കഥകളി കേരളീയതയുടേയും അതുവഴി ഭാരതീയതയുടേയും കൊടിയടയാളമായി വിലസുവാൻ തുടങ്ങിയിട്ട് അനവധി കാലമായി. എന്നാൽ അതേസമയം കഥകളി, കൂടിയാട്ടം തുടങ്ങിയ പാരമ്പര്യകലകൾ വരേണ്യവർഗ്ഗത്തിന്റേതാണ് എന്ന വാദവും ഉയർന്നുവന്നിട്ടുണ്ട്. ഈ വാദത്തിനോടൊപ്പമല്ല ഞങ്ങൾ. എന്താണ് കല എന്ന ചോദ്യം പ്രസക്തമാണ്. അതിനാകട്ടെ പല ഉത്തരങ്ങളും ഉണ്ടുതാനും. പ്രസ്തുത ചോദ്യം വിശകലനം ചെയ്യുകയും ഞങ്ങളുടെ ലക്ഷ്യമല്ല.
അന്നന്നുണ്ടായിരുന്ന സമൂഹഘടനയുടെ ഉൽപ്പാദനങ്ങളാണ് കഥകളി പോലുള്ള കലകൾ. കഥകളിയാകട്ടെ ഭക്തിപ്രസ്ഥാനത്തിന്റെ തുടർച്ചയായിരുന്നു. എന്നാൽ കഥകളിക്കു തുടക്കമിട്ടതും തുടർന്ന് ഇന്നുകാണുന്നതരത്തിലേക്ക് വളർന്നുവന്നതുമായ കാരണങ്ങൾ പലതാണ്. കഥകളിയുടെ ഉത്ഭവകാലത്തു നിന്നും നമ്മുടെ സമൂഹം അനവധി ജൈവശാസ്ത്രപരമായ പരിണാമങ്ങൾക്കു വിധേയമായിട്ടുണ്ട്. തന്മൂലം കഥകളി തുടങ്ങിയ കലകളോട് അന്നുണ്ടായിരുന്ന സമീപനം അല്ല ഇന്ന് വേണ്ടത് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. എന്നാൽ എന്തുസമീപനം വേണം എന്ന് കൃത്യമായി ചൂണ്ടിക്കാണിക്കാൻ ഞങ്ങൾ തയ്യാറല്ല. മാന്യ രസികന്മാരെ തക്കതായ ഒരു സമീപനത്തിലേക്ക് എത്തിച്ചേരുവാൻ ഒരു കൈ സഹായം അതു മാത്രമേ ഞങ്ങളുടെ ലക്ഷ്യമുള്ളൂ. കഥകളിയും ആസ്വാദകരുമായുള്ള അന്തരം കുറച്ച് നിലവാരം മെച്ചപ്പെടുത്താൻ ഇതുവഴി സാധിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
കമ്പ്യൂട്ടർ, വെബ് തുടങ്ങിയ സാങ്കേതികശാസ്ത്ര വിശാരദന്മാരല്ല ഈ വെബ്സൈറ്റിനുപിന്നിൽ പ്രവർത്തിക്കുന്നവർ. ഒരു കൂട്ടം കഥകളി കമ്പക്കാർ എന്നു തന്നെ പാരമ്പര്യശൈലി കടമെടുത്ത് പറയാം. അതുകൊണ്ട് തന്നെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും പറ്റാവുന്ന ലേഖനങ്ങളും മറ്റും തന്ന് ഈ വെബ്‌സൈറ്റിനെ കാമ്പുള്ളതാക്കാൻ ഓരോ കഥകളി പ്രേമികളും തയ്യാറാകണം എന്നുമാത്രമാണ് ഞങ്ങളുടെ വിനീതമായ അപേക്ഷ.