1980-കളുടെ പ്രാരംഭത്തിൽ കേരളത്തിൽ പൊതുവെയും മദ്ധ്യകേരളത്തിൽ പ്രത്യേകിച്ചും രൂപപ്പെട്ടുവന്ന കഥകളി ആസ്വാദനത്തിന്റേയും സംഘാടനത്തിന്റേയും നവീനമായ ഒരു ദർശനത്തിന്റെ ഫലമായി രൂപീകൃതമായ സംഘടനയാണ് വാഴേങ്കട കുഞ്ചുനായർ മെമ്മോറിയൽ ട്രസ്റ്റ്. കഥകളിയുടെ അരങ്ങും കളരിയും ഏതു രീതിയിൽ നവീകരിക്കപ്പെടണമെന്ന് ഏറ്റവും അധികം ചിന്തിച്ച മഹാ മനീഷിയായ കലാകാരന്റെ ജന്മദേശമായ പാലക്കാട് ജില്ലയിലെ കാറൽമണ്ണയിൽ തന്നെയാണ് അതിനുള്ള കേന്ദ്രമായതും. അങ്ങിനെ 1987 മെയ് 16-ആം തീയതി കാറൽമണ്ണയിൽ കുഞ്ചുനായർ ആശാന്റെ ശിഷ്യരും സഹപ്രവർത്തകരും സുഹൃത്തുക്കളും എല്ലാം ഒത്തുകൂടി ട്രസ്റ്റ് രൂപീകരിച്ചു.
കഥകളിയുടെ രംഗാവതരണങ്ങൾ കലാതൽപരരായ സഹൃദയന്മാർക്ക് കൂടുതൽ അനുഭവവേദ്യമാകുന്ന രീതിയിൽ സംഘടിപ്പിക്കുക, അരങ്ങിനെയും കളരിയേയും കൂടുതൽ പരിചയപ്പെടുത്തുന്ന രീതിയിലുള്ള ശില്പശാലകൾ സംഘടിപ്പിക്കുക, കഥകളിയുടെ സൗന്ദര്യപരവും സാമൂഹ്യപരവുമായ പുതിയ കാഴ്ച്ചശീലം നടന്മാരിലും പ്രേക്ഷകരിലും സൃഷ്ടിക്കുക എന്നിവയായിരുന്നു ട്രസ്റ്റിന്റെ പ്രവർത്തന ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടവ.
പുസ്തക പ്രസാധന രംഗത്തും ട്രസ്റ്റ് സ്വന്തം സാന്നിധ്യം ശക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കഥകളിവെട്ടം, വിടപറഞ്ഞ ദിവ്യഗായകൻ, രംഗനൈഷധം, മുദ്ര എന്നീ പുസ്തകങ്ങൾ അച്ചടിച്ച് പ്രസിദ്ധപ്പെടുത്തിയത് കുഞ്ചുനായർ ട്രസ്റ്റ് ആണ്.
മാറിയ സാഹചര്യത്തിലും മൗലികത നിലനിർത്തിക്കൊണ്ട്തന്നെ മേൽപ്പറഞ്ഞ വിവിധ രംഗങ്ങളിൽ ട്രസ്റ്റ് ഇപ്പോഴും സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു . കഥകളി സംഘാടനം, ആസ്വാദന പരിശീലനം എന്നീ മേഖലകളിൽ നവീനമായ രീതിയിൽ ഇടപെടുകയും, ഗൗരവമായ ഒരു കാഴ്ച്ചശീലം സൃഷ്ടിച്ചെടുക്കാൻ ആയി പരിശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. പുതിയ മാധ്യമങ്ങളുടെ സഹായത്തോടെ “ലൈവ് സ്ട്രീമിംഗ്” ഉൾപ്പെടെയുള്ള രംഗത്തും കുഞ്ചുനായർ ട്രസ്റ്റ് സ്വന്തം വിരലടയാളം പതിപ്പിക്കുന്നു.
യുവതലമുറയിലെ സംവേദന ശീലം വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന രീതിയിൽ കഥയുടെ ഉള്ളടക്കം മാത്രമല്ല അതിലടങ്ങിയ “കഥകളീയതയും” അവർക്ക് മനസ്സിലാക്കിക്കുക എന്ന ലക്ഷ്യത്തോടെ കഥകളി അവതരണത്തിന് മുൻപായി ആമുഖ വിശദീകരണം നൽകൽ ഉൾപ്പെടെയുള്ള പുതിയ പദ്ധതികൾ വളരെ പെട്ടെന്നു തന്നെ ഫലം കണ്ടു തുടങ്ങി. ആസ്വാദകരുടെയും കലാകാരന്മാരുടെയും ബൗധികതലം കൂടുതൽ മെച്ചപ്പെടുത്താനായി ആഴ്ചകളോളം നീണ്ട ശില്പശാലകൾ ട്രസ്റ്റിന്റെ സ്ഥിരം പരിപാടിയായിരുന്നു.
1990-കളുടെ അവസാനത്തോടെ കഥകളി അവതരണങ്ങൾ എങ്ങിനെ ദൃശ്യമാധ്യമത്തിന്റെ സഹായത്തോടെ ജനങ്ങളിലേക്ക് എത്തിക്കാം എന്ന് ചിന്തിച്ചതിന്റെ ഫലമായി “കഥകളി സമാരോഹം” എന്ന കഥകളി ദൃശ്യലേഖന പരിപാടി തുടർച്ചയായി നാലു വർഷം ട്രസ്റ്റിൽ വച്ച് നടത്തപ്പെട്ടു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കലാമൂല്യമുള്ള മികച്ച പരിപാടിയായി ഇത് മാറുകയും ചെയ്തു. പിന്നീട് വാനപ്രസ്ഥം എന്ന ചലച്ചിത്രത്തിന്റേയും മിനുക്ക് എന്ന കഥേതര ചിത്രത്തിന്റേയും നിർമ്മാണ സംഘാടനത്തിൽ ട്രസ്റ്റ് പങ്കാളിത്തം വഹിച്ചു.