരുന്ന ഒരു വേദിയിൽ, ആസ്വാദകരുടെ അഭ്യർത്ഥന പ്രകാരം ചേങ്കല എടുത്ത് പൊന്നാനിയായി വേദിയിലെത്തിയതായ ഒരു സംഭവം പറഞ്ഞു കേട്ടിട്ടുണ്ട്.

1915ൽ വലിയ കൊട്ടാരം കഥകളി ഭാഗവതരായി അദ്ദേഹത്തിനു സ്ഥാനം ലഭിച്ചു. കേരളത്തിലെ പ്രസിദ്ധ ക്ഷേത്രങ്ങളിലെല്ലാം പ്രധാനപ്പെട്ട പാട്ടുകാരനായി. 1956 വരെ നാൽപ്പതു വർഷം ശ്രീപത്മനാഭ ക്ഷേത്രത്തിലെ പ്രധാന ഗായകൻ ആയിരുന്നു. സഹോദരനായ കൊച്ചുകുഞ്ഞുണ്ണിത്താനുമൊത്ത് ഇറവങ്കര സഹോദരന്മാർ എന്ന പേരിൽ കേരളക്കരയിൽ ആകമാനമുള്ള വേദികളിൽ പാടി. സ്വരം നന്നായിരിക്കുമ്പോൾ തന്നെ ആ മഹാ ഗായകൻ അരങ്ങു വിടാൻ തീരുമാനിച്ചു. കൊട്ടാരം ആഫീസിൽ അപേക്ഷ സമർപ്പിച്ച് മഹാരാജാവിനോട് വിട ചോദിച്ചു പിരിഞ്ഞു പോവുകയാണുണ്ടായത്.

കൊട്ടാരം കഥകളി ഗായകനായിരിക്കെ ശ്രീമൂലം തിരുനാളിന്റെ സ്യാലനായ കൃഷ്ണൻ തമ്പിയുടെ – (സംസ്കൃത കോളേജ് പ്രിൻസിപ്പൽ) ക്ഷണമനുസരിച്ച് അദ്ദേഹത്തിന്റെ വസതിയായ കൈപ്പള്ളിൽ കുറേനാൾ താമസിക്കുകയുണ്ടായി. തമ്പിയുടെ നിർദ്ദേശ പ്രകാരം വല്ലീകുമാരം, താടകാവധം, ചൂഡാമണി എന്നീ മൂന്ന് ആട്ടക്കഥകൾ അദ്ദേഹം രചിച്ചു.

ആർക്കും വിധേയനായി ജീവിക്കാൻ ഉണ്ണിത്താൻ ഇഷ്ടപ്പെട്ടിരുന്നില്ല. മറ്റുള്ളവരെ കൈമണിയടിച്ച് നേട്ടങ്ങൾ കൊയ്യാനും അദ്ദേഹം ശ്രമിച്ചിട്ടില്ല. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും തന്റെ അഭിപ്രായം വെട്ടിത്തുറന്നു പറയാനുള്ള ആർജവം അദ്ദേഹം കാണിച്ചിരുന്നു. ആ സ്വഭാവ വിശേഷം ഒരുപാട് നഷ്ടമേ അദ്ദേഹത്തിനുണ്ടാക്കിയിട്ടുള്ളൂ.

അതിന് ഉദാഹരണമായി ഒരു സംഭവം കഥകളി ഗായകനായ തിരുവല്ല ഗോപിക്കുട്ടൻ നായർ ഓർക്കുന്നുണ്ട്. അമ്പലപ്പുഴ ക്ഷേത്രത്തിലെ ഒരു കളിക്ക് ഉണ്ണിത്താനെ ക്ഷണിച്ചു. സുപ്രസിദ്ധ നാഗസ്വര വിദ്വാനായ അമ്പലപ്പുഴ ശങ്കരനാരായണപ്പണിക്കരായിരുന്നു ഉത്സവ ഭാരവാഹി. അക്കാലം ഉണ്ണിത്താന്റെ പ്രതിഫലം 10 രൂപയായിരുന്നു. ചെങ്ങന്നൂർ രാമൻ പിള്ളയാശാന് 7 രൂപ പ്രതിഫലമുള്ളപ്പോഴത്തെ കഥയാണിത്. കളി കഴിഞ്ഞു. ശങ്കരനാരായണപ്പണിക്കർ 5 രൂപയേ ഉണ്ണിത്താന് കൊടുത്തുള്ളൂ. അത് വാങ്ങി മടിയിൽ തിരുകിക്കൊണ്ട് അദ്ദേഹം പറഞ്ഞു :

“ശങ്കരനാരായണപ്പണിക്കരെ, ഉണ്ണിത്താൻ പാടിയാൽ 10 രൂപ തന്നെ കിട്ടണം. ഇനി മേലിൽ എന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്.” അതോടെ അമ്പലപ്പുഴ അമ്പലത്തിലെ ഉണ്ണിത്താന്റെ പാട്ട് എന്നെന്നേക്കുമായി മുടങ്ങി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

നീലകണ്ഠൻ ഉണ്ണിത്താന്റെ അനന്തിരവൻ, കെ.വി. ഇറവങ്കര (പട്ടാഴി) മറ്റൊരു സംഭവം സൂചിപ്പിച്ചു. ഒരു ദേവസ്വം ഉദ്യോഗസ്ഥൻ പ്രതിഫലം 10 രൂപ എന്നെഴുതി ഒപ്പിട്ട് വാങ്ങിയിട്ട്, 7 രൂപയെ ഉണ്ണിത്താന് കൊടുത്തുള്ളൂ. അദ്ദേഹം ആ പണം ആ ഉദ്യോഗസ്ഥന്റെ മുന്നിൽ, മേശപ്പുറത്ത് വെച്ചിട്ട് പറഞ്ഞു :

“സ്വാമീ, ഈ പണി മഠത്തിൽ അരിവെയ്ക്കാൻ വരുന്നവരുടെ അടുത്തു കാണിച്ചാൽ മതി. ഇതും കൊണ്ട് ഉണ്ണിത്താന്റടുത്ത് വരരുത്.” ഈ സംഭവം, ആ ക്ഷേത്രത്തിൽ മാത്രമല്ല, അയാൾക്ക് സ്വാധീനം ഉണ്ടായിരുന്ന മറ്റു ചില ക്ഷേത്രങ്ങളിലും ഉണ്ണിത്താന്റെ ചീട്ടു കീറാൻ ഉപകരിച്ചു.

ഉണ്ണിത്താൻ വലിയ കൊട്ടാരം പാട്ടുകാരൻ ആയിരിക്കുമ്പോഴത്തെ ഒരു കഥ. റീജന്റ് ഭരണം ആയിരുന്നു. ഒരു തമിഴ് ബ്രാഹ്മണനായിരുന്നു റീജന്റിന്റെ സന്തത സഹചാരിയും, വലം കൈയ്യും, ഉപദേശകനുമെല്ലാം. ആരെയും ഗൌനിക്കാത്ത, ഉണ്ണിത്താന്റെ സ്വഭാവ രീതി സ്വാമിക്ക് തീരെ പിടിക്കുന്നതായിരുന്നില്ല. പുളിയിലക്കരയൻ നേര്യത് കഴുത്തിൽ വളച്ചിടും. പാടുമ്പോഴും അങ്ങനെ തന്നെയായിരുന്നു. ഒരു ദിവസം സ്വാമി, രണ്ടാം മുണ്ട് അരയിൽ കെട്ടണമെന്ന് കല്പിച്ചു. ഉണ്ണിത്താനുണ്ടോ അത് വക വെയ്ക്കുന്നു.

വളരെ ശാന്തനായി അദ്ദേഹം പറഞ്ഞു, “സ്വാമീ, ഞാൻ ചക്രം കൊടുത്തു വാങ്ങിച്ച രണ്ടാം മുണ്ട് എങ്ങനെ ധരിക്കണമെന്ന് ഞാൻ തീരുമാനിച്ചു കൊള്ളാം.”

സ്വാമിയാർ പരാതിയുമായി റീജന്റു തമ്പുരാട്ടിയുടെ അടുത്തെത്തി. ഉണ്ണിത്താനെ വിളിക്കാൻ ഉത്തരായി. രണ്ടാം മുണ്ട് കഴുത്തിൽ വളച്ചിട്ടു തന്നെയാണ് റീജന്റിന്റെ മുന്നിൽ ഉണ്ണിത്താൻ ഹാജരായത്.

ഉണ്ണിത്താന്റെ അധികപ്രസംഗം സ്വാമി റീജന്റ് സമക്ഷം ബോധിപ്പിച്ചു. എല്ലാം കേട്ടു കഴിഞ്ഞ്, “സ്വാമീ, ഉണ്ണിത്താനതാവാം”, എന്നായിരുന്നു തമ്പുരാട്ടി പ്രതികരിച്ചത്.

അക്കാലങ്ങളിൽ കഥകളി അവതരിപ്പിക്കുമ്പോൾ കലാകാരന്മാർ ആരുടേയും പേര് നോട്ടീസിൽ വെക്കുമായിരുന്നില്ല. കളിയോഗങ്ങളുടെ പേര് മാത്രമേ പ്രസിദ്ധപ്പെടുത്തുമായിരുന്നുള്ളൂ. പ്രമുഖ വേഷക്കാരേയും, പാട്ടുകാരേയും, മേളക്കാരേയും പങ്കെടുപ്പിച്ചു നടത്തുന്ന കളികൾക്ക് “മേജർസെറ്റ് കഥകളി” എന്ന സംജ്ഞ കൊണ്ട് വന്നത് ഉണ്ണിത്താൻ ആയിരുന്നു.

കൊട്ടാരം കളിയോഗത്തിൽ നിന്ന് പിരിഞ്ഞതിനു ശേഷം വളരെ അടുപ്പമുള്ളവരുടെ നിർബ്ബന്ധത്തിനു വഴങ്ങി ഇടയ്ക്ക് അദ്ദേഹം അരങ്ങത്തു വരുമായിരുന്നു. അവസാനമായി ഒരു കളിക്ക് പാടിയത് കായംകുളത്തിനടുത്തുള്ള എരുവ ക്ഷേത്രത്തിൽ ആയിരുന്നു.

പ്രേക്ഷകരെ നടനിൽ നിന്ന് മാറ്റി, അവരുടെ ശ്രദ്ധ മുഴുവൻ പാട്ടിലേക്ക് ആകർഷിപ്പിക്കുവാനുള്ള ശ്രമമാണ് ഇപ്പോഴത്തെ ഗായകന്മാരുടെ ലക്‌ഷ്യം എന്ന് തോന്നുന്നു. ഉണ്ണിത്താൻ അത്തരത്തിലുള്ള കസർത്തുകളൊന്നും പരീക്ഷിക്കുമായിരുന്നില്ല. എന്നാൽ ആവശ്യമുള്ളയിടങ്ങളിൽ ചില ചരണങ്ങൾ ആവർത്തിച്ചു പാടി മനോഹരമാക്കുവാൻ അദ്ദേഹം തയ്യാറാകുമായിരുന്നു. ആവർത്തിച്ചു പാടി പൊലിപ്പിക്കേണ്ടത്, പൊലിപ്പിക്കുവാനും അദ്ദേഹത്തിന് അറിയാമായിരുന്നു. പക്ഷെ പരിധി ലംഘിച്ചുള്ള ഒരു പരീക്ഷണവും അദ്ദേഹം നടത്തുമായിരുന്നില്ല. അഭിനയ സംഗീതമാണ് കഥകളി പാട്ടെന്നും, അതിൽ സംഗീതം എത്രത്തോളം വേണമെന്നും നല്ല തിട്ടമുള്ളയാളായിരുന്നു നീലകണ്ഠൻ ഉണ്ണിത്താൻ.

അരങ്ങിലെന്നപോലെ കളരിയിലും അപാരമായ സിദ്ധി വൈഭവമുള്ളയാളായിരുന്നു അദ്ദേഹം. സഹോദരനായ കൊച്ചുകുഞ്ഞുണ്ണിത്താൻ, ചെന്നിത്തല കൊച്ചുപിള്ള, കാപ്പിൽ നാണുപിള്ള, തിരുവല്ല ചെല്ലപ്പൻപിള്ള, മാങ്ങാനം കൃഷ്ണപിള്ള, നാണുക്കുറുപ്പ്, രാമക്കുറുപ്പ് തുടങ്ങിയവർ ആ ഗുരുവരനിൽ നിന്ന് കഥകളി സംഗീതം അഭ്യസിച്ചിട്ടുള്ളവരാണ്. ചെല്ലപ്പൻപിള്ളയുടെ ശിഷ്യനാണ് തിരുവല്ല ഗോപിക്കുട്ടൻനായർ.

ഉദര രോഗമായിരുന്നു ആ മഹാ ഗായകന്റെ ജീവൻ അപഹരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയെങ്കിലും അതിനു ശേഷം അധിക കാലം അദ്ദേഹം ജീവിച്ചിരുന്നില്ല. 1957ൽ തന്റെ 72 മത്തെ വയസ്സിൽ അദ്ദേഹം ഈ ലോകത്തോട്‌ വിട പറഞ്ഞു.


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder